നഹ്‌സ് ദിനങ്ങള്‍: സത്യവും മിഥ്യയും
സഅ്ദ് എന്നതിന്റെ എതിര്‍ശബ്ദമാണ് നഹ്‌സ്. ബറകത്തുള്ളത്, ഗുണമുള്ളത് എന്നെല്ലാമാണ് സഅ്ദ് എന്നതുകൊണ്ടുള്ള വിവക്ഷ. ബറകത്തില്ലാത്തത്, ഗുണം പിടിക്കാത്തത് എന്നിങ്ങനെ നഹ്‌സ് എന്ന പദത്തെ പരിഭാഷപ്പെടുത്താം. എല്ലാ ദിവസവും സമയവും തുല്യമല്ലെന്നും ചില കാര്യങ്ങള്‍ക്കു ചില സമയങ്ങള്‍ പ്രത്യേകം യോജിച്ചതും ചില കാര്യങ്ങള്‍ക്ക് ചില സമയങ്ങള്‍ അനുയോജ്യവും ആണെന്ന് ഇസ്‌ലാമിക അദ്ധ്യാപനങ്ങളില്‍നിന്നും വ്യക്തമാണ്. ചില ദിവസങ്ങളുടെയും സമയങ്ങളുടെയും പ്രത്യേകതയാണ് ഇത് സൂചിപ്പിക്കുന്നത്. മതവും ഭൗതികവുമായ ഏതു കാര്യവും തിങ്കളാഴ്ച പ്രഭാതത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ താല്‍പര്യം കാണിക്കേണ്ടതാണെന്ന് ഇമാം നവവി പ്രസ്താവിച്ചിട്ടുണ്ട്. നികാഹ് കര്‍മം വെള്ളിയാഴ്ചയും അതുതന്നെ, പ്രഭാതത്തിലുമായിരിക്കല്‍ പ്രത്യേകം സുന്നത്താണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറയുന്നുണ്ട്. 'എന്റെ സമുദായത്തിന്റെ പ്രഭാതങ്ങളില്‍ അല്ലാഹു ബറകത്ത് നല്‍കട്ടെ' എന്ന ഹദീസാണ് ഇതിന് നിദാനം. യാത്ര ചെയ്യല്‍ ഉത്തമം വ്യായാഴ്ചയും അതിന് കഴിഞ്ഞില്ലെങ്കില്‍ തിങ്കളാഴ്ചയും അതിനും കഴിഞ്ഞില്ലെങ്കില്‍ ശനിയാഴ്ചയുമാണെന്ന് പണ്ഡിന്മാര്‍ പറയുന്നു (തുഹ്ഫ: 10    /13, ശര്‍ഹുല്‍ ഈളാഹ്: 42). ഓരോ മസത്തിലെയും 17, 19, 21 എന്നീ ദിവസങ്ങളില്‍ പ്രാചീന ചികിത്സാരീതിയായ കൊമ്പുവെക്കല്‍ സര്‍വരോഗത്തിനും ശമനമാണെന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട് (അബൂദാവൂദ്). ഈ ദിവസങ്ങളില്‍ കൊമ്പ് വെക്കലിനെ പ്രവാചകന്‍ ഇഷ്ടപ്പെട്ടിരുന്നുവെന്ന് അനസ് (റ) വില്‍നിന്ന് ഇമാം ബഗ്‌വി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇങ്ങനെ പല കാര്യങ്ങളിലും ശുഭകരമായ ദിവസങ്ങളും സമയങ്ങളും പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. മുന്‍കാല സമുദായങ്ങളില്‍ ചിലരെ നശിപ്പിച്ച ദിവസങ്ങളെക്കുറിച്ച് 'ഫീ അയ്യാമിന്‍ നഹിസാത്തിന്‍'  (ഗുണം കെട്ട ദിവസങ്ങള്‍) എന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചിട്ടുണ്ട്. പ്രവാചകന്‍ പറഞ്ഞു: ഒരു വര്‍ഷത്തില്‍ പന്ത്രണ്ടു ദിവസം നിങ്ങള്‍ സൂക്ഷിക്കുക. ആ ദിവസം സമ്പത്ത് നഷ്ടപ്പെടുത്തുകയും മാനം നശിപ്പിക്കുകയും ചെയ്യും. അവ ഏതാണെന്ന സ്വഹാബികള്‍ അന്വേഷിച്ചപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: മുഹര്‍റം 12, സ്വഫര്‍ 10, റബീഉല്‍ അവ്വല്‍ 4, റബീഉല്‍ ആഖിര്‍ 18, ജുമാദുല്‍ ഊല 18, ജുമാദുല്‍ ഉഖ്‌റ 12, റജബ് 12, ശഅബാന്‍ 26, റമളാന്‍ 24, ശവ്വാല്‍ , ദുല്‍ ഖഅദ 18, ദുല്‍ഹിജ്ജ 8 എന്നിവയാണവ. ഈ ഹദീസ് ഇമാം ദാരിമി (റ) ഹയാത്തുല്‍ ഹയവാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രക്ത ദിനമാണ്. ആ ദിവസത്തില്‍ ഒരു സമയമുണ്ട്; ആ സമയത്ത് രക്തം നിലക്കുകയില്ലായെന്ന് പ്രവാചകന്‍ പറഞ്ഞതനുസരിച്ച് അബൂ ബകറത്ത് (റ) ചൊവ്വാഴ്ച കൊമ്പു വെക്കല്‍ നിരോധിച്ചിരുന്നുവെന്ന് അബൂദാവൂദ് (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇമാം സുഹ്‌രിയില്‍നിന്ന് നിവേദനം. പ്രവാചകന്‍ പറഞ്ഞു: ബുധന്‍, ശനി എന്നീ ദിവസങ്ങളില്‍ ആരെങ്കിലും കൊമ്പുവെക്കുകയും അതുകാരണം അവന് വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്താല്‍ അവന്‍ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കരുത്. ഈ ഹദീസ് ഇമാം ബഗ്‌വി ശര്‍ഹുസ്സുന്നയിലും (12/151) ഹാകിം  തന്റെ മുസ്തദ്‌റകിലും (4/405) ബൈഹഖി സുനനുല്‍ കുബ്‌റയിലും (9/340) ലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം: പ്രവാചകന്‍ പറഞ്ഞു: ശനിയാഴ്ച വഞ്ചനയുടെ ദിനമാണ്. ഞായറാഴ്ച കെട്ടിടനിര്‍മാണത്തിന്റെയും മരം നട്ടുപിടിപ്പിക്കുന്നതിന്റെയും ദിവസമാണ്. തിങ്കളാഴ്ച യാത്രയുടെയും ജീവിതമാര്‍ഗം തേടുന്നതിന്റെയും ദിവസവും. ചൊവ്വാഴ്ച സംഘര്‍ഷത്തിന്റെ ദിനം. ബുധനാഴ്ച ഇടപാടുകള്‍ക്ക് ഉത്തമമല്ലാത്ത ദിനം. വ്യായാഴ്ച ആവശ്യം നേടിയെടുക്കാനും ഭരണാധികാരികളെ സമീപിക്കാനുമുള്ള  ദിവസം. വെള്ളിയാഴ്ച പെണ്ണന്വേഷണത്തിന്റെയും നികാഹിന്റെയും ദിവസം (അബൂ യഅ്്‌ലാ).  എല്ലാ മാസവും അവസാനത്തെ ബുധന്‍ നിത്യനഹ്‌സാണെന്ന് ഇബ്‌നു അബ്ബാസ് (റ) വില്‍നിന്നും തുര്‍മുദി റിപ്പോര്‍ട്ട് ചെയ്തതായി ജാമിഉസ്സ്വഗീറില്‍ പ്രസ്താവിച്ചിട്ടുണ്ട്. മുന്‍ സമുദായങ്ങളില്‍ അല്ലാഹു ശിക്ഷയിറക്കിയതു ഒടുവിലെ ബുധനാഴ്ചയാണെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നുല്‍ ഹാജിനെ തൊട്ട് ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ബുധനാഴ്ച നഖം മുറിക്കാന്‍ ഉദ്ദേശിക്കുകയും ശേഷം അത് നല്ലതല്ലായെന്നും അന്ന് മുറിച്ചാല്‍ വെള്ളപ്പാണ്ട് പിടിപെടുമെന്ന്  കരുതുകയും ചെയ്ത് അത് ഒഴിവാക്കി. ശേഷം, അന്നുതന്നെയാണ് ഉചിതമെന്നു തോന്നി അദ്ദേഹം നഖം ബുധനാഴ്ച നഖം മുറിച്ചു. അതു കാരണം വെള്ളപ്പാണ്ട് പിടിപെടുകയും ചെയ്തു. അങ്ങനെയിരിക്കെ, അദ്ദേഹം  പ്രവാചകനെ സ്വപ്നത്തില്‍ കണ്ടു. ബുധനാഴ്ച നഖം മുറിക്കാന്‍ പാടില്ലായെന്ന് നീ അറിഞ്ഞിട്ടില്ലേ; അദ്ദേഹം ചോദിച്ചു. അദ്ദേഹം പറഞ്ഞു: പ്രസ്തുത ഹദീസ് സ്വഹീഹാണെന്ന് എന്റെ അടുത്ത് സ്ഥിരപ്പെട്ടിട്ടില്ല. അപ്പോള്‍, പ്രവാചകന്‍ പറഞ്ഞു: ശരി, എങ്കിലും ഇതില്‍നിന്നും വെടിഞ്ഞു നില്‍ക്കാന്‍ ഈ ഹദീസ് തന്നെ മതിയായിരുന്നുവല്ലോ. അങ്ങനെ പ്രവാചകന്‍ അവരെ തടവുകയും രോഗം ഭോദമാവുകയും ചെയ്തു (ഇക്‌ലീല്‍). ബുധനാഴ്ച രോഗ സന്ദര്‍ശനം നല്ലതല്ലെന്നു പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. രോഗി വേഗത്തില്‍ മരിക്കാന്‍ ഇത് ഇടവരുത്തുമെന്നാണ് ഇതിന് കാരണം പറയുന്നത്. ബുധനാഴ്ച തുടക്കം കുറിച്ച ഏതു കാര്യവും  വേഗത്തില്‍ പൂര്‍ത്തിയാകുമെന്നതാണ് പ്രസ്തുത ദിവസത്തിന്റെ പ്രത്യേകത. 'ബുധനാഴ്ച തുടക്കം കുറിച്ച ഏതൊരു കാര്യവും പൂര്‍ത്തിയാവാതിരിക്കില്ല' എന്നു പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍, വേഗത്തില്‍ അവസാനിക്കേണ്ട കാര്യങ്ങളാണ് ബുധനാഴ്ച ചെയ്യേണ്ടത്. അതുകൊണ്ടാണ് പഠനം, അധ്യാപനം എന്നിവ തുടക്കം കുറിക്കാന്‍ ബുധനാഴ്ച (ഒടുവിലെ ബുധനൊഴികെ) ഉത്തമമാണെന്നു ഇമാമുമാര്‍ വ്യക്തമാക്കിയത്. ചുരുക്കത്തില്‍, ദിവസങ്ങളില്‍ ചിലത് അശുഭകരമാണെന്ന് ഖുര്‍ആനും ഹദീസും അംഗീകരികരിക്കുന്നവര്‍ സമ്മതിക്കേണ്ടിവരും. ഇനി, നഹ്‌സ് ആചരിക്കുന്നതിന്റെ വിധി നോക്കാം. അല്ലാഹു അല്ലാതെ ഉപകാരവും ഉപദ്രവവും ചെയ്യുന്നവനില്ലെന്നും സര്‍വ്വ നേട്ടങ്ങളുടെയും ഉടമസ്ഥന്‍ അല്ലാഹുവാണെന്നും വിശ്വസിക്കുന്നതോടൊപ്പം നഹ്‌സ് നോക്കലും അവലംബിക്കലും അനുവദനീയമാണ്. ചില ദിനങ്ങളിലെ നോട്ട കോട്ടങ്ങളെക്കുറിച്ച് വന്ന പരാമര്‍ശങ്ങളിലും ചരിത്രങ്ങളിലും ആയിച്ചും ആശങ്കപ്പെട്ടും നഹ്‌സാചരിക്കുകയാണിത്. പണ്ടുകാലംമുതല്‍ ഇതാണ് മുസ്‌ലിംകള്‍ ചെയ്തുപോരുന്നത്. വീടുനിര്‍മാണം, ഗൃഹപ്രവേശം, കച്ചവടം ആരംഭിക്കുക, വിവാഹം നിശ്ചയിക്കുക തുടങ്ങിയ അതിപ്രധാന കാര്യങ്ങള്‍ക്കൊരുങ്ങുമ്പോള്‍ നഹ്‌സുള്ള ദിനമാണോയെന്ന് പണ്ഡിതന്മാരോട് അന്വേഷിക്കുന്ന സമ്പ്രദായം നമ്മുടെ പൂര്‍വ്വീകരിലുണ്ട്. ഇത് പ്രവാചകരും സ്വഹാബത്തും പ്രോത്സാഹിപ്പിച്ചതുമാണ്. ഇതിനെ അവഗണിച്ചാല്‍ പലവിധ പരീക്ഷണങ്ങളും അഭീമുഖീകരിക്കേണ്ടി വരും. പക്ഷെ, എല്ലാം അല്ലാഹുവിലര്‍പ്പിച്ച്  പൂര്‍ണമായി തവക്കുലാക്കുന്നവര്‍ക്ക് നഹ്‌സ് ഏല്‍ക്കുകയില്ലെന്ന് ഇക്‌ലീല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ചില പ്രത്യേക സാഹചര്യങ്ങളില്‍ നഹ്‌സ് പരിഗണിക്കാന്‍ സാധിക്കാതെ വന്നാല്‍ സമര്‍പ്പണബോധത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ശ്രദ്ധിക്കണം. ചില ദിനങ്ങള്‍ക്കു കാര്യനിര്‍വഹണത്തില്‍ പങ്കുണ്ടെന്നും ആപത്തും നേട്ടവുമുണ്ടാക്കാന്‍ പ്രാപ്തിയുണ്ടെന്നുമുള്ള വിശ്വാസത്തോടെ നഹ്‌സ് ആചരിക്കല്‍ കടുത്ത തെറ്റും നിഷിദ്ധവുമാണ്. രാശി നോക്കി ശുഭാശുഭ ദിനങ്ങളെ നിര്‍ണയിക്കുന്നവരിലധികവും ഈ വിശ്വാസക്കാരാണ്. ഈ നിലക്ക് നഹ്‌സ് ആചരിക്കുന്നവരെക്കുറിച്ചാണ് നഹ്‌സ് ജൂതരുടെ പ്രവൃത്തിയാണെന്ന് ഇമാം ഇബ്‌നു ഹജര്‍ ഫതാവല്‍ ഹദീസിയ്യയില്‍ (പേ. 23) പറഞ്ഞത്. മന്‍ഖൂത്തത്ത് എന്ന പേരില്‍ അറിയപ്പെടുന്ന ചില ദിവസങ്ങളും മറ്റും അലി (റ) വിനെ തൊട്ട് ഉദ്ധരിക്കപ്പെട്ടത് അടിസ്ഥാന രഹിതമാണ് (ഫതാവല്‍ ഹദീസിയ്യ: 23). മുകളില്‍ പറഞ്ഞ ഹദീസുകളില്‍ ചിലത് ദുര്‍ബലമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും   സഅദ്, നഹ്‌സ് തുടങ്ങിയവയുടെ കാര്യത്തില്‍ അവ അവലംബിക്കാവുന്നതാണ്. പുണ്യങ്ങള്‍ വിവരിക്കുന്നതില്‍ ദുര്‍ബല ഹദീസുകള്‍ പരിഗണിക്കാമെന്നത് സര്‍വ്വാംഗീകൃതമാണ് (തുഹ്ഫ: 1/102). പ്രത്യേകം ദിവസങ്ങളില്‍ ചെയ്യണമെന്ന് ശര്‍അ് നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ നഹ്‌സുള്ള ദിവസത്തിനോട് യോജിച്ചുവന്നാലും അവ അന്നുതന്നെ ചെയ്യണം. നഹ്‌സിന്റെ പേരില്‍ മാറ്റിവെക്കരുത്. ഉദാഹരണത്തിന്: കുഞ്ഞ് ജനിച്ചാല്‍ അഖീഖ അറുക്കല്‍ സുന്നത്താണ്. ഏഴാം ദിവസമാണ് ഇത് സുന്നത്തുള്ളത്. അന്ന് അറവ് നടന്നിട്ടില്ലെങ്കില്‍ 14, 21, 28 എന്നിങ്ങനെ ഓരോ ഏഴുകള്‍ ആവര്‍ത്തിച്ചുവരുമ്പോഴാണ് സുന്നത്തുള്ളത് (ശര്‍ഹു ബാഫള്ല്‍: 2/308). പ്രസ്തുത ദിവസങ്ങളെ നഹ്‌സുള്ള ദിവസങ്ങളാണെന്ന പേരില്‍ പിന്തിപ്പിക്കേണ്ടതില്ല. ചിലര്‍ മുഹര്‍റമാസം പിറന്നാല്‍ ആദ്യത്തെ പത്തു ദിവസങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടത്താതെ മുഹര്‍റം പതിനൊന്നിലേക്കോ പന്ത്രണ്ടിലേക്കോ പിന്തിക്കുന്നതു കാണാം. അതുമൂലം സുന്നത്ത് നഷ്ടപ്പെടാനും നഹ്‌സുള്ള ദിവസങ്ങളില്‍ ഉള്‍പ്പെടാനും ഇടവന്നേക്കാം. ഒരു വര്‍ഷത്തെ പന്ത്രണ്ടു നഹ്‌സുകള്‍ വിവരിച്ച പ്രസിദ്ധ ഹദീസില്‍ മുഹര്‍റം പന്ത്രണ്ട് നഹ്‌സാണെന്ന് പ്രവാചകന്‍ പറഞ്ഞത് മുമ്പു പറഞ്ഞുവല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter