സ്ത്രീകളും തറാവീഹ് നിസ്‌കാരവും
വിശുദ്ധ റമദാനില്‍ മുഹമ്മദ് നബിയുടെ സമുദായത്തിനു മാത്രം അല്ലാഹു സമ്മാനിച്ചതാണ് തറാവീഹ് നിസ്‌കാരം. ഇത് 20 റക്അത്തുകളാണെന്ന് മുസ്‌ലിം ലോകത്തിന്റെ ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ടതാണ്. നാലു മദ്ഹബുകളും ഇക്കാര്യം സമ്മതിക്കുന്നു. ഇജ്മാഅ് മുഖേന സ്ഥിരപ്പെട്ട കാര്യം സ്ഥിരപ്പെട്ടാല്‍ വിശ്വാസം പിഴച്ചവനാകും. തറാവീഹ് നിസ്‌കാരം സ്ത്രീ പുരുഷ ഭേദമന്യെ എല്ലാവര്‍ക്കും സുന്നത്താണ്. ഇത് സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കലും സുന്നത്തുണ്ട്. പുരുഷന്‍ പള്ളിയില്‍വെച്ചും സ്ത്രീ വീട്ടില്‍വെച്ചും നിസ്‌കരിക്കലാണ് ഉത്തമം. വീടുകള്‍ കേന്ദ്രീകരിച്ച് സ്ത്രീകള്‍ തറാവീഹ് സംഘടിതമായി നിര്‍വഹിക്കുന്ന ഒരു സദാചാരം മുമ്പേ നടന്നുവരുന്നതാണ്. ഉമര്‍ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാന്‍ മുതല്‍തന്നെ തറാവീഹ് നിസ്‌കാരം ഇരുപത് റക്അത്ത് നിസ്‌കരിക്കാന്‍ പുരുഷന്മാര്‍ക്ക് ഇമാമായി ഉബയ്യുബിന്‍ കഅബിനെയും സ്ത്രീകള്‍ക്ക് സുലൈമാന്‍ ബിന്‍ ഹസ്മതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമദാനില്‍ ബീവി നഫീസത്തുല്‍ മിസ്‌രിയ്യ (റ)യുടെ വീട്ടില്‍ നടന്നിരുന്ന തറാവീഹ് നിസ്‌കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു. സ്ത്രീകളുടെ നിസ്‌കാരത്തില്‍ ഇമാം സ്ത്രീ തന്നെയാണെങ്കില്‍ ഒന്നാമത്തെ സ്വഫില്‍തന്നെ അവര്‍ക്കിടയില്‍ മുന്താതെ നില്‍ക്കുകയാണ് വേണ്ടത്. അവള്‍ പുരുഷന്‍ ഇമാം നില്‍ക്കുംപോലെ മുന്തി നില്‍ക്കല്‍ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഇമാമിനെ മുഅ്മിനീങ്ങളില്‍ നിന്ന്  വേര്‍തിരിഞ്ഞു മനസ്സിലാക്കാന്‍ സ്ത്രീ ഇമാം അല്‍പം കയറി നില്‍ക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും മഅ്മൂമീങ്ങളുടെ ഇടയില്‍ നില്‍ക്കുകയെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി (റ) സ്ഥിരീകരിച്ചിട്ടുണ്ട് (തഹ്ഫ; ശര്‍വാനി: 2/310). പുരുഷന്റെ പിന്നില്‍ തുടര്‍ന്നു നിസ്‌കരിക്കുന്ന സ്ത്രീ മൂന്നു മുഴത്തിനേക്കാള്‍ കൂടുതല്‍ പിന്തിനില്‍ക്കുന്നതാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റയും ഇടയില്‍ മൂന്നു മുഴത്തെക്കാള്‍ കൂടുതല്‍ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നില്‍ തുടരുന്ന സ്ത്രീകള്‍ക്കു ബാധകമല്ല (ഫതാവല്‍ കുബ്‌റ: 2/215). പള്ളിയല്ലാത്ത സ്ഥലത്തുവെച്ചുള്ള ജമാഅത്തു നിസ്‌കാരത്തിന് പ്രത്യേകമായ മൂന്നു നിബന്ധനകളുണ്ട്. 1. ഖിബ്‌ലയെ പിന്നിലാക്കാത്ത വിധം സാധാരണ നിലയില്‍ ഇമാമിലേക്കു എത്തിച്ചേരാന്‍ കഴിയണം. 2. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയില്‍ ഉദ്ദേശം മൂന്നു മുഴത്തിലധികം ഇല്ലാതിരിക്കണം. (ഒരു സ്വഫിനു പിന്നില്‍ മറ്റൊരു സ്വഫായി പല സ്വഫുകള്‍ ഇമാമിനെ തുടര്‍ന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം ഈ രണ്ടു സ്വഫുകളുടെ ഇടയിലാണ് ഈ ദൂരം പരിഗണിക്കുക). 3. ഇമാമിനെ കാണലിനെ തടയുന്ന മറ ഇല്ലാതിരിക്കണം. എന്നാല്‍ ദര്‍ശനം തടയുന്ന മറയുള്ളിടത്ത്  ഇമാമിനെയോ അവന്‍ നില്‍ക്കുന്ന ഹാളിലുള്ളവരെയോ കാണുന്ന നിലയില്‍ മറയിലെ പ്രവേശന കവാടത്തിനു നേരെ ഒരാള്‍ നിന്നാല്‍ അവന്റെയും അവിടെയുള്ള ബാക്കിയുള്ളവരുടെയും നിസ്‌കാരം ജമാഅത്തായി സാധുവാകും. മറയുടെ പ്രവേശന കവാടത്തില്‍ നില്‍ക്കുന്നവന്‍ തന്റെ കെട്ടിടത്തിലുള്ളവര്‍ക്ക് ഇമാമിനെപ്പോലെയാണ്. അവന്റെ തക്ബീറതുല്‍ ഇഹ്‌റാമിനു ശേഷമേ അവര്‍ ഇഹ്‌റാം ചെയ്യാവൂ. അതുപോലെ അവനെക്കാള്‍ അവര്‍ മുന്തി നില്‍ക്കരുത്. മറ്റു പ്രവര്‍ത്തികള്‍ അവനെക്കാള്‍ മുമ്പേ ചെയ്യുന്നതിനു വിരോധമില്ല (തുഹ്ഫ: 2/318, 320). പ്രവേശന കവാടത്തില്‍ നില്‍ക്കുന്നവന്‍ ശരീരത്തിന്റെ അല്‍പ ഭാഗംകൊണ്ട് നേരിട്ടാലും മതി (ഖല്‍യൂബി: 1/241). ഇമാമിലേക്കു ഖിബ്‌ലയെ പിന്നിലാക്കാത്ത വിധം എത്തിപ്പെടാന്‍ സാധിക്കുന്ന വഴിയിലൂടെത്തന്നെ ഇമാമിനെ കാണാന്‍ കഴിയണം. ജനലിലൂടെ കാണാന്‍ സാധിച്ചാല്‍ പോരാ (ബിഗ്‌യ: 71). ജനല്‍ കാരണം ഇമാമിലെത്താനുള്ള സഞ്ചാരത്തെ തടയുകയോ വാതില്‍ അടക്കുക, വാതിലില്‍ വിരി തൂക്കുക, പോലെയുള്ളതുകൊണ്ട് ഇമാമിനെയോ അവന്റെ പിന്നിലുള്ളവരെയോ കാണലിനെ തടയുകയോ ചെയ്താല്‍ തുടര്‍ച്ച സാധുവല്ല (ഫതഹുല്‍ മുഈന്‍: 123). പള്ളിയല്ലാത്ത സ്ഥലത്തു (ഉദാ: വീട്) വെച്ച് സംഘടിതമായി നിസ്‌കരിക്കുമ്പോള്‍ ഇമാം മഅ്മൂമുകള്‍ക്കിടയില്‍ ഇമാമിലേക്കു സാധാരണ നിലയില്‍ എത്തിച്ചേരലിനെ തടയുന്ന മറയുണ്ടായാല്‍ തുടര്‍ച്ച സ്വഹീഹാവില്ല. അതുപോലെ ഇമാം തനിച്ച് ഒരു റൂമിലാകുമ്പോള്‍ നേരെ പിന്നില്‍ മഅ്മൂമുകള്‍ നില്‍ക്കുന്ന റൂമിന്റെ വാതില്‍ തുറന്നിട്ടിട്ടുണ്ടെങ്കിലും വിരി തൂക്കിയതിനാല്‍ ഇമാമിനെ കാണുന്നില്ലെങ്കില്‍ തുടര്‍ച്ച സാധുവല്ല. ഇക്കാര്യം ഏതു നിസ്‌കാരവും ജമാഅത്തായി നിസ്‌കരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളുടെ ഇമാം പുരുഷനായാലും സ്ത്രീയായാലും പുരുഷന്മാരുടെ ജമാഅത്തായാലുമെല്ലാം ഇതാണ് നിയമം. ഇമാമും മഅ്മൂമും പള്ളിയിലാകുമ്പോള്‍ മുകളില്‍ വിവരിച്ച മൂന്നു നിബന്ധനകളും ആവശ്യമില്ല. എന്നാല്‍, ഇമാമിന്റെയടുത്തേക്ക് സാധാരണ നിലയില്‍ എത്തിച്ചേരാന്‍ പള്ളിയിലാണെങ്കിലും കഴിയണം. അത് ഖിബ്‌ലയെ പിന്നിലാക്കും വിധമാണെങ്കിലും വിരോധമില്ല. അതായത് പ്രസ്തുത വഴി മഅ്മൂമിന്റെ പിന്നിലാണെങ്കിലും കുഴപ്പമില്ല. പള്ളിയുടെ മുകളിലുള്ളവര്‍ക്ക് താഴെ തട്ടിലുള്ള ഇമാമിനെ തുടരണമെങ്കില്‍ പള്ളിയില്‍നിന്ന് ഒരു കോണി (മുമ്പിലോ പിന്നിലോ) മുകളിലേക്ക് ഉണ്ടായിരിക്കണം. പള്ളിയല്ലാത്ത സ്ഥലത്തുള്ള കോണി പരിഗണിക്കില്ല. അതേസമയം കോണിയുടെ അടിഭാഗവും തലഭാഗവും പള്ളിയിലും മറ്റുഭാഗങ്ങള്‍ പളളിയില്‍ പെടാത്തതുമായാല്‍ വിരോധമില്ല (ശര്‍വാനി: 2/314). തറാവീഹ് നിസ്‌കാരം നഷ്ടപ്പെട്ടാല്‍ ഖളാ വീട്ടല്‍ സുന്നത്തുണ്ട്. ജമാഅത്ത് നഷ്ടപ്പെട്ടാലും വിത്‌റിനെ രാത്രിയുടെ അവസാനത്തേക്ക് പിന്തിക്കലാണ് സുന്നത്ത്. തറാവീഹിന്റെ ഓരോ അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലും തവര്‍റുകിന്റെ ഇരുത്തമാണ് സുന്നത്ത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter