കണ്ണേറും പ്രതിവിധിയും
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളില്‍പെട്ടതാണു ശാരീരികാവയവങ്ങള്‍. ഇവയില്‍ വളരെ വലിയ സ്ഥാനമാണ് കണ്ണ് അര്‍ഹിക്കുന്നത്. 'കണ്ണില്ലാത്തവനേ കണ്ണിന്റെ വിലയറിയൂ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. പക്ഷെ, കണ്ണ് എന്ന മഹത്തായ അനുഗ്രഹവും ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വിനയാകാറുണ്ട്. അതാണ് കണ്ണേറ്. എന്താണ് കണ്ണേറെന്നും അതിന്റെ പ്രതിവിധിയെന്തെന്നും പരിശോധിക്കാം. ഹാഫിള് ഇബ്‌നു ഹജര്‍ (റ) പറയുന്നു: ചീത്ത പ്രകൃതിയുള്ളവരില്‍നിന്ന് അസൂയയുടെ കലര്‍പ്പോടെ  നന്മ തോന്നിപ്പിക്കുന്ന നോട്ടം ഉണ്ടാകുന്നു. ഇതുകാരണം നോക്കപ്പെടുന്ന വസ്തുവിന് ബുദ്ധിമുട്ടുണ്ടാകുന്നു. ഇതിനാണ് കണ്ണേറ് എന്നു പറയുന്നത് (ഫതഹുല്‍ ബാരി: 10/210). ഇമാം നവവി (റ) ഉദ്ധരിക്കുന്നു: കണ്ണഏറുകാരന്‍ അത് ഏല്‍ക്കുന്നവനോട് അഭിമുഖമാകുമ്പോള്‍ അല്ലാഹു ഉണ്ടാക്കുന്ന കെടുതി മാത്രമാണ് അവിടെ സംഭവിക്കുന്നത് (ശറഹു മുസ്‌ലിം: 7/427). ആത്മാക്കളില്‍ ചിലതിനുണ്ടാകുന്ന ദുര്‍ഗുണമാണ് കണ്ണേറ്. ഇതില്‍ കണ്ണിനപ്പുറം പ്രവര്‍ത്തിക്കുന്നത് ആത്മീയ ശക്തിയും അതിന്റെ ചാലകശക്തി അല്ലാഹുവിന്റെ ഖുദ്‌റത്തുമാണ്. നാവേറ്, നാഫലം, പ്രാക്ക്, മനംപ്രാക്ക് തുടങ്ങിയ പ്രയോഗങ്ങള്‍ നമുക്കിടയിലുണ്ടെല്ലോ. തത്ത്വത്തില്‍ ഇതെല്ലാം കണ്ണേറില്‍ പെട്ടതാണ്. ഫലത്തില്‍, എല്ലാം ആത്മബാധയാണ്. അന്ധനായ കണ്ണേറുകാരന്റെ അടുക്കല്‍ വിവരിക്കപ്പെട്ട വസ്തുവില്‍ അവന്റെ ആത്മാവേറ്റെന്നു വരാം. ബാഹ്യാവയവങ്ങളില്‍ കണ്ണിന് മറ്റുള്ളവയെ അപേക്ഷിച്ച് കൂടുതല്‍ സ്വാധീനമുള്ളതുകൊണ്ടാണ് അതിലേക്ക് ചേര്‍ത്തിപ്പറയുന്നത്. ബോധപൂര്‍വ്വമോ യാദൃച്ഛികമായോ കണ്ണേറു സംവിക്കാം. ചിലപ്പോള്‍ ഇത് കണ്ണേറുകാരനില്‍തന്നെ തിരിച്ചേല്‍ക്കാനും സാധ്യതയുണ്ട്. അബൂഹുറൈറ (റ) യില്‍ നിന്നും നിവേദനം; പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് യാഥാര്‍ത്ഥ്യമാണ് (ബുഖാരി, മുസ്‌ലിം). ഉമ്മു സലമ (റ) യില്‍നിന്നും നിവേദനം. മഹതി പറഞ്ഞു: എന്റെ വീട്ടില്‍വെച്ചു മുഖത്ത് നിറപ്പകര്‍ച്ചയുള്ള ഒരു സ്ത്രീയെ കാണാനിടയായ പ്രവാചകന്‍ ഇങ്ങനെ പറഞ്ഞു: അവള്‍ക്കു നിങ്ങള്‍ മന്ത്രിക്കുക. കാരണം, അവള്‍ക്ക് കണ്ണേറേറ്റിട്ടുണ്ട് (ബുഖാരി, മുസ്‌ലിം). ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം. പ്രവാചകന്‍ പറഞ്ഞു: കണ്ണേറ് ഒരു വസ്തുതയാണ്. അല്ലാഹുവിന്റെ വിധിയെ വല്ലതിനും മറികടക്കാനാകുമായിരുന്നുവെങ്കില്‍ കണ്ണേറിന് കഴിയുമായിരുന്നു (മുസ്‌ലിം). കണ്ണേറു തടയാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കാം. അത് വരാനുള്ള സാഹചര്യം തടയുകയാണ് അതിലൊന്ന്. ഇതാണ് യഅഖൂബ് നബി (അ) തന്റെ പ്രിയ മകന്‍ ബിന്‍യാമീനെ മറ്റു പത്തു മക്കള്‍ക്കൊപ്പം ഈജിപ്തിലേക്ക് യാത്രയാക്കുമ്പോള്‍ അവര്‍ക്കു നല്‍കിയ ഉപദേശത്തിലൂടെ ചെയ്തത്. യഅഖൂബ് നബി പറഞ്ഞു: ''പ്രിയമക്കളെ, നിങ്ങള്‍ ഒറ്റക്കവാടത്തില്‍കൂടി കടക്കരുത്. വിവിധ കവാടങ്ങളിലൂടെ പ്രവേശിക്കുക.'' ഈ ഖുര്‍ആന്‍ വാക്യം വിശദീകരിച്ചുകൊണ്ട് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നത്, തന്റെ മക്കള്‍ക്ക് കണ്ണേറ് പറ്റാതിരിക്കാനായിരുന്നു ഈ നിര്‍ദ്ദേശമെന്നാണ് (ഖുര്‍ഥുബി: 5/158, റാസി: 9/176, റൂഹുല്‍ മആനി: 13/15). ഇമാം ബഗവി (റ) ഉദ്ധരിക്കുന്നു: കണ്ണേറ് ഏല്‍ക്കാന്‍ സാധ്യതയുള്ള ഭംഗിയുള്ള ഒരു കുട്ടിയെ കണ്ടപ്പോള്‍ ഉസ്മാന്‍ (റ) പറഞ്ഞു: അവന്റെ താടിയെല്ലിലെ നുണക്കുഴി നിങ്ങള്‍ കറുപ്പിക്കുക (ബഗവിയുടെ ശറഹുസ്സുന്ന: 13/116, മിര്‍ഖാത്ത്: 4/502). കണ്ണേറുകാരന്റെ നോട്ടത്തെ തിരിച്ചുകളയുന്നതിനുവേണ്ടിയായിരുന്നു ഈ നിര്‍ദ്ദേശം. പ്രസ്തുത നുണക്കുഴിയിലല്ലാതെ കവിള്‍തടത്തില്‍ ഈവിധം അടയാളപ്പെടുത്തുന്നതും അനുവദനീയമാണ്. എന്നാല്‍, നിര്‍മാണത്തിലിരിക്കുന്ന വീടുകള്‍ക്കു സമീപത്തും മറ്റും ജീവനുള്ള വസ്തുക്കളുടെ പ്രതിമയും ശില്‍പവും ഉണ്ടാക്കുന്നതും വെക്കുന്നതും നിഷിദ്ധമാണ്. കണ്ണേറുകാരന്‍ തനിക്ക് കൗതുകമായി തോന്നുന്ന വല്ലതും കാണുമ്പോള്‍ അതില്‍ ബറകത്തിനായി പ്രാര്‍ത്ഥിക്കുന്നത് കണ്ണേറിന്റെ കെടുതി തടയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്. ഇങ്ങനെ ചെയ്യല്‍ അദ്ദേഹത്തിനു സുന്നത്താണ്. ഇമാം മാലിക് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: സഹ്‌ലു ബിന്‍ ഹുനൈഫിന്റെ പുത്രന്‍ അബൂ ഉമാമ (റ) വിവരിക്കുന്നു: സഹ്‌ലു ബിന്‍ ഹുനൈഫ് കുളിക്കുന്നതു കണ്ട ആമിറു ബിന്‍ റബീഅ ഇങ്ങനെ പറഞ്ഞു: ഹൊ, എത്ര മനോഹരമായ ശരീരം! ഇതുപോലെ ഒരാളെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. താമസിയാതെ സഹ്ല്‍ ബോധരഹിതനായി വീണു. വിവരമറിഞ്ഞ പ്രവാചകന്‍ ദേഷ്യപ്പെട്ടുകൊണ്ട് ആമിറിനോട് പറഞ്ഞു: നിങ്ങളോരോരുത്തര്‍ എന്തിനുവേണ്ടിയാണ് തന്റെ സഹോദരനെ വധിക്കുന്നത്. അദ്ദേഹത്തിനുവേണ്ടി ബറകത്തിന് പ്രാര്‍ത്ഥിക്കുകയാണ് വേണ്ടിയിരുന്നത്. ഏതായാലും, അദ്ദേഹത്തിനുവേണ്ടി കഴുകുക. ഇതേതുടര്‍ന്നു ആമിര്‍ (റ) തന്റെ മുഖവും കൈകളും കാല്‍മുട്ടുകളും രണ്ടു കാലിന്റെ അഗ്രങ്ങളും വസ്ത്രത്തിന്റെ ശരീര സ്പര്‍ശിയായ അടിഭാഗവും കഴുകി ഒരു പാത്രത്തിലാക്കി അത് സഹ്‌ലിനുമേല്‍ ഒഴിച്ചപ്പോള്‍ അദ്ദേഹം സുഖം പ്രാപിക്കുകയും സഹയാത്രികരുടെകൂടെ യാത്ര തുടരുകയും ചെയ്തു (മുവത്വ: 2/938). കണ്ണേറിന്റെ കാര്യം നമുക്ക് അജ്ഞാതമായതുപോലെ അതിന്റെ പ്രതിവിധിയായി നിര്‍ദ്ദേശിക്കപ്പെട്ടതിലെ രഹസ്യങ്ങളും അജ്ഞാതമാണ്. നബിയും സ്വഹാബത്തും ഇമാമുകളും നിര്‍ദ്ദേശിച്ച മാര്‍ഗങ്ങള്‍ യുക്തിചിന്തക്കു വിധേയമാക്കാതെ സ്വീകരിക്കുകയേ വഴിയുള്ളൂ. കണ്ണേറ് വിഷമമനുഭവിക്കുമ്പോള്‍ മന്ത്രം ഒരു മരുന്നാണ്. ഉമ്മു സലമ (റ) യുടെ വീട്ടില്‍ വെച്ചു നബി കണ്ട സ്ത്രീയുടെ മുഖത്തെ നിറപ്പകര്‍ച്ച കണ്ണേറുമൂലമാണെന്നും അതിന് പരിഹാരമായി നബി നിര്‍ദ്ദേശിച്ചത് മന്ത്രമായിരുന്നുവെന്നും നേരത്തെ പറഞ്ഞുവല്ലോ. മന്ത്രത്തില്‍ ഏറ്റവും ഫലപ്രദമായത് സൂറത്തുല്‍ ഫലഖും സൂറത്തുന്നാസും ഓതി മന്ത്രിക്കലാണെന്നു മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണേറു സത്യമാണെന്നു മതപ്രമാണങ്ങള്‍കൊണ്ടു സ്ഥിരപ്പെട്ടിട്ടും മുഅ്തസിലീ പ്രസ്ഥാനത്തിന്റെ നായകന്‍ അബൂ അലിയ്യുല്‍ ജുബ്ബായി ഇതിനെ ശക്തമായി നിഷേധിക്കുന്നു. കണ്ണേറ് അന്ധവിശ്വാസമാണെന്നു പറയുന്നവര്‍ ജുബ്ബായിയെ പിന്‍പറ്റുന്നവരാണ്. ഇവര്‍ക്കെതിരെ ഇബ്‌നുല്‍ ഖയ്യിം ഇങ്ങനെ പ്രസ്താവിക്കുന്നു: പ്രമാണങ്ങളെ കുറിച്ചു വിവരമില്ലാത്തവരും ബുദ്ധികുറഞ്ഞവരുമായ ചിലര്‍ കണ്ണേറിനെ തള്ളിക്കളഞ്ഞു. യഥാര്‍ത്ഥമല്ലാത്ത, അന്ധമായ ചില ധാരണകള്‍ മാത്രമാണ് അതെന്ന് അവര്‍ വിധിയെഴുതി. ബുദ്ധിയും പ്രമാണവും സ്ഥിരീകരിക്കുന്നത് അറിയാന്‍കഴിയാത്ത പരമ വിഡ്ഢികളാണവര്‍. അകക്കണ്ണിന്റെ മറ കട്ടിയുള്ളവരും കടുത്ത പ്രകൃതക്കാരും ആത്മാക്കളെക്കുറിച്ചും അവയുടെ വ്യവഹാരങ്ങളെക്കുറിച്ചും യാതൊന്നും അറിയാത്തവര്‍ മാത്രമേ ഇങ്ങനെ പറയൂ. വിവിധ മതക്കാരും പ്രസ്ഥാനക്കാരുമായ നേതാക്കള്‍വരെ കണ്ണേറ് അംഗീകരിച്ചവരാണ്. അവരാരും അത് തള്ളിക്കളഞ്ഞവരല്ല. അത് എങ്ങനെ നടക്കുന്നുവെന്നതിലേ അവര്‍ക്ക് തര്‍ക്കമുള്ളൂ (സാദുല്‍ മആദ്: 4/144). ആലൂസി തന്റെ റൂഹുല്‍ മആനിയില്‍ പറയുന്നു: ഏതൊരു കാര്യവും യാഥാര്‍ത്ഥ്യമാകുന്നതിനു പിന്നിലെ ആത്യന്തിക കാരണം അല്ലാഹുവിന്റെ ഉദ്ദേശ്യം മാത്രമാണെന്നതും അവന്‍ വേണ്ടുക വെച്ചതുമാത്രമേ സംഭവിക്കുകയുള്ളൂവെന്നതും അല്ലാത്തത് സംഭവിക്കില്ലായെന്നതും സ്ഥിരപ്പെട്ടതാണ്. എന്നാല്‍, കണ്ണേറിന്റെ പ്രതിഫലന കാര്യത്തിലെ അല്ലാഹുവിന്റെ ഹിക്മത്ത് എന്താണെന്നു നമുക്ക് അജ്ഞാതമാണ് (റൂഹുല്‍ മആനി: 13/18). പുത്തനാശയക്കാരായ ഇബ്‌നു ഖയ്യിമും ആലൂസിയും കണ്ണേറ് സത്യമാണെന്ന് പ്രഖ്യാപിച്ചവരാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter