ആര്‍ത്തവം: ചില വസ്തുതകള്‍
മുകല്ലഫ് എന്ന അറബി പദത്തിന് പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ളവന്‍ എന്നാണ് സാങ്കേതികാര്‍ത്ഥം.   മുകല്ലഫത്ത് സ്ത്രീലിംഗമാണ്. ആണാവട്ടെ പെണ്ണാവട്ടെ 15 വയസ്സ് പൂര്‍ത്തിയാവുക, ഇന്ദ്രിയ സ്ഖലനമുണ്ടാവുക, സ്ത്രീകള്‍ക്കു ആര്‍ത്തവം തുടങ്ങുക ഇവ പ്രായപൂര്‍ത്തിയുടെ ലക്ഷണങ്ങളാണ്. ആര്‍ത്തവവും ഇന്ദ്രിയ സ്ഖലനവുമുണ്ടാകാന്‍ പതിനഞ്ചു വയസ്സ് തികയണമെന്നില്ല. ഒമ്പതു വയസ്സുമുതല്‍ ആര്‍ത്തവം തുടങ്ങാനും സ്ഖനമാരംഭിക്കാനും സാധ്യതയുണ്ട്. പൂര്‍ണാരോഗ്യത്തോടുകൂടി ജീവിത ചര്യകളില്‍ ക്രമക്കേടില്ലാതെയും പോഷകാഹാരങ്ങള്‍ ആവശ്യാനുസൃതം കഴിക്കുകയും ചെയ്തുകൊണ്ടു വളരുന്ന കുട്ടികളിലാണ് കുറഞ്ഞ കാലയളവില്‍ പ്രായം തികഞ്ഞുകാണുന്നത്. നാട്ടുനടപ്പ് ശീലത്തില്‍ പതിമൂന്ന്, പതിനാല്  വയസ്സുകളിലായി ആര്‍ത്തവം തുടങ്ങിക്കാണാറുണ്ട്. പതിനഞ്ചാം വയസ്സിലും അതു കഴിഞ്ഞിട്ടും ആര്‍ത്തവം   തുടങ്ങിയതുമുണ്ട്. സ്ത്രീയുടെ ഗര്‍ഭാഷയത്തിന്റെ അറ്റത്തുനിന്ന് ചില പ്രത്യേക സാഹചര്യങ്ങളില്‍ പുറപ്പെടുന്ന രക്തമാണ് ആര്‍ത്തവം. ഇതൊരു അസുഖമല്ല. ആര്‍ത്തവ രക്തം പോകാതിരിക്കലാണ് അസുഖം. ഒമ്പതു വയസസ്സ് തികയാന്‍ പതിനാറില്‍ താഴെ ദിവസങ്ങളുള്ളപ്പോള്‍ കാണുന്ന രക്തവും ആര്‍ത്തവമാണ് (ഫതഹുല്‍ മുഈന്‍). മേലുദ്ധരിച്ച യോനീസ്വത്തിന് മൂന്നു വിധം കാലയളവാണുള്ളത്. ചില സ്ത്രീകള്‍ക്കു 24 മണിക്കൂര്‍കൊണ്ട് രക്തം പോയി തീര്‍ന്നു നിലക്കും. മറ്റു ചിലര്‍ക്കു 15 ദിവസം വരെ നീണ്ടുനില്‍ക്കും. സാധാരണ നിലയില്‍ ആറോ ഏഴോ ദിവസംകൊണ്ട് അവസാനിക്കുന്നുമുണ്ട്. ഇത് 90 ശതമാനം സ്ത്രീകളുടെയും നിലയാണ്. നിശ്ചയം ഇത് (ആര്‍ത്തവം) ആദം സന്തതികളിലെ വനിതകള്‍ക്കു അല്ലാഹു നിശ്ചയിച്ച കാര്യമാണ് (ബുഖാരി, മുസ്‌ലിം). ആര്‍ത്തവത്തിന് മനുഷ്യോല്‍പത്തിയോളം പഴക്കമുണ്ടെന്നതിന് വ്യക്തമായ തെളിവാണ് ഈ തിരുവചനം. അപ്പോള്‍ ബനൂ ഇസ്‌റാഈല്യര്‍ സ്ത്രീകളിലാണ് ആര്‍ത്തവം ആദ്യമുണ്ടായതെന്ന  അഭിപ്രായം അടിസ്ഥാന രഹിതമാണ്. നിസ്‌കാരം, നോമ്പ്, സുജൂദ്, ഥവാഫ്, ഖുര്‍ആന്‍ തൊടല്‍, ഓതല്‍, പള്ളിയില്‍ താമസിക്കല്‍, ഭര്‍ത്താവ് മെന്‍സസ് കാരിയെ ഥലാഖ് ചൊല്ലല്‍, സംയോഗം ചെയ്യല്‍ മുതലായ കാര്യങ്ങളെല്ലാം ആര്‍ത്തവ വേളയില്‍  ഹറാമാണ്. ഓരോ മാസത്തിലും ആറോ ഏഴോ ദിവസങ്ങള്‍ മെന്‍സസ് ദിവസങ്ങളാകുമ്പോള്‍ ഇബാദത്തിന് നല്ലൊരു കുറവ് കാണുമല്ലോ. എന്നാല്‍, നിഷ്‌കളങ്ക മനസ്സോടെ തന്റെ ഭര്‍ത്താവിനെ അനുസരിക്കുന്ന ഭാര്യ ഒരു യുദ്ധ ശാലിയുടെ പ്രതിഫലം കൈവരിക്കുന്നവളാണെന്ന പ്രവാചക പ്രഖ്യാപനം സ്ത്രീകള്‍ക്കു സാന്ത്വനമേകുന്നതാണ്. എന്നാല്‍, രക്തം നിലച്ച്, കുളിക്കുന്നതിനു മുമ്പു നോമ്പ് അനുഷ്ഠിക്കാം. പ്രഭാതത്തിനു മുമ്പു രക്തം നിലച്ചാല്‍ നിയ്യത്ത് ചെയ്തു നോമ്പുകാരിയാവുന്നതുപോലെ ഥലാഖും കുളിക്കുന്നതിനു മുമ്പ് ആവാം. ഒരു ഭര്‍ത്താവ് തന്റെ ഭാര്യയെ ഒഴിവാക്കുകയാണെങ്കിലും രക്തസ്രാവ വേളയിലാവരുത്. അത് അവളുടെ ഇദ്ദയുടെ കാലാവധി വര്‍ദ്ധിപ്പിക്കും. ശുദ്ധി കാലത്ത് ഥലാഖ് ചൊല്ലിയാല്‍ മൂന്നാമത്തെ ഹൈളിലേക്കു പ്രവേശിച്ചാല്‍ ഇദ്ദ: കഴിയും. ഹൈള് കാലത്താണ് ഥലാഖ് സംഭവിച്ചതെങ്കില്‍ നാലാമത്തെ ഹൈളിലേക്കു പ്രവേശിച്ചാല്‍ മാത്രമേ മൂന്നു ശുദ്ധി പൂര്‍ണമാവുകയുള്ളൂ. അപ്പോഴേ ഇദ്ദ കഴിയുകയുള്ളൂ. മറ്റു കാര്യങ്ങളൊക്കെ കുളിച്ചു ശുദ്ധിയായതിനു ശേഷമേ ഹലാലാവുകയുള്ളൂ. ആര്‍ത്തവ കാലത്തെ നിസ്‌കാരം ഖളാഅ് വീട്ടല്‍ ഹറാമാണ്. എന്നാല്‍, ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കര്‍മശാസ്ത്ര വശമുണ്ട്. പലരും ശ്രദ്ധിക്കുന്നില്ലെന്ന കാര്യവും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അഥവാ, ഒരു നിസ്‌കാരത്തിന്റെ വഖ്തിന്റെ അവസാന നിമിഷങ്ങളില്‍ രക്തം നിലച്ചു. കുളിച്ചു ശുദ്ധിയായപ്പോഴേക്കും ആ നിസ്‌കാരം ഖളാആയി. എന്നാല്‍, ആ നിസ്‌കാരവും അതിന്റെ മുമ്പുള്ളത് ഇതിലേക്കു ജംആക്കപ്പെടുന്ന നിസ്‌കാരമാണെങ്കില്‍ അതും ഖളാ വീട്ടണം. ഉദാഹരണത്തിന്: അസ്വര്‍ വഖ്ത്തിന്റെ അവസാന നിമിഷത്തില്‍ രക്തം നിലച്ചാല്‍ അസ്വറും ളുഹറും ഖളാ വീട്ടണം. ഇശാഇന്റെ വഖ്തിന്റെ അവസാനത്തിലാണെങ്കില്‍ ഇശാഉം മഗ്‌രിബും ഖളാ വീട്ടണം. അതുപോലെത്തന്നെ, ആര്‍ത്തവം തുടങ്ങുന്നിടത്തുമുണ്ട് ശ്രദ്ധിക്കാന്‍. ഒരു നിസ്‌കാരത്തിന്റെ സമയമായി; നിസ്‌കരിക്കാനുള്ള അവസരവും ലഭിച്ചു. നിസ്‌കരിക്കുന്നതിനു മുമ്പു ആര്‍ത്തവം തുടങ്ങി, എന്നാല്‍ ആ നിസ്‌കാരവും ഖളാ വീട്ടേണ്ടതാണ്. ആര്‍ത്തവകാരി തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമാണെന്ന വിശ്വാസവും ആചാരവും ജൂതര്‍, മജൂസികള്‍, ഹൈന്ദവര്‍ എന്നിവരിലുണ്ടായിരുന്നു. അവള്‍ക്കു ദൂരെയാണ് എന്ന പ്രയോഗ ശൈലിയാണ് ഹിന്ദുക്കള്‍ അതിന് ഉപയോഗിച്ചിരുന്നത്. തീണ്ടാരിക്കാരിയെ വീടിന്റെ പുറത്ത് താമസിപ്പിക്കുന്ന സമ്പ്രദായം മേല്‍ പറഞ്ഞ മൂന്നു വിഭാഗത്തിലും നിലനിന്നിരുന്നു. ക്രൈസ്തവര്‍ ആര്‍ത്തവ ഘട്ടങ്ങളെ കണക്കിലെടുക്കാറുമില്ല. സ്വഹാബത്ത് ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് അല്‍ ബഖറ 222 -ാം ആയത്ത് അവതരിച്ചത്: നബിയേ, അവര്‍ തങ്ങളോട് ആര്‍ത്തവത്തെക്കുറിച്ച് ചോദിക്കും. പറയുക: അത് ചീത്തയാണ്. ആര്‍ത്തവ കാലയളവില്‍ നിങ്ങള്‍ സ്ത്രീകളെ വെടിയുക (സംഭോഗത്തിലേര്‍പ്പെടാതിരിക്കുക). അവര്‍ ശുദ്ധിയാകുന്നതുവരെ നിങ്ങള്‍ അവരെ സമീപിക്കരുത്. അവള്‍ ശുദ്ധിയായാല്‍ അല്ലാഹു നിങ്ങളോട് കല്‍പിച്ച ഭാഗത്തിലൂടെ നിങ്ങള്‍ അവരെ സമീപിക്കുക. നിശ്ചയം അല്ലാഹു പശ്ചാത്തപിക്കുന്നരെയും ശുദ്ധി പ്രാപിക്കുന്നവരെയും ഇഷ്ടപ്പെടുന്നതാണ്. ആര്‍ത്തവകാരിയുമായി സംഭോഗത്തിലേര്‍പ്പെടുന്നതിനെയാണ് ഈ സൂക്തത്തിലൂടെ അല്ലാഹു വിലക്കിയത്. മുട്ടുപൊക്കിളിന്റെ ഇടയിലുള്ള എല്ലാ സുഖഭോഗങ്ങളും ആര്‍ത്തവ വേളകളില്‍ നിഷിദ്ധം തന്നെ.  എന്നല്ലാതെ, അവളെ കിടപ്പറയില്‍നിന്നോ വീട്ടില്‍നിന്നോ പുറത്താക്കണമെന്നല്ല. ജൂത-മജൂസി ആചാരത്തിന് വിരുദ്ധമായി ഖുര്‍ആന്‍ അവതരിച്ചപ്പോള്‍ അവരുടെ ശത്രുത വര്‍ദ്ധിച്ചു. പക്ഷെ, പ്രവാചകന്‍ ഇസ്‌ലാമിക നിയമം മുറപോലെ നടപ്പാക്കി. സ്വപത്‌നിയുമായുള്ള ലൈംഗിക സമ്പര്‍ക്കത്തിന്റെ ലക്ഷ്യം പൂര്‍ണാരോഗ്യവാന്മാരായ സന്താനോല്‍പാദനമാണ്. തന്റെ വികാരപൂര്‍ത്തീകരണം മാത്രമല്ല. അശുദ്ധമായ കാലയളവില്‍ നടക്കുന്ന ബന്ധത്തിലൂടെ മേല്‍ക്കാണിച്ച സദുദ്ദേശ്യം സഫലീകൃതമാവുകയില്ല. മാരക രോഗികളായ സന്താനങ്ങളായിരിക്കും ജനിക്കുക. സ്രഷ്ടാവ് തന്നെ അതിനെ വിലക്കിയിരിക്കെ നാം പൂര്‍ണമായും അകന്നു നിന്നേതീരൂ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter