ബറാഅത്ത്: അനുഗ്രഹങ്ങളുടെ രാവ്
ശഅ്ബാന്‍ മാസത്തിലെ 15-ാ മത്തെ രാത്രിയാണ് ബറാഅത്ത് രാവ് എന്നു പറയുന്നത്. മുസ്‌ലിം ലോകം പ്രത്യേകമായി ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന രാവുകളില്‍ ഒന്നാണിത്. പൂര്‍വ്വീകര്‍ ആരാധനകൊണ്ടും പ്രാര്‍ത്ഥനകൊണ്ടും ഈ രാവിനെ സജീവമാക്കിയിരുന്നു. ''മോചനം'' എന്നാണ് ബറാഅത്തിന്റെ അര്‍ത്ഥം. ''കല്‍ബ്'' വംശക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണം ജനങ്ങളെ ആ രാത്രിയില്‍ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. ഇത്തരം ഹദീസുകളുടെ പശ്ചാത്തലത്തിലാണ് ഈ രാത്രിക്ക് മോചന രാവ് എന്ന പേര് കിട്ടിയത്. (ലൈലത്തു ന്നിസ്ഫ് മിന്‍ ശഅ്ബാന്‍) ശഅ്ബാന്‍ നടുവിലെ രാത്രി എന്നാണ് ഹദീസുകളില്‍ പറഞ്ഞു കാണുന്നത്. ലൈലത്തുല്‍ മുബാറക്ക് (ബറക്കത്തുള്ള രാത്രി), ലൈലത്തു റഹ്മ (അനുഗൃഹത്തിന്റെ രാത്രി) തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. (തഫ്‌സീര്‍ ജമല്‍ 4: 100)
വിശേഷങ്ങള്‍ ബറാഅത്ത് രാവിന്റെ പ്രത്യേകതകള്‍ വിവരിക്കുന്ന നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അവ വിശദീകരിക്കുന്ന അദ്ധ്യായം തന്നെ ''അത്തര്‍ഗീബ് വത്തര്‍ഹീബ്'' എന്ന  ഹദീസ് ഗ്രന്ഥത്തിലുണ്ട്. ചില ഹദീസുകള്‍ ശ്രദ്ധിക്കുക. ആയിശ(റ) പറയുന്നു: ഒരിക്കല്‍ രാത്രി നബി (സ)യെ കാണാതായി. ഞാന്‍ അന്വേഷിച്ചു നടന്നപ്പോള്‍ തിരുമേനിയെ ബഖൗഇല്‍ കണ്ടുമുട്ടി. തിരുമേനി ചോദിച്ചു, അല്ലാഹുവും അവന്റെ റസൂലും നിന്നെ വഞ്ചിച്ചുവെന്ന് വിചാരിച്ചുവോ? ഞാന്‍ പറഞ്ഞു: ''അല്ലാഹുവിന്റെ റസൂലേ, താങ്കള്‍ മറ്റു വല്ല ഭാര്യയുടെ അടുത്തും പോയേക്കുമെന്ന്  ഞാന്‍ സംശയിച്ചു. അപ്പോള്‍ തിരുമേനി പറഞ്ഞു: ''ശഅ്ബാന്‍ നടുവിലെ രാത്രിയില്‍ അല്ലാഹു (അവന്റെ പ്രത്യേക അനുഗ്രഹം) ഒന്നാനാകാശത്തേക്ക് ഇറങ്ങി വരും. എന്നിട്ട് ''കല്‍ബ്'' വംശക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തെക്കാള്‍ അധികവും ആളുകള്‍ക്ക് പൊറുത്തുകൊടുക്കും. അബൂമൂസ അല്‍ അശ്അരി (റ)യില്‍ നിന്നും ഉദ്ധരിക്കുന്നു: ശഅ്ബാന്‍ നടുവിലെ രാത്രിയില്‍ അല്ലാഹു അവന്റെ എല്ലാ സൃഷ്ടികളിലേക്കും എത്തിനോക്കും. എന്നിട്ട് എല്ലാവര്‍ക്കും പൊറുത്തു കൊടുക്കും. മുശ്‌രികിനും മുശറഹിനും ഒഴികെ. (മുശറഹ് എന്നാല്‍ സമുദായത്തിന്റെ ജമാഅത്തിനെ വിട്ട് ബിദ്അത്തുമായി നടക്കുന്ന പുത്തനാശയക്കാരാണ്) ആയിശ(റ) പറയുകയാണ്: ''ഒരു ദിവസം നബി(സ) രാത്രി എണീറ്റ് നിസ്‌കാരം ആരംഭിച്ചു. സുജൂദ് വല്ലാതെ നീട്ടി. തിരുമേനി മരണപ്പെട്ടു പോയെന്ന് ഞാന്‍ സംശയിച്ചു. ഞാന്‍ എണീറ്റ് തിരുമേനിയുടെ തള്ളവിരല്‍ ഇളക്കി. അപ്പോള്‍ ഇളകുന്നതായി കണ്ടു. മരിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഞാന്‍ മടങ്ങിപ്പോന്നു. തിരുമേനി സുജൂദില്‍ പ്രാര്‍ത്ഥിക്കുന്നതും ഞാന്‍ കേട്ടു. നിസ്‌കാരം കഴിഞ്ഞതിനു ശേഷം അവിടുന്ന് എന്നെ ആയിശാ എന്നു വിളിച്ചുകൊണ്ട് പറഞ്ഞു: ''(നിന്റെ രാത്രിയില്‍ മറ്റൊരു ഭാര്യയുടെ അടുത്ത് പോയി) നബി(സ) നിന്നെ വഞ്ചിച്ചുവെന്ന് നീ വിചാരിച്ചുവോ?'' ഞാന്‍ പറഞ്ഞു: ''ഇല്ല നബിയേ, ഇല്ല പക്ഷേ, വളരെ സമയമായിട്ടും സുജൂദില്‍ നിന്നും ഉയരാത്തതിനാല്‍ അങ്ങ് മരിച്ചുപോയോ എന്ന് ഞാന്‍ ശങ്കിച്ചു. അപ്പോള്‍ തിരുമേനി ചോദിച്ചു: ''ഇത് ഏത് രാവാണെന്ന് നിനക്കറിയുമോ?'' ഞാന്‍ പറഞ്ഞു: ''അല്ലാഹുവിനും റസൂലിനും അറിയാം.'' തിരുമേനി : ''ഇത് ശഅ്ബാന്‍ നടുവിലെ രാവാകുന്നു. ശഅ്ബാന്‍ നടുവിലെ രാവില്‍ അല്ലാഹു അവന്റെ അടിമകളെ പ്രത്യേകം വീക്ഷിക്കും. പൊറുക്കലിനെ തേടുന്നവര്‍ക്ക് പൊറുത്തുകൊടുക്കും. കരുണ തേടുന്നവര്‍ക്ക് കരുണ നല്‍കും. (ബൈഹഖി) ബറാഅത്ത് രാവിന് അഞ്ച് സവിശേഷതകളുണ്ടെന്ന് മുഫസ്സിറുകള്‍ രേഖപ്പെടുത്തുന്നു. ഒന്ന്: അടുത്ത വര്‍ഷം വരെയുള്ള ഭക്ഷണം, മരണം, രോഗം തുടങ്ങിയ കാര്യങ്ങള്‍ കണക്കാക്കുന്ന രാത്രിയാണത്. രണ്ട്: ഇമ്പാദത്ത് എടുക്കാന്‍ വിശിഷ്ടമായ രാത്രിയാണത് മൂന്ന്: അനുഗ്രഹത്തിന്റെ രാത്രിയാണത്. നാല്: പാപം പൊറുക്കുന്ന രാത്രിയാണത് അഞ്ച്: നബി(സ)ക്ക് പൂര്‍ണ്ണമായ ശഫാഅത്ത് നല്‍കപ്പെട്ട രാത്രിയാണ്.
മൂന്ന് യാസീനും ദുആയും ബറാഅത്ത് രാവില്‍ മഗ്‌രിബിന് ശേഷം മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്ന പതിവ് നമ്മുടെ നാടുകളിലുണ്ട്. ഹദീസ് വന്നിട്ടില്ലെങ്കിലും ഇത് സലഫുസ്സ്വാലിഹീന്‍ അവരുടെ കിതാബുകളില്‍ രേഖപ്പെടുത്തിയതും അവര്‍ ചെയ്തുപോന്നിരുന്നതുമാണ്. ഒന്നാമത്തെ യാസീന്‍ ആയുസില്‍ ബറക്കത്ത് ലഭിക്കാനും രണ്ടാമത്തേത് റിസ്ഖില്‍ ബറക്കത്ത് കിട്ടുവാനും മൂന്നാമത്തേത് അവസാനം നന്നാകാന്‍ വേണ്ടിയുമാണ്. അത് പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന രാത്രിയാണെന്ന് ശാഫിഈ (റ) രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹം പറയുന്നു: ''വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാന്‍ നടുവിലെ രാവ് എന്നീ അഞ്ചു രാത്രികളില്‍ ദുആക്ക് ഉത്തരം ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നതായി നമുക്കെത്തിയിരിക്കുന്നു. (ഉമ്മ് 1: 204). ഓരോ യാസീനും മുമ്പ് രണ്ട് റക്അത്ത് സുന്നത്ത് നിസ്‌കരിക്കണമെന്നുകൂടി ഹദീസ് ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. രണ്ട് റക്അത്ത് നിസ്‌കരിച്ച് ഒരു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കുക. വീണ്ടും നിസ്‌കരിച്ച് രണ്ടാമത്തെ യാസീന്‍ ഓതുക. ഇപ്രകാരം ഒരു പ്രാവശ്യം കൂടി ചെയ്യുക. ''അല്ലാഹുവേ, ഞങ്ങളെ പരാജിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് മായ്ക്കുകയും വിജയികളായി എഴുതുകയും ചെയ്യേണമേ'' എന്ന അര്‍ത്ഥത്തില്‍ തുടങ്ങുന്ന പ്രാര്‍ത്ഥനയാണല്ലോ നാം ബറാഅത്ത് രാവില്‍ പ്രാര്‍ത്ഥിക്കുന്നത്. ഉമര്‍ ഇബ്‌നു ഖത്താബ്(റ), അബ്ദുല്ല ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയ മുന്‍ഗാമികളായ നിരവധി പേര്‍ ഇത് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു. മിര്‍വാത്ത് (2:178)ല്‍ പ്രസ്താവിച്ചിട്ടുണ്ട്. ബറാഅത്ത് രാവില്‍ പ്രത്യേകം  ഉത്തരം കിട്ടുമെന്ന് തര്‍ക്കമറ്റ കാര്യമാണ്. ദുആ ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും സല്‍ക്കര്‍മ്മങ്ങള്‍ മുന്തിച്ചാല്‍ നല്ലതാണ്. സൂറത്തുല്‍ ''യാസീന്‍'' (ഖുര്‍ആനിലെ വിശേഷപ്പെട്ട ഒരധ്യായമാണ്) ഖുര്‍ആന്റെ  ''ഹൃദയം'' എന്ന് അതിനെ ഹദീസുകളില്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് ദുആക്ക് മുമ്പ് യാസീനെ മുന്തിക്കലാണ് നല്ലത്. കാരണം 22 പ്രാവശ്യം ഖുര്‍ആന്‍ ഓതിയ പ്രതിഫലം ഒരു യാസീന്‍ ഓതിയാല്‍ ലഭിക്കുന്നതാണ്.
നോമ്പ് സുന്നത്തുണ്ടോ? ശഅ്ബാന്‍ 15-ന് സുന്നത്ത് നോമ്പ് നോല്‍ക്കുന്ന പതിവ് പലര്‍ക്കുമുണ്ട്. എല്ലാ മാസവും 13,14,15 തീയതികളില്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്തുണ്ട്. അതിനു പുറമേ ശഅ്ബാന്‍ 15നെ പ്രോത്സാഹിപ്പിക്കുന്ന ഒരു ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. നബി(സ) പറഞ്ഞു: ''ശഅ്ബാന്‍ നടുവിലെ രാത്രിയായാല്‍ ആ രാത്രി നിങ്ങള്‍ നിസ്‌കരിക്കുകയും പകല്‍ വ്രതമനുഷ്ഠിക്കുകയും ചെയ്യുവീന്‍. കാരണം ആ രാത്രിയുടെ സൂര്യന്‍ അസ്തമിക്കുമ്പോള്‍ (അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം) ഒന്നാനാകാശത്തേക്ക് ഇറങ്ങിവരും. എന്നിട്ട് പറയും പൊറുക്കലിനെ തേടുന്നവരുണ്ടോ? ഞാന്‍ പൊറുത്തുകൊടുക്കും. ഭക്ഷണം തേടുന്നവരുണ്ടോ? ഞാന്‍ ഭക്ഷണം നല്‍കും. വിപത്തില്‍ അകപ്പെട്ടവരുണ്ടോ?  ഞാന്‍ സൗഖ്യം നല്‍കും. ബറാഅത്ത് രാവില്‍ പ്രത്യേകമായ 100 റക്അത്ത് സുന്നത്താണെന്ന ചിലരുടെ അഭിപ്രായത്തിന് അടിസ്ഥാനമില്ലെന്ന് പണ്ഡിതന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter