മുഹര്‍റം: ആചാരങ്ങള്‍, തെറ്റിദ്ധാരണകള്‍
മുഹര്‍റം അല്ലാഹുവിന്റെ മാസം എന്ന നാമത്തില്‍ അറിയപ്പെടുന്ന ഹിജ്‌റ കലണ്ടറിലെ പ്രഥമ മാസം. നിഷിദ്ധമാക്കപ്പെട്ടത് എന്നാണു മുഹര്‍റം എന്നതിന്റെ അര്‍ത്ഥം. യുദ്ധം ഹറാമായ മാസമായതിനാലാണു പ്രസ്തുത പേര്‍ അറബികള്‍ നല്‍കിയത്. മുഹര്‍റത്തിന്റെ പുറമെ റജബ്, ദുല്‍ഖഅ്ദ്, ദുല്‍ഹിജ്ജ എന്നീ മാസങ്ങളിലും യദ്ധം ഹറാമായിരുന്നു. ഈ നിയമം പിന്നീട് ദുര്‍ബലമാക്കപ്പെട്ടു. ഇബ്‌ലീസിനു സ്വര്‍ഗം നിഷിദ്ധമാക്കപ്പെട്ടത് മുഹര്‍റത്തിലായതിനാലാണ് ഈ പേര്‍ ലഭിച്ചതെന്നും അഭിപ്രായമുണ്ട്. (ഖസാഇസുല്‍ അയ്യാം, പേജ് 105, ഇആനത്ത് 2:265) മുഹര്‍റം പത്ത് ഇസ്‌ലാമിക ചരിത്രത്തില്‍ വലിയൊരധ്യായം തുന്നിച്ചേര്‍ത്ത പുണ്യദിനമാണ്. ഈ ദിനത്തെ മുസ്‌ലിംകള്‍ നന്ദിപ്രകടനമായികൊണ്ടു ഇബാദത്തിനാല്‍ ധന്യമാക്കുന്നു. മറ്റൊരു വിഭാഗം ദുഃഖദിനമായി ആചരിക്കുന്നു. രണ്ടിന്റെയും ചരിത്രപശ്ചാത്തലവും ആചാരാനാചാരങ്ങളും അവയുടെ ഇസ്‌ലാമിക മാനവും വിശദീകരിക്കുന്ന ഒരു പഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നത്.
മാസങ്ങളില്‍ വളരെ മഹത്വമുള്ള മാസമാണു മുഹര്‍റം. ശഹ്‌റുല്ലാഹ് എന്ന് നാമകരണം നല്‍കി മുഹര്‍റത്തിന്റെ പദവി നബി(സ) തങ്ങള്‍ സമുദായത്തിനു അറിയിച്ചുതന്നു. ജാഹിലിയ്യാ കാലത്തു തന്നെ ഖുറൈശികള്‍ മുഹര്‍റത്തെ ആദരിച്ചിരുന്നു. മുഹര്‍റം പത്തിനവര്‍ നോമ്പനുഷ്ഠിച്ചിരുന്നു. (ബുഖാരി) ഹാഫിള് ഇബ്‌നുഹജര്‍(റ) പറയുന്നു: പ്രസ്തുത ദിനത്തില്‍ ഖുറൈശികള്‍ നോമ്പനുഷ്ഠിക്കാനുള്ള കാരണം മുന്‍കഴിഞ്ഞ ശര്‍ഇല്‍ അവര്‍ അതു കണ്ടെത്തിയതാവാം. അതുകൊണ്ടുതന്നെ കഅ്ബക്കു കില്ലയണിയിക്കുക പോലെയുള്ള കാര്യങ്ങളാല്‍ ആ ദിനത്തെ അവര്‍ ആദരിച്ചിരുന്നു. ഖുറൈശികള്‍ ആ ദിനത്തെ ആദരിക്കുന്നതിനെ സംബന്ധിച്ചു ഇക്‌രിമ (റ)യോടു ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം മറുപടി പറഞ്ഞു: ഖുറൈശികള്‍ ജാഹിലിയ്യാ കാലത്ത് എന്തോ ഒരു പാപം ചെയ്തു. അതവരുടെ ഹൃദയങ്ങളില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ആ ദിനത്തില്‍ നോമ്പനുഷ്ഠിച്ചാല്‍ പ്രസ്തുത പാപത്തിനു പ്രായശ്ചിത്തമാകുമെന്ന് ആരോ അവരോട് പറഞ്ഞു. (ഫത്ഹുല്‍ ബാരി 4:309) ഖുറൈശികളോടു കൂടെ നബി(സ) തങ്ങളും ജാഹിലിയ്യാ കാലത്തു നോമ്പനുഷ്ഠിച്ചിരുന്നു. (ബുഖാരി)
മുഹര്‍റത്തിലെ ആചാരങ്ങള്‍ മുഹര്‍റം മാസത്തിലെ പ്രധാന കര്‍മ്മങ്ങളില്‍ ഒന്നാണു നോമ്പനുഷ്ഠിക്കുക എന്നത്. ഇബ്‌നുഹജര്‍(റ) പ്രസ്താവിക്കുന്നു: മുഹര്‍റം ആദ്യത്തെ പത്തു ദിവസം നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തും പ്രസ്തുത മാസം മുഴുവന്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുമാണ്. (ഫതാവല്‍ കുബ്‌റാ 2/27) നബി(സ) തങ്ങള്‍ പറഞ്ഞു: റമളാന്‍ നോമ്പിനുശേഷം ഏറ്റവും മഹത്തമുള്ള നോമ്പ് മുഹര്‍റത്തിലെ നോമ്പാണ്. (മുസ്‌ലിം)
ഇബ്‌നു അബ്ബാസില്‍നിന്നു നിവേദനം: നബി(സ) മദീനയിലേക്കു ചെന്നപ്പോള്‍ (ഹിജ്‌റ പോയ വേളയില്‍) അവിടെയുള്ള ജൂതന്മാര്‍ മുഹര്‍റം പത്തിനു നോമ്പനുഷ്ഠിക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്ന് ചോദിച്ചു: ഇന്നെന്താണു പ്രത്യേകത? അവര്‍ പറഞ്ഞു: ഇന്നൊരു പുണ്യദിനമാണ്. ബനൂ ഇസ്‌റാഈലിനെ അവരുടെ ശത്രുക്കളില്‍നിന്നു അല്ലാഹു മോചിപ്പിച്ചത് ഇന്നാണ്. തദടിസ്ഥാനത്തില്‍ മൂസാനബി(അ) നോമ്പനുഷ്ഠിച്ചിരുന്നു. അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: എങ്കില്‍ നിങ്ങളേക്കാള്‍ മൂസാനബി(അ)യുമായി കൂടുതല്‍ കടപ്പെട്ടവന്‍ ഞാനാണ്. പിന്നീട് നബി(സ) ആ ദിനത്തില്‍ നോമ്പനുഷ്ഠിക്കുകയും നോമ്പനുഷ്ഠിക്കാന്‍ അവിടുന്ന് കല്‍പിക്കുകയും ചെയ്തു. (ബുഖാരി) അബൂ മൂസ(റ)യില്‍ നിന്നു നിവേദനം: ആശൂറാഅ് ദിനത്തെ ജൂതന്മാര്‍ ആഘോഷദിനമായി എണ്ണിയിരുന്നു. അപ്പോള്‍ നബി(സ) നിങ്ങളും നോമ്പനുഷ്ഠിക്കുകയെന്നു മുസ്‌ലിംകളോടു ആഹ്വാനം ചെയ്തു. (ബുഖാരി)
മക്കയില്‍ വെച്ച് ഖുറൈശികളോടുകൂടെ നബി(സ) നോമ്പനുഷ്ഠിച്ചതിന്റെ പുറമെ മദീനയില്‍ വെച്ച് വര്‍ഷങ്ങളോളം മുഹര്‍റം പത്തിനു നബി(സ) നോമ്പനുഷ്ഠിച്ചിരുന്നു. അഹ്‌ലുകിതാബുകളോടു ആവുന്നത്ര യോജിക്കലായിരുന്നു ആദ്യഘട്ടത്തില്‍ നബി(സ)യുടെ നയം. ജൂതരെ ഇസ്‌ലാമിലേക്കു അടുപ്പിക്കലായിരുന്നു ഉദ്ദേശ്യം. പക്ഷേ, അവര്‍ പരിഹാസം വര്‍ദ്ധിപ്പിക്കുകയും മുഹമ്മദ് നബി(സ) നമ്മുടെ നോമ്പിനോട് അനുകരിക്കുന്നുവെന്നു പറഞ്ഞു കളിയാക്കുകയും ചെയ്തപ്പോള്‍ ഹിജ്‌റ പത്താം വര്‍ഷത്തില്‍ നബി(സ) പ്രസ്താവിച്ചു: അടുത്ത വര്‍ഷം ഞാന്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം ഒമ്പതിനും ഞാന്‍ നോമ്പു പിടിക്കും. (മുസ്‌ലിം) പക്ഷേ, ഇതു പറഞ്ഞു രണ്ടു മാസം കഴിഞ്ഞ ഉടനെ നബി(സ) വഫാതായി. (ഫത്ഹുല്‍ ബാരി 4/198) ജൂതരോടു എതിരാവാനാണു മുഹര്‍റം ഒമ്പതിന്റെ നോമ്പു സുന്നത്താക്കപ്പെട്ടത്. മുഹര്‍റം പത്തിലെ നോമ്പ് ഒരു വര്‍ഷത്തെ ചെറുദോഷങ്ങളെ പൊറുപ്പിക്കുന്നതാണ്. (മുസ്‌ലിം)
ഭക്ഷണം മുഹര്‍റം പത്തിലെ ഒരു പുണ്യ ആചാരമാണ് തന്റെ ഭാര്യമക്കള്‍ക്കു മികച്ച ഭക്ഷണം നല്‍കല്‍. അന്നു പതിവിനു വ്യത്യസ്തമായി നല്ല ഭക്ഷണം ഉണ്ടാക്കി ആശ്രിതരെ സന്തോഷിപ്പിക്കുന്നത് പുണ്യമുള്ളതാണ്. ഇമാം കുര്‍ദി(റ) പറയുന്നു: ആശൂറാ നാളില്‍ തന്റെ ആശ്രിതര്‍ക്ക് മികച്ച ഭക്ഷണം നല്‍കല്‍ സുന്നത്താണ്. ആ വര്‍ഷം മുഴുക്കെ അല്ലാഹുവില്‍നിന്ന് ഭക്ഷണവിശാലത ലഭിക്കാനാണിത്. (അല്‍ഹവാസില്‍ മദനിയ്യ 2/131)
മുഹര്‍റം പത്തില്‍ ഭാര്യ മക്കള്‍ക്കു ഭക്ഷണവിശാലത ചെയ്താല്‍ ആ വര്‍ഷം മുഴുവന്‍ ഭക്ഷണവിശാലത ലഭിക്കുമെന്ന് നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. പ്രമാണയോഗ്യമായ (ഹസന്‍) ഹദീസാണതെന്നും ഇമാം കുര്‍ദി(റ) പ്രസ്താവിച്ചിട്ടുണ്ട്. മുഹര്‍റം പത്തില്‍ പ്രവര്‍ത്തിക്കേണ്ടതായി ഹദീസില്‍ സ്ഥിരപ്പെട്ടതു നോമ്പും ഭക്ഷണവിശാലതയുമാണ്. മറ്റുചിലതു കാണുന്നതു കള്ളനിര്‍മ്മിതവും ദുര്‍ബലവുമാണ്. (ഫത്ഹുല്‍ മുഈന്‍, പേജ് 203)
മുഹര്‍റം പത്തിനു പ്രത്യേക നിസ്‌കാരം ഇല്ല. ശര്‍ഇല്‍ അങ്ങനെയൊന്നു സ്ഥിരപ്പെട്ടിട്ടില്ല. അന്നേ ദിവസം സുറുമ ഇടല്‍ കറാഹത്താണ്. എന്തുകൊണ്ടെന്നാല്‍ നബി(സ)യുടെ പേരമകന്‍ ഹുസൈന്‍(റ)ന്റെ രക്തം കൊണ്ട് യസീദും ഇബ്‌നു സിയാദും കളിച്ച ദിവസമാണത്. അന്നു പുതുവസ്ത്രം ധരിക്കല്‍ സന്തോഷം പ്രകടമാക്കല്‍ എന്നിവയും ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടതല്ല. (ഇആനത്ത് 2/260)
തെറ്റിദ്ധാരണകള്‍ മുഹര്‍റം പത്തിനു മുമ്പ് കല്യാണം, സല്‍ക്കാരം തുടങ്ങിയ സദ്യകളൊന്നും പാടില്ലെന്ന തെറ്റായ ധാരണ വ്യാപകമായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതു അടിസ്ഥാനരഹിതമാണെന്നു വിശ്വസിക്കുന്നവര്‍ തന്നെ അവ മുഹര്‍റം പത്തിനു മുമ്പു നടത്താന്‍ മടിക്കുന്നു. കല്യാണം, സല്‍ക്കാരം തുടങ്ങിയവയൊന്നും മുഹര്‍റം പത്തിനു മുമ്പ് നടത്തുന്നതില്‍ മതപരമായ വിലക്കൊന്നുമില്ല. പ്രസ്തുത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ ശക്തമായ സുന്നത്തായതുകൊണ്ടു നോമ്പനുഷ്ഠിച്ചവര്‍ക്ക് സദ്യയില്‍ പങ്കെടുക്കാന്‍ ചിലപ്പോള്‍ മനഃപ്രയാസം നേരിട്ടെന്നുവരാമെന്നുമാത്രം.
മുഹര്‍റം മാസവും മറ്റു മാസവും (ചന്ദ്രപ്പിറവി) മറഞ്ഞുകാണല്‍ അപകടസൂചനയോ അവലക്ഷണമോ അല്ല. ചന്ദ്രപ്പിറവിയുടെ പ്രതിബിംബം വെള്ളത്തില്‍ കാണുന്നതും ചീത്ത ലക്ഷണമല്ല.
മുഹര്‍റം പത്തും ശിയാക്കളും ശീഅത്തു വിഭാഗം ആശൂറാഅ് ദിനത്തെ പുണ്യദിനമായി ആചരിക്കുന്നതിന്റെ പശ്ചാത്തലമെന്തെന്നു പരിശോധിക്കാം. അല്ലാമാ ഇബ്‌നു കസീര്‍(റ) രേഖപ്പെടുത്തുന്നു. ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത് ഹിജ്‌റ 61-ാം വര്‍ഷം മുഹര്‍റം പത്തിനു ജുമുഅ ദിവസത്തിലായിരുന്നു. ആശൂറാഅ് ദിനമാചരിക്കുന്നതില്‍ ശിയാക്കള്‍ അതിര്‍കടന്നിരിക്കുന്നു. അതുമായി ബന്ധപ്പെട്ട കുറെ നീചമായ കള്ളക്കഥകള്‍ ഹദീസുകളെന്നപേരില്‍ അവര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആ ദിനത്തില്‍ സൂര്യഗ്രഹണം സംഭവിച്ചു, അന്നു ഭൂമിയിലുള്ള ഏതു കല്ലിന്‍ചുവട്ടിലും രക്തം കാണാമായിരുന്നു, അന്തരീക്ഷം ചുവപ്പ് വര്‍ണ്ണമായി മാറി, സൂര്യ രശ്മി രക്തം പോലെ ചുവന്നിരുന്നു, ആകാശം രക്തക്കട്ടപോലെയായി, ഗ്രഹങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു, രക്തവര്‍ണ്ണമുള്ള മഴ വര്‍ഷിച്ചു തുടങ്ങിയവ ആ കള്ളക്കഥകളില്‍ ചിലതു മാത്രം. (അല്‍ബിദായത്തു വന്നിഹായ 8/198,201)
ഇമാം ഇബ്‌നുകസീര്‍(റ) തുടരുന്നു: ഹിജ്‌റാബ്ദം നാലാം നൂറ്റാണ്ടായപ്പോള്‍ ശിയാക്കളില്‍ ഒരു വിഭാഗം പ്രസ്തുത ദിനമാചരിക്കുന്നതില്‍ അതിര്‍കടന്നു. ദുഃഖാചരണമായി അവര്‍ ആ ദിനത്തെ കണക്കാക്കി. ബഗ്ദാദ് പോലുള്ള പട്ടണങ്ങളില്‍ മുഹര്‍റം പത്തിന് ദുഃഖാചരണം കുറിക്കുന്ന ചെണ്ടമുട്ടലും ടൗണുകളിലും വഴികളിലും മണ്ണും വെണ്ണീറും വിതറലും കടകളുടെ മുന്‍വശത്ത് ദുഃഖം കുറിക്കുന്ന കരിമ്പടം തൂക്കിയിടലുമെല്ലാം ആ ദുഃഖാചരണത്തിന്റെ ഭാഗമായിരുന്നു. ജനങ്ങള്‍ ദുഃഖം പ്രകടിപ്പിക്കുകയും ചെയ്യും. ഹുസൈന്‍(റ) ദാഹിച്ചവശനായിട്ടാണു കൊലചെയ്യപ്പെട്ടതെന്നു പറഞ്ഞ് അവരില്‍ നിന്നധികപേരും പ്രസ്തുത ദിനത്തില്‍ ഒരിറ്റു വെള്ളം പോലും കുടിക്കുകയില്ല. സ്ത്രീകള്‍ മുഖം വെളിവാക്കി അട്ടഹസിക്കുകയും മാറത്തും മുഖത്തുമെല്ലാം അടിച്ച് ചെരിപ്പു ധരിക്കാതെ പ്രകടനം നടത്തും. ഇതുകൊെണ്ടല്ലാം അവരുദ്ദേശിക്കുന്നത് അന്നത്തെ ബനൂഉമയ്യത്തിന്റെ ഭരണത്തിനോട് പ്രതിഷേധം കാണിക്കുകയാണ്. കാരണം, അവര്‍ ഭരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹുസൈന്‍(റ) കൊലചെയ്യപ്പെട്ടത്. എന്നാല്‍ ഈ വിഭാഗത്തിനോട് അങ്ങേയറ്റം വിരോധമുള്ള ശിയാക്കളിലെ മറ്റൊരു വിഭാഗം മുഹര്‍റം പത്തില്‍ നല്ല ധാന്യങ്ങള്‍ പാകം ചെയ്ത് കുളിച്ചു പുതുവസ്ത്രം അണിഞ്ഞ് സുഗന്ധം പൂശി പ്രസ്തുത ദിനത്തെ ആഘോഷിക്കും. ഇതുകൊണ്ടവര്‍ ഉദ്ദേശിക്കുന്നത് എതിര്‍വിഭാഗത്തിനോടുള്ള വിരോധവും മര്‍ക്കട മുഷ്ഠിയുമാണ്. (അല്‍ബിദായ 8/202)
ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: മുഹര്‍റം പത്തിനു ഹുസൈന്‍(റ) കൊല്ലപ്പെട്ടതുകൊണ്ട് അന്നൊരു ദുഃഖാചരണ ദിനമായിട്ടാണ് റാഫിളത്ത് കാണുന്നത്. അമ്പിയാക്കള്‍ക്കുണ്ടായ പരീക്ഷണ ദിനങ്ങളെയും വഫാത്തുദിനത്തെയും ദുഃഖാചരണ ദിനമായി സ്വീകരിക്കാന്‍ അല്ലാഹുവും അവന്റെ റസൂലും ആജ്ഞാപിച്ചിട്ടില്ല. അപ്പോള്‍ പിന്നെ അവരുടെയും താഴേക്കിടയിലുള്ളവരുടെ വഫാത്ത് ദിനം എങ്ങനെയാണു ദുഃഖാചരണദിനമായി കാണുക. (ഫതാവാ സുയൂത്വി 1/193)
ചുരുക്കത്തില്‍, മുഹര്‍റം പത്തിലെ നോമ്പിനും മറ്റു ആചാരങ്ങള്‍ക്കും ഹുസൈന്‍(റ)വിന്റെ കൊലപാതകവുമായി ഒരു ബന്ധവുമില്ല. അന്നു ദുഃഖാചരണവും സന്തോഷദിനവുമായി രണ്ടുവിഭാഗം ശിയാക്കള്‍ കാണുന്നതു ഇസ്‌ലാമിക രേഖയ്ക്കു നിരക്കാത്തതാണ്.
വീടുനിര്‍മ്മാണം മുഹര്‍റത്തിലെ ആദ്യത്തെ പത്തു ദിവസം നഹ്‌സുള്ള (ബറ്കത്തില്ലാത്ത) ദിനങ്ങളാണെന്ന ധാരണ ശരിയല്ല. അതേ സമയം, മുഹര്‍റം മാസം 12 നഹ്‌സുള്ള ദിവസമാണെന്നും ആ ദിനം നിങ്ങള്‍ സൂക്ഷിക്കണമെന്നും  നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. ഇമാം ദമീരി(റ) തന്റെ ഹയാത്തുല്‍ ഹയവാനില്‍ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. ഇബ്‌നു അബ്ബാസി(റ)ല്‍നിന്നു നിവേദനം: എല്ലാ മാസവും അവസാനത്തെ ബുധന്‍ നഹ്‌സാണ്. ഈ ഹദീസ് ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ഹദീസില്‍ നിന്നും മുഹര്‍റത്തിലെ ഒടുവിലെ ബുധന്‍ നഹ്‌സാണെന്നു വന്നു. വീടുനിര്‍മ്മാണം ആരംഭിക്കാന്‍ മുഹര്‍റം മാസം ഉചിതമല്ല. മുഹര്‍റം മാസത്തില്‍ വീടുപണി ആരംഭിച്ചാല്‍ അതുമൂലം പരീക്ഷണവും സങ്കടവും ഉണ്ടാവുമെന്നു പറയപ്പെട്ടിരിക്കുന്നു. (ഖസ്വാഇസുല്‍ അയ്യാം, പേജ് 202) മുഹര്‍റം പത്തു കഴിയട്ടെ എന്നിട്ടാവാം കല്യാണം എന്നു പറയുംപോലെത്തന്നെ മൂന്നാം മാസത്തേക്കു കല്യാണം നിശ്ചയിക്കന്‍ പാടില്ലെന്നു പറയുന്നതും അടിസ്ഥാനമില്ലാത്തതാണ്.ആശൂറാഅ് ദിവസത്തിലെ പ്രാര്‍ത്ഥന മുഹര്‍റം പത്തില്‍ പ്രത്യേക ദിക്‌റും ദുആയും നടത്താന്‍ ചില ഇമാമുകള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനു വലിയ ഓഫറുകളും അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അശൈഖ് മുഹമ്മദ് ഗൗസുല്ലാഹ്(റ) തന്റെ അല്‍ ജവാഹിര്‍ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു: ഒരാള്‍ ആശൂറാ ദിനത്തില്‍ 'ഹസ്ബിയല്ലാഹ് വനിഅ്മല്‍വകീല്‍ നിഅ്മല്‍ മൗലാ വനിഅ്മന്നസ്വീര്‍' എന്ന ദിക്ര്‍ എഴുപതു തവണ ചൊല്ലി പ്രാര്‍ത്ഥിച്ചാല്‍ ആ വര്‍ഷം അവനു മരണമില്ല, അവന്റെ മരണവിധി എത്തിയ വര്‍ഷമാണെങ്കില്‍ പ്രസ്തുത ദിക്ര്‍ ചൊല്ലാന്‍ അവനു കഴിയില്ല. ഹാഫിള് ഇബ്‌നു ഹജര്‍ അസ്ഖലാനിയും ചില പ്രത്യേക ദിക്‌റുകള്‍ മുഹര്‍റം പത്തിനു ചൊല്ലുന്നതിനായി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പഠനത്തിനു 'ഖസ്വാഇസുല്‍ അയ്യാമി വല്‍ അശ്ഹുര്‍' കാണുക. ഇആനത്തിലും (2/261) ഇതു രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പൊന്ന്, ഫലം രണ്ട് നോമ്പിനു രണ്ടു കാരണങ്ങള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. മുഹര്‍റം ഒമ്പത് അല്ലെങ്കില്‍ പത്ത് തിങ്കളാഴ്ചയോ വ്യഴാഴ്ചയോ ആകുന്നതുപോലെ. ഇത്തരം വേളയില്‍ സുന്നത്തുനോമ്പിന്റെ മാറ്റ് വര്‍ദ്ദിക്കും. അപ്പോള്‍ രണ്ടു സുന്നത്തുനോമ്പും കരുതിയാല്‍ രണ്ടിന്റെ പ്രതിഫലവും ലഭിക്കും. അതുപോലെത്തന്നെ റമളാനില്‍ നഷടെപ്പട്ട നോമ്പ് മുഹര്‍റം പത്തിനു ഖളാഅ് വീട്ടുകയാണെങ്കില്‍ ഫര്‍ളിന്റെയും സുന്നത്തിന്റെയും നിയ്യത്തുണ്ടായാല്‍ രണ്ടും ലഭിക്കുന്നതാണ്. (ഇആനത്ത് 2/265) ഭാര്യയുമായി ബന്ധപ്പെടാന്‍ സൗകര്യമാകുന്ന നിലയില്‍ ഭര്‍ത്താവ് നാട്ടിലുണ്ടായിരിക്കെ അവന്റെ സമ്മതമോ പൊരുത്തമോ കൂടാതെ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചുവരുന്ന നോമ്പുകള്‍ അവള്‍ അനുഷ്ഠിക്കല്‍ നിഷിദ്ധമാണ്. അപ്പോള്‍ അറഫ നോമ്പ്, മുഹര്‍റം ഒമ്പത്, പത്ത് എന്നീ ദിനങ്ങളിലെ നോമ്പ് അനുഷ്ഠിക്കല്‍ ഭര്‍ത്താവിന്റെ സമ്മതമില്ലെങ്കിലും ഹറാമില്ല. കാരണം, ഇവ ഒരു വര്‍ഷത്തില്‍ ആവര്‍ത്തിച്ചുവരുന്നില്ലല്ലോ. (ഇആനത്ത് 2/266) സുന്നത്തുനോമ്പനുഷ്ഠിച്ചവന് വിരുന്നുകാരെ സന്തോഷിപ്പിക്കുക പോലുള്ള കാരണങ്ങളുണ്ടെങ്കില്‍ നോമ്പു മുറിക്കല്‍ കറാഹത്തു കൂടാതെ അനുവദനീയമാണ്. നോമ്പുപിടിച്ച അത്രയും സമയത്തിനു അവനു പ്രതിഫലം ലഭിക്കും. കാരണം കൂടാതെ നോമ്പുമുറിക്കല്‍ കറാഹത്താണ്. അപ്പോള്‍ നോമ്പുകാരനായി ചെലവഴിച്ച മണിക്കൂറുകള്‍ക്ക് പ്രതിഫലം കിട്ടുന്നതല്ല. (ഇആനത്ത് 2/266) മുഹര്‍റത്തോടെ പുതിയൊരു ഹിജ്‌റാബ്ദം ആരംഭിക്കുകയാണ്-1430. നബി(സ) തങ്ങളും അനുചരന്മാരും പരിശുദ്ധ ദീനിന്റെ സംസ്ഥാപനാര്‍ത്ഥം സ്വദേശമായ മക്കയില്‍നിന്നു മദീനയിലേക്ക് പലായനം ചെയ്ത ചരിത്ര പ്രസിദ്ധമായ സംഭവമാണു ഹിജ്‌റ. ഇതിനെ ആധാരമാക്കിയുള്ള കാലഗണനയാണു ഹിജ്‌റാബ്ദം. ഒരു ചന്ദ്രവര്‍ഷത്തെയാണു ഒരു ഹിജ്‌റ വര്‍ഷമായി കണക്കുപിടിക്കുന്നത്. അറബികളുടെ പാരമ്പര്യമായ ചാന്ദ്ര വര്‍ഷത്തിന്റെ പ്രഥമ മാസമായി മുഹര്‍റത്തെയാണവര്‍ എണ്ണിയിരുന്നത്. അവരോടു യോചിക്കുന്നതിനുവേണ്ടി ഹിജ്‌റ നടന്നതു റബീഉല്‍ അവ്വലിലാണെങ്കിലും മുഹര്‍റം മാസത്തെയാണ് ഹിജ്‌റ വര്‍ഷത്തിന്റെ ആദ്യമായി സ്വഹാബത്ത് കണക്കാക്കിയത്. ഹിജ്‌റ വര്‍ഷം പതിനേഴിനു ജുമാദുല്‍ ഉഖ്‌റ ഇരുപത് ബുധനാഴ്ചയാണ് ഹിജ്‌റ കലണ്ടര്‍ നിലവില്‍ വന്നത്. രണ്ടാം ഖലീഫ ഉമര്‍(റ)വിന്റെ കാലത്തായിരുന്നു ഇത്. ഹിജ്‌റ കലണ്ടര്‍ ഒരിക്കല്‍കൂടി മാറുകയാണ്. നമ്മുടെ ആയുസ്സില്‍ ഒരു വര്‍ഷംകൂടി വര്‍ദ്ധിച്ചു. പിന്നിട്ട വര്‍ഷത്തെ കുറിച്ച്, ആ വര്‍ഷത്തിലെ തന്റെ ജീവിതത്തെക്കുറിച്ച് വിലയിരുത്താനും കുറവുകള്‍ മനസ്സിലാക്കി നികത്താനുമുള്ള അവസരമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter