വിശേഷങ്ങളുടെ മിഅ്റാജ് രാവ്
സ്രഷ്‌ടാവ്‌ വിവേക ബുദ്ധി നല്‍കി ആദരിച്ച സവിശേഷ സൃഷ്‌ടിയാണ്‌ മനുഷ്യന്‍. അവന്റെ നേര്‍മാര്‍ഗ ചരണം ലക്ഷ്യമാക്കിയാണ്‌ കാലാന്തരങ്ങളില്‍, ദേശാന്തരങ്ങളില്‍ പ്രവാചക നിയോഗങ്ങളുണ്ടായത്‌. ഖുര്‍ആന്‍ പറയുന്നു: ``മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അല്ലാഹു സന്ദേശ വാഹകരെ തെരെഞ്ഞെടുക്കുന്നു. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്‌.''(22:75). അളവറ്റ അനുഗ്രഹങ്ങളും ആദരവുകളും നല്‍കി പ്രവാചകന്മാരെ അല്ലാഹു ഉയര്‍ത്തി. അത്‌കൊണ്ട്‌തന്നെ തങ്ങളിലര്‍പ്പിതമായ സത്യസന്ദേശ പ്രചാരണ ദൗത്യം ആത്മാര്‍ത്ഥമായി നിര്‍വഹിക്കാന്‍ പ്രവാചകന്മാര്‍ ബദ്ധശ്രദ്ധരായിരുന്നു. ``സന്ദേശം വ്യക്തമായി എത്തിച്ച്‌ കൊടുക്കുകയെന്നതല്ലാതെ എന്തു ബാധ്യതയാണ്‌ ദൈവദൂതര്‍ക്കുള്ളത്‌''(16:35) എന്ന ഖുര്‍ആന്റെ ചോദ്യം പ്രവാചകദൗത്യത്തിന്റെ ഗൗരവം വിളിച്ചോതുന്നതാണ്‌. തന്റെ ഉത്‌കൃഷ്‌ട അടിമകളായ പ്രവാചകന്മാര്‍ക്ക്‌ ധൈര്യവും ആത്മവിശ്വാസവും പകര്‍ന്നേകാന്‍ അല്ലാഹു അവര്‍ക്ക്‌ അമാനുഷികസിദ്ധികള്‍ നല്‍കി. പ്രവാചകത്വത്തിന്റെ പൂര്‍ണ്ണത വിളംബരം ചെയ്യുവാനും പ്രവാചകരുടെ സത്യ സന്ധത ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമായിരുന്നു അവരിലൂടെ അല്ലാഹു അദ്‌ഭുത കൃത്യങ്ങള്‍ അവതരിപ്പിച്ചത്‌.
അന്ത്യപ്രവാചകര്‍ മുഹമ്മദ്‌ (സ) തങ്ങള്‍ക്ക്‌ മറ്റൊരു പ്രവാചകനോ മലക്കുകള്‍ക്കോ അനുഭവിക്കാന്‍ സാധിക്കാത്ത അനിതര സാധാരണമായ അദ്‌ഭുത സിദ്ധി അല്ലാഹു നല്‍കുകയുണ്ടായി. അതായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. പ്രവാചകത്വലബ്‌ധിക്കു ശേഷം പന്ത്രണ്ട്‌ സംവത്സരങ്ങള്‍ കഴിഞ്ഞു. തന്നെ അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ജനത എതിര്‍പ്പും വൈരവുമായി തങ്ങളെ പൊറുതി മുട്ടിച്ചു. പ്രവാചകരെ വിഡ്‌ഢിയെന്നു വിളിച്ചു, പരിഹസിച്ചു. എതിര്‍പ്പ്‌ അസഹ്യമായപ്പോള്‍ അവിടുന്ന്‌ കരളുരുകി പ്രാര്‍ത്ഥിച്ചു: ``അന്ധകാരങ്ങളെ ശോഭായമാനമാക്കുന്ന നിന്റെ ദിവ്യപ്രകാശത്തില്‍ നാഥാ ഞാനഭയം തേടുന്നു'' (ഥബ്‌റാനി). പ്രവാചകശ്രേഷ്‌ടരു(സ)ടെ പ്രാര്‍ത്ഥനക്കുത്തരമുണ്ടാകാന്‍ ഒട്ടും വൈകിയില്ല. അദ്‌ഭുതങ്ങളുടെ ലോകങ്ങളിലൂടെയുള്ള ഒരു മാസ്‌മരിക സഞ്ചാരത്തിനായി നാഥന്‍ തന്റെ ശ്രേഷ്‌ടനായ അടിമയെ വിളിച്ചു: ``മസ്‌ജിദുല്‍ ഹറമില്‍ നിന്ന്‌, നാം ചുറ്റുപാടും അനുഗ്രഹപൂര്‍ണ്ണമാക്കിയ മസ്‌ജിദുല്‍ അഖ്‌സയിലേക്ക്‌ ചില ദൃഷ്‌ടാന്തങ്ങള്‍ കാണിച്ച്‌ കൊടുക്കുവാന്‍ വേണ്ടി തന്റെ അടിമയെ രാത്രിസഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രെ.''(17:2)
അഖ്‌സാപള്ളിയില്‍ പ്രവാചകന്മാര്‍ സംഗമിച്ചു. അവര്‍ക്ക്‌ ഇമാമായി നബിതിരുമേനി(സ) നിസ്‌കാരം നിര്‍വ്വഹിച്ചു. പ്രവാചക ശൃംഖലയുടെ പരിസമാപ്‌തിയുടെ വിളംബരമായിരുന്നു അത്‌. തുടന്ന്‌ ആകാശാരോഹണമാണ്‌. നാഥനെ നേരില്‍ കാണുകയെന്ന മഹനീയ സൗഭാഗ്യം തങ്ങളെ കാത്തിരിക്കുന്നു. നാഥനെ അഭിമുഖീകരിച്ചു അനൂഭൂതിയടയാന്‍ തങ്ങള്‍ യാത്രയായി. ആകാശലോകങ്ങളില്‍ മാലാഖമാരും പ്രവാചകന്മാരും തിരുമേനിക്കും സഹയാത്രികന്‍ ജിബ്‌രീലിനും സ്വാഗതമരുളി. സിദ്‌റതുല്‍ മുന്‍തഹയെന്ന അദ്‌ഭുത വൃക്ഷത്തിനപ്പുറത്തേക്ക്‌ തങ്ങള്‍ തനിച്ചാണ്‌ പോകേണ്ടത്‌. മനുഷ്യന്‌ മലക്കുകളെക്കാളും ഉയരാന്‍ സാധിക്കുമെന്ന സന്ദേശം ലോകത്തെ അറിയിച്ച്‌ ഇലാഹീസന്നിധിയിലേക്ക്‌ തിരുമേനിയെ ജിബ്‌രീല്‍ യാത്രയാക്കി.
താനുമായി സന്ധിക്കാനെത്തിയ സൃഷ്‌ടിശ്രേഷ്‌ടന്‌ സ്രഷ്‌ടാവില്‍ നിന്ന്‌ മഹത്തായ ഒരു പാരിതോഷികം ലഭിച്ചു; അമ്പതു നിസ്‌കാരങ്ങള്‍. മൂസാ നബി(അ) ഇടപെട്ട്‌ അമ്പത്‌ അഞ്ചാക്കി ചുരുക്കപ്പെട്ടു. നബി(സ) പറയുന്നു: എന്റെ നാഥന്റെയും മൂസാ(അ)യുടെയുമിടയില്‍ ഞാന്‍ പോയും വന്നും കൊണ്ടിരുന്നു. ഒടുവില്‍ നാഥന്‍ പറഞ്ഞു: ഓ മുഹമ്മദ്‌, എല്ലാ ദിനരാത്രങ്ങള്‍ക്കുമായി ഇതാ അഞ്ചുനിസ്‌കാരങ്ങള്‍. ഓരോ നിസ്‌കാരത്തിനും പത്ത്‌ പ്രതിഫലങ്ങളാണ്‌. അവ അമ്പത്‌ നിസ്‌കാരങ്ങള്‍ക്ക്‌ പകരംനില്‍ക്കുന്നു''.
തന്റെ സന്തോഷ-സന്താപ സന്ദര്‍ഭങ്ങളിലെല്ലാം സൃഷ്‌ടാവിന്റെ സാമീപ്യമനുഭവിക്കാന്‍ അവസരമൊരുക്കുന്ന നിസ്‌കാരം വിശ്വാസിയുടെ മിഅ്‌റാജാണ്‌. ഓരോ ദിവസവും അഞ്ചുനേരങ്ങളില്‍ വിശ്വാസി സൃഷ്‌ടാവിന്റെ സന്നിധിയിലേക്കുയര്‍ന്ന്‌ അവന്‌ കീര്‍ത്തനങ്ങള്‍ മൊഴിഞ്ഞ്‌ അഭിമുഖ സംഭാഷണം നടത്തുന്നു. അതിനാല്‍ നിസ്‌കാരം വഴി ഇലാഹീ സാമീപ്യവും പ്രീതിയും കൈവരിക്കാന്‍ വിശ്വാസി ശ്രമിക്കണം. ഭക്തി ഭയങ്ങളോട്‌ കൂടി ഓരോ കര്‍മവും നിര്‍വ്വഹിക്കണം. യഥാര്‍ഥ വിജയി നിസ്‌കാരത്തിലൂടെ തന്റെ രക്ഷിതാവിന്റെ സാന്നിധ്യമറിഞ്ഞവനാണ്‌. ``തങ്ങളുടെ നിസ്‌കാരത്തില്‍ ഭക്തി പുലര്‍ത്തുന്ന വിശ്വാസികള്‍ തീര്‍ച്ചയായും മഹത്തായ വിജയം വരിച്ചിരിക്കുന്നു.''(23:1,2)
ആകാശാരോഹണരാവില്‍ സ്വര്‍ഗവും സ്വര്‍ഗസ്ഥര്‍ക്കു ലഭ്യമാവാനിരിക്കുന്ന അനുഗ്രഹീത സംവിധാനങ്ങളും നബി തിരുമേനി (സ)ക്ക്‌ കാണിക്കപ്പെട്ടു. നരകവും നരകവാസികളെകാത്തിരിക്കുന്ന ഭീകരാവസ്ഥകളും തങ്ങള്‍ നേരില്‍ കണ്ടു. ഐച്ഛികങ്ങളായ സത്‌കര്‍മ്മങ്ങല്‍ ചെയ്യുന്നവര്‍ക്കും സുകൃതികളായ അടിമകള്‍ക്കും അവര്‍ണനീയമായ പ്രതിഫലങ്ങളുണ്ടെന്ന്‌ നബി(സ) കണ്ടുംകേട്ടും അറിഞ്ഞു. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ നിവേദിതമായ ഹദീസില്‍ ഇങ്ങനെ കാണാം. ``നിശാപ്രയാണ രാവില്‍ നബി(സ) സ്വര്‍ഗത്തില്‍ പ്രവേശിച്ചപ്പോള്‍ ഒരു ഭാഗത്ത്‌ നിന്ന്‌ ഒരു പതിഞ്ഞ ശബ്‌ദം കേട്ടു. ``ഇതെന്താണ്‌ ജിബ്‌രീല്‍?'' തങ്ങള്‍ കാര്യം തിരക്കിയപ്പോള്‍ ജീബ്‌രീല്‍ പറഞ്ഞു: ``അത്‌ ബാങ്ക്‌ വിളിക്കുന്ന ബിലാലാണ്‌ നബിയേ.'' തിരിച്ചുവന്ന്‌ തങ്ങള്‍ ബിലാലി(റ)നോട്‌ ചോദിച്ചു: ``ബിലാല്‍, ഇസ്‌ലാമില്‍ ഇത്രയേറെ പ്രയോജനപ്രദമായ എന്ത്‌ കര്‍മ്മമാണ്‌ താങ്കള്‍ ചെയ്‌തിട്ടുള്ളത്‌? മിഅ്‌റാജ്‌ രാവില്‍ സ്വര്‍ഗത്തില്‍ എന്റെ മുമ്പില്‍ നിന്ന്‌ താങ്കളുടെ ചെരിപ്പടി ശബ്‌ദം ഞാന്‍ കേട്ടല്ലോ.'' ബിലാല്‍(റ) പറഞ്ഞു: ``പൂര്‍ണ്ണമായി അംഗശുദ്ധി വരുത്തുമ്പോഴെല്ലാം നിസ്‌കരിക്കാറുണ്ടെന്നതല്ലാതെ പ്രതിഫലാര്‍ഹമായ പ്രത്യേക കര്‍മങ്ങളൊന്നും ഞാന്‍ ചെയ്യാറില്ല''. ഐച്ഛികകര്‍മ്മങ്ങളുടെ മഹത്വവും മേന്മയുമാണ്‌ ഈ സംഭവം ഉദ്‌ഘോഷിക്കുന്നത്‌.
നബിതിരുമേനി(സ) വിശദീകരിക്കുന്നു: ``വാനാരാഹോണ വേളയില്‍ ചെമ്പിന്റെ നഖങ്ങള്‍ കൊണ്ട്‌ മുഖവും മാറിടവും മാന്തിപ്പിളര്‍ക്കുന്ന ഒരു വിഭാഗത്തിനരികലൂടെ ഞാന്‍ കടന്നു പോയി. ഇവരാരെന്ന്‌ ഞാന്‍ തിരക്കിയപ്പോള്‍, ജനങ്ങളുടെ അഭിമാനങ്ങളില്‍ കൈകടത്തുകയും അവരുടെ പച്ചമാംസം ഭക്ഷിക്കുകയും ചെയ്യുന്നവരാണവരെന്നായിരുന്നു ജിബ്‌രീലിന്റെ മറുപടി.'' അപരന്റെ അഭിമാനത്തിന്‌ പവിത്രത കല്‍പിച്ചിട്ടുള്ള ഇസ്‌ലാമിന്റെ അനുയായികള്‍ ഏഷണി-പരദൂഷണങ്ങള്‍ ഒഴിവാക്കണമെന്ന നല്ല പാഠം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്‌. ``നിങ്ങളിലാരും മറ്റുള്ളവരെ കുറിച്ച്‌ അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്‌. മരിച്ച്‌ കിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്‌ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത്‌ വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിശ്ചയം, അല്ലാഹു പശ്ചാതാപം സ്വീകരിക്കുന്നവും ദയാപരനുമാണ്‌.''(49:12)
അനുഭവങ്ങളുടെയും അനുഭൂതികളുടെയും കലവറകള്‍ മലര്‍ക്കെ തുറന്ന്‌ കണ്ട അനുഗ്രഹീത പ്രയാണം കഴിഞ്ഞ്‌ തിരുമേനി മക്കയില്‍ തിരിച്ചെത്തി. അവിടുന്ന്‌ വിവരിക്കുന്നു: ``നിശാപ്രയാണ രാവിന്റെ പ്രഭാതമായപ്പോള്‍ ഞാന്‍ ഭയചകിതനായി. ജനങ്ങളെന്നെ കളവാക്കുമെന്ന്‌ ഞാന്‍ തിരിച്ചറിഞ്ഞു.'' ദുഃഖിതനായി ഒഴിഞ്ഞിരിക്കുമ്പോള്‍ അതുവഴി വന്ന അബൂജഹല്‍ തങ്ങളുടെ അരികിലിരുന്ന്‌ പരിഹാസപൂര്‍വം തിരക്കി: ``പുതിയ വല്ലതുമുണ്ടോ?'' കഴിഞ്ഞ രാത്രിയില്‍ തന്റെ നാഥന്‍ തന്നെ ബൈതുല്‍ മഖ്‌ദിസിലേക്ക്‌ കൊണ്ട്‌പോയെന്ന്‌ തിരുമേനി പറഞ്ഞു. ഇതുകേട്ടതും അബൂജഹല്‍ ജനങ്ങളെ വിളിച്ചുകൂട്ടി കാര്യമവതരിപ്പിച്ചു. പലരും കയ്യടിച്ചു, ചിലര്‍ തലയില്‍ കൈവെച്ചു ആശ്ചര്യം പൂണ്ടു. എങ്കില്‍ മസ്‌ജിദുല്‍ അഖ്‌സയെ ഒന്ന്‌ വര്‍ണിക്കണമെന്നായി. തങ്ങള്‍ വര്‍ണിച്ചുതുടങ്ങി. ചില അവ്യക്തകള്‍ ഉണ്ടായപ്പോള്‍ അഖ്‌സാപള്ളി തങ്ങളുടെ സമക്ഷം കാണിക്കപ്പെടുകയും അതുനോക്കി അവിടുന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. ആ വിവരണം അമ്പരപ്പോടെയെങ്കിലും ജനം ശരിവെച്ചു. ജനങ്ങള്‍ നിഷേധിച്ചപ്പോള്‍ തങ്ങള്‍ക്ക്‌ അല്ലാഹുവില്‍ നിന്ന്‌ ലഭിച്ച പിന്തുണയായിരുന്നു ഈ സംഭവം. തല്‍ഫലമായി വിശ്വാസികളുടെ വിശ്വാസത്തിന്‌ കരുത്തുവര്‍ദ്ധിച്ചു. സംശയലേശമന്യെ അവര്‍ പ്രവാചകരെ അംഗീകരിച്ചു. ഇവ്വിധം ഓരോ വിശ്വാസിയും നാഥന്റെ വചനങ്ങളംഗീകരിച്ച്‌ അടിയുറച്ചു വിശ്വാസമുള്‍ക്കൊണ്ടു ഗോപ്യമായ വിശ്വാസ യഥാര്‍ഥ്യങ്ങളെ കൂടി ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും തയ്യാറാകണം. ഇതായിരിക്കട്ടെ ഓരോ മിഅ്‌റാജ്‌ രാവും വിശ്വാസി സമൂഹത്തിന്‌ പകര്‍ന്നേകുന്ന മഹിത സന്ദേശം.
ചക്രവാളത്തിലസ്‌തമയ സൂര്യന്റെ വിളംബരം-
``ഇത്‌ പുലര്‍വെട്ടം സാഷ്‌ടാംഗം വണങ്ങുന്ന രാവ്‌,''
``ദൃഢചിത്തന്‌ ഉയരങ്ങള്‍ താണ്ടാന്‍ ചുവടൊന്നു മതി''
ഇതത്രെ മുസല്‍മാന്‌ മിഅ്‌റാജിന്‍ സുവിശേഷം.
(ഇഖ്‌ബാല്‍)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter