ശഅ്ബാന്‍ മാസത്തിന്റെ പവിത്രത
ശഅ്ബാന്‍: ഹിജ്‌റ വര്‍ഷത്തിലെ എട്ടാമത് മാസം. നബി(സ) നിരവധി സവിശേഷതകള്‍ എണ്ണിപ്പറഞ്ഞ പുണ്യം നിറഞ്ഞമാസം. പുരാതനകാലം മുതലേ മുസ്‌ലിംകള്‍ ഈ മാസത്തെ ബഹുമാനപൂര്‍വ്വം കാണുകയും നല്ല ആചാരങ്ങള്‍ ചെയ്തുപോരുകയും ഉണ്ടായി. ശഅ്ബാനില്‍ ഇസ്‌ലാം അംഗീകരിച്ച ആചാരങ്ങളെ കുറിച്ചുള്ള ഒരു ഹ്രസ്വ വിശദീകരണം നടത്തുകയാണിവിടെ. ശഅ്ബാന്‍ പതിനഞ്ചാം രാവ് വളരെ മഹത്വമേറിയതാണ്. ബറാഅത്തുരാവ് എന്ന പേരില്‍ മുസ്‌ലിം ലോകം അതിനെ ആദരിച്ചുപോരുന്നു. പ്രസ്തുത രാത്രിയുടെ മഹത്വം കുറിക്കുന്ന അനേകം നബിവചനങ്ങളുണ്ട്. മോചനം എന്നാണു ബറാഅത്ത് എന്നതിന്റെ അര്‍ത്ഥം. പ്രസ്തുത രാവില്‍ കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ പാപികളെ അല്ലാഹു നരകത്തില്‍നിന്നു മോചിപ്പിക്കും (ബൈഹഖി) എന്നതിനാലാണ് ഈ പേര്‍ വന്നത്. അനുഗൃഹീതരാവ്, എല്ലാ കാര്യങ്ങളെയും രേഖപ്പെടുത്തുന്ന രാവ്, കാരുണ്യത്തിന്റെ രാവ് എന്നീ പേരുകളും ശഅ്ബാന്‍ പതിനഞ്ചിന്റെ രാവിനുണ്ട്. (റാസി 27/238) ഖുര്‍ആനിനെ നാം അവതരിപ്പിച്ചത് ബറകത്താക്കപ്പെട്ട ഒരു രാത്രിയിലാണെന്നും തീരുമാനിച്ചുറക്കപ്പെട്ട വിധികളത്രയും അന്നു വിതരണം ചെയ്യപ്പെടുമെന്നും സാരം കുറിക്കുന്ന ഖുര്‍ആന്‍ വാക്യത്തിലെ പുണ്യരാവ് കൊണ്ടുദ്ദേശ്യം ശഅ്ബാന്‍ പതിനഞ്ചിന്റെ രാത്രിയാണെന്ന് ഇമാം ഇക്‌രിമ(റ) പ്രസ്താവിച്ചിട്ടുണ്ട്. ഇമാം അഹ്മദും ഇബ്‌നുമാജയും തുര്‍മുദിയും നിവേദനം ചെയ്തതും ഇബ്‌നുമാജ സ്വഹീഹാക്കിയതുമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ആഇശ(റ) പറയുന്നു: ഞാനൊരു രാത്രി നബി(സ)യെ എന്റെയരികില്‍ കണ്ടില്ല. ഞാന്‍ വീടുവിട്ടിറങ്ങി നോക്കുമ്പോള്‍ നബി(സ) മദീനയിലെ ഖബ്ര്‍സ്ഥാനില്‍ ആകാശത്തേക്ക് തലഉയര്‍ത്തി നില്‍ക്കുകയാണ്. എന്നെ കണ്ട നബി(സ) ചോദിച്ചു: അല്ലാഹുവും റസൂലും അനീതി കാണിച്ചുവെന്ന് നീ ഭയന്നുവല്ലേ? ഞാന്‍ പറഞ്ഞു: താങ്കള്‍ മറ്റുവല്ല ഭാര്യമാരുടെ അരികിലും പോയെന്നു ഞാന്‍ ഊഹിച്ചു. നബി(സ) പറഞ്ഞു: ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ സര്‍വ്വശക്തന്റെ പ്രത്യേക കരുണാകടാക്ഷം ഒന്നാം ആകാശത്തിലവതരിക്കും. കല്‍ബു ഗോത്രത്തിന്റെ ആട്ടിന്‍പറ്റത്തിന്റെ രോമങ്ങളേക്കാള്‍ കൂടുതലെണ്ണം ആളുകള്‍ക്ക് അന്നവന്‍ പാപമോചനം നല്‍കും. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ കാണാം: ശഅ്ബാന്‍ പകുതിയുടെ രാവില്‍ നിശ്ചയം അല്ലാഹുവിന്റെ അനുഗ്രഹം സൃഷ്ടികളിലേക്ക് പ്രത്യക്ഷപ്പെടും. കപടവിശ്വാസിയും ആത്മഹത്യ ചെയ്തവനുമല്ലാത്ത എല്ലാവര്‍ക്കും അവന്‍ പൊറുത്തുകൊടുക്കും. ഇത്തരം ഹദീസുകള്‍ ഹാഫിളുല്‍ മുന്‍ദിരി(റ) തന്റെ അത്തര്‍ഗീബു വത്തര്‍ഹീബ് എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ് ഇമാം ശാഫിഈ(റ) പറയുന്നു: അഞ്ചു രാവുകളിലുള്ള പ്രാര്‍ത്ഥനയ്ക്കു പ്രത്യേകം ഉത്തരം ലഭിക്കും. വെള്ളിയാഴ്ച രാവ്, രണ്ടു പെരുന്നാള്‍ രാവ്, റജബിലെ ആദ്യരാവ്, ബറാഅത്തു രാവ്.  (അല്‍ ഉമ്മ് 1/204)
നബി(സ) തങ്ങള്‍ പറഞ്ഞു. ശഅ്ബാന്‍ പകുതിയുടെ രാവായാല്‍ ആ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുകയും അതിന്റെ പകലില്‍ നോമ്പുഷ്ടിക്കുകയും ചെയ്യുക. അന്നു സൂര്യാസ്തമയം മുതല്‍ പ്രഭാതം വരെ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക്ഇറങ്ങുകയും ഇങ്ങനെ അല്ലാഹു പറയുകുയം ചെയ്യും. എന്നോട് പൊറുക്കലിനെ തേടുന്നവനില്ലേ, അവനു ഞാന്‍ പൊറുത്തുകൊടുക്കും. എന്നോട് ഭക്ഷണം തേടുന്നവനില്ലേ, അവനു ഞാന്‍ ഭക്ഷണം നല്‍കും. പരീക്ഷിക്കപ്പെടുന്നവനില്ലേ അവനു ഞാന്‍ സുഖം നല്‍കും. (ഇബ്‌നു മാജ 99) ''ആഇശ(റ) യില്‍നിന്നു നിവേദനം: നബി(സ) ചോദിച്ചു: ഈ രാവിനെ (ശഅ്ബാന്‍ പതിനഞ്ച്) കുറിച്ചു നിനക്കറിയുമോ? ആഇശ(റ): അല്ലാഹുവിന്റെ ദൂതരേ, എന്താണതിനുള്ളത്? നബി(സ) പറഞ്ഞു: ഈ വര്‍ഷം ജനിക്കുന്നതും മരിക്കുന്നതുമായ മനുഷ്യരെ ഈ രാത്രി രേഖപ്പെടുത്തപ്പെടും. അന്ന് അവരുടെ അമലുകള്‍ ഉയര്‍ത്തപ്പെടുകയും അവരുടെ ഭക്ഷണം ഇറക്കപ്പെടുകയും ചെയ്യും.'' ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതി പ്രാര്‍ത്ഥിക്കല്‍ മുന്‍ഗാമികള്‍ ആചരിച്ചുപോരുന്ന ചര്യയാണ്. ഇഹ്‌യാഉലൂമിദ്ദീനിന്റെ വ്യാഖ്യാനത്തില്‍ സയ്യിദ് മുര്‍ത്തളാ സബീദി(റ) പ്രസ്താവിക്കുന്നു: ബറാഅത്തുരാവില്‍ മൂന്നു യാസീന്‍ ഓതുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്യുന്ന പതിവ് മുന്‍ഗാമികളില്‍ നിന്നു പിന്‍ഗാമികള്‍ അനന്തരമായി സ്വീകരിച്ചുപോന്നതാണ്. ആദ്യത്തേത് ആയുസ് വര്‍ദ്ധിക്കാനും രണ്ടാമത്തേത് ഭക്ഷണത്തില്‍ ഐശ്വര്യമുണ്ടാകാനും മൂന്നാമത്തേത് ഈമാന്‍ ലഭിച്ചു മരിക്കുന്നതിനു വേണ്ടിയും. ഓരോ യാസീനിനു ശേഷവും പ്രസ്തുത ആവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. (ഇത്ഹാഫ് 3/427) ബറാഅത്തു രാവിലെ മൂന്നു യാസീനിനെ കുറിച്ചും ഇമാം ദൈറബി(റ) തന്റെ മുജര്‍റബാതിലും (പേജ് 19) ഇമാം അബ്ദുല്ലാഹിബ്‌നു ബാ അലവി(റ) തന്റെ താരീഖിലും (കന്‍സുന്നജാഹ് 60) വ്യക്തമാക്കിയിട്ടുണ്ട്. നിഹായത്തുല്‍ അമല്‍ പേജ് 23-ലും മൂന്നു യാസീനിന്റെ കാര്യവും പ്രാര്‍ത്ഥനയും വിവരിച്ചിട്ടുണ്ട്. ഒരു കൊല്ലത്തില്‍ ഉണ്ടാവുന്ന സര്‍വ്വകാര്യങ്ങളും അല്ലാഹു ബറാഅത്തുരാവില്‍ മലക്കുകളെ ഏല്‍പിക്കുമെന്ന് ഹദീസിന്റെ വെളിച്ചത്തില്‍ പണ്ഡിതര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മിര്‍ഖാത്ത് 2/146) ലൈലത്തുല്‍ ഖദ്‌റിലും ഇത്തരം ഒരു കണക്കാക്കലുണ്ട്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ബറാഅത്തുരാവില്‍ അല്ലാഹു വിധിക്കുകയും ലൈലത്തുല്‍ ഖദ്‌റില്‍ മലക്കുകളെ ഏല്‍പിക്കുകയും ചെയ്യും. (തഫ്‌സീറുല്‍ ജമല്‍ 4/100) നടക്കാനിരിക്കുന്ന സര്‍വ്വ കാര്യങ്ങളും മുമ്പേ കണക്കാക്കിയിരിക്കുന്നു. ബറാഅത്തുരാവില്‍ കണക്കാക്കുക എന്നാല്‍ കണക്കാക്കിയതു പുതുക്കുക എന്നാണുദ്ദേശ്യം.
സൂറത്തുദ്ദുഖാന്‍ ദുഖാന്‍ സൂറത്തു ബറാഅത്തുരാവില്‍ ഓതുന്ന ഒരു സമ്പ്രദായം നമ്മുടെ നാടുകളില്‍ വ്യാപകമാണല്ലോ. അതിന്റെ അടിസ്ഥാനം എന്താണെന്നു നോക്കാം. നിരവധി മഹത്വങ്ങള്‍ ദുഖാന്‍ സൂറത്തിനെ കുറിച്ചു വന്നിട്ടുണ്ട്. ബറാഅത്തുരാവില്‍ പ്രത്യേകമായി ഓതാന്‍ പ്രേരിപ്പിക്കുന്ന ഹദീസുകള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെങ്കിലും എന്നും രാത്രി സൂറത്തുദുഖാന്‍ ഓതാന്‍ നബി(സ) പ്രേരിപ്പിച്ചിട്ടുണ്ട്. ഇമാം തുര്‍മുദി(റ) റിപ്പോര്‍ട്ടു ചെയ്ത ഹദീസില്‍ അതു കാണാം. പാരായണം മൂലം പ്രതിഫലം ലഭിക്കുന്നതിനാല്‍ ബറാഅത്തു രാവില്‍ ദുഖാന്‍ സൂറത്തു ഓതല്‍ സുന്നത്തുതന്നെയെന്നു പറയാം. അതു ബറാഅത്തുരാവ് എന്ന പ്രത്യേകത കൊണ്ടല്ല, മറിച്ച് എന്നും ഓതല്‍ സുന്നത്താണെന്ന നിലക്കാണ്. ബറാഅത്തു രാവില്‍ മൂന്നു യാസീന്‍, സൂറത്തു ദുഖാന്‍ എന്നിവ ഓതല്‍ സുന്നത്തോ ബിദ്അത്തോ എന്ന ബിദഇകളുടെ ചോദ്യം അവരുടെ ജഹാലത്തിന്റെ തുറന്ന പ്രഖ്യാപനമാണ്. എന്തുകൊണ്ടെന്നാല്‍ പ്രസ്തുത കാര്യങ്ങള്‍ ബറാഅത്തു രാവില്‍ നിര്‍വ്വഹിക്കല്‍ സുന്നത്തും ബിദ്അത്തുമാണ്. പ്രതിഫലാര്‍ഹം എന്ന നിലയ്ക്കു സുന്നത്തും നബി(സ)യുടെ കാലത്തില്ലാത്തത് എന്നതിനാല്‍ ബിദ്അത്തും. ഈ ബിദ്അത്തു സദാചാരമാണ്, അനാചാരമല്ല. ഇമാം സര്‍ജി(റ) തന്റെ ഫആഇദില്‍ പറയുന്നു: ഒരാള്‍ ദുഖാന്‍ സൂറിലെ ആദ്യഭാഗം അവ്വലീന്‍ വരെ ശഅ#്ബാനിന്റെ ആദ്യരാത്രി മുതല്‍ പതിനഞ്ചാം രാവുവരെ ഓതി പതിനഞ്ചാം രാവില്‍ മുപ്പതു പ്രാവശ്യം പരായണം ചെയ്തു അല്ലാഹുവിനെ സ്മരിച്ചു നബി(സ)യുടെ പേരില്‍ സ്വലാത്തു ചൊല്ലി ഇഷ്ടമുള്ള ഏതുകാര്യം ചോദിച്ചാലും ഉത്തരം ലഭിക്കും. (കന്‍സുന്നജാഹ്)
പ്രത്യേക പ്രാര്‍ത്ഥന ബറാഅത്തു രാവ് പ്രാര്‍ത്ഥനകൊണ്ടു ധന്യമാക്കണം. പ്രസ്തുത രാവില്‍ പ്രത്യേക നസ്‌കാരം ഇല്ല. പ്രമുഖ സ്വഹാബാക്കളായ ഉമര്‍(റ), ഇബ്‌നു മസ്ഊദ്(റ) തുടങ്ങിയവര്‍ ബറാഅത്തു രാവില്‍ പ്രാര്‍ത്ഥിച്ചത് ഇമാം മുല്ലാ  അലിയ്യില്‍ ഖാരി(റ) വിവരിക്കുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ: ''അല്ലാഹുവേ, നീ ഞങ്ങളെ പരാജിതരുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അതു മായ്ക്കുകയും വിജയികളുടെ കൂട്ടത്തില്‍ എഴുതുകയും ചെയ്യേണമേ. വിജയികളുടെ കൂട്ടത്തില്‍ എഴുതിയിട്ടുണ്ടെങ്കില്‍ ആ പേര് അവിടെ സ്ഥിരപ്പെടുത്തേണമേ.'' (മിര്‍ഖാത്ത് 2/178) മൂന്ന് യാസീനും പ്രസ്തുത പ്രാര്‍ത്ഥനയും അസ്വറിനു ശേഷം നടത്തിയാല്‍ ബറാഅത്തു രാവില്‍ ചെയ്ത മഹത്വം ലഭിക്കില്ല.
നോമ്പ് ബറാഅത്തു രാവിന്റെ പകലില്‍ നോമ്പെടുക്കല്‍ സുന്നത്താണ്. ശഅ്ബാന്‍ പതിനഞ്ച് എന്ന പ്രത്യേകമായ നോമ്പ് തന്നെ എന്ന നിലയ്ക്കു സുന്നത്തുണ്ടെന്നു ഹദീസിന്റെ വെളിച്ചത്തില്‍ ഇമാം റംലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഫതാവാ റംലി 2/79). ബറാഅത്തിന്റെ പകല്‍ എന്ന നിലയ്ക്കല്ല. അയ്യാമുല്‍ ബീളില്‍പ്പെട്ട ദിവസം എന്ന നിലയ്ക്കു സുന്നത്തുണ്ട് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞത്. (ഫതാവല്‍ കുബ്‌റാ 2/79). ചുരുക്കത്തില്‍, ശഅ്ബാന്‍ പതിനഞ്ചിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്നു ഇബ്‌നു ഹജറും ഇമാം റംലി(റ)യും ഒത്തു സമ്മതിക്കുന്നു. ശഅ്ബാന്‍ പതിനഞ്ചിനു ശേഷം കേവലം സുന്നത്തു നോമ്പു നിഷിദ്ധമാണ്. ഫര്‍ളു നോമ്പു ഖളാഅ് വീട്ടല്‍, പതിവുള്ള സുന്നത്തു നോമ്പ് എന്നിവയൊന്നും ശഅ്ബാന്‍ പതിനഞ്ചിനു ശേഷം നിഷിദ്ധമല്ല. അതുപോലെതന്നെ ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് അനുഷ്ഠിച്ചാല്‍ തുടര്‍ന്നു ബാക്കി ദിവസങ്ങളിലും ശഅ്ബാന്‍ അവസാനം വരെ സുന്നത്തു നോമ്പനുഷ്ഠിക്കാം. (ഇആനത്ത് 2/267) ആഗതമായ ബറാഅത്തു രാവ് ഖുര്‍ആന്‍ പാരായണവും പ്രാര്‍ത്ഥനയും നടത്തി മികച്ച ഭക്ഷണവിഭവങ്ങളൊരുക്കി വീട്ടുകാരെയും കുട്ടികളെയും സന്തോഷിപ്പിച്ചു ആചരിക്കാം; ധന്യമാക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter