ദുല്‍ ഹിജ്ജ മാസത്തിന്‍റെ പവിത്രത
12 മാസങ്ങളില്‍ അല്ലാഹു തെരഞ്ഞെടുത്ത ചില പ്രത്യേക മാസങ്ങളുണ്ട്. സമാനമായി ചില മാസങ്ങളിലെ പത്ത് ദിനങ്ങള്‍ക്കും സവിശേഷതകളുണ്ട്. റമദാനിന്‍റെ അവസാനത്തെയും ദുല്‍ ഹിജ്ജ മാസത്തിലെ ആദ്യത്തെയും പത്ത് ദിനങ്ങള്‍ക്കാണ് ഈ പ്രത്യേകതയുള്ളത്.
ദുല്‍ ഹിജ്ജയുടെ ഈ ആദ്യ പത്ത് ദിനങ്ങള്‍ വളരെ മഹത്വമാര്‍ന്നതാണ്. പരിശുദ്ധ ഖുര്‍ആനില്‍ ഈ മഹത്വത്തെ അല്ലാഹു ഉദ്‌ഘോഷിക്കുന്നുണ്ട്. 89ാം അദ്ധ്യായമായ സൂറതുല്‍ ഫജ്റില്‍ ഈ പത്ത് ദിനങ്ങളെ സത്യം ചെയ്യാനായി അല്ലാഹു ഉപയോഗിക്കുന്നുണ്ട്. സൂറതുല്‍ ഹജ്ജില്‍ അല്ലാഹു പറയുന്നു, 'തങ്ങള്‍ക്ക് ഉപകാരപ്രദമായ സ്ഥലങ്ങളിലവര്‍ ഹാജരാകാനും അല്ലാഹു കനിഞ്ഞേകിയ കാലികളെ നിര്‍ണിത നാളുകളില്‍ അവന്‍റെ പേരുച്ചരിച്ച് ബലിയറുക്കാനും വേണ്ടിയത്രേ അത് '.
ഈ സൂക്തത്തില്‍ പറയപ്പെടുന്ന നിര്‍ണിത നാളുകള്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ദുല്‍ ഹിജ്ജ് പത്ത് ദിനങ്ങളാണെന്ന് മുഫസ്സിറുകള്‍ വ്യക്തമാക്കുന്നു.
ദുന്‍യാവിലെ ഏറ്റവും മഹത്വമാര്‍ന്ന ദിനങ്ങളാണ് ദുല്‍ ഹിജ്ജ പത്ത് ദിനങ്ങള്‍ എന്ന് നബി (സ) പഠിപ്പിക്കുന്നുണ്ട്. ഈ പത്ത് ദിനങ്ങള്‍ക്ക് ഇത്ര വലിയ പദവി ലഭിക്കാനുള്ള കാരണത്തെക്കുറിച്ച് മുഹമ്മദ് ഇബ്നു ഇബ്റാഹീം സമര്‍ഖന്ദി തന്‍റെ 'തന്‍ബീഹുല്‍ ഗാഫിലീന്‍' എന്ന ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്; ഈ പത്ത് ദിനങ്ങളില്‍ സര്‍വ്വ ആരാധനാ കര്‍മ്മങ്ങളും ഒരുമിച്ച് കൂടുന്നുണ്ട്. പ്രത്യേക സുന്നത്ത് നമസ്കാരം, സുന്നത്ത് നോമ്പ്, ഫര്‍ളായ ഹജ്ജ്, ഉംറ, സുന്നത്തായ ഉള്ഹിയ്യത്ത് മറ്റു സ്വദഖകള്‍ എന്നിവയെല്ലാം ശറആക്കപ്പെട്ടത് ഈ പത്ത് ദിനങ്ങളിലാണ്.
ഇവയില്‍ ഏറ്റവും പ്രധാനം പരിശുദ്ധ ഹജ്ജ് കര്‍മ്മമാണ്. ഒരു സത്യവിശ്വാസിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം നിര്‍ബന്ധമായ കാര്യമാണ് ഹജ്ജ്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന, ഇസ്ലാമിന്‍റെ പഞ്ച സ്തംഭങ്ങളിലൊന്നായ പരിശുദ്ധ ഹജ്ജ് ദുല്‍ഹജ്ജ് മാസത്തിലാകുന്നു. മാസങ്ങളുടെ നേതാവായ പരിശുദ്ധ റമദാന് ഈ പ്രത്യേകത ഇല്ല.
ഉദ്ഹിയ്യത്ത് എന്ന സുന്നത്ത് കര്‍മ്മമാണ് ഈ രണ്ട് ദിവസത്തിലെ രണ്ടാമത്തെ പ്രധാന ഇബാദത്ത്. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ) പറയുന്നു, 'പെരുന്നാള്‍ ദിനം രക്തമൊലിപ്പിക്കുന്നതിനേക്കാള്‍ മഹത്തായ ഒരു കര്‍മവും ഒരു ആദം സന്തതിയും പ്രവര്‍ത്തിച്ചിട്ടില്ല. തീര്‍ച്ചയായും അവ (ബലി മൃഗങ്ങള്‍) അന്ത്യനാളില്‍ കൊമ്പുകളും രോമങ്ങളും കുളമ്പുകളുമായി കടന്ന് വരും. ഭൂമിയില്‍ പതിക്കുന്നതിന് മുമ്പ് അവയുടെ രക്തത്തിന് അല്ലാഹുവിങ്കല്‍ വലിയ സ്ഥാനമാണ് ലഭിക്കുക. അത് വഴി ആദം സന്തതികള്‍ക്ക് ഹൃദയശാന്തി ലഭിക്കുകയും ചെയ്യും. (തുര്‍മുദി)
ഇംറാന്‍ ബിന്‍ ഹുസൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മറ്റൊരു ഹദീസില്‍ നബി (സ) ഫാത്വിമ (റ)യോട് പറയുന്നു, നിന്‍റെ ഉള്ഹിയ്യത്തിനരികിലേക്ക് പോവുകയും അതിന് ദൃക്സാക്ഷിയാവുകയും ചെയ്യുക, കാരണം അതില്‍ നിന്നുള്ള ആദ്യ രക്തത്തുള്ളിയോടൊപ്പം നിന്‍റെ സകല തെറ്റുകളും പൊറുക്കപ്പെടും. നീ പറയേണ്ടത്,
പെരുന്നാള്‍ ദിനം തനിക്കും തന്‍റെ ആശ്രിതര്‍ക്കും ആവശ്യമുള്ളതില്‍ കവിഞ്ഞുള്ള സമ്പത്ത് ബാക്കിയുണ്ടെങ്കില്‍ ബലിയറുക്കണമെന്ന് പണ്ഡിതര്‍ പഠിപ്പിക്കുന്നു. ആട്, മാട്, ഒട്ടകം എന്നിവയാണ് ബലിയറുക്കേണ്ട മൃഗങ്ങള്‍. എന്‍റെ സുന്നത്തായ ഉള്ഹിയ്യത്തിനെ ഞാന്‍ കരുതുന്നു എന്ന് നിയ്യത്ത് ചെയ്യണം. മൃഗത്തെ വാങ്ങുമ്പോഴോ അറുക്കാന്‍ കൊണ്ട് വരുമ്പോഴോ നിയ്യത്ത് ചെയ്യാവുന്നതാണ്.
അഞ്ച് വയസ്സ് തികഞ്ഞ ഒട്ടകം, രണ്ട് വയസ്സ് പിന്നിട്ട മാട്, കോലാട്, ഒരു വയസ്സ് കഴിഞ്ഞ നെയ്യാട് എന്നിവയാണ് ബലിയറുക്കേണ്ട മൃഗങ്ങള്‍. മാട്. ഒട്ടകം എന്നിവയില്‍ 7 പേര്‍ക്ക് ശെയര്‍ ആകാവുന്നതാണ്. ഒരു മാടില്‍ തന്നെ ഉള്ഹിയ്യത്തും അഖീഖത്തും കരുതാവുന്നതാണ്. സുന്നത്തായ ഉള്ഹിയ്യത്തില്‍ നിന്ന് അല്‍പം സ്വദഖ ചെയ്ത് ബാക്കി ഉടമക്ക് എടുക്കാവുന്നതാണ്. എന്നാല്‍ അല്‍പം മാത്രം എടുത്ത് ബാക്കി മുഴുവന്‍ ദാനം ചെയ്യലാണ് ഉത്തമം. എന്നാല്‍ നേര്‍ച്ചയാക്കിയാല്‍ ഉള്ഹിയ്യത്ത് ഫര്‍ളായി മാറും, അത് വഴി അല്‍പം പോലും മാംസം എടുക്കാന്‍ പാടില്ലാത്തതായി മാറും.
ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്നവര്‍ക്ക് ദുല്‍ ഹിജ്ജ 1 മുതല്‍ അറവ് നടത്തുന്നത് വരെ നഖം, മുടി എന്നിവ നീക്കാതിരിക്കല്‍ സുന്നത്താണ്. നീക്കുന്നത് കറാഹത്താണ്. ബലി മാംസത്തില്‍ നിന്ന് അല്‍പം പോലും അമുസ്ലിമിന് നല്‍കാന്‍ പാടില്ല. മുസ്ലിംകളിലെ ധനികര്‍ക്ക് നല്‍കാവുന്നതാണ്.
സുന്നത്തായ വ്രതാനുഷ്ഠാനമാണ് മറ്റൊരു കര്‍മ്മം. ദുല്‍ഹജ്ജ് 1 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തും ശേഷമുള്ള 5 ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കല്‍ ഹറാമും ആണ്.
ദുല്‍ ഹിജ്ജ ഒമ്പതാണ് അറഫാ ദിനം. ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മ്മമാണിത്. അല്ലാഹു അറഫ ദിനത്തില്‍ ഒന്നാനാകാശത്തേക്ക് ഇറങ്ങി വരുമെന്നും അറഫയില്‍ ഒരുമിച്ച് കൂടിയവര്‍ക്കെല്ലാം പൊറുത്ത് കൊടുക്കുമെന്നും റസൂല്‍ (സ) പഠിപ്പിക്കുന്നുണ്ട്. ഹജ്ജ് കര്‍മ്മം ചെയ്യാനെത്തിവരൊഴികെയുള്ള മറ്റുള്ള മുഴുവന്‍ മുസ്ലിംകള്‍ക്കും ഈ ദിവസം പ്രത്യേക നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട്. കഴിഞ്ഞ് പോയതും ഇനി വരാനുള്ളതുമായ രണ്ട് വര്‍ഷങ്ങളിലെ തെറ്റുകള്‍ പൊറുക്കപ്പെടുമെന്നതാണ് ഇതിന്‍റെ പ്രതിഫലമായി ഹദീസില്‍ വന്നിട്ടുള്ളത്.
ഉള്ഹിയ്യത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ ദിവസങ്ങളിലെ മറ്റൊരു കര്‍മ്മമാണ് തക്ബീര്‍ ചൊല്ലല്‍. ബലി മൃഗങ്ങളെ കാണുമ്പോയെല്ലാം തക്ബീര്‍ ചൊല്ലല്‍ പ്രത്യേകം സുന്നത്താണ്. ഇതിന് പുറമെ അറഫാ ദിനം സുബ്ഹ് മുതല്‍ ദുല്‍ ഹിജ്ജ 14 ന് അസ്വര്‍ വരെയുള്ള ആറ് ദിവസങ്ങളിലും തക്ബീര്‍ ചൊല്ലല്‍ സുന്നത്തുണ്ട്. പെരുന്നാള്‍ നമസ്കാരമാണ് ഈ കാലത്തെ ശ്രേഷ്ഠവും പ്രത്യേകവുമായ സുന്നത്ത് നിസ്കാരം. രണ്ട് റക്അത്ത് പെരുന്നാള്‍ നിസ്കാരവും ഖുത്ബയുമാണ് പെരുന്നാള്‍ ദിനത്തിലെ പ്രധാന ആരാധന. പുതുവസ്ത്രം ധരിക്കലും സുഗന്ധം ഉപയോഗിക്കലുമെല്ലാം ഈ ദിവസം സുന്നത്ത് തന്നെയാണ്.
ഉദ്ഹിയ്യത്ത് കര്‍മ്മത്തിലൂടെ ഉദ്ദേശിക്കുന്നത് സ്വദഖയാണ്. മറ്റു സ്വദഖകളേക്കാള്‍ പ്രതിഫലാര്‍ഹമാണിത്. ഇതിന് പുറമെ മറ്റു രീതിയിലുള്ള സ്വദഖകളും ഈ പത്ത് ദിവസങ്ങളില്‍ വര്‍ധിപ്പിക്കേണ്ടതാണ്.
Leave A Comment