ബറാഅത്ത് ദിനം: അനുഷ്ഠാനവും ചിന്തയും
അല്ലാഹു ഏറ്റവും കൂടുതല്‍ അനുഗ്രഹിച്ച പ്രവാചകനാണ് മുഹമ്മദ് നബി(സ). മുഹമ്മദ് നബിയുടെ സമുദായമാണ് അല്ലാഹു ഏറ്റവും കാരുണ്യം ചൊരിഞ്ഞ സമുദായം. കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ സല്‍കര്‍മം ചെയ്തതിന്റെ പ്രതിഫലം അല്ലാഹു ഈ സമുദായത്തിന് നല്‍കുന്നു. റമദാന്‍ മാസത്തിലെ 1,000 മാസത്തിനെക്കാള്‍ പവിത്രമായ ലൈലതുല്‍ ഖദ്ര്‍, എല്ലാ ആഴ്ചകളിലുമുള്ള വെള്ളിയാഴ്ച ദിവസം, വെള്ളിയാഴ്ച രാവ് തുടങ്ങിയ ഉദാഹരണം. ഇത്തരത്തില്‍ പവിത്രമായ രാവാണ് ബറാഅത്ത് രാവ്. കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ കര്‍മം ചെയ്തവരായി ഉത്തമരാകാനുള്ള അവസരമാണ് അല്ലാഹു ഇത്തരം ദിനരാത്രങ്ങളില്‍ കൂടി ഉദ്ദേശിക്കുന്നത്.
എല്ലാ സമയങ്ങളും ദിവസങ്ങളും ഒരു പോലെയല്ല. ചിലതിന് മറ്റ് ചിലതിനേക്കാള്‍ ശ്രേഷ്ഠതയുണ്ട്. അത്തരത്തില്‍ ശ്രേഷ്ഠത കല്‍പിക്കപ്പെട്ട ഒരു രാവാണ് ശഅ്ബാന്‍ 15ന്റെ രാവ് എന്നതില്‍ പണ്ഡിതലോകത്ത് അഭിപ്രായ വ്യത്യാസമില്ല.
ബറാഅത്ത് രാവിന്റെ മഹത്വത്തെ അംഗീകരിക്കാത്ത പുത്തന്‍ ചിന്താഗതിക്കാര്‍ അവരുടെ നേതാവായി പരിചയപ്പെടുത്താറുള്ള ഇബ്‌നു തൈമിയ്യ പോലും ഈ രാവിനെ കുറിച്ച് പറയുന്നത് കാണുക: ”ശഅ്ബാന്‍ പകുതിയുടെ രാവിന്റെ പുണ്യം വിവരിക്കുന്ന ധാരാളം ഹദീസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. സലഫില്‍പെട്ട ഒരു വിഭാഗം ശഅ്ബാന്‍ പതിനഞ്ചാം രാവില്‍ നിസ്‌കരിച്ചിരുന്നതായി സലഫില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ ഒരാള്‍ ഈ രാവില്‍ സ്വന്തം നിസ്‌കരിക്കുകയാണെങ്കില്‍ അതില്‍ സലഫിന്റെ മാതൃകയുണ്ട്.”(ഫതാവാ ഇബ്‌നു തൈമിയ്യ, 2380)
ബറാഅത്ത് എന്ന പദത്തിനര്‍ഥം ‘മോചനം’ എന്നാണ്. നരക ശിക്ഷക്കര്‍ഹരായ നിരവധി അടിമകളെ ആ രാവില്‍ അല്ലാഹു മോചിപ്പിക്കുമെന്നതുകൊണ്ടാണ് പ്രസ്തുത രാവിന് ബറാഅത്ത് അഥവാ മോചനത്തിന്റെ രാവ് എന്ന പേര് വന്നത്. ലൈലതുര്‍റഹ്മ (കാരുണ്യത്തിന്റെ രാവ്) ലൈലതുല്‍ മുബാറക്ക(അനുഗൃഹീത രാവ്) എന്നീ പേരുകളിലും ബറാഅത്ത് രാവ് അറിയപ്പെടുന്നു.
അല്ലാഹു പറയുന്നു. ”തീര്‍ച്ചയായും നാം അതിനെ (ഖുര്‍ആന്‍ )ഒരനുഗ്രഹ രാത്രിയില്‍ ഇറക്കിയിരിക്കുന്നു. തീര്‍ച്ചയായും നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണമായ ഓരോ കാര്യവും വേര്‍തിരിച്ച് വിവരിക്കപ്പെടുന്നു.”(സൂറത്ത് ദുഖാന്‍ 2,3,4). ഈ ആയത്ത് വ്യാഖ്യാനിച്ചുകൊണ്ട് പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ രേഖപ്പെടുത്തുന്നത് കാണുക. ഇമാം റാസി (റ) പറയുന്നു. ”ഇക്‌രിമ (റ)വും മറ്റ് പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറകത്തുള്ള രാവ് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്.” (തഫ്‌സീറുല്‍ കബീര്‍ 22239)
ഇസ്മാഈലുല്‍ ഹിഖി (റ) പറയുന്നു. ”ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ പറയുന്നു. ബറക്കത്തുള്ള രാവ് കൊണ്ട് ഉദ്ദേശ്യം ശഅബാന്‍ പതിനഞ്ചാം രാവാണ്.”(റൂഹുല്‍ ബയാന്‍ 8402, ജാമിഉല്‍ ബയാന്‍ 25109, മദാരിക് 4126)
മഹ്മൂദ് ആലൂസി എഴുതുന്നു. ”ഇക് രിമ (റ )വും ഒരു വിഭാഗം പണ്ഡിതന്മാരും പറഞ്ഞിരിക്കുന്നു. ഈ ആയത്തില്‍ പറഞ്ഞ ബറക്കത്തുള്ള രാവ് ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ്. ഇതിന് ബറാഅത്ത് രാവ് എന്നും പേരുണ്ട്.”(റൂഹുല്‍ മആനി 25110). ഇബ്‌നുല്‍ ജൗസിയുടെ സാദുല്‍ മസീര്‍, ഇമാം സുയൂഥി (റ) യുടെ അദുര്‍റുല്‍ മന്‍സൂര്‍, ഇമാം ഷൗഖാനിയുടെ ഫത്ഹുല്‍ ഖദീര്‍, ഇമാം ഖുര്‍ഥുബി(റ)യുടെ അല്‍ ജാമിഅ ലില്‍ അഹ്കാമില്‍ ഖുര്‍ആന്‍ തുടങ്ങിയ ഖുര്‍ആന്‍ വ്യാഖ്യാനങ്ങളിലും ഈ അഭിപ്രായം രേഖപ്പെടുത്തിയതായി കാണാം
അലി(റ) വില്‍ നിന്ന് നിവേദനം. നബി(സ) പറഞ്ഞു: ശഅ്ബാന്‍ 15 ആഗതമായാല്‍ അതിന്റെ രാവിനെ നിങ്ങള്‍ നിസ്‌കാരം കൊണ്ട് സജീവമാക്കുകയും പകലില്‍ നോമ്പെടുക്കുകയും ചെയ്യുക. കാരണം, അന്ന് സൂര്യാസ്തമയത്തോടെ അല്ലാഹു പ്രത്യേകം ചോദിക്കുന്നു; പാപമോചനം നടത്തുന്നവരില്ലേ, ഞാന്‍അവര്‍ക്ക് പൊറുത്തുകൊടുത്തിരിക്കുന്നു. ഔദാര്യം തേടുന്നവരില്ലേ, ഞാന്‍ അവര്‍ക്ക് ഔദാര്യം ചെയ്തിരിക്കുന്നു. വിഷമങ്ങള്‍ കൊണ്ട് പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം പ്രദാനം ചെയ്തിരിക്കുന്നു. അങ്ങനെ (ഓരോ വിഭാഗത്തെയും അല്ലാഹു വിളിച്ച് അവന്റെ അനുഗ്രഹങ്ങളുടെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നു.) ഇത് പ്രഭാതം വരെ തുടരുകയും ചെയ്യും ( ഇബ്‌നു മാജ).
നിര്‍ണിതരാവ്
നബി (സ്വ)പറഞ്ഞു.”ശഅബാന്‍ പകുതിയുടെ രാത്രിയില്‍ ഒരു വര്‍ഷത്തെ കാര്യങ്ങള്‍ തീരുമാനിക്കപെടും”( റൂഹുല്‍ മആനി 25:113) ശഅബാന്‍ പകുതിയുടെ രാവില്‍ ആ വര്‍ഷത്തില്‍ മരിപ്പിക്കാന്‍ ഉദ്ദേശിച്ച മുഴുവന്‍ ആളുകളെയും മലകുല്‍ മൌതിനു അല്ലാഹു അറിയിച്ചു കൊടുക്കുന്നത് ആ രാവിന്റെ പ്രത്യേകതയായി നബി (സ്വ)യില്‍ നിന്ന് ഉദ്ദരിക്കപ്പെട്ടത് ഇതിനോട് ചേര്‍ത്തു വായിക്കാം ( റൂഹുല്‍ മആനി 25:113)
നബി (സ്വ)പറഞ്ഞു.”കലബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ എണ്ണത്തേക്കാള്‍ ഈ രാവില്‍ എന്റെ സമുദായത്തില്‍പെട്ടവര്‍ക്ക് അല്ലാഹു റഹ്മത്ത് (അനുഗ്രഹം)ചെയ്യും.”( തഫ്‌സീറുല്‍ കബീര്‍ 27:239 ) മുല്ലാഅലിയ്യുല്‍ ഖാരി പറയുന്നു.”ഇവിടെ കലബ് ഗോത്രത്തെ പ്രത്യേകമായി പറയാനുള്ള കാരണം അക്കാലത്ത് മറ്റു അറബികളെക്കാള്‍ കൂടുതല്‍ ആടുകളുണ്ടായിരുന്ന ഗോത്രമായിരുന്നു കലബ് ”(മിര്‍ഖാത്ത് 2:172)
മുആദുബ്‌നു ജബല്‍ (റ) നിന്ന് നിവേദനം: നബി (സ) പറഞ്ഞു. ”ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ അല്ലാഹു അവന്റെ അടിമകള്‍ക്ക് കാരുണ്യവര്‍ഷം ചൊരിയുകയും ബഹുദൈവ വിശ്വാസിയും കുഴപ്പക്കാരനുമല്ലാത്ത മുഴുവന്‍ അടിമകള്‍ക്കും അവന്‍ പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.”(അത്തര്‍ഗീബു വത്തര്‍ഹീബ് 2:18).
ആഇശ (റ) പറയുന്നു: ഒരു രാത്രിയില്‍ തിരുനബി(സ)യെ കാണാതായപ്പോള്‍ ഞാന്‍ അന്വേഷിച്ചു പുറത്തിറങ്ങി. അന്നേരം അവിടുന്ന് ബഖീഇല് (മദീനയിലെ മഖ്ബറ) ആകാശത്തേക്ക് തല ഉയര്‍ത്തി പ്രാര്‍ഥിച്ച് നില്‍ക്കുകയായായിരുന്നു. എന്നോട് അവിടുന്ന് ചോദിച്ചു.
അല്ലാഹു നിന്നോടും എന്നോടും അന്യായം ചെയ്തതായി നീ ധരിച്ചോ? ഞാന്‍ പറഞ്ഞു. താങ്കള്‍ മറ്റേതെങ്കിലും ഭാര്യമാരുടെ അടുത്തേക്ക് പോയതായിരിക്കുമെന്നാണ് ഞാന്‍ ഊഹിച്ചത്. അപ്പോള്‍ തിരുനബി(സ) പറഞ്ഞു. ശഅ്ബാന് 15ന് അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങി വരികയും കല്‍ബ് ഗോത്രക്കാരുടെ ആടുകളുടെ രോമത്തിന്റെ അളവിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് പൊറുത്തു കൊടുക്കുകയും ചെയ്യുന്നതാണ്.(അഹ്മദ് (റ), തുര്‍മുദി (റ), ഇബ്‌നു മാജ )
ശഅ്ബാന്‍ 15ന് സത്യനിഷേധിയും മനസ്സില്‍ വിദ്വേഷം വച്ചു നടക്കുന്നവനുമല്ലാത്ത മുഴുവന്‍ വിശ്വാസികള്‍ക്കും അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നിരവധി ഹദീസുകളില്‍ വന്നിട്ടുണ്ട്.
പ്രമുഖ കര്‍മ ശാസ്ത്ര പണ്ഡിതനായ ഇബ്‌നു ഹജറുല്‍ ഹൈതമി (റ)തന്റെ ‘ഫതാവല്‍ കുബ്‌റ’യില്‍ പറയുന്നു:’ ബറാഅത്ത് രാവിന് മഹത്വമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. ആ രാവില്‍ പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കും. പാപങ്ങള്‍ പൊറുക്കപ്പെടും. അതു കൊണ്ടാണ് ബറാഅത്ത് രാവില്‍ പ്രാര്‍ഥനയ്ക്കുത്തരം ലഭിക്കുമെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയത്.’
ഇമാം ശാഫിഈ(റ)യുടെ കിതാബുല്‍ ഉമ്മ് ല്‍ ഇങ്ങനെ കാണാം: ‘വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍, റജബിലെ ആദ്യത്തെ രാവ്, ശഅ്ബാന്‍ നടുവിലെ രാവ് എന്നീ അഞ്ചു രാത്രികളില്‍ ദുആക്ക് ഉത്തരം ലഭിക്കുമെന്ന് പറയപ്പെട്ടിരുന്നതായി നമുക്കെത്തിയിരിക്കുന്നു.(1:204)
മൂന്ന് യാസീനും ദുആയും
ബറാഅത്ത് രാവില്‍ മഗ്‌രിബിന് ശേഷം മൂന്ന് യാസീന്‍ ഓതി ദുആ ചെയ്യുന്ന പതിവ് നമ്മുടെ നാടുകളിലുണ്ട്. ഇത് സജ്ജനങ്ങളായ മുന്‍ഗാമികള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയതും അവരുടെ നടപടിക്രമത്തില്‍ പെട്ടതുമാണ്.”ഒന്നാമത്തെ യാസീന്‍ ആയുസില്‍ ബറക്കത്ത് ലഭിക്കാനും രണ്ടാമത്തേത് റിസ്ഖില്‍ ബറക്കത്ത് കിട്ടുവാനും മൂന്നാമത്തേത് അന്ത്യം നന്നാകാന്‍ വേണ്ടിയുമാണ്.” (ഇത്ഹാഫ് 3:427) .
നോമ്പ് സുന്നത്ത്
നബി (സ്വ)പറഞ്ഞു. ”ശഅ്ബാന്‍ പകുതിയുടെ രാത്രിയില്‍ നിങ്ങള്‍ നിസ്‌കരിക്കുക അതിന്റെ പകലില്‍ നിങ്ങള്‍ നോമ്പനുഷ്ടിക്കുകയും ചെയ്യുക.”(ഇബ്‌നു മാജ, മിശ്കാത്ത് 1:155) ഈ ഹദീസിനെകുറിച്ച് ഇമാം റംലി(റ)യോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞു. ”ഈ ഹദീസ് കൊണ്ട് ലക്ഷ്യം പിടിക്കപ്പെടാവുന്നതാണ്.”(ഫതാവാ റംലി 2:79) ഇമാം റംലി പറയുന്നു. ”ശഅ്ബാന്‍ പതിനഞ്ചിന്റെ നോമ്പ് സുന്നത്താക്കപ്പെടും.” (ഫതാവാ റംലി 2:79). എല്ലാ മാസവും 13,14,15 തിയതികളില്‍ നോമ്പ് നോല്‍ക്കല്‍ സുന്നത്തുണ്ട്.
റമദാനിലേക്ക് മാനസികമായി തയാറെടുക്കാനും ശരീരത്തിനെ പാകപ്പെടുത്താനുമാണ് റജബ് മാസം മുതല്‍ പ്രത്യേക പ്രാര്‍ഥന നബി(സ) പ്രാര്‍ഥിക്കാറുണ്ടായിരുന്നത്. പുണ്യങ്ങളുടെ ദിനരാത്രങ്ങളെ സ്വീകരിക്കാന്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായ വാര്‍ത്ത കേള്‍ക്കുമ്പോള്‍ മാത്രം സടകുടഞ്ഞ് എഴുന്നേറ്റത് കൊണ്ടാകില്ല. അതിന് ഇനിയുള്ള ദിനങ്ങളിലെങ്കിലും നാം കര്‍മസജ്ജരായേ പറ്റൂ.
Leave A Comment