നമ്മുടെ ജുമാമസ്ജിദുകളിലെ വെള്ളിയാഴ്ചകള്‍ ചൈതന്യവത്താകുന്നുണ്ടോ?
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ വിളനിലങ്ങളും വിളക്കുമാടങ്ങളുമാണ് ജുമാമസ്ജിദുകള്‍. സാംസ്‌കാരിക തനിമയുടെ നിറം മങ്ങിത്തുടങ്ങിയ പ്രദേശങ്ങളില്‍ പഴയ പ്രൗഢിയുടെ നൊമ്പരപ്പെടുത്തുന്ന ബാക്കിപത്രങ്ങളായും പൂര്‍വശോഭയില്‍ ഒളിമങ്ങാതെ നിലകൊള്ളുന്നിടങ്ങളില്‍ ജീവത്തുടിപ്പിന്റെ പ്രതീകങ്ങളായും മസ്ജിദുകള്‍ കാണാം. അശുഭകരങ്ങളായ മാറ്റങ്ങള്‍ക്ക് പലതിനും വിധേയമായ മലയാളിയുടെ വര്‍ത്തമാനകാല സാഹചര്യത്തില്‍ പള്ളികളോട് പുലര്‍ത്തിപ്പോന്നിരുന്ന ബന്ധത്തിലും ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്നത് ദുഃഖസത്യം തന്നെ. സജീവമായിരുന്ന പള്ളി ദര്‍സുകളും സ്വലാത്ത്-ഹദ്ദാദ് മജ്‌ലിസുകളും നാമമാത്രമാവുകയും വെള്ളിയാഴ്ചകളില്‍ പുലര്‍ക്കാലം മുതല്‍ ഖുര്‍ആന്‍ പാരായണ മുഖരിതമായിരുന്ന പള്ളിയകത്തളങ്ങള്‍ ഓര്‍മ മാത്രമാവുകയും ചെയ്ത കൂട്ടത്തില്‍ പലതും നമ്മില്‍ നിന്നു കൈമോശംവന്നുപോയിട്ടുണ്ട്. വിശുദ്ധ റമളാന്റെ വെള്ളിയാഴ്ചകളില്‍ മസ്ജിദും അങ്കണവും കവിഞ്ഞ് നിരത്തും പാതയോരവും പരന്നൊഴുകുന്ന വിശ്വാസിക്കൂട്ടം ഇതര മാസങ്ങളിലെ വെള്ളിയാഴ്ചകളില്‍ എവിടെപ്പോയൊളിക്കുന്നുവെന്നു നാം വിചാരപ്പെടാറുണ്ടോ? ഖുതുബയുടെ അവസാന പ്രാര്‍ത്ഥനാവേളയില്‍ മാത്രം ഹൗളിന്‍ കരയില്‍ കലപില കൂട്ടി കയറിവരികയും ആദ്യസലാം വീട്ടുംപടി പള്ളി കാലിയാക്കുകയും ചെയ്യുന്ന യുവതയുടെ ബദ്ധപ്പാടിനെ കുറിച്ച് മഹല്ല് തല ചര്‍ച്ച നടക്കാറുണ്ടോ? മിക്ക നഗരങ്ങളിലും ജുമുഅ സലാം വീട്ടിക്കഴിഞ്ഞാല്‍ പിന്നെയും രണ്ട് ജുമുഅക്കുള്ള ആളുകളെങ്കിലും വൈകിയെത്തി ളുഹ്‌റ് പോലും നിസ്‌കരിക്കാതെ തിരിച്ചുനടക്കുന്നത് ആലോചനാ വിഷയമാക്കാറുണ്ടോ? ഇന്നലെകളിലെ ജുമാമസ്ജിദുകള്‍ സമൂഹവും മഹല്ലുതല പള്ളികളും തമ്മില്‍ നിലനിന്നിരുന്ന ഗാഢബന്ധത്തിന്റെ ഊഷ്മളതയ്ക്കു കോട്ടം വരുത്തിയ നിമിത്തങ്ങളില്‍ പ്രധാനപ്പെട്ടവയെ ഇങ്ങനെ സംഗ്രഹിക്കാം: മഹല്ലത്തിന്റെ നാഡിമിടിപ്പുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്ന, പതിറ്റാണ്ടുകള്‍ സേവനത്തിലിരുന്ന പണ്ഡിതനേതൃത്വത്തെ എന്തുവിലകൊടുത്തും നിലനിര്‍ത്താന്‍ ഭാരവാഹികള്‍ക്ക് ശുഷ്‌കാന്തി പോരാതെ വന്നു. മുതവല്ലി ഭരണത്തിനു പകരം വന്ന കമ്മിറ്റി ഭരണങ്ങള്‍ ഗുണപരമായ നടപടികള്‍ കൈക്കൊള്ളുന്നതിന് പകരം സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കസേരക്കളികളിലും രാഷ്ട്രീയവും കുടുംബപരവുമായ അനാരോഗ്യ പിടിവലികളിലും സമയം വ്യയം ചെയ്യേണ്ടിവന്നു. ദീനീബോധനമെന്ന ലക്ഷ്യം വഴിമാറി കര്‍ത്തവ്യം ചെയ്തു തീര്‍ക്കലായോ ദുരഭിമാനത്തിനും മേനിപറച്ചിലിനും വേണ്ടിയുള്ള പ്രവര്‍ത്തനമോ ആയിത്തീര്‍ന്നു. ജനസാന്ദ്രത വര്‍ധിക്കുന്നതിനനുസൃതമായി എല്ലാവരെയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുന്നതിനു പകരം ഇമാമിനെ പുതുക്കിനിശ്ചയിക്കാനും ശമ്പളം എണ്ണിക്കൊടുക്കാനും മാത്രമായി കമ്മിറ്റികള്‍ പരിമിതപ്പെട്ടു. പ്രദേശത്തിന്റെ മതസാംസ്‌കാരിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട മസ്ജിദുകള്‍ കേവല നിസ്‌കാരച്ചടങ്ങുകളുടെ മാത്രം വേദിയായി. കാലിക വിഷയങ്ങളെ കുറിച്ച് മഹല്ലത്തിനെ ബോധവല്‍ക്കരിച്ചിരുന്ന ജുമുഅക്ക് മുമ്പോ ശേഷമോ നടന്നിരുന്ന ഉദ്‌ബോധന ക്ലാസുകള്‍ ശ്രോതാക്കളുടെ അസാന്നിധ്യം കാരണം ഒരുഭാഗത്ത് ക്ഷയോന്മുഖമായപ്പോള്‍ മറ്റൊരു ഭാഗത്ത് പ്രാദേശികമോ രാഷ്ട്രീയപരമോ ആയ പലതരം കാരണങ്ങളാല്‍ നിയന്ത്രിച്ച് ദുര്‍ബലപ്പെടുത്തി. ആരെന്തൊക്കെപ്പറഞ്ഞാലും നമ്മുടെ മഹല്ലുകള്‍ ഇന്നലെകളില്‍ നിന്നു വളരെയേറെ മാറിയിരിക്കുന്നു. കെട്ടിട വിപുലീകരണങ്ങളും പുനര്‍നിര്‍മാണങ്ങളും അലങ്കാര പ്രവര്‍ത്തനങ്ങളും തകൃതിയില്‍ മുറപോലെ നടക്കുന്നുവെങ്കിലും മതവൈജ്ഞാനിക രംഗത്തും ആത്മസംസ്‌കരണ രംഗത്തും കാര്യമാത്രപ്രസക്ത പ്രവര്‍ത്തനങ്ങളേതുമില്ലാതെ സീറോപോയിന്റിലേക്കാണ് സൂചിക ചലിച്ചുകൊണ്ടിരിക്കുന്നത്. സദാചാരബോധം നഷ്ടമായ പുതിയ തലമുറ അധാര്‍മിക പ്രവണതകളില്‍ ബാല്യവും യൗവനവും തളയ്ക്കുന്ന ഭീതിതമായ സാഹചര്യം മറികടക്കാന്‍ സത്വര നടപടികളിലേക്ക് ഇറങ്ങിത്തിരിക്കുന്ന സമൂഹത്തിന് മഹല്ല് അടിസ്ഥാനത്തില്‍ പ്രായോഗിക മാര്‍ഗരേഖ അനിവാര്യമാണ്. കാര്യബോധവും വിവേകവുമുള്ള മഹല്ല് ഭാരവാഹികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനോന്മുഖമാകുന്നപക്ഷം സമുദായത്തെ നേര്‍വഴിക്ക് നടത്താനും സാംസ്‌കാരിക പൈതൃകം തിരിച്ചുപിടിക്കാനും സഹായകമാകും. ജുമുഅയുടെ സാമൂഹികത ജുമുഅ എന്ന പദം സൂചിപ്പിക്കുന്നതുപോലെ തന്നെ സാമൂഹികമായ കൂട്ടായ്മയിലാണ് ഇതിലെ പ്രത്യേക ആരാധനാ കര്‍മമാകുന്ന ഖുതുബയും നിസ്‌കാരവും സാധുവാകുന്നത്. സ്ത്രീകള്‍, കുട്ടികള്‍, രോഗികള്‍, അടിമകള്‍ തുടങ്ങി ശരീഅത്ത് ഇളവ് നല്‍കിയ വിഭാഗങ്ങളൊഴികെയുള്ള, എല്ലാ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രമായ പുരുഷന്‍മാര്‍ക്ക് വ്യക്തിപരമായ നിര്‍ബന്ധ ബാധ്യതയാണിത്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ''വിശ്വസിച്ചവരേ, ജുമുഅ ദിവസം നിസ്‌കാരത്തിനു വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക് നിങ്ങള്‍ വേഗത്തില്‍ വരികയും വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം, നിങ്ങള്‍ അറിയുന്നവരാണെങ്കില്‍.'' (അല്‍ജുമുഅ-9) റസൂല്‍(സ്വ) പറയുന്നതായി ഞാന്‍ കേട്ടുവെന്ന് അബൂഹുറൈറ(റ) പറയുന്നു: ''നാം അവസാനമുള്ളവരും ഖിയാമത്ത് നാളില്‍ മുമ്പന്മാരുമാണ്. പക്ഷേ, അവര്‍ക്ക് (ജൂത-ക്രിസ്ത്യാനികള്‍ക്ക്) നമ്മുടെ മുമ്പായി വേദം നല്‍കപ്പെട്ടിരിക്കുന്നു. നമുക്ക് അത് നല്‍കപ്പെട്ടത് അവര്‍ക്കു ശേഷമാണ്. പിന്നെ ഈ ദിവസമുണ്ടല്ലോ (ജുമുഅ ദിവസം) അത് അവര്‍ക്ക് നര്‍ബന്ധമാക്കിയ ദിവസമായിരുന്നു. അവരതില്‍ ഭിന്നിക്കുകയും അല്ലാഹു നമുക്ക് നേര്‍വഴി കാണിക്കുകയും ചെയ്തു. അതിനാല്‍ ഇന്ന് ഈ വിഷയത്തില്‍ ജനങ്ങള്‍ നമ്മുടെ അനുഗാമികളത്രെ. ജൂതന്‍മാര്‍ നാളത്തെ ദിവസത്തെയും ക്രിസ്ത്യാനികള്‍ പിറ്റെ ദിവസത്തെയും ബഹുമാനിക്കുന്നു.'' (ബുഖാരി, മുസ്‌ലിം) ദിനേനയുള്ള അഞ്ചുനേര നിസ്‌കാരങ്ങള്‍ ജമാഅത്തായി നിര്‍വഹിക്കപ്പെടല്‍ സാമൂഹിക ബാധ്യതയാണെങ്കില്‍ അതില്‍നിന്നു ഭിന്നമായി വൈയക്തിക ബാധ്യയായാണ് ആഴ്ചയില്‍ വെള്ളിയാഴ്ച ജുമുഅക്കു വേണ്ടി ഒത്തുകൂടുക എന്നത്. അകാരണമായി ഒരു ജുമുഅ വിശ്വാസി പാഴാക്കിയാല്‍ അവന്റെ ഹൃദയത്തില്‍ കരിനിഴല്‍ വീഴുമെന്നും മൂന്നു ജുമുഅ നഷ്ടപ്പെടുത്തിയാല്‍ ഹൃദയത്തില്‍ അല്ലാഹു മുദ്രവയ്ക്കുമെന്നും പ്രവാചകര്‍(സ്വ) പഠിപ്പിച്ചതില്‍നിന്ന് ഇതെത്രമാത്രം പ്രാധാന്യത്തോടെയും ഗൗരവത്തോടെയുമാണ് മതം കാണുന്നതെന്ന് മനസ്സിലാക്കാവുന്നതാണ്. ഭക്തിസാന്ദ്ര മനസ്സോടെ ഇലാഹീ സാമീപ്യ ചിന്തയോടെ പ്രദേശത്തെ ഓരോ വിശുദ്ധ മസ്ജിദില്‍ നേരത്ത എത്താനും ഒന്നാം സ്വഫ് പിടിക്കാനും തിടുക്കപ്പെട്ട് ഒത്തുചേരുമ്പോള്‍ പാകപ്പെടുന്നത് നേരിന്റെ മാര്‍ഗത്തിലുള്ള കൂട്ടായ്മാബോധമാണ്. ആഴ്ചതോറും അല്ലാഹുവിന്റെ വിളികേട്ട് തഖ്‌വയുടെ ഉദ്‌ബോധനം ഉള്‍ക്കൊണ്ട് ജീവിതം സദാചാരനിഷ്ഠയില്‍ പുനഃക്രമീകരിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികള്‍ മസ്ജിദില്‍ നിമിഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഐഹിക സംഭാഷണങ്ങളോ കലപില വര്‍ത്തമാനങ്ങളോ ഒന്നുമില്ലാതെ മാനസികമായ അടുപ്പവും സുദൃഢ സൗഹൃദവും പണിതുയര്‍ത്തുകയാണ്. കാലമേല്‍പ്പിക്കുന്ന ബാധ്യതകള്‍ മതത്തില്‍നിന്ന് അനുദിനം അകന്നുകൊണ്ടേയിരിക്കുന്ന പുതിയ തലമുറയെ തിരിച്ചുപിടിച്ച് ധാര്‍മിക വീഥിയില്‍ വഴിനടത്തേണ്ടത് അടിയന്തരമായ ഉത്തരവാദിത്തമാണ്. സമൂഹ മനഃസാക്ഷിയെ ഞെട്ടിക്കുംവിധമാണ് ഗ്രാമാന്തരങ്ങളില്‍ വരെ ഇളംതലമുറ മദ്യ-മയക്കുമരുന്നുകള്‍ക്കും ലൈംഗിക പ്രവണതകള്‍ക്കും അടിമപ്പെട്ട് ജീവിതതാളം നഷ്ടപ്പെട്ട് നടക്കുന്നത്. മക്കളുടെ ചെറുപ്പകാലം അടിച്ചുപൊളിക്കാന്‍ പരമാവധി പണം പകര്‍ന്നുകൊടുക്കുന്ന രക്ഷിതാക്കള്‍ ഒരു ഭാഗത്തും മണല്‍വാരല്‍ പോലെ ഏതു ചെറുപ്പകാരനും മണിക്കൂറുകള്‍ കൊണ്ട് ആയിരങ്ങള്‍ സമ്പാദിക്കാന്‍ സാഹചര്യമൊരുക്കുന്ന തൊഴിലുകള്‍ മറുഭാഗത്തും പുതിയ ജനറേഷനു സമ്പന്നത സമ്മാനിച്ചപ്പോള്‍ അവരെ മയക്കുമരുന്നും മദിരാക്ഷിയും നല്‍കി സ്വാധീനിച്ച് കാശ് കൈക്കലാക്കാന്‍ എത്തിയ ഗൂഢ നെറ്റ്‌വര്‍ക്ക് സംഘങ്ങള്‍ അവരെ കൊണ്ടെത്തിക്കുന്നത് കൊള്ളയുടെയും കൂട്ടിക്കൊടുപ്പിന്റെയും വന്‍മാഫിയാ റാക്കറ്റിലോ   ജീര്‍ണിച്ച ജീവിത പരിസരങ്ങളിലോ ആണ്. ഉണര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ കാര്യക്ഷമമായ മുന്നേറ്റം ഇതിനെതിരേ നടന്നില്ലെങ്കില്‍ അനതിവിദൂര ഭാവിയില്‍ മുസ്‌ലിം നാമധാരികളായ ഒരു നല്ല വിഭാഗം ഇസ്‌ലാമിക സംസ്‌കാരത്തിന്റെയും സാംസ്‌കാരിക ചിഹ്നങ്ങളുടെയും കടയ്ക്കല്‍ കത്തിവച്ച് നാടിനെ തന്നെ നാശത്തിലെത്തിക്കും. മുന്‍കാലത്ത് മഹല്ലിനെ കുറിച്ച് ഒരു നല്ല ധാരണയുള്ള നേതൃത്വം മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നെങ്കില്‍ വര്‍ധിച്ച ജനസാന്ദ്രതയും മാറിവരുന്ന നേതൃത്വവും കാരണം ഒരു നഖചിത്രം ഇല്ലാതെപോകുന്നു. അതിനാല്‍, നാടിന്റെ മത-ഭൗതിക വൈജ്ഞാനിക നിലവാരവും വാണിജ്യ-വ്യാവസായിക-തൊഴില്‍ രംഗ പ്രാതിനിധ്യം വേര്‍തിരിച്ചുള്ള സാമ്പത്തിക നിലപാടും അങ്ങനെ സാമൂഹിക-സാംസ്‌കാരിക-സദാചാര സൂചികകളും വ്യക്തമാക്കുന്ന വാര്‍ഷിക സര്‍വേകള്‍ ഇക്കാലത്ത് അനിവാര്യമാണ്. ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അഡിക്റ്റ് ആയവരുടെയും സദാചാര ജീവിതം പുലര്‍ത്താനാവാത്തവരുടെയും ജുമുഅ ജമാഅത്തുകളില്‍ നിന്ന് അകാരണമായി വിട്ടുനില്‍ക്കുന്നവരുടെയും ഏകദേശ ധാരണ മഹല്ല് നേതൃത്വത്തിനുണ്ടാകുമ്പോഴാണല്ലോ ഉദ്‌ബോധന പ്രവര്‍ത്തനങ്ങളുടെ ശൈലി  കൂടുതല്‍ ശാസ്ത്രീയമായി ക്രമീകരിക്കാനാവുകയുള്ളൂ. മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് സര്‍ക്കാര്‍-സര്‍ക്കാരിതര ഭേദമന്യേ ഭൂരിപക്ഷ സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവൃത്തി ദിവസമാണെന്നതിനാല്‍ പലര്‍ക്കും കഷ്ടിച്ച് ജുമുഅ നിര്‍വഹണത്തിന് എത്തിപ്പെടാനേ കഴിയുന്നുള്ളൂ. അതിനാല്‍ തന്നെ അന്നേ ദിവസത്തെ പ്രധാന ഉദ്‌ബോധനങ്ങള്‍ വരെ വേണ്ടത്ര ഫലം ചെയ്യാത്ത സ്ഥിതിയുണ്ട്. ടൗണ്‍ പള്ളികള്‍ കേന്ദ്രീകരിച്ചും മറ്റും വെള്ളിയാഴ്ച സുബ്ഹ് നിസ്‌കാരാനന്തരം ഖുര്‍ആന്‍ ക്ലാസുകളും മറ്റ് തസ്‌കിയത് ചടങ്ങുകളും നടന്നുകൊണ്ടിരിക്കുന്നുവെന്നത് ആശ്വാസം പകരുന്നത് തന്നെ. എങ്കില്‍ തന്നെയും പ്രാദേശികമായ സൗകര്യങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്ത് ഇതൊന്നുകൂടി വിപുലവും വ്യാപകവുമായ തോതില്‍ 10 മുതല്‍ 12 മണി വരെയുള്ള സമയത്തേക്ക് ക്രമീകരിക്കുകയാണെങ്കില്‍ ഏറെ ഫലം ചെയ്യും. നേരത്തേ പള്ളിയിലെത്തുന്നതിന്റെ മഹത്തായ പുണ്യം സമ്പാദിക്കാനാവുന്നതോടൊപ്പം വാഹനസൗകര്യമില്ലാത്ത മുക്കുമൂലകളില്‍ താമസിക്കുന്നവര്‍ക്കും സംബന്ധിക്കാനവസരം കിട്ടും. മുമ്പും ശേഷവുമുള്ള സമയം സൂറതുല്‍ കഹ്ഫ്,  സ്വലാത്ത് പോലുള്ള വിര്‍ദുകള്‍ക്കും ഉപയോഗപ്പെടുത്താനാവും. ഓഫീസ് ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുത്താനാവില്ലെന്ന പ്രതിസന്ധി ഉണ്ടെങ്കില്‍ തന്നെയും മറ്റുള്ളവരെ കൂടുതല്‍ ഉപയോഗപ്പെടുത്താനാവുമെന്നതും വെള്ളിയാഴ്ചയുടെ നല്ലൊരു പകല്‍ വെറുതെ പത്രം വായിച്ചും ടിവിക്ക് മുമ്പില്‍ ചെലവഴിച്ചും പീടികത്തിണ്ണകളില്‍ 'കത്തിയടി'ച്ചും പാഴാക്കുന്നവരെ തിരിച്ചുപിടിക്കാനാവും. ഇന്നു മാതൃകാപരമായ ചുരുക്കം  ചില പള്ളികളിലെങ്കിലും തുടക്കം കുറിച്ചതുപോലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്താനാവും വിധം തൊഴിലവസരങ്ങള്‍, പുതിയ കോഴ്‌സുകള്‍, പരീക്ഷകള്‍, വിജ്ഞാപനങ്ങള്‍ തുടങ്ങിയവ നോട്ടീസ് തൂക്കിയോ വായിച്ച് കേള്‍പ്പിച്ചോ ശ്രദ്ധയില്‍ പെടുത്താവുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമുദായത്തിന്റെ വൈജ്ഞാനിക-സാംസ്‌കാരിക വളര്‍ച്ചയില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിക്കും. പ്രദേശത്തെ അവശ കുടുംബങ്ങളെ കണ്ടെത്തി ആവശ്യങ്ങളറിഞ്ഞ് അവിടത്തെ സമ്പന്നരില്‍നിന്നു തന്നെ വിഭവം സ്വരൂപിച്ച് നിവൃത്തിവരുത്താന്‍ സന്നദ്ധ സംഘങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. രോഗ ശുശ്രൂഷ, വിവാഹ സഹായം, ഗ്രഹനിര്‍മാണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ പോയി പിരിവ് നടത്താന്‍ സാക്ഷ്യപത്രം തയ്യാറാക്കി കൊടുക്കുന്നതിനു പകരം മഹല്ല് ഭാരവാഹികളോ അല്ലെങ്കില്‍ അവരുടെ നേതൃത്വത്തിലുള്ള സംഘടനകളോ ഇവ ബാധ്യതയായി ഏറ്റെടുത്ത് പരിഹാരമാര്‍ഗം കണ്ടെത്തണം. അതത് മഹല്ലുകളില്‍ ഏറെ ബുദ്ധിമുട്ടുന്നവരും ദുരിതമനുഭവിക്കുന്നവരുമുണ്ടായിട്ടും പുറത്തുപറയാന്‍  ലജ്ജ അനുവദിക്കാത്തതിനാല്‍ അവര്‍ ആ അവസ്ഥ തുടരുന്നതിനും മഹല്ലിലെ വിഭവം സാമര്‍ത്ഥ്യമുള്ള മറ്റു പ്രദേശത്തുകാര്‍ കടത്തിക്കൊണ്ടുപോവകുയും ചെയ്യുന്നതില്‍ മഹല്ലുകാര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലേ? മഹല്ല് നേതൃത്വം കാര്യബോധമുള്ളവരും പ്രവര്‍ത്തനക്ഷമതയുള്ളവരുമായാല്‍ നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്തയയ്ക്കാനും രോഗികളെ ചികിത്സിക്കാനും വീടില്ലാത്തവര്‍ക്ക് സഹായം ചെയ്തുകൊടുക്കാനും അഗതികളായ വിദ്യാര്‍ത്ഥികളെ ദത്തെടുത്തോ സ്‌കോളര്‍ഷിപ്പ് അനുവദിച്ചോ ഉന്നത പഠനത്തിന് അവസരമൊരുക്കാനും അങ്ങനെ ഐശ്വര്യപൂര്‍ണ മഹല്ല് വളര്‍ത്തിക്കൊണ്ടുവരാനും കഴിയും. മഹല്ലിനു നേതൃത്വം നല്‍കുന്ന പണ്ഡിതനും ഭാരവാഹികള്‍ക്കും പ്രദേശവാസികളോട് ആശയവിനിമയം നടത്താനുള്ള ഒരു സാഹചര്യം ഉണ്ടായേ തീരൂ. ജുമുഅയോടനുബന്ധിച്ചോ വെള്ളിയാഴ്ചയുടെ മറ്റ് സമയങ്ങളിലോ അതല്ലാത്ത മറ്റു ദിവസങ്ങളിലോ അവരുടെ സൗകര്യമനുസരിച്ച് അഭിപ്രായം തേടി സമയം കണ്ടെത്തേണ്ടിവരും. ചര്‍ച്ചയില്‍ ഇദം പ്രഥമമായ പരിഗണന യുവതയുടെ ധാര്‍മികതയിലൂന്നിയ ജീവിതം ഉറപ്പുവരുത്തുന്നതിനാവണം. കേവല പഠനക്ലാസുകള്‍ക്കോ പ്രഭാഷണങ്ങള്‍ക്കോ അപ്പുറം വഴിതെറ്റിയവരെയും തെറ്റാന്‍ സാഹചര്യമുള്ളവരെയും കണ്ടെത്തി അവര്‍ക്ക് ഉചിതമായ മറ്റുമരുന്നുകള്‍ നല്‍കി ചികിത്സാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്‌ക്കേണ്ടിവരും. യുക്തവും ശക്തവും കൂട്ടിയതുമായ നിരന്തര ശ്രമങ്ങള്‍ നടന്നെങ്കിലേ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിജയം കാണുകയുള്ളൂ. മഹല്ല്തല സംഘടനകള്‍ക്ക് ഈ വിഷയത്തില്‍ മഹല്ല് ഭാരവാഹികളോട് കൂടെനിന്ന് അവശ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുകൊടുക്കാനാകും. ജുമുഅ ദിവസം ഹ്രസ്വ ഖുതുബയിലും നിസ്‌കാരത്തിലും മാത്രം പരിമിതപ്പെടുന്ന കേവല ചടങ്ങുകളായി പരിണമിച്ചിട്ടുണ്ട് മിക്ക മഹല്ലുകളിലും. ജനറല്‍ബോഡിയും പ്രവര്‍ത്തക സമിതിയും ഭയക്കുന്ന ഭാരവാഹികളും കുറവല്ല. എന്നാല്‍, ധാര്‍മികതിയിലൂന്നിയ മഹല്ല് ഉറപ്പുവരുത്താന്‍ ആഴ്ചതോറും കഴിഞ്ഞില്ലെങ്കില്‍ കൂടി ആവുന്നത്ര ജുമുഅക്ക് മുമ്പ് പത്ത് പത്തരയ്ക്ക് തുടങ്ങുന്ന ഉദ്‌ബോധനത്തിന്റെ ജനറല്‍ബോഡിയും ജുമുആനന്തരം അതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്താന്‍ പ്രവര്‍ത്തക സമിതിയും കൂടുന്നിടത്തേക്ക് മഹല്ല് പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴേ വിജയകരമായ മാതൃകാ മഹല്ല് സാധ്യമാവുകയുള്ളൂ. അല്ലാഹു നമ്മുടെ പ്രവര്‍ത്തനങ്ങളെ വിജയത്തിലെത്തിക്കുകയും അര്‍ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter