ഒലീവ് മഹത്വങ്ങള്‍
നവംബര്‍ 26, ലോക ഒലീവ് വൃക്ഷദിനമായാണ് ആചരിക്കപ്പെടുന്നത്. ഈ ദിനത്തില്‍ ആ വൃക്ഷത്തെ കുറിച്ചും അതിന്റെ കായയെ കുറിച്ചും അവയുടെ ഫലങ്ങളെ കുറിച്ചും ഒന്ന് പരിചയപ്പെടാം.
ചരിത്രപരമായും മതപരമായും ആരോഗ്യപരമായും ഏറെ പ്രാധാന്യമുള്ള ഒലീവ് ലോകത്ത് എറ്റവും പഴക്കം ചെന്ന വൃക്ഷങ്ങളില്‍പെട്ടതാണ്. മരത്തിനും ഫലത്തിനും ഒരേ പേര് തന്നെയാണ് ഉപയോഗിക്കപ്പെടുന്നത്. ഇസ്‌റാഈലിലും സിറിയയിലുമാണ് ഒലീവിന്റെ ഉത്ഭവം എന്ന് ചരിത്രരേഖകളില്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ സൂറതുത്തീന്‍ ആരംഭിക്കുന്നത് അത്തിപ്പഴവും ഒലീവും കൊണ്ട് സത്യം ചെയ്താണ്. അത്തിയും ഒലീവും സുലഭമായി ഉണ്ടായിരുന്നത് അവിഭക്ത ശാമിലായിരുന്നു, വിശിഷ്യ ഫലസ്ഥീനില്‍.
ഒരുപാട് ഔഷധമൂല്യമുുള്ള വൃക്ഷമാണ് ഒലീവ്. അതിന്റെ എണ്ണവും കായുമെല്ലാം മനുഷ്യന് ആരോഗ്യദായകമാണ്. സാധാരണ എണ്ണയില്‍ വറുത്ത ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയപ്പെടാറുണ്ട്. എണ്ണകള്‍ ചൂടായി അതിന്റെ ബ്രേക്കിംഗ് പോയിന്റ് / സ്‌മോക്കിംഗ് പോയിന്റ് എത്തുമ്പോള്‍ കാന്‍സറിനു വരെ കാരണമായേക്കാവുന്ന കാര്‍സിനോജനിക് ഉദ്പാദിക്കപ്പടുന്നു എന്നത് കൊണ്ടാണിത്. എന്നാല്‍ ആരോഗ്യദായകമായ ഏതാനും ചില എണ്ണകളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഒലീവ് എണ്ണയാണ്. ഒരു ടീസ്പൂണ്‍ വീതമെങ്കിലും ഒലീവ് എണ്ണ ദിവസവും കഴിക്കുന്നത് ഒരുപാട് ഗുണങ്ങള്‍ നല്‍കുമെന്ന് വൈദ്യശാസ്ത്രം പറയുന്നു. ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹസാധ്യത, ലൈംഗിക പ്രശ്‌നങ്ങള്‍, കുടവയര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും തലച്ചോറിന്റെയും എല്ലുകളുടെയും ആരോഗ്യത്തിനും ഒലീവ് എണ്ണയുടെ ഉപയോഗം ഉപകാരപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എണ്ണപോലെ തന്നെ ഒലീവിന്റെ കായയും തീന്മേശകളില്‍ ഇടം പിടിക്കുന്ന വിഭവമാണ്.
ആരോഗ്യ സംരക്ഷണത്തോടൊപ്പം സൗന്ദര്യം നിലനിറുത്തുന്നതിനും തലമുടി സംരക്ഷിക്കുന്നതിനും ഒലീവ് സഹായിക്കുന്നു. ഒലീവെണ്ണയില്‍ അടങ്ങിയിട്ടുള്ള ആന്റിഓക്‌സിഡന്റുകള്‍ പോളിഫിനോളുകളുടെ രൂപത്തില്‍ ആണുള്ളത്. ഇതില്‍ വൈറ്റമിന്‍ എയും വൈറ്റമിന്‍ ഇയും സമ്പുഷ്ടമായതിനാല്‍ നല്ലൊരു മോയിസ്ചറയ്‌സര്‍ ആയി ചര്‍മ സംരക്ഷണത്തിന് സഹായിക്കുന്നു. വൈറ്റമിന്‍ ഇ ചര്‍മത്തിലെ ചുളിവുകള്‍ നീക്കുകയും സൗന്ദര്യം നിലനിറുത്തുകയും ചെയ്യുന്നു. ആരോഗ്യ സൗന്ദര്യ സംരക്ഷണത്തിന് വളരെ ഉപകാരപ്രദമായ മരുന്നായും നല്ല ഭക്ഷണപദാര്‍ഥമായും ഒലീവ് വര്‍ത്തിക്കുന്നു. 'സീനാ മലനിരകളിലെ ഒലീവ് മരവും നാമുല്‍പാദിപ്പിച്ചു, ആഹരിക്കുന്നവര്‍ക്ക് എണ്ണയും കറിയും അത് നല്‍കുന്നു. (സൂറതുല്‍ മുഅ്മിനൂന്‍-20)
വിശുദ്ധ ഖുര്‍ആനിലും ഹദീസിലും ഒലീവിനെ കുറിച്ചുള്ള പ്രതിപാദനങ്ങളും ചര്‍ച്ചകളും കാണാം. ഏഴിടങ്ങളില്‍ ഖുര്‍ആന്‍ ഒലീവിനെ പ്രതിപാദിക്കുന്നുണ്ട്. അതിലൊരിടത്ത് അല്ലാഹുവിന്റെ പ്രകാശത്തിന് സമാനമായ പ്രകാശമെന്ന രൂപത്തിലാണ് ഒലീവെണ്ണയുടെ പ്രകാശത്തെ പരിചയപ്പെടുത്തിയത്. രോഗത്തിന്റെ അന്ധകാരം അകറ്റി ആരോഗ്യത്തിന്റെ പ്രകാശം ശരീരത്തിലേക്ക് സന്നിവേശിപ്പിക്കാനുള്ള കഴിവ് ഒലീവിനുണ്ടെന്ന് വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
ഉമര്‍ (റ) വില്‍ നിന്നും നിവേദനം, പ്രവാചകര്‍ (സ്വ) പറഞ്ഞു: നിങ്ങള്‍ ഒലീവെണ്ണ ഭക്ഷണത്തോടൊപ്പം ഉപയോഗിക്കുകയും അത് ശരീരത്തില്‍ പുരട്ടുകയും ചെയ്യുക. കാരണം അത് ഒരു അനുഗ്രഹീത വൃക്ഷത്തില്‍ നിന്നാണ് (തുര്‍മുദി). ഒലീവെണ്ണ ഭക്ഷണത്തില്‍ ഉള്‍പെടുത്തുന്നത് കുഷ്ടരോഗം ഉള്‍പെടെയുള്ള എഴുപതോളം രോഗങ്ങള്‍ക്ക് ശമനമാണെന്ന് അബൂഹുറൈറ (റ) നിവേദനം ചെയ്യുന്ന ഹദീസില്‍ കാണാം.
ഇങ്ങനെ അനവധി മഹത്വങ്ങള്‍ ഉള്‍കൊള്ളുന്നതാണ് ഒലീവ് വൃക്ഷം. ഇതിനായി ഒരു ദിവസം ആചരിക്കാന്‍, 2019 ലാണ് യുനെസ്‌കോ തീരുമാനിച്ചത്. ആരോഗ്യത്തിന് ഏറെ ഫലപ്രദമായ ഈ വൃക്ഷത്തിന്റെ ഗുണമേന്മകള്‍ ലോകത്തിന് പരിചയപ്പെടുത്തുക എന്നത് തന്നെ പ്രധാന ലക്ഷ്യം.
Leave A Comment