മുഹര്‍റം: ഇസ് ലാമിക ചരിത്രങ്ങളുടെ സംഗമകാലം
ഹിജ്‌റ വര്‍ഷത്തിലെ പ്രഥമ മാസമായ മുഹര്‍റം ഇസ്‌ലാമിക ചരിത്രത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വിശ്യഷ്യാ അതിലെ ആശൂറാഅ് (മുഹര്‍റം 10). യുദ്ധം നിഷിദ്ധമാക്കപ്പെട്ട നാലു മാസങ്ങളില്‍ ഒന്നത്രെ ഇത്. ലോക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങള്‍ കൊണ്ട് ധന്യമാക്കപ്പെട്ട ആശൂറാഇന്റെ മഹത്വം വിശദമാക്കുന്ന ഒട്ടേറെ ഹദീസുകള്‍ നമുക്ക് കാണാം. റമളാന്‍ മാസം കഴിഞ്ഞാല്‍ പിന്നെ നബി
(സ) വ്രതമെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിച്ചിരുന്നത് മുഹര്‍റത്തിലായിരുന്നുവെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു.
ചരിത്രത്തിന്റെ ഗതിവിഗതികള്‍ക്ക് മാറ്റം വരുത്തിയ ഒട്ടേറെ സംഭവങ്ങള്‍ മുഹര്‍റത്തില്‍ നടന്നതായി മതഗ്രന്ഥങ്ങള്‍ വ്യക്തമാക്കുന്നു. പൂര്‍വ്വകാല പ്രവാചകരുടെ ജീവിതവുമായി ബന്ധപ്പെട്ടു സുപ്രധാന സംഭവങ്ങള്‍ മുഹര്‍റത്തില്‍ പ്രത്യേകിച്ച് ആശൂറാഇല്‍ നടന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ലോകത്ത് ആദ്യമായി മഴ വര്‍ഷിച്ചത്, നംറൂദിന്റെ അഗ്‌നികുണ്ഠത്തില്‍നിന്ന് ഇബ്‌റാഹീം നബി(അ)ന്റെ മോചനം, അയ്യൂബ് നബി(അ)ന്റെ രോഗശമനം ഇവയില്‍ ചിലത് മാത്രം.
എന്നാല്‍ ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ, ജനമനസ്സുകളില്‍ മുഹര്‍റത്തിന്റെ സ്മരണകള്‍ ജ്വലിപ്പിച്ചു നിറുത്തുന്ന മഹാസംഭവമായി നമ്മുടെ മുമ്പില്‍ ഉയര്‍ന്നുനില്‍ക്കുന്നത് ചരിത്രത്തിലെ ഏറ്റവും ധിക്കാരിയും അഹങ്കാരിയും അക്രമിയുമായ ഒരു ഭരണാധികാരിയുടെ ദയനീയ പതനവും, അങ്ങേയറ്റം ദുര്‍ബലമായ ഒരു ജനവിഭാഗത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അതെ, ഫറോവയുടെ പതനവും മൂസാ നബിയുടെയും അനുയായികളുടെയും മോചനവും നടന്ന ദിനം എന്ന നിലക്കാണ് ആശൂറാഅ് ജനമനസ്സുകളില്‍ പച്ചപിടിച്ചുനില്‍ക്കുന്നത്. ചരിത്രത്തിലെ ഈ സുപ്രധാന സംഭവത്തിന്റെ വര്‍ത്തമാന പ്രാധാന്യം എല്ലാ കാലത്തും പ്രസക്തമാണ് എന്നതത്രെ ഈ സംഭവത്തെ മറ്റുള്ളവയില്‍നിന്ന് വ്യതിരിക്തമാക്കുന്നത്. മര്‍ദ്ദിത ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും, അക്രമികള്‍ക്ക് കടുത്ത താക്കീതും നല്‍കിയ ഉജ്ജ്വല സ്മരണകളാണ് മുഹര്‍റം നമ്മോട് അയവിറക്കുന്നത്.
അധികാരത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും തിണ്ണബലത്തില്‍ അഹങ്കരിച്ച് ദുര്‍ബല ജനവിഭാഗങ്ങളെ അടിച്ചമര്‍ത്തിയും അടിമകളാക്കിയും കിരാതഭരണം നടത്തുകയും ലോകത്ത് ആദ്യമായി ഫാഷിസത്തിന്റെയും വര്‍ഗീയതയുടെയും ശംഖനാദം മുഴക്കുകയും ചെയ്ത ഫറോവയുടെയും ദൈവവിശ്വാസവും ക്ഷമചിത്തതയും കൈമുതലാക്കി സ്വജനതയെ മുന്നോട്ടുനയിച്ച മൂസാനബിയുടെയും ചരിത്രം നമുക്കൊക്കെ സുപരിചിതമാണ്. അത് നമുക്കൊക്കെ ഒരു പാഠവുമാണ്. വിശിഷ്യാ ലോകത്ത് എല്ലായിടത്തും മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുകയും അധികാരവും ഭൗതിക സൗകര്യങ്ങളും കയ്യടക്കിയവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഏകോപിതരാവുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ മുഹര്‍റത്തിന്റെ ചരിത്രപാഠം നാം പുനര്‍വായിക്കേണ്ടതും അതില്‍നിന്നും കരുത്ത് നുകര്‍ന്ന് നമ്മുടെ ദിശ നാം നിര്‍ണ്ണയിക്കേണ്ടതുമാണ്.
ആദ്യമായി മണ്ണിന്റെ മക്കള്‍ വാദവുമായി അധികാരം കയ്യടക്കുകയും അത് നിലനിര്‍ത്തുകയും ചെയ്തവരാണ് ഫറോവ ഭരണകൂടം. ഫറോവമാര്‍ക്കു മുമ്പ് മിസ്വിറിന്റെ (ഈജിപ്ത്) ഭരണം കയ്യാളിയിരുന്നത് യൂസുഫ് നബി(അ)ന്റെ പിന്‍മുറക്കാരായ ബനൂഇസ്‌റായേലരാണ്. യൂസുഫ് നബിയും കൂട്ടരും മിസ്വിറിലെത്തിയതും പിന്നീട് ഭരണാധികാരികളുമായ സംഭവം സുപരിചിതമാണല്ലോ. എന്നാല്‍, പില്‍കാലത്ത് ഈജിപ്ത് ഗിപ്തികളുടേതാണെന്നും അന്യദേശക്കാര്‍ക്ക് അതില്‍ അവകാശമില്ലെന്നുമുള്ള വാദമുയര്‍ത്തി മണ്ണിന്റെമക്കള്‍ വാദവും വംശീയതയും കുത്തിപ്പൊക്കിയാണ് ഫറോവയും കൂട്ടരും അധികാരം പിടിച്ചടക്കുന്നത്. അന്നു മുതല്‍ ഹീബ്രു (ബനീ ഇസ്‌റാേയല്യര്‍) വംശജരുടെ ശനിദശയും തുടങ്ങി. ബനീ ഇസ്‌റായേല്യരെ അടിച്ചൊതുക്കി അടിമകളാക്കി അവരെക്കൊണ്ട് കഠിന ജോലികള്‍ ചെയ്യിച്ച് ഫറോവയും കൂട്ടരും മിസ്വിറിനെ സമ്പന്നമാക്കി. ഭരണകൂടവും അവരുടെ പിണിയാളുകളും സമ്പല്‍ സമൃദ്ധിയില്‍ ആറാടുമ്പോഴും ഹീബ്രു വംശജര്‍ കടുത്ത ദാരിദ്ര്യവും അടിമവേലയും സഹിച്ച് കോപ്റ്റിക്കുകളുടെ അക്രമത്തിനിരയായി ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു. ഈ ദുരിതം അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയപ്പോഴാണ് അവരുടെ വിമോചകനായി അല്ലാഹു മൂസാ നബി(അ)നെ പ്രവാചകനായി അവരിലേക്ക് നിയോഗിക്കുന്നത്.
മൂസാ നബിയുടെ പ്രബോധനത്തെ ഫറോവ നേരിട്ട ചരിത്രം നമുക്ക് സുപരിചിതമാണല്ലോ. കുതന്ത്രങ്ങളും പ്രലോഭനങ്ങളും അക്രമവുമെല്ലാം ഫറോവ മൂസാ നബിക്കും കൂട്ടര്‍ക്കുമെതിരെ പ്രയോഗിച്ചു. വംശീയതയും വിഭാഗീയതയും ഇളക്കിവിട്ടുകൊണ്ടാണ് ഫറോവ ജനങ്ങളെ തന്റെകൂടെ നിര്‍ത്തിയതെന്ന് ഖുര്‍ആനികാദ്ധ്യാപനങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാന്‍ മൂസാ നബിക്ക് തുണയായത് അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസമാണ്.
ഋജുവായ മാര്‍ഗം സ്വീകരിക്കുവാനുള്ള നിരന്തരമായ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നിരാകരിച്ച് ദൃഷ്ടാന്തങ്ങളെയും സത്യമതം സ്വീകരിക്കാനുള്ള അവസരങ്ങളെയും അവഗണിച്ച് ബനൂ ഇസ്‌റായേല്യരെ ഒന്നടങ്കം നശിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോയപ്പോള്‍ ചെങ്കടലില്‍ മുക്കിക്കൊന്നു കൊണ്ട് ആ ധിക്കാരിയുടെ തേര്‍വാഴ്ച അല്ലാഹു അവസാനിപ്പിച്ചു.
വിശുദ്ധ ഖുര്‍ആനില്‍ പല സ്ഥലങ്ങളിലായി ഫറോവയുടെ ധിക്കാരത്തെക്കുറിച്ചും അവന്റെ നാശത്തെക്കുറിച്ചും ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞത് പില്‍കാല സമൂഹങ്ങള്‍ക്ക് പാഠമാവുന്നതിനു വേണ്ടിയാണ്. അതുപോലെ മൂസാനബിയുടെയും അനുചരന്‍മാരുടെയും ധൈര്യവും സ്ഥൈര്യവും ദൃഢവിശ്വാസവും വിവരിക്കുന്നത് സത്യവിശ്വാസികള്‍ പ്രതിസന്ധിക്കു മുമ്പില്‍ പതറാതെ മുന്നോട്ടുപോകുന്നതിന് ഊര്‍ജ്ജം ലഭിക്കുന്നതിനും വേണ്ടിയാണ്. ഖുര്‍ആന്‍ പറയുന്നു: ''മൂസയെ അദ്ദേഹത്തിന്റെ ജനതയിലെ ഏതാനും സന്തതികളല്ലാതെ (യുവാക്കള്‍) ആരും അംഗീകരിച്ചില്ല. ഫറോവയെ പേടിച്ചും ഫറോവയുടെ കുഴപ്പത്തെ പേടിച്ചും സ്വന്തം സമുദായത്തിലെ പ്രമുഖരെ പേടിച്ചും. തീര്‍ച്ചയായും ഫിര്‍ഔന്‍ ഭൂമിയിലെ അതിഭയങ്കരനും അതിക്രമകാരികളില്‍ പെട്ടവനുമായിരുന്നു.''
''ഏ, പ്രമാണിമാരേ, ഞാനല്ലാതൊരു ഇലാഹും നിങ്ങള്‍ക്കുള്ളതായി എനിക്കറിയില്ല. തന്റെ ജനതയോട് അവന്‍ വിളിച്ചുപറഞ്ഞു: ''ഏ, ജനങ്ങളേ, മിസ്വിറിന്റെ ഭരണാധികാരം എനിക്കല്ലയോ? ഈ നദികള്‍ ഒഴുകുന്നത് എന്റെ അധീനതയിലൂടെയല്ലയോ? നിങ്ങളിത് കാണുന്നില്ലേ?'' (വി. ഖുര്‍ആന്‍)
ഇങ്ങനെ അല്ലാഹു തനിക്ക്‌നല്‍കിയ അധികാരത്തിലും ഭൗതിക ശക്തിയിലും മതിമറന്ന ഫറോവ താനാണ് ഏറ്റവും വലിയ ദൈവമെന്നു വീമ്പിളക്കുകയും അല്ലാഹുവിനോട് യുദ്ധംചെയ്യാന്‍ വരെ ഇറങ്ങിപ്പുറപ്പെട്ടുകൊണ്ട് ധിക്കാരം കാണിക്കുകയും ചെയ്തു.
അഹങ്കാരം കൊണ്ട് അന്ധത ബാധിച്ച ഫറോവക്ക് ഒമ്പത് വ്യക്തമായ ദൃഷ്ടാന്തം ലഭ്യമായിട്ടും സത്യത്തിന്റെ പാത ഉള്‍ക്കൊള്ളാനായില്ല. അവസാനം ആ ധിക്കാരിയെ ചെങ്കടലില്‍ മുക്കിക്കൊന്നു കൊണ്ട് അല്ലാഹു പ്രഖ്യാപിച്ചു.: ''ഇന്ന് നിന്റെ ഭൗതികജഡത്തെ നാം രക്ഷപ്പെടുത്തുന്നതാണ്. നിന്റെ ശേഷം വരുന്നവര്‍ക്ക് നീയൊരു പാഠമാകാന്‍ വേണ്ടി. തീര്‍ച്ചയായും ജനങ്ങളില്‍ അധികപേരും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധവാന്‍മാരാണ്.''
ഫറോവയുടെ കിരാത മര്‍ദ്ദനങ്ങളില്‍നിന്ന് രക്ഷ തേടി പുറപ്പെട്ട മൂസാനബിയെയും കൂട്ടരെയും പിടികൂടാന്‍ ഫറോവ സൈന്യവുമായി ഒരു വിളിപ്പാടകലെ എത്തുകയും മുന്നില്‍ മഹാസമുദ്രം മാര്‍ഗതടസ്സമായി നില്‍ക്കുകയും ചെയ്തപ്പോള്‍ ഭയവിഹ്വലരായി ബനൂ ഇസ്‌റായേല്യര്‍ മൂസാനബിയോട് പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നു: ''തീര്‍ച്ചയായും അവര്‍ നമ്മെ പിടികൂടുമല്ലോ.'' ആ പ്രതിസന്ധി ഘട്ടത്തിലും മൂസാനബിയുടെ അല്ലാഹുവിലുള്ള അചഞ്ചല വിശ്വാസം ഖുര്‍ആന്‍ എടുത്തു പറയുന്നു: ''മൂസ പറഞ്ഞു: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്റെ കൂടെയുണ്ട്. അവന്‍ എന്നെ രക്ഷാമാര്‍ഗത്തിലേക്ക് വഴിനടത്തുന്നതാണ്.''ആ നിമിഷം അല്ലാഹു മൂസാനബിയോട് തന്റെ കയ്യിലുള്ള വടികൊണ്ട് സമുദ്രത്തില്‍ അടിക്കാന്‍ പറഞ്ഞതും കടല്‍ പിളര്‍ന്നതും അനന്തര സംഭവങ്ങളും സുവിചിതമാണല്ലോ.
അക്രമികളുടെയും ധിക്കാരികളുടെയും പതനത്തിന്റെയും സത്യവിശ്വാസത്തിന്റെ കരുത്തില്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് പതറാതെ മുന്നോട്ടു പോയവരുടെ വിജയത്തിന്റെയും കഥപറയുന്ന മുഹര്‍റത്തിന്റെ പൂനിലാവ് സത്യവിശ്വാസിയുടെ ഹൃദയത്തില്‍ തൂവെളിച്ചം വിതറേണ്ടതാണ്. പുതുവര്‍ഷത്തില്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടെ മുന്നോട്ടുഗമിക്കാന്‍ മുഹര്‍റത്തിന്റെ ചരിത്രം അവന് കരുത്ത് പകരേണ്ടതാണ്.
നാടുകാക്കാന്‍ ബോംബുകളുടെയും മറ്റു കൂട്ട നശീകരണായുധങ്ങളുടെയും കരുത്തില്‍ ഉന്നത സാങ്കേതിക വിദ്യയും മറ്റു ഭൗതിക സാഹചര്യങ്ങളും തങ്ങള്‍ക്ക് സ്വന്തമാണെന്ന അഹങ്കാരത്തില്‍ മൂന്നാംലോക രാജ്യങ്ങളെയും വിശിഷ്യാ, മുസ്‌ലിം രാഷ്ട്രങ്ങളെയും വരുതിയില്‍ നിര്‍ത്തുവാനും അവിടുത്തെ ഭൗതിക വിഭവങ്ങള്‍ കൊള്ള ചെയ്യുവാനുമുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ മുഹര്‍റമിന്റെ പാഠം നമുക്ക് കരുത്തേകണം.
അഭിനവ ഫറോവമാര്‍ തങ്ങളുടെ ക്രൂരതകള്‍ക്ക് ജനാധിപത്യ സംരക്ഷണത്തിന്റെയും ഭീകര വിരുദ്ധ പോരാട്ടത്തിന്റെയും ലേബലൊട്ടിച്ചുകൊണ്ടാണ് മറയിടുന്നതെങ്കില്‍, മൂന്ന് സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് അന്നത്തെ ഫറോവ മൂസാ നബിക്കും അനുചരന്‍മാര്‍ക്കുമെതിരെ നടത്തിയ അക്രമങ്ങളെ ന്യായീകരിച്ചത് മൂസാനബിയും കൂട്ടരും നാട്ടില്‍ കുഴപ്പമുണ്ടാക്കുന്നുവെന്നും തദ്ദേശവാസികളെ നാട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ്. ചുരുക്കത്തില്‍ നാം എല്ലാ അര്‍ത്ഥത്തിലും ഫറോവയുടെ പുതിയ പതിപ്പുകളെയാണ് നേരിടുന്നത്. വന്‍ശക്തികളുടെ ആയുധബലവും തിണ്ണബലവും കൊണ്ടുള്ള ഭീതിമൂലമോ അല്ലെങ്കില്‍ അവര്‍ നല്‍കുന്ന നക്കാപ്പിച്ചകളില്‍ മനം യങ്ങിയോ വേട്ടക്കാരുടെ ഭാഗംചേരുന്നവര്‍ ഓര്‍ക്കുക- ഫറോവയുടെ കാലത്തും ആ കിങ്കരന്റെ പ്രലോഭനങ്ങളിലും ഭീഷണിയിലും കുടുങ്ങി മൂസാനബിയെയും കൂട്ടരെയും വിമര്‍ശിക്കുന്നവര്‍ ബനൂഇസ്‌റായേല്യരില്‍നിന്നു തന്നെ നല്ലൊരു വിഭാഗവുമുണ്ടായിരുന്നു. ഖുര്‍ആന്‍ ഈ വസ്തുത സൂറത്തു യൂനുസിലെ നടേ സൂചിപ്പിച്ച സൂക്തം വ്യക്തമാക്കുന്നു.
ചുരുക്കത്തില്‍, പഴയകാല ഹീബ്രു വംശജര്‍ ഫറോവയുടെ കാലത്ത് അനുഭവിച്ച പ്രതിസന്ധികള്‍ക്ക് സമാനമായ സാഹചര്യമാണ് ലോകമുസ്‌ലിംകള്‍ ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍വ്വകാല സംഭവങ്ങളെ വര്‍ത്തമാന കാലത്തില്‍ പുനര്‍വായനക്ക് വിധേയമാക്കുമ്പോള്‍ അന്നത്തെ മര്‍ദ്ദിത വിഭാഗത്തിന്റെ പിന്‍മുറക്കാര്‍ ഇന്ന് മര്‍ദ്ദകരായി അവതരിച്ചിരിക്കുന്നുവെന്നു കാണാം. എന്നാല്‍ ഇന്നും അന്നും സത്യത്തിന്റെ വക്താക്കള്‍ ഒരേ പാത പിന്തുടരുന്നവരും ഒരേ ശൃംഖലയുടെ കണ്ണികളുമാണ്. ആദം നബി(അ) മുതല്‍ മുഹമ്മദ് നബി(സ)വരെയുള്ള പ്രവാചകന്‍മാരുടെ പാരമ്പര്യം അവകാശപ്പെടാന്‍ അര്‍ഹതയുള്ളവര്‍ മുസ്‌ലിംകള്‍ മാത്രമാണ്.
മൂസാനബിയുടെയും ഇസാനബിയുടെയും പാരമ്പര്യം അവകാശപ്പെടുന്ന ജൂത-ക്രിസ്തീയ വിഭാഗങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ അതിന് അര്‍ഹതയില്ലെന്ന് അവര്‍ തന്നെ വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് നബി(സ) മദീനയിലെ ജൂതന്‍മാരോട് മൂസാനബി(അ)നെ സ്മരിക്കുവാനും ഫറോവയില്‍നിന്ന് രക്ഷപ്പെട്ടതിന്റെ നന്ദിസൂചകമായി നോമ്പെടുക്കാനും ഏറ്റവും അര്‍ഹതപ്പെട്ടത് ഞാനും എന്റെ സമുദായവുമാണെന്ന് പറഞ്ഞത്.
(ഹസന്‍ ഫൈസി പന്നിപ്പാറ)
Leave A Comment