സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങള്‍
husbandനാഥന്‍ നിന്റെ വൈവാഹിക ജീവിതത്തില്‍ അനുഗ്രഹം വര്‍ഷിക്കട്ടെ. നിങ്ങളെ നന്മയിലും വിജയത്തിലും ഒരുമിച്ചുകൂട്ടട്ടെ. നിന്റെ ജീവിതത്തില്‍ നിനക്കിന്നേവരെ അന്യമായിരുന്ന ഒരു കുടുംബത്തില്‍ ഒരു പുതിയ അതിഥിയായാണു നീ എത്തിയിരിക്കുന്നത്. പല ഭാര്യമാരും ജീവിതകാലം മുഴുവനും ഈ രീതിയില്‍ ഒരു അതിഥിയായി തുടരുന്നു. എന്നാല്‍, നിര്‍ഭാഗ്യമെന്നു പറയട്ടെ, ശത്രുക്കളായി മാറുന്നവരും കുറവല്ല. ഈ രണ്ടവസ്ഥകള്‍ക്കുമിടയില്‍ ജീവിതം കഴിച്ചുകൂട്ടുന്നവരുമുണ്ട്. ''അവന്‍ നിന്റെ അഭയകേന്ദ്രമാണ്. നിങ്ങള്‍ സമാധാനമായി ചേരേണ്ടതിനു വേണ്ടി നിങ്ങളില്‍നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും നിറച്ചതും അവന്റെ ദൃഷ്ടാന്തങ്ങളില്‍പ്പെട്ടതത്രെ. ചിന്തിക്കുന്നവര്‍ക്ക് അവയില്‍ ഒരു പാട് ദൃഷ്ടാന്തങ്ങളുണ്ട്. ''(സൂറത്തുര്‍റൂം : 21) ഞാന്‍ വൈവാഹിക ജീവിതത്തെ കുറിച്ച് പരാമര്‍ശിക്കുമ്പോഴൊക്കെ സുറത്തുന്നിസാഇല്‍ അല്ലാഹു സൂചിപ്പിക്കുന്ന ''നാം അവരില്‍നിന്ന് ശക്തമായ ഒരു കരാറിനെ സ്വീകിരരിച്ചു''വെന്ന വചനം സൂചിപ്പിക്കാറുണ്ട്. ഭാര്യഭര്‍ത്താക്കന്മാര്‍ക്കിടയിലെ സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ശക്തമായ പാശത്തെയാണു ഇത് സൂചിപ്പിക്കുന്നത്. ഇണയെ കുറിച്ചും അവരുടെ പരസ്പര ഉത്തരവാദിത്വങ്ങളെ കുറിച്ചും, അല്ലാഹു അവര്‍ക്കു നല്‍കിയ ഉന്നതമായ സ്ഥാനത്തെ കുറിച്ചും പറയാന്‍ ഇവിടെ സ്ഥലം മതിയാവണമെന്നില്ല. ഞാന്‍ പറയാനാഗ്രഹിക്കുന്നത്, ഒരു ഭാര്യയെന്ന നിലയ്ക്ക് നിന്നില്‍നിന്ന് അവര്‍ക്കു ലഭിക്കേണ്ട പരിഗണനയെ കുറിച്ചും പരിചരണത്തെ കുറിച്ചുമാണ്. ആരാണ് നിന്റെ സംരക്ഷകര്‍ ? ഒരുപാട് കാത്തിരിപ്പിനും വേദനയ്ക്കും ശേഷമാണ് അവര്‍ക്കൊരു കുഞ്ഞു പിറന്നത്. അവരുടെ ആരോഗ്യവും സമ്പത്തും ചിന്തയുമെല്ലാം ആ മകന്റെ വളര്‍ച്ചയിലായിരുന്നു. രോഗിയായിരിക്കുമ്പൊ രാവേറെയും ശുശ്രൂഷിച്ചു. പഠന സന്ദര്‍ഭങ്ങളില്‍ അടുത്തിരുന്നു സഹായിച്ചു, പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സാന്ത്വനത്തിന്റെ ഇളം തെന്നല്‍ കൊണ്ടു പരിഹാരങ്ങള്‍ പകര്‍ന്നുനല്‍കി. അങ്ങനെ അവന്‍ ഒരു പുരുഷനായി വളര്‍ന്നു വലുതായി ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനായി മാറി. ഇതാണ് മാതാപിതാക്കളും മകനും തമ്മിലുള്ള മാനസികമായ ബന്ധത്തിന്റെ കഥ. അങ്ങനെയുള്ളൊരു ചെറുപ്പക്കാരന്റെയടുത്തേക്കാണു നീ പോകുന്നതെന്ന ഓര്‍മ നിനയ്ക്കു വേണം. മകന്റെ കല്യാണ ദിവസം ഓരോ ഉമ്മയും അകം നൊന്ത് കരയും. കാരണം, തന്റെ മകന്‍ അന്നു മുതല്‍ തന്നില്‍ നിന്നും അല്‍പമെങ്കിലും വിദൂരത്താവാന്‍ പോവുകയാണ്. അവരുടെ പാരസ്പര്യ ജീവിതത്തിനിടയില്‍ മറ്റൊരു അതിഥി കൂടി കടന്നുവരികയാണ്. തന്റെ മകനെ തന്നെപ്പോലെ നന്നായി നോക്കുന്ന ഒരു കുട്ടിയെയാണ് അവരും നിന്നില്‍ പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് സ്‌നേഹസ്വരൂപമായ ആ ഉമ്മയുടെ പ്രതീക്ഷ തട്ടിയുടക്കുന്ന വല്ലതും നിന്നില്‍ നിന്നുണ്ടാവാന്‍ പാടില്ല. അവയ്ക്കു ചാരുതയാര്‍ന്ന വര്‍ണങ്ങള്‍ നല്‍കി അവരെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുക. അതുതന്നെയാണ് നിന്റെ ജീവിതത്തിലെ വിജയത്തിന്റെ വഴി. നീ ഓര്‍ക്കുക, വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നീയും നിന്റെ മകന്റെ ഭാര്യയുടെ സംരക്ഷകയായി മാറും, തീര്‍ച്ച! അവള്‍ നിന്നോട് എങ്ങനെ പെരുമാറാന്‍ നീ ആഗ്രഹിക്കുന്നുവോ അതുപോലെ നീ നിന്റെ ഭര്‍ത്താവിന്റെ ഉമ്മയോട് പെരുമാറുക. വിതച്ചതേ കൊയ്യൂ എന്ന കാര്യം മറക്കരുത്. നീയിപ്പോള്‍ അവര്‍ക്ക് എന്തു നല്‍കുന്നുവോ അതാണു നിനയ്ക്ക് തിരിച്ചു ലഭിക്കുക. അവര്‍ അവന്റെ ഉമ്മയാണ്. അതു കൊണ്ട് തന്നെ അവരെ അനുസരിക്കല്‍ അവന്റെ പ്രധാന ബാധ്യതയാണ്. ഒരു മനുഷ്യന്റെ ജീവിതത്തില്‍ അവന്റെ ഉമ്മയ്ക്ക് അല്ലാഹു നിശ്ചയിച്ച സ്ഥാനത്തെകുറിച്ച് നീയും ബോധവതിയാണല്ലോ? നിന്റെ ഭര്‍ത്താവിനെ ഒരിക്കലും മാതാവിനെ അതൃപ്തിപ്പെടുത്താന്‍ നീ പ്രേരിപ്പിക്കരുത്. അവര്‍ക്ക് ഗുണം ചെയ്യാനും അവരുടെ സംതൃപ്തി കരഗതമാക്കാനും നീ അവനെ അകമഴിഞ്ഞു സഹായിക്കുക. നീ വ്യക്തമായി മനസ്സിലാക്കേണ്ട ഒരു കാര്യം, നീയും നിന്റെ ഭര്‍തൃ വീട്ടുകാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളോരോന്നും നിന്റെ ഭര്‍ത്താവുമായും കൂടിയുളള പ്രശ്‌നങ്ങളാണ്. ഡോണാ ടെയ്‌ലര്‍ എന്ന എഴുത്തുകാരി പറയുന്നത് നോക്കൂ: ''ഒരു പെണ്ണും അവളുടെ ഭര്‍തൃ വീട്ടുകാരും തമ്മിലുള്ള ആദ്യ അഭിപ്രായ വ്യത്യാസം അവളും അവളുടെ ഭര്‍ത്താവും തമ്മിലുള്ള വരാന്‍പോകുന്ന പ്രശ്‌നങ്ങളുടെ സൂചന മാത്രമാണ്. അതുകൊണ്ട് തന്നെ ബുദ്ധിമതിയായ ഒരു പെണ്ണ് ഇത്തരത്തിലുള്ള സൂചനകളെ വളരെ ജാഗ്രതയോടെയാണു കാണുക. തന്റെ മാതാപിതാക്കളും ഇതര കുടുംബങ്ങളും വളരെ സംതൃപ്തമായി ഇടപെടുന്ന സ്ത്രീക്കു മാത്രമേ ഭര്‍ത്താവില്‍ സന്തോഷവും ആനന്ദവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ. വിവിധ തരം ഭാര്യമാര്‍ ഭാര്യമാര്‍ വിവിധ തരം സ്വഭാവക്കാരാണ്. അവരില്‍ ഏതു വിഭാഗത്തില്‍ നീ പെടണമെന്ന കാര്യം നീ തന്നെ നിശ്ചയിക്കാന്‍ വേണ്ടി അവരെ ഞാന്‍ പരിചയപ്പെടുത്തുന്നു. മകള്‍ ഭര്‍തൃവീട്ടിലേക്ക് കടന്നു വന്ന് വീട്ടുകാരുടെ മുഴുവന്‍ സ്‌നേഹ വാത്സല്യങ്ങള്‍ക്കൊണ്ടനുഗൃഹീതയാവുന്ന സ്‌നേഹിതയായ മകളെ പോലുള്ള സ്ത്രീയാണ് ഒന്നാം വിഭാഗത്തില്‍ പെടുന്നത്. പല കാരണങ്ങളാലാണ് അതു സംഭവിക്കുന്നത്. 1) സ്‌നേഹബഹുമാനങ്ങളാലും അര്‍ഹിക്കുന്ന പരിഗണനകളാലും കുടുംബാംഗങ്ങളെ സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നവളായിരിക്കുമവള്‍. ഏതു പ്രശ്‌നങ്ങള്‍ക്കിടയിലും വീട്ടില്‍ സമാധാനം സ്ഫുരിക്കുന്ന അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതിനാല്‍തന്നെ കുടുംബാംഗങ്ങള്‍ക്ക് അവളെ നല്ല മതിപ്പായിരിക്കും. 2) കുടുംബാംഗങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ അവരുടെ അനുവാദത്തോടു കൂടിയല്ലാതെ പ്രവേശിക്കുകയില്ല. എങ്കിലും അവരുടെ പ്രയാസങ്ങളില്‍ തന്നാലാവും വിധം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനും അവരെ സമാധാനിപ്പിക്കാനും മുന്‍കൈയ്യെടുക്കും. 3) ഭര്‍തൃമാതാവിനു പ്രത്യേക പരിഗണന നല്‍കുകയും അവര്‍ക്ക് സമ്മാനങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യും. 4) ഭര്‍തൃമാതാവിനെയും പിതാവിനെയും സ്വന്തം ഉമ്മയെയും ഉപ്പയെയും പോലെ സംബോധന ചെയ്യും. 5) സന്തോഷകരമായ സന്ദര്‍ഭങ്ങളെ ഓര്‍ത്തുവയ്ക്കുകയും പ്രത്യേക അവസരങ്ങളില്‍ കഴിയുംപോലെ സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുക. 6) അവരുടെ ന്യൂനതകളെ സ്‌നേഹബുദ്ധ്യാ ഉണര്‍ത്തുകയും ചെയ്യുക. 7) ഭര്‍തൃബന്ധു കുടുംബങ്ങളിലേക്ക് സന്ദര്‍ശനത്തിനു പോകുന്ന അവസരങ്ങളില്‍ കേവലം അതിഥിയെപ്പോലെ പെരുമാറുന്നതിനു പകരം അവരിലൊരാളായി ജോലികളിലും മറ്റും സഹായിക്കുക. 8) ഭര്‍തൃബന്ധു വീടുകളിലേക്ക് നിരന്തരം സന്ദര്‍ശനം നടത്തുക. 9) അഹംഭാവം സ്ഫുരിക്കുന്ന രീതിയില്‍ സംസാരിക്കുകയില്ല; വിനയാന്വിതയായി മാത്രം കാര്യങ്ങളില്‍ ഇടപെടും. 10) അവരുടെ രഹസ്യങ്ങളെ ഉമ്മയുടെ മുന്നില്‍ പോലും പരസ്യമാക്കുകയില്ല. 11) സ്വന്തം ഭര്‍ത്താവിനെ കുറിച്ച് അവരുടെ മുമ്പില്‍ വച്ച് ഒരു കാരണവശാലും ദോശം പറയുകയില്ല. 12) തെറ്റുകള്‍ വിട്ടുവീഴ്ച ചെയ്യുകയും നന്മയുടെ കാര്യത്തില്‍ പരിപൂര്‍ണമായും സഹകരിക്കുകയും ചെയ്യും. 13) വളരെ മയമായ രീതിയില്‍ തന്റെ അവകാശങ്ങളെ അവരില്‍ നിന്ന് എങ്ങനെ പിടിച്ചുവാങ്ങാം എന്നതിനെ കുറിച്ച് പൂര്‍ണമായും ബോധവതിയായിരിക്കും. കൂട്ടുകാരി ഭര്‍തൃകുടുംബത്തോട് വളരെ നയപരമായി പെരുമാറുന്ന സ്ത്രീകളാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കുട്ടുകാരെപ്പോലെ അവരോട് പെരുമാറുകയും അവരുടെ കൂടെ ജീവിക്കുകയും ചെയ്യുന്നവരാണിവര്‍. പല കാരണങ്ങള്‍ക്കൊണ്ടാണിത് സംഭവിക്കുന്നത്. 1) നല്ല പുഞ്ചിരി കൊണ്ട് അവരെ അഭിമുഖീകരിക്കുകയും തന്റെ അതിഥികളെന്നപോലെ അവരോട് പെരുമാറുകയും ചെയ്യുന്നു. 2) കൃത്യമായ ഇടവേളകളില്‍ അവരെ സന്ദര്‍ശിക്കുകയും കുറച്ചു നേരം അവരുടെ കൂടെ കഴിയുകയും ചിലപ്പോഴൊക്കെ അവരുടെ കൂടെ ഉറങ്ങുകയും ചെയ്യുന്നു. 3) അവരുടെ സാമൂഹികമായ പരിപാടികളില്‍ അപരിചിതയെ പോലെ സംബന്ധിക്കുകയും വൈകി വന്ന് പെട്ടെന്നു തന്നെ പോവുകയും ചെയ്യുന്നു. 4) അവരുടെ പ്രശ്‌നങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നു. 5) ഭര്‍തൃമാതാവിനോട് വളരെ സ്വാഭാവികമായി പെരുമാറുകയും അതില്‍ കൂടുതല്‍ പരിഗണ കൊടുക്കാതിരിക്കുകയും ചെയ്യുന്നു. 6) ഭര്‍ത്താവിന്റെ മാതാപിതാക്കളോട് സ്വന്തം മാതാപിതാക്കളോടല്ലാത്ത വിധം പെരുമാറുന്നു. 7) ഭര്‍ത്താവിന്റെ സഹോദരിമാരോടും സഹോദര ഭാര്യമാരോടും തികച്ചും ഔദ്യോഗികമായി മാത്രം പെരുമാറുന്നു. ശത്രു ഇത്തരത്തിലുള്ള ഭാര്യമാരില്‍ നിന്നും അല്ലാഹുവോട് കാവല്‍ തേടുന്നു. കാരണം വീടിന്റെ അകത്തളങ്ങള്‍ യുദ്ധക്കളമാവാനും ജീവിതത്തില്‍ സമാധാനം നഷ്ടപ്പെടാനും ഇതു തന്നെ ധാരാളമായിരിക്കും. ബന്ധവിച്ഛേദം മാത്രമായിരിക്കും ഒരേയൊരു പരിഹാരം. ഇവളുടെ വിശേഷതകളില്‍ ചിലതു വിവരിക്കാം. 1) ഭര്‍ത്താവിന്റെ കുടുംബവുമായി സ്‌നേഹശൂന്യമായും കഠിനമായും പെരുമാറും. 2) അവരുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ താല്‍പര്യം കാണിക്കുകയില്ല. അവരുടെ വീട് ചെറുതാണ്, അവരുടെ സ്വഭാവം തീരെ ശരിയല്ല തുടങ്ങി പലതുമായിരിക്കും കാരണങ്ങള്‍. 3) അവരുടെ ബുദ്ധിമുട്ടില്‍ സന്തോഷിക്കുകയും സന്തോഷാവസരങ്ങളില്‍ അവരോട് ചേരാതിരിക്കുകയും ചെയ്യും. 4) അവള്‍ക്കും ഭര്‍ത്താവിന്റെ കുടുംബക്കാര്‍ക്കുമിടയില്‍ സന്തോഷകരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കുകയില്ല. 5) അവരുടെ രഹസ്യങ്ങളെ അവിടെയും ഇവിടെയും പറഞ്ഞു പരത്തും. 6) ഭര്‍ത്താവിന്റെ ഉമ്മയുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവിനെ കുറിച്ചു പരാതി പറയും. 7) താനും തന്റെ കുടുംബവും അവരുടെ കുടുംബത്തെക്കാള്‍ ഉന്നതരാണെന്ന നിലയ്ക്കായിരിക്കും പെരുമാറ്റങ്ങള്‍. 8) പ്രയാസങ്ങളും പ്രശ്‌നങ്ങളും സ്വയം സൃഷ്ടിച്ചുകൊണ്ടിരിക്കും. ഈ അവസരങ്ങളില്‍ ഭര്‍ത്താവ് പലപ്പോഴും ബലഹീനനും വ്യക്തിത്വമില്ലാത്തവനുമായിരിക്കും. അല്ലെങ്കില്‍ മിക്കവാറും ബന്ധം അവസാനിക്കുകയും ചെയ്യും. മറ്റുപല സ്വഭാവ മാതൃകയിലുമുള്ള സ്ത്രീകളെ നമുക്കു കാണാന്‍ കഴിയും. ഏറ്റവും പ്രധാനപ്പെട്ട ചില സ്വഭാവങ്ങളാണു മുകളില്‍ വിശദീകരിച്ചത്. അതുകൊണ്ട് സോദരീ.......... ഒരു നിമിഷം ചിന്തിക്കുക, എന്നിട്ട് തീരുമാനിക്കുക-ഏതു വിഭാഗത്തില്‍ പെടണമെന്ന്. ആദ്യ വിഭാഗത്തിലായാല്‍, അഥവാ മകളുടെ സ്ഥാനത്തായി നീ മാറിയാല്‍ നിന്റെ വൈവാഹിക ജീവിതം പൂര്‍ണമായും വിജയകരമായിക്കഴിഞ്ഞു. കാരണം, തന്റെ കുടുംബത്തെ സ്‌നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഭാര്യയെ ഒരു ഭര്‍ത്താവ് സ്‌നേഹിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഇനി നീ ഒരു കൂട്ടുകാരിയുടെ റോളിലാണെങ്കില്‍, പലപ്പോഴും അതായിരിക്കും പലര്‍ക്കും നല്ലത്. കാരണം, എല്ലാവര്‍ക്കും ഒരു മകളുടെ സ്ഥാനത്തായി കഴിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഒരുപക്ഷേ, കുടുംബപരമായി നീ അവരോട് അകന്നുപോയേക്കാന്‍ സാധ്യതയുണ്ട്. നീയെങ്ങാനും മൂന്നാം വിഭാഗമായി നാം വിശദീകരിച്ച ശത്രുവിന്റെ റോളാണ് നീ ഏറ്റെടുക്കുന്നതെങ്കില്‍ അതു നിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയമായിരിക്കും. നിന്റെ വീട് ഒരു യുദ്ധക്കളമായി മാറും. അല്ലാഹുവിന്റെ സഹായം എപ്പോഴും നിന്റെ ഭര്‍ത്താവിന്റെയും കുടുംബക്കാരുടെയും കൂടെയായിരിക്കും. അതു കൊണ്ട് അപകടകരമായ ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കി നിന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ അവര്‍ക്കൊരു കൂട്ടുകാരിയായോ മകളായോ ആയി മാറുന്നതായിരിക്കും ഏറ്റവും കരണീയം. ഭാര്യമാരെപ്പോലെ ഭര്‍തൃമാതാക്കളും വിവിധ തരക്കാരായിരിക്കും. പലപ്പോഴും അവരായിരിക്കും പ്രശ്‌നങ്ങളും പ്രയാസങ്ങളും സൃഷ്ടിക്കുന്നത്. നിന്നെ സ്വന്തം മകളുടെ സ്ഥാനത്ത് കാണുന്നവരും അവരിലുണ്ടാവും. സ്‌നേഹസമ്പന്നയായ മാതാവ് ഇവരോട് പെരുമാറാന്‍ ഏറെ എളുപ്പമായിരിക്കും. അവര്‍ സമാധാനവും ശാന്തതയും ആഗ്രഹിക്കുന്നതു കൊണ്ട് തന്നെ സ്വാഭാവികമായും പ്രശ്‌നങ്ങളുണ്ടാവുകയില്ല. അവരെ നന്നായി സംരക്ഷിക്കുകയും ഏറെയേറെ സ്‌നേഹിക്കുകയുമാണു നീ ചെയ്യേണ്ടത്. സ്‌നേഹിക്കപ്പെടാന്‍ അവര്‍ എന്തു കൊണ്ടും അര്‍ഹയാണല്ലോ. ജിജ്ഞാസുവായ മാതാവ് നിനയ്ക്കു കാര്യമായ ബുദ്ധിമുട്ടൊന്നും വരുത്താതെ നിന്നെക്കുറിച്ച് എല്ലാമറിയാന്‍ താല്‍പര്യപ്പെടുന്നവരാണര്‍. അവരോട് വളരെ കരുതലോടെ വേണം പെരുമാറാന്‍. വീട്ടുകാര്യങ്ങളും ഭര്‍ത്താവിനോട് ഇടപെടേണ്ട രീതികളുമെല്ലാം അവരില്‍നിന്നു നീ പഠിക്കുന്നുണ്ടെന്ന് അവരെ ബോധ്യപെടുത്താന്‍ നീ ശ്രമിക്കണം. അസൂയാലുവായ മാതാവ് ഇവരിലെ ദുസ്വഭാവത്തിന്റെ തോത് പലരിലും വ്യത്യസ്തമായിരിക്കും. വളരെ സൂക്ഷിച്ചു മാത്രമേ ഇവരോട് പെരുമാറാന്‍ പാടുള്ളൂ. കാരണം, അതു നിന്റെ ഭര്‍ത്താവിന്റെ ഉമ്മയാണ്. തന്റെ ജീവിതം മുഴുവന്‍ മകനെ വളര്‍ത്താന്‍ കഷ്ടപ്പെടുന്ന ഒരുമ്മയുടെ മനോനിലയെ നിനയ്‌ക്കൊരിക്കലും അവഗണിക്കാന്‍ കഴിയില്ല. അവരുടെ ദേഷ്യം വര്‍ധിപ്പിക്കുന്ന തരത്തില്‍ ഒരു സംസാരവും നിന്റെ പക്കലില്‍നിന്നുണ്ടാവരുത്. അവരുടെ മുമ്പില്‍ നിന്റെ ഭര്‍ത്താവിനോടുള്ള സ്‌നേഹം നീ പരമാവധി മറച്ചുവയ്ക്കുക. അവരുടെ സാന്നിധ്യത്തില്‍ നിന്റെ ഭര്‍ത്താവിനെ സ്തുതിക്കരുത്. എന്റെ കൂട്ടുകാരികളിലൊരാളുടെ അനുഭവമാണ് എനിക്കിപ്പോള്‍ ഓര്‍മവരുന്നത്. അവളും ഇതേ പോലെ ഒരുമ്മയുള്ള കുടുംബത്തിലേക്കാണു വിവാഹം ചെയ്യപ്പെട്ടത്. അവളും ഭര്‍ത്താവും പലപ്പോഴും ഉമ്മയുടെ സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യും, ഇത് ഉമ്മയെ വല്ലാതെ തൃപ്തിപ്പെടുത്തുകയും ചെയ്യും. ജീവിതത്തിലെ ഏറ്റവും സുരക്ഷിതമായ വഴി അതാണെന്ന തിരിച്ചറിവായിരുന്നു അവളെ അങ്ങനെയൊക്കൊ ചെയ്യാന്‍ പ്രേരിപ്പിച്ചത്. ചഞ്ചലചിത്തയായ മാതാവ് 1. സ്ഥിരമായി ഒരേ സ്വഭാവം തന്നെ കാണിക്കണമെന്നില്ല. ചിലപ്പോഴൊക്കെ വളരെ സ്‌നേഹമുള്ള നിലയില്‍ പെരുമാറും. 2. മറ്റുചില അവസരങ്ങളില്‍ കഠിന സ്വഭാവക്കാരിയായിരിക്കും. ആ സന്ദര്‍ഭങ്ങളില്‍ അവരെ വിട്ടുനില്‍ക്കുകയായിരിക്കും ഉത്തമം. 3. നല്ല സമയങ്ങളില്‍ അവരോട് വളരെ നല്ല നിലയില്‍ പെരുമാറുക. 4. അവരോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയും ദേഷ്യത്തിന്റെ കാരണങ്ങള്‍ അറിയാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യുക. ആ സമയത്തുള്ള പെരുമാറ്റരീതി എങ്ങനെയായിരിക്കണമെന്ന് നിശ്ചയിക്കുന്നതും നന്നായിരിക്കും. ഏകാധിപതിയായ മാതാവ് ഇവര്‍ മറ്റുള്ളവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ കല്‍പനകള്‍ പ്രഖ്യാപിക്കുകയും അതു ചെയ്യാന്‍ ഭാര്യമാരെ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. ചിലപ്പോഴൊക്കെ മകന്റെ സമ്മതത്തോടു കൂടിയുമായിരിക്കും ഈ രീതി വീട്ടില്‍ നടപ്പാക്കപ്പെടുന്നത്. അതിനാല്‍ തന്നെ ഭാര്യയുടെ ജീവിതം നരകസമാനമായിരിക്കും. ഈ രീതിയെ ഏതെങ്കിലും തരത്തില്‍ ചോദ്യം ചെയ്താല്‍ വിശേഷിച്ചും. ചെയ്യാന്‍ കഴിയുന്ന ജോലികള്‍ ചെയ്യുകയും അല്ലാത്തവ പരമാവധി ബുദ്ധിപൂര്‍വം ഒഴിവാക്കുകയുമാണു ചെയ്യേണ്ടത്. ചൂഷകയായ മാതാവ് മകന്റെ മുഴുവന്‍ ധനത്തിന്റെയും അവകാശി താനാണെന്നു വിശ്വസിക്കുകയും അതില്‍ നല്ലൊരു ശതമാനം തന്റെ അക്കൗണ്ടിലേക്കു വലിക്കുകയും ചെയ്യുന്നവരാണിവര്‍. പുതിയ കുടുംബത്തെ കുറിച്ചോ അവരുടെ ചെലവുകളെ കുറിച്ചോ യാതൊരു ചിന്തയും അവര്‍ക്കുണ്ടായിരിക്കുകയില്ല. ഈ അവസരത്തില്‍ മകന്‍ തന്റെ ഉമ്മക്ക് സ്വത്തിനെ കുറിച്ചു നിഷേധാത്മകമായി സംസാരിക്കുകയോ അനിഷ്ടം കാണിക്കുകയോ ചെയ്യരുത്. പകരം സന്തോഷവും സംതൃപ്തിയും കാണിക്കണം. മാത്രമല്ല, ദേഷ്യത്തോടെയുള്ള പെരുമാറ്റങ്ങള്‍ ഉണ്ടാവാനും പാടില്ല. ഇവിടെ ചെയ്യാനുള്ളത് കൂടുതല്‍ ഭര്‍ത്താവിനാണ്. അവര്‍ ഈ രീതിയിലുള്ള ഗൃഹാന്തരീക്ഷത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കണം. കാരണം, വിവാഹം നടക്കുന്നതു വരെ ചെലവഴിച്ചതു പോലെ വിവാഹം നടന്ന ശേഷവും ചെയ്യാന്‍ കഴിയില്ലല്ലോ. കൂടുതല്‍ ഉത്തരവാദിത്വങ്ങളും മറ്റും വന്നുചേര്‍ന്ന സ്ഥിതിക്ക് വളരെ ബുദ്ധിപൂര്‍വം മുന്നോട്ടു നീങ്ങണം. അതോടൊപ്പം ഉമ്മയെ പിണക്കാനും പാടില്ലല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter