ഇസ് ലാമില്‍ സ്ത്രീ എവിടെ നില്‍ക്കുന്നു
മനുഷ്യനെ വഴിതെറ്റിക്കാന്‍ പിശാച് നടത്തിയ ചരിത്രത്തിലെ ആദ്യതന്ത്രം നഗ്നത വെളിപ്പെടുത്തലായിരുന്നു. 'നഗ്നത വെളിപ്പെടുത്തുന്നതിന് അവരിരുവരുടെയും വസ്ത്രം പിശാച് ഊരിക്കളയുന്നു.'' (അല്‍അഅ്‌റാഫ്:27) ''ഇസ്‌റാഈല്‍ വംശജരുടെ നാശത്തിന്റെ തുടക്കം സ്ത്രീകളില്‍ നിന്നായിരുന്നു.'' (മുസ്‌ലിം) ''സ്ത്രീ നഗ്നതയാണ്.''(ത്വബ്‌റാനി) ''നിങ്ങള്‍ (സ്ത്രീകള്‍) സ്വഭവനങ്ങളിലൊതുങ്ങിയിരിക്കുക.''(വി.ഖു. 33:33) ''നിങ്ങള്‍ അവരോട് (സ്ത്രീകളോട്) വല്ലതും ചോദിക്കുന്നുവെങ്കില്‍ മറക്കു പിന്നില്‍ നിന്ന് ചോദിക്കുക.''(വി.ഖു.33:53) ''നിങ്ങള്‍ (സ്ത്രീകള്‍) മൃദുലമായി സംസാരിക്കരുത്'' (വി.ഖു. 33:32) സ്ത്രീകളുടെ പൊതുരംഗപ്രവേശം ഇസ്‌ലാമിക നിയമത്തിന് കടകവിരുദ്ധമാണ്. സ്ത്രീകളുടെ അഴിഞ്ഞാട്ടം കുത്തഴിഞ്ഞ സാമൂഹ്യ ജീവിതത്തിന് വഴിതുറക്കും. സ്ത്രീകളെ പുറത്തിറക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അത്യധികം ആപല്‍കരമാണ്. കവലകളില്‍ അന്യപുരുഷന്മാരെ സംബോധന ചെയ്ത് പ്രസംഗിക്കുക, നടുറോഡിലൂടെ പ്രകടനം നടത്തുക, വാഹനത്തില്‍ അനൗണ്‍സ് ചെയ്ത് പോവുക, അങ്ങാടികളിലിറങ്ങി പോസ്റ്റര്‍ പതിക്കുക തുടങ്ങി പൊതുരംഗത്ത് പുരുഷന്‍ ചെയ്യുന്നതെന്തൊക്കെയോ അതെല്ലാം മുസ്‌ലിം വനിതകളും ചെയ്യണമെന്ന് പറയുന്നത് മതത്തിന്റെ പേരിലായാലും ന്യായീകരിക്കാവതല്ല . സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകള്‍ സംഘടിപ്പക്കുന്നതും സ്റ്റേജില്‍ പോലും സ്ത്രീ പുരുഷന്‍മാര്‍ മുട്ടിയുരുമ്മി ഇരിക്കുന്നതും ഇതേ രൂപത്തിലേ കാണാനാവൂ. നവോത്ഥാന നായകനായി അറിയപ്പെടുന്ന അബുല്‍ അഅ്‌ലാ മൗദൂദി പോലും ഇത്തരം സമീപനങ്ങള്‍ മതവിരുദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
സമ്മിശ്ര സദസ്സുകള്‍ വിശുദ്ധ ഖുര്‍ആന്‍ 24-ാം അധ്യായം 31-ാം സൂക്തം വിശദീകരിച്ചു കൊണ്ട് മൗദൂദി പറയുന്നു: ''സ്ത്രീ പുരുഷ സമ്മിശ്ര സദസ്സുകള്‍ ഇസ്‌ലാമിക പ്രകൃതിയുമായി എത്രമാത്രം വിയോജിക്കുന്നുവെന്ന് ഈ നിമയങ്ങളില്‍ നിന്ന് സ്വയം വ്യക്തമാണ്. പ്രാര്‍ത്ഥനാ വേളയില്‍ ദിവ്യമന്ദിരത്തില്‍ വെച്ചുപോലും സ്ത്രീ പുരുഷന്‍മാര്‍ ഇടകലരുന്നതനുവദിക്കാത്ത ഒരു മതം കോളേജുകളിലും ഓഫീസുകളിലും ക്ലബ്ബുകളിലും സദസ്സുകളിലും അതനുവദിക്കുമെന്ന് എങ്ങനെ സങ്കല്‍പ്പിക്കും. മതേതര സര്‍ക്കാറിനു കീഴില്‍ നടക്കുന്ന കോളേജുകളിലും അമുസ്‌ലിംകള്‍ നടത്തുന്ന ക്ലബ്ബുകളിലും സ്ത്രീ പുരുഷന്മാര്‍ ഇടകലരുന്നത് നമുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നു വരില്ല. നാം മുസ്‌ലിംകള്‍ നേരിട്ട് നടത്തുന്ന സദസ്സുകളിലും സമ്മേളനങ്ങളിലും അതനുവദിക്കുന്നതിനെന്തുണ്ട് ന്യായീകരണം?
പ്രസംഗം അന്യപുരുഷന്‍മാരെ സംബോധന ചെയ്ത് സ്വതന്ത്രമായി പ്രസംഗിക്കാന്‍ സ്ത്രീകളെ ഇസ്‌ലാം എങ്ങനെ അനുവദിക്കും? വിശുദ്ധ ഖുര്‍ആന്‍ 33-ാം അധ്യായം 32-ാം സൂക്തം വ്യാഖ്യാനിച്ചുകൊണ്ട് മൗദൂദി തന്നെ പറയട്ടെ: ''അല്ലാഹുവിന്റെ ഉദ്ദേശ്യം സ്ത്രീകള്‍ തങ്ങളുടെ സ്വരത്തിന്റെയോ സൗന്ദര്യത്തിന്റെയോ കിലുക്കം അന്യരെ കേള്‍പ്പിക്കരുതെന്നും അന്യപുരുഷന്‍മാരുമായി സംസാരിക്കേണ്ടതാവശ്യമായി വന്നാല്‍ തികഞ്ഞ അച്ചടക്കത്തോടെ സംസാരിക്കണമെന്നും ആണെന്ന് ഇതില്‍നിന്നും സ്പഷ്ടമായി മനസ്സിലാക്കാം. ഈ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്ക് അദാന്‍ (ബാങ്കുവിളി) വിലക്കപ്പെട്ടിരിക്കുന്നു. അതുപോലെ ജമാഅത്ത് നിസ്‌കാരത്തില്‍ സ്ത്രീകള്‍ ഉണ്ടായിരിക്കെ ഇമാമിന് വല്ല പിശകും വന്നാല്‍ പുരുഷന്മാരെപ്പോലെ 'സുബ്ഹാനല്ല' എന്നു പറയാന്‍ അവര്‍ക്ക് അനുവാദമില്ല. ഇമാമിനെ ഓര്‍മിപ്പിക്കുന്നതിനു വേണ്ടി കയ്യടിച്ച് ശബ്ദമുണ്ടാക്കുകയേ ചെയ്യാവൂ''.
പ്രബോധന പ്രവര്‍ത്തനം സ്ത്രീ നടത്തുന്ന പ്രബോധന പ്രവര്‍ത്തനം സ്വഗൃഹത്തിലും ബന്ധുക്കളിലും അയല്‍വീടുകളിലും ഒതുങ്ങി നില്‍ക്കണം. സ്വതന്ത്രമായി പുറത്തിറങ്ങി പ്രബോധനം നടത്താന്‍ ഇസ്‌ലാം സ്ത്രീയെ അനുവദിക്കുന്നില്ല. മൗദൂദി പറയുന്നു: ''ഈ പരിധികള്‍ക്കപ്പുറമുള്ള പ്രവര്‍ത്തനത്തിന് ചില അതിര്‍വരമ്പുകളുണ്ട്. പുറത്തുളള സ്ത്രീകളെ കണ്ട് അവരെ സംസ്‌കരിക്കുവാന്‍ പ്രായം ചെന്ന സ്ത്രീകള്‍ക്കുള്ള സൗകര്യവും സ്വാതന്ത്ര്യവും യുവതികള്‍ക്കില്ല. പ്രായം ചെന്നവരെ പോലെ സ്വതന്ത്രമായി പുറത്തിറങ്ങി മറ്റു സ്ത്രീകളെ സമീപിച്ച് അവരെ നന്നാക്കിത്തീര്‍ക്കാന്‍ യുവതികളെ ഇസ്‌ലാം അനുവദിക്കുന്നില്ല. അവര്‍ ഇസ്‌ലാം നിശ്ചയിച്ചു കൊടുത്ത പരിധികളില്‍ ഒതുങ്ങി ജീവിക്കേണ്ടതാണ്. നാം നശിപ്പിക്കാന്‍ ഒരുങ്ങിയിരിക്കുന്ന 'ജാഹിലിയ്യത്ത്' മതപ്രബോധനത്തിന്റെ പേരില്‍ നമ്മുടെ സ്ത്രീകളില്‍ പ്രചരിപ്പിക്കണമെന്ന് നാം ആഗ്രഹിക്കുന്നില്ല.' (മുസ്‌ലിം വനിതകളും ഇസ്‌ലാമിക പ്രബോധനവും, പേജ്:36) അവര്‍ ചോദിക്കുന്നു: 1)''മുസ്‌ലിം സ്ത്രീകള്‍ വഅള് പറയുന്നത് ശറഇല്‍ അനുവദനീയമാണെന്ന് നിരവധി ശാഫിഈ ഗ്രന്ഥങ്ങളിലില്ലേ? ഉദാ: തുഹ്ഫ 3/60'' മറുപടി: ''മുസ്‌ലിം സ്ത്രീകള്‍ പുരുഷന്‍മാരോട് വഅള് പറയുന്നതിനെ കുറിച്ച് ഒരക്ഷരം പോലും അതിലില്ല. സ്ത്രീ, സ്ത്രീകളോട് വഅ്‌ള് പറയുന്നതിനെ കുറിച്ചാണ് അവിടെ പറഞ്ഞത്. ആ വാചകം ഇങ്ങനെ: ''ഒരു സ്ത്രീ എഴുന്നേല്‍ക്കുകയും സ്ത്രീകളോട് ഉപദേശിക്കുകയും ചെയ്യുകയാണെങ്കില്‍ അതില്‍ യാതൊരു തകരാറുമില്ല.'' 2) ''ആയിശ(റ) ജമല്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയില്ലേ?'' ''ഒരു പ്രത്യേക സാഹചര്യത്തില്‍ മഹതി അവര്‍കള്‍ ജമല്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയെന്നത് ശരിയാണ്. ആ യുദ്ധത്തില്‍ മഹതിയുടെ മുഖം പോലും ഒരാളും കണ്ടിട്ടില്ല. അവര്‍ നേരിട്ട് യുദ്ധത്തില്‍ പങ്കെടുത്തിട്ടുമില്ല. തന്റെ ശരീരത്തിന്റെ ആകാരം പോലും കാണാനാകാത്ത വിധം ഒട്ടകക്കൂടാരത്തിലിരുന്നാണ് അവര്‍ യുദ്ധം നിയന്ത്രിച്ചത്.'' (അല്‍ബിദായ വന്നിഹായ 7/292) 3) ''ഉഹ്ദ് യുദ്ധത്തില്‍ ശത്രുക്കള്‍ പ്രവാചകനെ വളഞ്ഞപ്പോള്‍ ഉമ്മുഅമ്മാറ(റ) അവരെ നേരിട്ടു. '' ഉഹ്ദ് യുദ്ധത്തില്‍ സ്വന്തം അനുചരന്‍മാര്‍ പിന്തിരിഞ്ഞോടിയ തക്കം നോക്കി നബി(സ) തങ്ങളെ വകവരുത്താന്‍ ശത്രുക്കള്‍ ഉദ്ദേശിക്കുകയും തങ്ങളെ വളയുകയും ചെയ്തപ്പോള്‍ ഉമ്മുഅമ്മാറ(റ) അവരെ ധീരമായി നേരിട്ടു എന്നത് ശരി. അങ്ങനെ ചെയ്യണമെന്ന് തന്നെയാണ് ഇസ്‌ലാമിക വിധിയും. ഒരാള്‍-പ്രവാചകനാകണമെന്നില്ല-അപകടത്തിലകപ്പെടുമെന്നു കണ്ടാല്‍ ആയാളെ രക്ഷപ്പെടുത്താന്‍ വേണ്ടത് ചെയ്യല്‍ കണ്ടു നില്‍ക്കുന്നവരുടെ ബാധ്യതയാണ്. ഇവിടെ  ആണ്‍ പെണ്‍ വ്യത്യാസമില്ല. 4) ''വിവിധ യുദ്ധങ്ങളില്‍ സ്ത്രീകള്‍ പങ്കെടുത്തുവെന്ന് പറയുന്ന നബിവചനങ്ങള്‍.'' ഉപരിസൂചിത സാഹചര്യങ്ങളിലല്ലാതെ സ്ത്രീകള്‍ യുദ്ധത്തില്‍ നേരിട്ട് പങ്കാളികളായിട്ടില്ല. യുദ്ധത്തില്‍ സ്ത്രീകള്‍ പ്രവാചകരോടൊപ്പം പങ്കെടുത്തുവെന്ന് പറയുന്ന ധാരാളം നബിവചനങ്ങളുണ്ട്. പരുക്കേറ്റവരുടെ മുറിവ് കെട്ടുക, ഭക്ഷണമുണ്ടാക്കുക, വെള്ളം കൊടുക്കുക തുടങ്ങിയ സേവന പ്രവര്‍ത്തനങ്ങളാണ് സ്ത്രീകള്‍ ചെയ്തിരുന്നത്. ജമാഅത്തെ ഇസ്‌ലാമി തന്നെ പ്രസിദ്ധീകരിച്ച പുസ്തകം ഇക്കാര്യം വ്യക്തമാക്കുന്നത് നോക്കൂ: ''ഇസ്‌ലാമിന്റെ ശോഭനകാലത്തുണ്ടായ യുദ്ധങ്ങളില്‍ പുരുഷന്‍മാര്‍ അമ്പും കഠാരയുമേന്തുകയും മുറിവേല്‍ക്കുകയും ചെയ്തുവെങ്കില്‍ പരുക്കേറ്റവര്‍ക്ക് വെള്ളം കൊടുക്കുക, മുറിവ് കെട്ടുക, സമാശ്വസിപ്പിക്കുക എന്നീ കൃത്യങ്ങള്‍ സ്ത്രീകളും ചെയ്തിട്ടുണ്ട്.'

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter