ഒറ്റ ക്ളിക്കില്‍ മുക്കാല്‍ ലക്ഷം കിതാബുകള്‍
book 1വളരെ അപൂര്‍വ്വമായ ചില കിതാബുകള്‍ കാണാനും പഠിക്കാനും മാത്രമായി കോഴിക്കോട്ടെ ചാലിയം, പൊന്നാനി, താനൂര്‍ തുടങ്ങിയടങ്ങളിലേക്ക്‌ ദീര്‍ഘദൂരം യാത്ര ചെയ്‌ത ഓര്‍മ്മകള്‍ പഴയ പണ്ഡിതന്‍മാരില്‍ പലരും പങ്ക്‌ വെക്കാറുണ്ട്‌. എന്നാല്‍ അച്ചടി വ്യാപകമാവുകയും ഇസ്‌ലാമിക പുസ്‌തകങ്ങള്‍ എളുപ്പം ലഭ്യമാവുകയും ചെയ്യുന്ന കാലത്താണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. എന്നാലും പല കാതാബുകളും വിദേശ രാജ്യങ്ങളില്‍ നിന്ന്‌ വരുത്തുകയോ അന്വേഷിച്ച്‌ കണ്ടെത്തുകയോ ചെയ്യേണ്ടി വരും. ഇങ്ങനത്തെ പ്രയാങ്ങളൊന്നുമില്ലാതെ പതിനായിരക്കണക്കിന്‌ കിതാബുകള്‍ സൂക്ഷിച്ച്‌ വെക്കുകയും വായിക്കുകയും ചെയ്യാനുള്ള സൗകര്യമാണ്‌ മക്തബുശ്ശാമില എന്ന സോഫ്‌റ്റ്‌വെയര്‍ നല്‍കുന്നത്‌. ഇത്‌ പേഴ്‌സനല്‍ കമ്പ്യൂട്ടറിലോ ലാപ്‌ടോപിലോ ഇന്‍സ്‌റ്റാള്‍ ചെയ്‌ത്‌ സൗകര്യം പോലെ ഉപയോഗിക്കാം.
അറബിയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ലൈബ്രറി സോഫ്‌റ്റ്‌ വെയറാണ്‌ മക്തബുശ്ശാമില. തഫ്‌സീര്‍, ഹദീസ്‌, ഫിഖ്‌ഹ്‌, അഖീദ, താരീഖ്‌, തസവ്വുഫ്‌ തുടങ്ങി 75 ലധികം വിജ്ഞാന ശാഖകളിലായി 75000-ത്തിലധികം ഗ്രന്ഥങ്ങളാണിതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. തഫ്‌സീറു ത്വബ്‌രി, റാസി, ഖുര്‍തുബി, നസഫി, ഇബ്‌നു കസീര്‍ തുടങ്ങി നിരവധി വാള്യങ്ങളുള്ളവയടക്കം 145 തഫ്‌സീറുകളും, സിഹാഹുസ്സിത്തയടക്കം 175 ഹദീസ്‌ സമാഹാരങ്ങളും 130 ഹദീസ്‌ വ്യാഖ്യാനങ്ങളും തന്നെയുണ്ടീ ഡിജിറ്റല്‍ ലൈബ്രറിയില്‍. അതോടൊപ്പം നാലു മദ്‌ഹബുകളിലെയും പ്രമുഖ ഗ്രന്ഥങ്ങളും ഫ്‌ത്‌വ സമാഹാരങ്ങളുമെല്ലാം ഇതില്‍ ലഭ്യമാണ്‌. ഇവയെല്ലാം കൂടെ ആകെ 30 GB സ്‌പൈസില്‍ ഉള്‍ക്കൊള്ളുകയും ചെയ്യും. കേവലം ഗ്രന്ഥങ്ങള്‍ ലഭ്യമാക്കുക എന്നതിലുപരി അവക്കിടയില്‍ നിന്ന്‌ നമുക്ക്‌ ആവശ്യമായത്‌ കണ്ടെത്താനുള്ള സൗകര്യങ്ങളാണ്‌ ഏറെ ശ്രദ്ധേയം. നിങ്ങള്‍ക്ക്‌ ഏതെങ്കിലും വിഷയത്തിലുള്ള വിവരങ്ങളാണ്‌ ആവശ്യമെങ്കില്‍ ആ വാക്ക്‌ അടിച്ചു കൊടുക്കേണ്ട താമസം ആയിരക്കണക്കിന്‌ ഗ്രന്ഥങ്ങള്‍ക്കിടയില്‍ നിന്ന്‌ അതുമായി ബന്ധപ്പെട്ട എല്ലാ പേജുകളും നിങ്ങളുടെ സ്‌ക്രീനിലെത്തും. മദ്‌ഹബ്‌, ഹദീസ്‌ തുടങ്ങി പല രീതികളില്‍ സെര്‍ച്ച്‌ ചെയ്യാനുള്ള അവസരം സോഫ്‌റ്റ്‌ വെയറില്‍ ഒരുക്കിയിരിക്കുന്നു.
old-library-reading-room
www.shamela.ws എന്നാണ്‌ ഈ സംരംഭത്തിന്റെ വെബ്‌ അഡ്രസ്സ്‌. ആന്‍ഡ്രോയിഡ്‌ ഫോണുകളിലും ഐപാഡിലും ഉപയോഗിക്കാവുന്നതാണ്‌. അതോടൊപ്പം നമ്മുടെ കയ്യിലുള്ള അറബി-ഇസ്‌ലാമിക ഗ്രന്ഥന്‌ങ്ങള്‍ ഈ സോഫ്‌റ്റ്‌ വെയറില്‍ ഉള്‍പ്പെടുത്താനായി അപ്‌ലോഡ്‌ ചെയ്യാനുള്ള അവസരവുമുണ്ട്‌. ഓണ്‍്‌ലൈനായി തന്നെ കിതാബുകള്‍ വായിക്കാനും ഡൗണ്‌ലോഡ്‌ ചെയ്യാനുമുള്ള സൗകര്യവുമുണ്ട്‌. അന്ധന്‍മാര്‍ക്കായി പ്രത്യേക സോഫ്‌റ്റവെയറുമുണ്ട്‌. ഏതായാലും ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ ഇത്‌ ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ മറക്കരുത്‌. അതോടൊപ്പം ഇടക്കിടെ മക്തബുശ്ശാമില വെബ്‌സൈറ്റില്‍ കയറിയാല്‍ പുതുതായി അപ്‌ലോഡ്‌ ചെയ്‌ത കിതാബുകളുടെ ലിസ്‌റ്റും ലഭിക്കുന്നതാണ്‌. ഓണ്‍ലൈനില്‍ ഇസ്‌ലാമിക ചരിത്രവും ഗ്രന്ഥങ്ങളുമെല്ലാം വായിക്കാനുള്ള അവസരങ്ങള്‍ ഇനിയുമേറെയാണ്‌. അവയെക്കുറിച്ച്‌ പിന്നീട്‌ എഴുതാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter