നന്മയുടെ പ്രതിരോധമായി 'നന്മയുടെ പൂക്കള്‍'
Nanmayude pookkalസന്താനങ്ങള്‍ ഭാവിയുടേതല്ല, ഇന്നിന്‍റെ തന്നെ വാഗ്ദാനങ്ങളാണ്. അതിനാല്‍ തന്നെ സന്താനങ്ങള്‍ക്ക് വേണ്ടിയുള്ള ഓരോ കരുതിവെപ്പും നാളേക്ക് വേണ്ടിയല്ല ഇന്നിനു വേണ്ടിതന്നെയുള്ള കരുതിവെപ്പുകളാണ്. ഈ കരുതിവെപ്പിനെ കുറിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ ഇരുട്ടിന്റെ ശക്തികള്‍ മനസ്സിലാക്കിവെച്ചിട്ടുണ്ട്. ദിനമെന്നോണം കുട്ടികളെ ലക്‌ഷ്യം വെച്ച് വന്നുകൊണ്ടിരിക്കുന്ന സിനിമകളും മറ്റു സി.ഡി/കാസറ്റുകളും ലക്‌ഷ്യം വെക്കുന്നത് നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെയാണ്. കാര്ട്ടൂണ്‍ അനിമേഷന്‍ ഇഷ്ടപ്പെടുന്നവരാണല്ലോ കുഞ്ഞുങ്ങള്‍. ഏതൊരു കൊച്ചു കുഞ്ഞിന്റെയും മനസ്സില്‍ അന്നന്ന് കാര്‍ട്ടൂണ്‍ ചാനലില്‍ കാണുന്ന കഥാപാത്രമാകും ഒരു ഹരമായി തങ്ങി നില്ക്കുക. വളരെ ചെറുപ്പത്തില്‍ തന്നെ ടി.വി. ചാനലുകള്‍ മാറ്റുന്നതു പഠിക്കുന്ന കുട്ടികള്‍, ഏറ്റവും അധികം ചിലവിടുന്നത്‌ കാര്‍ട്ടൂണ്‍ ചാനലുകളില്‍ ആണെന്ന് കാണാം. അമാനുഷിക കഥാപാത്രങ്ങളും ഏറ്റവും പുതിയ സിനിമകളെ മാതൃകയാക്കി അവയുടെ പുന: സംപ്രേക്ഷണവുമാണ് ഇന്ന് ഏറെക്കുറെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബിസിനസ്. അമാനുഷിക കഥാപാത്രങ്ങളുടെ മായാജാലങ്ങളും പുതിയ ആക്ഷന്‍ സിനിമകളുടെ കാര്‍ട്ടൂണ്‍ പതിപ്പുകളുമാണ് ഇന്ന് ഏറെക്കുറെ ആനിമേഷന്‍ ചിത്രങ്ങളും. കുട്ടികളെ ലക്ഷ്യമാക്കി ലോകാടിസ്ഥാനത്തില്‍ തന്നെ ഇറങ്ങുന്ന ഭ്രമക്കാഴ്ചകളുടെ പകര്‍പ്പുകള്‍ തന്നെയാണ് മലയാളത്തിലും ഇറങ്ങുന്നത്. ഇത്തരം മാസ്സ് മീഡിയ മാലിന്യങ്ങള്‍ക്കെതിരെ നന്മയുടെ ബദലുകളെക്കുറിച്ചുള്ള ആലോചനകള്‍ പുരോഗമിക്കുന്നെയുള്ളൂ. ഈ സന്ദര്‍ഭത്തിലാണ് റസാഖ് വഴിയോരം സംവിധാനം ചെയ്ത ‘നന്മയുടെ പൂക്കള്‍’ ശ്രദ്ധേയമാവുന്നത്. മേല്‍ വിവരിച്ച തരം അതിമാനുഷപ്രവണതതള്‍ക്കെതിരിലുള്ള നന്മയുടെ ഒരു കനത്ത പ്രതിരോധമാണ് 'നന്മയുടെ പൂക്കള്‍'. ഇസ്ലാമിലെ അനുഷ്ഠാനങ്ങളും ചര്യകളും വളരെ ലളിതമായി നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത ‘നന്മയുടെ പൂക്കള്‍’ ഇസ്ലാമിക സമൂഹത്തിനു സമര്‍പ്പിക്കപ്പെട്ട മഹത്തായ ഒരു സംഭാവനയാണ്. ആധുനിക സാങ്കേതിക വിദ്യകള്‍ കുഞ്ഞുങ്ങളില്‍ മൂല്യ ബോധം വളര്‍ത്താന്‍ എങ്ങനെ ഉപയോഗിക്കാം എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഈ കാര്‍ട്ടൂണ്‍ സിനിമ. ദൈനംദിന ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട നിഷ്ഠകളെക്കുറിച്ച് ബോധവാന്മാരക്കുന്നു എന്നതും വലിയ ഒരു നേട്ടം തന്നെ. നാം വിസ്മരിക്കുന്ന പ്രാര്‍ത്ഥനകള്‍, നല്ല ശീലങ്ങള്‍, സ്വഭാവഗുണങ്ങള്‍ എന്നിവയെല്ലാം ഒരു കഥാകഥനം പോലെ കുട്ടികളുടെ മനസ്സുകളിലേക്ക് സന്നിവേശിപ്പിക്കുന്നു എന്നതും എടുത്തുപറയേണ്ട സവിശേഷതയാണ്. പല തരത്തിലുള്ള കാഴ്ചകളാല്‍ മലീമസപ്പെട്ടുപോകുന്ന കുഞ്ഞു ഹൃദയങ്ങളെ തിരിച്ചു പിടിക്കാനുള്ള ഒരു ഉദ്യമം കൂടിയാണിത്. വീടുകളില്‍ നിന്നും പണ്ട് കാലങ്ങളില്‍ വാമൊഴിയായി ലഭിച്ചിരുന്ന അനുഷ്ഠാന മര്യാദകള്‍ ഇന്ന് സാഹചര്യങ്ങളുടെ സ്വാധീനത്താല്‍ നഷ്ടപ്പെട്ട് പോകുന്നു എന്ന സന്ദേഹവും ഇത്തരമൊരു സംരംഭത്തിനു പ്രചോദനമായിട്ടുണ്ട്. കേവലമൊരു കഥ പറച്ചിലല്ല, മറിച്ചു ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തി ഏറ്റവും നല്ല ‘ഒരു ഇസ്ലാമിക് എന്‍റര്‍ടൈന്‍മെന്‍റ്’ ആണ് ‘നന്മയുടെ പൂക്കള്‍’. കഥപറച്ചിലിനും ഗാന ചിത്രീകരണത്തിനും കൊടുത്ത അതെ ശ്രദ്ധ വിഷ്വല്‍സിനും നല്‍കിയിരിക്കുന്നത് കാണാം. ഉദാഹരണമായി, റോഡ്‌ മുറിച്ചു കടക്കുന്നതിന്റെ മര്യാദ പാടിയോ പറഞ്ഞോ പഠിപ്പിക്കുന്നതിന് പകരം, ഇതിലെ പ്രായം ചെന്ന വല്യുപ്പ റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ വാഹനം നിര്‍ത്തി സൗകര്യമൊരുക്കി കൊടുക്കുന്നതു കുട്ടികള്‍ക്ക് എളുപ്പം മനസ്സിലാകും. അല്ലാഹുവിന്‍റെ സൃഷ്ടി വൈഭവത്തെ കുറിച്ചും മനുഷ്യന്‍ ഭൂമിയില്‍ ചെയ്യേണ്ട നന്മകളെ കുറിച്ചും അതിനു അല്ലാഹു നല്‍കുന്ന പ്രതിഫലത്തെക്കുറിച്ചും ഹൃദ്യമായ ശൈലിയില്‍ കഥാ കഥനം പോലെ ‘നന്മയുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. ഇതിലെ ഓരോ ഗാനവും മനോഹരമാണ്. കുടുംബം എന്ന അനിവാര്യതയിലേക്കൊരു ചൂണ്ടു പലക കൂടിയാണിത്. ഒരു കുടുംബത്തില്‍ നിര്ബന്ധമായും പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക മുന്‍ഗണനകളും ആചാരങ്ങളും അതീവ ശ്രദ്ധപുലര്‍ത്തി ‘നന്മകളുടെ പൂക്കള്‍’ പറഞ്ഞു തരുന്നു. കൃത്യമായ ഒരു താളം ആദ്യാവസാനം വരെ ഈ കാര്‍ട്ടൂണ്‍ സിനിമ നിലനിര്‍ത്തുന്നു. ഉമ്മയും, ഉപ്പയും, മക്കളും പ്രായം ചെന്നവരും ഉള്‍പ്പെടെയുള്ള കുടുംബം എന്ന യൂനിറ്റില്‍ പുലര്‍ന്നു പോരേണ്ടുന്ന ഇസ്ലാമിക നിഷ്ഠകള്‍ മനോഹരമായി ഈ കാര്‍ട്ടൂണ്‍ സിനിമ വരച്ചു തരുന്നു. പരസ്പര പെരുമാറ്റത്തിന്‍റെ ഇസ്ലാമിക മര്യാദകളെ മനോഹരമായി ആവിഷ്കരിക്കുവാന്‍ ഈ ചിത്രത്തിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കായിട്ടുണ്ട്. സാമ്പത്തികമായും സംവേദനപരമായും കലാപരമായും ഇന്ന് മലയാളി ഇസ്ലാമിക സമൂഹം അത്ര ദരിദ്രരൊന്നുമല്ല. ദിനേനയെന്നവണ്ണം വന്നു കൊണ്ടേയിരിക്കുന്ന വീഡിയോ ആല്‍ബങ്ങളും, ഗാന സിഡികളും മലയാളികളുടെ, വിശിഷ്യ ഗള്‍ഫ് മലയാളികളുടെ കലാപരമായ മികവ് മനസ്സിലാക്കിത്തരുന്നു. യുട്യൂബിലും മറ്റും ഇത്തരം സൃഷ്ടികള്‍ കാണുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. കേവലമൊരു കല എന്നതിനപ്പുറം ഇവയുടെ ഉപയോഗത്തെ കുറിച്ച് ഇനിയും ചര്‍ച്ചകള്‍ വന്നു തുടങ്ങിയിട്ടേയുള്ളൂ. ഇസ്ലാമികമായ മൂല്യങ്ങള്‍ അപ്പടി പകര്‍ത്തി സിനിമ നിര്‍മ്മിക്കുമ്പോള്‍ ഉണ്ടാകുന്ന വിജയ സാധ്യതയെക്കുറിച്ച ആശങ്കകള്‍ പലരും ഭയക്കുന്നു. അതിനാല്‍ തന്നെ ഒരു പരീക്ഷണത്തിന്‌ പലര്‍ക്കും പേടിയാണ്. ഇവിടെയാണ്‌ കാരറ്റ് ക്രിയേഷന്‍ ശ്രദ്ധേയമാവുന്നത്‌. കുട്ടികളുടെ ധാര്‍മ്മിക ബോധത്തെ പരിപോഷിപ്പിക്കാനും, നന്മകള്‍ പകര്‍ന്ന് നല്‍കാനുമാണ് പുതിയ കാല സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരമൊരു സംരഭത്തിനു തുനിഞ്ഞിറങ്ങിയതെന്ന് കാരറ്റ് ക്രിയേഷന്‍ ഡയരക്ടര്‍ റസാഖ് വഴിയോരം പറയുന്നു. കുട്ടികളുടെ ഓരം ചേര്‍ന്ന് കഥ പറയുമ്പോള്‍ തന്നെ അതില്‍ അനിവാര്യമായും വന്നു ചേരേണ്ട മൂല്യബോധത്തെ കുറിച്ച് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍ക്ക് നല്ല വശമുണ്ടെന്ന് ഈ ചിത്രം നമ്മോട് പറയുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ ഒരര്ത്ഥത്തില്‍ കംപ്യൂട്ടര്‍ ലോകത്തിന്റെ തടവറയിലാണ്. കുട്ടികളെ ലക്ഷ്യം വെച്ച് അനുദിനം ഇറങ്ങുന്ന അനിമേഷന്‍ ചിത്രങ്ങള്‍ അത് അടിവരയിടുന്നു. ഒരു സുപ്രഭാതത്തില്‍ അവരെ അതില്‍ നിന്നും മോചിപ്പിച്ചെടുക്കാനാകും എന്ന് കരുതുന്നത് മൌഢ്യമാകും. എന്നാല്‍ അവരുപയോഗിക്കുന്ന മീഡിയകളിലൂടെ തന്നെ നന്മ പ്രസരണം ചെയ്യാന്‍ സാധിക്കുമ്പോള്‍ അത് വലിയ ഫലം ചെയ്യും. ഗള്‍ഫു മേഖലകളില്‍ താമസിക്കുന്നവര്‍ക്കും ഇത് ഏറെ പ്രയോജനകരമാണ്. ഇത്തരം ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ വമ്പിച്ച സാമ്പത്തിക മുതല്‍മുടക്ക് ആവശ്യമുള്ളതിനാലും ആ സംഖ്യ പൊതുവിപണികളില്‍ നിന്ന് സ്വരൂപിക്കാന്‍ സാധ്യമല്ലാത്തതിനാലും സമാന മനസ്കരുടെ പിന്തുണ മാത്രമാണ് ഇപ്പോള്‍ പ്രതീക്ഷ. നന്മയില്‍ പരസ്പരം സഹകരിക്കണമെന്ന് വിശ്വസിക്കുന്ന എല്ലാവരുടെയും പ്രോല്‍സാഹനം ഈ കൊച്ചു കലാസംഘത്തിന് ശക്തി പകരണം. ഇത്തരം ഉല്‍പന്നങ്ങളുടെ വിപണി സാധ്യത തുലോം കുറവാണെന്നതും, പ്രാദേശിക ഭാഷകളുടെ പരിമിതിയുമൊക്കെ വലിയ പ്രതിസന്ധികളായി മുമ്പിലുണ്ട്. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ക്ക് ആരും തയ്യാറല്ലാത്തതിന്‍റെ ഫലമായി നമ്മുടെ കുട്ടികള്‍ ഇപ്പോഴും ആപല്‍ക്കരമായ ചാനല്‍ വിഭവങ്ങള്‍ക്കു മുമ്പില്‍ കണ്ണുമിഴിച്ച് നോക്കി നില്‍ക്കുന്നതും, പകരം നല്‍കാന്‍ ഒന്നുമില്ലാതെ രക്ഷിതാക്കള്‍ വിഷമിക്കുന്നതും നമ്മള്‍ തിരിച്ചറിയണം. ഈ സന്ദര്‍ഭത്തിലാണ് കാര്‍ട്ടൂണ്‍ അനിമേഷന്‍ രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ കാരറ്റ് ക്രിയേഷന്‍ ‘നന്മയുടെ പൂക്കള്‍’ എന്ന ചിത്രത്തിലൂടെ പുതിയൊരു സംരംഭത്തിനു തുടക്കം കുറിച്ചിരിക്കുന്നത്. ഈ നന്മയില്‍ പങ്കാളികളാവാന്‍ സമാനമനസ്കര്‍ക്ക് ബാധ്യതയുണ്ട്. ‘നന്മയുടെ പൂക്കള്‍’ രചനയും സംവിധാനവും നിര്‍വ്വഹിച്ചത് റസാഖ് വഴിയോരമാണ്. അനിമേഷന്‍ ഡയരക്ടര്‍ യാസിര്‍ അറഫാത്ത്‌ പാലക്കാട്‌. സലാം കൊടിയത്തൂരാണ് നിര്‍മ്മാണം. അമീന്‍ വേങ്ങര, ബാസിത് കൊടിയത്തൂര്‍, അസ്ഹര്‍ വെട്ടുപാറ, ശിഹാബ്‌ അണ്ടോണ, സലിം ആല്ഫ , ടി.പി. അബ്ദുല്ല, നിയാസ്‌ ചോല , റജീബ്‌ അരീക്കോട്‌, സഹല ചെറുവാടി, സിദ്റത്തുല്‍ മുന്‍തഹ, ബന്ന ചേന്നമങ്ങല്ലൂര്‍, അനില്‍ പരമേശ്വരന്‍, ടി.പി. ശുക്കൂര്‍ ചെറുവാടി, ഫസല്‍ കൊടുവള്ളി, ശാഹിറ ശുക്കൂര്‍, പി.എ. ജനീസ്‌ തുടങ്ങിയവരാണ് ഇതിന്റെ അണിയറ ശില്പികള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter