ബിജെപിയുടെ പൗരത്വ ഭേദഗതി ബില്ലിൽ തെളിഞ്ഞുകാണുന്നത് ഹിറ്റ്ലറുടെ ന്യൂറംബർഗ് നിയമങ്ങൾ

ഇന്ത്യയിലെ പല അക്കാദമി വിദഗ്ധരും പൗരത്വ ഭേദഗതി ബില്ലിനെ ജർമ്മനിയിലെ ന്യൂറംബർഗ് നിയമങ്ങളോട് സാമ്യപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. ഈ നിയമങ്ങൾക്ക് രൂപം നൽകിയ നാസി പാർട്ടിയുടെ വളർച്ചയുടെ ഗതിവിഗതികളും നാം മനസ്സിലാക്കേണ്ടതുണ്ട്.

നാസികളുടെ വരവ്

1929 കാലത്തെ ശക്തമായ സാമ്പത്തിക തകർച്ചയിൽ ജർമനിയും തല കുത്തിയിരുന്നു. മുതലാളിത്ത സാമ്പത്തിക ഘടനയിൽ നിന്ന രക്ഷ ആഗ്രഹിച്ച ജർമൻ ജനത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്നും ശുദ്ധ ആര്യ രക്തത്തിന് പ്രാധാന്യം നൽകുമെന്നും ശക്തമായി പ്രചാരണം നടത്തിയ നാസി പാർട്ടിക്ക് വൻ തോതിൽ വോട്ടു ചെയ്ത് അവരെ വിജയിപ്പിച്ചു. 1933 ഭരണ രംഗത്തേക്ക് എത്തിയ ഹിറ്റ്ലർ പതിയെ പാർട്ടിയിൽ ഏകാധിപതിയായി വളർന്നു.

അധികാരം കയ്യിൽ ലഭിച്ചതോടെ പത്ര സ്വാതന്ത്ര്യത്തിന് ആദ്യമായി കൂച്ചുവിലങ്ങിട്ടു. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് മുന്നോട്ടുനീങ്ങിയ നാസി പാർട്ടി പോലീസിനെയും പട്ടാളത്തെയും തങ്ങളുടെ വരുതിയിൽ കൊണ്ടുവന്നു. 

ജൂതർക്കെതിരെ

പിന്നീട് സർക്കാറിന് അമിതമായ അധികാരങ്ങൾ നൽകുന്ന രീതിയിലേക്ക് ജർമനിയിലെ നിയമങ്ങൾ മാറ്റിയെഴുതപ്പെട്ടു. 1933 ഏപ്രിൽ ഒന്നിന് ജൂത വ്യാപാരികൾക്ക് നേരെ ദേശീയതലത്തിൽ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു.

അന്തിമ പരിഹാരത്തിന് വേണ്ടിയാണ് ഇത് ചെയ്യുന്നത് എന്നായിരുന്നു ഹിറ്റ്‌ലറിന്റെ വാദം. ജൂതമത വിഭാഗങ്ങളെ ഇല്ലായ്മ ചെയ്യുവാനായി 1935 സെപ്റ്റംബർ 15 ന് ജർമനിയിലെ ന്യൂറൻബേർഗിൽ വെച്ച് നാസി പാർട്ടി രൂപം നൽകിയ ജൂത വിരുദ്ധ നിയമങ്ങളാണ് ന്യൂറംബർഗ് നിയമങ്ങൾ എന്ന പേരിൽ വിളിക്കപ്പെടുന്നത്. ജർമൻ രക്തം ഉള്ളവർക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ എന്ന രീതിയിൽ ആര്യ പൗരത്വനിയമം ജർമൻ പാർലമെന്റ് പാസാക്കി. അല്പ മാസങ്ങൾക്ക് ശേഷം കറുത്തവർഗ്ഗക്കാരെയും ഉൾപ്പെടുത്തുവാൻ നിയമത്തിൽ ഭേദഗതി ചെയ്തു. ജൂത വിഭാഗവുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുന്നതിനും മേൽപറഞ്ഞ നിയമത്തിൽ ശക്തമായ നിരോധനം ഉണ്ടായിരുന്നു. ജൂത വാണിജ്യ കേന്ദ്രങ്ങളിൽ നിന്നും ഒന്നും വാങ്ങരുതെന്ന് പാർട്ടി ജനങ്ങൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു.

ന്യൂറംബർഗ് നിയമവും സി.എ.ബിയും

ഈ നിയമങ്ങൾക്ക് ഇന്ത്യയിൽ പ്രഖ്യാപിച്ച പൗരത്വഭേദഗതി ബില്ലുമായി അഭേദ്യമായ ബന്ധമാണുള്ളത്. മതത്തെ പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി നിശ്ചയിച്ചത് തന്നെയാണ് ഇവ രണ്ടും തമ്മിലുള്ള പ്രധാന സാമ്യത. ജൂതരല്ലാത്ത മറ്റു മുഴുവൻ ആളുകൾക്കും ജർമൻ പൗരത്വം നൽകാൻ അനുവദിക്കുന്നതാണ് ന്യൂറംബർഗ് നിയമമെങ്കിൽ മുസ്‌ലിംകൾ ഒഴികെ മറ്റു മതക്കാർക്ക് പൗരത്വം നൽകുന്നതാണ് ഇന്ത്യയിലെ പൗരത്വ ഭേദഗതി ബിൽ. ദാരിദ്ര്യവും നിരക്ഷരതയും കൊടികുത്തി വാഴുന്ന, ആരോഗ്യ നിലവാരമില്ലാത്ത ഒരു രാജ്യത്ത് എൻ.ആർ.സി നടപ്പിലാക്കുന്നത് ദശലക്ഷക്കണക്കിന് മുസ്‌ലിംകളെ രാജ്യമില്ലാത്തവരാക്കി മാറ്റാനുള്ള നിഗൂഢ ശ്രമം തന്നെയാണെന്ന് വേണം കരുതാൻ. കാരണം, വർഷങ്ങൾക്കു മുമ്പുള്ള രേഖകൾ ഹാജരാക്കുന്നത് അവർക്ക് തീർത്തും ദുഷ്കരമായിരിക്കും.

ജർമ്മനിയിലെ ന്യൂറംബർഗ് നിയമങ്ങൾ പ്രകാരം ആര്യന്മാർ അല്ലാത്തവരെ ആദ്യം അറസ്റ്റ് ചെയ്യുകയും പിന്നീട് കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് അയക്കുകയുമായിരുന്നു ചെയ്തിരുന്നത്. രാജ്യത്തുടനീളം നടപ്പിലാക്കാൻ ബിജെപി പദ്ധതിയിടുന്ന എൻആർസിക്കൊപ്പം പൗരത്വ ഭേദഗതി ബിൽ കൂടി വരുന്നതോടെ ഇപ്പോൾതന്നെ നിർമ്മിക്കപ്പെട്ട ഇന്ത്യയിലെ തടങ്കൽ പാളയങ്ങൾ നിറഞ്ഞു കവിയും. നാസികളുടെ കോൺസൻട്രേഷൻ ക്യാമ്പുകളിൽ സംഭവിച്ചത് ആരെയും ഓർമ്മപ്പെടുത്തി വേണ്ടിവരില്ല. സമ്പദ് വ്യവസ്ഥ തകർന്നു തരിപ്പണമായ ഇന്ത്യയിലും സംഭവിക്കുക മറ്റൊന്നായിരിക്കില്ലെന്നത് തീർച്ചയാണ്. വിവ: റാശിദ് ഓതുപുരക്കൽ ഹുദവി മില്ലി ക്രോണിക്കിളിൽ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter