മണ്ണിന് മാത്രമേ മനുഷ്യപുത്രന്‍റെ വായ നിറക്കാനാവൂ...
greedപ്രവാചകര്‍(സ്വ) പറഞ്ഞതായി അനസ്ബിന്‍മാലിക് (റ)വില്‍നിന്ന് നിവേദനം, മനുഷ്യപുത്രന് സ്വര്‍ണ്ണത്തിന്റെ ഒരു താഴ്‍വാരമുണ്ടെങ്കില്‍, രണ്ടാമതൊന്ന് കൂടി ഉണ്ടായിരുന്നെങ്കിലെന്ന് അവന്‍ ആഗ്രഹിച്ചുപോവും, അവന്റെ വായ നിറക്കാന്‍ മണ്ണിനല്ലാതെ മറ്റൊന്നിനും ആവില്ല. മനുഷ്യന്റെ അത്യാഗ്രഹമാണ് പ്രവാചകര്‍(സ്വ) ഇതിലൂടെ വരച്ച് കാണിക്കുന്നത്. സമ്പത്ത് ഒരുമിച്ച് കൂട്ടണമെന്ന മോഹം മനുഷ്യന്റെ ജന്മസ്വഭാവങ്ങളുടെ ഭാഗമാണ്. എത്ര കിട്ടിയാലും തീരാത്തതാണ് അവന്റെ കൊതി. ഒരു കഥയില്‍ ഇങ്ങനെ കാണാം, രാജാവിന്റെ സമീപത്തെത്തിയ അത്യാഗ്രഹിയായ ഒരാളോട് രാജാവ് ആവശ്യമായ ഭൂമി എടുത്തുകൊള്ളാന്‍ പറഞ്ഞു, പക്ഷേ, നിബന്ധന ഇതായിരുന്നു, നടന്നുവേണം ഭൂമി അളന്നെടുക്കാന്‍. വൈകുന്നേരമാകുമ്പോഴേക്ക് നടന്നുതീര്‍ക്കുന്നതെല്ലാം നിന്റേതാകും. അത്യാഗ്രഹിയായ ആ മനുഷ്യന്‍ ഇതുതന്നെ അവസരം എന്ന് മനസ്സിലാക്കി, അതിവേഗം നടത്തം തുടങ്ങി. കുറെ ദൂരം നടന്നപ്പോള്‍ ദാഹം തോന്നിയെങ്കിലും അതിനൊന്നും സമയം കളയരുതെന്ന് കരുതി നടത്തം തുടര്‍ന്നു. ഉച്ചവെയിലേറ്റ് ക്ഷീണം തോന്നിയെങ്കിലും അതൊന്നും വകവെക്കാതെ അയാള്‍ നടന്നു, സമയം തീരാന്‍ ഇനി അധികം ബാക്കിയില്ലെന്ന് അദ്ദേഹത്തിന് തികഞ്ഞ ബോധമുണ്ടായിരുന്നു. അധികം കഴിഞ്ഞില്ല, അയാള്‍ക്ക് ക്ഷീണം സഹിക്കവയ്യാതെയായി. ആവും വിധം നടത്തം തുടര്‍ന്ന അയാള്‍ വൈകാതെ തളര്‍ന്ന് താഴെ വീണ് വെള്ളത്തിനായി നിലവിളിച്ചു. ശബ്ദം കേട്ടവര്‍ വെള്ളവുമായി ഓടിയെത്തിയെങ്കിലും അപ്പോഴേക്കും അയാള്‍ മരിച്ചുകഴിഞ്ഞിരുന്നു. വിവരമെല്ലാം അറിഞ്ഞ രാജാവ് അയാളെ മറമാടാന്‍ കല്‍പിച്ചു. സംസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയവരോട് രാജാവ് ചോദിച്ചു, അയാള്‍ക്ക് എത്ര ഭൂമി ലഭിച്ചു. അവര്‍ ഒന്നടങ്കം പറഞ്ഞു, അവസാനനിദ്രക്കുള്ള ആറടി മണ്ണ് മാത്രം. ഇതാണ് നമ്മുടെയെല്ലാം അവസ്ഥ. ധനസമ്പാദത്തിനും സ്വത്ത് ശേഖരണത്തിനുമായി നെട്ടോട്ടമോടുകയാണ് നാം. അതിനിടയില്‍, പലപ്പോഴും ഉള്ളത് ആസ്വദിക്കാനോ ജീവിതം അനുഭവിക്കാനോ നാം മറന്നുപോവുന്നു. അവസാനം ബാക്കിയാവുന്നത് ആറടി മണ്ണ് മാത്രം, അതും മറ്റാരൊക്കെയോ ചേര്‍ന്ന് വാങ്ങിയ പൊതുശ്മശാന ഭൂമിയില്‍. അത്യാഗ്രഹം നിറഞ്ഞ നമ്മുടെ വായ നിറക്കാന്‍ അവസാനം മണ്ണിനേ സാധിക്കുന്നുള്ളൂ എന്നര്‍ത്ഥം. പ്രവാചകരുടെ ഈ അധ്യാപനം സദാ നമ്മുടെ ബോധമണ്ഡലത്തിലുണ്ടായിരിക്കട്ടെ. ഐഹിക ജീവിതത്തിനാവശ്യമായത് ശേഖരിക്കുന്നതോടൊപ്പം, പരലോക ജീവിതം സുഖകരമാക്കാനുള്ള വിഭവ സമാഹരണത്തിനാവട്ടെ നമ്മുടെ ശ്രമങ്ങള്‍...നാഥന്‍ തുണക്കട്ടെ...ആമീന്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter