വിധിവിശ്വാസം നല്‍കുന്ന കരുത്ത്
വിധിയിലുള്ള വിശ്വാസമാണ് ആശ്വാസവും സമാധാനവും നിലനിര്‍ത്തുന്ന ഒരു പ്രധാന ഘടകം. മുസ്‌ലിമിന്റെ അടിസ്ഥാനപരമായ വിശ്വാസകാര്യങ്ങളില്‍ ഒന്നാണിത്. ക്ഷാമത്തിലും ക്ഷേമത്തിലും സന്താപത്തിലും സന്തോഷത്തിലും സ്രഷ്ടാവിനെ കുറിച്ചുള്ള പ്രതീക്ഷാ നിര്‍ഭരമായ മനസ്സ് കാത്തുസൂക്ഷിക്കാന്‍ ഈ വിശ്വാസം പ്രചോദനമേകുന്നു.
പ്രതിസന്ധി ഘട്ടങ്ങളില്‍ തളര്‍ന്നുപോകില്ല. പരീക്ഷണങ്ങളില്‍ പരാജയപ്പെടില്ല. വിധിവിശ്വാസം വീഴ്ചകളില്‍ കൈപിടിക്കുന്നു. സാന്ത്വനത്തിന്റെ തലോടലേകുന്നു. വിധിയെ പഴിക്കാതെ, വേപഥുവില്‍ വേവാതെ, വേദനയില്‍ ഉരുകാതെ മനസ്സിന്റെ സന്തുലിതത്വം നിലനിര്‍ത്തുന്നു.
പ്രവാചകര്‍ (സ) പഠിപ്പിച്ചു: നിങ്ങള്‍ക്ക് വല്ല വിപത്തും എത്തിയാല്‍ നിങ്ങള്‍ പറയരുത്, ഞാന്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇങ്ങനെയാകുമായിരുന്നല്ലോ എന്ന്. പകരം നിങ്ങള്‍ പറയുക: അല്ലാഹുവിന്റെ വിധി, അവന്‍ ഉദ്ദേശിച്ചതാണ് അവന്‍ ചെയ്യുന്നത്. 'ചെയ്തിരുന്നെങ്കില്‍' എന്ന വിചാരപ്പെടല്‍ പിശാചിന്റെ കര്‍മത്തെ തുറന്നുവിടുന്നതാണ് (മുസ്‌ലിം).
ഐഹിക നഷ്ടങ്ങളില്‍ നമുക്ക് മോഹഭംഗം വരരുത്. അത് നമ്മെ തളര്‍ത്തുകയോ നന്മയുടെ വഴിയില്‍ നിന്ന് പിന്തിരിപ്പിക്കുകയോ അരുത്. സ്നേഹനിധിയായ അല്ലാഹു ഇതിലും ഉത്തമമായ വിജയം തനിക്ക് വേണ്ടി കരുതിവെച്ചിട്ടുണ്ടെന്ന് വിശ്വസിക്കുക. നബി(സ) പറയുന്നു: വിശ്വാസിയുടെ കാര്യത്തില്‍ ഞാന്‍ അദ്‌ഭുതപ്പെടുന്നു; അല്ലാഹു അവന് വിധിച്ചതൊക്കെയും നന്മ മാത്രം (അഹ്മദ്). നീ മനസ്സിലാക്കുക: ക്ഷമയോടൊപ്പമാണ് സഹായമുള്ളത്. വേദനയോടൊപ്പമാണ് മുക്തിയുള്ളത്. ഞെരുക്കത്തോടൊപ്പമാണ് എളുപ്പവും (അഹ്മദ്). 'അല്ലാഹു നിനക്ക് വീതംവെച്ചതില്‍ നീ സന്തുഷ്ടനെങ്കില്‍ നീയാണ് ജനങ്ങളില്‍ ഏറ്റവും വലിയ ധനികന്‍' (തുര്‍മുദി). 'വിഭവങ്ങളുടെ ധാരാളിത്തമല്ല സമ്പന്നത. സമ്പന്നതയെന്നാല്‍ മനസ്സിന്റെ ഐശ്വര്യമാണ്' (ബുഖാരി, മുസ്‌ലിം).
സന്തോഷം നിലനിര്‍ത്താന്‍ ജീവിതത്തിന്റെ മുഖമുദ്രയായിരിക്കേണ്ട എത്ര വലിയ സിദ്ധാന്തങ്ങളാണ് പ്രവാചകര്‍ (സ്വ) വളരെ ലളിതമായി പറഞ്ഞുവെക്കുന്നത്. നന്മയും തിന്മയും അല്ലാഹുവിന്റെ തീരുമാനം മൂലമാണെന്ന തിരിച്ചറിവുണ്ടാവുക. അല്ലാഹുവോടെന്നും നല്ല നിലയില്‍ വര്‍ത്തിക്കാന്‍ ശ്രമിക്കുന്ന തനിക്ക് തന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള നന്മകളാണ് അവന്‍ കാത്തുവെച്ചിട്ടുള്ളതെന്ന് ധൈര്യപ്പെടാനാവുക. എന്നെ സ്‌നേഹിക്കുന്ന എന്റെ സ്രഷ്ടാവ് എനിക്കെന്ത് തീരുമാനിച്ചുവോ അതിലാണെന്റെ തൃപ്തിയെന്ന് ആശ്വസിക്കാനാവുക. അവിടെയാണ് സന്തോഷം അതിന്റെ വേരുകള്‍ കണ്ടെത്തുന്നത്.
ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനായവന്‍ വിജയിച്ചിരിക്കുന്നുവെന്നും അതിനാല്‍ വിജയം കൊതിക്കുന്നവര്‍ അതിനുള്ള മാനസികബലം ആര്‍ജിക്കാന്‍ പരിശീലിക്കണമെന്നും ബുദ്ധിജീവികള്‍ മക്കള്‍ക്ക് ഉപദേശം നല്‍കിയിരുന്നു. ഓജസ്സും ഊര്‍ജവും കെടുത്തിക്കളയുന്ന നൈരാശ്യം പരാജയത്തിന്റെ പടിവാതില്‍ക്കലേക്ക് കൂട്ടിക്കൊണ്ടുപോവാതിരിക്കാനുള്ള കരുതലുണ്ടാവണം.
Also Read :അവൻ കൂടെയുണ്ടെങ്കിൽ പിന്നെന്തിന് പേടിക്കണം?
എന്റെ ജീവിതം നായ നക്കി, കുളം തോണ്ടി, ഞാൻ അമ്പേ പരാജയപ്പെട്ടു, എനിക്കിനി നിൽക്കക്കള്ളിയില്ല, ദൈവം പോലും എന്നെ കൈവിട്ടു.. എന്നിത്യാദി തോന്നലുകൾ മനസ്സുകളെ രോഗാതുരമാക്കുകയും നാശത്തിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്. വിനാശങ്ങളിലേക്ക് വഴി നടത്തുന്ന ഇത്തരം വിപരീത വിചാരങ്ങളാണ് അപകടകാരികൾ.
'അങ്ങ് പറയുക; സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ചുപോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കാരുണ്യവാനും. (അസ്സുമർ-53)
അല്ലാഹു തന്നെ കൈവിട്ടുവെന്ന് വിശ്വസിക്കുന്നിടത്ത് അവന്റെ പ്രീതിയും പൊരുത്തവും വിനഷ്ടമാവും. ആ വിശ്വാസമാവും ഏറ്റവും വലിയ അബദ്ധവും ദുരന്തവും. നിരാശ ഒന്നും നേടിത്തരുന്നില്ല. പ്രതീക്ഷ പ്രേരണയും പ്രചോദനവുമാണ്. കൂനിന്മേൽ കുരുവായി വരുന്ന ദുരന്തങ്ങളുടെ തനിയാവർത്തനങ്ങളിലും ദുരിതങ്ങളുടെ പരിഭ്രമണങ്ങളിലും മനസ്സിന്റെ താളം തെറ്റാതെ, പ്രതീക്ഷയുടെ തിരിനാളമണയാതെ പിടിച്ചുനിൽകാനാവണം. വിധിച്ചത് വഴിയിൽ തങ്ങില്ല. എന്നാൽ വിധികൾ പര്യവസാനമല്ല. അവ പരീക്ഷണവും വിജയ മാർഗവുമാണ്. അതിനാൽ ജീവിതത്തിന്റെ ഏതവസ്ഥയിലും പരമ കാരുണികനായ അല്ലാഹുവിൽ പ്രതീക്ഷയർപ്പിക്കുക. ഭാവിയെ കുറിച്ചുള്ള ശുഭപ്രതീക്ഷകൾ പുലർത്തുക. ലക്ഷ്യം സാക്ഷാൽകരിക്കാൻ അദ്ധ്വാനിക്കുക. നന്മയുടെ വഴിയേ നടന്ന് വിജയത്തിന്റെ വാതിലുകൾ മുട്ടുക.
Leave A Comment