സൈദ് ബിന്‍ സാബിത് അല്‍ അന്‍സ്വാരി(റ)
10 Baitun Nur, Calgary, Alberta, Canadaഈ സ്വഹാബി വര്യന്റെ ജീവിത ചിത്രം ഹിജ്‌റ രണ്ടാം വര്‍ഷത്തില്‍ നിന്നും വരച്ചു തുടങ്ങാം. വ്രതമാസമായ റമളാനാണ് കാലം. അന്ന് മദീനാ തെരുവില്‍ ശക്തമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഒന്നുമല്ല, സത്യനിഷേധികളെ പ്രതിരോധിക്കാന്‍ നബി(സ്വ)യും സംഘവും ബദ്‌റിലേക്ക് പുറപ്പെടാനുള്ള ഒരുക്കമാണ് ആ അന്തരീക്ഷത്തെ ബഹളമയമാക്കിയത്. യുദ്ധസേന ഒരുങ്ങി. നബി(സ്വ) എല്ലാവരെയും ഒന്ന് വീക്ഷിച്ചുകൊണ്ടിരുന്നു. തന്റെ നേതൃത്വത്തില്‍ ഇസ്‍ലാമിന് വേണ്ടി പടപൊരുതാന്‍ പുറപ്പെടുന്ന ആദ്യസംഘമാണിവര്‍. അവര്‍ ശക്തരും ധീരരുമാണോ എന്ന് നബി(സ്വ) പരിശോധിച്ചു. അപ്പോഴാണ് യുദ്ധനിരകള്‍ക്കിടയിലൂടെ പതിമൂന്നുകാരനായ ആ ബാലന്‍ പ്രത്യക്ഷപ്പെട്ടത്. ബുദ്ധിമതിയും സൂത്രധാരനുമായ ഒരു ബാലന്‍. തന്നേക്കാള്‍ അല്‍പം നീളം കൂടിയതോ അല്ലെങ്കില്‍ തനിക്കൊപ്പം ഉയരുമുള്ളതോ ആയ ഒരു ഖഡ്കം അവന്റെ കൈയിലുണ്ട്. അവന്‍ നബി(സ്വ) യുടെ അടുത്ത് വന്ന് പറഞ്ഞു: '' ഞാന്‍ അങ്ങേക്ക് സമര്‍പ്പിതമാണ്, അങ്ങയുടെ കൂടെ അല്ലാഹുവിന്റെ ശത്രുക്കളോട് ഇസ്‍ലാമിന്റെ പതാകക്ക് കീഴില്‍ യുദ്ധം ചെയ്യാന്‍ അങ്ങ് സമ്മതം നല്‍കണം.'' ഇതുകേട്ട നബി(സ്വ)യുടെ മുഖത്ത് പുഞ്ചിരി വിടര്‍ന്നു. തന്റെ തൃക്കരങ്ങള്‍കൊണ്ട് ആ ബാലന്റെ പുറകില്‍ തട്ടി സമാധിനിപ്പിച്ചു. ചെറുപ്പമായതുകൊണ്ട് നീ യുദ്ധത്തിന് വരേണ്ടെന്ന് പറഞ്ഞ് നബി(സ്വ) അവനെ പിന്തിരിപ്പിച്ചു. **                           **                           ** ദുഃഖഭാരം പേറി ആ ബാലന്‍ അവിടെ നിന്നും മടങ്ങി. വാള്‍ മണ്ണിലേക്ക് ചുഴറ്റിയെറിഞ്ഞ് അവന്‍ തന്റെ ദുഃഖം ശമിപ്പിച്ചു. ആ നിമിഷം അങ്ങനെയൊക്കെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കാരണം, നബി(സ്വ)യുടെ നേതൃത്വത്തിലുള്ള ആദ്യ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ തഴയപ്പെട്ടിരിക്കുകയാണ് അവന്‍. ഇതില്‍ അവന്റെ മാതാവ് നവാര്‍ ബിന്‍ത് മാലികും ദുഃഖിതയാണ്. കാരണം, നബി(സ്വ)യുടെ പതാകക്ക് കീഴില്‍ മുസ്ലിംകളോടൊത്ത് ഒരു ധീരപോരാളിയായി തന്റെ മകനെ സുറുമയിട്ട് കാത്തിരിക്കുകയായിരുന്നു ആ മാതാവ്. തന്റെ അരുമ മകന്‍ രക്തസാക്ഷിത്വമെന്ന മഹോന്നത പദവിയില്‍ വിരാചിക്കണമെന്ന് നവാര്‍ ആഗ്രഹിച്ചിരുന്നു. **                           **                           ** ഇളം പ്രായമായതിനാല്‍ ഈ മേഖലയില്‍ പ്രവാചക സാമീപ്യം നേടാന്‍ തനിക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയ സാബിത് എന്ന ബാലന്‍ മറ്റൊരു മേഖലയിലേക്ക് തന്റെ മനസ്സിനെയും ശരീരത്തെയും പറിച്ചുനട്ടു. അവിടെ പ്രായമോ, ശക്തിയോ മാനദണ്ഡമല്ല. വിജ്ഞാന മേഖലയാണ് സാബിത് (റ) തന്റെ നിയോഗമായി കരുതിയത്. ആ കവാടത്തിലൂടെ നബി(സ്വ)യുടെ സാമീപ്യത്തിലേക്ക് കടന്നുചെല്ലാമെന്ന് സാബിത്(റ) മനോഗതം ചെയ്തു. അവന്‍ തന്റെ സ്വപനം തന്റെ ഉമ്മയുമായി പങ്കുവെച്ചു. ഇത് കേട്ട മാതാവിന്റെ വദനം ഹര്‍ഷപുളകിതമായി. ആ മുഖത്ത് ആയിരം കുസുമങ്ങള്‍ ഇതള്‍ വിരിച്ച് പരിമളം പരത്തി. തന്റെ മകന്റെ മോഹം പൂവണിയാന്‍ ആ ഉമ്മ ബദ്ധശ്രദ്ധയായി കച്ചകെട്ടിയിറങ്ങി. **                           **                           ** മകന്റെ താത്പര്യത്തെ സംബന്ധിച്ച് മാതാവ് നവാര്‍ സമൂഹത്തിലെ ചില പുരുഷന്മാരോട് സംസാരിച്ചു. അവര്‍ അവനുമായി നബി(സ്വ) യുടെ അടുത്തെത്തി. നബി(സ്വ)യോട് പറഞ്ഞു: '' അല്ലാഹുവിന്റെ പ്രവാചകരേ, ഇവന്‍ സൈദ് ബിന്‍ സാബിതാണ്. പരിശുദ്ധ ഖുര്‍ആനിലെ പതിനേഴ് സൂറത്തുകള്‍ അവന്‍ മനഃപാഠമാക്കിയിരിക്കുന്നു. അങ്ങയുടെ ഹൃദയത്തിലേക്ക് ഇറക്കപ്പെട്ടതുപോലെ അത് ശുദ്ധമായി പാരായണം നടത്താനും അവന് സാധിക്കും. മാത്രമല്ല, അവന്‍ എഴുത്തും വായനയും അറിയുന്നവനാണ്. അതുമായി അവന്‍ അങ്ങയുടെ സാമീപ്യം കാംക്ഷിക്കുന്നു. അങ്ങ് ഉദ്ധേശിക്കുന്നുവെങ്കില്‍ അവന്റെ പാരായണം കേള്‍ക്കൂ.'' മനഃപാഠമാക്കിയ ചിലതെല്ലാം അവന്‍ നബി(സ്വ)യെ കേള്‍പ്പിച്ചു. നബി(സ്വ) എല്ലാം ശ്രവിച്ചു. വ്യക്തവും ശുദ്ധവുമായ പാരായണം. ആകാശ പ്രതലത്തില്‍ നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങും പോലെ ആ അധരങ്ങളില്‍ ഖുര്‍ആനിക വചനങ്ങള്‍ മിന്നിത്തിളങ്ങുകയുണ്ടായി. സാബിതി(റ)ന്റെ പാരായണം ഹൃദയങ്ങളില്‍ തട്ടി സ്വാധീനം ഫലിപ്പിക്കുന്നതാണ്. എളുപ്പത്തില്‍ മനസ്സിലാക്കാനുതകുന്ന പാരായണ ശൈലിയാണ് സൈദ് ബിന്‍ സാബിതി(റ)ന്റെത്. ജനങ്ങള്‍ പറഞ്ഞതിലും മികവുറ്റതായിരുന്നു സൈദി(റ)ന്റെ പ്രകടനം. നബി(സ്വ)ക്ക് സന്തോഷമായി. എഴുതാനും അറിയുമെന്നറിഞ്ഞപ്പോള്‍ നബി(സ്വ)യുടെ സന്തോഷം പതിന്മടങ്ങ് വര്‍ദ്ധിച്ചു. അവന് നേരെ തിരിഞ്ഞുകൊണ്ട് നബി(സ്വ) പറഞ്ഞു: '' സൈദ്, നീ എനിക്ക് വേണ്ടി ജൂതന്മാരുടെ ഭാഷയായ ഹീബ്രു പഠിക്കണം. കാരണം ഞാന്‍ പറയുന്നതില്‍ അവരെ എനിക്ക് വിശ്വാസമില്ല.'' സൈദ്(റ) പഠിക്കാം എന്ന് സമ്മതിച്ചു. ഉടനെ ഹീബ്രു ഭാഷാ പഠനത്തില്‍ മുഴുകിയ സൈദ് ബിന്‍ സാബിത്(റ) കുറഞ്ഞ കാലയളവിനുള്ളില്‍ ആ മേഖലയിലെ നിപുണനായി മാറി. അങ്ങനെ, ജൂത സമുദായങ്ങളിലേക്കുള്ള നബി(സ്വ)യുടെ കത്തെഴുതുന്നതും അവരുടെ കത്തുകള്‍ നബി(സ്വ)ക്ക് വായിച്ചു കൊടുക്കുന്നതും സൈദി(റ)ന്റെ നിയോഗമായി മാറി. ശേഷം നബി(സ്വ)യുടെ ആജ്ഞപ്രകാരം തന്നെ സുറിയാനി ഭാഷയും പഠിച്ചെടുത്തു. നബി(സ്വ)യുടെ വിവര്‍ത്തകനായും സൈദ്(റ) പിന്നീട് നിയമിക്കപ്പെടുകയുണ്ടായി. **                           **                           ** സൈദി(റ)ന്റെ കണിശതയും ദൃഢതയും വിശ്വസ്തതയും സത്യസന്ധതയും ബോധ്യപ്പെട്ട നബി(സ്വ) അദ്ദേഹത്തെ വഹ്‌യ് ഇറങ്ങുന്നത് രേഖപ്പെടുത്താന്‍ നിയോഗിച്ചു. ദിവ്യസന്ദേശം ഇറങ്ങുമ്പോഴെല്ലാം നബി(സ്വ) സൈദി(റ)നെ വിളിച്ച് എഴുതിവെക്കാന്‍ പറയും. സൈദ്(റ) അത് എഴുതി വെക്കും. നബി(സ്വ)യില്‍ നിന്നും ഖുര്‍ആന്‍ സ്വീകരിച്ച് ആയത്തുകളെ കൃത്യസമയത്ത് തന്നെ നെഞ്ചിലേറ്റി ഖുര്‍ആന്‍ സംരക്ഷണത്തിന്റെ ചാലകശക്തിയായി സൈദ്(റ) നിലകൊണ്ടു. ആയത്തുകള്‍ ഇറങ്ങിയ സാഹചര്യവും നിദാനങ്ങളും സൈദ് മനസ്സിലാക്കി വെച്ചു. ഇസ്ലാമിക ശരീഅത്തിന്റെ രഹസ്യങ്ങളും യുക്തിയും മനസ്സിലാക്കിയ ആ ഹൃദയത്തില്‍ ഈമാന്‍ ചന്ദ്രശോഭ സമാനമായി പ്രശോഭിച്ചു. ഖുര്‍ആന്‍ വിഷയങ്ങളില്‍ അഗാധപാണ്ഡിത്യം നേടിയ സ്വഹാബിയായി സൈദ് ബിന്‍ സാബിത്(റ) പിന്നീട് അറിയപ്പെടുകയുണ്ടായി. നബി(സ്വ)യുടെ വഫാത്തിന് ശേഷം മുസ്‍കള്‍ സൈദി(റ)നെ ഖുര്‍ആനിക വിഷയങ്ങളില്‍ അവലംബമായി സ്വീകരിച്ചു. സിദ്ദീഖ്(റ)ന്റെ കാലത്ത് നടന്ന ഖുര്‍ആന്‍ ക്രോഡീകരണ പ്രക്രിയയിലെ തലവനായും ഉസ്മാന്‍(റ)ന്റെ കാലത്ത് നടന്ന മുസ്ഹഫുകളുടെ ഏകീകരണ സമയത്തെ നേതാവായും സൈദ്(റ) നിയോഗിക്കപ്പെട്ടു. ഇത്രമേല്‍ മഹോന്നതമായ പദവികള്‍ സൈദ്(റ) തന്റെ ജീവിത കാലഘട്ടത്തില്‍ വഹിച്ചു എന്നത് ആ മഹാമനീഷിയുടെ ഔന്നിത്യം വിളംബരം ചെയ്യുന്നതാണ്. **                           **                           ** മുസ്ലിം സമുദായത്തിലെ ബൗദ്ധിക സമ്പത്ത് പകച്ചുനിന്ന വേളകളില്‍ ശരിയായ തീരുമാനങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കാന്‍ മുന്നോട്ടു വന്നത് സൈദ് ബിന്‍ സാബിതി(റ)ന്റെ വ്യക്തിത്വത്തിന് തിലകച്ചാര്‍ത്ത് നല്‍കിയതായിരുന്നു. നബി(സ്വ) വഫാത്തായപ്പോള്‍ അടുത്ത ഖലീഫയെ ചൊല്ലി സഖീഫത്ത് ബനീ സാഇദയില്‍ ഒരുമിച്ചു കൂടിയ മുസ്ലിംകള്‍ അഭിപ്രായി ഭിന്നരായി. മുഹാജിറുകള്‍ പറഞ്ഞു: '' ഞങ്ങളിലാണ് ഖിലാഫത്ത് വേണ്ടത്. ഞങ്ങളാണ് അതിന് അര്‍ഹര്‍.'' ചില അന്‍സ്വാറുകള്‍ പറഞ്ഞു: '' ഞങ്ങളിലും ഖിലാഫത്ത് ഉണ്ടാവും. ഞങ്ങളാണ് അതിന് അര്‍ഹര്‍.'' അപ്പോള്‍ അന്‍സ്വാറുകളിലെ മറ്റു ചിലര്‍ പറഞ്ഞു: '' അല്ല ഞങ്ങളിലും നിങ്ങളിലും ഖിലാഫത്ത് ഉണ്ടാവുന്നതാണ്. കാരണം നബി(സ്വ) നിങ്ങളിലൊരാളെ ഒരു ജോലി ഏല്‍പിച്ചാല്‍ സഹായിയായി ഞങ്ങളിലൊരാളെ നബി(സ്വ) നിയോഗിക്കുമായിരുന്നു.'' സംസാരം മൂര്‍ഛിച്ചു. തീരുമാനങ്ങളൊന്നും ഉണ്ടാവാതെ സമുദായം ഒരു വലിയ വിപത്തിലേക്ക് കാലെടുത്തുവെക്കുന്നു. നബി(സ്വ)യുടെ വന്ദ്യദേഹം മറവുചെയ്യപ്പെട്ടിട്ടുമില്ല. ഈ ഫിത്‌നയെ ഖുര്‍ആനിക വെളിച്ചത്തില്‍ കുഴിച്ചുമൂടാന്‍ ഉതകുന്ന ഒരു ശക്തമായ വാക്കിനായി മുസ്ലിം സുദായം കാതോര്‍ത്തിരുന്നു. അങ്ങനെയാണ് സൈദ് ബിന്‍ സാബിതി(റ)ന്റെ അധരങ്ങളില്‍ നിന്നും ആ വാക്കുകള്‍ നിര്‍ഗളിച്ചത്. ജനങ്ങള്‍ക്കു നേരെ തിരിഞ്ഞു കൊണ്ട് അദ്ദേഹം പറഞ്ഞു: '' അന്‍സ്വാറുകളെ, നബി(സ്വ) മുഹാജിറുകളില്‍ പെട്ടവരായിരുന്നു. അതുകൊണ്ട് അടുത്ത ഖലീഫയും മുഹാജിറുകളില്‍ നിന്ന് തന്നെയായിരിക്കും. നമ്മള്‍ നബി(സ്വ)യെ സഹായിക്കുന്നവരായിരുന്നു. അതുകൊണ്ട് നമ്മള്‍ അവരിലെ ഖലീഫയെ സഹായിച്ച് ധര്‍മത്തിന് പിന്തുണ നല്‍കണം.'' ശേഷം തന്റെ കൈ സിദ്ദീഖി(റ)ലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു: '' ഇദ്ദേഹമാണ് ഇനി നിങ്ങളുടെ ഖലീഫ. അതുകൊണ്ട് നിങ്ങള്‍ അദ്ദേഹത്തെ ബൈഅത്ത് ചെയ്യുവിന്‍.'' **                           **                           ** ഖുര്‍ആനിക വിഷയങ്ങളിലെ അഗാധ പാണ്ഡിത്യവും നബി(സ്വ)യോടുള്ള ദീര്‍ഘ സമ്പര്‍ക്കവും കാരണം സൈദ് ബിന്‍ സാബിത്(റ) മുസ്ലിംകളുടെ ഒരു മാര്‍ഗദീപമായി നിലകൊള്ളുകയുണ്ടായി. പ്രതിസന്ധിഘട്ടങ്ങളില്‍ ഖലീഫമാര്‍ അദ്ദേഹത്തോട് മുശാവറ നടത്തുക പതിവായിരുന്നു. ജീവിത സമസ്യകളില്‍ ഉഴലുന്ന സാധാരണക്കാര്‍ അദ്ദേഹത്തോട് ഫത്‌വ തേടുമായിരുന്നു. വിശിഷ്യാ, അനന്തരാവകാശ നിയമങ്ങളില്‍ അവരുടെ ആശാകേന്ദ്രമായിരുന്നു സൈദ് ബിന്‍ സാബിത്(റ). കാരണം അക്കാലത്ത് മുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ അത്ര അനന്തരാവകാശ നിയമങ്ങള്‍ അറിയുന്ന, അവ വീതിക്കുന്നതില്‍ കൃത്യതയുള്ള ഒരാള്‍ ഉണ്ടായിരുന്നില്ല. ദമാസ്‌കസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു ഗ്രാമമാണ് ജാബിയഃ. അവിടെ ഉമര്‍(റ) മുസ്ലിംസേനയെ പോരാട്ടത്തിന് സജ്ജമാക്കിയിരുന്നു. അവിടെ ഒരുമിച്ചു കൂടിയ ആ ദിവസം ഇസ്ലാമിക ചരിത്രത്തില്‍ ജാബിയഃ ദിവസം (യൗമുല്‍ ജാബിയഃ) എന്ന് അറിയപ്പെടുന്നു. അവിടെ വെച്ച് ഉമര്‍(റ) ഒരു ഘോര പ്രസംഗം നിര്‍വ്വഹിക്കുകയുണ്ടായി. അതില്‍ മഹാനവര്‍കള്‍ പറഞ്ഞു: '' ആര്‍ക്കെങ്കിലും ഖുര്‍ആനിക വിഷയങ്ങളില്‍ സംശയമുണ്ടെങ്കില്‍ അവന്‍ സൈദ് ബിന്‍ സാബിതി(റ)നോട് ചോദിച്ചു കൊള്ളട്ടെ. കര്‍മ്മ ശാസ്ത്ര വിഷയങ്ങളില്‍ സംശയമുണ്ടെങ്കില്‍ അവര്‍ മുആദ് ബിന്‍ ജബലി(റ)നെ സമീപിക്കട്ടെ. സാമ്പത്തിക കാര്യങ്ങളില്‍ സംശയമുള്ളവര്‍ അവര്‍ എന്റെ അടുത്ത് വരൂ. നിശ്ചയം അല്ലാഹു എന്നെ സമ്പത്ത് നോക്കി നടത്തേണ്ടവനും അത് വിതരണം ചെയ്യുന്നവനുമായി നിശ്ചയിച്ചിരിക്കുന്നു.'' **                           **                           ** സ്വഹാബികളിലും താബിഉകളിലും ഉള്‍പെട്ട വിജ്ഞാന കുതുകികള്‍ സൈദ് ബിന്‍ സാബിതി(റ)ന്റെ പാണ്ഡിത്യം മനസ്സിലാക്കുകയും അദ്ദേഹത്തോട് ഭക്തിയും ആദരവും പ്രകടിപ്പിക്കുകയും ചെയ്തു. വിജ്ഞാന സാഗരമായ അബ്ദുല്ലാഹി ബ്‌നു അബ്ബാസ്(റ) ഒരിക്കല്‍ സൈദ് ബിന്‍ സാബിതി(റ)നെ കണ്ടുമുട്ടി. ഇബ്‌നു അബ്ബാസി(റ)ന്റെ വാഹനത്തില്‍ കയറി യാത്ര ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് സൈദ്(റ) അദ്ദേഹത്തിന്റെ മൃഗത്തിന് മുമ്പില്‍ നില്‍ക്കുന്നത്. ഇബ്‌നു അബ്ബാസ്(റ) സൈദി(റ)ന് കടിഞ്ഞാണ്‍ നല്‍കി വാഹനത്തില്‍ കയറാന്‍ സഹായിച്ചു. അപ്പോള്‍ സൈദ്(റ) പറഞ്ഞു: '' നബി(സ്വ)യുടെ പിതൃവ്യ പുത്രാ, ഇത് നിങ്ങള്‍ ഒഴിവാക്കൂ.'' ഇബ്‌നു അബ്ബാസ്(റ): '' അല്ല പണ്ഡിതരോട് ഇങ്ങനെ പ്രവര്‍ത്തിക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടത്.'' അപ്പോള്‍ സൈദ്(റ) പറഞ്ഞു:'' നിങ്ങളുടെ കൈ എനിക്ക് കാണച്ച് തരൂ.'' ഇബ്‌നു അബ്ബാസ്(റ) തന്റെ വലതു കരം സൈദി(റ)ന് നീട്ടിക്കൊടുത്തു. സൈദ്(റ) അതിലേക്ക് ചെരിഞ്ഞു കൈയില്‍ മുത്തി. സൈദ്(റ) പറഞ്ഞു: ''നബി(സ്വ)യുടെ കുടുംബത്തോട് ഇതു പോലെ പ്രവര്‍ത്തിക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടത്.'' **                           **                           ** സൈദ് ബിന്‍ സാബിത്(റ) വഫാത്തായപ്പോള്‍ ജനങ്ങള്‍ വിങ്ങിപ്പൊട്ടി. അദ്ദേഹത്തോടൊപ്പം വിജ്ഞാനവും മറമാറപ്പെട്ടുവെന്ന ഖേദമാണ് അവരെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിച്ചത്. ഇത് കണ്ട അബൂ ഹുറൈറ(റ) പറഞ്ഞു:'' ഈ സമുദായത്തിലെ പ്രതിഭയാണ് വഫാത്തായിരിക്കുന്നത്. ഇബ്‌നു അബ്ബാസി(റ)ലൂടെ അതിന് അല്ലാഹു പകരം ആളെ നിയോഗിച്ചേക്കാം.'' കവി ഹസ്സാന്‍ ബിന്‍ സാബിത്(റ) സൈദി(റ)ന്റെ വിയോഗത്തില്‍ അനുശോചനാര്‍ത്ഥം പാടി: ومن للقوافي بعد حسان وابنه   ومن للمعاني بعد زيد بن ثابت (ഹസ്സാനു ബ്‌നു സാബിതിന്റെയു മകന്റെയും വിയോഗ ശേഷം കാവ്യ ശകലങ്ങള്‍ രചിക്കാന്‍ ആരാണുണ്ടാവുക? സൈദ് ബിന്‍ സാബിതി(റ)ന്റെ വിയോഗ ശേഷം വൈജ്ഞാനിക മേഖലയില്‍ ആരാണുണ്ടാവുക?)   പരിഭാഷ: സ്വാദിഖ് വികെ മേലാറ്റൂര്‍
സുവര്‍ മിന്‍ ഹയാത്തിസ്വഹാബ        

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter