അവരാണ് നേതാക്കള്‍, നാം പറയുന്ന വഴിയില്‍ പോവേണ്ടവരല്ല അവര്‍...

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍, വിശിഷ്യാ സംഘടനാവൃത്തങ്ങളുടെ പേജുകളില്‍ നിറഞ്ഞുനിന്നത്, സുന്നീ നേതാക്കള്‍ ഇതര സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളായിരുന്നു. മുമ്പും ഇത്തരം ചില അനാരോഗ്യചര്‍ച്ചകള്‍ അണികള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. ഇവ്വിഷയകമായി തോന്നിയ രണ്ട് കാര്യങ്ങള്‍ പങ്ക് വെക്കുകയാണ് ഇവിടെ.

ഒന്നാമതായി, നേതാക്കള്‍ എവിടെ പോവണമെന്നും എവിടെ പോവരുതെന്നും പറഞ്ഞുകൊടുക്കുന്ന അണികള്‍ എന്നത് ഏതൊരു സംഘടനക്കും ഭൂഷണമല്ല. നേതാക്കള്‍ എന്ന പദം തന്നെ അര്‍ത്ഥമാക്കുന്നത് നയിക്കുന്നവര്‍ എന്നാണ്. അണികളെ ഏറ്റവും നല്ല പാതയിലൂടെ വഴി നടത്തേണ്ടവരാണ് നേതാക്കള്‍. ആ വഴി ഏതെന്ന് കൃത്യമായി മനസ്സിലാക്കാനും യഥാസമയം തിരിച്ചറിയാനും സാധിക്കുന്നവരെയാണ് നേതാക്കളാക്കാറുള്ളതും. നേതൃപദവിയിലെത്തുന്നതോടെ, പിന്നെ അവരെ പിന്തുടരുക എന്നതാണ് അണികളുടെ ഉത്തരവാദിത്തം. പ്രവാചകരേ, അങ്ങ് ഞങ്ങളെയും കൂട്ടി ഈ കടലിലേക്ക് പോകുന്നുവെങ്കില്‍ ഞങ്ങള്‍ ഒട്ടും ആലോചിക്കാതെ താങ്കളുടെ കൂടെ ഈ കടലിലിറങ്ങാനും തയ്യാറാണ് എന്ന സ്വഹാബികളുടെ വചനം ഇതാണ് തെളിയിക്കുന്നത്. 

നേരെ മറിച്ച്, അണികള്‍ ആഗ്രഹിക്കുകയും പറയുകയും ചെയ്യുന്ന രീതിയില്‍ മാത്രം ചലിക്കാനാണെങ്കില്‍, നേതാക്കളുടെ ആവശ്യമില്ലെന്ന് തന്നെ പറയാം, ഏറ്റവും ചുരുങ്ങിയത് അയാള്‍ നയിക്കുകയല്ല, മറിച്ച് പിന്തുടരക മാത്രമാണ് ചെയ്യുന്നത് എന്നര്‍ത്ഥം. അത്തരത്തിലുള്ള നേതാവ് ഉണ്ടാവുന്നതും ഇല്ലാത്തതും തുല്യം തന്നെ. 

ഇതുവരെ തള്ളിപ്പറഞ്ഞിരുന്നവരെല്ലാം, തങ്ങളെ സ്വീകരിക്കാനും ആനയിച്ചിരുത്താനും തയ്യാറാവുന്നു എന്നതിലെ നല്ല വശമെങ്കിലും മനസ്സിലാക്കി ഇത്തരം ക്ഷണങ്ങളെ പോസിറ്റീവ് സമീപിക്കേണ്ടതല്ലേ എന്നാണ് കുറിപ്പുകാരന്റെ പക്ഷം.

രണ്ടാമതായി, സമുദായത്തിന്റെ ഐക്യം ഏറ്റവും അവശ്യമായി മാറുന്ന സമയത്ത് അതിനുള്ള അവസരങ്ങള്‍ പരമാവധി ഉണ്ടാക്കുകയല്ലേ വേണ്ടത് എന്നാണ്. ഇനിയും അനൈക്യത്തിന്റെ സ്വരങ്ങളല്ല നമുക്ക് വേണ്ടത്, മറിച്ച് ആകാവുന്ന കാര്യങ്ങളിലെല്ലാം ഒന്നിച്ചിരിക്കാനുള്ള സുമനസ്സ് എല്ലാവരും കാണിക്കേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു. 

അതിലുപരി, ഏതൊരു തര്‍ക്കവും രണ്ട് ശരികള്‍ തമ്മിലാണെന്ന സാമാന്യ തത്വവും ഇവിടെ ചിന്തനീയമാണ്. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് മനസ്സിലാക്കിതന്നെ അതുമായി മുന്നോട്ട് പോവുന്നവരുണ്ടെങ്കില്‍ അവരെ മാറ്റി നിര്‍ത്താം, അല്ലാത്തവരെയെല്ലാം അകറ്റി നിര്‍ത്തുന്നതിന് പകരം, പരമാവധി ചേര്‍ത്ത് നിര്‍ത്താനും അതിലൂടെ നമ്മുടെ ശരികളെ അവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ, ഈ സമുദായത്തിനകത്ത് ഇനിയും വേലിക്കെട്ടുകള്‍ ഉയരാതിരിക്കൂ. അല്ലാത്തിടത്തോളം, സമുദായം കൂടുതല്‍ കൂടുതല്‍ ക്ലോസ്ഡ് കമ്പാര്‍ടുമെന്റുകളായി ചുരുങ്ങിപ്പോവുന്നത് കാണേണ്ടിവരും. അവസാനം, ഒന്ന് കൂടെ നിലവിളിക്കാന്‍ പോലും ആളില്ലാത്തവിധം നാം ഒറ്റപ്പെട്ടുപോവുകയും ചെയ്യും. 

താനുമായി അഭിപ്രായാന്തരമുണ്ടായി പിരിഞ്ഞുപോയ സുഹൃത്തിനോട് ഇമാം ശാഫിഈ (റ) പറഞ്ഞ വാക്കുകള്‍ തന്നെ കടമെടുക്കട്ടെ, നാം തമ്മില്‍ ഒന്നോ രണ്ടോ കാര്യത്തിലല്ലേ വിയോജിപ്പുള്ളൂ. എന്നാല്‍ യോജിക്കാന്‍ എത്ര എത്ര കാര്യങ്ങളുണ്ട് നമുക്ക്. പിന്നെന്തിനാണ് താങ്കള്‍ അകന്നുപോവുന്നത്. നല്ല സുഹൃത്തുക്കളായി തന്നെ നമുക്ക് തുടര്‍ന്ന് കൂടേ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter