മന്‍സൂര്‍ ഹല്ലാജ്: രക്തസാക്ഷിയായ സ്വൂഫിജ്ഞാനി

hallaj''ഭ്രാന്തവും അരക്ഷിതവുമായ ഈ ഭൗമ ജീവിതത്തില്‍ രക്ഷ പ്രാപിക്കുവാന്‍ നീ ഹല്ലാജ് മന്‍സൂറിനെ പോലെ കഴുവേറുക''- റൂമി. സ്വൂഫീ സരണിയിലെ അദ്യുതീയനായിരുന്നു ഹല്ലാജ്(റ). ആത്മീയ സമുദ്രത്തില്‍ നീന്തിത്തുടിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. മണ്ണിലും വിണ്ണിലും നീലാകാശത്തിലും നീലക്കടലിലും സ്വന്തം ആത്മാവിലും അല്ലാഹുവിനെ ദര്‍ശിച്ച ഹല്ലാജ് എന്തൊക്കെയോ ഉരുവിട്ടു. ആത്മീയ ലഹരിയില്‍ ജീവിച്ച ഹല്ലാജ്(റ) മാനവ സമൂഹത്തിനു മാനസാന്തരപ്പെടാത്തേടത്തേക്ക് നാഥനെ തേടി സഞ്ചരിച്ചു. പേര്‍ഷ്യന്‍ സംസ്ഥാനമായ ശീറാസില്‍ ക്രി. 857ലാണ് ഹല്ലാജ് എന്ന നമധേയത്തില്‍ പ്രസിദ്ധനായ അബൂമുഗീസ് ഹുസൈന്‍ ബിന്‍ മന്‍സൂറുല്‍ ഹല്ലാജ്(റ) ജനിക്കുന്നത്. ഹിജ്‌റ മൂന്നും നാലും നൂറ്റാണ്ടുകളില്‍ അദ്ദേഹം ബാഗ്ദാദില്‍ ജീവിച്ചു. തസ്തറി, ബസ്വറ, മക്ക, ഖുറാസാന്‍, തുര്‍ക്കിസ്ഥാന്‍, ചെച്‌നിയ തുടങ്ങിയ നാടുകളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. കരക്കണയാനുള്ള കപ്പലെന്നപോലെ ഹല്ലാജ് സദാ സമയവും  പ്രപഞ്ച സ്രഷ്ടാവിനെ തേടി അലഞ്ഞു. സ്രഷ്ടാവിനെ കണ്ടതോടെ ഹല്ലാജിന്റെ ജീവിതം മാറിമറിഞ്ഞു. ഭ്രാന്തനായി ബഗ്ദാദിലെ ഭ്രാന്താശുപത്രിയില്‍ വരെ അദ്ദേഹം പ്രവേശിപ്പിക്കപ്പെട്ടു. ലൈലയെ കണ്ട ഖൈസിന്റെ മറ്റൊരു പതിപ്പായി ഹല്ലാജ്(റ). നീ ഞാനും ഞാന്‍ നീയും എന്ന സ്‌നേഹത്തിന്റെ അഗാധ ഗര്‍ത്തത്തിലേക്ക് ഹല്ലാജ്(റ) മറിഞ്ഞു വീണു. അനുപമമായ ദാര്‍ശനിക ജ്ഞാനത്താല്‍ അദ്ദേഹം ഉരുവിട്ടു: ''ഞാന്‍ ആണ് പരമ യാഥാര്‍ത്ഥ്യം (അനല്‍ ഹഖ്), സുബ്ഹാനി (ഞാന്‍ എന്നെ പരിശുദ്ധനാക്കുന്നു), മാഫില്‍ ജൈബി ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ മറ്റൊന്നും കീശയിലില്ല.''. ഖലീഫ മുഖ്തദിര്‍ ബില്ലാ ഹിയുടെ ഭരണകാലത്ത് ഹിജ്‌റ 309-ല്‍ ദുല്‍ഹിജ്ജ മാസത്തില്‍ ബാഗ്ദാദ് പട്ടണം ഈ വാക്കുകള്‍ കൊണ്ട് പ്രകമ്പനം കൊണ്ടു. പണ്ഡിതര്‍ മൂന്നു വിഭാഗമായി; അതുപോലെ പൊതു സമൂഹവും. ഒരു വിഭാഗം ഈ ഹല്ലാജ് മുര്‍തദ്ദാണെന്നും തൗബ ചെയ്തില്ലെങ്കില്‍ കൊല്ലണമെന്നും പറഞ്ഞപ്പോള്‍, രണ്ടാമത്തെ വിഭാഗം അദ്ദേഹത്തെ ആദരിക്കുകയും ആ വാക്കുകള്‍ക്ക് അനുകൂലമായ വ്യാഖ്യാനങ്ങള്‍ നിരത്തുകയുമുണ്ടായി. നിസ്പക്ഷമതികളാണ് മൂന്നാമത്തെ വിഭാഗം. പണ്ഡിതസമൂഹത്തോട് വിധിയെഴുതാന്‍ ലോകം ആവശ്യപ്പെട്ടപ്പോള്‍ ചിലര്‍ തുറന്നാക്ഷേപിച്ചു. മറ്റുചിലര്‍ വാരിപ്പുണരുകയും ചെയ്തു. സത്യത്തില്‍, ഹല്ലാജിന് അബോധാവസ്ഥയായിരുന്നു. അല്ലാഹുവില്‍ ലയിച്ച ഹല്ലാജ്(റ) ഭൗതികതയുടെ അംശം പോലും നനയാത്ത നിഷ്‌കളങ്കനായ സൂഫി പണ്ഡിതനായിരുന്നു. ഔലിയാക്കളിലെ അസാധാരണക്കാര്‍ സാധാരണ ജനങ്ങളില്‍ ഭ്രാന്തരുണ്ടെന്ന പോലെ  ഔലിയാക്കളിലുമുണ്ട് ഭ്രാന്തന്‍മാര്‍. സാധാരണക്കാരുടെ ഭ്രാന്തിനു കാരണം വെറും പ്രകൃതത്വമായിരിക്കും. എന്നാല്‍, ഔലിയാക്കളുടെ ഭ്രാന്തിനു കാരണം ആത്മീയതയാണ്. ഭ്രാന്തനായി മുദ്രകുത്തിയവര്‍ ഹല്ലാജ്(റ)വിനെ ചികിത്സാലയത്തിലാക്കിയതായി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്. സാധാരണക്കാരുടെ ഭ്രാന്ത് ചികിത്സിക്കാന്‍ അവരില്‍ പെട്ട് ഭിശഗ്വരന്‍മാര്‍ക്ക് സാധിക്കുമെങ്കിലും ഔലിയാക്കളിലെ 'മജ്ദൂബുകളെ' പരിശോധിക്കാന്‍ അവരിലെ ഡോക്ടര്‍മാര്‍ തന്നെ വേണം. ഉന്നതരുടെ ചില വാക്കുകള്‍ ഉന്നതരായ ചിലര്‍ക്കു തന്നെ മനസ്സിലാവുകയില്ലെന്നാണ് സൂറതുല്‍ കഹ്ഫിലെ മൂസാ(അ)ഉം ഖിള്ര്‍(അ)ഉം തമ്മിലുണ്ടായ ചരിത്രം നമ്മെ പഠിപ്പിക്കുന്നത്.  അല്ലാഹുവിന്റെ പ്രവാചകനായ ഖിള്ര്‍(അ)ന്റെ  വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയും അര്‍ത്ഥ വ്യാപ്തി കലീമും മുര്‍സലും ഉലുല്‍ അസ്മുമായ മൂസാ നബി(അ)ന് മനസ്സിലാകാന്‍ ഖിള്ര്‍(അ)ന്റെ വിശദീകരണം തന്നെ ആവശ്യമായി വന്നു. സത്യത്തില്‍ ഖിള്ര്‍(അ)നെക്കാള്‍ എത്രയോ സ്ഥാനമുണ്ട് മൂസാനബി(അ)ന്. കുട്ടിയെ വധിച്ചതും കപ്പല്‍ പൊളിച്ചതും ഭിത്തി പടുത്തതും മൂസാ നബി(അ)ന്റെ വീക്ഷണത്തില്‍ പാപമായിരുന്നു. ആദ്യം എല്ലാ പ്രവര്‍ത്തനങ്ങളിലും നീരസം പ്രകടിപ്പിച്ച മൂസാ(അ) വിശദീകരണം കിട്ടുമ്പോള്‍ സംതൃപ്തനാവുന്നത് ഖുര്‍ആനില്‍ കാണാം. പിരിയുന്നതിനു മുമ്പ് ഖിള്ര്‍(അ) മൂസാ നബി(അ)നോട് പറയുന്നതായി ബുഖാരി ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യുന്നു: ''നിങ്ങള്‍ പ്രത്യേക അറിവിന്റെ മേലിലാണ്. അവ നിങ്ങള്‍ക്ക് അല്ലാഹു അറിയിച്ചിരിക്കുന്നു; എനിക്കറിയിച്ചിട്ടില്ല. എന്നെ എന്റെ റബ്ബ് ചില പ്രത്യേക അറിവുകള്‍ പഠിപ്പിച്ചിരിക്കുന്നു. അവ നിങ്ങള്‍ക്കുമറിയില്ല.'' അതായത്, എല്ലാവിധ ജീവജാലങ്ങളും അവരുടേതായ ലോകത്താണ്. അവരുടെ ജ്ഞാനം നല്‍കപ്പെട്ടവര്‍ക്ക് മാത്രമേ അതു തിരിച്ചറിയാനും മനസ്സിലാക്കാനും സാധിക്കൂ. ഹല്ലാജ്(റ)ന്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെയാണ്. ഹല്ലാജ്(റ)ന്റെ ഗുരുവര്യരില്‍ പ്രമുഖനും സൂഫി സരണിയുടെ മാര്‍ഗദര്‍ശിയുമായ ശൈഖ് ജുനൈദുല്‍ ബാഗ്ദാദി(റ) ഗുരുവും ശിഷ്യനും പരസ്പരം പൊരുത്തപ്പെട്ടു പോകാത്തതിനാല്‍ ക്ലാസില്‍നിന്ന് ഹല്ലാജ്(റ)വിനെ പുറത്താക്കി. കാരണം, ആത്മീയതയുടെ ലഹരിപിടിച്ച് ഉന്‍മത്തനായി അതുമിതും വിളിച്ചതാണ്. ഗുരുവര്യന്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു കൊണ്ട് ഹല്ലാജ്(റ) പറഞ്ഞത്രെ: ''ആത്മീയതയുടെ ലഹരി പിടിച്ചവര്‍ക്ക് അല്ലാഹു എന്നും മറയിലായിരിക്കുമെന്ന്.'' അതിനുള്ള മറുപടി ജുനൈദുല്‍ ബാഗ്ദാദി(റ) പറയുന്നുണ്ട്: ''ചിന്തയുടെ ഉണര്‍വും ബോധപൂര്‍വമായ പെരുമാറ്റവുമാണ് മനുഷ്യനാവശ്യം. അതിലൂടെ അവന് അല്ലാഹുവില്‍ എത്തിച്ചേരാം.'' ഇവിടെ സ്വന്തം ഗുരുവര്യനായ ജുനൈദുല്‍ ബാഗ്ദാദി(റ) ഹല്ലാജ്(റ)വിന്റെ ആത്മീയ ലഹരിയും ഇലാഹീ ഉന്മാദവും ഒരു പക്ഷേ, തിരിച്ചറിഞ്ഞിരിക്കാം. അതേസമയം, മറ്റൊരു ഗുരുവായ ശൈഖ് അംറുല്‍ മക്കിയോട് ശരീഅത്തിനു നിരക്കാത്ത ചില കാരണങ്ങള്‍ പറഞ്ഞപ്പോള്‍ നിന്നെ ഞാന്‍ കൊല്ലുമെന്നായിരുന്നു ഗുരുവര്യരുടെ പ്രതികരണം. മഹാനായ ഇമാം നവവി(റ) പറയുന്നു: ''ഔലിയാഇന്റെ ഓരോ വാക്കും ഏറ്റവും ചുരുങ്ങിയത് 70 വ്യാഖ്യാനങ്ങള്‍ക്ക് വിധേയമാക്കുകയും അവയില്‍ എതിര്‍പ്പിന്റെ ചുവയില്ലാത്തത് സ്വീകരിക്കുകയും വേണം.'' (ശറഹുല്‍ മുഹദ്ദബ്) പണ്ഡിതവീക്ഷണത്തില്‍ ആത്മിക ലോകത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഹല്ലാജ്(റ)ന്റെ വിഷയത്തില്‍ പണ്ഡിതര്‍ വ്യത്യസ്ത നിലപാടുകാരാണ്. പ്രമുഖ സ്വൂഫികളായ അംറുബ്‌നു ഉസ്മാനില്‍ മക്കി, അബൂ യഅ്ഖൂബില്‍ നഹര്‍ജൂരി, അബൂ യഅ്ഖൂബില്‍ അഖ്ത്വാഈ, അലിയ്യ് ബ്‌നു സഹ്‌ലില്‍ ഇസ്ഫഹാനി തുടങ്ങിയവര്‍ അദ്ദേഹത്തെ ശക്തമായി അധിക്ഷേപിച്ചവരാണ്. അദ്ദേഹത്തിന്റെ സൂഫീ ദര്‍ശനത്തിന്റെ അകപ്പൊരുളറിഞ്ഞവരില്‍ ചിലരാണ് ശൈഖ് ഇബ്‌നു അത്വാഅ്, മുഹമ്മദ് ബ്‌നു ഖഫീഫ്, അബുല്‍ ഖാസിം ഫിര്‍ഖാനി, ശൈഖ് അബൂ സഈദ് അബുല്‍ ഖാസിം ഖുറൈശി, ഒലിയാക്കളിലെ രാജാളി പക്ഷി ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനി, സ്വൂഫീ സരണിയിലെ വാനമ്പാടി ജലാലുദ്ദീന്‍ റൂമി തുടങ്ങിയവര്‍.  ശൈഖ് ശിബ്‌ലി, ശൈഖ് ജുറൈരി, ശൈഖ് ഹസരി തുടങ്ങിയവര്‍ അദ്ദേഹത്തില്‍ മൗനം പാലിച്ചവരാണ്. സയ്യിദുല്‍ ബക്‌രി പറയുന്നു: ശൈഖ് ഹല്ലാജ്(റ) 'അനല്‍ഹഖ്' എന്ന് പറഞ്ഞതിനെ സംബന്ധിച്ച് ഇമാം ഇബ്‌നുസുറൈജോട് ചോദിക്കപ്പെട്ടു. അദ്ദേഹം നിഷ്പക്ഷത പാലിച്ചു ഇപ്രകാരം പറഞ്ഞു: ''ഇദ്ദേഹത്തിന്റെ അവസ്ഥ എനിക്ക് അവ്യക്തമാണ്. ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. മേല്‍ പറഞ്ഞ വാക്കു കൊണ്ട് ഹല്ലാജ് കാഫിറായിട്ടുണ്ടെന്ന് ഖാളി അബൂ അംറും ജുനൈദും തന്റെ കാലഘട്ടത്തിലെ കര്‍മശാസ്ത്ര പണ്ഡിതരും ഫത്‌വ കൊടുത്തു. ഇതനുസരിച്ച് ഭരണാധികാരിയായ മുഖ്തദിര്‍ ബില്ലാഹി ഹല്ലാജിനെ ആദ്യമായി ആയിരം ചാട്ടവാറടി അടിക്കാനും എന്നിട്ടും മരിക്കുന്നില്ലെങ്കില്‍ കൈയും കാലും മുറിക്കാനും പിന്നീട് കഴുത്ത് വെട്ടാനും ഉത്തരവിട്ടു. ഹിജ്‌റ 309 ദുല്‍ഹിജ്ജ 24ന് ഇതെല്ലാം നടപ്പായി. ജനങ്ങള്‍ ഒരു വിഭാഗം ഹല്ലാജ്(റ)വിനെ കാഫിറാക്കുകയും മറ്റൊരു വിഭാഗം അതിരറ്റ് ആദരിക്കുകയും ചെയ്തു. (ഇആനതുത്വാലിബീന്‍: 4-151) അഹം ബ്രഹ്മാസ്മി അബൂ മന്‍സ്വൂറില്‍ഹല്ലാജ്(റ)വിന്റെ വിവാദമായ പദപ്രയോഗമാണല്ലോ അനല്‍ ഹഖ്. ഞാനാണു പരമ യാഥാര്‍ത്ഥ്യം എന്ന് അര്‍ത്ഥം വരുന്ന ഈ പദം ആ അര്‍ത്ഥത്തില്‍ ബോധപൂര്‍വം പറഞ്ഞാല്‍ അയാള്‍ കൊല്ലപ്പെടേണ്ടതാണെന്നതില്‍ സംശയമില്ല. പക്ഷേ, ഹല്ലാജ്(റ)വിനെ പോലുള്ള സ്വൂഫികള്‍ ഇങ്ങനെ പ്രയോഗിക്കുമ്പോള്‍ മതവിരുദ്ധമല്ലാത്ത രൂപത്തില്‍ വ്യാഖ്യാനിക്കപ്പെടണമെന്നാണ് പണ്ഡിതമതം. പണ്ഡിതന്‍മാര്‍ ആ പദത്തിനു സത്യത്തിന്റെ പരിധിയില്‍ ഉള്‍ക്കൊള്ളുന്ന നിരവധി അര്‍ത്ഥങ്ങള്‍ കല്‍പ്പിച്ചത് ഗ്രന്ഥങ്ങളില്‍ കാണാം. അറബി വ്യാകരണപ്രകാരം 'അന' എന്ന പദം ഏറ്റവും ഉയര്‍ന്ന ക്ലിപ്തനാമമാണ്. (മഅരിഫ) ഇതടിസ്ഥാനത്തില്‍ 'അനല്‍ഹഖ്' എന്നാല്‍ 'ഏറ്റവും വലിയ മഅരിഫ അല്ലാഹു' എന്നാണ്. ഈ വിവക്ഷ പൂര്‍ണമായും ഇസ്‌ലാമികമാണല്ലോ. 'അനല്‍ ഹഖ്'എന്നാല്‍ സത്യത്തില്‍ അത് 'അനബില്‍ഹഖ്' എന്നാണെന്നും അപ്പോള്‍ അത് കൊണ്ട് അര്‍ത്ഥമാക്കപ്പെടുന്നത് ഞാന്‍ പൂര്‍ണമായും അല്ലാഹുവെന്ന സത്യത്തില്‍ സമര്‍പ്പിക്കപ്പെടുകയാണെന്നുമുള്ള വ്യാഖ്യാനവും ചില പണ്ഡിതര്‍ പറയുന്നുണ്ട്. ഇങ്ങനെ പലവിധേനയും പണ്ഡിതര്‍ ഇതിനെ വ്യാഖ്യാനിച്ചിട്ടുണ്ട്. അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസില്‍ കാണാം: ''ഞാന്‍ മുത്ത് നബി(സ്വ)യില്‍നിന്ന് രണ്ടു വിധം വിജ്ഞാനം നേടിയിട്ടുണ്ട്. ഒന്ന് ഞാന്‍ പ്രചാരണം ചെയ്തു. മറ്റൊന്ന് മറച്ചു വക്കുകയും ചെയ്തു. അതു ഞാന്‍ പ്രചാരണം ചെയ്താല്‍ എന്റെ കഴുത്ത് മുറിക്കപ്പെടും.'' ഇതില്‍നിന്ന് സത്യത്തിന്റെ രണ്ടു മുഖങ്ങള്‍ വ്യക്തമാവുന്നുണ്ട്. ഒന്ന്, അറിയാനും അറിയിക്കാനുമുള്ള ജ്ഞാനം. രണ്ട്, അറിയാം പക്ഷേ, അറിയിക്കരുത്. ഹല്ലാജിനു സംഭവിച്ചത് പറയാന്‍ പാടില്ലാത്തത് അഥവാ അറിയാനുള്ള ജ്ഞാനം അദ്ദേഹത്തിന്റെ അപാരമായ ധിഷണ ജ്ഞാനം കൊണ്ടറിഞ്ഞു. പക്ഷെ, സാധാരണക്കാര്‍ക്കു മുന്നില്‍ അദ്ദേഹം പറഞ്ഞതാണ് പ്രശ്‌നമായത്. അദ്ദേഹം സത്യത്തിന്റെ പുകമറയിലായിരുന്നു; സത്യത്തിന്റെ പുകമറയില്‍ അദ്ദേഹത്തിനു  വിവേകം മറക്കപ്പെട്ടു. ഗ്രന്ഥങ്ങള്‍ നിരവധി ഗ്രന്ഥങ്ങളുടെ ഉടമയാണ് 'ബുദ്ധിയുള്ള ഭ്രാന്തനായ' ഹല്ലാജ് ബ്‌നു മന്‍സൂര്‍. ബുസ്താനുല്‍ മഅരിഫ, തഫ്‌സീറു സൂറത്തില്‍ ഇഖ്‌ലാസ്, അല്‍ അബ്ദ്, അത്തൗഹീദ്, അല്‍ ജീമുല്‍ അസ്ഗര്‍, അല്‍ ജീമുല്‍ അക്ബര്‍, ഖസാഇനുല്‍ ഖൈറാത്ത് (ഇതിന് അല്‍ അലിഫുല്‍ മഅ്‌ലൂഫ് എന്നും പേരുണ്ട്), അല്‍ അദ്‌ലു വത്തൗഹീദ്, ഇല്‍മുല്‍ ബഖാഇ വല്‍ ഫനാഅ്, അല്‍ ഗരീബ് വല്‍ ഫസീഹ്, ഖിറാനുല്‍ ഖുര്‍ആനി വല്‍ ഫുര്‍ഖാന്‍, അല്‍ കിബ്‌രീത്തുല്‍ അഹ്മര്‍, അല്‍ കയ്ഫിയത്തു വല്‍ ഹഖീഖ, കയ്ഫ കാന കയ്ഫാ യകൂനു, ലാ കയ്ഫ്, നൂറുന്നൂര്‍, അല്‍ വുജൂദുല്‍ അവ്വല്‍, അല്‍ വുജുദുസ്സാനി, അല്‍ യഖീന്‍ എന്നിവയാണു പ്രധാന കൃതികള്‍. (ഹദ്‌യത്തുല്‍ ആരിഫീന്‍). ഹല്ലാജിന്റെ വാക്കുകളെ സംബന്ധിച്ച് പലരും ഗ്രന്ഥരചന തന്നെ നടത്തിയിട്ടുണ്ട്. ഇബ്‌നു അറബി(റ) 'അസ്സിറാജുല്‍ വഹാജ് ഫീ കലാമില്‍ ഹല്ലാജ്' എന്ന ഗ്രന്ഥം തന്നെ രചിച്ചിട്ടുണ്ട്. വഫാത്ത് വിവാദ പദപ്രയോഗങ്ങളുടെ അടിസ്ഥാനത്തില്‍ ബാഗ്ദാദിലെ അബ്ബാസി ഭരണാധികാരി മുഖ്തദിര്‍ ബില്ലാഹി ഹല്ലാജ്(റ)നോട് തൗബ ചെയ്തു പിന്‍മാറാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം പിന്‍മാറിയില്ല. തന്നിമിത്തം ബഗ്ദാദിലെ സുപ്രീം കോര്‍ട്ട് അദ്ദേഹത്തെ  വധിക്കാന്‍ ഉത്തരവിട്ടു. അതു നടപ്പാക്കാന്‍ ഖലീഫ പ്രഖ്യാപിച്ചു. ഖാസി അത് ശരിവക്കുകയുമുണ്ടായി. ജുനൈദുല്‍ ബാഗ്ദാദ്(റ)വിനോട് വിധി പകര്‍പ്പില്‍ ഒപ്പുവക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം മൂകനായി. ഹല്ലാജ്(റ) പറഞ്ഞു:     ''ഗുരോ സൂഫിസത്തിന്റെ വസ്ത്രം അഴിച്ചുവച്ച് മാത്രമേ അതില്‍ ഒപ്പ് വക്കാന്‍ സാധിക്കൂ... നിയമജ്ഞരുടെ ഉടയാടയണിഞ്ഞ് ജുനൈദുല്‍ ബാഗ്ദാദി(റ) അതില്‍ ഒപ്പ് വച്ചു. മുഖ്തദിര്‍ ബില്ലാഹി ഹല്ലാജ്(റ)വിനോട് തൗബ ചെയ്തു മടങ്ങാന്‍ ആവശ്യപ്പെട്ടു. ഹല്ലാജ് കുലുങ്ങിയില്ല. അതോടെ മുഖ്തദിര്‍ ബില്ലാഹി ആയിരം അടി അടിക്കാനും എന്നിട്ട് മരിച്ചില്ലെങ്കില്‍ കൈയും കാലും മുറിക്കാനും തല വെട്ടാനും ഉത്തരവിട്ടു. അങ്ങനെ ക്രി. 922-ല്‍ ഹിജ്‌റ വര്‍ഷം 309 ദുല്‍ഹിജ്ജ 24ന് ഹല്ലാജ് ബ്‌നു മന്‍സൂറെന്ന സൂഫീ പണ്ഡിതന്റെ തല മണ്ണില്‍ വീണുരുണ്ടു. ഭൗതിക ലോകത്തിന്റെ എല്ലാ ആശ്രയങ്ങളും തിരസ്‌കരിച്ച് ഉടമക്കാരനിലേക്ക് ഉയര്‍ന്നുപറന്നു. തെറിച്ചു വീണ ചോരത്തുള്ളികള്‍ക്കും ജീവനുണ്ടായിരുന്നു. അവ എഴുതിയത്രെ ''അല്ലാഹ്''. അവലംബങ്ങള്‍ 1) ഇബ്‌നുഹജര്‍ ഹൈതമി(റ)- ഫതാവല്‍ ഹദീസിയ്യ 2) സയ്യിദ് ബക്‌രി(റ)- ഇആനതുത്ത്വാലിബീന്‍ 3) മുസ്ത്വഫാ ഫൈസി- മുഹ്‌യിദ്ദീന്‍ മാല വ്യാഖ്യാനം. 4) വസന്തം വാര്‍ഷികപ്പതിപ്പ് (സബീലുല്‍ഹിദായ 2012)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter