മധുരമാണ് മഹാന്മാരുടെ ദാമ്പത്യം
ദാമ്പത്യ ജീവിതത്തിന്റെ അതുല്യ മാതൃകകള്‍ പില്‍ക്കാല പണ്ഡിതരുടെ ജീവിതത്തിലും നമുക്ക് ധാരാളായി കാണാന്‍ കഴിയും. ഉദാഹരണത്തിന് ഒരു സംഭവം കാണുക. ഇസ്‌ലാമിക ലോകത്തെ പ്രമുഖ പണ്ഡിതനായിരുന്ന ശുറൈഹ്(റ)നോട് ഒരു ദാര്‍ശനികനായിരുന്ന ശഅ്ബി(റ) ഒരുപാട് കാലത്തിനൊടുവിലെ പുനസംഗമത്തിന് ശേഷം കുശലാന്വേഷണങ്ങള്‍ നടത്തുതിനിടെ ചോദിച്ചു: നിങ്ങളുടെ കുടുംബ കാര്യങ്ങള്‍ എങ്ങനെയുണ്ട്? മറുപടിയായി ശുറൈഹ്(റ) പറഞ്ഞു: പരമസുഖം, തീര്‍ത്തും സമാധാമനപരമായും സന്തോഷത്തോടെയും മുന്നോട്ടുപോകുന്നു. മാത്രവുമല്ല, രണ്ടു ദശാബ്ദങ്ങളായി എന്റെ ഭാര്യ എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യംപോലും ചെയ്തിട്ടില്ല.
ഇതു കേട്ട ശഅബി(റ) വിന് വിസ്മയമായി. അദ്ദേഹം കാരണമന്വേഷിച്ചു.
ശുറൈഹ്(റ) തന്റെ വിവാഹാനന്തര സംഭവവികാസങ്ങള്‍ വിശദീകരിച്ചുകൊണ്ട് പറഞ്ഞു:
''വിവാഹ ശേഷം പ്രഥമ രാത്രി പത്‌നി എന്നോട് കുറേ കാര്യങ്ങള്‍ തുറന്ന് സംസാരിച്ചു. കൂട്ടത്തില്‍ അവള്‍ പറഞ്ഞു: ഞാന്‍ നിങ്ങള്‍ക്ക് ഒരപരിചിതയും നിങ്ങള്‍ എനിക്ക് ഒരപരിചിതനുമാണ്. എനിക്കും നിങ്ങള്‍ക്കും പലരേയും സ്വീകരിക്കാന്‍ പറ്റുമായിരുന്നു. എന്നാല്‍ ഞാന്‍ നിങ്ങളെ വരനായും നിങ്ങള്‍ എന്നെ വധുവായും സ്വീകരിച്ചിരിക്കുന്നു. അത് കൊണ്ട് നിങ്ങള്‍ എന്റെ ഭര്‍താവെന്ന നിലക്ക് നിങ്ങള്‍ക്ക് തൃപ്തിയുള്ള കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യുകയുള്ളൂ. അതിനാല്‍, നിങ്ങള്‍ ദേഷ്യപ്പെടാനിടയാക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചാലും.''
ഞാന്‍ എല്ലാം പറഞ്ഞുകൊടുത്തു. തന്നെ സന്തുഷ്ടനാക്കുന്നതും വെറുപ്പുളവാക്കുന്നതുമായ കാര്യങ്ങള്‍ വെവ്വേറേ വിശദീകരിച്ചു. തന്റെ വീട്ടില്‍ താനില്ലാത്ത സമയത്ത് ആര്‍ക്കെല്ലാമാണ് പ്രവേശനം അനുവദനീയമെന്നും വ്യക്തമാക്കി. ഇത് ഞങ്ങള്‍ക്കിടയില്‍ ഒരുപാട് തിരിച്ചറിവ് ഉണ്ടാക്കാന്‍ അവസരമൊരുക്കി. പരസ്പരം മനസ്സിലാക്കിയതിനാല്‍, പ്രശ്‌നങ്ങളേതും സംഭവിക്കാതെ ഞങ്ങളുടെ ദാമ്പത്യം സന്തോഷപൂര്‍ണമായി തുടര്‍ന്നു.
കാലം കഴിഞ്ഞുപോയി. ഞങ്ങളുടെ വിവാഹത്തിനു ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ ഭാര്യാമാതാവ് ഞങ്ങളുടെ വീട്ടില്‍ വന്നു. നിന്റെ ഭാര്യയില്‍ നിനക്ക് എന്ത് തോന്നുന്നു എന്നു അന്വേഷിച്ചു. ഞാന്‍ പറഞ്ഞു: തീര്‍ത്തും സദ്‌വൃത്തയായ ഭാര്യയാണവള്‍. ഇത് കേട്ട അവര്‍ പറഞ്ഞു: ഒരു സ്ത്രീ തന്റെ ഭര്‍ത്താവിനെ സ്മരിച്ച് തന്റെ ജീവിതം കഴിച്ച് കൂട്ടുന്ന കാലത്തോളം അവളില്‍ നിന്ന് നന്മ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. തന്റെ ഭാര്‍ത്താവിനോട് പ്രത്യക്ഷ ഭംഗിയില്‍ കൊഞ്ചിക്കുഴയുന്ന ഭാര്യയില്‍ സല്‍പ്രതീക്ഷ വെക്കേണ്ടതില്ല. ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ചീത്തയായ ഭാര്യയുടെ വിഭാഗത്തിലാണ് അവളുടെ സ്ഥാനം. അതു കൊണ്ട് ശുറൈഹേ, നിന്റെ കഴിവിന്റെ പരമാവധി നീ എന്റെ മകളേ അച്ഛടക്കവും സംസ്‌കാരവും പഠിപ്പിക്കുക.
തങ്ങളുടെ ഭാര്യ-ഭര്‍തൃ ബന്ധത്തിലെ സന്തോഷത്തിന്റെ രഹസ്യം വിശദീകരിച്ച് കൊടുത്തതിനു ശേഷം ശുറൈഹ്(റ) ശഅ്ബി(റ)വിനോട് പറഞ്ഞു: ഇത്തരം ഒരു പരസ്പര തിരിച്ചറിവിലൂടെ ദമ്പതികള്‍ രണ്ടു ദശാബ്ദങ്ങളല്ല, അതിലേറെക്കാലം ജീവിച്ചാലും അവര്‍ക്കിടയില്‍ യാതൊരു പ്രശ്‌നവും തന്നെ രൂപപ്പെടുന്നതല്ല. മാനസികമായ പൊരുത്തവും പൂര്‍ണമായ പരസ്പര അറിവുമാണ് ദാമ്പത്യ ജീവിതത്തെ എന്നും സുദൃഢമാക്കി നിര്‍ത്തുന്നത്.
ഒരിക്കല്‍ ഒരു സ്ത്രീ നബി(സ്വ) തങ്ങളോട് ചോദിച്ചു: പ്രവാചകരേ, എനിക്ക് ഏറ്റവും കടമയും ബാധ്യതയുമുള്ളത് ആരോടാണ്? ഭര്‍ത്താവിനോടാണെന്നായിരുന്നു പ്രവാചകരുടെ മറുപടി. മറ്റൊരിക്കല്‍ നബി(സ്വ) പറഞ്ഞു: സൃഷ്ടാവിനോടുള്ള ബന്ധത്തിന് എതിര് വരാത്ത കാലത്തോളം എല്ലാ കാര്യങ്ങളിലും ഭാര്യ ഭര്‍ത്താവിനെ വഴിപ്പെടല്‍ നിര്‍ബന്ധമാണ്. ഭാര്യക്ക് പോകാനനുവദനീയമായ സ്ഥലങ്ങളില്‍ പോലും പോകരുതെന്ന് വിലക്കാന്‍ ഭര്‍ത്താവിന് സ്വാതന്ത്ര്യമുണ്ടെന്ന അലി (റ) നിവേദനം ചെയ്ത ഹദീസിന്റെ വിശദീകരണത്തില്‍ പ്രമുഖ പണ്ഡിതനായ ഇബ്‌നു ഖുദാമ (റ) പറയുന്നുണ്ട്. അഥവാ, തന്റെ ഭാര്യയുടെ എല്ലാ കാര്യങ്ങളുടെയും കൈകാര്യകര്‍തൃത്വം ഭര്‍ത്താവിന്റെ കരങ്ങളിലാണെന്നതിനാല്‍ ഭര്‍ത്താവിനെ പൂര്‍ണമായും അനുസരിക്കല്‍ ഭാര്യയുടെ കടമയാണ്.
ഒരിക്കല്‍ ഒരു ഭര്‍ത്താവ് വ്യാപാര ആവശ്യത്തിനായി വീട് വിട്ടിറങ്ങി വിദൂര ദിക്കിലേക്ക് പോകാനിരിക്കെ തന്റെ ഭാര്യയോട് പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നത് വരെ നീ വീട് വിട്ടിറങ്ങരുത്. കുറച്ച് ദിവസങ്ങള്‍ക്കിടയില്‍ തന്റെ പിതാവ് രോഗശയ്യയിലാണെന്നറിഞ്ഞ ആ സ്ത്രീ ഒരു ദൂതനെ നബി(സ്വ) തങ്ങളുടെ അടുത്തേക്കയച്ചു. ദൂതന്‍ കാര്യങ്ങള്‍ വിസ്തരിച്ച ശേഷം തനിക്ക് തന്റെ പിതാവിനെ സന്ദര്‍ഷിക്കാന്‍ പോകുന്നതില്‍ തെറ്റുണ്ടോയെന്ന് ചോദിച്ചപ്പോള്‍ നബിതങ്ങള്‍ പറഞ്ഞു: അല്ലാഹുവിനെ സൂക്ഷിക്കുക, നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക. പിന്നീട് അറിയാന്‍ സാധിച്ചത് തന്റെ പിതാവിന്റെ മരണ വാര്‍ത്തയാണ്. വീണ്ടും തന്റെ ഭൃത്യനെ നബിയുടെ അരികിലേക്ക് പറഞ്ഞയച്ചു. പിതാവിന്റെ ജനാസ കാണാനുള്ള അനുമതിയുണ്ടോ എന്നറിയാന്‍. നബി തങ്ങള്‍ അപ്പോഴും അരുളിയത് അല്ലാഹുവിനെ സൂക്ഷിക്കുക, നിന്റെ ഭര്‍ത്താവിനെ അനുസരിക്കുക എന്നായിരുന്നു. ഭാര്യ ഭര്‍ത്താവിനോട് എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവിന്റെയോ ബന്ധപ്പെട്ടവരുടെയോ സമ്മതമില്ലാതെ ഷോപ്പിംഗിനു പോകുന്ന ആധുനിക സ്ത്രീകള്‍ ഗൗരവത്തോടെ അറിയേണ്ട കാര്യങ്ങളാണിത്.
പ്രവചകനോട് ഒരിക്കല്‍ ഒരു സ്ത്രീ വന്ന് ചോദിച്ചു: അല്ലാഹുവിന്റെ തിരുദൂതരെ, ആരാണ് ഏറ്റവും നല്ല ഭാര്യ? പ്രവാചകന്‍ പറഞ്ഞു: ഭര്‍ത്താവിനോട് സന്തോഷത്തോടെ പ്രതികരിക്കുകയും ഭര്‍ത്താവിന്റെ കല്‍പനകളെ പൂര്‍ണ്ണമായി അനുസരിക്കുകയും ഭര്‍ത്താവിന്റെ ധനം സൂക്ഷിക്കുകയും ചെയ്യുന്നവളാണ് ഏറ്റവും നല്ല ഭാര്യ. ജാഹിലിയ്യാകാലത്ത് ഭര്‍തൃ ധനം സൂക്ഷിക്കുന്ന ഖുറൈശി സ്ത്രീകളായിരുന്നു ഏറ്റവും നല്ല സ്ത്രീകള്‍. തന്റെ ഭര്‍ത്താവിന്റെ ധനം സത്യസന്ധമായി സൂക്ഷിക്കല്‍ ഒരു ഭാര്യ തന്റെ ഭര്‍ത്താവിന് ചെയ്ത് കൊടുക്കേണ്ട ബാധ്യതയില്‍ പെട്ടതാണെന്ന് ഇത് വ്യക്തമാക്കുന്നു.
ഭര്‍ത്താവിന്റെ സമ്മതം കൂടാതെ ഭാര്യ ഭര്‍ത്താവിന്റെ ധനത്തില്‍ നിന്ന് ഒരു പച്ചക്കാരക്ക പോലും ചിലവഴിക്കാന്‍ പാടില്ലായെന്ന് പ്രവാചകന്‍ ഹജ്ജത്തുല്‍ വിദാഇല്‍ പറയുകയുണ്ടായി. ഷോപ്പിങ്ങിനും മറ്റുമായി ആയിരങ്ങള്‍ തന്റെ ഭര്‍ത്താവിന്റെ സ്വത്തില്‍ നിന്നും അനാവശ്യമായി ചെലവഴിക്കുന്ന ആധുനിക ഭാര്യമാര്‍ക്ക് ഇക്കാര്യം ബോധ്യമുണ്ടാവല്‍ നല്ലതായിരിക്കും.
എന്നാല്‍, ഒരു ഭര്‍ത്താവിന് ഇസ്‌ലാം ഇത്രത്തോളം സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് കരുതി അയാള്‍ അവസരങ്ങള്‍ മുതലെടുത്ത് തന്റെ ഭാര്യയെ ചൂഷണം ചെയ്യാനോ അവളെ അടിമയെപ്പോലെ കാണാനോ പാടില്ല. കാരണം 'നിങ്ങള്‍ അവരോട് (ഭാര്യമാരോട്) നല്ലനിലയില്‍ സഹവര്‍ത്തിക്കണ (4:19) മെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പോലും വ്യക്തമാക്കുന്നത്.
ഭാര്യമാര്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരുടെ മേല്‍ അവര്‍ക്ക് താങ്ങാവുന്നതിനപ്പുറം ഭാരങ്ങള്‍ അടിച്ചേല്‍പിക്കാനും പാടില്ല. ബനൂ ഇസ്‌റാഈലിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയ കാരണങ്ങള്‍ എടുത്ത് പറയുന്നതിനിടെ നബി തങ്ങള്‍ സൂചിപ്പിച്ച പ്രധാനപ്പെട്ടൊരു കാര്യം ഇതായിരുന്നു: ബനൂഇസ്‌റാഈലിലെ പാവപ്പെട്ട ഭര്‍ത്താക്കന്മാരുടെ ഭാര്യമാര്‍ അവരിലെ സമ്പന്നരുടെ ഭാര്യമാര്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുന്നതുപോലെ തങ്ങളുടെ ഭര്‍ത്താവിനോട് പിടിവാശി കാണിക്കുമായിരുന്നുവത്രെ. അതായിരുന്നു അവരെ തകര്‍ച്ചയിലേക്ക് കൊണ്ടെത്തിച്ചത്. ഭാര്യമാര്‍ ഭര്‍ത്താവിനോട് നന്ദി ചെയ്തിട്ടില്ലെങ്കില്‍ അല്ലാഹു അവരെ അന്ത്യ നാളില്‍ നോക്കുക പോലുമില്ലെന്നും പ്രവാചകന്‍ മറ്റൊരിക്കല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു ഭാര്യക്കാവിശ്യമായ കാര്യങ്ങള്‍ ഭര്‍ത്താവ് അങ്ങോട്ടും ഭര്‍ത്താവിന് ആവശ്യമായ കാര്യങ്ങള്‍ ഭാര്യ ഇങ്ങോട്ടും ചെയ്തുകൊടുക്കല്‍ അനിവാര്യമാണ്.
പ്രമുഖ സ്വഹാബീ വനിതയായ അസ്മാഅ് ബിന്തു സൈദ് അല്‍-അന്‌സ്വാരി (റ) പറയുന്നു: നിങ്ങള്‍ അനുഗ്രഹം ലഭിച്ചതിനു ശേഷവും നന്ദികേട് കാണിക്കരുത്. കാലങ്ങള്‍ക്ക് ശേഷം ഭാര്യ-ഭര്‍തൃ ജീവിതത്തിനിടയില്‍ നിങ്ങള്‍ക്കൊരു കുഞ്ഞു പിറന്നാല്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് കുഞ്ഞിനെ പുകഴ്ത്തുകയും ഭര്‍ത്താവിനെ ഇകഴ്ത്തുകയും ചെയ്യരുത്. തങ്ങളുടെ ഭര്‍ത്താക്കന്മാരോട് ഭാര്യമാര്‍ നന്ദികേട് കാണിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുമായിരുന്നു എന്ന് ഒരിടത്ത് പ്രവാചകന്‍ പറയുന്നത് ഇവിടെ ചേര്‍ത്തുവായിക്കാം. സ്ത്രീകള്‍ നിങ്ങളുടെ സ്വര്‍ഗവും നരകവുമാണ് എന്നതാണ് പ്രവാചകരുടെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം.
ഒരിക്കല്‍ ഹുസൈന്‍(റ)ന്റെ അമ്മായി നബി(സ്വ)യുടെ അടുത്തേക്ക് വന്നപ്പോള്‍ അവിടുന്ന് ചോദിച്ചു: നിങ്ങള്‍ക്ക് ഭര്‍ത്താവില്ലേ? അവര്‍ എങ്ങനെയാണ് നിങ്ങളോട് പെരുമാറുന്നത്? മഹതി പറഞ്ഞു: എനിക്ക് കഴിയാത്ത ഒന്നും അവര്‍ എന്നോട് കല്‍പിക്കാറില്ല.
ഹുനൈന്‍ യുദ്ധത്തിന്റെ ഗനീമത്ത് സ്വത്തില്‍ നിന്നും ലഭിച്ച ഒരു അടിമയെ തനിക്ക് വീട്ടുജോലി ചെയ്യാന്‍ വേണമെന്നാവശ്യപ്പെട്ട് ഒരിക്കല്‍ മകള്‍ ഫാത്വിമ ബീവി പ്രവാചകനടുത്തുവന്നു. വീട്ടിലെ കഷ്ടപ്പാടുകള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഈ വരവ്. അടിമയെ നല്‍കുന്നതിനുപകരം പ്രവാചകന്‍ അവരെ സമാശ്വസിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: കിടക്കുന്നതിനു മുമ്പ് 33 തവണ സുബ്ഹാല്ലാഹ്, 33 തവണ അല്‍ഹംദുലില്ലാഹ്, 34 തവണ അള്ളാഹു അക്ബര്‍ എന്നു ചൊല്ലുക. ഭര്‍ത്താവിന്റെ വീട്ടില്‍ സേവനം ചെയ്യല്‍ ഭാര്യയുടെ കടമയാണെന്ന് തന്റെ സമൂഹത്തെ പഠിപ്പിക്കുകയായിരിന്നു പ്രവാചകന്‍ ഈ സംഭവത്തിലൂടെ.
ഭര്‍ത്താവിന്റെ കല്പനകള്‍ക്കനുസരിച്ച് തന്റെ മക്കളെ വളര്‍ത്തുകയെന്നത് ഭാര്യയുടെ കടമകളിലൊന്നാണ്. മാത്രവുമല്ല, ഭാര്യ ഭര്‍ത്താവിന്നുമുന്നില്‍ വെച്ച് മക്കളെ ശാസിക്കാനോ മറ്റു ശിക്ഷകള്‍ നല്‍കാനോ പാടില്ല. തന്റെ ഭര്‍ത്താവിനെ സല്‍കര്‍മങ്ങള്‍ക്കായി പ്രോല്‍സാഹിപ്പിക്കലും ഭാര്യയുടെ കടമകളില്‍ പെട്ടതാണ്. ഉദാഹരണം, ജോലി ഭാരത്താല്‍ ക്ഷീണിതനായി ഉറങ്ങുന്ന തന്റെ ഭര്‍ത്താവിനെ നിസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തല്‍ ഭാര്യയുടെ കടമയാണ്. നബി(സ്വ) ഒരിക്കല്‍ പറഞ്ഞു: കൂടുതല്‍ കുട്ടികളെ പ്രസവിക്കുകയും ഭര്‍ത്താവിനെ നന്നായി സ്‌നേഹിക്കുകയും ചെയ്യുന്ന ഭാര്യയാണ് ഏറ്റവും നല്ല സ്ത്രീ. കപടവിശ്വാസിനികളും അഹങ്കാരികളും പൊങ്ങച്ചക്കാരികളുമായി നടക്കുന്ന സ്ത്രീകളാണ് ഏറ്റവും മോശം ഭാര്യ.
Leave A Comment