ഈ സമരം ഇന്ത്യക്കാരുടേതാവട്ടെ... വികസ്വര-മതേതര ഇന്ത്യക്ക് വേണ്ടി...

ഈ സമരം ഇന്ത്യക്കാരുടേതാവട്ടെ... വികസ്വര-മതേതര ഇന്ത്യക്ക് വേണ്ടി...
എന്‍.ആര്‍.സി, സി.എ.ബി തുടങ്ങിയ വിവേചനനിയമങ്ങള്‍ക്കെതിരെ ഇന്ത്യയിലുടനീളം സമരങ്ങള്‍ കൊടുമ്പിരികൊള്ളുകയാണല്ലോ. സമരത്തെ കുറിച്ചും സമരരീതികളെകുറിച്ചുമുള്ള വിവിധ എഴുത്തുകളും അറിയിപ്പുകളും പ്രതികുറിപ്പുകളുമെല്ലാം സാമൂഹ്യമാധ്യമങ്ങളിലൂടെ ദിവസവും വന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്നു.  
ഇതില്‍ ഡോ. ശശി തരൂര്‍ എം.പിയുടേതായി വന്ന ഒരു നിര്‍ദ്ദേശം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു. മുസ്‍ലിം മുദ്രാവാക്യങ്ങളും ഇസ്‍ലാമികചിഹ്നങ്ങളും പരമാവധി ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതിന് അനകൂലമായും പ്രതികൂലമായും പല എഴുത്തുകളും ശേഷം പ്രത്യക്ഷപ്പെടുകയും ചെയ്തു. 
സി.എ.ബി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മുസ്‍ലിംകളെയാണെന്നത് പ്രത്യക്ഷത്തില്‍ തന്നെ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ശ്രീലങ്കയില്‍നിന്നും നേപ്പാളില്‍നിന്നും കുടിയേറിയ ഹിന്ദുക്കളെയും ഇത് ബാധിക്കുമെന്ന് വാദത്തിന് വേണ്ടി പറയാമെങ്കിലും പ്രയോഗതലത്തില്‍ അത്തരക്കാര്‍ ഉണ്ടാവില്ലെന്നതാണല്ലോ സത്യം. 
എന്നാല്‍, മുസ്‍ലിംകളെ ബാധിക്കുന്നു എന്നതിനേക്കാള്‍, ഇത് ഇന്ത്യയുടെ മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനം. അതോടൊപ്പം, മുസ്‍ലിംകളാണ് അവരുടെ ആദ്യഇരയെങ്കില്‍, ശേഷം ക്രിസ്തീയരും ജൈനരും സിക്കുകാരും അതും കഴിഞ്ഞാല്‍ അവര്‍ണ്ണരും ദലിതരുമെല്ലാം ഇതേ പാതയിലൂടെ സഞ്ചരിക്കേണ്ടിവരുമെന്നതും ലോകഫാഷിസത്തിന്റെ ചരിത്രം വ്യക്തമായി നമുക്ക് പറഞ്ഞുതരുന്നുണ്ട്. 
അതോടൊപ്പം, ലോകം മുഴുക്കെ സാമ്പത്തികമാന്ദ്യം നേരിട്ടപ്പോഴും അത് കാര്യമായി ബാധിക്കാതെ പിടിച്ചുനിന്നതായിരുന്നു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍, ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന നിലയിലും ഏറ്റവും വലിയ മാനവവിഭവശേഷിയുടെ കലവറയെന്ന എന്ന നിലയിലും തലയുയര്‍ത്തി നിന്നവരായിരുന്നു നാം ഇതുവരെ. ആര്‍.എസ്.എസിന്റെ അന്ധമായ മതതീവ്രവാദവും അതിനൊത്ത് താളം തുള്ളുന്ന അധികാരികളും ചേര്‍ന്ന് ഇന്ത്യയെന്ന മഹാരാജ്യത്തെയാണ് ഇല്ലാതാക്കുന്നത്. 30 കോടിയിലധികം വരുന്ന ഇതര മതസ്ഥരെ ഇന്ത്യയില്‍നിന്ന് തുടച്ച് നീക്കുക എന്നത് ഒരിക്കലും നടക്കുന്നതല്ല. എന്നാല്‍ അതിനായി ശ്രമിക്കുന്നതോടെ, ആഭ്യന്തരകലാപങ്ങളിലേക്കും ഒരിക്കലും വറ്റാത്ത രക്തച്ചൊരിച്ചിലുകളിലേക്കുമാണ് ഇന്ത്യയെന്ന നമ്മുടെ മഹാരാജ്യം കൂപ്പുകുത്തുക. പല ലോകരാഷ്ട്രങ്ങളും ഇതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി ഇന്ന് നമ്മുടെ മുമ്പില്‍തന്നെയുണ്ട്.
രാജ്യത്തിന്റെ ഈ മഹാപൈതൃകത്തിന് വേണ്ടി സംഭാവനകളൊന്നുമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് അതില്‍ അല്‍പ്പം പോലും ആശങ്കയുണ്ടാവില്ലെന്നത് സ്വാഭാവികം. അതിലുപരി, രാജ്യത്തെ കുറിച്ചോ അതിന്റെ ഭാസുരമായ ഭാവിയെ കുറിച്ചോ ചിന്തിക്കാനുള്ള ബുദ്ധിയോ തലച്ചോറോ ഇല്ലാത്ത ഒരു സംഘം, സംഘടനാക്ലാസുകളിലൂടെ അവരില്‍ കുത്തിനിറക്കപ്പെട്ട ഇതരമതവിദ്വേഷം കൂടി ചേരുന്നതോടെ, അവര്‍ക്ക് അതൊന്നും ഒരു പ്രശ്നമേ അല്ലാതായിത്തീരുകയും ചെയ്യും. 
എന്നാല്‍, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും പതുക്കെപ്പതുക്കെ പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുന്നതോടെ, അവരും യാഥാര്‍ത്ഥ്യം തിരിച്ചറിയും. പക്ഷേ, അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോവുകയും ഇന്ത്യഎന്നത്, ഒരു രാഷ്ട്രം തകരുന്നത് എങ്ങനെയെന്ന്, വരും തലമുറക്ക് പഠിക്കാനുള്ള ദുരന്തമാതൃകയാവുകയും ചെയ്യും. 
ഇവിടെയാണ്, ഈ സമരത്തിന്റെ പ്രസക്തിയും അതില്‍ ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാ ഭാരതീയനും കൈകോര്‍ത്ത് ഒന്നായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയും പ്രകടമാവുന്നത്. ഈ സമരത്തിന്റെ ഗതി അത്തരത്തില്‍തന്നെ, മുന്നോട്ട് പോവട്ടെ എന്ന് നമുക്ക് ആശിക്കാം. അതിനായി, സമരമുഖങ്ങളിലെല്ലാം മതേരത്വം നമുക്ക് ഉയര്‍ത്തിപ്പിടിക്കാം, ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാവട്ടെ ഇതിന്റെ മുഖമുദ്ര. മതചിഹ്നങ്ങളെയും മതകീയ മുദ്രാവാക്യങ്ങളെയും ഇതില്‍നിന്ന് നമുക്ക് മാറ്റി നിര്‍ത്താം. കാരണം, അത് ഒരു പക്ഷേ, ഇതര മതസ്ഥരായ നമ്മുടെ സഹോദരങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചേക്കാം. അവരെല്ലാം മാറി നിന്ന്, ഇത്  മുസ്‍ലിംകളുടേത് മാത്രമാവണമെന്നാണ് ഫാഷിസ്റ്റുകള്‍ ആഗ്രഹിക്കുന്നതും. അതിന് നമുക്ക് കളമൊരുക്കാതിരിക്കാം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter