നൂറ്റാണ്ട് ഒന്ന് പിന്നിട്ടില്ലേ... ഇനിയും ഈ വിഷയങ്ങളില് ചെലവഴിക്കണോ... നമ്മുടെ സമയവും ഊര്‍ജ്ജവും....

അല്പം മുമ്പ് മുജാഹിദ് വിഭാഗത്തിലെ ഒരു സുഹൃത്തുമായി സംസാരിക്കാനിടയായി. കൂട്ടത്തിലെ ഒരു നേതാവിനെ കുറിച്ച് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞത്, അയാള്‍ 150ലേറെ സംവാദങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ജിന്നിനോട് സഹായം തേടാമോ എന്ന വിഷയത്തില്‍ മാത്രം സംവാദങ്ങളും പ്രഭാഷണങ്ങളുമായി നൂറിലേറെ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ടെന്നുമായിരുന്നു. അത് കേട്ടപ്പോള്‍, ഞാന്‍ ആലോചിച്ചുപോയത് ഇങ്ങനെ, ജിന്ന്.. നമുക്ക് കേട്ട് മാത്രം പരിചയമുള്ള സൃഷ്ടി.. എവിടെയെങ്കിലും അങ്ങനെ ഒന്ന് ഉണ്ട് എന്ന് കേട്ടാല്‍ ആ ഭാഗത്തേക്ക് പോകാന്‍ പോലും പേടിക്കുന്നവരാണ് നമ്മളൊക്കെ. ആ കൂട്ടത്തിലെ ഒന്ന് മുന്നില്‍ വന്ന് വല്ല സഹായവും വേണോ എന്ന് ചോദിക്കുകയും വല്ലതും ആവശ്യപ്പെടുകയും ചെയ്താല്‍ അത് ശിര്‍ക് ആവുമോ എന്ന വിഷയത്തില്‍ 100 ലേറെ പരിപാടികള്‍ നടത്തിയ ഇയാള്‍, എത്ര സമയമാണ് വെറുതെ പാഴാക്കിയത്. അതും ആവശ്യമെങ്കില്‍ പണ്ഡിതര്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട കാര്യം, നിസ്കാരത്തിന്റെ ബാലപാഠങ്ങള്‍ പോലും വേണ്ടവിധം അറിയാത്ത സാധാരണക്കാരുടെ മുമ്പില്‍ വിശദീകരിച്ചുകൊണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടക്ക് രണ്ട് സംവാദങ്ങളാണ്, അല്ലാഹു അല്ലാത്തവരോടുള്ള സഹായാര്‍ത്ഥന ശിര്‍ക് ആണോ അല്ലേ എന്ന വിഷയത്തില്‍കേരളത്തില്‍ നടന്നത്. ശ്രദ്ധിക്കപ്പെടാതെ പോയവ വേറെയുമുണ്ടാവാം. അതോടൊപ്പം, കേരളത്തിലങ്ങോളമിങ്ങോളം തെരുവുകളിലും ഗ്രാമങ്ങളിലും നഗരങ്ങളിലും മറ്റുമായി ഇവ്വിഷയത്തില്‍ നടന്ന പ്രസംഗങ്ങളും സംശയനിവാരണങ്ങളുമൊക്കെ വേറെയും.

ഇതിനായി സമൂഹം ചെലവഴിക്കുന്ന സമയവും ഊര്‍ജ്ജവും അതിലുപരി ഇത്തരം പരസ്യ സംവാദങ്ങളും ആരോഗ്യകരമല്ലാത്ത ഖണ്ഡന-മണ്ഡന പ്രഭാഷണങ്ങളും ഒരു ബഹുസ്വര സമൂഹത്തില്‍ വരുത്തുന്ന മലിനീകരണങ്ങളും (എല്ലാ അര്‍ത്ഥത്തിലും) വളരെ ഗൌരവത്തോടെ കാണേണ്ടതല്ലേ.

1921 ലാണ്, ഐക്യസംഘം എന്ന പേരില്‍ ഇത്തരം നവചിന്തകള്‍ കേരളത്തിലേക്ക് കടന്നുവരുന്നത് എന്നതാണ് പൊതുവെ കേള്‍ക്കാറ്. അവിടം മുതല്‍ പണ്ഡിതരുടെ പ്രധാന ശ്രദ്ധ അവയെ പ്രതിരോധിച്ച് പൊതുജനത്തെ യഥാര്‍ത്ഥ വിശ്വാസ ധാരയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിലായിരുന്നു. അതിനായി, പലയിടങ്ങളിലും വിശദീകരണ യോഗങ്ങളും ഖണ്ഡന പ്രസംഗങ്ങളും മുഖാമുഖങ്ങളും വാദ്രപ്രതിവാദങ്ങളുമൊക്കെ അവര്‍ നടത്തി. അക്കാലത്ത് അവ ഏറെ പ്രസക്തവും അത്യാവശ്യവുമായിരുന്നു താനും.

എന്നാല്‍, ഇപ്പോള്‍ ഒരു നൂറ്റാണ്ട് പിന്നിടാന്‍ പോവുകയാണ് (ചന്ദ്രവര്‍ഷപ്രകാരം ഒരു നൂറ്റാണ്ട് കഴിഞ്ഞു എന്നും പറയാം). നവചിന്തകളുടെ വക്താക്കള്‍ ഇന്നും അന്നുനില്‍ക്കുന്നിടത്ത് നിന്നും ഒരടി പോലും ഒരു അര്‍ത്ഥത്തിലും മുന്നോട്ട് പോയിട്ടില്ലെന്ന് വേണം പറയാന്‍.ചര്‍ച്ചിത വിഷയങ്ങളില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാത്രമല്ല, അതേ വിഷയങ്ങളില്‍പോലും പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നതും വ്യക്തമാണ്. ജിന്ന് സേവയും സഹായാര്‍ത്ഥനയുമായി അവരില്‍ ചിലര്‍ കൂടുതല്‍ പിന്നോട്ട് പോയി എന്ന് പറയുന്നതാകും ശരി.

അതേസമയം, കേരളത്തിലെ ഇതര മുസ്‍ലിം സംഘടനകളും വിശിഷ്യാ യാഥാസ്ഥികരെന്ന് മുദ്രചാര്‍ത്തപ്പെട്ടവര്‍ സമൂഹത്തിനും സമുദായത്തിനും ഉപകാരപ്രദമായ ഒട്ടേറെ പദ്ധതികളുമായി ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. മതരംഗത്ത് ലോകോത്തര സര്‍വ്വകലാശാലകളോട് കിട പിടിക്കും വിധമുള്ള വിദ്യാഭ്യാസ സംരംഭങ്ങളും ഗ്രന്ഥരചനകളും ഒരു ഭാഗത്ത് നടക്കുമ്പോള്‍, മറുഭാഗത്ത് ഡോക്ടര്‍മാരും വകീലന്മാരുമൊക്കെയായി ഭൌതിക രംഗങ്ങളിലും അവര്‍ വ്യക്തമായ സാന്നിധ്യമറിയിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് ഭാഷക്കും സ്ത്രീവിദ്യാഭ്യാസത്തിനും എതിര് നിന്നവര്‍ എന്ന ആരോപിക്കപ്പെട്ടവര്‍, അതിനൊന്നും കാതോര്‍ക്കാതെ, ആ രംഗത്തും അതിവേഗം കാതങ്ങള്‍ താണ്ടി. ഇത്തരത്തില്‍ വളര്‍ത്തിയെടുത്ത ആ മനുഷ്യവിഭവശേഷിയെ ഉപയോഗപ്പെടുത്തി, ഇന്ത്യന്‍മുസ്‍ലിംകളുടെയും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസ-സാംസ്കാരിക മുന്നേറ്റത്തിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കി.  സമാനമായ ഒട്ടേറെ പുരോഗമനപ്രവര്‍ത്തനങ്ങളുമായി ഇനിയും ബഹുദൂരം പോകാനുണ്ടെന്ന് തിരിച്ചറിയുകയും അതിനുള്ള ചിന്തകളും സത്വരശ്രമങ്ങളും നടക്കുകയും ചെയ്യുന്നു.

അത് കൊണ്ട് തന്നെ, ഒരു നൂറ്റാണ്ട് പിന്നിട്ട സ്ഥിതിക്ക്, ഇനി തെരുവുകളിലും പൊതുഇടങ്ങളിലും വെച്ചുള്ള ഇത്തരം വിഷയങ്ങളിലെ മുഖാമുഖങ്ങളും പ്രഭാഷണങ്ങളും നടത്തി വിലപ്പെട്ട സമയം പാഴാക്കാതിരിക്കുന്നതല്ലേ നല്ലത്. തദ്വിഷയങ്ങളില്‍ സംശയങ്ങളുള്ളവര്‍ക്ക് ബന്ധപ്പെടാന്‍ ഒരു ഇടവും നിശ്ചിത സമയവും നല്കി, ഒന്നോ രണ്ടോ ആളുകളെ സംശയനിവാരണത്തിനായി നിശ്ചയിക്കുക. ശേഷം അക്കാര്യം പൊതുവായി എല്ലാവരെയും അറിയിക്കുകയും ആവശ്യമെങ്കില്‍ ഔദ്യോഗികമായി ഒരു പത്ര സമ്മേളനം വിളിച്ച് ഇക്കാര്യം മാലോകരോട് പറയുകയും ചെയ്യാവുന്നതാണ്. അഥവാ, ഇത്തരം വിഷയങ്ങളുമായി ഇനിയും നടക്കുന്നവരോട് നമുക്ക് തുറന്ന് പറയാം, സോറി, ഇതിനായി നഷ്ടപ്പെടുത്താന്‍ ഇനിയും നമ്മുടെ കൈയ്യില്‍ സമയവും ഊര്‍ജ്ജവുമില്ല. നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ഇന്ന ആളെ ബന്ധപ്പെടുക, ഞങ്ങള്‍ക്ക് വേറെയും ഒത്തിരി ജോലികളുണ്ട്, വസ്സലാം.

ഈ വിഷയങ്ങളില്‍ ഇത്തരം ഒരു സമീപനം സ്വീകരിക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter