ഇല്ല, ഞാനൊന്നുമറിയില്ലേ...
neggപുതപ്പ് നെയ്തു വില്‍പ്പന നടത്തിയായിരുന്നു അയാള്‍ കാലക്ഷേപം കഴിച്ചിരുന്നത്. നിസ്സാരനല്ല അയാള്‍. റസൂല്‍ തിരുമേനി(സ്വ)യുടെ ദിവ്യദൃഷ്ടി പതിഞ്ഞ ദേഹമാണത്. തിരുനബിയുടെ വചനതല്ലജങ്ങള്‍ അയാളുടെ കര്‍ണപുടങ്ങളില്‍ അമൃത് വര്‍ഷിച്ചിട്ടുണ്ട്. അതെ, ഒരു സ്വഹാബിയാണദ്ദേഹം. ഒരിക്കല്‍, മറ്റൊരു സ്വഹാബി അയാളില്‍നിന്ന് ഒരു പുതപ്പ് വാങ്ങി. അല്‍പ്പസമയത്തിനകം അതാ പുതപ്പ് വാങ്ങിയ അയാള്‍ തിരിച്ചുവരുന്നു. അയാള്‍ പറഞ്ഞു: ''പ്രിയ സഹോദരാ, ഞാന്‍ വാങ്ങിയ പുതപ്പിനു ചില ഉടവുകള്‍ ഉണ്ടല്ലോ, ചിലയിടങ്ങളില്‍ നെയ്ത്ത് ഇഴ ചേര്‍ന്നിട്ടില്ലല്ലോ.'' ഇതു കേള്‍ക്കേണ്ട താമസം പുതപ്പ് വിറ്റ സ്വഹാബിവര്യന്‍ ചിന്താധീനനായി. അയാള്‍ പൊട്ടിക്കരയാന്‍ തുടങ്ങി. അപ്പോള്‍ ആഗതന്‍ വല്ലാതായി. അയാള്‍ ചോദിച്ചു: ''പ്രിയ സ്‌നേഹിതാ, താങ്കള്‍ എന്തിനാണിങ്ങനെ പൊട്ടിക്കരയുന്നത്? ഞാന്‍ പരുഷമായൊന്നും പറഞ്ഞില്ലല്ലോ.'' അന്നേരം കച്ചവടക്കാരന്‍ പ്രതിവചിച്ചു: ''മാന്യ സഹോദരാ, ഞാന്‍ പുതപ്പിന്റെ ഉടവിനെക്കുറിച്ചോര്‍ത്തല്ല കരയുന്നത്. അതെനിക്ക് നിഷ്പ്രയാസം ഇഴചേര്‍ക്കാവുന്നതേയുള്ളൂ. പക്ഷേ, നാളെ അല്ലാഹുവിന്റെ സവിധത്തില്‍ ഹാജറാക്കപ്പെടുമ്പോള്‍ എന്റെ കര്‍മങ്ങള്‍ (ഇബാദത്ത്) പിഴവുകളുള്ളതാണെങ്കില്‍ അതു അപരിഹാര്യമാണല്ലോ. അവ സ്വീകരിക്കപ്പെടാതെ ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയ്ക്ക് വിധേയനാവുമോല്ല. അത് ഓര്‍ത്തിട്ടാണ് ഞാന്‍ കരയുന്നത്.'' ഈ ചരിത്രസംഭവം നമുക്കൊരു താക്കീത് കൂടിയാണ്. അതില്‍നിന്ന് നമുക്ക് ചിലതു പഠിക്കാനുണ്ട്. പുണ്യറസൂലിന്റെ തിരുമുഖത്ത് നിന്നു കാര്യങ്ങള്‍ യഥാവിധി ഗ്രഹിക്കുകയും റസൂലിനൊപ്പം അവ അനുധാവനം ചെയ്യുകയും ചെയ്ത ഒരു സ്വഹാബി ശ്രേഷ്ഠന്റെ ഉത്കണ്ഠയാണിത്. എന്നാല്‍, മതവിഷയങ്ങളില്‍ അത്രയൊന്നും സുശിക്ഷിതരല്ലാത്ത, അശ്രദ്ധരും അലസരുമായ നാം അനുഷ്ഠിക്കുന്ന കര്‍മങ്ങളെ കുറിച്ച് എപ്പോഴെങ്കിലും ഉത്കണ്ഠപ്പെട്ടിട്ടുണ്ടോ? അതാണല്ലോ നമുക്ക് പ്രധാനമായും വേണ്ട ഒരു സംഗതി. ഭൗതിക ജീവിതത്തെ കുറിച്ചുള്ള നൂറുകൂട്ടം ഉത്കണ്ഠകള്‍ക്കിടയില്‍ ഇത്തരമൊരു ചിന്ത നമ്മുടെ മനസ്സകത്തേക്ക് ഇടയ്ക്കിടെ കടന്നുവരേണ്ടതല്ലേ? അപ്പോഴാണല്ലോ, നമ്മുടെ ആരാധനാ കര്‍മങ്ങള്‍ സ്വയം മൂല്യനിര്‍ണയത്തിനു വിധേയമാവുക. മറ്റെന്തു കാര്യങ്ങളുണ്ടെങ്കിലും മനുഷ്യന്റെ പ്രധാന കര്‍ത്തവ്യം അല്ലാഹുവിനെ സ്മരിക്കുകയും ആരാധിക്കുകയും ചെയ്യുകയാണ്. 'മാനവ വംശത്തെയും ജിന്ന് വര്‍ഗത്തെയും എനിക്ക് ആരാധിക്കാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.' എന്ന് അല്ലാഹു നമ്മെ ഓര്‍മപ്പെടുത്തുന്നു. അപ്പോള്‍ അല്ലാഹുവിനെ ആരാധിക്കുകയാണ് മനുഷ്യധര്‍മം. മറ്റെല്ലാം അതിന്റെ അനുപൂരകങ്ങള്‍ മാത്രം. സത്യസാക്ഷ്യം, നിസ്‌കാരം, വ്രതാനുഷ്ഠാനം, നിര്‍ബന്ധദാനം, വിശുദ്ധഹജ്ജ് എന്നിങ്ങനെ പഞ്ചസ്തംഭങ്ങള്‍ ഉള്‍പ്പെടെ, സലാം ചൊല്ലല്‍, ദാനധര്‍മങ്ങള്‍, നന്മ ഉപദേശിക്കുകയും തിന്മ വിലക്കുകയും ചെയ്യല്‍, ദീനാനുകമ്പ, അനാഥസംരക്ഷണം, സംഘാടനം, കുടുംബ നിര്‍മിതി, സന്താന പരിപാലനം, സാമൂഹിക സേവനം തുടങ്ങി ഒരു വിശ്വാസിയുടെ കര്‍മഭൂപടം അതിവിസ്തൃതമാണ്. ഉദ്ദേശ്യശുദ്ധി കൊണ്ട് സകല കര്‍മങ്ങളും ആരാധനയായിമാറുന്നു. അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി എന്ന ഉദ്ദേശ്യമുണ്ടെങ്കില്‍, അല്ലാഹുവിന് ആരാധിക്കുന്നതിനു വേണ്ടി ആരോഗ്യം നിലനിര്‍ത്തുന്നതിന് എന്ന കരുത്തുണ്ടെങ്കില്‍ ഏത് ജോലിയും ആരാധനയായി മാറുമെന്നാണ് പണ്ഡിത മതം. അങ്ങനെ മനുഷ്യന്റെ ജീവിതം മുഴുവന്‍ ആരാധനയായി മാറുന്നു. മനുഷ്യന്‍ അനുഷ്ഠിക്കുന്ന ആരാധനകളില്‍ അതി പ്രധാനമാണല്ലോ നിസ്‌കാരം. ഒരാള്‍ക്ക് നിസ്‌കാരം, അല്ലാഹുവിന് സ്വീകാര്യമാവുംവിധം നിര്‍വഹിക്കാന്‍ കഴിയുന്ന പക്ഷം അയാള്‍ തന്നെ ഏറ്റവുംവലിയ ഭാഗ്യവാന്‍. ഏറെ സാങ്കേതികത്വങ്ങള്‍ നിറഞ്ഞതും മനുഷ്യന്‍ ദിനേന നിര്‍വഹിക്കേണ്ടതുമായ ഒരു കര്‍മമാണ് നിസ്‌കാരം. മനുഷ്യനെ സദാസമയവും അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയിലും ഭയഭക്തിയിലും സൂക്ഷ്മതയിലും ഉറപ്പിച്ചു നിര്‍ത്തുന്ന ആയുധവും നിഷിദ്ധവും മ്ലേച്ഛവുമായ എല്ലാ ദുഷ്‌കര്‍മങ്ങളില്‍ നിന്നും തടയുന്ന രക്ഷാകവചവും നിസ്‌കാരം തന്നെ. ജീവിതത്തിന്റെ ലക്ഷ്യസാക്ഷാല്‍ക്കാരത്തിന് അത്യന്താപേക്ഷിതമാണ്. സ്വജീവിതത്തിന്റെ വികാസം സാധ്യമാവുന്നതും സ്വര്‍ഗത്തിലേക്കുള്ള പാതയൊരുങ്ങുന്നതും നിസ്‌കാരത്തിലൂടെയാണ്. അതുകൊണ്ടു തന്നെ വളരെ അവധാനപൂര്‍വം നിര്‍വഹിക്കപ്പെടേണ്ട ഒരു ഇബാദത്താണ് നിസ്‌കാരം. വിശ്വാസിയുടെ ജീവിതത്തില്‍ ആര്‍ത്തിച്ച് നിര്‍വഹിക്കപ്പെടുന്ന കര്‍മമായതിനാല്‍ അതില്‍ അവന്റെ അതീവ ശ്രദ്ധ പതിയേണ്ടതുണ്ട്. വ്രതാനുഷ്ഠാനം വര്‍ഷത്തില്‍ ഒരു മാസം മാത്രമാണ് അനുഷ്ഠിക്കപ്പെടുന്നത്. നിസ്‌കാരത്തോളം നിയമനിബന്ധനകള്‍ അവിടെ ഉണ്ടാവുന്നില്ല. സകാത്ത് അതിനു ബാധ്യതപ്പെട്ടവര്‍ മാത്രം നിര്‍വഹിച്ചാല്‍ മതിയല്ലോ. ഹജ്ജ് ജീവിതത്തില്‍ ഒരു തവണ മാത്രമുള്ള ഇബാദത്താണ്. എന്നാല്‍, നിസ്‌കാരം ഇവയില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കും അത് ഉപേക്ഷിക്കാനാവില്ല. നിസ്‌കാരം അനുഷ്ഠിക്കുന്നതു വഴി മുസ്‌ലിംകള്‍ സ്വന്തം വിശ്വാസത്തിന് സംഭവിക്കാവുന്ന ന്യൂനതകള്‍ക്കെതിരേ ജാഗ്രതരായിത്തീരുന്നു. അയാള്‍ സ്വയം ചോദിക്കും: അടുത്ത കാലത്തായി നിസ്‌കാരം അനുഷ്ഠിക്കുന്നതില്‍ ഞാന്‍ അലംഭാവം കാണിക്കുന്നുണ്ടോ? എന്റെ നിസ്‌കാരം ധൃതിപ്പെട്ടു പോകുന്നുണ്ടോ? അതിന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലേ? ഒരനുഭൂതിയായി നിസ്‌കാരം എന്നില്‍ നിറയുന്നുണ്ടോ? അല്ലാഹുവിന്റെ സന്നിധിയിലാണു ഞാന്‍ നില്‍ക്കുന്നത് എന്ന ബോധം എനിക്ക് ഉണ്ടാകുന്നുണ്ടോ? അതെ, ഇങ്ങനെയൊരു നിസ്‌കാരം ഒരാള്‍ നിര്‍വഹിക്കുന്നുണ്ടെങ്കില്‍ അയാള്‍ക്കു പിന്നെ ഒരു കാര്യത്തിലും ഭയാശങ്കകള്‍ ഉണ്ടാവേണ്ടതില്ല. അല്ലാഹുവിന്റെ കാരുണ്യത്തിന്റെ ചിറകിനടിയിലാണ് അയാള്‍. എന്നാല്‍, ഇന്നത്തെ പരശ്ശതം നിസ്‌കാരക്കാരുടെയും അവസ്ഥയെന്താണ്? നാം ഓരോ ആളും ഇക്കാര്യം ആലോചിക്കാന്‍ ബാധ്യസ്ഥരല്ലേ? നാം അഭിമാനത്തോടെ പറയാറുണ്ട്, ഇന്നു എല്ലാവരും വലിയ നിസ്‌കാരക്കാരാണ് എന്ന്. കുട്ടികള്‍ വരെ ഇന്ന് നിസ്‌കാരം കൊണ്ട് നടക്കുന്നവരാണെന്ന്. എന്നാല്‍, ഈ നിസ്‌കാരത്തിന്റെ കോലം കണ്ടാല്‍ നമുക്ക് സങ്കടം തോന്നും. മുക്കിനു മുക്കിന് പള്ളികള്‍ ഉള്ളതുകൊണ്ട് നിസ്‌കാരം പൊതുവെ വ്യാപകമായിട്ടുണ്ടെന്നത് ശരിയാണ്. പക്ഷേ, നിസ്‌കാരം കൃത്യമായും യുക്തമായും നിര്‍വഹിക്കുന്നവര്‍ എണ്ണത്തില്‍ ചുരുങ്ങും. ആരാധനകള്‍ പോലും ഇന്നൊരു ഫാഷനായിട്ടുണ്ട്. മതാനുഷ്ഠാനം ഒരു ഫാഷനായി മാറിയ കാലമാണിത്. ഇസ്‌ലാമിക ചിഹ്നമായ പര്‍ദ്ദ ഒരു ഫാഷനായി മാറിയതു നാം കണ്ടതാണല്ലോ. അതുപോലെ ചെറുപ്പക്കാരെല്ലാം ഒരു ഫാഷനായി താടി വളര്‍ത്തുന്നുണ്ട്. നൂല്‍ വണ്ണത്തിലുള്ള താടി, വളഞ്ഞുപോകുന്നതാടി, തേങ്ങാപ്പൂള് പോലെ വെട്ടിയൊതുക്കിയ താടി എന്നിങ്ങനെ പലതരം ഫാഷന്‍ താടികള്‍ ചെറുപ്പക്കാര്‍ക്കിടയിലുണ്ടല്ലോ. ഇതൊന്നും മതാനുശാസനം എന്ന നിലയില്‍ അനുഷ്ഠിക്കപ്പെടുന്നവയല്ല. നിസ്‌കാരം നിര്‍വഹിക്കുന്ന ചെറുപ്പാക്കാരെ ശ്രദ്ധിച്ചുനോക്കൂ. അപ്പോഴറിയാം എന്തെല്ലാമാണ് അവര്‍ കാട്ടിക്കൂട്ടുന്നതെന്ന്. അല്ലാഹുവുമായി അവന്റെ അടിമകള്‍ നടത്തുന്ന മുനാജാത്ത് ഇക്കാലത്ത് എത്ര വഷളായിട്ടാണ് നിര്‍വഹിക്കപ്പെടുന്നത്. തിരക്കേറിയ ഒരു ഉച്ചനേരത്ത് ഏതെങ്കിലുമൊരു പള്ളിപ്പരിസരത്ത് അല്‍പ്പനേരം ശ്രദ്ധിച്ചുനിന്നാല്‍ യുവാക്കള്‍ക്ക് ആരാധനകളിലുള്ള ശ്രദ്ധയും ശുഷ്‌കാന്തിയും ഇല്ലാത്തത് നമുക്ക് ബോധ്യമാവും. നിസ്‌കാരത്തിന്റെ നിബന്ധനകളില്‍ പ്രധാനമായ വുളൂഅ് (അംഗസ്‌നാനം) നിര്‍വഹിക്കപ്പെടുന്ന സന്ദര്‍ഭം മുതല്‍ ആരംഭിക്കുന്നു ഈ ആശ്രദ്ധ. ബഹുഭൂരിപക്ഷം പേരുടെയും വുളൂഅ് ശരിയാവുന്നില്ല. തലയുടെ പരിധിക്കകത്ത് ഒതുങ്ങിനില്‍ക്കുന്ന ഒരു മുടിയിഴയെങ്കിലും നനയണമെന്നതാണ് ശാഫിഈ മദ്ഹബിന്റെ വിധിയെങ്കില്‍, ചെറുപ്പക്കാര്‍ നെറ്റിയില്‍ വീണുകിടക്കുന്ന മുടിയിഴകളില്‍ കൈകൊണ്ട് ഒരു തട്ട് കൊടുത്ത് വുളൂഅ് നിര്‍വഹിക്കുന്ന കാഴ്ച കാണാം. മുന്‍കൈ മുതല്‍ മുട്ടുവരെയുള്ള ഭാഗം നനയണമെങ്കിലും പലരുടെയും മുട്ട് നനയാറില്ല. ടാപ്പ് ഉപയോഗിച്ച് വുളൂഅ് എടുക്കുന്ന സന്ദര്‍ഭത്തില്‍ ശരിക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ കാല്‍ കഴുകുമ്പോള്‍ അത്യാവശ്യഭാഗത്ത് വെള്ളമെത്താതെ പോകും. അതു കഴിഞ്ഞ് നിസ്‌കാരത്തിലേക്കു കടന്നാലോ, കാണേണ്ട കാഴ്ചയാണ്. യുവാക്കളുടെ വസ്ത്രധാരണ ഏറെ പരിതാപകരമാണ്. ഇറക്കം കുറഞ്ഞ ഷര്‍ട്ടും അരയ്ക്കു താഴെ ഉടുക്കുന്ന പാന്റ്‌സും. റുകൂഇലും സുജൂദിലുമൊക്കെ പൊക്കില്‍ മാത്രമല്ല, ചന്തിപോലും പുറത്താണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിക്കു മുകളിലാണ് സുജൂദ് ചെയ്യുന്നത്. റുകൂഇല്‍നിന്നു നിവര്‍ന്ന് കൈ ഫ്രീയാക്കി ആട്ടിക്കൊണ്ടിരിക്കുന്നവരുമുണ്ട് കൂട്ടത്തില്‍. കെട്ടിയേടത്ത് നിന്നു കൈയിളകി മൂക്ക് ചൊറിഞ്ഞു കൊണ്ടിരിക്കുന്നവരെയും മറ്റും കാണാം. നിസ്‌കാരം ഒരടക്കമാണ്. അതെങ്കിലുമില്ലെങ്കില്‍ പിന്നെ എന്ത് നിസ്‌കാരം! കാലിന്റെ ഞെരിയാണി വിട്ട് താഴെ വസ്ത്രം വലിച്ചിഴക്കുന്ന പുരുഷന്‍മാരോട് അല്ലാഹുവിന് വലിയ കോപമാണ്. പോട്ടെ, നിസ്‌കാരത്തിലെങ്കിലും അതൊന്ന് ശ്രദ്ധിച്ചുകൂടേ? ഭൗതിക ചിന്തയില്‍ നിന്നെല്ലാം പിന്‍വാങ്ങി മനസ്സില്‍ അല്ലാഹുവിന്റെ സാമീപ്യം അനുഭവപ്പെടേണ്ട സന്ദര്‍ഭമാണ് നിസ്‌കാരം. എന്നാല്‍, നിസ്‌കാരത്തിലായിരിക്കുമ്പോള്‍ അതു വരെയില്ലാത്ത സകല ഭൗതിക ചിന്തകളും മനസ്സിലേക്ക് കടന്നുവരുന്നു. ഒരു ആചാരം എന്നതിനപ്പുറത്ത് ഹൃദ്യമായ ഒരനുഭൂതിയായി, അല്ലാഹുവിനുള്ള സമര്‍പ്പണമായി മാറുന്നില്ല നിസ്‌കാരം. അത് കൊണ്ടല്ലേ, നമ്മുടെ നിസ്‌കാരങ്ങള്‍ ഫലശൂന്യമായിപ്പോകുന്നത്. ഇത്തരം നിസ്‌കാരക്കാര്‍ക്കുള്ളതാണ് കഠിനമായ നരകം എന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. എന്നിട്ടും നാം ഇക്കാര്യത്തില്‍ അശ്രദ്ധരാണ്. ആരാധനകളില്‍ നമുക്ക് ആത്മാര്‍ത്ഥത തീരെയില്ല. പതിവുശീലം എന്നതിനപ്പുറം, ആരാധനകളുടെ പ്രാധാന്യമോ അന്തഃസത്തയോ നാം തിരിച്ചറിയുന്നില്ല. നമ്മുടെ ജീവിതത്തെ വിമലിനീകരിക്കുന്ന ആത്മീയ സഞ്ചാരമാണ് ആരാധനകള്‍ എന്നു നാം മനസ്സിലാക്കുന്നില്ല. എല്ലാവരും ചെയ്യുന്നതു കൊണ്ട് ഞാനും ചെയ്യുന്നു! ആരാധനകള്‍ എങ്ങനെ യഥാവിധി നിര്‍വഹിക്കണമെന്ന് നമുക്ക് അറിയില്ല എന്നതാണ് പ്രശ്‌നം. മതവിധികള്‍ മനസ്സിലാക്കാനുളള നമ്മുടെ പ്രധാനാശ്രയം മദ്‌റസകളാണ്. പക്ഷേ, വളരെ പരിമിതമായ സമയം മാത്രമാണ് മദ്‌റസാ പഠനത്തിന് ഇപ്പോള്‍ ലഭിക്കുന്നത്. അതും നാലോ അഞ്ചോ ക്ലാസുകള്‍ കൊണ്ട് കുട്ടികളുടെ മതപഠനം അവസാനിക്കുന്നു. മദ്‌റസയില്‍വച്ച് പഠിക്കുന്ന കാര്യങ്ങള്‍ അനുഷ്ഠിച്ചു ശീലിക്കേണ്ടത് വീടുകളില്‍ വച്ചാണ്. ഇന്നത്തെ വീടുകളില്‍ ഇതിനുള്ള ഒരു സന്ദര്‍ഭവുമില്ല. വീട്ടിലെ പുരുഷന്‍മാരും മിക്കവാറും പുറത്താണ്. സ്ത്രീകളാവട്ടെ, ടി.വി സെറ്റുകള്‍ക്ക് മുമ്പിലുമാണ്. പിന്നെങ്ങനെ കുട്ടികള്‍ മതകര്‍മങ്ങള്‍ അനുശീലിക്കും. പത്താം ക്ലാസ് വരെയെങ്കിലും കുട്ടികള്‍ മദ്‌റസയില്‍ പഠിക്കട്ടെ. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ മദ്‌റസയില്‍ കൂടുതല്‍ സമയം കിട്ടുമല്ലോ. അപ്പോള്‍ വുളൂഅ്, നിസ്‌കാരം തുടങ്ങിയ അനുഷ്ഠാനങ്ങള്‍ പ്രയോഗിച്ച് ശീലിക്കാനുള്ള അവസരം മദ്‌റസയില്‍ ഉണ്ടാവണം. അതു മാത്രം പോരാ, മദ്‌റസയില്‍ വച്ച് പഠിക്കുന്ന കര്‍മങ്ങള്‍ അവര്‍ വീട്ടില്‍വച്ച് നിര്‍വഹിക്കട്ടെ. രക്ഷിതാക്കള്‍ അത് നിരീക്ഷിച്ച് പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കണം. അതിനുള്ള സമയം രക്ഷിതാക്കള്‍ കണ്ടെത്തുക തന്നെ വേണം. അറിവില്ല എന്ന് പറഞ്ഞുകൊണ്ട് ഇന്നു ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. കാരണം, അറിയാനുള്ള നാനാവഴികള്‍ ഇന്ന് നമുക്ക് മുമ്പിലുണ്ട്. അതുകൊണ്ട് അറിയാത്ത കാര്യങ്ങള്‍ പഠിക്കാനുള്ള സന്മമനസ്സുണ്ടാവണം. ദീനീകാര്യങ്ങളില്‍ സമൂഹം വച്ചു പുലര്‍ത്തുന്ന നിസ്സംഗത ആശങ്കാജനകമാണ്. എന്ത് പേക്കൂത്തുകള്‍ കണ്ടാലും ആരും പ്രതികരിക്കുന്നില്ല. നന്മയുപദേശിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യല്‍ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു. എന്നിട്ടും, എന്തിനു വെറുതെ ഞാന്‍ ഇടെപടുന്നു, ഞാനൊന്നുമറിയില്ലേ എന്ന നയമാണ് എല്ലാവരും സ്വീകരിച്ചിരിക്കുന്നത്. നിര്‍വഹിക്കപ്പെടുന്ന ആരാധനകളില്‍ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ടയാളെ വിളിച്ച് സൗമ്യമായി പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ എല്ലാവരും ശ്രമിക്കണം. ആവശ്യമുള്ളവര്‍ സ്വീകരിക്കട്ടെ. ചുരുങ്ങിയത്, നമ്മുടെ ബാധ്യതയെങ്കിലും നമുക്ക് നിര്‍വഹിക്കാമല്ലോ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter