ഖുര്‍ആന്‍ വിവര്‍ത്തനം: കേരളമുസ്‍ലിംകള്‍ക്കൊരു പുതുവര്‍ഷ സമ്മാനം
മലയാള ഭാഷയില്‍ പുതുതായി പുറത്തിറങ്ങിയ, ഡോ.ബഹാഉദ്ദീന്‍ നദ്‍വിയുടെ ഖുര്‍ആന്‍ പരിഭാഷ കേരളീയ മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ലൊരു പുതുവര്‍ഷ സമ്മാനമാണെന്ന് തന്നെ പറയാം. ജനുവരി 1ന് കോഴിക്കോട് വെച്ച് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ട ഗ്രന്ഥം, ഒരു മാസം തികയുംമുമ്പേ, ആദ്യപതിപ്പില്‍ പുറത്തിറക്കിയ മുഴുവന്‍ കോപ്പികളും വിറ്റഴിഞ്ഞ്, രണ്ടാം പതിപ്പിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്
സമസ്തയുടെ സെക്രട്ടറിയായിരുന്ന കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ
ഫതഹു റഹ്മാന്‍ പരിഭാഷയാണ് ആദ്യസുന്നീ മലയാളപരിഭാഷ. അതിന് ശേഷം രണ്ടരപതിറ്റാണ്ട് പിന്നിടുമ്പോള്‍ സാങ്കേതികവിദ്യയും ജനങ്ങളുടെ അറിവും ഏറെ മാറിയ, പുതിയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഒരു ഖുര്‍ആന്‍ പരിഭാഷയുടെ ശക്തമായ ആവശ്യകത മുഴച്ച് നിന്നിരുന്നു. ഈ ആവശ്യകതയുടെ പൂര്‍ത്തീകരണമായിട്ടാണ് ഡോ ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ ഖുര്‍ആന്‍ വിവര്‍ത്തനം പുറത്ത് വന്നത്.
വാക്കര്‍ഥങ്ങള്‍ നല്‍കിയോ പ്രത്യക്ഷപരമോ പദാനുപദമോ അല്ലാതെ സൂക്തങ്ങളുടെ ആശയ വിവര്‍ത്തന രൂപത്തിലാണ് ഇത് എഴുതപ്പെട്ടിട്ടുള്ളത്. ആയത്തുകളുടെ എണ്ണത്തിനനുസരിച്ച് തര്‍ജമ ചെയ്യുന്നതിന് പകരം മൂന്നോ നാലോ ആയത്തുകള്‍ പരസ്പരം ബന്ധിപ്പിച്ച് പൂര്‍ണ്ണാശയം മനസ്സിലാക്കാനാവുന്ന വിധം തര്‍ജമ ചെയ്യുന്ന രീതിയാണ് ഇതില്‍ സ്വീകരിച്ചിട്ടുള്ളത്. മൂന്ന് ഭാഗമായി തയ്യാറാക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ഥത്തില്‍ മുകള്‍ ഭാഗത്ത് ആയത്തുകളും താഴെ അര്‍ഥവും അതിന് താഴെ വിശദീകരണക്കുറിപ്പുകളുമാണുള്ളത്. ഒരു ആയത്ത് വിശദീകരിക്കുമ്പോള്‍ തത്തുല്യ ആശയങ്ങളുള്ള ആയത്തുകളുടെ നമ്പറും നല്‍കിയിരിക്കുന്നു.
ആയത്തുകളില്‍ മറഞ്ഞ് കിടക്കുന്ന ശാസ്ത്ര സത്യങ്ങള്‍, ചില ആയത്തുകള്‍ ഇറങ്ങാനുണ്ടായ കാരണങ്ങള്‍, ഖുര്‍ആന്‍ പ്രതിപാദിക്കുന്ന ചരിത്ര വിവരണങ്ങളുടെ ആവശ്യ വിശദീകരണങ്ങള്‍, തര്‍ക്കവിഷയങ്ങളിലെ സ്ഥിരീകരണങ്ങള്‍, ബനൂ ഇസ്‌റാഈല്യരുമായി ബന്ധപ്പെട്ട ചരിത്ര വിവരണങ്ങളുടെ ബൈബിളുമായുള്ള താരതമ്യ പഠനങ്ങള്‍, സര്‍വ്വോപരി ഉയര്‍ന്ന തലത്തിലുള്ള എന്നാല്‍ സാമാന്യ ജനങ്ങള്‍ക്ക് എളുപ്പം മനസ്സിലാക്കാവുന്ന സാഹിത്യ ഭാഷ എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്.
മറ്റു പരിഭാഷകളുമായി താരതമ്യം ചെയ്യുമ്പോള്‍ ചില വാക്കുകള്‍ക്ക് വിഭിന്നമായ എന്നാല്‍ യോജിച്ച അര്‍ഥങ്ങള്‍ നല്‍കി വിവര്‍ത്തനത്തിന്റെ മാറ്റ് കൂട്ടിയതായി കാണാനാവും. യൂനുസ് നബി(അ) ന്റെ ചരിത്രത്തില്‍ മറ്റു പരിഭാഷകളെല്ലാം ഹൂഥ് എന്ന വാക്ക് വിശദീകരിച്ച് മഹാനവര്‍കകളെ മത്സ്യം വിഴുങ്ങി എന്ന് പറയുന്നിടത്ത് ഈ പരിഭാഷയിലുള്ളത് അദ്ദേഹത്തെ തിമിംഗലം വിഴുങ്ങി എന്നാണ്. അദ്ദേഹത്തെ വിഴുങ്ങിയത് തിമിംഗലം തന്നെയായിരുന്നുവെന്ന ചരിത്ര സത്യവും തിമിംഗലം മത്സ്യവര്‍ഗത്തിലേ പെടുന്നില്ല എന്നതും ഈ ഭാഷാന്തരത്തിന് സാധുത ഏറ്റുന്നു. (പേജ്:638)
സൂറത്തുല്‍ മാഇദയില്‍ സത്യവിശ്വാസികളോട് ഏറ്റവും കഠിന ശത്രുത വെച്ച് പുലര്‍ത്തുന്നവര്‍ ജൂതന്മാരും ബഹുദൈവാരാധകരുമാണെന്നും അവരോട് അടുത്ത സ്‌നേഹബന്ധമുള്ളവര്‍ ക്രിസ്തീയരാണെന്നും പറയുന്നിടത്ത് ഈ പരിഭാഷയില്‍ അബ്‌സീനിയക്കാരായ ക്രിസ്ത്യാനികള്‍ എന്ന് കൂട്ടിച്ചേര്‍ത്തതും ഏറെ ശ്രദ്ധേയമാണ്. ഇങ്ങനെ വാക്കര്‍ത്ഥം നല്കുന്നതില്‍ ഒട്ടേറെ കണിശതകള്‍ പാലിച്ചതായി കാണാം.
പരിശുദ്ധ ഖുര്‍ആനില്‍ പരാമൃഷ്ടമായ പല ശാസ്ത്ര സത്യങ്ങളിലേക്കുമുള്ള സൂചനകളും ഇതില്‍ ആവശ്യമായ രീതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. സൂറത്ത നംല് 86ാം സൂക്തം വിശദീകരിച്ച് വിശ്രമിക്കാന്‍ രാത്രിയെയും വെളിച്ചം തരാന്‍ പകലിനെയും സംവിധാനിച്ചത് അവനാണ് എന്നര്‍ഥം നല്‍കിയതിന് ശേഷം അടിക്കുറിപ്പില്‍ ജന്തുലോകത്തിന്റെ നിലനില്‍പിന്റെ ആധാരശിലയാണ് രാപ്പകലുകള്‍ മാറുന്ന ഈ പ്രപഞ്ച സംവിധാനമെന്ന യാഥാര്‍ത്ഥ്യം വിശദീകരിക്കുന്നുണ്ട്. (പേജ്:537)
പരിശുദ്ധ ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ല. എന്നാല്‍ മുന്‍ കഴിഞ്ഞ പ്രവാചന്മാരുടെയും അവരുടെ സമൂഹങ്ങളുടെയും അസംഖ്യം വിവരണങ്ങളുണ്ട് ഖുര്‍ആനില്‍. ചിലത് വിശദീകരിച്ചും മറ്റു ചിലത് ഹൃസ്വമായുമാണുള്ളത്. ഹൃസ്വമായി അവതരിപ്പിച്ച പല ചരിത്രങ്ങള്‍ക്കും ശരിയായ വിശദീകരണങ്ങള്‍ ഉദ്ധരിക്കുന്നുണ്ട് ഗ്രന്ഥ കര്‍ത്താവ്.
മഹാനായ പ്രവാചകന്‍ ഈസാ നബി (അ)ന്ന് അവതീര്‍ണ്ണമായ ഇന്‍ജീല്‍ മാറ്റിതിരുത്തപ്പെട്ട ബൈബിളില്‍ ഖുര്‍ആനോട് അനുസൃതമായി വന്ന വിഷയങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നുണ്ട് ഈ കൃതിയില്‍. ദുല്‍ഖര്‍നൈനെക്കുറിച്ച് പരാമര്‍ശിക്കുന്ന വേളയില്‍ ബൈബിളിലെ യെശയ്യാവില്‍ അധ്യായം 45 ലോകം അടക്കി ഭരിച്ച ഈ ഭരണാധികാരിയെക്കുറിച്ച് പരാമര്‍ശം കാണാമെന്നും പുരാതന എഡിഷനുകളില്‍ കൊരെശ് എന്നും പുതിയവയില്‍ സൈറസ് എന്നുമാണ് പേരെന്നും പരാമര്‍ശിക്കുന്നത് ഉദാഹരണം.
പ്രമുഖരും അവലംബയോഗ്യരുമായ തഫ്‌സീര്‍ പണ്ഡിതരുടെ ഗ്രന്ഥങ്ങള്‍ മാത്രമേ പരിഭാഷക്ക് വേണ്ടി അവലംബിച്ചിട്ടുള്ളൂവെന്നതും ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഹദീസുകള്‍ റിപ്പോര്‍ട്ടറടക്കും പരാമര്‍ശിച്ചതും ഈ പരിഭാഷക്ക് മാറ്റ് കൂട്ടുന്നു. പരിശുദ്ധ ഖുര്‍ആനില്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ വന്ന ഒരൊറ്റ പദത്തിന് തന്നെ സന്ദര്‍ഭത്തിനും സാഹചര്യത്തിനുമനുസരിച്ച് വിഭിന്ന അര്‍ഥങ്ങള്‍ നല്‍കിയത് വായനക്കാര്‍ക്ക് ഖുര്‍ആന്‍ മനസ്സിലാക്കുന്നത് കൂടുതല്‍ എളുപ്പവും സുതാര്യവുമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ഖാല എന്ന പദം സൂറത്തുല്‍ ഇഖ്‌ലാസ്, കാഫിറൂന്‍ തുടങ്ങിയവയില്‍ ഉപയോഗിച്ചതിന് പരിഭാഷ നല്‍കിയത് നബീ പ്രഖ്യാപിക്കുക എന്നാണ്, ഫിര്‍ഔന്റെ വാക്കുകള്‍ ഉദ്ധരിക്കുമ്പോള്‍ അവന്‍ ആക്രോശിച്ചുവെന്നാണ് അര്‍ഥം നല്‍കിയത്. അതേ സമയം മറ്റു പല ഭാഗങ്ങളിലും ചോദിച്ചും എന്നും പറഞ്ഞു എന്നുമുള്ള അര്‍ഥങ്ങളും നല്‍കിയിട്ടുണ്ട്.
ചരിത്ര സംഭവങ്ങളുടെ മാപ്പുകള്‍ ഉള്‍പ്പെടുത്തിയത് പരിഭാഷയെ കൂടുതല്‍ പഠനോപകാരപ്രദമാക്കുന്നു. ബദ്ര്‍, ഉഹ്ദ്, ഖന്‍ദഖ് യുദ്ധക്കളങ്ങളുടെയും പ്രവാചകപൂര്‍വ്വ അറേബ്യ, ഹുദൈബിയ സന്ധിസ്ഥലം തുടങ്ങിയവയുടെയുമെല്ലാം മാപ്പുകള്‍ നല്‍കിയത് വിജ്ഞാന കുതുകികള്‍ക്ക് ഏറെ ഉപകരിക്കും. ഏറ്റവും അവസാന പേജുകളില്‍ നല്‍കിയ ഈ മാപ്പുകളിലെല്ലാം ആ ചരിത്ര സംഭവങ്ങളുടെ ഹൃസ്വ വിവരണവും അവയെക്കുറിച്ചുള്ള ഖുര്‍ആനിക സൂക്തങ്ങളുടെ റഫറന്‍സും ഇവ വിവരിക്കപ്പെടുന്ന പരിഭാഷയിലെ പേജ് നമ്പറുകളും കൂടി ചേര്‍ത്തിരിക്കുന്നു. പരിശുദ്ധ ഖുര്‍ആന്‍ പഠിക്കാനിറങ്ങുന്ന ആര്‍ക്കും സഹായകമായ രീതിയില്‍ ഖുര്‍ആനെക്കുറിച്ച് നല്‍കിയ ഹൃസ്വമായ മുഖക്കുറിപ്പും ഈ ഗ്രന്ഥത്തെ അതുല്യമാക്കുന്നുണ്ട്.
864 പേജുകളുള്ള ഇതിന് 600 രൂപയാണ് മുഖവില. ദാറുല്‍ഹുദായൂണിവേഴ്സിറ്റി പബ്ലിക്കേഷനാണ് പ്രസാധകര്‍. താമസിയാതെ ഇതിന്റെ ഓണ്‍ലൈന്‍ എഡിഷനും ആന്‍ഡ്രോയിഡ് പതിപ്പും ലഭ്യമാവുന്നതാണ്. ഓണ്‍ലൈന്‍-ആന്‍ഡ്രോയ്ഡ് പ്രസാധനാവകാശങ്ങള്‍
ഖുര്‍ആന്‍ഓണ്‍വെബ്ബിന് വേണ്ടി മിഷന്‍സോഫ്റ്റ് ഫൌണ്ടേഷനാണ് സ്വന്തമാക്കിയിരിക്കുന്നത്.
Leave A Comment