നാം ഭൂമിയിലെ വഴിയാത്രക്കാര്‍ മാത്രം

ദുന്‍യാവ് ഒരിക്കലും സുരക്ഷിതമല്ല. അതു നശ്വരമാണ്; നൈമിഷികമാണ്. ഇന്ന് നേടിയ എല്ലാം നാളെ നിന്നെ വിട്ടുപോകുന്നതാണ്. ഒരു സല്‍കര്‍മം കൊണ്ട്  മാത്രമേ നിനയ്ക്ക് നാളെ ആഖിറത്തില്‍ രക്ഷപ്പെടാന്‍ കഴിയൂ. ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''നീ മരിച്ചാല്‍ മൂന്നു കാര്യങ്ങള്‍ നിന്നെ പിന്തുടരും. നീ സ്‌നേഹിച്ച നിന്നെ സ്‌നേഹിക്കുന്ന നിന്റെ കുടുംബക്കാര്‍,  നീ സമ്പാദിച്ച നിന്റെ സമ്പാദ്യം,  നിന്റെ സല്‍പ്രവര്‍ത്തനങ്ങള്‍. ഇതില്‍ രണ്ടു കാര്യം നിന്നില്‍ നിന്നും അകലുന്നതാണ്; അതു നീ സമ്പാദിച്ച സമ്പാദ്യവും നിന്റെ കുടുംബക്കാരും. ഖബറില്‍ നിനക്ക് കൂട്ടായി ഉണ്ടാവുക ഈ സല്‍പ്രവര്‍ത്തനങ്ങളാണ്.''

മക്കളുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ ഒരിക്കലും അവരുടെ നാശങ്ങള്‍ക്ക് കാരണമാവുന്ന ഒന്നുംതന്നെ സ്വീകരിക്കരുത്. ഒന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്നെ നടീ-നടന്മാരുടെ നഗ്നചിത്രങ്ങളെടുത്ത് ക്ലാസ്സില്‍ വിതരണം ചെയ്യുന്നവരുടെ കാലത്താണു നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ക്കിട വരുത്തുന്നതും മാതാപിതാക്കള്‍ തന്നെയാണ്. മാതാപിതാക്കള്‍ ഒരിക്കലും മക്കള്‍ക്കനുസരിച്ച് നില്‍ക്കരുത്. മക്കള്‍ മാതാപിതാക്കള്‍ക്കനുസരിച്ചാണ് നില്‍ക്കേണ്ടത്. മാതാപിതാക്കള്‍ക്ക് മക്കളുടെ അടുത്ത് വിലയില്ലാതാവുന്നതിനും അവഗണിക്കപ്പെടുന്നതിനും കാരണം അവര്‍ തന്നെയാണ്. മക്കള്‍ ആവശ്യമില്ലാത്തത് വാങ്ങാന്‍ പറയുമ്പോള്‍ അതിന് ആയിട്ടില്ലെന്ന് പറയുന്നതിന് പകരം എന്തിനാണെന്ന് ചിന്തിക്കാതെ അതു വാങ്ങിക്കൊടുക്കുന്നവര്‍ക്കാണു നാശം.

നൈമിഷിക ലോകത്തെ ധൂര്‍ത്തിനു പിന്നാലെ പോയി താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീഴുകയാണ്. ബാപ്പ സമ്പാദിച്ച പണം കൊണ്ട് മക്കള്‍ ചെലവഴിക്കുന്നെങ്കില്‍ ആ ബാപ്പക്ക് നേരെയായിരിക്കും ചോദ്യം വരുക. ഹലാലായ മാര്‍ഗത്തിലാണോ ചെലവഴിച്ചത് ഹറാമായ മാര്‍ഗത്തിലാണോ ചെലവഴിച്ചത് എന്നറിയാനും അതു ചോദ്യംചെയ്യപ്പെടാനും അര്‍ഹന്‍ ബാപ്പ തന്നെയാണ്. ശുദ്ധപ്രകൃതിയില്‍ ജനിച്ചുവീഴുന്ന കുട്ടികളെ നേര്‍പാതയിലാക്കുന്നതും വഴികേടിലാക്കുന്നതും മാതാപിതാക്കളാണ്. മോശമായ സംസാരങ്ങള്‍ ശ്രവിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അത് ശീലിച്ചു വരികയാണ്. ഇത്തരത്തില്‍ തടയാനാളില്ലാതെ പോവുകയാണെങ്കില്‍ ആ കുട്ടിയുടെ പാരമ്പര്യവും അങ്ങനെയായിത്തീരും. 

ഒരു ചെറിയ കാര്യത്തിനു വേണ്ടി കുട്ടിയുടെ ഭാവി ചീത്തയാക്കുന്ന മാതാപിതാക്കള്‍ ഒന്ന് ഓര്‍ക്കണം- ആ കുട്ടികള്‍ വെറും ഒരു സൂക്ഷിപ്പുസ്വത്താണ്. അത് നിങ്ങളുടെ അവസാനം വരെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തവും നിങ്ങള്‍ക്കാണ്. ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''അമാനത്ത് എടുത്ത് കളയുന്നതു വരെ ഖിയാമത്ത് നാള്‍ ഉണ്ടാകില്ല. സൂക്ഷിപ്പുസ്വത്ത് കളങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്താണ് നാമുള്ളത്. വളരെ ചെറിയ കാര്യത്തിനു വേണ്ടി ദീര്‍ഘനാള്‍ അകന്നു നില്‍ക്കുന്നത് കുട്ടികളുടെ ജീവിതത്തെ തകിടം മറിക്കുന്നു. ഇത്തരം പ്രവണതകള്‍ ഭാവിയില്‍ കുട്ടികളുടെ ജീവിതത്തിലും കാണാന്‍ സാധിക്കുന്നു.'' 

ദുന്‍യാവ് ഒരിക്കലും ശാശ്വതമല്ല, ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''നിങ്ങളില്‍ ആരുംതന്നെ പ്രഭാതമായാല്‍ പ്രദോശത്തെയും പ്രദോശത്തില്‍ പ്രഭാതത്തെയും കരുതിയിരിക്കരുത്. ദുന്‍യാവില്‍ നിങ്ങള്‍ ഒരു വിദേശിയെപ്പോലെ കഴിയുക, അല്ലങ്കില്‍ ഒരു വഴിയാത്രക്കാരനെന്ന നിലയില്‍ നില്‍ക്കുക, നിങ്ങളെ ഖബറാളികളുടെ കൂട്ടത്തില്‍ എണ്ണപ്പെട്ടുകഴിഞ്ഞിരിക്കുന്നു.'' മനുഷ്യന്റെ ഓരോ ഹൃദയമിടിപ്പും അവനോട് പറഞ്ഞുകൊണ്ടിരിക്കുന്നു: ''തീര്‍ച്ചയായും ദുന്‍യാവ് വെറും നൈമിഷികമാണ്. മണ്‍ മറഞ്ഞ സംഭവങ്ങള്‍ കണ്ടിട്ടും കാണാത്ത മട്ടിലും കേട്ടിട്ടും അതിനെ പുഛിച്ചുതള്ളി ദുന്‍യാവിനെ തന്നെ ആഗ്രഹിച്ചുനടക്കുകയാണ് ഈ സമൂഹം. ഇതെല്ലാം കേട്ടിട്ടും ഒരു കുലുക്കവും നിനക്കില്ലെങ്കില്‍ ഒന്ന് ഓര്‍ക്കാം നംറൂദും ഖാറൂനും ഫിര്‍ഔനും രുചിച്ച മരണത്തിന്റെ രുചി  എല്ലാവര്‍ക്കും എത്താതിരിക്കില്ല. നിന്റെ മയ്യിത്ത് നിസ്‌കരിക്കാന്‍ വേണ്ടി വാങ്കും ഇഖാമത്തും കൊടുത്തുകഴിഞ്ഞു. ഇനി നിസ്‌കാരത്തിന് അല്‍പ്പ സമയം ബാക്കിയുണ്ട്. ഇതാണ് നിന്റെ ജീവിതം. ഇനിയും എന്തിനാണ് ദുന്‍യാവ് തേടിയുള്ള നിന്റെ നെട്ടോട്ടം.''

അല്ലാഹു പറയുന്നു: ''ഓ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. ഒരു രക്ഷിതാക്കള്‍ക്കും മക്കള്‍ മതിയാവാത്ത ദിവസം, അതുപോലെ ഒരു കുട്ടിക്കും രക്ഷിതാവ് മതിയാവാത്ത ദിവസത്തെയും നിങ്ങള്‍ പേടിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. (സൂറത്തു ലുഖ്മാന്‍) ഐഹിക ജീവിതമാണ് ഒരിക്കലും ഒരുപകാരവും നേടിത്തരാത്ത ജീവിതം. ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''എന്റെ ശേഷം ഞാന്‍ നിങ്ങളുടെമേല്‍ ഒരു നാശത്തെയും ഭയക്കുന്നില്ല. എന്റെ ശേഷം ഞാന്‍ ഭയക്കുന്നത് നിങ്ങളുടെ മേല്‍ ദുന്‍യാവിനെയും അതിലെ സുഖസൗകര്യങ്ങളെയു തുറക്കുന്നതിലാണ്.'' 

സ്വഹാബികള്‍ കൂടിയിരിക്കുന്ന സദസ്സില്‍ ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''ഖിയാമത്ത് നാളില്‍ ഈ ദുന്‍യാവിനെ ഒരു വൃദ്ധയുടെ രൂപത്തില്‍ കൊണ്ടുവരപ്പെടും. ഉന്തിയ പല്ലും പച്ച നിറത്തിലുള്ള കണ്ണും കാണുമ്പോള്‍ തന്നെ പേടിയാവുന്ന രൂപത്തിലായിരിക്കും അത്. കാണുമ്പോള്‍ തന്നെ ദുന്‍യാവിനെ ആഗ്രഹിച്ചു നടന്നവര്‍ അതിനെക്കുറിച്ച് അല്ലാഹുവിനോട് ചോദിക്കും: ''ഈ വികൃത രൂപം ഏതാണു റബ്ബേ..?'' അപ്പോള്‍ പറയും: ''നിങ്ങള്‍ പരസ്പരം ശത്രുതയും പകയും കാണിക്കുന്നതിനും പരസ്പരബന്ധം മുറിക്കുന്നതിനും ചോര ചിന്തുന്നതിനും  കാരണമായതും നിങ്ങള്‍ വഞ്ചിതരാവാന്‍ കാരണമായതുമായ ദുന്‍യാവാണിത്. പിന്നെ ആ ദുന്‍യാവിനെ നരകത്തിലേക്ക് വലിച്ചെറിയപ്പെടും. അപ്പോള്‍ ദുന്‍യാവ് വിളിച്ചു പറയും: എന്റെ റബ്ബേ ദുന്‍യാവില്‍ എന്റെ കൂടെ എന്നെ ആഗ്രഹിച്ചു നടന്ന എന്റെ ആരാധകരെവിടെ..? അപ്പോള്‍ അവരെയും അതിലേക്ക് വലിച്ചെറിയപ്പെടുന്നതായിരിക്കും.''

എന്നാല്‍, പാശ്ചാത്യന്റെ ചീഞ്ഞളിഞ്ഞ സംസ്‌കാരത്തെ പിന്തുടരുന്നവര്‍ക്കാണു നാളെ ആഖിറത്തില്‍ കൂടുതല്‍ ശിക്ഷ. അവര്‍ക്കാണ് ദുന്‍യാവിനോടും അതിലുള്ളതിനോടും കൂടുതല്‍ താല്‍പര്യം.

പാശ്ചാത്യന്റെ ഭക്ഷണരീതിയില്‍ തുടങ്ങി വസ്ത്ര രീതിയില്‍ വരെ 'നഗ്നമായി'പിന്തുടരുന്ന ഒരു സമൂഹമാണ് നമുക്ക് മുന്നിലുള്ളത്. പ്രശസ്തനായ ഒരു തത്ത്വ ചിന്തകന്‍ പറയുകയാണ്: ''എല്ലാവരും ബുദ്ധിമാനായാണു ജനിക്കുന്നത്, എന്നാല്‍ ഭൗതിക വിദ്യാഭ്യാസമാണ് അവരുടെ ചിന്താഗതികള്‍ മാറ്റുന്നത്. കണ്ടുമുട്ടാനും വേര്‍പിരിയാനും അര്‍ഹിക്കപ്പെട്ട ഈ ദുന്‍യാവില്‍ സുഖാഢംബരത്തിനു പിന്നാലെ മത്സരിക്കുകയാണ് മനുഷ്യര്‍. ആധുനികതയുടെ ഉത്തുംഗതയേറി നില്‍ക്കുന്ന സമൂഹത്തില്‍ ജനിച്ചുവീഴുന്ന കുട്ടികള്‍ പോലും ആദ്യം കാണുന്നതും കേള്‍ക്കുന്നതും ഐ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ശബ്ദമാണ്. ഇത്തരം അത്യാധുനിക ഉപകരണങ്ങളുടെ അടുത്തേക്കാണ് ജനിച്ചുവീഴുന്നത് തന്നെ. കുട്ടികളുടെ നിറുത്താതെയുള്ള കരച്ചിലിന് കളിപ്പാട്ടം നല്‍കുന്ന സിസ്റ്റം വരെ എടുത്തുപോയി. ആ സ്ഥാനത്ത് ഇന്ന് അത്യാധുനിക ഉപകരണങ്ങളാണ്.''

നശ്വരമായ ഈ ദുന്‍യാവില്‍ കുട്ടിയുടെ ഭാവി നശിപ്പിക്കാനുള്ള മാതാപിതാക്കളുടെ ശ്രമങ്ങളുടെ ചെറിയ ഒരു ഉദാഹരണമാണിത്. രണ്ടാം വയസ്സില്‍ തന്നെ പിതാവിന്റെ പുകവലിയും സഹോദരങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗവും കണ്ടു ശീലിച്ച് വളരുന്ന കുട്ടി പിതാവിനോട് അടുത്ത ആഗ്രഹം പറയുക എനിക്കും അതുപോലെ നെറ്റെടുക്കാന്‍ പറ്റുന്ന കമ്പ്യൂട്ടര്‍ വേണമെന്നാണ്. കുട്ടിയുടെ ആഗ്രഹങ്ങള്‍ക്കെതിരേ നില്‍ക്കാത്ത ബാപ്പമാര്‍ അതു വാങ്ങി അവരുടെ ഭാവിക്ക് കോട്ടം വരുത്തുന്നു. ആ കുട്ടിയെ ഇത്തരം ഒരു അവസ്ഥയില്‍നിന്നും പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ബാപ്പമാര്‍ വളരെ വിരളമാണ്.

ദുന്‍യാവ് സമ്പാദിക്കാന്‍ സ്വന്തം സഹോദരനെ കൊല്ലാന്‍ പോലും മടിക്കാത്ത മനുഷ്യരാണ് ഇവിടെയുള്ളത്. മറ്റുള്ളവരുടെ സമ്പത്ത് അപഹരിച്ചാല്‍ ബാധ്യതയാവുകയല്ലാതെ അത് ഒരിക്കലും  അനുകൂലമായിവരില്ല. നിന്റെ സഹോദരന്റെ ഒരു തുണ്ട് ഭൂമി അപഹരിച്ചാല്‍ നാളെ അത് കഴുത്തില്‍ തൂക്കി വരേണ്ടിവരുമെന്നാണ് പ്രവാചകര്‍ പഠിപ്പിച്ചത്. ദുന്‍യാവിനെ ആഗ്രഹിച്ചു ജീവിക്കുന്നവര്‍ക്ക് ഒരിക്കലും ജീവിതം പൂര്‍ത്തിയാക്കാന്‍ കഴിയുകയില്ല. ഒരിക്കലും മരിക്കാന്‍ താല്‍പര്യം ഉള്ളവരാവരുത്; ഇനിയും ജീവിച്ചാല്‍ ഇനിയും നന്മ മാത്രമേ കൈവരുകയുള്ളൂ.

അല്ലാഹുവിന്റെ റസൂല്‍ പറയുന്നു: ''അധികമാളുകളും വഞ്ചിക്കപ്പെടുന്നത് രണ്ടു കാര്യങ്ങളിലാണ്  ആരോഗ്യവും ഒഴിവുവേളയുമാണത്. ആരോഗ്യ സമയത്ത് ചെയ്യേണ്ടത് ചെയ്യാതെ പിന്നീട് ചെയ്യാമെന്ന് കരുതി നില്‍ക്കുന്നവര്‍ക്ക് ഒരിക്കലും അത് പൂര്‍ത്തിയാക്കാന്‍ കഴിയില്ല.'' വാര്‍ദ്ധക്യത്തില്‍ ചെയ്യുന്ന പ്രവൃത്തികളെക്കാള്‍ എത്രയോ കൂലിയാണ് യുവത്വം ത്രസിക്കുന്ന സമയത്ത് ചെയ്താല്‍ എന്ന് പണ്ഡിതന്മാര്‍ പല കിതാബുകളിലും പറയുന്നുണ്ട്. അതുപോലെ തന്നെ യുവത്വം നേരിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവര്‍ക്ക് ഖിയാമത്ത് നാളില്‍ പ്രത്യേക പരിഗണനയും അല്ലാഹുവിന്റെ അടുത്തുനിന്നും ലഭിക്കുന്നതാണ്. അല്ലാഹുവിന്റെ റസൂല്‍ അര്‍ശിന്റെ തണല്‍ കിട്ടുന്നവരുടെ എണ്ണത്തില്‍ രണ്ടാമതായി എണ്ണുന്നതും യുവത്വം നേരിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നവരെയാണ്.

ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''അഞ്ചു കാര്യങ്ങള്‍ കരസ്ഥമാക്കുക. വാര്‍ദ്ധക്യത്തിനു മുമ്പുണ്ടാകുന്ന യുവത്വത്തെയും രോഗത്തിനു മുമ്പുണ്ടാവുന്ന ആരോഗ്യത്തെയും മരണത്തിനു മുമ്പുള്ള ജീവിതത്തെയും നീ ഉപയോഗപ്പെടുത്തുക. ഒഴിവു സമയങ്ങള്‍ ഒരിക്കലും പാഴാക്കരുത്. ഒഴിവുസമയം ചെലവഴിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ് അറിവ് തേടി നടക്കല്‍. ഇതിനു സാധിച്ചിട്ടില്ലെങ്കില്‍ ആ സമയങ്ങള്‍ ഉപരിജീവനത്തിനോ മറ്റോ ഉപകാരപ്രദമായ കാര്യങ്ങള്‍ക്കു വേണ്ടി ചെലവഴിക്കുക. ഈ കാര്യമാണ് അല്ലാഹു ഖുര്‍ആനിലൂടെയും പറയുന്നത്.  ''ഒരു കാര്യത്തില്‍ നിന്നും വിരമിച്ചാല്‍ മറ്റൊരു കാര്യം കൊണ്ട് മുഴുകണം.'' (സൂറത്ത് അന്നശ്‌റ്)

എപ്പോഴാണ് മരണം വരികയെന്ന് പറയാന്‍ ആര്‍ക്കുമാവില്ല. വാര്‍ധക്യത്തിനു മുമ്പുള്ള ആരോഗ്യത്തെ ഉപയോഗപ്പെടുത്തിയാല്‍ എന്നും വിജയം തന്നെയായിരിക്കും. യുവത്വകാലം ആഘോഷമാക്കി നടക്കുകയും എല്ലാ പ്രവൃത്തികളും കുറച്ചുകൂടി കഴിഞ്ഞു ചെയ്യാമെന്ന് കരുതുന്നവര്‍ക്ക് താക്കീതായി ഒരു കവി പാടുകയാണ്. എത്രയെത്ര ആരോഗ്യദൃഢഗാത്രരാണ് ഒരു രോഗവുമില്ലാതെ മരിച്ചുപോകുന്നത്. എന്നാല്‍, എത്രയെത്ര രോഗികളാണ് കാലങ്ങളോളം ജീവിച്ചിരിക്കുന്നത്. ഇന്നു ചെയ്തുതീര്‍ക്കേണ്ടത് ഒരിക്കലും നാളേക്ക് വയ്ക്കരുത്. ''നീ ഒരിക്കലും ഒരു കാര്യവും നാളെ ചെയ്യുമെന്ന് പറഞ്ഞുപോകരുത്.'' (സുറത്തുല്‍ കഹ്ഫ്) ഇനിയും ദുന്‍യാവ് ശാശ്വതമല്ലെന്ന് മനസ്സിലാക്കുക.

അല്ലാഹുവിന്റെ കോപത്തെ ഭയന്ന് തഖ്‌വയോടെ ജീവിക്കുക. മുസ്‌ലിം സമൂഹം ഒരിക്കലും പ്രപിതാക്കളെ മറന്ന് അവര്‍ ഉണ്ടാക്കിയ അസ്ഥിത്വത്തെ നശിപ്പിക്കരുത്. പൂര്‍വികരായ ആളുകളുടെ മാര്‍ഗം മാത്രം പിന്തുടര്‍ന്ന് ജീവിക്കുക. നീരുകെട്ടി കഠിന വേദന സഹിച്ച് രാത്രിയുടെ യാമങ്ങളില്‍ ബാക്കിയുള്ളവര്‍ ഉറങ്ങുമ്പോള്‍ ആരാധന കൊണ്ട് സജീവമാക്കിയ പ്രവചകരുടെ മാര്‍ഗം ഒരിക്കലും നാം മറക്കാന്‍ പാടില്ല. ആ തിരുസുന്നത്ത് വെടിഞ്ഞ് അതില്‍ കവിഞ്ഞ് ഒന്നും പ്രവര്‍ത്തിക്കരുത്. പ്രവാചകര്‍ ഒരിക്കലും ദുന്‍യാവിനെ പറ്റി ചിന്തിക്കുക പോലും ചെയ്തിട്ടുണ്ടാകില്ല. പ്രവാചകര്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ അവിടുത്തെ അനുയായിവൃന്ദങ്ങള്‍ എന്തും നല്‍കാന്‍ തയ്യാറാവുമായിരുന്നു. 

ഒരിക്കല്‍ ഉമര്‍(റ) പ്രവാചകരെ കാണാന്‍ വീട്ടിലേക്ക് വന്നു. പ്രവാചകര്‍ ഉറങ്ങിയെഴുന്നേറ്റതു കാരണം ശരീരമാകെ അടയാളങ്ങളുണ്ട്. ഇതുകണ്ട് സഹിക്കാനാവാതെ ഉമര്‍ ചോദിച്ചു: ''എന്തിനാണു  പ്രവാചകരേ, ഈ ഈന്തപ്പനയോലയില്‍ കിടക്കുന്നത്. ഞാന്‍ നല്ലൊരു രോമക്കമ്പിളി കൊണ്ടുവരട്ടെ. പവാചകര്‍ വേണ്ട എന്നായിരുന്നു മറുപടി നല്‍കിയത്. എന്നിട്ട് പ്രവാചകര്‍ പറയുകയാണ്: ''ഈ ദുന്‍യാവിന് അല്ലാഹു ഒരു കൊതുകിന്റെ ചിറകിന്റെ വില നല്‍കിയിരുന്നെങ്കില്‍ ഒരിക്കലും ഒരു കാഫിര്‍ ഒരു തുള്ളി വെള്ളം പോലും കുടിപ്പിക്കില്ലായിരുന്നു.'' ഈ ചിന്തയാണ് പ്രവാചകരെയും ഉമര്‍(റ) ഇത്തരം ചെയ്തികളില്‍നിന്നും രക്ഷപ്പെടുത്തിയത്. 

പ്രവാചകര്‍ സൂക്ഷിക്കാന്‍ പറഞ്ഞ രണ്ടു കാര്യങ്ങളാണ്- ഒന്ന് ദുന്‍യാവ്, രണ്ട് സ്ത്രീകള്‍. കാരണം, ബനൂഇസ്‌റാഈലിന്റെ ഫിത്‌നയുടെ ആദ്യകാരണം സ്ത്രീകളായിരുന്നു. ദുന്‍യാവിനെ ആഗ്രഹിച്ചു നടക്കരുത്. കാരണം, അത് നശ്വരമാണ്; നൈമിഷികമാണ്. ഇന്ന് നേടിയ എല്ലാം നാളെ നിനക്ക് നഷ്ടപ്പെട്ടേക്കാം. ഒന്നു പോലും നീ മരിച്ചുപോകുമ്പോള്‍ കൊണ്ടു പോകാനാവില്ല. അതുകൊണ്ട് ഉപദ്രവമല്ലാതെ ഒന്നും ഉണ്ടാവില്ല. എന്നാല്‍, ഈ സമയത്ത് ഒരു സല്‍കര്‍മം ചെയ്താല്‍ അത് ഖിയാമത്ത് നാള്‍ വരെ നിന്റെ കൂടെയുണ്ടാവും. നീ ആരുടെ മോഡലാണു സ്വീകരിക്കുന്നതെങ്കില്‍ അയാളുടെ മാര്‍ഗത്തിലാണ് നീ എന്നാണ് പ്രവാചകര്‍ നമ്മെ പഠിപ്പിക്കുന്നത്. 

ദുന്‍യാവിനെ ആഗ്രഹിച്ചാണ് ഒരാളുടെ നടത്തം എങ്കില്‍ അയാള്‍ക്ക് ഒരു യഥാര്‍ത്ഥ വിശ്വാസിയാവാനാവുന്നതല്ല. ദുന്‍യാവിനെയും അതിലെ ചരക്കുകളെയും സ്‌നേഹിക്കുന്നതിനിടക്ക് എങ്ങനെയാണ് അവന് പ്രവാചകരെയും അല്ലാഹുവിനെയും ഓര്‍ക്കാന്‍ സമയം ഉണ്ടാവുന്നത്. ഇത്തരം സ്വഭാവക്കാരും വരാനുണ്ടെന്ന് പ്രവാചകര്‍ മുന്‍ കൂട്ടിയറിഞ്ഞതു കൊണ്ടാണ് എന്നെ പൂര്‍ണമായും സ്‌നേഹിക്കുന്നത് വരെ ഒരാളും പരിപൂര്‍ണ  മുഅ്മിനാവുകയില്ല എന്ന് പറഞ്ഞത്. ഈ വാക്ക് എത്രത്തോളം സമൂഹത്തില്‍ ആഴ്ന്നിറങ്ങണം എന്ന് ആലോചിക്കാവുന്നതേയുള്ളള്ളൂ.

ഒരു യഥാര്‍ത്ഥ മുഅ്മിന്‍ ആഗ്രഹിക്കുക അല്ലാഹുവിന്റെ അടുത്ത് നല്ല സ്ഥാനം ലഭിക്കാനാണ്. എന്നാല്‍, അല്ലാഹുവില്‍ വിശ്വസിച്ച് കാര്യങ്ങള്‍ അവനില്‍ ഭരമേല്‍പ്പിക്കുമ്പോഴാണ് അതിന് മാറ്റുകൂടുന്നത്. ജീവിതത്തിന്റെ സുവര്‍ണഘട്ടം തന്നെ ദുന്‍യാവിനു വേണ്ടി പാഴാക്കി എല്ലാം വാര്‍ധക്യത്തിലേക്ക് ഒന്നും സമ്പാദിക്കാത്തവന്‍ ഒരിക്കലും വിജയിക്കുകയില്ല. ദുന്‍യാവ് നിന്റെ കൃഷിയിടമാണെങ്കില്‍ ആഖിറത്തിലാണതിന്റെ വിളവെടുപ്പ്. വിത്ത് വിതയ്ക്കാന്‍ സമയമാവുമ്പോള്‍ വിതച്ചാല്‍ നാളെ എല്ലാവരും ദുഃഖിക്കുന്ന സമയത്ത്  സന്തോഷിക്കാം. 

ഒരിക്കല്‍ പ്രവാചകര്‍ സദസ്സില്‍ ഇരിക്കുന്ന സ്വഹാബാക്കളോട് യുവത്വം ചെലവഴിക്കേണ്ടതിനെ പറ്റി പറഞ്ഞുകൊടുക്കുകയായിരുന്നു. ഏറ്റവും മഹത്തരമായ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞു തരട്ടെ... അപ്പോള്‍ സ്വഹാബാക്കള്‍ പറഞ്ഞുതരാന്‍ പറഞ്ഞു: അപ്പോള്‍ പ്രവാചകര്‍ പറഞ്ഞു: നിങ്ങള്‍ അല്ലാഹുവിനോട് പൊറുക്കലും ആരോഗ്യവും തേടുക. ഇവ വലിയ അനുഗ്രഹമാണ്'' ഇന്റര്‍നെറ്റും മറ്റു സാങ്കേതികതകളും വന്നപ്പോള്‍ പ്രപിതാക്കളുടെ പാരമ്പര്യം തീരെ കൈവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്. 

സാങ്കേതികതകളെ പിന്‍പറ്റാനും മറ്റും ഒരു മടിയുമില്ലാത്ത ഈ സമൂഹത്തില്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കേണ്ടിയിരിക്കുന്നു. അല്ലാഹുവിനോട് ബന്ധപ്പെടാതെ വെറും ആധുനികതയെ ചുറ്റിപ്പറ്റി ജീവിക്കുന്നവരുടെ കാര്യമാണു ഭയക്കേണ്ടത്. ഏകദേശം നാലായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് വെറും രതിവൈകൃതവുമായി നടന്ന സദൂം എന്ന ഗോത്രക്കാരെ അല്ലാഹു ദിവസങ്ങളോളം ചരല്‍മഴ വര്‍ഷിപ്പിച്ചു പരീക്ഷിച്ചു. ആ സദൂം എന്ന ഗോത്രം നിലനിന്നിരുന്ന സ്ഥലം തല കീഴായി മറിക്കാന്‍ അല്ലാഹു കല്‍പ്പിച്ചു, അങ്ങനെ ഭൂമി കീഴ്‌മേലായി മറിക്കപ്പെട്ട ആ സ്ഥാനത്ത് ഉപ്പിന്റെ സാന്ദ്രത കൂടിയ വെള്ളം രൂപപ്പെടുകയായിരുന്നു, അതാണ് ഇന്നത്തെ ചാവുകടല്‍. എന്നാല്‍, ഇത്തരം ചെയ്തികള്‍ യൂറോപ്പുകളില്‍ നടന്നു വരുന്നതിന്റെ ശിക്ഷയെന്നോണമാണ് അവിടെ കല്ലു മഴ പെയ്യുന്നത്. അമേരിക്കയിലും മറ്റു ഇതര നാടുകളിലും ഭൂമി ഒരു കുടുംബത്തെ മുഴുവനായി വിഴുങ്ങിയ സംഭവം നാം വായിച്ചിരിക്കും. ഈ ഉമ്മത്തു മുഹമ്മദിയ്യയെ അല്ലാഹു ഒരിക്കലും ബാക്കി സമൂഹങ്ങളെ ചെയ്ത പോലെ കൂട്ടമായി ശിക്ഷിക്കുകയില്ലെന്ന് പ്രവാചകര്‍ പറഞ്ഞിരുന്നു. അല്ലാഹു ഇങ്ങനെ ചെയ്യാതിരിക്കുന്നത് പ്രവാചകരോടുള്ള സ്‌നേഹം മൂലമാണെണു നാം അറിയണം.

പ്രവാചകര്‍ പോലും ഭയന്നു വിറച്ച ആ ദിവസത്തെ ഓര്‍ക്കാതെ എന്തിനാണ് ദുന്‍യാവിന്റെ സുഖസൗകര്യങ്ങളെ തിരഞ്ഞെടുക്കുന്നത്? പ്രവാചകര്‍ പറഞ്ഞു: ''സൂര്‍ കൈയ്യിലേന്തിയ ആ മലക്ക് കുഴല്‍ തന്റെ വായയില്‍ പിടിച്ചിരിക്കെ ഞാന്‍ എങ്ങനെയാണ് സുഖിക്കുക? ഊത്തിനുള്ള ഉത്തരവും കാത്തിരിക്കുകയാണ് ആ മലക്ക്.'' (തുര്‍മുദി) ഒരിക്കലും പിരിയാനാവാത്ത ബന്ധമായിരിക്കും ദുന്‍യാവിനെ സ്‌നേഹിക്കുന്നവര്‍ക്ക് അതിനോട്. ഒരു കാലം വരെ അല്ലാഹു അവര്‍ക്ക് ലോലമാക്കി കൊടുക്കുകയും പിന്നീട് പെട്ടന്ന് പിന്നിലൂടെ വന്ന് പിടിക്കും. ആ പിടിക്ക് ഈ ദുന്‍യാവില്‍ അനുഭവിച്ച സുഖങ്ങളുടെ വേദനയായിരിക്കും തീരെ സുഖാഢംബരങ്ങള്‍ക്ക് കൂട്ടു നില്‍ക്കാത്തവനാണെങ്കില്‍ അവനായിരിക്കും ഏറ്റവും കൂടുതല്‍ വേദനക്കുറവ്. 

ബുഖാരി മുസ്‌ലിം റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഹദീസ് കാണുക: ''രണ്ടു വ്യക്തികള്‍ വസ്ത്രം നിവര്‍ത്തിവച്ചിരിക്കുമ്പോഴാണ് സൂറില്‍ ഊതുന്നതെങ്കില്‍ അവര്‍ക്ക്  ആ വില്‍പന പൂര്‍ത്തിയാക്കാനോ അത് മടക്കിവയ്ക്കാനോ സമയമുണ്ടാകില്ല. ഒട്ടകത്തിന്റെ പാല്‍ കറന്ന് കൊണ്ടുവന്നവന് അത് കുടിക്കാനോ ഉരുള വായിലിട്ടവന് അത് ചവയ്ക്കാനോ സമയം ഉണ്ടാകില്ല. പ്രവാചകര്‍ പറഞ്ഞ ആ സമയം വരുകയാണ്. എന്നിട്ടും എന്തിനാണ് നാം മത്സരിക്കുന്നത്? വ്യഥാ നാം എന്തിനാണ് ദുന്‍യാവിനെയും തേടി നടക്കുന്നത്. ഖിയാമത്ത് നാളില്‍ സംഭവിക്കാന്‍ പോകുന്ന നിരവധി കാര്യങ്ങള്‍ താക്കീത് ചെയ്തിട്ടാണ് പ്രവാചകര്‍ പോയത്. അതില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാന്‍ ബാക്കിയുള്ളതുമായ സംഭവങ്ങള്‍ ഉണ്ട്. 

അതുപോലെ, പ്രവാചകര്‍ പറഞ്ഞതാണ് ഒരു കാലം വരും അതിലെ നേതാക്കള്‍ തന്നെയായിരിക്കും ഫിത്‌നക്ക് തുടക്കം കുറിക്കുക. ഭവനനിര്‍മാണകാര്യത്തിലും അല്ലാഹുവിന്റെ ഭവനനിര്‍മാണത്തിലുമായിരിക്കും അവരുടെ ശ്രദ്ധമുഴുവനും. പ്രവാചകര്‍ പറഞ്ഞത് മത്സരിച്ച് മസ്ജിദുകള്‍ ഉണ്ടാക്കി അതില്‍ അഹങ്കരിച്ച് നടക്കുന്നതു വരെ ലോകാവസാനം സംഭവിക്കുകയില്ല. അഹങ്കാരത്തിന് അല്‍പം പോലും കുറവില്ലാത്ത ദുന്‍യാവിനെ മാത്രം സ്‌നേഹിക്കുന്ന ഭയഭക്തി അല്‍പം പോലും ഇല്ലാത്ത നിരവധിയാളുകള്‍ നമ്മുടെ കൂടെ ജീവിക്കുന്നുണ്ട്. ഇല്‍മ് എടുക്കപ്പെടുന്നതും ആലിമുകളുടെ വേഷം ധരിച്ച് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതും ഖിയാമത്ത് നാളിന്റെ ലക്ഷണമാണ്. ഒരിക്കല്‍ പ്രവാചകര്‍ പറയുകയുണ്ടായി: ''ഭൂകമ്പങ്ങള്‍ അധികരിക്കുകയും കാലം അടുക്കുകയും കൊല വര്‍ദ്ധിക്കുകയും ഇല്‍മ് എടുക്കപ്പെടുകയും ചെയ്യുന്നത് വരെ ഖിയാമത്ത് നാള് സംഭവിക്കുകയില്ല.'' 

അന്ത്യനാള്‍ ഒട്ടും അകലെയല്ല. അല്ലാഹുവിന്റെ തിരുദാത്ത് ഒഴിച്ച് ബാക്കിയെല്ലാം നശിക്കുന്നതായിരിക്കും ആ ദിവസം. ഏറ്റവും കൂടുതല്‍ നിന്നെ സ്‌നേഹിച്ച നിന്റെ ഉമ്മാക്ക് പോലും നിന്നെ അന്നു വേണ്ടിവരില്ല. ഇന്നു നാം കാണുന്നതും കേള്‍ക്കുന്നതുമാണ് മാതാപിതാക്കളെ പറ്റി. ദുന്‍യാവ് നശ്വരമാണ്; നൈമിഷകമാണ്; അന്തകാരമാണ്; ഒരാള്‍ക്കും ഒരു സുരക്ഷയും ഇവിടെയുണ്ടാവില്ല. വെള്ളത്തില്‍ മുങ്ങി മരിക്കാന്‍ കിടക്കുന്നയാളുടെ ഉപമ പോലെയാണ് ദുന്‍യാവിനെ തേടി ജീവിക്കുന്നവര്‍. ഒരുപക്ഷേ, അവര്‍ രക്ഷപ്പെടാനും അതല്ലാതിരിക്കാനും സാധ്യതയുണ്ട്. 

പ്രവാചകര്‍ പേടിക്കാന്‍ പറഞ്ഞ രണ്ടു കാര്യങ്ങളില്‍ പെട്ടതാണ് ഇത്. പ്രവാചകാധ്യാപനം നമുക്ക് പറഞ്ഞുതരുന്നു ദുന്‍യാവ് പച്ച പിടിച്ച മധുരമാര്‍ന്നതാണ്. നിങ്ങളെ അതിലെ പകരക്കാരനാക്കും. അതുകൊണ്ട് നിങ്ങള്‍ ദുന്‍യാവിനെയും പെണ്ണിനെയും സൂക്ഷിക്കുക. സ്ത്രീകളുടെ അഴിഞ്ഞാട്ടം അധികരിക്കുകയാണ്. ബുഖാരി പറയുന്ന ഒരു ഹദീസില്‍ കാണാം, സ്ത്രീകളെ ഭരണമേല്‍പ്പിക്കുന്നവര്‍ ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. കൗമാരം തികയാത്ത പെണ്‍കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനാവശ്യകാര്യങ്ങളില്‍ ഏര്‍പ്പെടുന്നതു കൊണ്ടാണ് സ്ത്രീ പീഡനങ്ങളും മറ്റും കൂടാന്‍ കാരണം. 

ഒരിക്കലും നാവിക, വ്യോമോ, കരസേനയിലും ഒരു പെണ്ണിനെയും നിശ്ചയിക്കരുത്. അവര്‍ വീട്ടില്‍ നില്‍ക്കാനുള്ളവരാണ്. അതിനുള്ള പ്രോത്സാഹനവും മാതാപിതാക്കള്‍ നല്‍കരുത്. അവരുടെ കാരണത്താല്‍ ഒരുദേശം മുഴുവനും നശിക്കുകയാണെങ്കില്‍ അതിന്റെ കുറ്റം നിങ്ങള്‍ക്കായിരിക്കും. പ്രവാചകര്‍ പറയുകയുണ്ടായി: ''ആരെങ്കിലും സ്ത്രീകളുടെ മുഖത്ത് നോക്കാതെ അവരുടെ മുഖത്തുനിന്നും കണ്ണെടുത്താല്‍ ഈമാന്റെ മധുരം അല്ലാഹു അവനെ രുചിപ്പിക്കുന്നതായിരിക്കും.'' അതു പോലെ, ഒരു സ്ത്രീ എവിടെയെങ്കിലും ഒറ്റക്ക് പോവുകയാണെങ്കില്‍ അവളുടെ തലയില്‍ ഒരു ശൈത്വാന്‍ വന്നിരിക്കുന്നതായിരിക്കും.

ഒരിക്കല്‍ ഒരാള്‍ നബിയുടെ അടുത്തു വന്നു ചോദിച്ചു: ''ഏത് പ്രവര്‍ത്തനമാണ് അല്ലാഹുവിന് ഏറ്റവും കൂടുതല്‍ ഇഷ്ടം?'' നബി പറഞ്ഞു: ''ഒന്ന്: നിസ്‌കാരം അതിന്റെ മുറപോലെ ചെയ്യുക. രണ്ട്: മാതാപിതാക്കളെ അനുസരിക്കുക. മൂന്ന്: അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുക. ഇതില്‍ രണ്ടാമതായി പറഞ്ഞത് ഏതാണ് എന്ന് നോക്കുക. '' ഒരിക്കല്‍ ഒരാള്‍ വന്ന് നബിയോട് ചോദിച്ചു: ''ഏതൊക്കെയാണ് നബിയേ വന്‍കുറ്റങ്ങള്‍?'' നബി(സ്വ) പറഞ്ഞു:  ''മൂന്ന് കാര്യങ്ങള്‍ ഉണ്ട്: 1) അല്ലാഹുവിന് പങ്കുകാരെ ചെര്‍ക്കല്‍.  2) മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുക. 3) ഒരു സ്വാലിഹത്തായ പെണ്ണിനെതിരെ കുറ്റാരോപണം നടത്തുക.'' അല്ലാഹു കല്‍പ്പിച്ചത് അനുസരിക്കാത്തവര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുന്നതാണ്. സല്‍കര്‍മം ചെയ്ത് സച്ചരിതരില്‍ ഉള്‍പ്പെടാന്‍ ശ്രമിക്കുക. 

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter