സൈനബ് കൊബാള്‍ഡ്: ഇസ്ലാമാശ്ലേഷിച്ച ആദ്യ സ്കോട്ടിഷ് വനിത
2011 ലെ സെന്‍സസ് പ്രകാരം യു.കെയില്‍ 30 ലക്ഷം മുസ്ലിംകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ഇംഗ്ലണ്ടിലാണ് അധിവസിക്കുന്നത്. ഇവരിലധിക പേരും അഭയം തേടിയും തൊഴിലന്വേഷിച്ചും ഇവിടെയെത്തിച്ചേര്‍ന്ന കുടിയേറ്റക്കാരാണ്. തദ്ദേശീയരായ ബ്രിട്ടീഷുകാരില്‍ വിശിഷ്യാ സ്ത്രീകളില്‍ ഇസ്ലാമാശ്ലേഷണത്തിന് വലിയ വര്‍ധനവ് തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
മുസ്ലിം ചിഹ്നങ്ങളുള്ള ബ്രിട്ടീഷ് മുസ്ലിം യുവതികളെ ബ്രിട്ടന്‍റെ തെരുവുകളില്‍ ഇന്ന് വ്യാപകമായി കാണാന്‍ കഴിയും. വൈവിധ്യപൂര്‍ണ്ണമായ ബ്രിട്ടീഷ് സംസ്കാരം അവര്‍ക്കെല്ലാം കൃത്യമായ ഇടങ്ങള്‍ അടയാളപ്പെടുത്തി നല്‍കിയിരിക്കുന്നു.
എന്നാല്‍ ഈ വൈവിധ്യപൂര്‍ണ്ണമായ സംസ്കാരത്തില്‍ നിന്ന് തുലോം അകലെയായിരുന്നു വിക്ടോറിയാ കാലത്തെ ബ്രിട്ടന്‍. ഇസ്ലാമിനെക്കുറിച്ച് ബ്രിട്ടനില്‍ വലിയ ധാരണയില്ലാത്ത അക്കാലത്ത് തന്നെ അത് മനസ്സിലാക്കിയ ഒരാളുണ്ടായിരുന്നു. എവ്ലിന്‍ കൊബാള്‍ഡ് എന്നായിരുന്നു അവരുടെ പേര്. ഇസ്ലാമിലേക്ക് കടന്ന് വന്ന അവര്‍ പിന്നീട് സൈനബ് കൊബാള്‍ഡ് എന്നാണറിയപ്പെട്ടത്. 1867 ല്‍ എഡിന്‍ബര്‍ഗിലാണ് അവര്‍ ജനിച്ചത്. കുട്ടിക്കാലത്ത് എല്ലാ ശീതകാലത്തും കൊബാള്‍ഡിന്‍റെ പിതാവ് കുടുംബമൊന്നിച്ച് അല്‍ജീരിയയിലേക്കും കൈറോയിലേക്കും പോവും. അവിടെയുള്ള കുട്ടികളുമായി ചങ്ങാത്തം കൂടിയ കൊബാള്‍ഡ് അറബി ഭാഷ പഠിക്കുകയും പള്ളികള്‍ സന്ദര്‍ശിക്കുകയും ചെയ്യാറുണ്ടായിരുന്നു. അന്ന് തന്നെ ഇസ്ലാമിലേക്ക് അവരുടെ മനസ്സ് പാകപ്പെട്ടിരുന്നു. എന്നാണ് മുസ്ലിമായി മാറിയെന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായി അറിയില്ലെന്നാണ് അവര്‍ പറയുന്നത്. താനെല്ലാഴ്പ്പോഴും മുസ്ലിം തന്നെയായിരുന്നു. എന്നാല്‍ മുസ്ലിമാണെന്ന് പ്രഖ്യാപിച്ചിരുന്നില്ല. അത് പ്രഖ്യാപിക്കുന്നതാവട്ടെ പോപ്പിന്‍റെ മുമ്പില്‍ വെച്ചും.
വര്‍ഷങ്ങള്‍ക്ക് ശേഷം റോമില്‍ സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു ഞാന്‍. ആതിഥേയയായ സുഹൃത്ത് പോപ്പിനെ സന്ദര്‍ശിക്കുന്നതിനെക്കുറിച്ച് അഭിപ്രായമാരാഞ്ഞു. ഞാന്‍ പൂര്‍ണ്ണ സമ്മതമറിയിച്ചു. അങ്ങനെ ഞങ്ങള്‍ പോപ്പിനെ സന്ദര്‍ശിച്ചു. അദ്ദേഹം എന്നെ അഭിമുഖീകരിച്ച് കൊണ്ട് ചോദിച്ചത് ഞാന്‍ കത്തോലിക്കാ ക്രിസ്ത്യാനിയാണോ എന്നായിരുന്നു. ഒരു നിമിഷം ഞാന്‍ സ്തബ്ധിച്ചു. ഉടന്‍ മറുപടി നല്‍കി, 'ഞാന്‍ ഒരു മുസ്ലിമാണ്'. എന്താണ് എനിക്ക് സംഭവിച്ചതെന്നറിയില്ല. ഇസ്ലാമിനെക്കുറിച്ച് എന്തെങ്കിലും അറിയാന്‍ ശ്രമിച്ചിട്ട് വര്‍ഷങ്ങളായി. അന്ന് എന്‍റെ ഹൃദയത്തില്‍ ഒരു കൊള്ളിയാന്‍ മിന്നി. ആ വിശ്വാസത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ തന്നെ ഞാന്‍ അന്ന് തീരുമാനിച്ചു".
1915 ല്‍ ഖുര്‍ആന്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മാര്‍മഡൂക് പിക്താളുമായി അവര്‍ വലിയ സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു. ഉത്തരാഫ്രിക്കയിലെയും സിറിയയിലെയും പല മുസ്ലിം സുഹൃത്തുക്കളുമായി അവര്‍ കത്തുകളിലൂടെ നല്ല ബന്ധങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആ കത്തുകളിലെല്ലാം അവര്‍ കൊബാള്‍ഡിനെ വിശേഷിപ്പിച്ചിരുന്നത് തങ്ങളുടെ മുസ്ലിം സഹോദരി എന്ന നിലക്കായിരുന്നു.
ഇസ്ലാമിലേക്കുള്ള അവരുടെ യാത്ര ഏറ്റവും കൂടുതല്‍ ബാധിച്ചത് കുടുംബവുമായുള്ള ബന്ധത്തെയാണ്. 1922 ല്‍ തന്‍റെ ഭര്‍ത്താവുമായി അവര്‍ വേര്‍പിരിഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം 1929 ല്‍ ഭര്‍ത്താവ് മരണപ്പെട്ടതോട് കൂടി ഹജ്ജ് ചെയ്യാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 1933 ല്‍ ഒടുവില്‍ ആ സ്വപ്നം സഫലമായി. ഹജ്ജ് ചെയ്യാന്‍ അവസരം ലഭിച്ച ബ്രിട്ടനില്‍ ജനിച്ച ആദ്യ വനിതയായി മാറാന്‍ അത് വഴി അവര്‍ക്ക് സാധിച്ചു. തന്‍റെ ഹജ്ജനുഭവങ്ങള്‍ ഒരു പുസ്തകമായി അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പില്‍ഗ്രിമേജ് ടു മക്ക' എന്നാണ് ആ പുസ്തകത്തിന്‍റെ പേര്. ഹജ്ജ് കര്‍മം നിര്‍വഹിക്കുമ്പോള്‍ 65 വയസ്സായിരുന്നു അവരുടെ പ്രായം. പുസ്തകത്തില്‍ ഒരു ഭാഗത്ത് അവര്‍ ഇങ്ങനെ പറയുന്നുണ്ട്, " ഹജ്ജ് കര്‍മം നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും എനിക്ക് അനുമതി കിട്ടിയെന്ന വാര്‍ത്ത എനിക്ക് ലഭിച്ചിരിക്കുന്നു. പ്രതീക്ഷയും നിരാശയും കലര്‍ന്ന ഈ കാത്തിരിപ്പിനൊടുവില്‍ എന്‍റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെട്ടിരിക്കുന്നു".
'വെ ഫയറേര്‍സ് ഇന്‍ ലിബിയന്‍ ഡിസേര്‍ട്ട്' എന്ന പേരില്‍ ഒരു പുസ്തകം കൂടി അവര്‍ രചിച്ചിട്ടുണ്ട്. ഈജിപ്ത് മരുഭൂമിയിലൂടെ അവര്‍ നടത്തിയ യാത്രാ വിവരണമാണ് ഈ കൃതി. ഹജജ് കര്‍മത്തിന് 30 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവര്‍ മരണപ്പെട്ടത്. തന്‍റെ വിശ്വാസത്തിനനുസരിച്ച് തന്നെ അന്ത്യകര്‍മങ്ങള്‍ ചെയ്യപ്പെടാനും അവര്‍ക്ക് സൗഭാഗ്യം ലഭിച്ചു. അവരുടെ ഖബ്റില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, 'ആകാശ ഭൂമികളുടെ പ്രകാശമാണ് അല്ലാഹു'.
ഇന്ന് ബ്രിട്ടനില്‍ മതപരിവര്‍ത്തനം വളരെ വ്യാപകമായിരിക്കുന്നു. സ്ത്രീകള്‍ തന്നെയാണ് ഇസ്ലാമിലേക്ക് കൂടുതല്‍ ആകൃഷ്ടരാവുന്നത്. എന്നാല്‍ അവര്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുകയാണെന്ന് വലിയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അവര്‍ ചിന്തിക്കാതെ ചില മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോവുകയാണെന്നാണ് ഇവര്‍ വാദിക്കുന്നത്. എങ്കിലും ഇക്കാലത്ത് ഇസ്ലാം സ്വീകരിക്കുന്നതിന് വലിയ പ്രതിബന്ധങ്ങള്‍ മറികടക്കേണ്ടി വരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ സൈനബ് ഇസ്ലാം പുല്‍കുന്ന കാലത്ത് കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അവയെല്ലാം തൃണവല്‍ഗണിച്ച് കൊണ്ടാണ് അവര്‍ സത്യദീന്‍ മുറുകെ പിടിച്ചത്.
വിവ;റാഷിദ് ഹുദവി ഓത്തുപുരക്കല്‍
Leave A Comment