സുഹൈലുബ്നു അംറ്: പ്രവാചക വിരോധിയിൽ നിന്ന് അനുരാഗിയിലേക്ക്

ഖുറൈശികളിൽ പ്രമാണിയും പ്രമുഖ പ്രഭാഷകനുമായിരുന്ന സുഹൈലുബ്നു അംറ് തീരാ പ്രശ്നങ്ങളുടെ പരിഹാരകൻ കൂടിയായിരുന്നു മുഹമ്മദ് നബി മക്കയിലെ ഉയർന്ന കുന്നിൻ മുകളിൽ കയറി മക്കാ നിവാസികളെ വിളിച്ചുവരുത്തി പരസ്യമായി ഇസ്‍ലാമിന്റെ പ്രചാരണം തുടങ്ങിയപ്പോൾ സുഹൈൽ തികഞ്ഞ ബുദ്ധിയുടെയും സൂക്ഷ്മ നിരീക്ഷണങ്ങളുടെയും ഉടമയായിരുന്നു. എന്തുകൊണ്ടും പ്രവാചകന്റെ ദഅവത്തിന് ഏറ്റവും ആദ്യം ഉത്തരം നൽകാൻ ബന്ധപ്പെട്ടവനായിരുന്നുവെങ്കിലും സംഭവിച്ചത് നേരെമറിച്ചായിരുന്നു. പ്രവാചകന്റെ ദഅ്‍വത് സ്വീകരിച്ച് ഇസ്‍ലാമിലേക്ക് കടന്നുവന്നവരെ ക്രൂരമായി ആക്രമിക്കുന്നതിൽ ഏറെ ആനന്ദം കണ്ടെത്തി. ആദ്യകാല മുസ്‍ലിംകളിൽ അധികപേരും ഇത്തരം ക്രൂരമായ പീഢനങ്ങൾക്ക് പാത്രമായിരുന്നു. 

പക്ഷേ, ഒരു ദിവസം തീർത്തും അപ്രതീക്ഷിതമായി വന്നെത്തിയ ഒരു വാർത്ത അദ്ദേഹത്തെ തെല്ലൊന്നുമല്ല ആശയക്കുഴപ്പത്തിലാക്കിയത്. തൻറെ മകൻ അബ്ദുല്ലയുടെയും മകൾ ഉമ്മുകുൽസൂമിന്റെയും ഇസ്‍ലാമാശ്ലേഷണ വാർത്തയായിരുന്നു സുഹൈലിനെ അമ്പരപ്പിച്ചത്. മാത്രമല്ല തന്റെയും ഖുറൈശികളുടെയും അക്രമം ഭയന്ന് അവർ സിറിയയിലേക്ക് പലായനം ചെയ്തു എന്ന് കൂടി കേട്ടതോടെ നെഞ്ചിൽ ഇടിത്തീ  വന്ന് പതിക്കുന്നതുപോലെയാണ് അനുഭവപ്പെട്ടത്. പക്ഷേ അല്ലാഹുവിൻറെ അലംഘനീയമായ വിധിപ്രകാരം സിറിയയിലേക്ക് പലായനം ചെയ്ത മുസ്‍ലിംകൾക്കിടയിൽ ഒരു വ്യാജ വാർത്ത പ്രചരിച്ചു. ഖുറൈശികൾ കൂട്ടത്തോടെ ഇസ്‍ലാമിലേക്ക് കടന്നുവന്നു എന്നും മുസ്‍ലിംകൾക്ക് സമാധാനത്തോടെ കഴിഞ്ഞുകൂടാവുന്ന അവസ്ഥയിലേക്ക് മക്ക മാറിയെന്നുമുള്ള വ്യാജവാർത്ത വിശ്വസിച്ച് ഒരുപാട് ആളുകൾ മക്കയിലേക്ക് തന്നെ മടങ്ങി വന്നു. അങ്ങനെ മടങ്ങി വന്നവരുടെ കൂട്ടത്തിൽ സുഹൈലിന്റെ മകൻ അബ്ദുല്ലയുമുണ്ടായിരുന്നു. 

മക്കയിൽ തിരികെ കാലുകുത്തിയ ഉടനെ മകനെ പിതാവ് പിടികൂടി ബന്ധനസ്ഥനാക്കി വീട്ടിലെ ഇരുണ്ട മുറിയിൽ അടച്ചു . വ്യത്യസ്തമായ ശിക്ഷാരീതികൾ നടപ്പിലാക്കി. ഒടുവിൽ പീഢനം സഹിക്കവയ്യാതെ വന്നപ്പോൾ ഇസ്‍ലാമിൽ നിന്ന് പിന്മാറാൻ അബ്ദുല്ല തയ്യാറായി. മുഹമ്മദിനെതിരെയുള്ള തന്റെ ശ്രമം വിജയകരമായി കലാശിച്ചു എന്ന് മനസ്സിൽ വിശ്വസിച്ച് മതിമറന്നാഹ്ലാദിച്ചു. 

കാലം ആർക്കും പിടികൊടുക്കാതെ മുന്നോട്ടുതന്നെ ചലിച്ചു. ബദറിലേക്ക് മുസ്‍ലിംകളും ഖുറൈശികളും സർവ്വായുധ സജ്ജരായി പുറപ്പെട്ടപ്പോൾ അവിശ്വാസികളുടെ കൂടെ സുഹൈലും മകൻ അബ്ദുല്ലയും ഉണ്ടായിരുന്നു. കുറച്ചു കാലം അനുയായി ആയി വർത്തിച്ച ശേഷം മുഹമ്മദിനും മുസ്‍ലിംകൾക്കുമെതിരെ മകൻ വാളെടുക്കുന്നത് കാണാനുള്ള ആഗ്രഹത്തിലും പ്രതീക്ഷിക്കുന്നത് പോലെ തന്നെ സംഭവിക്കും എന്നുള്ള വിശ്വാസത്തിലും സുഹൈൽ ഉള്ളറിഞ്ഞ് ആഹ്ലാദിച്ചു. യുദ്ധം ആരംഭിച്ചു വാളുകളെല്ലാം  രക്തം കൊണ്ട് ചെഞ്ചായമണിഞ്ഞു തുടങ്ങി. സുഹൈലിന്റെ പ്രതീക്ഷകൾ എല്ലാം അസ്ഥാനത്താക്കി ഈമാൻ നിറഞ്ഞ ഹൃദയവുമായി കഴിഞ്ഞു കൂടിയിരുന്ന അബ്ദുള്ള പെട്ടെന്ന് മുസ്‍ലിം പക്ഷത്തേക്ക് കൂടുമാറി. പിതാവിനും അവിശ്വാസികൾക്കുമെതിരെ ശക്തമായ പോരാട്ടം തന്നെ കാഴ്ചവച്ചു. മുസ്‍ലിംകൾ വിജയം കൈവരിച്ചു. 

യുദ്ധത്തിൽ ബന്ധികളായി പിടിക്കപ്പെട്ടവരെ ഓരോരുത്തരെയായി നിരീക്ഷിച്ചുകൊണ്ടിരുന്ന പ്രവാചകനോട് മോചനദ്രവ്യം നൽകാൻ തയ്യാറാണെന്ന് സൂചന നൽകി പ്രവാചക സമക്ഷം പ്രത്യക്ഷപ്പെട്ട സുഹൈലിനെ കണ്ടതും പ്രവാചകന്റെ കൂടെയുണ്ടായിരുന്ന ഉമർ (റ) രോഷാകുലനായി പറഞ്ഞു, നബിയേ, മക്കയിലെ കവലകളിൽ അങ്ങയെയും ഇസ്‍ലാമിനെയും രൂക്ഷമായി വിമർശിച്ചു കൊണ്ടുള്ള യാതൊന്നും ഇവന്റെ വായിൽ നിന്ന് ഇനിയും ഉതിർന്നു വീഴാതിരിക്കാൻ ഇവൻറെ മുൻപല്ലുകള്‍ ഞാൻ പൊട്ടിച്ചു കളയാം, അതിനായി അങ്ങെനിക്ക് സമ്മതം തന്നാലും. വേണ്ട, ഇവന്റെ വായിൽ നിന്ന് നല്ലത് വല്ലതും നമുക്ക് കാണാൻ സാധിച്ചേക്കാം എന്ന് പറഞ്ഞ് ഉമറിനെ റസൂൽ(സ്വ) തടയുകയാണ് അപ്പോള്‍ ചെയ്തത്. 

ദിവസങ്ങൾ കടന്നുപോയി. ഹുദൈബിയ സന്ധിയിൽ സന്ധി സംഭാഷണത്തിനായി ഖുറൈശികൾ അയച്ചത് സുഹൈലിനെ ആയിരുന്നു. പ്രവാചകന്റെ കൂടെ അബ്ദുല്ലാഹ് ഉൾപ്പെടെയുള്ള സ്വഹാബാക്കൾ ഉണ്ടായിരുന്നു. നബി(സ്വ) അലി(റ)നോട് താൻ പറയുന്നതുപോലെ എഴുതിവെക്കാനായി പറഞ്ഞു. ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് പ്രവാചകൻ പറഞ്ഞ ഉടനെ, അത് പറ്റില്ല ബിസ്മില്ലാഹ് എന്ന് എഴുതിയാൽ മതി എന്ന് പറഞ്ഞപ്പോൾ നബി സമ്മതം മൂളി. ശേഷം അല്ലാഹുവിൻറെ ദൂതനായ മുഹമ്മദ് ചെയ്യുന്ന സന്ധി എന്നെഴുതാൻ പറഞ്ഞപ്പോൾ ഇത് ഞങ്ങൾ അംഗീകരിച്ചിരുന്നെങ്കിൽ താങ്കളുമായി യുദ്ധം ചെയ്യാൻ ഞങ്ങൾ തുനിഞ്ഞിറങ്ങില്ലായിരുന്നു, നിന്റെ പിതാവിലേക്ക് ചേർത്തി പേര് എഴുതിയാൽ മതി എന്നായി സുഹൈൽ. അപ്പോൾ നബി പറഞ്ഞു, നിങ്ങൾ അംഗീകരിച്ചാലും അംഗീകരിച്ചില്ലെങ്കിലും ഞാൻ അല്ലാഹുവിൻറെ ദൂതനാണ്. അബ്ദുല്ലായുടെ മകൻ മുഹമ്മദ് ചെയ്യുന്ന സന്ധി എന്ന് എഴുതിക്കോളൂ എന്ന് നബി സമ്മതം നൽകി. 

ഉടമ്പടി പൂർത്തിയായി മടങ്ങുമ്പോൾ മുഹമ്മദിനെതിരെ വിജയം കൈവരിച്ചു എന്ന മട്ടിലായിരുന്നു മടക്കം. കാലങ്ങൾക്കു ശേഷം മക്കാ വിജയ ദിവസം യുദ്ധം പോലുമില്ലാതെ ഖുറൈശികൾ പ്രവാചകന് മുമ്പിൽ കീഴടങ്ങിയപ്പോൾ തന്റെ ജന്മനാടായ മക്കയിലേക്കുള്ള  നബിയുടെ മടങ്ങി വരവ് ഏറെ പ്രശസ്തമാണല്ലോ. ക്രൂരമായ അക്രമങ്ങൾ സഹിക്കവയ്യാതെ നാടുവിടേണ്ടി വന്ന ശേഷമുള്ള തിരിച്ചുവരവാണ്. പ്രവാചകന്റെ ഒരു ദൂതൻ മക്കയിൽ വിളിച്ചുപറഞ്ഞു. സ്വന്തം വീടുകളിൽ അഭയം തേടുന്നവൻ സുരക്ഷിതനാണ്, അബൂസുഫിയാന്റെ വീട്ടിൽ അഭയം തേടുന്നവനും സുരക്ഷിതനാണ്, മസ്ജിദുൽ ഹറാമിൽ അഭയം തേടുന്നവനും സുരക്ഷിതനാണ്. 

എന്ത് ചെയ്യണമെന്നറിയാതെ സുഹൈൽ അന്ധാളിച്ചു നിന്നു. ഭീതിദമായ ഈ നിമിഷങ്ങളെ സുഹൈൽ തന്നെ ഓർത്തെടുക്കുന്നുണ്ട് മക്കാ വിജയ ദിവസം പ്രവാചകൻ, തന്നെയും അനുയായികളെയും ക്രൂരമായി മർദ്ദിച്ച സമൂഹത്തിലേക്ക് തിരിച്ചുവരികയാണ്. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കതകടച്ചിരുന്നു. മുസ്‍ലിമായ മകനെ അന്വേഷിക്കാൻ ഒരാളെ നിയോഗിച്ചു. അവനോട് ക്രൂരമായി പെരുമാറിയിരുന്നത് കാരണം അവന്റെ മുഖത്ത് നോക്കാൻ പോലും എനിക്ക് കഴിഞ്ഞിരുന്നില്ല. പ്രവാചകനെ കാണണമെന്നുള്ള എൻറെ ആഗ്രഹം ഞാൻ അവനോട് തുറന്നു പറഞ്ഞു. അദ്ദേഹം എന്നെ ഉപദ്രവിക്കില്ലെന്ന് ഉറപ്പു നൽകുകയും വേണം. ഈ വിവരം നബിയെ അറിയിച്ചപ്പോൾ സ്വഹാബാക്കളോട് സുഹൈലിനെ കണ്ടാൽ വെറുതെ വിടണം എന്നും ഉപദ്രവിക്കരുത് എന്നും ആജ്ഞാപിച്ചു. സുഹൈൽ ബുദ്ധിയും പ്രൗഢിയും ഉള്ള ആളാണ്, അവനെ പോലോത്തവർ ഇസ്‍ലാമിനെ കുറിച്ച് അറിയാത്തതു കൊണ്ടല്ല, പടച്ചവന്റെ മുൻപേയുള്ള തീരുമാനമനുസരിച്ച് ഇങ്ങനെ സംഭവിച്ചതാണ് എന്ന് സുഹൈലിനെ പുകഴ്ത്താനും പ്രവാചകൻ ആ സന്ദർഭത്തില്‍ മറന്നില്ല. പ്രവാചകനെ വന്നുകണ്ട് സുഹൈൽ മുസ്‍ലിമായി. റസൂലിനെ ഹൃദയം കൊണ്ട് സ്നേഹിച്ചു. അബൂബക്കർ സിദ്ദീഖ്(റ) പറയുന്നു, ഹജ്ജത്തുൽ വിദാഇൽ അറുക്കാനായി ഒട്ടകങ്ങളെ നബിതങ്ങൾക്ക് നൽകുന്ന സുഹൈലിനെ ഞാൻ കണ്ടു. നബി അവയെയെല്ലാം അറുക്കുകയും ചെയ്യുന്നു. ഞാൻ സുഹൈലിന്റെ  മുഖത്തേക്ക് നോക്കി. അദ്ദേഹം പ്രവാചകന്റെ ഒരു മുടിയെടുത്ത് കൺപോളകളിൽ വെക്കുന്നു, അപ്പോള്‍, ഹുദൈബിയ്യാ സന്ധിയില്‍ പ്രവാചകനെന്നെഴുതാൻ വിസമ്മതിച്ച സുഹൈലിനെ ഞാൻ ഓർത്തുപോയി. അദ്ദേഹത്തിന് നേരിന്റെ മാർഗം തെളിച്ചു നൽകിയതിന് പടച്ചവനെ സ്തുതിച്ചു.

പിന്നീട് യഥാർത്ഥ വിശ്വാസിയായി ജീവിച്ച അദ്ദേഹം മക്ക വിജയത്തിന് ശേഷം മുസ്‍ലിമായവരിൽ ഏറ്റവും കൂടുതൽ നിസ്കാരവും നോമ്പും സ്വദക്കയും അല്ലാഹുവിനെ ഭയന്ന് ഏറെ നേരം കണ്ണീർ പൊഴിച്ചവനും ലോലഹൃദയനുമായിരുന്നു. ഖുർആൻ പഠനത്തിനായി മുആദ് ഇബ്നു ജബൽ(റ)വിനെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നു. ഖത്വാബ് എന്ന സ്വഹാബി സുഹൈലിനോട് ചോദിച്ചു, എന്തിനാണ് ഖസ്റജ് ഗോത്രക്കാരനായ അയാളിൽ നിന്നു തന്നെ പഠിക്കുന്നത്, ഏതെങ്കിലും ഖുറൈശി ഗോത്രക്കാരിൽ നിന്ന് പഠിച്ചു കൂടെ. ഈ സംസാരം മഹാനവർകൾക്ക് ഒട്ടും രസിച്ചില്ല. ഇത് ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന സംസ്കാരമാണ്. ഈ സംസ്കാരമാണ് നല്ല കാര്യങ്ങളിലെല്ലാം നമ്മെ പിന്നോട്ട് വലിപ്പിച്ചത്. ജാഹിലിയ്യാ വംശീയതയെ പൂർണമായും ഇസ്‍ലാം തുടച്ചുനീക്കിയതാണല്ലോ. അപ്രശസ്തരായിരുന്ന പലരെയും ഇസ്‍ലാം പ്രശസ്തരാക്കുകയും ചെയ്തു. നമ്മളും അവരുടെ കൂടെ നിലകൊണ്ടിരുന്നെങ്കിൽ നമുക്കും അവരെപ്പോലെ നന്മകളിൽ മുന്നേറാമായിരുന്നു, എന്നായിരുന്നു ആ സ്വഹാബിക്ക് സുഹൈൽ നൽകിയ മറുപടി. 

ഇസ്‍ലാമിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ പ്രവാചകന്റെ ക്ഷണം സ്വീകരിച്ച് മുസ്‍ലിം ആയവർക്കും തന്നെ പോലോത്ത അവസാന കാലത്ത് മുസ്‍ലിമായവർക്കും ഇടയിലുള്ള അന്തരം സുഹൈൽ തിരിച്ചറിഞ്ഞിരുന്നു. ഒരിക്കൽ ഉമർ(റ) നെ കാണാൻ ഹാരിസ് ഇബ്നു ഹിഷാം, സുഹൈബുറൂമി, അബൂ സുഫിയാൻ, അമ്മാറുബ്നു യാസിർ ഉൾപ്പെടെയുള്ള കുറച്ച് സ്വഹാബാക്കളുടെ കൂടെ സുഹൈലും പോയി. സുഹൈബ്, അമ്മാർ ഉൾപ്പെടെയുള്ള ആദ്യകാല മുസ്‍ലിംകൾക്ക് അകത്തു വരാൻ അനുവാദം നൽകപ്പെട്ടു. ബാക്കിയുള്ളവർ കുപിതരായി പരസ്പരം നോക്കി പിറുപിറുക്കാൻ തുടങ്ങിയപ്പോൾ  സുഹൈൽ ഇടപെട്ടു. എന്തിനാണ് ഇങ്ങനെ പ്രകോപിതരാകുന്നത്, നിങ്ങൾ മറ്റാരെയും പഴിചാരേണ്ടതില്ല, നിങ്ങളുടെ ശരീരത്തോട് തന്നെ ദേഷ്യപ്പെടുക. ഇസ്‍ലാമിന്റെ ദഅ്‍വതുമായി നബി വന്നത് നാം എല്ലാവരിലേക്കുമായിരുന്നു. എന്നാൽ അവർ ആദ്യമേ ക്ഷണം സ്വീകരിച്ചു. നാമാകട്ടെ ആ ക്ഷണം നിരസിക്കുക മാത്രമല്ല സ്വീകരിച്ചവരെ ക്രൂരമായി മർദ്ദിക്കുക കൂടി ചെയ്തു. നാളെ സ്വർഗ്ഗത്തിലേക്കും അല്ലാഹു വിളിക്കുമ്പോൾ അവർക്ക് മാത്രമാണ് ആദ്യം പ്രവേശനാനുമതിയെങ്കിലോ? അവരുടെ സ്ഥാനത്തോട് കിടപിടിക്കണമെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്തു ഷഹീദ് ആവുക മാത്രമാണ് നമ്മുടെ മുമ്പിലുള്ള ഏക മാർഗ്ഗം. 

പിന്നീടുള്ള അദ്ദേഹത്തിൻറെ ജീവിതത്തിൽ ഈ പ്രഖ്യാപനം തെളിഞ്ഞു കണ്ടു. യർമൂക്ക് യുദ്ധത്തിൽ ധീരമായി പോരാടിയ ശേഷം തുടരെ ഒരുപാട് യുദ്ധങ്ങളിൽ പങ്കെടുത്തു. അങ്ങനെ ശാമിൽ എത്തിയ അദ്ദേഹത്തിനും കുടുംബത്തിനും ശാമിൽ മുഴുവനായി പടർന്നു പിടിച്ച പകർച്ചവ്യാധി പിടിപെടുകയും അതുമൂലം ഇഹലോകവാസം വെടിയുകയും ചെയ്തു. മഹാനവർകളുടെ കൂടെ അല്ലാഹു സ്വർഗ്ഗത്തിൽ നാം ഏവരെയും ഒരുമിച്ചു കൂട്ടി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter