ഇമാം ജസൂലി (റ): ദലാഇലുൽ ഖൈറാത്തിലൂടെ നബിയെ പ്രണയിച്ച അനുരാഗി
മൊറോക്കയിൽ നിന്ന് ലോകത്തോളം വളർന്ന പണ്ഡിതനാണ് മുഹമ്മദ് ബിൻ സുലൈമാൻ ജസൂലി(റ). പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ദലാഇലുല്‍ഖൈറാതിലൂടെ, പ്രവാചകാനുരാഗത്തിന്റെ മധുരമൂറുന്ന ഓർമകളുടെ നായകനെന്ന് തന്നെ നമുക്ക് അദ്ദേഹത്തെ വിശേഷിപ്പിക്കാം.
ഹിജ്റ 807ൽ മൊറോക്കയിലെ സൂസ് പ്രദേശത്തെ ജസൂല എന്ന ഗ്രാമത്തിൽ ജനനം. അമീറുൽ മുഅ്മിനീൻ ഉമർ(റ)ന്റെ കാലത്ത് അബൂമൂസൽ അശ്അരിയിലൂടെ ഇസ്‍ലാമെത്തിയ നാടാണ് മൊറോക്കോ. പ്രാഥമിക വിദ്യാഭ്യാസം സ്വന്തം നാട്ടിൽ നിന്നും സ്വായത്തമാക്കി, ഉപരിപഠനത്തിനായി ഫാസിലേക്ക് യാത്രതിരിച്ചു. പണ്ഡിത കേസരികളാൽ സമ്പന്നമായ ഫാസിലെ മദ്റസത്തുസ്സഫാരിൽ ചേർന്നു. പടിഞ്ഞാറ് ഭരിച്ച മാറൈനിയ്യ രാജവംശം 1217ൽ സ്ഥാപിച്ച മദ്റസ വിദേശ വിദ്യാർത്ഥികളുടെ പോലും ആശ്രയ കേന്ദ്രമായിരുന്നു അക്കാലത്ത്.
ചെറുപ്രായത്തിൽ തന്നെ മാലിക്കി കർമശാസ്ത്ര സരണിയിലെ പ്രസിദ്ധമായ കിത്താബുകൾ മനഃപ്പാഠമാക്കുകയുണ്ടായി. ഫർഇയ്യുബിനുഹാജിബും മുദവ്വനയും ഇതിൽ ഉൾപ്പെടും. കൂടാതെ ഫിഖ്ഹ്, അറബി, ഗണിതം എന്നീ മേഖലകളിലും അവഗാഹം നേടി. ജ്ഞാനം തേടിയുള്ള ഇമാം ജസൂലി(റ)ന്റെ യാത്രകൾ തലിംസാനിലൂടെയും തുണീഷ്യയിലൂടെയും കടന്നുപോയി. ശേഷം ഫാസിൽ തിരിച്ചെത്തി വൈജ്ഞാനിക മേഖയിൽ നിസ്സീമമായ പ്രവർത്തനങ്ങളുമായി ജീവിതം ധന്യമാക്കിയെങ്കിലും ചില പ്രശ്നങ്ങൾ മൂലം സ്വന്തം നാടായ സൂസിലേക്ക് മടങ്ങി. ഇതൊരു നിമിത്തമായി കാണാവുന്നതാണ്. കാരണം, ഇമാമിന്റെ ശേഷിച്ച ജീവിതം ആത്മീയ ലോകത്തായിരുന്നു. ഒരാത്മീയ ഗുരുവിന്റെ മേൽനോട്ടത്തില്‍, അനിർവചനീയമായ ദൈവാനുഭൂതിയിലൂടെ ഇമാം കടന്നുപോയത് ഇക്കാലത്തായിരുന്നു.
ഫാസിലേക്കുള്ള ആദ്യയാത്രയിലാണ് വിശ്വവിഖ്യാതമായ ദലാഇലുൽ ഖൈറാത്തിന്റെ ക്രോഡീകരണം നടക്കുന്നതെന്നാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നത്. ശേഷം പതിനാല് വർഷം ഏകാന്തവാസത്തിലിരുന്ന ഇമാം ദീനീ പ്രബോധനം ലക്ഷ്യമിട്ട് 'ആസ്ഫിയ' എന്ന നാട്ടിലേക്ക് താമസം മാറുകയും ദിക്റ്, സ്വലാത്ത്, ഖിറാഅത്ത് തുടങ്ങിയ ആത്മീയ മേഖലകളിലൂടെ അവിടുത്തെ ജനങ്ങളെ സംസ്കരിക്കുകയും ചെയ്തു.
പന്ത്രണ്ടായിത്തിലധികം വരുന്ന ശിഷ്യഗണങ്ങളെ പ്രതിനിധാനം ചെയ്യുന്നതോടൊപ്പം ഓരോ ദിവസവും ഖുർആനും ദലാഇലുൽ ഖൈറാത്തും ഖത്മ് തീർക്കുമായിരുന്നു. കാലഘട്ടത്തിന്റെ ഖുതുബായിരുന്നു അദ്ദേഹമെന്നാണ് പണ്ഡിതർ രേഖപ്പെടുത്തുന്നത്. തിരുനബി(സ്വ)യുടെ മേലുള്ള സ്വലാത്ത് വ്യവസ്ഥാപിത രീതിയിൽ ലോകം മുഴുവൻ ചൊല്ലാൻ അദ്ദേഹത്തിന്റെ രചനകളും ഇടപെടലുകളും നിമിത്തമായി.
നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവു കൂടിയാണ് ഇമാം. ഹിസ്ബുൽ ജസൂലി (ഹിസ്‍ബ് സുബ്ഹാനദ്ദാഇമു), ഹിസ്ബുൽഫലാഹ, അഖീദത്തുൽജസൂലി, ദലാഇലുൽഖൈറാത്ത് എന്നിവ അവയില്‍ പ്രധാനമാണ്.
ദലാഇലുൽ ഖൈറാത്ത്
നബി പ്രകീർത്തനം ആ തിരുനാമങ്ങളിലൂടെയാണ് പ്രസരിക്കപ്പെടുന്നത്. അത്രയും അർത്ഥതലങ്ങളാൽ ശബളിതമായ വാക്കുകൾ ഇല്ലെന്ന് തന്നെ പറയാം. അല്ലാഹുവും മാലാഖമാരും നബിയുടെ മേൽ സ്വലാത്ത് ചൊല്ലുന്നുണ്ടെന്ന ഖുർആനിക സൂക്തം പ്രവാചക തിരുമേനിയുടെ മേൽ സ്വലാത്ത് ചൊല്ലാൻ നമ്മെയും ക്ഷണിക്കുന്നുണ്ട്. അതിന് നിരവധി രീതിയിലുള്ള സ്വലാതുകള്‍ ലോകത്ത് വിരചിതമായിട്ടുണ്ട്. അവയിൽ ഏറെ പ്രസിദ്ധമായ സ്വലാത്താണ് ഇമാം ജസൂലിയുടെ ദലാഇലുൽ ഖൈറാത്ത്.
തന്റെ പഠനകേന്ദ്രമായിരുന്ന ഫാസിലെ ജാമിഉൽഖർവിയ്യീൻ ലൈബ്രറി ക്രേന്ദ്രീകൃതമാക്കിയാണ് ഇമാം ഈ കൃതി പൂർത്തിയാക്കിയത്. തിങ്കളിൽ തുടങ്ങി ഞായറിൽ അവസാനിക്കുന്ന വിധം ഓരോ ദിവസത്തിനും ഓരോ ഭാഗം എന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. നിരവധി വ്യാഖ്യാന ഗ്രന്ഥങ്ങളും ഇതിന് രചിക്കപ്പെട്ടിട്ടുണ്ട്. ഹിജ്റ 1109 ൽ വഫാത്തായ മുഹമ്മദുൽ മഹ്ദിയ്യിബ്നു അഹ്മദുൽ ഫാസിയുടെ വ്യാഖ്യാനമായ മത്വാലിഉൽ മസറാത്ത് ബിജലാഇ ദലാഇലിൽഖൈറാത്ത് ഇതിൽ പ്രസിദ്ധമാണ്. ഇന്ന് ലോകത്തിന്റെ നിരവധി ഭാഗങ്ങളിൽ ഇജാസത്തിലൂടെ ഈ സ്വലാത്ത് പലരും നിർവഹിച്ച് വരുന്നു.
ഹിജ്റ 869 ഒരു സുബ്ഹി നമസ്കാരത്തിലെ രണ്ടാം റക്അത്തിലെ ഒന്നാം സുജൂദിൽ ആഫുകാൽ പ്രദേശത്തായിരുന്നു ഇമാം ജസൂലിയുടെ വഫാത്ത്. എല്ലാം റബ്ബിന്നായി സമർപ്പിച്ച് പ്രവാചകനുരാഗിയായി ജീവിതം കഴിച്ചതിന്റെ ഏറ്റവും നല്ല അന്ത്യം എന്ന് തന്നെ പറയാം. അല്ലാഹു അദ്ദേഹത്തോടൊപ്പം പ്രവാചകസന്നിധിയില്‍ നമ്മെയും സ്വർഗലോകത്ത് ഒരുമിച്ച് കൂട്ടട്ടെ.
Leave A Comment