ആലസ്യത്തിന്റെ മാസമല്ല റമദാന്
- Web desk
- Jun 20, 2012 - 16:47
- Updated: May 20, 2017 - 09:56
മനുഷ്യന് നാഥന് നല്കിയ മഹത്തായ അനുഗ്രഹങ്ങളില് പെട്ടതാണ് അവന്റെ സമയം (ആയുസ്സ്). ഓരോ നിമിഷം കഴിയുംതോറും നാം നടന്നടുക്കുന്നത് മരണത്തിലേക്കാണെന്ന ചിന്ത വിടാതെ നമ്മോടൊപ്പമുണ്ടാവുന്പോള് മാത്രമേ നാം അതിന്റെ വില അറിയൂ. അല്ലാത്തിടത്തോളം കാലം അതിനെ വേണ്ടവിധം ഉപയോഗപ്പെടുത്തുന്നതില് നാം പരാജിതരായിരിക്കും. ആരോഗ്യവും ഒഴിവുസമയവും, ഭൂരിഭാഗജനങ്ങളും വഞ്ചിതരായ രണ്ട് അനുഗ്രഹങ്ങളാണെന്ന് പ്രവാചകര്(സ) പറഞ്ഞതും അത് കൊണ്ട് തന്നെ. ഓരോ നിമിഷനേരവും അമൂല്യമാണ്. സന്പത്തും മറ്റുള്ളവയും നഷ്ടമായാല് വീണ്ടെടുക്കാവുന്നതേയുള്ളൂ. എന്നാല് സമയം അങ്ങനെ അല്ല. നഷ്ടമായാല് അത് പോയത് തന്നെ, ഒരിക്കലും തിരിച്ചെടുക്കാവുന്നതല്ല അത്. സാധാരണദിവസങ്ങളിലെ സമയത്തിന്റെ കാര്യമാണ് ഇതെങ്കില്, വിശുദ്ധ റമദാനിലെ സമയത്തിനും നിമിഷങ്ങള്ക്കും വില വളരെ കൂടുതലാണ്.
ഓരോ സല്കര്മ്മത്തിനും എഴുപത് മുതല് എഴുപതിനായിരം വരെ ഇരട്ടിയായി പ്രതിഫലം ലഭിക്കുന്ന ഈ പുണ്യമാസത്തില് നാം നഷ്ടപ്പെടുത്തുന്ന ഓരോ നിമിഷവും അതീവ മൂല്യമേറിയതാണ്. എന്നാല്, വിശുദ്ധ റമദാനിലാണ് നമ്മില് പലരും കൂടുതല് സമയം നഷ്ടപ്പെടുത്തുന്നത് എന്നത് ഏറെ ഖേദകരമാണ്.
നോന്പെടുക്കുന്നു എന്നത് സമയം കളയാനുള്ള ന്യായമല്ല. റമദാന് മാസത്തിലും ഘോരഘോരയുദ്ധങ്ങള് നയിച്ചവരായിരുന്നു നമ്മുടെ മുന്ഗാമികളെന്ന് നാം ഓര്ക്കുക. റമദാന് ആലസ്യത്തിന്റെ മാസമല്ല. നോന്പാണെന്ന ന്യായവും പറഞ്ഞ്, അലസതയുടെ മൂടുപടമണിഞ്ഞ് ചടഞ്ഞിരിക്കേണ്ടതല്ല റമദാന്. ഇതരമാസങ്ങളേക്കാള് പ്രവര്ത്തനക്ഷമവും കാര്യപ്രാപ്തവുമാവേണ്ടതാണ് റമദാന്. ആയതിനാല് റമദാനിലെ സമയങ്ങളെ ക്രമീകരിക്കേണ്ടത് വളരെയേറെ ഗൌരവത്തോടെയും ശ്രദ്ധയോടെയുമായിരിക്കണം. ഉറക്കവും അനാവശ്യസംസാരവുമായി ഒരു നിമിഷം പോലും നഷ്ടപ്പെട്ടുകൂടാ.
ചാനലുകളും ഗെയിമുകളും നമ്മുടെ സമയക്രമത്തെ നിയന്ത്രിച്ചുകൂടാ. ഈ റമദാനിനെങ്കിലും കൃത്യമായ സമയക്രമമുണ്ടാക്കുക. പരമാവധി അതനുസരിച്ച് തന്നെ നീങ്ങാന് ശ്രമിക്കുക. അനാവശ്യമായ ഒന്നിലും സമയം കളഞ്ഞില്ലെന്ന് ഓരോ ദിവസവും ഉറപ്പുവരുത്തുക. അതിന്റെ രുചിയും രസവും അറിയാനായാല് റമദാനിന് ശേഷവും നാം അത് തുടരാന് ശ്രമിക്കും. ക്രിയാത്മകമായ അത്തരം മാറ്റങ്ങളാണ് റമദാന് നമ്മില് വരുത്തേണ്ടത്. അപ്പോഴേ, റമദാന് നമുക്കനുകൂലവും പാപമോചകവുമായിത്തീരുകയുള്ളൂ.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment