തറാവീഹ്- ഇനിയും തര്‍ക്കമോ

അബൂഹുറയ്റഃ (റ) യില്‍ നിന്ന് നിവേദനം. നബി (സ്വ) പറഞ്ഞു: “റമളാനില്‍ വിശ്വാസ ത്തോടെ പ്രതിഫലം ആഗ്രഹിച്ചുകൊണ്ട് ആരെങ്കിലും നിന്നു നിസ്കരിച്ചാല്‍ അവന്റെ എല്ലാ മുന്‍പാപങ്ങളും പൊറുക്കപ്പെടുന്നതാണ്” (ബുഖാരി, മുസ്ലിം). റമളാനിലെ തറാവീഹ് സുന്നതാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു.  തറാവീഹില്‍ ജമാഅത്  സുന്നതാണെന്നതാണ് പണ്ഡിതന്മാര്‍ എല്ലാവരും പറയുന്നത്. തറാവീഹ് നിസ്കാരത്തിന്‍റെ റക്അതുകളുടെ എണ്ണത്തില്‍ ഇടക്കാലത്ത് ചില അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്.

റമദാനിലോ അല്ലാത്ത സമയത്തോ നബി(സ) തങ്ങള്‍ പതിനൊന്നിലേറെ നിസ്കരിച്ചിട്ടില്ലെന്ന ഹദീസ് ആണ്, തറാവീഹ് എട്ട് റക്അത് ആണെന്ന് പറയാന്‍ ചിലരെ പ്രേരിപ്പിച്ചത്. എന്നാല്‍ ഇത് വിത്റ് നിസ്കാരത്തെക്കുറിച്ചാണെന്നാണ് പണ്ഡിതാഭിപ്രായം. പ്രവാചകരുടെ കാല ശേഷം ഉമര്‍ (റ) ഒരു ഇമാമിന് കീഴില്‍ സംഘടിതമായി തറാവീഹ് നിസ്കാരം ആരംഭിച്ചപ്പോള്‍ അത് ഇരുപത് റക്അത് ആയാണ് നിസ്കരിക്കപ്പെട്ടത് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്.   ഇമാം റാഫിഈ (റ) എഴുതുന്നു: “തറാവീഹ് നിസ്കാരം ഇരുപത് റക്അതാകുന്നു. പത്തു സലാമോടു കൂടെയാണതു നിര്‍വഹിക്കേണ്ടത്. അബൂഹനീഫഃ (റ), അഹ്മദ് (റ) എന്നിവരും ഈ അഭിപ്രായക്കാരാണ്. ഒരു ഹദീസ് ഈ വിഷയത്തില്‍ റിപ്പോര്‍ട്ടുചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയം, നബി (സ്വ) ജനങ്ങളെയും കൂട്ടി ഇരുപത് റക്അത് നിസ്കരിച്ചു” (ശര്‍ഹുല്‍ കബീര്‍ 4/264). ഇബ്നുഅബ്ബാസ് (റ) വില്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: “നിശ്ചയം നബി (സ്വ) റമളാനില്‍ ഇരുപത് റക്അതും വിത്റും നിസ്കരിച്ചിരുന്നു” (തല്‍ഖീസ്വല്‍ ഹബീര്‍, 4/264). ഇബ്നുഖുദാമഃ (റ) പറയുന്നു: “ഈ വിഷയത്തില്‍ നമുക്കുള്ള തെളിവ് ഉമര്‍(റ) ഉബയ്യുബ്നു കഅ്ബ്(റ)വിന്റെ നേതൃത്വത്തില്‍ ജനങ്ങളെ ഒരുമിച്ചുകൂട്ടി ഇരുപത് റക്അതായിരുന്നു നിസ്കരിച്ചത് എന്നതാണ്” (അബൂദാവൂദ്, അല്‍മുഗ്നി, 1/834).

ഇബ്നു അബീശൈബഃ(റ)തന്റെ മുസ്വന്നഫില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു: “യഹ്യബ്നു സഈദ്(റ)വില്‍ നിന്ന് നിവേദനം: ഉമര്‍ (റ) ഒരു പുരുഷനോട് ജനങ്ങളെ കൂട്ടി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു” മുസ്വന്നഫ് 2/285). സ്വഹാബതും അവരെ അനുഗമിച്ച താബിഉകളും ഇരുപത് റക്അതായിരുന്നു തറാവീഹ് നിസ്കരിച്ചിരുന്നത്. ഇക്കാര്യം ഇബ്നുതൈമിയ്യഃ തന്നെ വ്യക്തമാക്കുന്നു. “അബ്ദുറഹ്മാനുസ്സലമി (റ) വില്‍ നിന്ന് നിവേദനം: അലി (റ) റമളാനില്‍ ഖാരിഉകളെ വിളിച്ചു. അവരില്‍ നിന്ന് ഒരാളോട് ജനങ്ങള്‍ക്ക് നേതൃത്വം നല്‍കി ഇരുപത് റക്അത് നിസ്കരിക്കാന്‍ കല്‍പ്പിച്ചു. അലി (റ) ആയിരുന്നു വിത്റ് നിസ്കാരതിന് നേതൃത്വം നല്‍കിയിരുന്നത്” (മിന്‍ഹാജുസ്സുന്നതിന്നബവിയ്യഃ 4/224). സ്വഹാബത് ഉള്‍പ്പെടെയുള്ള ലോകമുസ്ലിംകള്‍ തറാവീഹ് ഇരുപത് റക്അതാണെന്ന വിഷയത്തില്‍ ഏകോപിച്ചിരിക്കുന്നു. ഇമാം ബൈഹഖി സാഇബ് (റ) ല്‍ നിന്ന് നിവേദനം ചെയ്യുന്നു: അദ്ദേഹം പറഞ്ഞു: “ഞങ്ങള്‍ (സ്വഹാബത്) ഉമര്‍ (റ) ന്റെ കാലത്ത് ഇരുപത് റക്അതും വിത്റും നിസ്കരി ക്കുന്നവരായിരുന്നു.” ഈ ഹദീസിന്റെ പരമ്പര സ്വഹീഹാണെന്ന് ഇമാം നവവി (റ) പറഞ്ഞിരിക്കുന്നു.

സ്വഹീഹായ പരമ്പരയിലൂടെ ഇമാം ബൈഹഖി നിവേദനം ചെയ്യുന്നു: “സ്വഹാബിമാര്‍ ഉമര്‍(റ)വിന്റെ കാലത്ത് റമളാന്‍ മാസത്തില്‍ ഇരുപത് റക്അത് നിസ് കരിച്ചിരുന്നു. ഉസ്മാന്‍(റ)ന്റെയും അലി(റ)ന്റെയും കാലത്തും അവര്‍ ഇരുപതായിരുന്നു നിസ്കരിച്ചിരുന്നത്” (സുനനുല്‍ ബൈഹഖി 4/61). മേല്‍പറഞ്ഞതില്‍നിന്നും പ്രവാചകര്‍(സ)യുടെ കാലത്ത് തറാവീഹ് എന്ന പേരില്‍ എത്ര നിസ്കരിച്ചു എന്ന് വ്യക്തമാക്കുന്ന ഏകോപിതമായ ഹദീസുകളില്ലെങ്കിലും സ്വഹാബത് ഇരുപത് റക്അത് ആണ് നിസ്കരിച്ചിരുന്നത് എന്നത് വ്യക്തമാണ്. ഇത് എല്ലാവരും അംഗീകരിക്കുന്നതുമാണ്. രണ്ട് ഹറമുകള്‍ക്ക് പുറമെ, ലോകമുസ്ലിംകളില്‍ ബഹുഭൂരിഭാഗവും ഇതനുസരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മുസ്ലിംകള്‍ അംഗീകരിക്കുന്ന ഫിഖ്ഹിന്‍റെ നാല് മദ്ഹബുകളില്‍ ഒന്ന്പോലും തറാവീഹ് എട്ട് റക്അതാണെന്ന അഭിപ്രായം പറയുന്നില്ല. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഇനിയും സംശയത്തിന് വകയുണ്ടെന്ന് തോന്നുന്നില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter