നരകമോചനത്തിനായി കേഴേണ്ട പത്ത് ദിനരാത്രികൾ
പരിശുദ്ധ റമദാനിന്‍റെ ഒടുവിലെ പത്ത് നരകമോചനത്തിന്‍റെ ദിനങ്ങളായാണ് മുഹമ്മദ് നബി (സ) പരിചയപ്പെടുത്തിയത്. കാരുണ്യത്തിന്‍റെ ആദ്യ പത്തിനും പാപമോചനത്തിന്‍റെ രണ്ടാമത്തെ പത്തിനും ശേഷം റമദാന്‍റെ പരിസമാപ്തി കുറിക്കുന്ന പത്താണ് അവസാനത്തേത്. ഒറ്റയിട്ട രാവുകളില്‍ ആയിരം മാസങ്ങളേക്കാള്‍ അഥവാ 83 വര്‍ഷങ്ങളേക്കാള്‍ പുണ്യകരമായ രാത്രിയായ ലൈലതുല്‍ ഖദ്‌ര്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ടെന്ന വലിയ സവിശേഷതയും ഈ പത്ത് ദിനങ്ങള്‍ക്കുണ്ട്. നരകവും സ്വര്‍ഗവും നേരത്തെത്തന്നെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്നാണ് അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്‍റെ വിശ്വാസം.
ഒരു കണ്ണും കാണുകയോ കാതുകള്‍ കേള്‍ക്കുകയോ മനുഷ്യമനസ്സ് സങ്കല്‍പ്പിക്കുകയോ ചെയ്യാത്ത തരം സുഖസൗകര്യങ്ങളാണ് സ്വര്‍ഗത്തിലുള്ളതെങ്കില്‍ മാരകമായ ശിക്ഷകളാണ് നരകം ഒരുക്കി വെച്ച് കാത്തിരിക്കുന്നത്. നരകത്തിന്‍റെ തീയുടെ എഴുപതിലൊന്ന് ചൂട് മാത്രമേ ഭൂമിയിലെ തീയിനുള്ളൂ എന്ന് നബി (സ) വ്യക്തമാക്കിയിട്ടുണ്ട്. നരകത്തിലെ ഏറ്റവും ചെറിയ ശിക്ഷ കാലില്‍ അണിയിക്കപ്പെടുന്ന ഒരു തീക്കട്ടയാണ്. അത് ധരിപ്പിക്കുക വഴി അവന്‍റെ മൂര്‍ദ്ദാവ് പോലും തിളച്ച് മറിയും. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു, ഓ സത്യവിശ്വാസികളെ നിങ്ങളുടെ സ്വശരീരത്തെയും കുടുംബത്തെയും നരകത്തെ തൊട്ട് സൂക്ഷിക്കുക; അതിന്‍റെ വിറകുകള്‍ കല്ലുകളും ജനങ്ങളുമാണ്. കഠിനമനസ്കരും അതിശക്തരുമായ മലകുകളായിരിക്കും അതിന്‍റെ പാറാവുകാര്‍ അല്ലാഹുവിന്‍റെ കല്‍പനകളില്‍ ഒരെതിര്‍പ്പുമവര്‍ കാണിക്കില്ല.; അനുശാസിക്കുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുന്നതാണ്. (66:7)
നബി സ പറയുന്നു. പരിശുദ്ധ റമദാനിൽ സ്വർഗവാതിലുകൾ തുറക്കപ്പെടുകയും നരകവാതിലുകൾ അടക്കപ്പെടുകയും പിശാചുകളെ ചങ്ങലകളാൽ ബന്ധിക്കുകയും ചെയ്യും. ഓരോ ദിവസവും 60000 പേർക്ക് നരക മോചനം വിധിക്കും. അവസാനം പെരുന്നാൾ ദിനത്തിൽ അതിന്റെ മുപ്പത് ഇരട്ടി പേർക്ക് കൂടി അല്ലാഹു നരകമോചനം നൽകും.
തിന്മകൾ പ്രവർത്തിച്ച് പശ്ചാത്തപിക്കാത്ത സത്യവിശ്വാസികൾക്ക് തങ്ങളുടെ തെറ്റുകളുടെ അളവിൽ നരകശിക്ഷ ഏറ്റ് വാങ്ങേണ്ടി വരും. ശേഷം അവരെ സ്വർഗത്തിലേക്ക് ആനയിക്കപ്പെടും.
Also Read:റമദാനില്‍ അവസാനപത്ത് സജീവമാക്കാന്‍ അഞ്ചു നിര്‍ദ്ദേശങ്ങള്‍
അവസാനമായി നരകത്തിൽ നിന്ന് മോചിപ്പിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ച് നബി (സ) ഇങ്ങനെ പറയുന്നു, "നരകത്തിൽ നിന്ന് അവസാനമായി മോചിപ്പിക്കപ്പെടുന്ന, സ്വർഗത്തിൽ അവസാനമായി പ്രവേശിക്കുന്ന വ്യക്തിയെക്കുറിച്ച് എനിക്കറിയാം. അയാൾ നരകത്തിൽ നിന്ന് ഇഴഞ്ഞ് കൊണ്ടാണ് പുറത്ത് കടക്കുക. അപ്പോൾ അയാളോട് അല്ലാഹു സ്വർഗത്തിൽ പ്രവേശിച്ച് കൊള്ളാൻ പറയും. സ്വർഗം ആളുകളാൽ നിറഞ്ഞതായി അയാൾക്ക് അനുഭവപ്പെടും. അയാൾ അല്ലാഹുവിനോട് പറയും, "റബ്ബേ, അവിടം നിറഞ്ഞിരിക്കുകയാണല്ലോ". അല്ലാഹു പറയും, "പോവൂ, സ്വർഗത്തിൽ പ്രവേശിക്കൂ, തീർച്ചയായും ദുനിയാവിലുള്ളതിന്റെ പത്തിരട്ടി
നിനക്കവിടെയുണ്ട്". അപ്പോൾ അവിശ്വസനീയമാം വിധം അയാൾ പറയും, " എല്ലാത്തിൻ്റെയും രക്ഷിതാവേ നീയെന്നെ പരിഹസിക്കുകയാണോ". ഇത്
പറഞ്ഞ് കൊണ്ട് നബി (സ) ചിരിച്ചു, അണപ്പല്ലുകളുടെ തിളക്കം കാണുവോളം.
പരമാവധി പ്രതിഫലങ്ങൾ കരസ്ഥമാക്കാനും ആത്മാർഥമായി പശ്ചാത്തപിച്ച് കൊണ്ട് പൊറുക്കലിനെ തേടി പാപഭാരങ്ങൾ കഴുകിക്കളയാനും അല്ലാഹു ഓഫറായി നൽകിയ മാസമാണ് പരിശുദ്ധ റമദാൻ. ആദ്യ പത്തിൽ അല്ലാഹുവിന്റെ കാരുണ്യമാർജ്ജിക്കുകയും, രണ്ടാം പത്തിൽ പാപമോചനം നേടിയെടുക്കുകയും ചെയ്ത കറകളഞ്ഞ സത്യവിശ്വാസികൾ മൂന്നാമത്തെ പത്തിൽ നരകമോചനത്തിനായ് കണ്ണീർ പൊയ്കണം.'അല്ലാഹുവെ, എന്നെ നരകത്തിൽ നിന്ന് മോചിപ്പിക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യേണമെ', അല്ലാഹുവേ, നീ നന്നായി പൊറുത്ത് നൽകുന്നവനും അത് ഇഷ്ടപ്പെടുന്നവനുമാണ്, അതിനാൽ എനിക്ക് വിട്ട് പൊറുത്ത് തരണേ' എന്നർഥമുള്ള ദിക്റുകൾ ഉരുവിട്ട് കൊണ്ടേയിരിക്കാൻ നാം മറക്കാതിരിക്കുക.
Leave A Comment