നജീബ് തിരോധാനം - വീണ്ടും തോറ്റ് പിന് വാങ്ങുന്ന സി.ബി.ഐ
ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പി. ജി. വിദ്യാര്‍ത്ഥിയായിരുന്ന യു.പി സ്വദേശി നജീബ് അഹ്മദിന്റെ തിരോധാനത്തിന് രണ്ടാണ്ട് പൂര്‍ത്തിയാവുന്ന വേളയില്‍ സിബിഐയുടേതായി പുറത്ത് വന്ന റിപ്പോര്‍ട്ട് അവര്‍ക്ക് 'നേട്ടങ്ങളുടേയും മികവിന്റെയും ' പട്ടികയില്‍ പുതിയൊരധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നതായി.
അവര്‍ അന്വേഷണം അവസാനിപ്പിച്ചു നല്‍കിയ റിപ്പോര്‍ട്ട് ഡല്‍ഹി ഹൈകോടതി അംഗീകരിച്ചിരിക്കയാണ്.
2016 ഒക്ടോബര്‍ 14 ന്റെ രാത്രി വരെ ജെഎന്‍യു കാമ്പസിനകത്തുണ്ടായിരുന്ന ഒരു വിദ്യാര്‍ത്ഥിയെ കുറിച്ച് 15 ന്റ പ്രഭാതം മുതല്‍ വിവരമില്ല. തുടര്‍ന്നു വിവിധ അന്വേഷണങ്ങളിലൂടെ കടന്നു വന്ന് സിബിഐയില്‍ എത്തിയിട്ടും ഒരു തുമ്പും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 'നേരറിയാന്‍ സിബിഐ' എന്നതൊക്കെ ആരോ തട്ടി വിട്ട കെട്ടുകഥയായി മാറുകയാണ്.
വന്ദ്യവയോധികനായ ഒരു ഖാസിയുടെ വധം ആത്മഹത്യയാക്കി ചുരുട്ടിക്കെട്ടി റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു മന:സാക്ഷിക്കുത്തും തോന്നാത്തവരുടെ സഹോദര സംഘമാണ് നജീബിന്റെ കാര്യത്തില്‍ കൈമലര്‍ത്തി വാ പൊളിച്ചു നില്‍ക്കുന്നത്.
ഖാസിക്ക് ശത്രുക്കള്‍ ഇല്ലായിരുന്നു. അത് കൊണ്ട് കൊലപാതകമാകാന്‍ സാധ്യതയില്ലെന്നുറപ്പിച്ചു ആത്മഹത്യയാക്കിയവര്‍ക്ക് നജീബിന് ശത്രുക്കള്‍ ഉണ്ടായിരുന്നു. തലേ ദിവസം എ ബി വി പി ക്കാരായ ഒമ്പതംഗ സംഘം നജീബിനെ അക്രമിച്ചിരുന്നു. അവര്‍ ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നു. പക്ഷെ, കൊലപാതകമാക്കാന്‍ ഇവരുടെ മുമ്പില്‍ തെളിവില്ല!
ആരെയാണിവര്‍ കബളിപ്പിക്കാന്‍ ശ്രമിക്കുന്നത്?
കാമ്പസിന്റെ ഠ വട്ടത്തില്‍ നടന്ന ഒരു സംഭവം. സെക്യുരിറ്റിയും സി സി കാമറയും ഉള്ള സ്ഥലത്ത്, മൊബൈല്‍ ടവറും ഫോണ്‍ കോള്‍ ലിസ്റ്റും സംഭവത്തിലേക്ക് വെളിച്ചം വീശാനുള്ള സാധ്യതയുള്ളിടത്ത്, തലേന്ന് അക്രമം നടത്തിയ സംഘം ക്യാമ്പസിനകത്ത് സൈ്വരവിഹാരം നടത്തുന്നതിനിടയില്‍ അതിലൂടെയൊന്നും തുമ്പുണ്ടാക്കാനായില്ലെന്ന് പറഞ്ഞു ഒരു പ്രമാദമായ കേസ് എഴുതിത്തള്ളുമ്പോള്‍ വലിയ ചരിത്ര പാരമ്പര്യമുള്ള ഒരന്വേഷണ ഏജന്‍സിയുടെ മുഖം എത്രയേറെ വികൃതമാവുകയാണെന്നെങ്കിലും ഓര്‍ക്കാമായിരുന്നു.
പക്ഷെ, യജമാന്‍മാരുടെ അപ്രീതി നേടുന്നതിനേക്കാള്‍ ഈ വൈകൃത്യമാണ് ഭൂഷണമെന്ന് ധരിച്ചിട്ടുണ്ടെങ്കില്‍ ഒന്നും പറയാനില്ല. മകന്‍ നഷ്ടപ്പെട്ട ഒരു മാതാവിന്റെ കണ്ണീരി നേക്കാള്‍ ചില ഏമാന്‍മാരുടെ കണ്ണുരുട്ടലാണിവരെ അലട്ടുന്നതെങ്കില്‍ അവരെ പാട്ടിന് വിടാം.
ഖാസീ കേസില്‍ ഇത്തരക്കാരിലൂടെ നീതി പുലരുമെന്ന് കരുതി കാത്തിരിക്കുന്നത് മണ്ടത്തരമാവില്ലേ?
Leave A Comment