ആശാവഹമാണ് ഈ സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റം
മലേഷ്യയിലെ വിശ്വപ്രസിദ്ധ ഇസ്‌ലാമിക സര്‍വകലാശാലയായ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിലെ സ്വഫിയ്യ പി.ജി ഹോസ്റ്റലില്‍ ഇരുന്നാണ് ഒരു പരമ്പരാഗത സുന്നി വനിത ഈ കുറിപ്പെഴുതുന്നത്.
കേരളത്തിലെ മുസ്‌ലിം വനിതാ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന വഫിയ്യ സംവിധാനത്തിന്റെ ആദ്യ സനദ്ദാനമായിരുന്നല്ലോ ദിവസങ്ങള്‍ക്കു മുമ്പ് നടന്നത്. മത-ഭൌതിക വിദ്യാഭ്യാസം നേടിയ നൂറിലധികം യുവമഹിളാ പണ്ഡിതകള്‍ സമുദായത്തിലേക്കിറങ്ങുന്നുവെന്ന വാര്‍ത്ത തരുന്ന ആഹ്ലാദം ചെറുതല്ല. എന്നിട്ടും, ഈ ആഹ്ലാദവേളയെ പോലും കുശുമ്പോടെ നോക്കിക്കാണുന്നവരെ ഓര്‍ക്കുമ്പോള്‍ സഹതപിക്കാനേ നിര്‍വാഹമുള്ളൂ.
പ്രവാചക പത്‌നി ആഇശ, ബീവി നഫീസത്തുല്‍ മിസ്‌രിയ്യ, റാബിഅത്തുല്‍ അദവിയ്യ ഉള്‍പ്പെടെ ഒട്ടനവധി മഹിളാ രത്‌നങ്ങള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഏറ്റവുമാദ്യത്തെ യൂനിവേഴ്‌സിറ്റി സ്ഥാപിച്ചതുപോലും ഒരു മുസ്‌ലിം വനിതയായിരുന്നു എന്ന വസ്തുത ലോകചരിത്രം രേഖപ്പെടുത്തിയതാണ്. (859ല്‍ സ്ഥാപിതമായ അല്‍ഖറവിയ്യീന്‍ യൂനിവേഴ്‌സിറ്റി മൊറോക്കോ. സ്ഥാപക: ഫാഥിമ അല്‍ ഫിഹ്‌രി). ഇടക്കാലത്തെങ്ങോ മുറിഞ്ഞുപോയ ഈ മഹിളാ ജ്ഞാനപാരമ്പര്യത്തിന്റെ തുടര്‍ച്ച തേടിയുള്ള ചലനങ്ങള്‍ ഈയടുത്ത കാലത്തായി കേരളത്തിലും സജീവമായിക്കൊണ്ടിരിക്കുന്നു. എതിരാളികള്‍ എന്തൊക്കപ്പറഞ്ഞാലും, വനിതാ മതവിദ്യാഭ്യാസം കേരളീയ മുസ്‌ലിംകള്‍ക്കിടയില്‍ കൂടുതല്‍ കൂടുതല്‍ ജനകീയമായിക്കൊണ്ടിരിക്കുന്ന ആശാവഹമായ കാഴ്ചയാണ് എങ്ങും കണ്ടുകൊണ്ടിരിക്കുന്നത്.
മുസ്‌ലിം പുരുഷന്മാരുടെ ഉന്നത മതവിദ്യാഭ്യാസത്തിന് അവസരങ്ങളും സ്ഥാപനങ്ങളും ഒട്ടേറെയുണ്ടെങ്കിലും വളരെ പരിതാപകരമായിരുന്നു സ്ത്രീകള്‍ക്കു വേണ്ടി മാത്രമായുള്ള കേരളക്കരയിലെ മതപഠന അവസരങ്ങള്‍. ഈ രംഗത്തുള്ള ആദ്യത്തെ വിപ്ലവകരമായ ചുവടുവെപ്പായിരുന്നു ചെമ്മാട് ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ്. കാല്‍നൂറ്റാണ്ട് മുമ്പ് ഡോ. യു. ബാപ്പുട്ടി ഹാജി, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവരുടെ കാര്‍മികത്വത്തില്‍ 1992 മെയ് 18നാണ് സ്ഥാപനം തുടക്കം കുറിച്ചത്.
മത-ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് തുല്യതയില്ലാത്ത മുന്നേറ്റം നടത്തിയ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ മികച്ചരീതിയില്‍ നടന്നുവരുന്ന ഫാഥിമ സഹ്‌റായില്‍ നിന്ന് ഇതിനകം 19 ബാച്ച് സഹ്‌റവിയ്യ പണ്ഡിതകള്‍ പുറത്തിറങ്ങുകയുണ്ടായി. ഏഴാംതരം കഴിഞ്ഞ വിദ്യാര്‍ത്ഥിനികളില്‍നിന്ന് മിടുക്കികളെ പ്രത്യേകം തെരഞ്ഞെടുത്ത് എട്ടുവര്‍ഷത്തെ മത-ഭൌതിക സമന്വയ വിദ്യാഭ്യാസവും ഒരു വര്‍ഷത്തെ ടീച്ചേഴ്‌സ് ട്രെയ്‌നിങ്ങും ഉള്‍പ്പെടുന്നതാണ് സഹ്‌റാവിയ്യ കോഴ്‌സ്. മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയോളം സ്വപ്നംകാണാന്‍ ഈ കുറിപ്പുകാരിയെ പ്രാപ്തയാക്കിയത് സഹ്‌റാവിയ്യ പഠനമായിരുന്നു. ഡല്‍ഹിയിലെ ജാമിഅ മില്ലിയ്യ യൂനിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള വിവിധ സര്‍വകലാശാലകളിലും സഹ്‌റാവിയ്യ ബിരുദധാരിണികള്‍ നിലവില്‍ ഉപരിപഠനം നടത്തുന്നുണ്ട്. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരായും സഹ്‌റാവിയ്യകള്‍ സജീവമാണ്.
2008ലാണ് കേരളത്തിലെ മുസ്‌ലിം വനിതാ വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയ സംരംഭമായ വഫിയ്യ കോഴ്‌സ് ആരംഭിക്കുന്നത്. സഹ്‌റാവിയ്യ കോഴ്‌സ് തുടങ്ങി ഒന്നര പതിറ്റാണ്ടു വേണ്ടിവന്നു ഈ രംഗത്തെ അടുത്ത മികച്ച പരീക്ഷണത്തിനെന്നത് വനിതാ മതവിദ്യാഭ്യാസ മേഖലയോടുള്ള കേരളീയ സമുദായത്തിന്റെ പൊതുവായ മനോഭാവം എങ്ങനെയാണെന്നതിന് തെളിവാണ്. എല്ലാവിധ പ്രതിസന്ധികളെയും ചെറുത്തുതോല്‍പിച്ച് വഫിയ്യ സംവിധാനം വലിയൊരു പ്രസ്ഥാനമായി മാറിയതില്‍
ഉസ്താദ് അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയുടെ ത്യാഗപൂര്‍ണമായ സമര്‍പ്പണം നിര്‍ണായകമാണ്. 25 ലധികം വരുന്ന സ്ഥാപനങ്ങളില്‍ നിലവില്‍ വഫിയ്യ കോഴ്‌സ് നടന്നുവരുന്നു. സാമൂഹ്യ രംഗങ്ങളില്‍ വഫിയ്യകളും സ്തുത്യര്‍ഹമായ ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
വഫിയ്യ കോഴ്‌സിന്റെ ആദ്യബിരുദദാന വേളയുടെ സന്തോഷത്തില്‍ അഭിമാനത്തോടെ പങ്കുചേരുന്നു.
കേരളീയ മുസ്‌ലിം സ്ത്രീ മുന്നേറ്റത്തില്‍ ശ്രദ്ധേയമായ സംഭാവനകളര്‍പ്പിക്കാന്‍ പുതുതായിറങ്ങിയ വഫിയ്യ ബിരുദധാരികള്‍ക്ക് സാധിക്കട്ടെ.
സഹ്‌റാവിയ്യകളില്‍ നിന്നു തുടങ്ങി വഫിയ്യകളിലൂടെ തുടരുന്ന മുസ്‌ലിം കേരളത്തിന്റെ സ്ത്രീവിദ്യാഭ്യാസ മുന്നേറ്റം കുറേക്കൂടി ശക്തിപ്രാപിക്കേണ്ടതുണ്ട്.
വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന ഉത്തമ സമുദായത്തിന്റെ പിറവി അപ്പോള്‍ മാത്രമേ സാക്ഷാത്കൃതമാവൂ
Leave A Comment