ന്യൂ ജനറേഷന്‍ ഇസ്‍ലാമിസ്റ്റുകളോട് രണ്ട് വാക്ക്
social media 2സമൂഹത്തില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനും സ്വന്തം അഭിപ്രായങ്ങളും ചിന്തകളും പങ്കു വെക്കാനുള്ള ഇടങ്ങള്‍ക്കായി അന്യന്റെ ഔദാര്യത്തിന് കാത്തുനില്‍ക്കുന്ന നടപ്പുശീലത്തിന് മാറ്റം വരുത്താനും കഴിഞ്ഞു എന്നതാണ് സോഷ്യല്‍ മീഡിയകള്‍ കൊണ്ടുണ്ടായ നേട്ടങ്ങളില്‍ ഒന്ന്. എന്നാല്‍ അപക്വവും അനിയന്ത്രിതവുമായ ഇവയുടെ ഉപയോഗവും വ്യാപനവും പൊതുസമൂഹത്തില്‍ പല തെറ്റായ പ്രവണതകളും ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട് എന്നതും കാണാതിരുന്നു കൂട. ഇസ്‍ലാമിക പക്ഷത്തു നിന്ന് വിലയിരുത്തുമ്പോള്‍, വിശുദ്ധ മതത്തിന്റെ ചേരിയില്‍ നില്‍ക്കുന്നു എന്ന പ്രതീതി ജനിപ്പിച്ചു കൊണ്ട് ഇത്തരം മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചിലര്‍ അഭിനവ മുഫ്തികളും നവയുഗ മുജദ്ദിദുകളുമായി രംഗപ്രവേശം ചെയ്യുന്ന അപടകരമായ പരിതസ്ഥിതി തന്നെയാണ് ഇത്തരം ദുഷ്പ്രവണതകളില്‍ ഏറ്റവും ഗൗരവപൂര്‍ണ്ണമായത് എന്ന് കാണാന്‍ പ്രയാസമില്ല. കേരളീയ മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, പൊതു സമൂഹത്തിന്റെ ഭാഗമായുള്ള അവരുടെ അതിജീവനവും ഇടപെടലുകളും, ഇതര മതസ്ഥരോടും അവരുടെ ആചാരാനുഷ്ഠാനങ്ങളോടുമുള്ള ഇസ്‍ലാമിന്റെ സമീപനം, കല, സാഹിത്യം മുതലായ സാംസ്‌ക്കാരിക ചിഹ്നങ്ങളെ ഇസ്‍ലാം നോക്കിക്കാണുന്ന രീതി തുടങ്ങിയവ എന്നും ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വിഷയീഭവിച്ചിട്ടുണ്ട്. ഇത്തരം വിഷയങ്ങളിലെല്ലാം യുക്തിയുക്തവും പ്രാമാണികബദ്ധവുമായ ഇസ്‍ലാമിക കാഴ്ചപ്പാട് അതാതു കാലത്തെ പണ്ഢിതന്മാര്‍ വ്യക്തമാക്കിപ്പോരുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിര്‍ച്വല്‍ മീഡിയയില്‍ തങ്ങള്‍ക്കു ലഭിച്ച സ്വതന്ത്ര ഇടങ്ങളില്‍ ഇസ്‍ലാമിന്റെ മഹിതമായ ആശയങ്ങള്‍ക്ക് അടിസ്ഥാനരഹിതമായ വ്യാഖാനങ്ങള്‍ ചമച്ച് ഇസ്‍ലാമിന്റെ മുഖം വികലമാക്കുന്ന ചില പുത്തന്‍കൂറ്റ് ഇസ്‍ലാമിസ്റ്റുകളുടെ 'ഇടപെടലിസം' ഒട്ടും ആശാസ്യമാണെന്ന് കരുതുക വയ്യ. ആത്മീയാധിഷ്ഠിതവും പരലോക വിശ്വാസ ബന്ധിതവുമായ ഇസ്‍ലാമിക ദര്‍ശനത്തിന്റെ ആണിക്കല്ലിളക്കി തല്‍സ്ഥാനത്ത് ആധുനികന്റെ അതിഭൗതികതയിലൂന്നിയ ഒരു നവീന തട്ടിക്കൂട്ട് പ്രത്യയശാസ്ത്രം പ്രതിഷ്ഠിച്ച് തങ്ങളുടെ വിടുവായിത്തങ്ങള്‍ക്കും അല്‍പത്തരങ്ങള്‍ക്കും ഇസ്‍ലാമിന്റെ ഉടയാടയണിയിച്ച് എഴുന്നള്ളിക്കാനാണ് ഇത്തരം സ്വയം പ്രഖ്യാപിത വിപ്ലവകാരികള്‍ ശ്രമിക്കുന്നത്.  വ്യാജ ഹദീസുകളുടെയും ദുരുദ്ദേശപൂര്‍ണ്ണമായ ചരിത്ര നിര്‍മ്മിതികളുടെയും കൂട്ടു പിടിച്ച് പ്രവാചകന്‍ സംഗീതത്തെയും നൃത്തത്തെയും ആസ്വദിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് വരെ ഇവര്‍ നിറം ചേര്‍ത്ത് എഴുതിപ്പിടിപ്പിക്കുമ്പോള്‍ പൊതു സമൂഹത്തില്‍ ഇസ്‍ലാമിന്റെ സ്വീകാര്യത വര്‍ദ്ധിക്കുകയോ സ്വതന്ത്രപൂര്‍ണ്ണവും വിശാലാധിഷ്ടിതവുമായ നിലപാടെന്ന പേരില്‍അവ ശ്ലാഘിക്കപ്പെടുകയോ കൊട്ടിഘോഷിക്കപ്പെടുകയോ അല്ല ചെയ്യുന്നത്. മറിച്ച് ഇസ്‍ലാം മുന്നോട്ടു വെക്കുന്ന മൂല്യാധിഷ്ഠിതവും മാനവിക പക്ഷം ചേര്‍ന്നു നില്‍ക്കുന്നതുമായ ആശയങ്ങളില്‍ വെള്ളം ചേര്‍ക്കപ്പെടുകയാണ്. ചിന്തക്കും യുക്തിക്കും അനല്‍പമായ സ്ഥാനം നല്‍കുന്ന മതമാണ് ഇസ്‍ലാം എന്നതിന് നാളിതു വരെയുള്ള ചരിത്രാദ്ധ്യായങ്ങളും ആധുനിക ശാസ്ത്രത്തെപ്പോലും അമ്പരപ്പിന്‍റെ പരകോടിയിലെത്തിച്ച പരിശുദ്ധ ശറഇന്‍റെ യുക്തിയുക്തമായ കാഴ്ചപ്പാടുകളും സാക്ഷിയാണ്. എന്നാല്‍ മനുഷ്യനെന്ന ദുര്‍ബ്ബലജീവിയുടെ തുലോം പരിമിതമായ ചിന്താമണ്ഢലത്തിലും ബൌദ്ധിക ചക്രവാളത്തിലും ഒതുങ്ങുന്നതാകണം ദൈവിക ബോധനങ്ങളോരോന്നും എന്ന് വാശി പിടിക്കല്‍ ഏറ്റവും ലളിതമായി പറഞ്ഞാല് ശുദ്ധ മണ്ടത്തരമാണ്. തങ്ങളുടെ അല്‍പബുദ്ധിയിലൊതുങ്ങാത്ത ശറഈ നിയമങ്ങളെ എതിര്‍ക്കുകയും ആക്ഷേപിക്കുകയും ചെയ്യുകയും എന്നിട്ട് അതിനെ ഇസ്‍ലാമിക പാരമ്പര്യത്തിന്‍റെയും പൈതൃകത്തിന്‍റെയും സംരക്ഷണമെന്ന് വിളിക്കുകയും ചെയ്യുന്നവര്‍ ഈ മണ്ടത്തരമാണ് തങ്ങളുടെ യോഗ്യതയെന്ന് പറയാതെ പറയുകയാണ്. കലയുടെയും സാഹിത്യത്തിന്റെയും സ്ഥാനം ഒരിക്കലും ഇസ്‍ലാമിക സംസ്‌കൃതിയുടെയോ അത് മുന്നോട്ടു വെക്കുന്ന മൂല്യാധിഷ്ഠിത ജീവിതത്തിന്റേയോ പ്രതിസ്ഥാനത്തല്ല. എന്നാല്‍ മറ്റെന്തിനുമെന്ന പോലെ യുക്തിഭദ്രവും മൂല്യാധിഷ്ഠിതവുമായ അതിര്‍വരമ്പുകളും നിയന്ത്രണരേഖകളും ഇവക്കും ഇസ്‍ലാം നിശ്ചയിച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണം എന്ന് പറയുന്നത് തന്നെ തന്റെ ദേഹേച്ഛകള്‍ക്കും ഭോഗങ്ങള്‍ക്കും എതിരായ ഈ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും കീഴൊതുങ്ങി ജീവിതം നയിക്കുക എന്നുള്ളതാണ്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍, നമുക്കു ചുറ്റും മായിക വലയം തീര്‍ക്കുന്ന ഭൗതിക ഭ്രമങ്ങളുടെ പളപളപ്പിനെ അതിജയിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ജീവിതവിജയം കരഗതമായെന്ന് സത്യവിശ്വാസിക്ക് അവകാശപ്പെടാനാകൂ. സര്‍വ്വസ്വതന്ത്ര ഇസ്‍ലാമിന്റെ അഭിനവ പ്രയോക്താക്കള്‍ തമസ്‌ക്കരിക്കാന്‍ ശ്രമിക്കുന്നത് ഈ ആടിസ്ഥാനിക സത്യത്തെയാണ്. കലയുടെ പേരില്‍ ഇന്ന് അരങ്ങു തകര്‍ക്കുന്ന പേക്കൂത്തുകളെയും ആഘോഷ മഹാമഹങ്ങളെയും നിഷ്പക്ഷതയുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്കാര്‍ക്കും ന്യായീകരിക്കാനാവതല്ല തന്നെ. ശതകോടികളൊഴുക്കി നൈമിഷിക വിനോദം മാത്രം ലക്ഷ്യമിട്ട് നിര്‍മ്മിക്കപ്പെടുന്ന ഹോളിവുഡ്, ബോളിവുഡ് ചലച്ചിത്രങ്ങള്‍ വരെ ഇന്ന് സമൂഹ മദ്ധ്യത്തില്‍ നിര്‍ബാധം എഴുന്നള്ളിക്കപ്പെടുന്നത് ഇതേ കലയുടെ പേരിലാണ് എന്നതില്‍ നിന്നു തന്നെ ഇതിന്‍റെ അപഹാസ്യത ഏവര്‍ക്കും ബോധ്യപ്പെടാവുന്നതേയുള്ളൂ. അറപ്പുളവാക്കുന്ന ലൈംഗികാതിപ്രസരണവും സാമൂഹിക മൂല്യങ്ങളെ പരിഹസിക്കുകയും പിഴുതെറിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അരാജകവാദമുഖങ്ങളും മദ്ധ്യവര്‍ഗ്ഗ മനസ്സിനെ വിസ്മയിപ്പിച്ച് വീഴ്ത്തുന്ന മറ്റ് മായികക്കാഴ്ചകളും മാത്രം അണിനിരത്തുന്ന ഇത്തരം ആഭാസങ്ങള്‍ കച്ചവടച്ചരക്കുകളെന്നതിനപ്പുറം ആദരവര്‍ഹിക്കുന്ന മറ്റെന്തൊക്കെയോ ആണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കുത്സിത യത്‌നങ്ങള്‍ക്ക് അറിഞ്ഞോ അറിയാതെയോ കൂട്ടു നില്‍ക്കുന്നു എന്ന അക്ഷന്തവ്യമായ അപരാധവും ഇത്തരക്കാരില്‍ നിന്ന് സംഭവിക്കുന്നു. ഇസ്‍ലാമിക സമൂഹം പൊതു സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് പോകുന്നുവെന്ന് പേര്‍ത്തും പേര്‍ത്തും വിലപിക്കുകയും കേരളത്തിലേക്ക് ഇസ്‍ലാമിന്റെ വിശുദ്ധ സന്ദേശവുമായി കടന്നു വന്ന തിരുദൂതരുടെ അനുയായിവൃന്ദത്തിന്റെ അത്യാകര്‍ഷണീയവും ഹൃദ്യവുമായ സ്വഭാവ-സംസ്‌ക്കാര മാതൃകയെക്കുറിച്ച് നിരന്തരം സമുദായത്തെ തെര്യപ്പെടുത്തുകയും ചെയ്യുന്ന ഇക്കൂട്ടര്‍, തങ്ങള്‍ പ്രചരണദൗത്യമേറ്റെടുത്ത ഇസ്‍ലാമിക സന്ദേശങ്ങളില്‍ ഒരു സന്ദര്‍ഭത്തിലും വെള്ളം ചേര്‍ക്കാന്‍ ആ പ്രബോധക സംഘം സന്നദ്ധരല്ലായിരുന്നു എന്ന മര്‍മ്മപ്രധാനമായ വിഷയം സൗകര്യപൂര്‍വ്വം വിസ്മരിക്കാന്‍ ശ്രമിക്കുകയാണ്. നൈമിഷിക നേട്ടങ്ങള്‍ക്കും വൈയക്തിക താല്‍പര്യങ്ങള്‍ക്കും വേണ്ടി ഇസ്‍ലാമികാദര്‍ശങ്ങളെ വളച്ചൊടിക്കുകയും അവയുടെ പരിശുദ്ധതയില്‍ മായം കലര്‍ത്തുകയും ചെയ്യുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ഇവര്‍ തുരങ്കം വെക്കുന്നത് തങ്ങള്‍ സംരക്ഷകരായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന ഇസ്‍ലാമിന്റെ താത്വിക സമഗ്രതക്കും ആശയ സമ്പൂര്‍ണ്ണതക്കും തന്നെയാണ്. ആത്മീയ-വൈജ്ഞാനിക മേഖലകളിലെ കള്ളനാണയങ്ങളെ ഉയര്‍ത്തിക്കാട്ടി പണ്ഢിത സമൂഹത്തെയും ആത്മീയ വിഹായസ്സിലെ നിത്യജ്വലിത താരകങ്ങളായി വിളങ്ങി നില്‍ക്കുന്ന സൂഫീശ്രഷ്ഠരെയും ഒന്നടങ്കം താറടിച്ച് കാണിച്ച് പണ്ഢിതനെന്നോ പാമരനെന്നോ അന്തരമില്ലാത്ത സര്‍വ്വസമത്വ ഇസ്‍ലാമെന്ന പുതിയൊരു വിഭവവും ഇത്തരക്കാര്‍ യഥേഷ്ടം വിളമ്പുന്നുണ്ട്. ദീന്‍ പഠിക്കാന്‍ ഗൂഗിളും മുശാവറ കൂടാന്‍ വാട്‌സാപ്പും ഫേസ്ബുക്കും ട്വിറ്ററുമൊക്കെയുള്ളതു കൊണ്ട് പുരോഹിത വര്‍ഗ്ഗം കിതാബ് മടക്കി മൈക്കും ഓഫാക്കി വീട്ടിലിരിക്കണമെന്നാണ് ഇവര്‍ ഫത്‍വ ഇറക്കിയിരിക്കുന്നത്. ഇവര്‍ നിരന്തരം തെറി പറഞ്ഞാക്ഷേപിക്കുകയും അപരിഷ്‌കൃതരും പഴഞ്ചരുമെന്ന് പറഞ്ഞ് പുച്ഛിച്ചു തള്ളുകയും ചെയ്യുന്നവരൊന്നും സോഷ്യല്‍ മീഡിയകളില്‍ നിരങ്ങി തങ്ങളുടെ സമയം പാഴാക്കാന്‍ മുതിരാത്തതു കൊണ്ടും തങ്ങളുടെ അല്‍പത്തരങ്ങളില്‍ നിന്ന് മുളപൊട്ടിയ വികലമായ ചിന്തകള്‍ പങ്കു വെക്കാന്‍ ഈ വിമര്‍ശന തൊഴിലാളികള്‍ അവരെ സമീപിക്കാത്തതു കൊണ്ടും ഇവരുടെ വാദമുഖങ്ങള്‍ പൊതു സമൂഹത്തില്‍ അറ്റമില്ലാത്ത ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും വഴിമരുന്നിട്ട് വിഡ്ഢികളുടെ സ്തുതിപാഠനത്തിന് പാത്രമായിക്കൊണ്ടിരിക്കുന്നു. മതേതരത്വത്തോടുള്ള പ്രതിപത്തിയുടെയോ ബഹുസ്വരതയോടുള്ള അതിഭക്തിയുടെയോ കപട വര്‍ണ്ണം വാരിയണിഞ്ഞ് 'പുരോഗമന മുസ്‍ലിം പക്ഷ'ത്ത് സ്വയപ്രതിഷ്ഠ നടത്താനുള്ള ഇവരില്‍ ചിലരുടെ കരണം മറിച്ചിലുകളുടെ ഭാഗം തന്നെയാണ് നബിദിനാഘോഷം തനി ശിര്‍ക്കും ക്രിസ്മസ് ആഘോഷവും ആശംസാ കൈമാറ്റവും മുഅക്കദായ സുന്നതുമാകുന്ന വിരോധാഭാസവും. ഭൂരിപക്ഷത്തിന്‍റെ കയ്യടി നേടാന് ഇസ്‍ലാം വിമര്‍ശത്തോളം പറ്റിയ മറ്റൊരു പൊടിക്കൈ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് ഇവര്‍ കൃത്യമായി മനസ്സിലാക്കി വെച്ചിട്ടുണ്ട്. ഇസ്‍ലാമിക മൂല്യങ്ങളെയും വിശുദ്ധ ദര്‍ശനങ്ങളെയും കാലത്തിന്‍റെ കുത്തൊഴുക്കില്‍ ഒഴുകിയകലാനനുവദിച്ച് പാരമ്പര്യത്തെയും പൈതൃകത്തെയും കൈയ്യൊഴിഞ്ഞു കൊണ്ടിരിക്കുന്ന സമുദായം തന്നെയാണ് ഇത്തരക്കാരുടെ വളര്‍ച്ചക്ക് വളം വെച്ച് കൊടുക്കുന്നത്. ‘പുരോഗമന കോലാഹലക്കാര്‍’ ചാര്‍ത്തിക്കൊടുത്ത പഴഞ്ചനെന്നും ചിന്തിക്കാത്തവരെന്നും തുടങ്ങിയ അപകര്‍ഷതകള്‍ കൂടി എടുത്തണിയുന്നതോടെ ചിത്രം പൂര്‍ണ്ണമാകുന്നു. ഭാവിയെ പൊതിഞ്ഞു നില്ക്കുന്ന അതിഭീതിദമായ അത്യാഹിതത്തെ ഇനിയും അവഗണിക്കാന് ശ്രമിച്ചാല്‍ ഫലം ഭീകരമായിരിക്കുമെന്ന് സമുദായം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter