കുളിയുടെ രൂപം

KULI നിര്‍ബന്ധ കുളിയുടെ ഏറ്റവും ചെറിയ രൂപം വലിയ അശുദ്ധിയെ ഉയര്‍ത്തുന്നു എന്ന നിയ്യതോടെ ത്വഹൂറായ വെള്ളം ശരീരമാസകലം ഒലിപ്പിക്കലാണ്. കുളിയുടെ ശര്‍ഥുകള്‍ അഞ്ച് - ത്വഹൂറായ വെള്ളം ഉപയോഗിക്കുക, അവയവങ്ങളില്‍ വെള്ളം ഒലിപ്പിക്കുക, അയവങ്ങളില്‍ വെള്ളം പകര്‍ച്ചയാകുന്ന വസ്തകുക്കള്‍ ഇല്ലാതിരിക്കല്‍, അയവങ്ങളില്‍ വെളളം ചേരുന്നതിനെ തടയുന്നത് ഇല്ലാതിരിക്കല്‍, നിത്യ അശുദ്ധിയുള്ളവന്‍ നിസ്കാര സമയം പ്രവേശിക്കല്‍ എന്നിവയാണവ. കുളിയുടെ ഫര്‍ളുകള്‍ രണ്ട് - നിയ്യത്, മുടിയും രോമങ്ങളും അടക്കം ശരീരമാസകലം വെള്ളം വ്യാപിക്കുക.

കുളിയുടെ പൂര്‍ണ്ണരൂപം

സ്ഖലനം സംഭവിച്ചവരാണെങ്കില്‍ കുളിയുടെ മുമ്പ് മൂത്രമൊഴിച്ച് ശൌച്യം ചെയ്യുക. പിന്നീടു കുളിമുറിയില്‍ പ്രവേശിക്കുന്നു. മുട്ടുപൊക്കിളിനിടയില്‍ മറയത്തക്കരീതിയില്‍ മുണ്ടോ തുണിയോ ധരിക്കണം. ഖിബ്‍ലക്ക് മുന്നിട്ടു നിന്ന് മൂന്നൂ പ്രാവശ്യം ബിസ്മി ചൊല്ലുക. ബിസ്മി ചൊല്ലുമ്പോള്‍ കുളിയുടെ സുന്നത് നിറവേറ്റുകയാണെന്നു മനസ്സില്‍ നിയ്യതുണ്ടാകണം. പിന്നീട് ശരീരത്തിലുള്ള അഴുക്കുകള്‍ നീക്കം ചെയ്യണം. അതിനു ശേഷം വായില്‍ വെള്ളം കൊപ്ലിക്കുകയും മൂക്കില്‍ വെള്ളം കയറ്റിചീറ്റുകയും ചെയ്യുക. പിന്നീട് പൂര്‍ണ്ണമായ ഒരു വുളൂഅ് എടുക്കുക. കുളിയുടെ സുന്നതായ വുളൂഅ് എടുക്കുന്നു എന്നാണ് ഈ വുളൂഇനുള്ള നിയ്യത്. ഈ വുളൂഅ് മുറിയാതെ കുളി അവസാനിക്കും വരെ സൂക്ഷിക്കണം. മുറിഞ്ഞുപോയാല്‍ ഉടനെ വീണ്ടും വുളൂഅ് എടുക്കുക. പിന്നീട് ശരീരത്തിലെ ചുളിഞ്ഞ ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചു കഴുകുക. ചെവി, കക്ഷം, പൊക്കിള്‍, പീളക്കുഴി, വിണ്ടുകീറിയ ഭാഗങ്ങള്‍, രോമങ്ങളുടെയും മുടികളുടെയും മുരടുകള്‍ എന്നിവ അവയില്‍പ്പെടും. തലയില്‍ മുടിയുണ്ടെങ്കില്‍ അത് തിക്കകറ്റുക. പിന്നെ വലിയ അശുദ്ധി ഉയര്‍ത്തുന്നു എന്ന നിയ്യതോടെ തലയില്‍ വെള്ളം ഒഴിക്കുക. പിന്നീട് ശരീരത്തിന്‍റെ വലതു ഭാഗത്തും വെള്ളം ഒഴിക്കുക. അതിനു ശേഷം ഇടതു ഭാഗത്തും ഒഴിക്കുക. വെള്ളം ഒഴിക്കുമ്പോള്‍ ഉരച്ചു കഴുകകയും വേണം. ഇങ്ങനെ മൂന്നു പ്രാവശ്യം തലയിലും വലതു ഇടതു ഭാഗങ്ങളില്‍ വെള്ളം ഒഴിക്കുകയും ഉരച്ചു കഴുകകയും ചെയ്യുക. ശരീരത്തിലെ എല്ലാ ഭാഗങ്ങളിലും മുടികളിലും മടക്കുകളിലും ചുളിവുകളിലും വെള്ളം എത്തിക്കണം. ഇവയെല്ലാം തുടര്‍ച്ചയായി ചെയ്യുക. ഇടയില്‍ സംസാരം ഒഴിവാക്കുക. അകാരണമായി തോര്‍ത്താതിരിക്കുക. കുളി കഴിഞ്ഞ ഉടനെ ഖിബ്‍ലയിലേക്ക് മുന്നിട്ട് രണ്ടു കൈകളും ഉയര്‍ത്തി ആകാശത്തേക്ക് നോക്കി ഇങ്ങനെ മൂന്നു പ്രാവശ്യം പറയുക

أَشْهَدُ أَنْ لاَ إِلهَ إِلاَّ اللهُ وَحْدَهُ لاَ شَرِيكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولًهُ - سًبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَأَشْهَدُ أَنْ لاَ إِلهَ إِلاَّ أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيكَ، اللَّهُمَّ اجْعَلْنِي مِنَ التَّوَّابِينَ وَاجْعَلْنِي مِنَ الْمُتَطَهِّرِينَ وَاجْعَلْنِي مِنَ عِبَادِكَ الصَّالِحِينَ وَاجْعَلْنِي صَبُورًا شَكُورًا وَأَذْكُرُكَ ذِكْرًا كَثِيرًا وَأُسَبِّحُكَ بُكْرَةً وَأَصِيلاً

(ഏകനായ അല്ലാഹു മാത്രമല്ലാതെ ഒരു ആരാധ്യനുമില്ലെന്നും അവനു യാതൊരു പങ്കുകാരനില്ലെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. മുഹമ്മദ് (സ) അവന്‍റെ ദാസനും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു നീ എത്ര പരിശുദ്ധന്‍. നിനക്കു തന്നെയാണ് സര്‍വ്വ സ്ത്രോതങ്ങളും. നീ അല്ലാതെ മറ്റൊരു ഇലാഹ് ഇല്ലെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാന്‍ പൊറുക്കാനപേക്ഷിക്കുന്നു. നിന്നിലേക്ക് പശ്ചാതപിച്ചു മടങ്ങുന്നു. അല്ലാഹുവേ എന്നെ നീ നന്നായി പശ്ചാതപിച്ചു മടങ്ങുന്നവരില്‍ ആക്കേണമേ. വളരെ വിശുദ്ധിയുള്ളവരിലും ആക്കേണമേ. നിന്‍റെ നല്ലവരായ ദാസന്മാരിലും ആക്കാണമേ. എന്നെ നീ നന്നായി ക്ഷമയുള്ളവനും, കൂടുതല്‍ നന്ദി ചെയ്യുന്നവനും ധാരാളം ദിക്റ് ചൊല്ലി നിന്നെ ഓര്‍ക്കുന്നവനും രാവിലെയും വൈകുന്നേരവും നിനക്കു തസ്ബീഹു ചൊല്ലുന്നവനുമാക്കാണമേ.) പിന്നീട് ഇതിനു ശേഷം മൂന്നു പ്രാവശ്യം നബി(സ)യുടെ മേല്‍ സ്വലാതും സലാമും ചൊല്ലുക. കൈ താഴ്തിയതിനു ശേഷം മൂന്നു പ്രാവശ്യം സുറതുല്‍ ഖദ്റ് (ഇന്നാ അന്സല്‍നാഹു) ഓതുക. സുന്നതു കുളികളും മേല്‍പറഞ്ഞ പോലെയാണ്. നിയ്യതില്‍ മാത്രം മാറ്റം വരുത്തണം. ഉദാഹരണത്തിനു ജുമുഅയുടെ സുന്നത് കുളി ഞാന്‍ കുളിക്കുന്നു എന്നു കരുതണം.

തയ്യാറാക്കിയത് - അബ്ദുല്‍ജലീല്‍ ഹുദവി വേങ്ങൂര്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter