നിസ്‌കാരം തിരുമുന്നിലെ സര്‍വ്വ സമര്‍പ്പണം
<img class="alignleft size-full wp-image-22805" data-cke-saved-src="http://www.islamonweb.net/wp-content/uploads/2011/12/12.jpg" src="http://www.islamonweb.net/wp-content/uploads/2011/12/12.jpg" alt=" width=" 180"="" height="280">ഇസ്‌ലാമിലെ അനുഷ്ഠാന കര്‍മ്മങ്ങളില്‍ അതിപ്രധാന കര്‍മ്മമാണ് നിസ്‌കാരം. മനുഷ്യന്റെ അത്മീയതയുടെയും സാമൂഹികതയുടെയും സംഘടിത ശക്തിയുടെയും സാധ്യത ഒരു പരിധി വരെ നിസ്‌കാരത്തിലൂടെ സാധ്യമാകുന്നുണ്ട്. നിശ്ചയിക്കപ്പെട്ട സമയത്തില്‍ നിസ്‌കാരം നിര്‍വ്വഹിക്കപ്പെടുക വഴി സമയ ക്രമീകരണം പുലര്‍ത്താന്‍ കഴിയുന്നു. ഇസ്‌ലാമിക ശരീരത്തില്‍ മനുഷ്യന്റെ സ്ഥാനം കണക്കാക്കപ്പെടുന്നത് തന്നെ നിസ്‌കാരം കൃത്യമായി നിലനിര്‍ത്തുന്നതിലൂടെയാണ്. പഞ്ചസ്തംഭങ്ങളില്‍ ശ്രേഷ്ഠമായ ഈ കര്‍മ്മം ചെയ്യുന്നതിലൂടെ അവന്‍ സമൂഹത്തില്‍ ശ്രേഷ്ഠനായിത്തീരുന്നു.
നിസ്‌കാരത്തിന്റെ ആന്തരികത
തീര്‍ച്ചയായും വിശ്വാസികള്‍ വിജയിച്ചിരിക്കുന്നു. അവര്‍ അവരുടെ നമസ്‌കാരങ്ങളില്‍ ഭയഭക്തിയുള്ളവരായിരിക്കുന്നു. വിശ്വാസികള്‍ വിജയിച്ചു എന്ന് മാത്രമല്ല പറഞ്ഞത്, നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. നിസ്‌കരിക്കുന്ന വിശ്വാസികള്‍ എന്ന് മാത്രമല്ല പറഞ്ഞത് നിസ്‌കാരത്തില്‍ ഭയഭക്തിയുള്ള വിശ്വാസികള്‍ എന്നാണ് പറഞ്ഞത്. മുകളില്‍ പറഞ്ഞ വിശേഷണത്തിനു പുറമേ വിശ്വാസികളുടെ മൂന്ന് നാല് വിശേഷണങ്ങള്‍ പറഞ്ഞ ശേഷം വീണ്ടും അള്ളാഹു നിസ്‌കാരത്തെ കുറിച്ചു തന്നെ പറയുന്നു. 'അവര്‍ അവരുടെ നിസ്‌കാരങ്ങളെ ചെയ്യേണ്ടതുപോലെ നിത്യമായി ചെയ്യുന്നവരാണ്'. അതിനുശേഷം അള്ളാഹു പറയുന്നു. അവരാണ് ഉന്നതമായ ഫിര്‍ദൗസ് എന്ന സ്വര്‍ഗത്തെ അനന്തരമെടുക്കുന്നവര്‍. അവര്‍ അതില്‍ ശാശ്വതരാണ്. ഉന്നത സ്വര്‍ഗത്തെ അനന്തരമെടുക്കുന്ന വിശ്വാസികളുടെ ആദ്യത്തേയും അവസാനത്തേയും വിശ്ഷണമായി പറഞ്ഞത്. അവരുടെ നിസ്‌കാരത്തെ കുറിച്ചാണ്.
മനുഷ്യപ്രവര്‍ത്തനങ്ങളില്‍ പരലോകത്ത് വെച്ച് ഒന്നാമതായി ചോദ്യം ചെയ്യപ്പെടുന്ന പ്രവര്‍ത്തനം നിസ്‌കാരമാണ്. മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത്, മഹാനായ നബ്(സ) തങ്ങളെ അള്ളാഹുതആല തന്റെ സന്നിദ്ധിയിലേക്ക് വിളിച്ചു വരുത്തി നല്‍കിയ മഹത്തായ സമ്മാനം, എങ്ങനെ നിര്‍വഹിക്കണമെന്ന് ജിബ്‌രീല്‍(അ) കാണിച്ചുകൊടുത്ത ഏക ഇബാദത്ത്, വിശ്വാസിയുടെ മിഅ്‌റാജ്, നിഷിദ്ധവും മ്ലേച്ഛവുമായ എല്ലാ കാര്യങ്ങളില്‍ നിന്നും മനുഷ്യനെ തടയുമെന്ന് ഖുര്‍ആന്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ച അമല്‍, ഈമാനിനെയും കുഫ്‌റിനെയും വേര്‍തിരിക്കുന്ന അടയാളം, പ്രാണവായുവിനെപ്പോലെ മുഅ്മിനിന്റെ നിഖില മേഖലകളിലും സമയങ്ങളിലും തേടപ്പെട്ട ഇബാദത്ത്, ദീനിന്റെ തൂണ്‍ എന്ന് റസൂലുള്ളാഹി(സ) വിശേഷിപ്പിച്ച ഇബാദത്ത്, ഉപേക്ഷിച്ചാല്‍ മടക്കാത്ത പക്ഷം നിര്‍ബന്ധമായും തലവെട്ടണമെന്ന് കല്‍പിക്കപ്പെട്ട ഇബാദത്ത് തുടങ്ങിയ ഒട്ടനവധി വിശേഷണങ്ങള്‍ക്കര്‍ഹമാണീ നമസ്‌കാരം.
മേല്‍പറഞ്ഞ വിശേഷണങ്ങള്‍ക്കര്‍ഹമാവാനും ലക്ഷങ്ങള്‍ മുടക്കിപ്പെയ്യുന്ന ഹജ്ജിനേക്കാള്‍ ശ്രേഷ്ഠമാവാനും ഉപേക്ഷിച്ചാല്‍ തലവെട്ടാനും എന്താണ് നിസ്‌കാരത്തിലുള്ളത്?
ഉടമയും യജമാനനും അള്ളാഹു മാത്രമാണ്. അവന്റെ അടിമകളാണ് മനുഷ്യനും മറ്റെല്ലാ വസ്തുക്കളും. ഈ അടിമത്തത്തില്‍ നിന്നും ഒരിക്കലും മോചിതരാകാന്‍ ആര്‍ക്കും സാധ്യമല്ല. ജീവിതത്തിന്റെ നിഖില മേഖലകളിലും അവനെ അനുസരിച്ച് ജീവിക്കാന്‍ കടപ്പെട്ടവരാണ് നാം. എന്നാല്‍ ഈ അനുസരണയില്‍ നിന്നും അവനെ വ്യതിചലിപ്പിക്കുവാന്‍ ഒരുപാട് പിശാചുക്കള്‍ ഠലാകത്തുണ്ട്. നബി(സ) പറഞ്ഞു. മനുഷ്യശരീരത്തില്‍ രത്ക സഞ്ചാരം നടക്കുന്ന സ്ഥലങ്ങളിലൂടെയെല്ലാം പിശാച് സഞ്ചരിക്കുന്നു. സൂറതുല്‍ യാസീനില്‍ ഇങ്ങനെയുണ്ട്. 'ഓ ആദം സന്തതികളെ ശൈത്വാനെ നിങ്ങള്‍ ആരാധിക്കരുതെന്നും അവന്‍ നിങ്ങളുടെ വ്യക്തമായ ശത്രുവാണെന്നും നിങ്ങളോട് ഞാന്‍ കരാര്‍ ചെയ്തില്ലയോ.....? നിങ്ങള്‍ എന്നെ ആരാധിക്കണമെന്നും അതാണ് നേരായ വഴിയെന്നും, തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് വലിയൊരു വിഭാഗം ആളുകളെ അവന്‍ (പിശാച്) വഴിതെറ്റിച്ചിട്ടുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?' അപ്പോള്‍ നമ്മുടെ മുഖ്യ ശത്രു, പിശാച് നമ്മെ എല്ലാ സമയത്തും അള്ളാഹുവിനെ ആരാധിക്കുന്നതില്‍ നിന്നും തടയുകയും പിശാചിനെ അനുസരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നമ്മെ പരീക്ഷിക്കാന്‍ വേണ്ടി യാണ് അവയെ അള്ളാഹു പറഞ്ഞു വിട്ടത്. അള്ളാഹുവിന്റെ പരീക്ഷണത്തില്‍ വിജയശ്രീലാളിതരായി കൊണ്ട് ശൈത്വാനിന് നമ്മള്‍ വഴിപ്പെടുകയില്ലെന്നും, അള്ളാഹുവിന് മാത്രമേ വഴിപ്പെടുകയുള്ളൂവെന്നും സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുവാനാണ് ദിവസവും അഞ്ച് നേരം നിസ്‌കാരം ശറആക്കപ്പെട്ടത്.
അതാണ് അള്ളാഹു പറഞ്ഞത് 'എന്നെ സ്മരിക്കാന്‍ വേണ്ടി താങ്കള്‍ നിസ്‌കാരത്തെ നിലനിര്‍ത്തുക.' നബി(സ) പറയുന്നു.''നിശ്ചയം നിസ്‌കരിക്കുന്നവന്‍ അള്ളാഹുമായി അഭിമുഖ സംഭാഷണം നടത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ എന്ത് പ്രവര്‍ത്തിച്ചും പറഞ്ഞും കൊണ്ടാണ് അവന്‍ മുനാജാത്ത് നടത്തുന്നത് എന്ന് ചിന്തിച്ചു കൊള്ളട്ടെ''. ഇഃ് യാഥാര്‍ത്ഥ്യമാകുന്നത് ഭക്തിയിലൂടെയും മന:സാന്നിധ്യത്തിലൂടെയുമാണ്. ഭയഭക്തിയാണ് നിസ്‌കാരത്തിന്റെ ആത്മാവ്. ഇതില്ലെങ്കില്‍ നിസ്‌കാരം കൊണ്ട് ഉദ്ദേശിക്കുന്ന യാഥാര്‍ത്ഥ ലക്ഷ്യം നിറവേറ്റുന്നില്ല. മുഅ്മിനിന്റെ മിഹ്‌റാജാണ് നിസ്‌കാരം. മിഹ്‌റാജ് എന്നാല്‍ ഒരൊറ്റ രാത്രി കൊണ്ട് ഏഴാകാശവും കയറി അള്ളാഹുവിന്റെ പരിശുദ്ധസവിധത്തില്‍ വെച്ച് നബി(സ) തങ്ങള്‍ നടത്തിയ അഭിമുഖ സംഭാഷണമാണ്. അതുപോലെ ഓരോ മുഅ്മിനും നടത്തുന്ന അള്ളാഹുമായുള്ള മുനാജാത്താണ് നിസ്‌കാരം. നബി(സ) പറഞ്ഞു. ''യാത്ര പറയുന്നവന്റെ നിസ്‌കാരം നീ നിസ്‌കരിക്കുക''. ഈ ലോകത്തിന്റെ എല്ലാ സുഖങ്ങളില്‍ നിന്നും ബന്ധങ്ങളില്‍ നിന്നും വിട പറഞ്ഞ് അള്ളാഹുവിലേക്ക് മടങ്ങുന്ന തരത്തിലുള്ള നിസ്‌കാരം നീ നിര്‍വ്വഹിക്കുക. എല്ലാം വിട്ട് അള്ളാഹുവിലേക്ക് മടങ്ങുന്നവന്റെ ഭാവത്തില്‍ വളരെ വിനയാന്വിതനായി അല്‍പം തല താഴ്ത്തി സുജൂദ് ചെയ്യുന്ന സ്ഥലത്തേക്ക് ദൃഷ്ടി പതിച്ച് നാം നിസ്‌കരിക്കാന്‍ നില്‍ക്കുന്നു.
തന്റെ മുഖവും ശരീരവും എന്ന പോലെ മനസ്സും അള്ളാഹുവിലേക്ക് തിരിച്ച് എല്ലാറ്റിനേക്കാളും വലിയവന്‍ അള്ളാഹുവാണ് എന്ന് അര്‍ത്ഥം വരുന്ന അള്ളാഹു അക്ബര്‍ എന്നു ഉച്ചരിച്ചുകൊണ്ട് കൈകെട്ടി കൂടുതല്‍ വിനയാന്വിതനായി അള്ളാഹുവിന്റെ മുമ്പില്‍ നാം നില്‍ക്കുന്നു. തക്ബീര്‍ ചൊല്ലുമ്പോള്‍ കൈ ഉയര്‍ത്തുന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്, ഐഹിക കാര്യങ്ങളില്‍ നിന്നെല്ലാം വിട്ട് അവയെക്കാള്‍ ഏറെ അള്ളാഹുവാണ് വലിയവന്‍ എന്ന വാക്ക് കൊണ്ട് പ്രഖ്യാപിക്കുന്നത് പോലെ അവയവങ്ങള്‍ കൊണ്ടും അത് പ്രവര്‍ത്തിച്ച് സമ്മതിക്കുകയും അള്ളാഹുവിന്റെ മഹത്തായ പ്രതിഫലം പ്രതീക്ഷിക്കലുമാണ്. പിന്നീട് വജ്ജഹ്തു ഓതുന്നു. അനുസരണയുള്ളവനായിരിക്കുന്ന തിന്മയെ തൊട്ട് തെന്നിമാറി ആകാശഭൂമികളുടെ സൃഷ്ടാവായ ഒരുത്തനിലേക്ക് ഞാനെന്റെ ശരീരവും മനസ്സുമെല്ലാം മുന്നിടിച്ചിരിക്കുന്നു. ഞാന്‍ അവനോട് ഒന്നിനേയും പങ്കു ചേര്‍ക്കുന്നവനല്ല. എന്റെ നിസ്‌കാരവും മറ്റെല്ലാ കര്‍മമ്വും എന്റെ ജീവിതവും മരണവും സര്‍വ്വലോക രക്ഷിതാവായ അള്ളാഹുവിനാണ്. ഈ പറയപ്പെട്ടവ കൊണ്ട് എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. ഞാന്‍ അനുസരണയുള്ളവനില്‍പ്പെട്ടവന്‍ തന്നെയാണ്. എന്നിങ്ങനെ അള്ളാഹുവിന്റെ മുമ്പില്‍ വെച്ച് പ്രതിജ്ഞ ചെയ്യുന്നു. പിന്നെ നിര്‍ബന്ധ പ്രാര്‍ത്ഥനയായ ഫാത്തിഹയിലേക്ക് പ്രവേശിക്കുന്നു. ഫാത്തിഹ പകുതി അള്ളാഹുവിനും ബാക്കി പകുതി നമുക്കും ഉള്ളതാണ്.
'പരമകാരുണ്യവാനായ അള്ളാഹുവിന്റെ നാമം കൊണ്ട് ഞാന്‍ ആരംഭിക്കുന്നു'. സര്‍വ്വസ്‌തോത്രങ്ങളും ലോക രക്ഷിതാവായ അള്ളാഹുവിനാണ്. പരമ കാരുണ്യവാനാണ് അവന്‍. പ്രതിഫലം നല്‍കപ്പെടുന്ന ദിവസത്തിന്റെ ഉടമസ്ഥനാണവന്‍. അവനെ മാത്രം നാം ആരാധിക്കുന്നു. ഇത്രയും ഭാഗം അള്ളാഹുവിനെ മഹത്വപ്പെടുത്തുന്നതാണ്. ബാക്കി ഭാഗം അള്ളാഹുവിനോട് നാം യാചിക്കുന്നതാണ്, 'നിന്നോട് മാത്രം സഹായം തേടുന്നു നീ എന്നെ നേര്‍മാര്‍ഗ്ഗത്തിലാക്കേണമേ നീ അനുഗ്രഹിച്ചവരുടെ വഴിയാണത്. കോപിക്കുന്നവരുടെയും വഴിപിഴച്ചവരുടെയും വഴിയല്ലാതെ'. ജമാഅത്തായിട്ടാണ് നിസ്‌കരിക്കുന്നതെങ്കില്‍ ഫാതിഹക്ക് ശേഷം ഇമാം 'ആമീന്‍' പറയുമ്പോള്‍ മലക്കുകളും ആമീന്‍ പറയുന്നു. അപ്പോള്‍ നേരായ മാര്‍ഗത്തിലേക്ക് ചേര്‍ക്കേണമേ എന്ന ഫാതിഹയിലെ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായിട്ടാണ് അവന്‍ പറഞ്ഞതെങ്കില്‍ അത് സ്വീകരിക്കപ്പെടുക തന്നെ ചെയ്യും.
ഫാതിഹക്ക് മുമ്പുള്ള പ്രാരംഭ പ്രാര്‍ത്ഥനയിലെ തന്റെ ജീവിതവും മരണവും എല്ലാം നിനക്കാണെന്ന ആ പ്രതിജ്ഞയ്ക്കും ആത്മാര്‍ത്ഥമാണെങ്കില്‍ പിന്നെ എങ്ങനെയാണ് അവനില്‍ നിന്നും മന:പൂര്‍വ്വം തെറ്റുകള്‍ ഉണ്ടാവുക. ദിവസേന ഈ പ്രതിജ്ഞ ചുരുങ്ങിയത് അഞ്ച് പ്രാവശ്യവും നിര്‍വ്വഹിക്കുന്നവനെ അള്ളാഹു എങ്ങനെ വഴികേടിലാക്കും. അതാണ് ഖുര്‍ആന്‍ പറയുന്നത് "തീര്‍ച്ചയായും നിസ്‌കാരം നിശിദ്ധ കാര്യങ്ങളില്‍ നിന്നും തിന്മകളില്‍ നിന്നും തടയും". നിസ്‌കാരം ഇത്തരം നീച കൃത്യങ്ങളില്‍ നിന്നും നമ്മെ തടയുന്നില്ലെങ്കില്‍ നമ്മുടെ നിസ്‌കാരം അതിന്റെ ശരിയായ അര്‍തഅഥത്തിലായിട്ടില്ല. എന്നാണ് അര്‍ത്ഥം നേരത്തെ ചെയ്ത പ്രതിജ്ഞയും പ്രാര്‍ത്ഥയും ആത്മാര്‍ത്ഥമല്ല എന്നാണ് മനസ്സിലാക്കേണ്ടത്. നമ്മുടെ നിസ്‌കാരം കേവലം കുമ്പിടല്‍ മാത്രമായി പോവുകയാണ്.
"നിസ്‌കാരം വിനയവും താഴ്മയവും പ്രകടിപ്പിക്കല്‍ മാത്രമാണ്". എന്നാണ് ഹദീസ്. നിസ്‌കാരത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുകയും ആ നിലയില്‍ നിസ്‌കാരം നിര്‍വ്വഹിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ അത് അള്ളാഹുവിനോടുള്ള താഴ്മ പ്രകടിപ്പിക്കലാവുകയും ആ രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ട് പോവാന്‍ കഴിയുകയുമുള്ളൂ. നബി(സ) പറയുന്നു. ''നിശ്ചയം അടിമ നിസ്‌കരിക്കുന്നു അവന്റെ നിസ്‌കാരത്തിന്റെ 1/6 ഓ 1/10 ഓ അവന് എഴുതപ്പെടുന്നില്ല. അവന്റെ നിസ്‌കാരത്തില്‍ നിന്ന് അവന്‍ ഗ്രഹിച്ചതല്ലാതെ അവന്‍ എഴുതപ്പെടുകയുമില്ല''. ഇത്തരത്തിലുള്ള പ്രതിഫലം ലഭിക്കുകയില്ല. എന്നു മാത്രമല്ല അത്തരം നിസ്‌കാരം നാശത്തിന് വഴിവെക്കുകയും ചെയ്യും. അതാണ് ഖുര്‍ആന്‍ പറഞ്ഞത് അശ്രദ്ധമായി നിസ്‌കരിക്കുന്നവര്‍ക്കാണ് നാശം. ഇവിടെ ഗസ്സാലി ഇമാം തന്റെ ഇഹ്‌യാ ഉലൂമിദ്ദീനില്‍ നല്ലൊരു ഉദാഹരണം പറയുന്നുണ്ട്. ഭൃത്യവേലക്ക് മഹാരാജാവിന്റെ സന്നിധിയില്‍ വരുന്നവന്‍ സന്നിധാനത്തെ ഗൗനിക്കാതിരിക്കുകയും പറയുന്നതെന്താണെന്ന് മനസ്സിലാക്കാതെ അശ്രദ്ധമായി സംസാരിക്കുകയും ചെയ്യുകയാണെങ്കില്‍ അവന്‍ രാജാവിന്റെ തിരുസന്നിധിയിലേക്ക് വരാതെ മാറിപ്പോകുന്നവനേക്കാള്‍ വലിയ ശിക്ഷ ഏല്‍പിക്കേണ്ടി വന്നേക്കും.
രാജാധിരാജനായ അല്ലാഹുവിന്റെ മുന്നിലാണ് നില്‍ക്കുന്നത് എന്നും അവനോടാണ് സംസാരിക്കുന്നതെന്നുമുള്ള ബോധം നിസ്‌കരിക്കുന്നവനുണ്ടാവണം. കേവലമുള്ള കുമ്പിടലുകളാണോ റുകുഉം സുജൂദും കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെക്കുറിച്ച് അശ്രദ്ധനായിക്കൊണ്ടുള്ള റുകുഉം സുജൂദും അല്ലാഹുവിനെ വന്ദിക്കലാകുമെങ്കില്‍ അതിനേക്കാളേറെ അവന്റെ മുമ്പിലുള്ള തൂണിനെയും മതിലിനെയുമാണ് വന്ദിക്കുന്നത്. അപ്പോള്‍ നാം റകുഅ് ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ മുന്നിലാണ് തലകുനിക്കുന്നത് എന്ന ബോധം നമുക്കുണ്ടാവണം.
റുകുഇല്‍ ഉന്നതനായ അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള ദിക്‌റും ചൊല്ലുമ്പോള്‍ പൂര്‍ണ്ണമായ വണക്കമായി. പിന്നെ അല്ലാഹുവിനെ സ്തുതിച്ചവരെ അല്ലാഹു സ്വീകരിക്കട്ടെ എന്ന ദിക്ര്‍ പ്രത്യേകമായി കൈ ഉയര്‍ത്തിക്കൊണ്ട് ചൊല്ലുന്നതോടൊപ്പം തല ഉയര്‍ത്തുന്നു. അതിന് ശേഷം ആകാശവും ഭൂമിയും നിറയെയും അതിനപ്പുറമുള്ള എല്ലാം നിറയെയും അല്ലാഹുവിന് വലിയ സ്തുതി അര്‍പ്പിക്കുന്നു. എന്ന അര്‍ത്ഥത്തിലുള്ള ദിക്ര്‍ അതിലേക്ക് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഒരുങ്ങാന്‍ വേണ്ടിയാണ് തക്ബീറിന് പകരം ഈ പ്രത്യേക ദിക്ര്‍ ചൊല്ലുന്നത്. പിന്നെ അല്ലാഹുവിനെ മഹത്വപ്പെടുത്തി സുജൂദിലേക്ക് നീങ്ങുന്നു. നബി(സ) പറയുന്നു. അടിമ തന്റെ യജമാനനായ അല്ലാഹുവിനോട് ഏറ്റവും അടുക്കുന്ന സന്ദര്‍ഭം അവന്‍ സുജൂദ് ചെയ്യുന്ന അവസരത്തിലാണ്. അത്‌കൊണ്ട് നിങ്ങള്‍ സുജൂദില്‍ പ്രാര്‍ത്ഥന അധികരിപ്പിക്കുക.
മനുഷ്യന്‍ മനോഹരമായി കൊണ്ട് നടക്കുന്ന തന്റെ ശരീരത്തിലെ ഏറ്റവും മഹത്തായ മുഖത്തെയും, നെറ്റിത്തടത്തെയും താന്‍ കാല്‍കൊണ്ട് ചവിട്ടുന്ന മണ്ണില്‍ വെക്കുമ്പോഴാണ് അതായത് മനുഷ്യന്‍ ഏറ്റവും താഴ്മ പ്രകടിപ്പിക്കുമ്പോഴാണ് അല്ലാഹുവുമായി ഏറ്റവും അടുക്കുന്നത്. എന്റെ എല്ലാം അല്ലാഹുവിന്റെ മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. എന്ന ബോധം റുകൂഇലും സുജൂദിലും ഉണ്ടാവുമ്പോള്‍ മാത്രമാണ് അത് .യഥാര്‍ത്ഥ റുകുഉം സുജൂദുമാവുന്നത്. അവിടെ വെച്ചും ഉന്നതനായ അല്ലാഹുവിന് സ്തുതി അര്‍പ്പിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ സമ്മതിക്കുന്നു, വാഴ്ത്തുന്നു എന്നര്‍ത്ഥത്തിലുള്ള തസ്ബീഹ് ചൊല്ലുമ്പോള്‍ യാഥാര്‍ത്ഥമായ വണക്കം ആകുന്നു.
സുജൂദ് വളരെ പ്രധാനപ്പെട്ട അമലാണ്. ആകസ്മികമായി വല്ല അനുഗ്രഹം ലഭിക്കുമ്പോഴും ആപത്തുകള്‍ തട്ടി മാറ്റപ്പെടുമ്പോഴും ബുദ്ധിമുട്ട് കൊണ്ട് പരീക്ഷിക്കപ്പെടുന്നവനെ കാണുമ്പോഴും ശുക്‌റിയായിട്ട് സുജൂദ് സുന്നത്താക്കപ്പെട്ടിട്ടുണ്ട്. പുണ്യ നബിയോട് കൂടെ സ്വര്‍ഗത്തില്‍ ചങ്ങാത്തം ആവശ്യപ്പെട്ട സ്വഹാബിയോട് നബി പറഞ്ഞത് ''സുജൂദ് അധികരിപ്പിക്കല്‍ കൊണ്ട് നീ എന്നെ സഹായിക്കുക'' എന്നാണ്.
താല്കാലികമായി ഈ മുനാജാത് അവസാനിപ്പിക്കാന്‍ അവസാനമായി അത്തഹിയ്യാത്തിന് വേണ്ടി വിനയാന്വിതനായി ഇരിക്കുന്നു. ആദരവിന്റെ എല്ലാ തിരുമുല്‍ക്കാഴിചകളും സമൃദ്ധിയും നമസ്‌കാരങ്ങളും പ്രശംസനീയമായ എല്ലാം അല്ലാഹുവിനര്‍പ്പിക്കുന്നു. ശേഷം നബി തങ്ങളുടെമേല്‍ 'ഓ നബിയെ അങ്ങയുടെ മേല്‍ അല്ലാഹുവിന്റെ സലാമും റഹ്മത്തും ബര്‍ക്കതും ഉണ്ടാവട്ടെ' എന്ന് പറഞ്ഞ് കൊണ്ട് സലാം പറയുന്നു. ഇമാം ഗസ്സാലി പറയുന്നു. നിസ്‌കാരത്തില്‍ സലാം പറയുമ്പോള്‍ നബി തങ്ങളുടെ മഹത്തായ രൂപത്തെ നീ നിന്റെ ഖല്‍ബില്‍ ഹാളിറാക്കുക. എന്റെ സലാം നബീതങ്ങള്‍ക്ക് ഹത്തുമെന്നും നബി അതിനേക്കാള്‍ പൂര്‍ണ്ണമായ സലാം കൊണ്ട് മടക്കും എന്ന പ്രതീക്ഷയെടെ നീ നബിയുടെ മേല്‍ സലാം ചൊല്ലുക.
അതിന്‌ശേഷം നമ്മുടെ മേലിലും ലോകത്തിലുള്ള സജ്ജനങ്ങളായ അടിമകളുടെ മേലിലും അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ശേഷം അല്ലാഹു അല്ലാതെ അരാധനക്കര്‍ഹന്‍ ഇല്ലെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ റസൂലാണെന്നും പറഞ്ഞ് വിശ്വാസം ഒന്നുകൂടി പുതുക്കുകയും ഊട്ടി ഉറപ്പിക്കുകയും ചെയ്യുന്നു. പിന്നെ നബിയുടെ മേലിലും അവിടുത്തെ കുടുംബത്തിന്റെ മേലിലും സ്വലാത്ത് ചൊല്ലുന്നു. പ്രാര്‍ത്ഥനക്ക് ശേഷം ഈ മുനാജാത്ത് തത്കാലം അവസാനിപ്പിക്കുന്നു എന്ന് കരുതിക്കൊണ്ട് ചുറ്റുമുള്ളവരുടെ മേലില്‍ സലാം പറഞ്ഞ് കൊണ്ട് ഇഹലോക ജീവിതത്തിലേക്ക് മടങ്ങുന്നു.
ഇത്രമാത്രം ഗൗരമേറിയതാണ് നിസ്‌കാരം. മഹാനായ അലിയുബ്‌നു അബീത്വാലിബ്(റന് നിസ്‌കാരസമയം ആയാല്‍ വിറയല്‍ അനുഭവപ്പെടുകയും മുഖം വിവര്‍ണ്ണമാകുകയും ചെയ്യാറുണ്ടായിരുന്നു. അവരോട് ചോദിക്കപ്പെട്ടു. താങ്കള്‍ക്കെന്ത് പറ്റി? അപ്പോള്‍ അവിടുന്ന് പറഞ്ഞു. ഉത്തരവാദിത്വം (നിസ്‌കാരം) നിറവേറ്റേണ്ടുന്ന സമയം വന്നു. ഈ ഉത്തരവാദിത്വം ആകാശഭൂമികളുടെ മേലിലും പര്‍വ്വതങ്ങളുടെ മേലിലും പ്രദര്‍ശിപ്പിച്ചപ്പോള്‍ അവ അത് വഹിക്കാന്‍ വിസമ്മതിച്ചു പേടിച്ചു പിന്മാറി. ഞാന്‍ അതിനെ ചുമന്നു. ഈ നിസ്‌കാരമാണ് അവിടുത്തെ വിറപ്പിച്ചതും, വിവര്‍ണ്ണമാക്ക്കിയതും. പ്രഭാതം മുതല്‍ പ്രദോഷം വരെ വിശപ്പ് സഹിച്ചും മറ്റ് സുഖങ്ങള്‍ ത്യജിച്ചും നോമ്പനുഷ്ഠിക്കുന്നു. തന്റെ ഇഷ്ടപ്പെട്ട മുതലിന്റെ ഒരു ഭാഗം നല്‍കി സകാത്ത് കൊടുക്കുന്നു. ഏറെ ബുദ്ധിമുട്ട് സഹിച്ചും പണം ചെലവാക്കിയും ഹജ്ജ് ചെയ്യുന്നു. ഇത്രമാത്രം ത്യാഗങ്ങളും പരീക്ഷണങ്ങളൊന്നും നിന്ന സ്ഥലത്ത് വെച്ച് അവയവങ്ങള്‍ ചലിപ്പിക്കുന്നതിലും നാവനക്കുന്നതിലും ഇല്ല. പിന്നെയെങ്ങിനെയാണ് ഈ നിസ്‌കാരം അവയേക്കാളൊക്കെ ശ്രേഷ്ഠമായത്. അതിന്റെ മറുപടിയാണ് നാം ഇത് വരെ വിവരിച്ചത്. അപ്രകാരമാവുമ്പോഴാണ് നബിതങ്ങള്‍ പറഞ്ഞത് പോലെ നമസ്‌കാരം ഇസ്‌ലാമിക ചൈതന്യത്തിന്റെ തൂണാവുന്നത്.
Leave A Comment