നിസ്കാരം: അനുഷ്ഠാനത്തിന്റെ രൂപം

 

കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്ന പതിനാല് ഫര്‍ദുകള്‍ മനസ്സിലാക്കുകയാണ് നിസ്കാരം എങ്ങനെ എന്ന് പഠിക്കാനുള്ള ഒരു മാര്‍ഗം.  എഴുത്തിന്‍റെ സൌകര്യത്തിനായി സാധാരണ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ ഈ വിഷയത്തില്‍ അവലംബിക്കുന്ന ക്രമത്തിന് പകരം മറ്റൊരു ക്രമത്തിലാണ് ഫര്‍ദുകളെ വിശദീകരിക്കുന്നത്. മനസ്സിലാക്കുന്നതിലെയും എഴുത്തിലെയും സൌകര്യമാണ് ഇത്തരമൊരു ക്രമം അവംലബിക്കുന്നതിന് പിന്നിലെ പ്രേരകം  

വുദൂ ചെയ്ത ശേഷം തന്‍റെ മുസ്വല്ലയില്‍ നിസ്കരിക്കാനെത്തിയവന്‍ ആദ്യം വാങ്കും തുടര്‍ന്ന് ഇഖാമത്തും കൊടുക്കുന്നു. ഇനിയവന്‍ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയാണ്. പ്രവേശം മുതല്‍ നിസ്കാരം അവസാനിക്കുന്നത് വരെ പ്രധാനമായും പതിനാല് ഫര്‍ദുകളാണ് അവന് അനുഷ്ഠിക്കേണ്ടതായി ഉള്ളത്. അവ മുഴുവനും അനുഷ്ഠിക്കുന്നതോടെ അവന്‍റെ നിസ്കാരം പൂര്ണമാകുന്നു.

1) നില്‍ക്കാന്‍ കഴിവുള്ളവന്‍ ഫര്‍ദു നിസ്കാരങ്ങളില്‍ നില്‍ക്കുക നേരെ നില്‍ക്കാന്‍ ആവതില്ലാത്തവന്‍ കുനിഞ്ഞും അതിന് കഴിയാത്തവന്‍ ഇരുന്നും അതിനും കഴിയാത്തവന്‍ വലതുഭാഗത്തേക്ക് ചെരിഞ്ഞ് കിടന്നും അതും സാധ്യമല്ലെങ്കില്‍ ഇടതുഭാഗത്തേക്കു ചെരിഞ്ഞു കിടന്നുമാണ് നിസ്കരിക്കേണ്ടത്. ഇപ്പറഞ്ഞ കോലങ്ങളിലെന്നും നിസ്കരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ മനുഷ്യന്റെ ജീവിതത്തില്‍ ഉണ്ടായേക്കാം. അത്തരം സാഹചര്യത്തില്‍ മലര്‍ന്നുകിടന്നു തലകൊണ്ട് ആംഗ്യംകാണിച്ചും അതിനു ആവതില്ലാത്തവന്‍ വെറും കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചും നിസ്കരിക്കണമെന്നാണ് കര്‍മശാസ്ത്രത്തിന്റെ കാഴ്ചപ്പാട്. അതുപോലും സാധ്യമാകാത്ത സാഹചര്യം സംജാതമാകുകായാണെങ്കില് മനസ്സ് കൊണ്ട് നിസ്കരിക്കണമെന്നാണ് കര്‍മശാസ്ത്രം പഠിപ്പിക്കുന്നത്. സുന്നത്തു നിസ്കാരങ്ങളില്‍ നില്‍ക്കാന് കഴിവുള്ളവനാണെങ്കില്‍ പോലും ഇരുന്നു നിസ്കരിക്കാവുന്നതാണ്. പ്രതിഫലം കുറയുമെന്നുമാത്രം.

2) നിയ്യത്ത് നിയ്യത്തെന്നാല്‍ ചെയ്യാന്‍ പോകുന്ന പ്രവര്‍ത്തനത്തെ മനസ്സ് കൊണ്ട് ഉദ്ദേശിക്കുക എന്നര്‍ഥം. മുഥ്‍ലഖ് ആയ സുന്നത്ത് നിസ്കാരത്തിന് നിയ്യത്ത് വെക്കുന്പോള്‍ അതില്‍ നിസ്കരിക്കുന്നുവെന്ന് മാത്രം കരുതിയാല്‍  മതിയാകും. പ്രത്യേകകാരണങ്ങള്‍ ഉള്ള സുന്നത്ത് നിസ്കാരത്തിനും ഫര്‍ദു നിസ്കാരത്തിനുമെല്ലാം അതിനുപുറമേ ഏത് നിസ്കാരമാണെന്ന് കൃത്യമായി പറയലും ആവശ്യമാണ്. ഫര്‍ദു നിസ്കകരിക്കുന്നവന്‍ പ്രായപൂര്‍ത്തിയായ ആളാണെങ്കില്‍ ഫര്‍ദ് എന്നുകൂടി നിയ്യത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. നിയ്യത്തില്‍ നിരവധി കാര്യങ്ങള്‍ സുന്നത്തുണ്ട്. തക്ബീറിന്‍റെ മുന്പ് നിയ്യത്ത് നാവുകൊണ്ട് പറയല്‍ ഇത്തരത്തില്‍ ഒരു സുന്നത്താണ്.

3) തക്ബീറത്തുല്‍ ഇഹ്റാം നിയ്യത്ത് ചെയ്ത ഉടനെ കൂടുതല്‍ സമയഇടവില്ലാതെ തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലേണ്ടതുണ്ട്. തക്ബീര്‍ സ്വന്തം ശരീരത്തെ കേള്‍പ്പിക്കല്‍ അത്യാവശ്യമാണ്. തക്ബീറത്തുല്‍ ഇഹ്റാം ചെയ്യുന്നതോടൊപ്പം കൈ കെട്ടുന്നത് എങ്ങനെയായിരിക്കണമെന്ന് ഫിഖ്ഹ് വ്യക്തമാക്കുന്നുണ്ട്. തക്ബീര്‍ തുടങ്ങുന്നതോടെ രണ്ടുകൈകളും പൊക്കിത്തുടങ്ങുക. കൈവിരലുകള്‍ വിട്ടു പിടിച്ച് ഖിബലക്ക് നേരെ പിടിച്ചാവണം കൈ പൊക്കേണ്ടത്. രണ്ട് തള്ള വിരലുകളും ചെവിക്കുന്നിയോളം പൊങ്ങുന്ന രീതിയില്‍ കൈ പൊക്കുക. നിസ്കാരത്തില്‍ മറ്റു പലസ്ഥലങ്ങളിലും തക്ബീറിനൊപ്പം കൈ പൊക്കല്‍ സുന്നത്തുണ്ട്. അവിടെയൊക്കെ തക്ബീറിനൊപ്പം കൈ ഇങ്ങനെ തന്നെയാണ് പൊക്കേണ്ടത്. തക്ബീറത്തുല് ഇഹ്റാം കഴിഞ്ഞാല്‍ പിന്നെ കൈകള്‍ രണ്ടും നെഞ്ചിനു താഴെ പൊക്കിളിനു മീതെയായി വെക്കുക. വലതു കൊകൊണ്ട് ഇടതു കൈയിന്‍റെ മണിബന്ധം പിടിക്കണം. അതു മുതല്‍ പിന്നെ സലാം വീട്ടുന്നത് വരെ നിസ്കരിക്കുന്നവന്‍ നോക്കേണ്ടത് തന്‍റെ സുജൂദിന്‍റെ സ്ഥാനത്തേക്കാണ്. അത്തഹിയ്യാത്തിലെ ‘ഇല്ലല്ലാഹു’ എന്ന ഭാഗമെത്തിയാല്‍ അതുമുതല്‍ പിന്നെ സ്വന്തം വിരലിലേക്കാണ് നോക്കേണ്ടത്. ഇനി അടുത്ത് ചെയ്യാനുള്ള ഫര്ദു ഫാതിഹ ഓതുകയെന്നതാണ്. അതിനു മുന്പായി ചില സുന്നത്തായ കാര്യങ്ങള് ചെയ്യാനുണ്ട്. അതേ കുറിച്ചാവാം ആദ്യം പറയുന്നത്. തക്ബീര്‍ കഴിഞ്ഞു കൈകെട്ടി കഴിഞ്ഞാല്‍ ഉടനെ ഓതേണ്ടത് വജ്ജഹ്തു എന്ന് തുടങ്ങുന്ന ദുആഉല്‍ ഇഫ്തിതാഹ് ആണ്. ഒറ്റക്ക് നിസ്കരിക്കുകയാണെങ്കിലും ജമാഅത്തായിട്ടാണെങ്കിലും ഉറക്കെയോതുന്ന നിസ്കാരമാണെങ്കിലും പതുക്കെയോതുന്നവയാണെങ്കിലും ദുആഉല്‍ ഇഫ്തിതാഹ് ചൊല്ലേണ്ടത് പതുക്കെയാണ്. സുന്നത്തായ അത് കഴിഞ്ഞുവേണം അടുത്ത ഫര്‍ദായ ഫാതിഹ ഓതാന്‍.

4) ഫാതിഹ ഓതുക ബിസ്മിയടക്കം ഫാതിഹയില്‍ ഏഴു ആയത്തുകളാണുള്ളത്. ബിസ്മി ഓതിയില്ലെങ്കില്‍ ഫാതിഹ പൂര്‍ണമാകില്ലെന്നര്ഥം. ഏന്നാല് തഅവ്വുദു ഓതല്‍ സുന്നത്ത് മാത്രമാണ്. അതില്ലാതെയും ഫാതിഹ ശരിയാകുമെന്നര്‍ഥം, ഓതല്‍ സുന്നത്താണെങ്കിലും. ഫാതിഹിയിലെ ഈ ഏഴു ആയത്തുകളും തുടരെത്തുടരെ തന്നെ ഓതേണ്ടതുണ്ട്. ആയതുകള്‍ക്കിടയിലെ നീണ്ട മൌനം, ഓത്തു മുറിക്കുക എന്നയുദ്ദേശ്യത്തോടെയുള്ള ചെറിയ മൌനം തുടങ്ങിയവ കൊണ്ടെല്ലാം ഓത്തിന്റെ തുടര്‍ച്ച ഇല്ലാതെയാകുമെന്നാണ് ഫിഖ്ഹിന്റ് കാഴ്ചപ്പാട്. മനപ്പൂര്‍വം ആയത്തുകള്‍ക്കിടയില്‍ ദിക്റുകള്‍ ചൊല്ലല്‍ കാരണവും ഫാതിഹയുടെ തുടര്‍ച്ച നഷ്ടപ്പെടും. എന്നാല്‍ ആമീന്‍, തഅവ്വുദ് പോലോത്ത നിസ്കാരത്തില്‍ സുന്നത്തുള്ള ദിക്റുകള്‍ ഉരുവിടുന്നത് ഓത്തിന്റെ തുടര്‍ച്ചയെ ബാധിക്കില്ല. ഫാതിഹ പൂര്‍ണമായും തജവീദിന്‍റെ നിയമങ്ങള്‍ അനുസരിച്ച് ഓതല്‍ നിര്‍ബന്ധമാണ്. ഫാതിഹ ഒതിക്കഴിഞ്ഞു. അടുത്ത് ഫര്ദിന് മുന്പായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഫാതിഹക്ക് ഉടനെ ആമീന്‍ പറയല്‍ സുന്നത്താണ്. ജമാഅത്തായി നിസ്കരിക്കുകയാണെങ്കില്‍ ഇമാമിനോടൊപ്പം തന്നെ ആമീന് പറയാന്‍ ശീലിക്കണം, അതും ഉറക്കനെ തന്നെ. അതില്‍ ഏറെ ഗുണങ്ങളുള്ളതായി ഹദീസില്‍ വന്നിട്ടുണ്ട്. ആമീന്‍ പറഞ്ഞു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ള മറ്റൊരു സുന്നത്താണ് സൂറത്ത് ഓതുക എന്നത്. ഖുര്‍ആനിലെ ഏതെങ്കിലും സൂറത്ത് ഓതിയാല്‍ മതിയെങ്കിലും ചില നിസ്കാരങ്ങള്‍ക്ക് പ്രത്യേകം സൂറത്തുകള്‍ തന്നെ നബി തങ്ങള്‍ പതിവാക്കിയായിരുന്നതായി ഹദീസില്‍ കാണാം.

5) റുകൂഅ് ഇരുകൈകളും കാല്മുട്ടില്‍ വെക്കാന്‍ പാകത്തില്‍ കുനിഞ്ഞുനില്ക്കകയാണ് റുകൂഅ്. അവയവങ്ങള്‍ സ്ഥിരമാകുന്ന കോലത്തില്‍ അടങ്ങിയൊതുങ്ങി ചെയ്യല്‍ ആവശ്യമാണ്. അതുപോലെ തിലാവത്തിന്റെ സുജൂദിന് വേണ്ടി കുനിഞ്ഞ ഒരാള്‍ പാതിവഴിയില്‍ വെച്ച് അത് റുകൂആക്കി മാറ്റിയാല്‍ അത് മതിയാകില്ല. റുകൂഇന്റെ കുനിയല്‍ കൊണ്ട് അതു തന്നെ ഉദ്ദേശിക്കുക അത്യാവശ്യമാണ്. റുകൂഇലെ സുന്നത്തുകള്‍: മുതുകും പിരടിയും സമമാക്കുക. കൈകള്‍ കൊണ്ടു കാല്‍മുട്ടുകള്‍ പിടിക്കുക. കൈവിരലുകള്‍ അകറ്റിപ്പിടിച്ച് അവയെ ഖിബലയുടെ നേര്‍ക്ക് തിരിക്കുക. പ്രത്യേകം സുന്നത്തായ ദിക്റുകള്‍ മൂന്ന് പ്രാവശ്യം ചൊല്ലുക.

6) ഇഅതിദാല്‍ റുകൂഇന് മുന്പുണ്ടായിരുന്ന അവസ്ഥയിലേക്ക് മടങ്ങുക എന്നതാണ് ഇഅതിദാല്‍ കൊണ്ടുദ്ദശിക്കുന്നത്. തക്ബീര്‍ ഉരുവിട്ട് റുകൂഇല്‍ നിന്ന് ഉയരുന്പോള്‍ ഇരുകൈകളും ചുമലിന് നേരെ ഉയര്‍ത്തേണ്ടതുണ്ട്. ഇഅതിദാലിലും റുകൂഇനെ പോലെ തന്നെ രണ്ടു നിബന്ധനകളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന്, ശരീരം അടങ്ങിയൊതുങ്ങുക. രണ്ട്, റുകൂഇല്‍ നിന്ന് ഉയരുന്നതിന്റെ ലക്ഷ്യം മറ്റുവല്ലതുമാകാതിരിക്കുക. ഇഅ്തിദാലിലെ സുന്നത്തുകള്‍: രണ്ടു കൈകളും നേരത്തെ പറഞ്ഞ പോലെ ചുമലോളം പൊക്കുക. പ്രത്യേകം സുന്നത്തായ ദിക്റ് ചൊല്ലുക. സുബ്ഹിയുടെ രണ്ടാം റക്അത്തിലെ ഇഅത്തിദാലില്‍ ഖുനൂത് ഓതുക.

7)രണ്ട് സൂജുദുകള്‍ സാഷ്ടാംഗമാണ് സുജൂദ് കൊണ്ട് ഉദ്ദേശിക്കുന്നത്. അടങ്ങിയൊതുങ്ങുക, കൈപള്ളകളും കാല്മുട്ടുകളും കാല്‍വിരലുകളുടെ പള്ളയും നെറ്റിത്തടവും നിലത്ത് വെച്ചാവണം സാഷ്ടാംഗം ചെയ്യുന്നത്. ഇതിനുപുറമെ തന്റെ അനക്കം കൊണ്ട് അനങ്ങുന്ന എന്തിന്റെയെങ്കിലും പുറത്താകരുത് സുജൂദ് ചെയ്യുന്നത് എന്ന ശര്‍ഥുമുണ്ട്. നെറ്റിയില്‍ മുറിവോ മറ്റോ കാരണം ബാന്‍ഡേഡ് ഇടുകയും അത് നീക്കല്‍ ബുദ്ധിമുട്ടാകുകയും ചെയ്താല്‍ അങ്ങനെ തന്നെ സുജൂദ് ചെയ്താല്‍ മതി. ഇഅതിദാലില്‍ പറഞ്ഞ പോലെ തന്നെ മറ്റുവല്ല ആവശ്യങ്ങള്‍ക്കും ശരീരം കുനിഞ്ഞ് അതിനെ സുജൂദാക്കിയാല്‍ മതിയാകില്ല. സുജൂദിന് അതിന്റെ ലക്ഷ്യത്തോടെ തന്നെയായിരിക്കണം കുനിയേണ്ടത്. സുജൂദിലെ സുന്നത്തുകള്: മുകളില്‍ പറഞ്ഞ ഏഴു അവയവങ്ങള്‍ക്കു പുറമേ മൂക്കും നിലത്ത് തട്ടിക്കല്‍ സുന്നത്താണ്. താഴെ പറയുന്ന ക്രമത്തില് തന്നെ ഈ അവയവങ്ങള്‍ നിലത്തുവെക്കലും പ്രത്യേകം സുന്നത്തുണ്ട്. സുജുദിലെത്തിക്കഴിഞ്ഞാല്‍ താഴെ കാണുന്ന കാര്യങ്ങള്‍ സുന്നത്തുണ്ട്. പ്രത്യേകം സുന്നത്തായ ദിക്റു മൂന്ന് വട്ടം ചൊല്ലുക. കൈ രണ്ടും ചുമലിന് നേരെ വെക്കുക. രണ്ടു കാല്പാദങ്ങള്‍, തുടകള്‍, മുട്ടുകള് തുടങ്ങിയവയെ അടുപ്പിച്ചു വെക്കാതിരിക്കുക. കൈരണ്ടിലെയും വിരലുകളെ കൂട്ടിപ്പിടിക്കുകയും ഖിബലയിലേക്ക് തിരിക്കുകയും ചെയ്യുക. സുജൂദിലേക്ക് പോകുന്പോള്‍ അവയവങ്ങള്‍ നിലത്ത് വെക്കുന്നതിന് പ്ത്യേകക്രമമുണ്ട്. ആദ്യം തന്‍റെ രണ്ടുകാല്‍മുട്ടുകള്‍ നിലത്തുവെയ്ക്കുക. അതിനു ശേഷം രണ്ടു കൈപള്ളകളും തുടര്‍ന്ന് നെറ്റിത്തടവും മൂക്കും ഒരുമിച്ചും വെക്കുക. ഒരു റക്അത്തില്‍ രണ്ടു വീതം സുജൂദുകളാണുള്ളത്. ഇഅതിദാലില്‍ നിന്ന് നേരെ പോകുന്നത് ഒന്നാമത്തെ സുജൂദിലേക്കായിരിക്കും. അതു കഴിഞ്ഞ് ഒന്നിരുന്നതിന് ശേഷമാണ് രണ്ടാമത്തെ സുജൂദ് ചെയ്യുക.

8) രണ്ടുസുജൂദിനുമിടയില്‍ ഇരുത്തം അടങ്ങിയൊതുങ്ങലും അതികമായി ഇരുത്തത്തെ ദീര്‍ഘിപ്പിക്കാതരിക്കലും ശര്‍ഥാണ്. സുജൂദിന്റെ കാര്യത്തില്‍ പറഞ്ഞ പോലെ ഇരുത്തത്തിനായി എണീക്കുന്നത് മറ്റുവല്ല കാരണത്താലും ആവന്‍ പാടില്ല. അങ്ങനെയായാല്‍ ആ ഇരുത്തം ശരിയാകുകയില്ല. ഇരുത്തത്തിലെ സുന്നത്തുകള്: ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുക. രണ്ടു കൈകളും കാല്‍മുട്ടിനടുത്തായി വെക്കുക. അവ രണ്ടിലെയും വിരലുകള്‍ വിടവില്ലാതെ പരത്തിവെക്കുകയും ഖിബലക്ക് നേരെ വെക്കുകയും ചെയ്യുക. തുടര്‍ന്ന് പ്രത്യേകം സുന്നത്തായ ദിക്റ് ചൊല്ലുക. ഇഅ്തിദാലില്‍ സൂചിപ്പിച്ച പോലെ ഈ ഇരുത്തവും അധികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. ഈ ഇരുത്തം കഴിഞ്ഞാല്‍ പിന്നെ രണ്ടാമത്തെ സുജൂദ് ചെയ്യുന്നു. ഒന്നാം സുജൂദില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെല്ലാം രണ്ടാമത്തേതിനും ബാധകമാണ്. രണ്ടാം സുജൂദ് കഴിയുന്നതോടെ ഒരു റക്അത്ത് പൂര്‍ണമാകുന്നു. പിന്നെ സ്വാഭാവികമായും അടുത്ത റക്അത്തിന് വേണ്ടി എഴുന്നേല്ക്കണം. രണ്ടാമത്തെ സുജൂദില്‍ നിന്ന് എഴുന്നേല്ക്കുന്പോള് അല്പം സമയം ഇരിക്കല്‍ സുന്നത്തുണ്ട്. ഇസ്തിറാഹത്തിന്‍റെ ഇരുത്തം എന്ന് വിളിക്കപ്പെടുന്ന ഈ ഇരിത്തത്തില്‍ പ്രത്യേകിച്ച് ചൊല്ലാന് ഒന്നുമില്ല. അതിന് കൂടുതല്‍ സമയമെടുക്കുകയും അരുത്. സുജൂദില് നിന്ന് തലപൊക്കുന്പോള് തുടങ്ങുന്ന തക്ബീര്‍ അടുത്ത റക്അത്തിന്‍റെ നിര്ത്തത്തിലെത്തിയിട്ട് വേണം അവസാനിക്കാന്‍. അതിനിടക്കു വരുന്ന തുഛമായ സമയത്തിനിടയില്‍ ഈ ഇരുത്തവും കഴിഞ്ഞിരിക്കണം. പൊതുവെ പല ആളുകളും ഇസ്തിറാഹത്തിന്‍റെ ഇരുത്തത്തെ കുറിച്ച് ബോധവാന്മാരല്ല. അവരുടെ നിസ്കാരത്തിന് കുഴപ്പമൊന്നുമില്ലെങ്കിലും ഒരു സുന്നത്ത് അറിയാതെ നഷ്ടപ്പെടുത്തുകയാണ്. ഇസ്തിറാഹത്തിന്‍റെ ഇരുത്തവും കഴിഞ്ഞ് നിര്ത്തത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ അയാളുടെ അടുത്ത റക്അത്ത് ആരംഭിക്കുകയായി. തുടര്‍ന്ന് കഴിഞ്ഞ റക്അത്തില്‍ പരാമൃഷ്ടമായ ഫാതിഹ, റുകൂഅ് തുടങ്ങിയ ഫര്ദുകള് ചെയ്തു ആ റക്അത്തും അവസാനിപ്പിക്കുന്നു. ഇങ്ങനെ ഒരു റക്അത്തിന്‍റെ തുടര്‍ച്ചയായിരിക്കും നിസ്കാരം മുഴുവന്‍. അവസാനത്തെ റക്അത്തിലെ രണ്ടാമത്തെ സുജൂദും കഴിഞ്ഞാല്‍ പിന്നെ ശേഷിക്കുന്ന ഫര്ളുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് അത്തഹിയ്യാത്ത്.

9) അവസാനത്തെ അത്തഹിയ്യാത്ത് അത്തഹിയ്യാത്ത് അറബിയിലാകലും തുടര്‍ച്ച തെറ്റാതിരിക്കലും ശര്‍ഥുണ്ട്. അത്തഹിയ്യാത്തിന്റെ ചുരുങ്ങിയ രൂപമെങ്കിലും ഓതിയിരിക്കണം. രണ്ടിലധികം റക്അത്തുകളുള്ള നിസ്കാരങ്ങളിലെ രണ്ടാമത്തെ റക്അത്തില്‍ ഒരു അത്തഹിയ്യാത്ത് സുന്നത്തുണ്ട്. അതിനെ ഒന്നാമത്തെ അത്തഹിയ്യാത്ത് എന്ന് വിളിക്കുന്നു. അവസാനത്തെ അത്തഹിയ്യാത്തിന് ശേഷം സ്വലാത്തും ദുആയുമെല്ലാം കാണും. അതേ സമയം

10) അവസാനത്തെ അത്തഹിയ്യാത്തില്‍ ഇരിക്കുക ഇതില്‍ തവര്‍റുകിന്‍റെ ഇരുത്തമാണ് സുന്നത്തുള്ളത്. ഇരിക്കുന്പള്‍ വലത്തെ കൈവിരല്‍ കൂട്ടിപ്പിടിച്ച് വലത്തെ കാല്‍മുട്ടിന് മേലും ഇടത്തെ കൈ വിരലുകള്‍ നീര്ത്തി ഇടത്തേകാല്‍മുട്ടിനു മേലും വെക്കല്‍ സുന്നത്തുണ്ട്. അത്തഹിയ്യാത്തിലെ ഇല്ലള്ളാഹു എന്ന ഭാഗമെത്തുന്പോള്‍ വലതു കൈയിലെ ചൂണ്ടുവിരല് മുന്നോട്ട് ചൂണ്ടലും പിന്നെ സലാം വീട്ടുന്ന വരെ ആ വിരലിലേക്ക് തന്നെ നോക്കിയിരിക്കലുമെല്ലാം ഇതിലെ പ്രത്യേക സുന്നത്തുകളാണ്.

11) അവസാനത്തെ അത്തഹിയ്യാത്തില്‍ നബിയുടെ മേല്‍ സ്വലാത്ത് ചൊല്ലുക നബിയുടെ മേലില്‍ ഏതെങ്കിലും സ്വലാത്ത് ചൊല്ലിയാല്‍ മതിയാകും. സ്വാലാത്തുല്‍ ഇബ്റാഹീമിയ്യയാണ് ഏറ്റവും ഉത്തമമായിട്ടുള്ളത്.

12) ഒന്നാം സലാം വീട്ടുക അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹ് എന്നാണ് സലാമിന്‍റെ പൂര്‍ണരൂപം. അത്തഹിയ്യാത്തിലെ ദുആയും കഴിഞ്ഞാല് പിന്നെ വലതുഭാഗത്തേക്ക് മുഖം തിരിച്ച് സലാം വീ്ട്ടണം. നിസ്കാരത്തില്‍ നിന്നുള്ള പിരിച്ചിലാണ് ഈ സലാം കൊണ്ടുദ്ദേശിക്കുന്നത്. തക്ബീറത്തുല്‍ ഇഹ്റാം ചെയ്ത് നിസ്കാരത്തില്‍ പ്രവേശിക്കുന്നതോടെ അതുവരെ ഹലാലായിരുന്ന പല കാര്യങ്ങളും ഹറാമായിത്തീരുന്നുണ്ട്. അതെല്ലാം വീണ്ടും ഹലാലാകുക സലാം വീട്ടുന്നതോടെയാണ്. സുന്നത്തുകള്‍: വലതുഭാഗത്തേക്ക് തിരിഞ്ഞുള്ള ആദ്യസലാമിന് ശേഷം  രണ്ടാമതൊരു സലാം കൂടി സുന്നത്തുണ്ട്. ആ സമയത്ത് മുഖം ഇടത് ഭാഗത്തേക്ക് തിരിക്കലും സുന്നത്താണ്. രണ്ട് സലാമുകളും തുടങ്ങുന്ന സമയത്ത് മുഖം ബിബ്്ലക്ക് നേരെയാകലും പിന്നിലുള്ളവര്‍ വലതും ഇടതും കവിളുകള്‍ കാണുന്ന രീതിയില്‍ മുഖം തിരിക്കലും സുന്നത്തുണ്ട്.  13) തര്‍തീബ് ഓരോ കര്‍മങ്ങളും അതിന്റെ വഴിക്കുവഴിയായി ചെയ്യുകയാണ് തര്‍തീബ് കൊണ്ട് ഉദ്ദേശിക്കുന്നത്. മനപൂര്‍വമൊരാള്‍ ക്രമം തെറ്റിച്ചാല്‍ അവന്റെ നിസ്കാരം ബാത്വിലാകുന്നതാണ്. അതേസമയം അറിയാതെ സംഭവിച്ചാല്‍ ക്രമം തെറ്റിയതിന് ശേഷമുള്ള എല്ലാ റുക്നുകളും നിഷ്ഫലമായതായി പരിഗണിക്കും. പിഴവ് ഓര്‍മ വരുന്പോള്‍ മറന്നുപോയത് കൊണ്ടുവരികയും ബാക്കി തുടരുകയും ചെയ്യുക.

14) ത്വുമഅ്നീനത്ത് റുകൂഅ്, ഇഅതിദാല്‍, സുജൂദ് തുടങ്ങിയ ഫര്‍ദുകളില്‍ ഒരു നിമിഷം അടങ്ങുന്നതിനെ കുറിച്ചാണ് ത്വുമഅ്നീനത്ത് എന്ന് പറയുന്നത്. ഒരു നിമിഷം പോലും അടങ്ങിയില്ലെങ്കില്‍ പ്രസ്തുത ഫര്‍ദ് ചെയ്തതായി പരിഗണിക്കപ്പെടുകയില്ല. നിസ്കാരത്തില്‍ നിന്ന് വിരമിച്ചുകഴിഞ്ഞാല്‍ ചില കാര്യങ്ങള്‍ പ്രത്യേകം സുന്നത്തുണ്ട്. ഹദീസില്‍ വന്നിട്ടുള്ള ദിക്റുകള്‍ ചൊല്ലലും ശേഷം പ്രാര്‍ഥിക്കലും അതില്‍ പെട്ടതാണ്. നിസ്കാരശേഷമുള്ള പ്രാര്‍ഥനകള്‍ക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുമെന്ന് ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter