ഒരു മുസ്‌ലിം ബിരുദ വിദ്യാര്‍ത്ഥിനിയുടെ ഉള്ള്തുറപ്പിക്കുന്ന ചോദ്യങ്ങള്‍

 അലങ്കാര മത്സ്യത്തെപ്പോലെ വളര്‍ത്തപ്പെടുന്ന ഇന്നത്തെ പെണ്‍കുട്ടികള്‍ ഏതുവഴിയിലൂടെയാണ് മുഖ്യധാരയിലേക്കിറങ്ങിച്ചെല്ലേണ്ടത്? സ്ഫടികപ്പാത്രത്തിനുള്ളില്‍ തളംകെട്ടി നില്‍ക്കുന്ന ചിന്തകളെ ആരാണ് വ്യാഖ്യാനിക്കുക? ആരാണ് അത് ഉള്‍കൊള്ളാനും അവളെ മനസ്സിലാക്കാനും തയ്യാറാവുക? ഇന്നത്തെ ഒരു സാധാരണ മുസ്‌ലിം പെണ്‍കുട്ടിയുടെ ഉള്ളില്‍ ഉയര്‍ന്നുവരുന്ന ചിന്തകളാണിവ.

കേരളത്തിലെ വളര്‍ന്നുവരുന്ന മുസ്‌ലിം സ്ത്രീകളെക്കുറിച്ച് സജീവമായ ചിന്തകള്‍ ഉണ്ടാവേണ്ട സമയമമാണിതെന്ന് തോന്നു. കാരണം, ചുറ്റുപാടും സൗകര്യങ്ങളും എല്ലാം മാറിയിട്ടുണ്ട്. എല്ലാ അര്‍ത്ഥത്തിലും ഇന്നത്തെ സ്ത്രീ ഔട്ട് ഓഫ് റെയ്ഞ്ച് ആണ്. അവളെ നിയന്ത്രിക്കാനും വിമലീകരിക്കാനും ഇസ്‌ലാമിക ചിന്തയില്‍ ഊന്നിനിന്ന് സജീവ പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങിത്തിരിക്കാനും പുതിയ ചിന്തകളും സംവിധാനങ്ങളുമാണ് ആവശ്യം. ആ മേഖലയിലാണ് ഇന്ന് നമ്മുടെ ശ്രദ്ധ കൂടുതല്‍ ഊ്‌ന്നേണ്ടതെന്ന് തോന്നു.

പുതിയ കാലത്ത് സ്ത്രീ തന്നെയാണ് ഏറ്റവും വലിയ വിഷയം. കാരണം, അവളെ ചുറ്റിപ്പറ്റിയാണ് ഇന്ന് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളെല്ലാം. 

ഈയൊരു സാഹചര്യത്തില്‍ അവളുടെ മതവും സ്വാതന്ത്ര്യവും പ്രവര്‍ത്തന മണ്ഡലവും എല്ലാം അവള്‍ക്ക് കൂടുതല്‍ വ്യക്തമാക്കിക്കൊടുക്കേണ്ടതായിട്ടുണ്ട്. അല്ലാത്തപക്ഷം, എല്ലാം പിടിവിട്ടുപോകും. അത്തരമൊരു അവസ്ഥയിലേക്കാണ് ഇന്ന് സംഭവങ്ങളുടെ പോക്ക്. മുസ്‌ലിം സ്ത്രീയെ ഇസ്‌ലാമികമായി ചിന്തിക്കാനും സമൂഹ നിര്‍മിതിയില്‍ സജീവമായി ഇടപെടാനും വഴിയൊരുക്കുന്നതിലാണ് വിജയകരമായ സമൂഹാന്തരീക്ഷം രൂപമെടുക്കുന്നത്.

സോഷ്യല്‍ മീഡിയകളിലെ സദാചാര പോലീസുകള്‍ക്ക് ഇരയായും ചില വാര്‍ഡ് മെമ്പറായും മാത്രം ഒതുങ്ങിപ്പോകുന്ന മുസ്ലിം സ്ത്രീ തീര്‍ച്ചയായും തന്റെ പ്രവര്‍ത്തന മേഖലയില്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇവയാണ് തങ്ങളുടെ വ്രവര്‍ത്തനങ്ങളുടെ സജീവത എന്ന് പലരും തെറ്റിദ്ധരിച്ചുവെച്ചിട്ടുണ്ട്. ഇതിനപ്പുറത്തേക്ക് ഇസ്‌ലാമിക വൃത്തത്തിനുള്ളില്‍നിന്ന് ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മുസ്‌ലിം സ്ത്രീക്ക് കഴിയേണ്ടതുണ്ട്. അതിനുള്ള പദ്ധതികളും അജണ്ടകളുമാണ് ഇനിയുള്ള കാലത്ത് സമുദായത്തിന് ആവശ്യം. മതത്തിനുള്ളില്‍നിന്നുള്ള ഈ സജീവത ഒരിക്കലും ആക്ഷേപാര്‍ഹമല്ലല്ലോ.

      സാഹചര്യത്തിന്റെ അനിവാര്യതകള്‍ മനസ്സിലാക്കി സ്ത്രീ മുഖ്യധാരയിലേക്ക് വരേണ്ടതുണ്ട്. അവരെ കൈപിടിച്ചുയര്‍ത്തേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പരിധിയും പരിമിതിയും ലംഘിക്കാതെയുള്ള ഈ കടന്നുവരവ് സമൂഹത്തിന് പ്രതീക്ഷകളെ നല്‍കുന്നുള്ളൂ. 

കവികളുടേയും അന്യമതസ്ഥരുടേയും മുമ്പില്‍ തട്ടമിട്ട ഉമ്മച്ചിക്കുട്ടിയായി മാറാന്‍ മാത്രമാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് കഴിയുന്നത്. അതിനപ്പുറത്തേക്ക് തങ്ങള്‍ക്ക് ഒരസ്തിത്വമുണ്ടെന്നത് അവര്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. അറിവിന്റെയും അഭ്യാസത്തിന്റെയും മതനിഷ്ഠമായ ജീവിതത്തിന്റെയും വഴിയില്‍ അവര്‍ക്ക് മുമ്പില്‍ പുതിയ സാധ്യതകളുടെ വാതിലുകള്‍ തുറക്കപ്പെടേണ്ടതുണ്ട്. അപ്പോഴേ അവള്‍ക്ക് തന്റെ മുമ്പിലെ ആകാശങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ. 

താന്‍ മുസ്‌ലിമാണെന്നും തന്റെ ബാധ്യതകള്‍ എന്താണെന്നുമുള്ള ബോധം ഇന്നത്തെ കാമ്പസിലെ ഓരോ മുസ്‌ലിം പെണ്‍കുട്ടിക്കും ഉണ്ടാക്കിക്കൊടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമാണ് ഓരോരുത്തരും തങ്ങളുടെ ബാധ്യത നിര്‍വഹിക്കുന്നത്. അല്ലാത്തപക്ഷം മറ്റുചിലരുടെ സൗന്ദര്യത്തിടുമ്പുകളും ഉമ്മച്ചിക്കുട്ടികളുമായി നമ്മുടെ പെണ്‍കുട്ടികള്‍ മാറുന്നതില്‍ ആശങ്കപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല. 

      ഒളിച്ചോട്ടവാര്‍ത്തകളില്‍ നിറയുന്ന മുസ്ലിം സ്ത്രീയും ഏറിയാല്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ അറബികില്‍ റാങ്കു നേടുന്ന മുസ്ലിം സ്ത്രീയുമാണ് ആകെ ഇന്ന് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. അന്യമതസ്ഥരോടൊപ്പം ഒളിച്ചോടി വേശ്യയായി ഭവിക്കുന്ന എത്രപേര്‍ ഇന്നാട്ടിലുണ്ട്? അവരെ അതിലേക്ക് കൊണ്ടെത്തിച്ച സാഹചര്യങ്ങളെക്കുറിച്ച് പഠിക്കാനോ ചര്‍ച്ച ചെയ്യാനോ ആരും ചിന്തിക്കാറില്ല. പകരം, അവര്‍ക്കു മേല്‍ തങ്ങള്‍ക്കുള്ള കടമപോലും മറന്ന് അവര്‍ക്കുനേരെ പൊങ്കാലയിടുന്ന സ്വഭാവമാണ് ഇന്ന് എല്ലായിടത്തുമുള്ളത്. ഇത് എന്നോ അവസാനിപ്പിക്കേണ്ടതാണ്. 

പെണ്‍കുട്ടികളുടെ കാര്യത്തില്‍ സമൂഹത്തിനും നേതൃത്വത്തിനും കുടുംബത്തിലും വലിയ ഉത്തരവാദിത്തമുണ്ട്. അവള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മതബോധവും അല്ലഹു ഉണ്ടെന്ന ചിന്തയും നല്‍കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. അതോടൊപ്പം, പഠിച്ച് ഉന്നത തലങ്ങളിലേക്ക് കയറിച്ചെല്ലാന്‍ അവള്‍ അനുവദിക്കപ്പെടുകയും വേണം. വിവാഹങ്ങളും മറ്റും അവളുടെ പഠനത്തിനും ജീവിതത്തിനും വിലങ്ങായി മാറരുത്. അതാണ് പുതിയ കാലത്തെ ഓരോ പെണ്‍കുട്ടിയും തേടുന്നത്. അതിന് രക്ഷിതാക്കള്‍ തയാറാകുന്നുണ്ടോ എന്നതാണ് എന്റെ ചോദ്യം.

     പഠനത്തില്‍ മികവാര്‍ന്ന പെണ്‍കുട്ടികളെ അനുമോദിക്കാനെത്തുന്നവര്‍ പിന്നീട് അവള്‍ ബിരുദപഠനത്തിന് ചേര്‍ന്നോ, പഠനം തുടരുന്നുണ്ടോ, അല്ലെങ്കില്‍ പഠനത്തിന് അനുയോജ്യമായ ജോലി ലഭിച്ചോ എന്നൊന്നും ചിന്തിക്കാറേ ഇല്ല. അന്വേഷിക്കാറുമില്ല. എല്ലാം ഒരു യാന്ത്രികതയായി മാറിയിട്ടുണ്ട് ഇന്ന്. അനുമോദനങ്ങളോടൊപ്പം തന്നെ അവരുടെ ഭാവി പഠനങ്ങള്‍ക്കും അവസരം നല്‍കുമ്പോഴാണ് അവര്‍ ശരിക്കും കടമ പാലിക്കുന്നത്.

     മാതാപിതാക്കളാണെങ്കിലോ സമുദായം കല്‍പിച്ച അലിഖിത നിയമങ്ങള്‍ യഥാവിധം പാലിച്ച് കുടുംബത്തിന്റെ മാനംകാത്ത് പെട്ടെന്ന് കല്ല്യാണം കഴിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. പെണ്ണാണെങ്കിലോ എത്ര ബിരുദം നേടിയാലും അടുക്കളപ്പണിയാണല്ലോ ഫലം എന്നോര്‍ത്ത് ദീര്‍ഘനിശ്വാസം വിട്ട് ഭാവി തെരഞ്ഞെടുക്കുന്നു. ഇതാണ് ഇന്നത്തെ പൊതു സത്യം. 

      എങ്കില്‍ ഭര്‍ത്താവോ എന്റെയും മക്കളുടേയും കാര്യങ്ങള്‍ നോക്കി ഭാര്യ വീട്ടിലിരുന്നാല്‍ മതിയെന്ന ശാഠ്യത്തിലുറച്ചുനില്‍ക്കുന്നു. ഇത്തരം ചിന്തകളാണ് മാറേണ്ടത്. പഠിച്ച ഭര്‍ത്താക്കന്മാര്‍ പോലും പെണ്‍കുട്ടികളെ ഉന്നത പഠനങ്ങള്‍ക്ക് ഏറെ വിടുന്നില്ലായെന്നതാണ് സത്യം. സാഹചര്യം മോശമാണെന്നാണ് എല്ലാവരും ഇതിന് കാരണം പറയുന്നത്. എന്നാല്‍, ഈ സാഹചര്യം നന്നാക്കാനല്ലേ നാം ശ്രമിക്കേണ്ടത്?! പെണ്‍കുട്ടികളെ ഇസ്‌ലാമികാന്തരീക്ഷത്തില്‍ വളര്‍ത്തുകയും അവള്‍ക്കുള്ളില്‍ അല്ലാഹ് എന്ന ചിന്ത ഉണ്ടാക്കിയെടുക്കുകയും ചെയ്താല്‍ ഏത് ഓക്‌സ്‌ഫോര്‍ഡില്‍ പോയാലും അവള്‍ക്കുള്ളിലെ ഇസ്‌ലാം ചോര്‍ന്നുപോകില്ല. ഉറപ്പാണ്. പുതിയ കാലത്ത് അതിനുള്ള ശ്രമങ്ങളാണ് ഉണ്ടാവേണ്ടത് എന്ന് തോന്നുന്നു. 

ഫെമിനിസ്റ്റ് വാദങ്ങളും ലിബറല്‍ ചിന്തകളും ഒരു പെണ്‍കുട്ടിയെയും രക്ഷിക്കില്ലെന്നത് ഉറപ്പാണ്. ആര് എന്തൊക്കെപ്പറഞ്ഞാലും പെണ്‍കുട്ടികളെ റോട്ടിലേക്കിറക്കാനേ അത് സഹായിക്കൂ. മനസ്സമാധാനത്തോടെ അവളെ വീട്ടിലേക്കുതന്നെ തിരികെ കൊണ്ടുവരാന്‍ ഇത് സഹായിക്കില്ല. ഇസ്‌ലാമാണ് സ്ത്രീക്ക് സ്വാതന്ത്ര്യവും സമാധാനവും നല്‍കിയത്. അത് തിരിച്ചറിയാനും പ്രായോഗികമാക്കാനും ഓരോ മുസ്‌ലിം പെണ്‍കുട്ടിക്കും കഴിയണം. മുസ്‌ലിമായതുകൊണ്ട് അഹന്ത നടിക്കുന്നവളായി കാമ്പസിലെ പെണ്‍കുട്ടി മാറണം. ലൈനടികളില്‍ സര്‍വ്വതും മറന്നു വീണുപോകുന്ന 'ഉമ്മച്ചിക്കുട്ടി'കളായി അവര്‍ മാറരുത്. ഉമ്മച്ചിക്കുട്ടികളെ കൂടെക്കിട്ടാനാണ് ഇപ്പോള്‍ എല്ലാവരുടെയും നോട്ടം.

ഇസ്‌ലാം തരുന്ന ബോള്‍ഡ്‌നസ് കൊണ്ട് പ്രതികരിക്കാന്‍ കഴിയുമ്പോഴാണ് ഇത്തരം കഴുകന്മാരെ വന്ന വഴിക്ക് തിരിച്ചുവിടാന്‍ കഴിയുക. ഇറങ്ങിപ്പോക്കും രജിസ്റ്റര്‍ വിവാഹവുമൊന്നും ഒരു പരിഹാരവുമല്ലെന്ന സത്യം ഓരോ പെണ്‍കുട്ടിയും തിരിച്ചറിയുക അപ്പോഴാണ്. അതെല്ലാം ഉമ്മച്ചിക്കുട്ടികള്‍ക്കായി ആരോ ഉണ്ടാക്കിവെച്ച ട്രാപ്പുകള്‍ മാത്രമാണ്. അതില്‍ പെട്ടുപോകുന്നവര്‍ ഭൗതിക ജീവിതത്തില്‍ മാത്രമല്ല, അല്ലാഹുവിനു മുമ്പിലാണ് തോറ്റുപോകുന്നത്. ഈ ബോധം ഓരോ കാമ്പസ് പെണ്‍കുട്ടിയും ഉള്ളില്‍ കരുതണം.

      ഒരു സ്ത്രീ ഏതെങ്കിലും ചെയ്തുപോയാല്‍ അവള്‍ താന്തോന്നിയായി, കുടുംബത്തില്‍ പിറക്കാത്തവളായി ചിത്രീകരിക്കുന്ന ചുറ്റുപാടാണ് ഇന്നുള്ളത്. ഇത് ചെയ്യുന്നത് മറ്റാരുമല്ല. സ്വസമുദായങ്ങളും സ്വകുടുംബവും തന്നെ. ഇത് എത്ര വലിയ അബദ്ധമാണ്. ചെയ്തത് തെറ്റാണെങ്കില്‍ തിരുത്തിക്കൊടുക്കുകയാണ് വേണ്ടത്. മുന്‍ധാരണമൂലം അവളുടെ വാക്കുകളെയും നിലപാടിനെയും വിമര്‍ശിച്ച് ചൂണ്ടുമ്പോള്‍ അവള്‍ ദുര്‍ബലയും ഒറ്റപ്പെട്ടവളും ആവുന്നു. എത്ര ലജ്ജാകരണമാണ് ഇത്. സ്വപ്നങ്ങള്‍ കണ്ട് വളര്‍ന്ന മുസ്ലിം പെണ്‍കുട്ടികള്‍ കുടുംബ വൃക്ഷത്തിന്റെ വേരുകളാവാതെ, മോശപ്പെട്ട ഒരാളായി മാറുന്നത് നമ്മില്‍തന്നെ ചിലയാളുകളുടെ നികൃഷ്ട മനോഭാവം മൂലമാണ്. അത് ആദ്യം നാം മാറ്റിയേ മതിയാവൂ.

 

      സോഷ്യല്‍ മീഡിയ ആങ്ങളമാര്‍ ഇതുകണ്ട് എന്നെ കുടുംബത്തില്‍ പിറക്കാത്തവളായി പഴിചാരും. ഇസ്‌ലാം സ്ത്രീക്ക് അത്യുന്നത സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. പക്ഷെ, ഇന്നത്തെ സ്ത്രീ സമൂഹം എത്രമാത്രം അത് അര്‍ഹിക്കുന്നു എന്നറിയില്ല. ഇസ്‌ലാമികരീതിയനുസരിച്ച് സ്ത്രീകളെ മുന്നോട്ടു കൊണ്ടുവരേണ്ടത് ഇന്നത്തെ നേതൃത്വവും കുടുംബവും തന്നെയാണ്. എല്ലാവരും സ്വയം ഉത്തരവാദിത്തങ്ങളില്‍നിന്നും മാറിനിന്ന് തെറ്റ് ചെയ്യുന്ന സ്ത്രീകളെ മുഖം നോക്കാതെ കല്ലെറിയുന്നത് എത്രമാത്രം ലജ്ജാകരമാണ്.

 

  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter