ദലിത്-മുസ്‌ലിം ചര്‍ച്ചകളുടെ കാലത്ത് മമ്പുറം തങ്ങളെ വായിക്കുമ്പോള്‍
കേരളീയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്കും സംഭവങ്ങള്‍ക്കും ഒരു പൊതുചിത്രമുണ്ട്. പൊതുവായ ചില നാഴികക്കല്ലുകളുടെ ചുറ്റും കറങ്ങുകയാണത്. ചരിത്ര പുസ്തകങ്ങളുടെ പുതിയ പതിപ്പുകളിലും ഉത്തരക്കടലാസുകളിലും വെട്ടും തിരുത്തുമില്ലാതെ ഈ ചരിത്രം നിരന്തരം ആവര്‍ത്തിക്കുന്നു. പൊതുബോധത്തിലും വ്യവഹാരങ്ങളിലും അതിന്റെ വാര്‍പ്പുമാതൃകകള്‍ ഒടുങ്ങാത്ത ഘോഷയാത്ര നടത്തുന്നു.
മമ്പുറം സയ്യിദ് അലവി തങ്ങളുടെ ദേഹവിയോഗത്തിന് 178 വര്‍ഷം തികയുന്നു. കേരളീയ പൊതുജീവിതത്തില്‍ നവീകരണത്തിന്റെ പല മാനങ്ങള്‍ സൃഷ്ടിച്ച വ്യക്തിത്വമാണ് തങ്ങളുടേത്. എന്നാല്‍ ഒരു മുസ്‌ലിം ആചാര്യനെന്നതിനപ്പുറത്ത് ആ വ്യക്തിത്വത്തിന്റെ പ്രകാശനം കേരളീയ ചരിത്രത്തില്‍ എത്രയളവില്‍ സാധ്യമായിട്ടുണ്ട്.
1751 ല്‍യമനിലെ തരീം പട്ടണത്തിലാണ് തങ്ങളുടെ ജനനം. പതിനേഴാം വയസ്സില്‍ അദ്ദേഹം കോഴിക്കോട്ടെത്തി. 1845 ല്‍ തൊണ്ണൂറ്റിനാലാം വയസ്സില്‍ ദേഹവിയോഗം നടക്കുമ്പോഴേക്ക് തങ്ങള്‍ മമ്പുറത്തെയും പരിസരപ്രദേശത്തെയുമെല്ലാം വേരോടിയ വഴികാട്ടിയും ഉപദേശകനുമായി മാറിയിരുന്നു.
സാമ്രാജ്യത്വ വിരുദ്ധതയുടെ, ഇസ്ലാം മതകാര്യങ്ങളുടെ, ദൈനംദിന ജീവിത പ്രശ്നങ്ങളുടെ ഒക്കെ കാര്യാലയമായും മമ്പുറം മാറിയിരുന്നു. മലബാറില്‍ മുസ്‌ലിംകളുടെയും ഒത്തുതീര്‍പ്പില്ലാത്ത ബ്രിട്ടീഷ് വിരുദ്ധതയുടെയും കീഴാള ജനതയുടെ പുരോഗമനത്തിന്റെയുമെല്ലാം നല്ല കാലമായിരുന്നു തങ്ങളുടെ ജീവിതം. ആ ഇടപെടല്‍ ഇന്നും തുടര്‍ന്നു കൊണ്ടുമിരിക്കുന്നു. ഇടര്‍ച്ചയില്ലാതെ മാനുഷിക പ്രശ്നങ്ങളില്‍ ഇടപെടുന്നത് കൊണ്ടാണ് തങ്ങള്‍ ഖുത്വുബുസ്സമാനാകുന്നത്.
ബ്രിട്ടീഷ്-ജാതി-ജന്മി പോരാട്ടങ്ങള്‍ക്ക് പ്രത്യയശാസ്ത്ര അടിത്തറ ഒരുക്കിയ കൃതിയാണ് തങ്ങളുടെ സൈഫുല്‍ ബത്താര്‍. എന്നാല്‍ പ്രസംഗപീഠത്തിലോ പുസ്തകത്താളിലോ മറഞ്ഞിരുന്നു യുദ്ധാഹാന്വം മുഴക്കുന്ന നിഴല്‍നേതാവിലുപരി യുദ്ധമുഖത്ത് നേരിട്ടു ഹാജരായി തങ്ങള്‍. ചേറൂര്‍ പടയിലേറ്റ മുറിവാണ് തങ്ങളുടെ നിര്യാണത്തിന് കാരണമാകുന്നതെന്ന് പറയുന്നുണ്ട് ചരിത്രം.
ആഘോഷിക്കപ്പെട്ട ചരിത്ര രചനയേക്കാള്‍ നാട്ടു ചരിത്രത്തിലാണ് (Local history)ലാണ് തങ്ങളുടെ മിഴിവുള്ള ചിത്രമുള്ളത്. തലമുറകള്‍തോറും നഷ്ടം വന്നുകൊണ്ടിരിക്കുന്ന അത്തരം സ്മൃതി ചിത്രങ്ങളെ ക്രോഡീകരിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.
ആദ്യത്തെ ജനകീയ നേതാവ്
മതനേതാവ്, സാമൂഹ്യപരിഷ്കര്‍ത്താവ്, ബ്രിട്ടീഷ്-ജന്മി വിരുദ്ധ വിപ്ലവകാരി തുടങ്ങി പല അടരുകളുള്ള വ്യക്തിത്വമായിരുന്നപ്പോഴും കേരളചരിത്രത്തിലെ ആദ്യത്തെ ജനനായകന്‍ മമ്പുറം തങ്ങളായിരുന്നുവെന്ന് കാണാം. ഗതാഗത്തിന്റെ പരിമിതി, ആശയവിനമിയത്തിലെ സൌകര്യക്കുറവ്, നാട്ടുരാജ്യങ്ങള്‍ തിരിഞ്ഞുള്ള ഭരണരീതി തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് തങ്ങളുടെ ജീവിതത്തിന്റെ ആവൃത്തി മലബാറില്‍ നിന്ന് അക്കാലത്ത് പുറത്തേക്ക് കൂടുതല്‍ വ്യാപിച്ചില്ല. അത് ആ കാലത്തിന്റെ പരിമിതിയായിരുന്നു.എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ മത-ജാതി സത്വത്തിന് ഉപരിയായി ജനകീയ പ്രശ്നങ്ങളുയര്‍ത്തിയ ആദ്യത്തെ വ്യക്തി അദ്ദേഹമായിരുന്നുവെന്ന് തിരിച്ചറിയാനാകുന്നു.
സാമൂഹ്യപ്രവര്‍ത്തനങ്ങളിലും ഇടപെടലുകളിലും മതമൂല്യങ്ങളിലധിഷ്ഠിതമായ ഒരു മാതാതീത തലം പുലര്‍ത്താന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. കര്‍ഷക കുടിയാന്മാരായ മാപ്പിളമാരുടെയും കീഴ്ജാതിക്കാരുടെയും കരുതല്‍ ധനം തങ്ങളുടെ ഉപേദശമായിരുന്നുവെന്ന് കാണുന്നു. വിത്തിറക്കുമ്പോഴും വിളവെടുക്കുമ്പോഴും അവര്‍ അദ്ദേഹത്തെ സമീപിച്ചു. പലപ്പോഴും വിള അദ്ദേഹത്തിന് കാഴ്ച വെക്കുക വരെ ചെയ്തു. അടിയാള വിഭാഗങ്ങളുടെ അടിസ്ഥാന വികാരത്തിനൊപ്പം നീങ്ങാന്‍ തങ്ങള്‍ ബോധപൂര്‍വം ശ്രമിച്ചു.
ഒരു പ്രത്യേക വിഭാഗത്തിന്റെ നേതാവില്‍ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന നേതാവായി തങ്ങള്‍ ഉയര്‍ന്നു. നിരന്തരം നാടു ചുറ്റി നടന്ന അദ്ദേഹത്തിന്റെ പരിഷ്കരണ യത്നങ്ങളുടെ ബാക്കിപത്രങ്ങള്‍ ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ വ്യാപിച്ചു കിടക്കുന്നു. ഹിന്ദുക്കളുടെ വിവാഹ നിശ്ചയങ്ങളില്‍ പോലും അദ്ദേഹം പങ്കുകൊണ്ടു. ആശാരി, കല്ലാശാരി തുടങ്ങി വിവിധ തൊഴിലാളി വിഭാഗങ്ങളെ തങ്ങള്‍ ഗുണപരമായി സ്വാധീനിച്ചതിന്റെയും അതുവഴി അവര്‍ സാമൂഹ്യശ്രേണിയില്‍ ഉയര്‍ന്നുവന്നതിന്റെയും കഥകള്‍ നാട്ടുചരിത്രത്തില്‍ സജീവമാണ്.
നബിയുടെ കുടുംബപരമ്പരിയില്‍ പെട്ട സയ്യിദുമാര്‍ക്ക് മലബാറിലുടനീളം ലഭിച്ചിരുന്ന സഹജമായ ആദരവ് മമ്പുറം തങ്ങള്‍ മറ്റു സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തി വിപുലപ്പെടുത്തുകയായിരുന്നു. ജന്മിമാരുടെ ചൂഷണത്തിന് വിധേയരായിരുന്ന കേരളത്തിലെ ഊഴവരുടെയും മാപ്പിളമാരുടെയും പീഢിത മനസ്സ് അദ്ദേഹത്തില്‍ ഒരു പൊതുസംരക്ഷകനെ കണ്ടെത്തിയതില്‍ ചരിത്രപരമായ നീതീകരണമുണ്ട്. ഇത്തരമൊരു ജനകീയ നേതാവിന്റെ പൂര്‍വമാതൃകകള്‍ കേരളീയ ചരിത്രത്തില് വേറെയില്ല.
പൊതുബോധത്തില്‍ നാം നവോഥാനമെന്ന് വിളിക്കുന്ന സാഹചര്യം ഉടലെടുത്തത് കൊളോണിയല്‍ ദേശീയതയില്‍ നിന്നും ഇംഗ്ലീഷ് വിഭ്യാഭ്യാസത്തില്‍ നിന്നുമാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതിന്റെ ആരംഭത്തിലുമാണ് മാറ്റത്തിന്റെ പ്രവണതകള്‍ കേരളീയ സമൂഹത്തില്‍ കണ്ടു തുടങ്ങുന്നത്.എന്നാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ഇത്തരമൊരു സാമൂഹ്യമാറ്റത്തെ കുറിച്ചുള്ള വിചാരപ്പെടലുകള്‍ തങ്ങള്‍ നടത്തിത്തുടങ്ങിയതായി കാണുന്നു.
കേരളത്തിലെ ലക്ഷണമൊത്ത സാമൂഹിക നവോഥാന പ്രവര്‍ത്തകരായ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മറ്റും ജന്മമെടുക്കുന്നത് തങ്ങളുടെ വിയോഗത്തിന്റെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ മാത്രമാണ് കേരള ചരിത്രം നവോഥാന പ്രസ്ഥാനങ്ങളെന്നു വാഴ്ത്തുന്ന സാധുജന പരിപാലന, എന്‍.എസ്.എസ് തുടങ്ങിയ സംഘടനകള്‍ പലതും രൂപപ്പെടുന്നത്. വൈക്കം സത്യഗ്രഹം നടക്കുന്നത് തങ്ങളുടെ ഒരു നൂറ്റാണ്ട് ശേഷമാണ്.
തങ്ങളുടെ കീഴാളാഭിമുഖ്യം
മലപ്പുറത്തെ മൂന്നിയൂരില്‍ കളിയാട്ടമെന്ന ഹരിജന വിഭാഗങ്ങളുടെ കീഴില്‍ നടന്നുവരുന്ന ഉത്സവത്തിന് ഇടവമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച എന്ന് തീയതി കുറിച്ചത് തങ്ങളാണ്. തങ്ങളുടെ സാമൂഹ്യജീവിതത്തിലെ അത്യന്തം പ്രതീകാത്മകമായൊരു കര്‍മമാണിത്. 1888 ല്‍അരുവിപ്പുറത്ത് ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയതിനെ നവോഥാനത്തിന്റെ നാന്ദിയായി വിശേഷിപ്പിക്കാറുണ്ട്. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പായിരുന്നു തങ്ങളീ തിയ്യതി നിശ്ചയം നടത്തിയത്. ഹരിജന വിഭാഗത്തിന്റെ സാംസ്കാരിക-വ്യക്തിത്വ പ്രകാശനം സാധ്യമാക്കുക എന്ന സാംസ്കാരിക പ്രവര്‍ത്തനമാണ് ഇതിലൂടെ തങ്ങള്‍ നിര്‍വഹിച്ചത്. അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആ സാമൂഹിക പരിസരത്ത് ഇതിന് വലിയ പ്രസക്തിയുണ്ട്.
സാമൂഹികമായി ദുര്‍ബലരായിരുന്ന ആളുകളോട് തങ്ങള്‍ കാണിച്ച താത്പര്യത്തിന് അവര്‍ കലവറയില്ലാത്ത ആദരവിലൂടെ മറുപടി നല്‍കി. തങ്ങളുടെ മഖ്ബറ സന്ദര്‍ശിക്കാന്‍ വരുന്ന വിവിധ മതസ്ഥര്‍, കീഴാളര്‍ അതിപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു.
മതഭ്രാന്തിന്റെ നിര്‍മിതി
സമാധാന കാലത്തെ നേതാവായിരുന്നില്ല തങ്ങള്‍. യുദ്ധസമാനമായ സമരങ്ങളുടെ നടുവിലാണ് തങ്ങള്‍ മമ്പുറത്തെത്തുന്നത്. അതിന് സമാനമായ പ്രത്യയശാസ്ത്ര ഭൂമിക ഒരുക്കുക തന്റെ ബാധ്യതയാണെന്ന് തങ്ങള്‍ തിരിച്ചറിഞ്ഞു. ബ്രിട്ടണെതിരെ പോരാടേണ്ടത് ഓരോ മുസ്ലിമിന്റെയും നിര്‍ബന്ധ ബാധ്യതയായി തങ്ങള്‍ വിശദീകരിക്കുന്നത് ഈ വെളിച്ചത്തിലാണ്.
ജന്മികളുടെ സഹകരണത്തോടെ മാപ്പിളമാരെ നേരിട്ട ബ്രിട്ടീഷുകാര്‍ മാപ്പിള സമരങ്ങളെ കലാപം, ലഹള, ഹാലിളക്കം എന്നിങ്ങനെ ന്യൂനീകരിക്കുകയായിരുന്നു. പില്‍ക്കാലത്ത് വന്ന ബ്രീട്ടീഷ് ചരിത്രകാരും അവരോട് തുടര്‍ന്ന് പ്രാദേശിക ചരിത്രപഠിതാക്കളും അതിനെ അങ്ങനെ തന്നെ അവതിരിപ്പിച്ചു പോന്നു. ഈ സമരങ്ങളുടെയെല്ലാം അടിസ്ഥാനമായിരുന്ന ജീവല്‍പ്രശ്നങ്ങളെയും അതിന്റെ ചരിത്രമൂല്യത്തെയും ഒറ്റയടിക്ക് മുക്കിക്കളയാന്‍ പോന്നതായിരുന്നു കലാപം ഹാലിളക്കം പോലുള്ള ഈ പ്രയോഗങ്ങള്‍.
മതഭ്രാന്തനായ അറബി തങ്ങള്‍ എന്ന് വിളിക്കുന്നതിലൂടെ തങ്ങള്‍ നിര്‍വഹിച്ച സാമൂഹിക പരിഷ്കരണത്തെ തമസ്കരിക്കാന്‍ ജന്മി-ബ്രിട്ടീഷ് കൂട്ടുകെട്ടിന് കഴിഞ്ഞു. ഹൈന്ദവ പ്രമാണിയും ചെമ്പായ കുടുംബാംഗവുമായ കോന്തുനായരെ ജീവിതം മുഴുവന്‍ കാര്യസ്ഥനായി കൂട്ടിയ തങ്ങളെയാണ് സ്റ്റീഫന്‍ എഫ്. ഡെയലിനെ പോലുള്ള ചരിത്രനിര്‍മാതാക്കള്‍ മതഭ്രാന്തനായി ചിത്രീകരിക്കുന്നത്. ഇതൊരു പുതിയ രീതിയല്ല. മുമ്പും ഇത് നടന്നിട്ടുണ്ട്. ‘സാമൂതിരി മഴമേഘവും ഞങ്ങള്‍ ദാഹിച്ചു വലഞ്ഞവരുമാണ്. എന്റെ കവിത കാരണമായി നമ്മുടെ ദാഹം തീര്‍ന്നെങ്കിലോ എന്ന് ഞാന്‍ ആശിക്കുന്നു. ഈ കടുത്ത യാതനകളില്‍ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തുക. അല്ലാഹു നിങ്ങള്‍ക്ക് പ്രിതഫലം തരും’ എന്ന് ‘തഹരീദില്‍’ പാടിയ പൊന്നാനിയിലെ മഖ്ദൂമാണ് കൊച്ചിയില്‍ നിന്ന് കുഞ്ഞാലി മരക്കാരെ സാമൂതിരിക്ക് വേണ്ടി കോഴിക്കോട്ട് എത്തിച്ചത്. നൂറ്റാണ്ടുകളോളം കുഞ്ഞാലി മരക്കാര്‍ അറബിക്കടലിന്റെ മാനം കാത്തു. ഒടുവില്‍ സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിയുടെ തല വെട്ടി തെരുവില്‍ നാട്ടി. നെറ്റിയില്‍ മതഭ്രാന്തന്‍ എന്ന പേര് കൊത്തുവെച്ചു.
ടിപ്പുവിന്റെ കാര്യത്തില്‍ ചരിത്രം നടത്തിയതും മറ്റൊന്നല്ല. ബ്രിട്ടീഷുകാരോട് ചേര്‍ന്ന് ഒരിക്കലെങ്കിലും ഒരു ഇന്ത്യന്‍ രാജാവിനോട് യുദ്ധം ചെയ്യാത്ത രാജാവ് ടിപ്പു മാത്രമാണ്. ബ്രിട്ടീഷുകാരോടുള്ള യുദ്ധത്തില്‍ കളത്തില്‍ വെച്ച് മരിക്കുന്ന ഒരേയൊരു രാജാവും ടിപ്പു മാത്രമാണ്. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിലെ ജാതി ചിന്തയെ പൊളിച്ചടുക്കിയ ടിപ്പു ഇതേ കാരണം കൊണ്ട് മതഭ്രാന്തനും ക്ഷേത്രധ്വംസകനുമായി. മമ്പുറം തങ്ങള്‍ക്കെതിരെയും നീണ്ടു വന്നത് ഇതേ ആരോപണത്തിന്റെ വാലാണ്.
ഈ ആരോപണം പുതിയ കാലത്ത് ഓരോ മുസ്ലിമിനെതിരെയും നീളുന്നു. തീവ്രവാദി, മതഭ്രാന്തന്‍.....എത്ര പെട്ടെന്നാണ് ഇതില്‍ മുങ്ങി നമ്മുടെ നവോഥാന ശ്രമങ്ങള്‍ റദ്ദായത്! നമ്മുടെ ദേശക്കൂറും മതസൌഹാര്‍ദ പാഠങ്ങളും ചൊല്ലി മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ട തിരക്കിലാണ് നാമിപ്പോള്‍.
മറ്റുള്ളവ:
മമ്പുറത്തിന്റെ കുളിര്‍ക്കാറ്റ്
ഖുതുബുസ്സമാന്‍ മമ്പുറം തങ്ങള്‍ (പ്രഭാഷണം)
കേരളത്തിലെ സയ്യിദ് കുടുംബം
സൂഫികളും സാമൂഹിക നവോത്ഥാനവും
Leave A Comment