അഫ്സല്‍ഗുരുവല്ല; നിയമപാലനവും നീതിനിര്‍വഹണവുമാണ് ശനിയാഴ്ച തൂക്കിലേറിയത്!
അഫ്സല്‍ ഗുരുവിന്റെ വിധി നടപ്പാക്കിയ പശ്ചാത്തലത്തില്‍, കഴിഞ്ഞ ദിവസം പ്രശസ്ത എഴുത്തുകാരി അഞ്ജലി മോഡി ദേശീയ പത്രമായ ദ ഹിന്ദുവിലെഴുതിയ ലേഖനം. പാര്‍ലമെന്റ് ആക്രമണ കേസിലെ വിചാരണ ദ ഹിന്ദുവിന് വേണ്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നത് അഞ്ജലി മോഡിയായിരുന്നു.  width=2001 ഡിസംബര്‍ 13. പാര്‍ലമെന്‍റിന് നേരെ ആക്രമണം നടന്നയുടനെ, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ നടന്ന ഈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്നു ഇന്ത്യന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ആക്രമണം നടന്ന് മൂന്ന് ദിവസം കഴിയും മുമ്പ്, ഡിസംബര്‍ 16ന്, മൂന്ന് പേരെ കുറ്റവാളികളായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോലീസ് അവതരിപ്പിച്ചു. മുഹമ്മദ് അഫസല്‍, അദ്ദേഹത്തിന്‍റെ ബന്ധുവായ ശൌക്കത്ത് ഹുസൈന്‍, എസ്.ആര്‍ ഗീലാനി എന്നിവരെ. ആക്രമണത്തെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളും അന്ന് മാധ്യമങ്ങളോട് പോലീസ് വെളിപ്പെടുത്തിയിരുന്നു, വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ വിഭാഗം ഉന്നയിച്ച വാദഗതികളുടെ ഏകദേശ രൂപം തന്നെ. 6 മാസങ്ങള്‍ക്കകം തന്നെ ഇവരുടെ, ശൌക്കത്തിന്റെ ഭാര്യ അഫ്സാന്‍ അടക്കമുള്ളവരുടെ, വിചാരണ തുടങ്ങി. ഭീകരാക്രമണത്തില്‍ ഗൂഢാലോചന നടത്തി, രാജ്യത്തിന് നേരെ യുദ്ധം പ്രഖ്യാപിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കു മേല്‍ പ്രോസിക്യൂഷന്‍ വിഭാഗം ചുമത്തിയിരുന്നത്. ഈ കേസിന്‍റെ വിചാരണ ശ്രദ്ധിച്ചുപോന്ന ഏതൊരാള്‍ക്കും വളരെ പെട്ടെന്ന് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അതായത്, അഫ്സലിനെ കുറ്റവാളിയാക്കാനുള്ള ശ്രമം പ്രോസിക്യൂഷനിലുടനീളം നിഴലിച്ചു കാണുന്നുണ്ട്. കോടതിയില്‍ നിയമപരമായി, ഒരു കുറ്റവാളിക്ക് തന്നെ, ലഭിക്കേണ്ട പ്രതിനിധ്യം വരെ അഫ്സലിന്‍റ കാര്യത്തില്‍ ഉണ്ടായില്ലെന്ന് പറയേണ്ടിയിരിക്കുന്നു. അഫ്സലിന് വേണ്ടി കേസ് വാദിക്കാന്‍ ആദ്യം നിയമിതയായ വക്കീല്‍ തന്നെ, പോലീസ് ഹാജറാക്കിയ രേഖകളെ അഫ്സലിനെതിരായുള്ള വ്യക്തമായ തെളിവുകളാണെന്ന് സമ്മതിക്കുന്നതാണ് കണ്ടത്. വിചാരണ തുടങ്ങും മുമ്പെ അവര്‍ അഫ്സലിന്‍റെ കേസ് ഒഴിവാക്കി പോകുകയും ചെയ്തു. അഫ്സലിനെ മാറ്റിനിറുത്തിയാല്‍, മറ്റു മൂന്ന് പേര്‍ക്കും വേണ്ടി കോടതിയില് ‍ഹാജറായത് രാജ്യത്തെ തന്നെ ഉന്നതരായ വക്കീലുമാരാണ്. എന്നാല് ‍അഫ്സലിനെ പ്രതിനിധീകരിച്ചത് ഒരു അമിക്കസ് ക്യൂരി ആയിരുന്നു. അദ്ദേഹം അഫ്സലിന് വേണ്ടി വാദിക്കാനായി വായ തുറന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അഫ്സലിനോട് ശത്രുതയുള്ളത് പോലെയാണ് കോടതിമുറിക്കകത്ത് പെരുമാറിയത്. അത് കൊണ്ട് തന്നെ നിയമത്തെ കുറിച്ച് ഒരറിവുമില്ലാത്ത അഫ്സലിന് വിചാരണക്കിടെ ഇടപെടേണ്ടതായി വന്നു. പലപ്പോഴും സാക്ഷികളെ വിസ്തരിക്കേണ്ട ഉത്തരവാദിത്തവും അഫ്സലിന് മേലിലായി. നാടകാന്തം, അഫ്സലിനെ തൂക്കിലേറ്റണമെന്ന് വിധി വന്നു.  width=അതിനിടെ ഹൈക്കോടതിയില്‍ അഫ്സലിന് വേണ്ടി ഹാജറായ വക്കീല്‍ കോടതിക്ക് ഒരു അപേക്ഷ കൊടുക്കുന്നുണ്ട്. തൂക്കിലേറ്റുന്നതിന് പകരം മാരകാമയ വിഷം ഇന്‍ജകറ്റ് ചെയ്ത് വധിച്ചാല്‍ പോരേഎന്നായിരുന്നു വക്കീല്‍ അന്ന് കോടതിയോട് ചോദിച്ചത്. അഫ്സല്‍ അത്തരമൊരു കാര്യം വക്കീലുമായി ചര്‍ച്ച ചെയ്തിട്ടു പോലുമുണ്ടായിരുന്നില്ലത്രെ; തന്‍റെ ജീവിതം കരുപ്പിടിപ്പിക്കാന് എങ്ങനെയും സാധിക്കുമെന്ന പ്രത്യാശയിലായിരുന്നു അഫ്സല്‍. 2004 ല്‍ വിധിയെ അംഗീകരിച്ചു കൊണ്ട് സുപ്രീം കോടതി നിരീക്ഷച്ച കാര്യമാണ് അതിലേറെ ദുഖകരമായിപ്പോയത്. വിചാരണയിലുടനീളം അഫ്സലിന് വേണ്ട പോലെ അവസരം നല്‍കപ്പെട്ടിട്ടുണ്ടെന്നാണ് കോടതി അന്ന് നിരീക്ഷിച്ചത്. അഫ്സല്‍ ഗുരുവിനൊപ്പം ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി അറസ്റ്റുചെയ്തിരുന്ന ഗീലാനിയെയും അഫസാന്‍ ഗുരുവിനെയും ഒരു വര്‍ഷത്തിനകം തന്നെ ഹൈക്കോടതി കുറ്റവിമുക്തരാക്കി വെറുതെ വിട്ടു. മൂന്നാമനായ ശൌക്കത്ത് ഹുസൈനെ ഗുഢാലോചന അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന പേരില് പത്തു വര്‍ഷത്തെ തടവിന് വിധിച്ചു. ജയിലിലെ നല്ല നടപ്പു പരിഗണിച്ച് പത്തു വര്‍ഷമാകും മുമ്പെ ശൌക്കത്തിനെയും റിലീസ് ചെയ്തു. എന്നാല് ‍അഫ്സല്‍ ഗുരുവിനെ ഇപ്പോള്‍ അതീവ രഹസ്യമായി തൂക്കിലേറ്റി വധിച്ചിരിക്കുന്നു. അദ്ദേഹത്തെ തൂക്കിലേറ്റാന്‍ തീരുമാനിച്ചവര്‍ തീര്‍ച്ചയായും ചോദിക്കേണ്ടിയിരുന്ന ചില ചോദ്യങ്ങള്‍ മറന്നുപോയിരിക്കുന്നു. ആ ചോദ്യങ്ങള്‍ക്ക് ഇനിയും ഉത്തരം കിട്ടിയെ തീരൂ. അഫ്സലിനെ വിചാരണ ചെയ്ത കോടതികള്‍ക്കറിയാം, നേരത്തെ JKLF ല്‍ അംഗമായിരുന്ന അദ്ദേഹം 1990 കളുടെ തുടക്കത്തില്‍ ആയുധം വെച്ച് കീഴടങ്ങിയ കാര്യം. കീഴടങ്ങിയ പ്രക്ഷോഭകാരികള്‍ കാശ്മീരിലെ Special Task Force ന്‍റെ കാമ്പില്‍ നിശ്ചിത തിയ്യതികളില്‍ ഹാജറാകണമെന്ന നിയമമുണ്ട്. അഫ്സല്‍ ആ കാര്യത്തിലും കൃത്യത പുലര്‍ത്തിയിരുന്നു. ഒന്നില് ‍കൂടതല്‍ പ്രാവശ്യം അദ്ദേഹത്തെ കാമ്പില്‍ തടവില്‍ വെക്കുകവരെയുണ്ടായിട്ടുണ്ട്, ഒരു നിയമസാധുതയുമില്ലാതെ തന്നെ. ചുരുക്കത്തില്‍ കാമ്പിലെ പട്ടാളക്കാര്‍ക്ക് അഫ്സലിനെ നന്നായി അറിയാമായിരുന്നു. എന്ന് മാത്രമല്ല, പാര്‍ലമെന്‍റ് ആക്രമിച്ച ചാവേറുകളെന്ന് ഭരണകൂടം പരിചയപ്പെടുത്തിയ രണ്ടു പേരുണ്ട്. ആക്രമണത്തിനിടെ തന്നെ സുരക്ഷാസൈന്യത്തിന്റെ വെടിയേറ്റു കൊല്ലപ്പെട്ട ഒരു മുഹമ്മദും ആക്രമണത്തിന് ശേഷം അപ്രത്യക്ഷനായി എന്ന് ഭരണകൂടം വിശദീകരിക്കുന്ന ഒരു താരിഖും. ഈ രണ്ട് പേരും താനുമായി പരിചയപ്പെട്ടത് കാശ്മീരിലെ ഈ പട്ടാളകാമ്പില്‍ വെച്ചായിരുന്നുവെന്നും അവരെ പരിചയപ്പെടുത്തിയത് കാമ്പിലെ പട്ടാളക്കാരായിരുന്നുവെന്നും അഫ്സല് ‍വെളിപ്പെടുത്തിയിട്ടുണ്ട്. ഒരിക്കലും ഉന്നിയിക്കപ്പെടാതെ പോയ, അതു കൊണ്ട് തന്നെ ഉത്തരവും ലഭിക്കാതെ പോയ, ഒരു ചോദ്യമുണ്ട്. അഫ്സലിനെ ഇത്ര അടുത്ത് പരിചയമുണ്ടായിരുന്നിട്ടും, തങ്ങള്‍ക്കിഷ്ടമുള്ളപ്പോഴെല്ലാം അയാളെ അറസ്റ്റുചെയ്തു തടവില്‍ പാര്‍പ്പിച്ചിരുന്നിട്ടും, പാര്‍ലമെന്‍റ് ആക്രമിക്കാനുള്ള അഫ്സലിന്റെ നീക്കത്തെ കുറിച്ച്, അതിന് വേണ്ടി ഉണ്ടാക്കിയ ബന്ധങ്ങളെ കുറിച്ച് Special Task ലെ സൈനികോദ്യോഗസ്ഥര്‍ എന്തുകൊണ്ട് അറിയാതെ പോയി? വിചാരണക്കിടയില്‍ അഫ്സലിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെയും കാശ്മീരിലെയും പോലീസ് ഹാജറാക്കിയ രേഖകളും പരസ്പര വിരുദ്ധങ്ങളായിരുന്നു. അഫ്സല്‍ എവിടെയുണ്ടെന്ന് കണ്ടുപിടിച്ച് അതുസംബന്ധമായ ഒരു സന്ദേശം കാശ്മീറിലെ പോലീസിന് ഡല്‍ഹിയില്‍ നിന്ന് പോയി എന്നു പറയുന്നുണ്ട്. എന്നാല്‍ ഈ സന്ദേശം ഡല്‍ഹിയില്‍ നിന്ന് അയക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പെ അഫ്സലിനെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് എന്നാണ് കാശ്മീര്‍ പോലീസ് ഹാജറാക്കിയ രേഖകള്‍ കാണിക്കുന്നത്. കോടതിക്ക് പുറത്ത് പബ്ലിക് പ്രോസിക്യൂട്ടര്‍ ഈ വൈരുദ്ധ്യത്തെ ന്യായീകരിച്ചത് ഇങ്ങനെയായിരുന്നു: ‘കാശ്മീര്‍ പോലീസിന് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന് അതു സംബന്ധമായി പ്രത്യേകവിവരം ലഭിച്ചിരുന്നു.’  width=ഇക്കാര്യം എന്ത് കൊണ്ട് കോടതിക്കകത്ത് പരാമര്‍ശിക്കപ്പെട്ടില്ല എന്നതും ഉത്തരം ലഭിക്കേണ്ട മറ്റൊരു ചോദ്യമാണ്. ഈ പബ്ലിക് പ്രോസിക്യൂട്ടര്‍ കളവ് പറയുകയായിരുന്നോ? അതോ ആക്രമണസാധ്യതയുണ്ടെന്ന് നേരത്തെ അറിഞ്ഞിട്ടും ഭരണകൂടം അത് മറച്ചുവെക്കുകയായിരുന്നോ? അഫ്സല് ‍ഗുരുവിനെതിരില് ‍ഒരു സാക്ഷി പോലുമില്ലെന്നതാണ് സത്യം. ഗൂഢാലോചനയില്‍ അഫ്സലിനോടൊപ്പമുണ്ടായിരുന്നുവെന്ന് ഭരണകൂടം പറയുന്ന മൂന്ന് പേരെയും വെറുതെ വിട്ടു; മുഹമ്മദ് ആക്രമണത്തിനിടെ കൊല്ലപ്പെട്ടു; താരിഖ് എവിടെ പോയിയെന്ന് ഭരണകൂടത്തിന് അറിവുമില്ല. അത്തരത്തില്‍ ഒരു സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ അഫ്സല്‍ സ്വയം അദ്ദേഹത്തിനെതിരിലുള്ള ഒരു സാക്ഷിയാകുകയായിരുന്നുവെന്ന് പറയേണ്ടി വരും. അഫ്സല്‍ കുറ്റസമ്മതം നടفത്തുകയും  താന്‍ കണ്ട ആളുകളെയും സന്ദര്‍ശിച്ച സ്ഥലങ്ങളെയും പോലീസിന് പരിചയപ്പെടുത്തുകയും ചെയ്തതായി കേസ്‌ രേഖകള്‍ പറയുന്നു.  (നടപടിക്രമങ്ങളിലെ വീഴ്ചയും ലംഘനവും കാരണം സുപ്രീം കോടതി ആ മൊഴികള്‍ തള്ളിക്കളഞ്ഞതായി 'ഹിന്ദു' തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു ലേഖനത്തില്‍ അരുന്ധതി റോയ്‌ പറയുന്നു- വിവര്‍ത്തകന്‍) അറസ്റ്റുചെയ്യുന്ന സമയത്ത് കണ്ടെത്തിയെന്ന് പോലീസ് അവകാശപ്പെടുന്ന സിംകാര്‍ഡുകളും മൊബൈല്‍ ഉപകരണങ്ങളുമാണ് അഫ്സലിനെതിരായി പിന്നെയുള്ള ഏക തെളിവ്. കൂട്ടത്തില്‍ പെട്ട ഒരു സിംകാര്‍ഡു അഫ്സല്‍ വാങ്ങുന്നതിന് മുന്നെ തന്നെ ആരോ ഉപയോഗിച്ചു കൊണ്ടിരുന്നതായിരുന്നുവത്രെ! ഇതെ കുറിച്ച വിവിധ കോടതികള് ‍നടത്തിയ വ്യത്യസ്ത പരാമര്‍ശങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. അത് കൊണ്ട് തന്നെ അഫ്സലിനെ തൂക്കിലേറ്റാന്‍ കാണിച്ച ഈ ഉത്സാഹം തീര്‍ച്ചയായും ചില സംശയങ്ങളുയര്‍ത്തുന്നുണ്ട്. യുക്തിസഹമായ ചില സംശയങ്ങള്‍ക്കപ്പുറം കുറ്റം വ്യക്തമായി തെളിയിക്കപ്പെടാതെയാണ് ശനിയാഴ്ച ഒരു പൌരന്‍ തൂക്കിലേറിയത്. ന്യായമായ വിചാരണക്ക് പോലും അവസരം ലഭിക്കാതെയാണ് അഫസല്‍ ഗുരു തൂക്കിലേറ്റപ്പെട്ടത്. അതുവഴി നിയമപരിപാലനവും നീതിനിര്‍വഹണവും കൂടി കഴുമരത്തിലേറിയിരിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter