മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 3)

മഖാസ്വിദുശ്ശരീഅഃ - 3

മതവിധികള്‍ക്ക് ലക്ഷ്യങ്ങളോ(രണ്ട്)

ഖുര്‍ആനിന്റ ജീവല്‍രൂപമായി നിയോഗിക്കപ്പെട്ട പ്രവാചകനെ വിശുദ്ധ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിലും ഇസ്‌ലാമിക ശരീഅത്തിന്റെ അത്യുത്തമ ലക്ഷ്യങ്ങള്‍ വായിച്ചെടുക്കാം. ചില സൂക്തങ്ങള്‍ താഴെ ചേര്‍ക്കുന്നു.

1) നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍നിന്നുതന്നെ ഒരു ദൈവദൂതന്‍ ഇതാ ആഗതനായിരിക്കുന്നു. നിങ്ങള്‍ വിഷമിക്കുന്നത് അദ്ദേഹത്തിനു അസഹ്യമാണ്. നിങ്ങളുടെ വിജയത്തില്‍ അതീവ തല്‍പരനാണദ്ദേഹം. അദ്ദേഹം സത്യവിശ്വാസികളോട് അലിവും കാരുണ്യവുമുള്ളവനാകുന്നു. (അല്‍ തൗബ 128).
2) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തിക്കാണുന്ന നിരക്ഷരനായ പ്രവാചകദൂതനെ പിന്തുടരുന്നവരാരോ, (അവരാകുന്നു ഇന്ന് ഈ അനുഗ്രഹത്തിന് അര്‍ഹരായിട്ടുള്ളവര്‍). അദ്ദേഹം അവര്‍ക്ക്  നന്മ വിധിക്കുന്നു. തിന്മ വിലക്കുന്നു. അവര്‍ക്കായി ശുദ്ധ വസ്തുക്കള്‍ അനുവദിച്ചുകൊടുക്കുന്നു. അശുദ്ധ വസ്തുക്കളെ നിരോധിക്കുകയും ചെയ്യുന്നു. അവരെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഇറക്കിവയ്ക്കുന്നു. അവരെ വരിഞ്ഞുമുറുക്കിയിരുന്ന ചങ്ങലകള്‍ പൊട്ടിച്ചെറിയുന്നു. (അല്‍ അഅ്‌റാഫ് 157).
മഖാസിദിന്റെ വ്യത്യസ്ത തലങ്ങളെ ഏറെ വാചാലമാകുന്ന സൂക്തമാണിതെന്നതില്‍ സംശയമില്ല. 
3) തങ്ങളില്‍ നിന്നുതന്നെ അവര്‍ക്ക്  ഒരു പ്രവാചകനെ നിയോഗിച്ചയക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്കു മഹത്തായ ഔദാര്യം ചെയ്തിരിക്കുന്നു. അദ്ദേഹം അവര്‍ക്ക്  അവന്റെ സൂക്തങ്ങള്‍ ഓതിക്കൊടുക്കുന്നു, അവരുടെ ജീവിതം സംസ്‌കരിക്കുന്നു. അവരെ വേദവും തത്വജ്ഞാനവും പഠിപ്പിക്കുന്നു. ഇതിനു മുമ്പാകട്ടെ ഇതേ ജനം സ്പഷ്ടമായ ദുര്‍മാര്‍ഗത്തിലായിരുന്നു. (ആല്‍ ഇംറാന്‍ 164)


വിശുദ്ധ ഖുര്‍ആനിനും തിരു സുന്നത്തിനും നിശ്ചിത ലക്ഷ്യങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വ്യവസ്ഥാപിത രൂപാന്തരമായ ശരീഅത്തിന് ആത്യന്തികമായ ലക്ഷ്യങ്ങളുണ്ടെന്നത് അവിതര്‍ക്കിതമാണെന്ന് ഈ പശ്ചാത്തലത്തില്‍ മനസിലാക്കാം.
ഖുര്‍ആന്‍ അവതീര്‍ണമാകുന്നത് സര്‍വ്വനന്മകളുടെയും ആശിസ്സുകളുടെയും പൂര്‍ത്തീകരമായിട്ടാണെന്ന് വിവരിക്കുന്ന ധാരാളം സൂക്തങ്ങള്‍ കണാം.
നിശ്ചയം, അല്ലാഹു അനുശാസിക്കുന്നത് നീതി പാലിക്കാനും നന്മ അനുവര്‍ത്തിക്കാനും  കുടുംബങ്ങള്‍ക്ക് ദാനം ചെയ്യാനുമാണ്; നീചകൃത്യങ്ങളും നിഷിദ്ധ പ്രവൃത്തികളും അതിക്രമവും അവന്‍ നിരോധിക്കുകയും ചെയ്യുന്നു. ചിന്തിച്ചു പാഠമുള്‍ക്കൊള്ളാനായി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്. (അല്‍-നഹ്ല്‍ 90.) 

അതോടൊപ്പം, സര്‍വ്വനാഥനായ അല്ലാഹുവിന്റെ കല്‍പനകളാണ് ഏറ്റവും ഉത്കൃഷ്ടമായതെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. അല്ലാഹുവിനെക്കാള്‍ വിശിഷ്ഠമായി തീരുമാനം കല്‍പിക്കുന്നവനാരാണുള്ളത്?!. (അല്‍ മാഇദ 50)

ശരീഅത്തിന്റെ ഏറ്റവും ഉന്നതമായ അടിസ്ഥാന ശിലയായി വര്‍ത്തിക്കുന്ന വിശുദ്ധ ഖുര്‍ആനെ അല്ലാഹു വ്യത്യസ്ത സ്ഥലങ്ങളിലായി ഉജ്ജ്വലപ്രകാശം, ജീവോല്‍ക്കര്‍ഷം, ജീവാത്മാവ് എന്ന് വിശേഷിപ്പിക്കുന്നത് കാണാം.

1) അതിനാല്‍ അദ്ദേഹത്തെ വിശ്വസിക്കുകയും ബലപ്പെടുത്തുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിച്ച വെളിച്ചത്തെ പിന്തുടരുകയും ചെയ്യുന്നവര്‍ മാത്രമാകുന്നു വിജയം പ്രാപിക്കുന്നവര്‍. (അല്‍ അഅ്‌റാഫ്:157)
2) അല്ലയോ ജനങ്ങളേ, നിങ്ങളുടെ നാഥനില്‍നിന്നുള്ള ന്യായപ്രമാണം നിങ്ങളില്‍ വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ക്കു് വ്യക്തമായി വഴികാണിച്ചുതരുന്ന വെളിച്ചം നാം നിങ്ങളിലേക്കയക്കുകയും ചെയ്തിരിക്കുന്നു. (അല്‍ നിസാഅ്: 174)
3) അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വിളി കേള്‍ക്കുവിന്‍-ദൈവദൂതന്‍ നിങ്ങളെ സജീവരാക്കുന്നതിലേക്കു വിളിക്കുമ്പോള്‍... (അല്‍ അന്‍ഫാല്‍ 24)

4) നിര്‍ജ്ജീവനായി കഴിയുകയും എന്നിട്ട് നാം ഉജ്ജീവിപ്പിക്കുകയും നാം നല്‍കിയ പ്രകാശത്തിലൂടെ ജനമദ്ധ്യേ നടക്കുകയും ചെയ്യുന്ന ഒരു വ്യക്തി ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത അന്ധകാരങ്ങളില്‍ അധഃപതിച്ചവരെ പോലെയാണോ.? (അന്‍ആം: 22)
5) മുന്‍ പ്രവാചകര്‍ക്കെന്ന പോലെ താങ്കള്‍ക്ക് നമ്മുടെ കല്‍പനകളില്‍ നിന്നുള്ള ചൈതന്യവത്തായ ഖുര്‍ആന്‍ നാം ബോധനം നല്‍കിയിരിക്കുന്നു. വേദമോ സത്യമോ എന്താണെന്ന് താങ്കള്‍ക്ക് അറിയാമായിരുന്നില്ല. എങ്കിലും അതിനു നമ്മുടെ അടിമകളില്‍ നിന്ന് നാമുദ്ദേശിക്കുന്നവരെ സന്മാര്‍ഗ ദര്‍ശനം ചെയ്യുന്ന ഒരു പ്രകാശമാക്കി.  (അല്‍ ശൂറാ: 52)

മേല്‍ചൊന്ന ആയത്തുകളത്രയും പൊതുവായും ഹ്രസ്വമായും ശരീഅയുടെ പ്രധാന മഖാസിദുകളിലേക്കുള്ള ദ്യോതകങ്ങളാണ്. വിശുദ്ധ ദീന്‍ പ്രകാശത്തിന്റെയും ജീവിതത്തിന്റെയും പ്രസ്ഥാനമാണെന്നും വിജയമന്ത്രമാണെന്നും മുകളില്‍ കൊടുത്ത ആയതുകളില്‍ നിന്ന് ബോധ്യപ്പെടുന്നു. ബുദ്ധിപരമായി ആലോചിക്കുമ്പോഴും അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് പിന്നില്‍ ഹിക്മതുകളും മസ്‌ലഹതുകളും നിഷേധിക്കുക സാധ്യമല്ല. ഒരാള്‍ ഒരു കാര്യം നിര്‍ദേശിക്കുകയും അതിന് പിന്നില്‍ ഒരു താത്പര്യവും ഇല്ലാതാവുന്നുണ്ടെങ്കില്‍ അതിന് താഴെ പറയുന്ന ഏതെങ്കിലും ഒരു കാരണം കാണും:

1) അയാള്‍ക്ക് ലക്ഷ്യത്തെ അറിയില്ല.
2) ആ ലക്ഷ്യസാക്ഷാത്കാരത്തിന് അയാള്‍ അശക്തനാവും.
3) നിര്‍ദേശിക്കപ്പെടുന്നവന് നന്മയും ഗുണവും കൈവരുന്നതില്‍ അയാള്‍  തൃപ്തനല്ല.
4) ആ ലക്ഷ്യത്തിലേക്കുള്ള വഴിയില്‍ പ്രതിബന്ധമുണ്ട്.
5) നിര്‍ദിഷ്ട കാര്യത്തില്‍ ന്യൂനതയുണ്ട്.

മേല്‍ പറയപ്പെട്ട അഞ്ച് കാര്യങ്ങളും അല്ലാഹുവിന്റെ കാര്യത്തില്‍  അചിന്ത്യവും അസംഭവ്യവും എല്ലാം കൊണ്ടും അസാധ്യവുമാണ്, കാരണം സ്രഷ്ടാവായ അല്ലാഹു സര്‍വജ്ഞാനിയും, തന്ത്രജ്ഞാനിയും, സര്‍വ്വശക്തനും, കാരുണ്യവാന്‍മാരില്‍ ഏറ്റവും കാരുണ്യം ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും, അവനുദ്ദേശിക്കുന്ന സര്‍വ്വവും നടപ്പാക്കാന്‍ കഴിവുള്ളവനുമാണ്. സമ്പൂര്‍ണ്ണരില്‍ സമ്പൂര്‍ണനായ റബ്ബിന്റെ കാര്യങ്ങളിലും കല്‍പനകളിലും ന്യൂനതകള്‍ തീര്‍ത്തും അസംഭവ്യവുമാണ്.
അല്ലാഹു മനുഷ്യ വംശത്തിന് പ്രത്യേകമായി ആദരവും മഹത്വവും കനിഞ്ഞരുളിയിരിക്കുന്നു. 
ആദം സന്തതികള്‍ക്ക് നാം മഹത്വമരുളിയിരിക്കുന്നു. (അല്‍ ഇസ്‌റാഅ് 70) എന്ന് വിശുദ്ധ ഖുര്‍ആനില്‍ പറയുന്നുണ്ടല്ലോ. മഹത്വമരുളുന്നതിന്റെ അത്യന്താപേക്ഷികമായ ഘടകമാണ് നന്മയുടെ കാംക്ഷയും അവയുടെ സാക്ഷാത്കാരവും. മനുഷ്യര്‍ക്ക് വേണ്ടിയാണ് ആകാശ ഭൂമികളും അവയിലുള്ളതും സംവിധാനിച്ചതെന്ന് അല്ലാഹു ഓര്‍മപ്പെടുത്തുന്നു. മണ്ണിലും വിണ്ണിലുമുള്ളതാസകലം അവന്‍ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു എന്ന് ഖുര്‍ ആന്‍ പറയുന്നു. (അല്‍-ജാസിയ 13).
ആകാശ-ഭൂമികളിലുള്ള വസ്തുക്കളൊക്കെയും അല്ലാഹു നിങ്ങള്‍ക്കധീനമാക്കിത്തന്നിട്ടുള്ളതും, അവന്റെ ഒളിഞ്ഞതും തെളിഞ്ഞതുമായ അനുഗ്രഹങ്ങള്‍ നിങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളതും നിങ്ങള്‍ കാണുന്നില്ലയോ? (ലുഖ്മാന്‍ 20) എന്ന് അല്ലാഹു മനുഷ്യകുലത്തോട് ചോദിക്കുന്നുണ്ട്. 
മേല്‍ പറയപ്പെട്ട സൂക്തങ്ങളും തെളിവുകളും വിശുദ്ധ ശരീഅത്തിന് കൃത്യമായ ലക്ഷ്യങ്ങള്‍ സ്ഥിരപ്പെടുത്തുന്നു. മാത്രമല്ല, ആ ലക്ഷ്യങ്ങളിലേക്ക് പൊതുവായും സവിശേഷമായും ഉദാഹണങ്ങളിലൂടെ തെളിവുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നു.
ശരീഅത്തിന്റെ വിധികള്‍ക്ക് മഖാസ്വിദ് (ലക്ഷ്യങ്ങള്‍) ഉണ്ടെന്നു ബോധ്യപ്പെട്ടാല്‍, ആ മഖാസ്വിദിലേക്കുള്ള വഴികളെ കണ്ടെത്തുന്നതും നിജപ്പെടുത്തുന്നതും ആണ് അടുത്ത ഘട്ടം. ആര്‍ക്കും എന്തും പറഞ്ഞ് അവതരിപ്പിക്കാനുള്ളതല്ല മഖാസ്വിദ.് പ്രത്യുത, കൃത്യമായ നിയമങ്ങളോടെയും ക്ലിപ്തമാക്കപ്പെട്ട വ്യവസ്ഥകളോടെയുമാണ് മഖാസ്വിദിന്റെ നിര്‍ണയം സാധ്യമാകുന്നത്. ഇവ്വിഷയകമായി, പണ്ഡിതര്‍ സമഗ്രവും സവിസ്തരവുമായ പഠനങ്ങളും ഗവേഷണങ്ങളും നടത്തിയിട്ടുണ്ട്.
മഖാസ്വിദിലേക്കുള്ള പ്രഥമമായ മാര്‍ഗം പ്രമാണങ്ങളിലൂന്നിയ ആഴത്തിലുള്ള ഗവേഷണം തന്നെയാണ് (ഇസ്തിഖ്‌റാഅ്). വിശേഷമായ ഒരുപാട് വിധികളെക്കുറിച്ചുള്ള പഠനത്തിലൂടെ പൊതുവായ ഒരു നിയമത്തിലേക്ക് എത്തിച്ചേരുന്ന പ്രക്രിയയാണ് ഇവിടെ ഉദ്ദേശിക്കപ്പെ
ട്ടത്. ഖുര്‍ആന്‍, സുന്നത്ത് ഇജ്മാഅ്, ഖിയാസിലൂടെ സ്ഥിരപ്പെട്ട വിധിക്കു പിന്നിലെ കാരണങ്ങളെ (ഇല്ലത്ത്) ആസ്പദിച്ചുള്ള പഠനങ്ങളും മഖാസ്വിദിലേക്ക് വഴി നടത്തും. ഏതെങ്കിലും ഒരു കാരണം അവലംബിച്ച് മഖാസ്വിദില്‍ എത്തിച്ചേരലല്ല അംഗീകൃത രീതി. മറിച്ച്, പൊതുവായും പ്രത്യേകമായും വിശദമാക്കപ്പെട്ട വിധികളിലൂടെയുമുള്ള ആഴമേറിയ പഠനത്തിലൂടെയാണ് മഖാസ്വിദ് നിര്‍ണ്ണയിക്കപ്പെടുന്നത്. പ്രത്യക്ഷമായും പരോക്ഷമായും നിരുപാധികമായും സോപാധികമായും പൊതുവായും സവിശേഷമായും അവതരിക്കപ്പട്ട നിയമത്തിലുള്ള അവഗാഹം മഖാസ്വിദ് നിര്‍ണയത്തിന് മുന്നോടിയായി ഉണ്ടായിരിക്കേണ്ട അനിവാര്യമായ നിബന്ധനയാണ്.
ശരീഅയുടെ കല്‍പനകള്‍ക്കും നിരോധനങ്ങള്‍ക്കും പിന്നിലെ കാരണങ്ങള്‍ ഗ്രഹിക്കുന്നതിലൂടെയും മഖാസ്വിദുകള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. ഖുര്‍ആനിലും സുന്നത്തിലും ''ഈ കാരണം കൊണ്ട് '', ''ഇതിന് വേണ്ടി'' എന്ന രീതിയില്‍ പറഞ്ഞ ഇടങ്ങളുമുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ മതവിധികളുടെ പ്രേരകങ്ങള്‍ വ്യക്തമാണ്. കാഴ്ചയുടെ കാരണം കൊണ്ട് സമ്മതം ചോദിക്കല്‍ നിബന്ധനയാക്കി എന്ന ഹദീസടക്കമുള്ള നിരവധി തതുല്യമായ ഉദ്ധരണികള്‍ മുമ്പ് നാം ചര്‍ച്ച ചെയ്തതാണല്ലോ. വ്യക്തമായി മഖാസിദ് പറയുന്നതിനോടൊപ്പം ചിലപ്പോള്‍ നാം നബി (സ) വാക്കുകളില്‍ ചില സൂചനകളും കാണാവുന്നതാണ്.  ഉദാഹരണത്തിന്, ഈത്തപ്പഴത്തെ കാരക്കക്ക് പകരമായുള്ള വില്‍പനയെക്കുറിച്ച് തിരുമേനി (സ) യോട്   ചോദിച്ചപ്പോള്‍, ഈത്തപ്പഴം ഉണങ്ങുമ്പോള്‍ തൂക്കം കുറയുമോ എന്ന് അവിടുന്നിങ്ങോട്ട് തിരിച്ച് ചോദിച്ചു. തൂക്കം കുറയുമെന്ന മറുപടിക്ക് എങ്കില്‍ പാടില്ല എന്ന് തിരുമേനി (സ) മൊഴിഞ്ഞു. ഈ സംഭവം ഈ മതവിധിയിലുള്ള കാരണം ദ്യോതിപ്പിക്കുന്നു.
അല്ലാഹു തആല ''താനിഷ്ടപെടുന്നു'', ''ആഗ്രഹിക്കുന്നു'' തുടങ്ങിയ വാക്കുകളുപയോഗിച്ച് പ്രകടിപ്പിച്ച കാര്യങ്ങളും മഖാസ്വിദുകളായി പണ്ഡിതര്‍ ഗണിക്കുന്നുണ്ട്. അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത് (അല്‍ ബഖറ 185) എന്ന സൂക്തം അതിന്റെ ഉദാഹരണമാണ്.  മഖാസ്വിദു കൊണ്ടുള്ള ഹ്രസ്വമായ നിര്‍വചനം നന്മകളുടെ സംസ്ഥാപനവും തിന്മകളുടെ നിര്‍മാര്‍ജ്ജനവുമാണ്. ഇവിടെയുള്ള മസ്‌ലഹതും മഫ്‌സദത്തും വ്യത്യസ്ത പദങ്ങളുപയോഗിച്ച് ശരീഅ പരിചയപ്പെടുത്തുന്നു. ഗുണം, ദോഷം, ഉപകാരം, ഉപദ്രവം, ഹിതകരം, അഹിതകരം, ശരി, തെറ്റ് തുടങ്ങി നിരവധി പ്രയോഗങ്ങള്‍ ശരീഅയില്‍ കാണാം. ഈ പ്രയോഗങ്ങളോടൊത്ത് വരുന്ന കാര്യങ്ങളും മഖാസ്വിദിലേക്കുള്ള മാര്‍ഗം കാണിക്കും. ഏതാനും ഉദാഹരണങ്ങള്‍,

1) നിങ്ങളോട് യുദ്ധം കല്‍പിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ നിങ്ങള്‍ക്ക്് അരോചകമാകുന്നു. നിങ്ങള്‍ക്കു ഗുണകരമായ ഒരുകാര്യം അരോചകമായിത്തോന്നിയേക്കാം. ദോഷകരമായ ഒരു കാര്യം ഇഷ്ടകരമായും തോന്നിയേക്കാം.  (അല്‍ ബഖറ 216)
2) ഒരു കാര്യം നിങ്ങള്‍ വെറുക്കുന്നുവെന്നും അതേ അവസരം അല്ലാഹു അതില്‍ ധാരാളം നന്മകള്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും വരാം. (അല്‍ നിസാഅ് 19)
3) എന്നാല്‍ വ്രതമനുഷ്ഠിക്കുന്നതുതന്നെയാണ് ഏറെ ഉത്കൃഷ്ടമായിട്ടുള്ളത്- നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍. (അല്‍ ബഖറ: 124)
4) മദ്യത്തിന്റെയും ചൂതാട്ടത്തിന്റെയും വിധി എന്തെന്ന് അവര്‍ നിന്നോടു ചോദിക്കുന്നുവല്ലോ. പറയുക: അവ രണ്ടിലും -ആളുകള്‍ക്ക് അല്‍പം ഉപകാരമുണ്ടെങ്കിലും- ഗുരുതരമായ തിന്മകളാണുള്ളത്. എന്നാല്‍ ഉപകാരങ്ങളേക്കാള്‍ ഏറെ ഗുരുതരമാകുന്നു അതിന്റെ തിന്മ. (അല്‍ ബഖറ 219)
മഖാസ്വിദിനെ നിജപ്പെടുത്തുന്നതുമായി പല കാര്യങ്ങളും കര്‍മശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യമുള്ളവര്‍ക്ക്  മാത്രം ഗ്രാഹ്യമായ വിഷയമായത് കൊണ്ടും അനര്‍ഘമായ പൊരുളുകള്‍ കൊണ്ടും അതിലെ സാങ്കേതിക പ്രയോഗങ്ങള്‍ പൊതുവായ വായനക്കാരന് വഴങ്ങാത്തത് കൊണ്ടും ഇവിടെ വിശദീകരിക്കുന്നില്ല. ചുരുക്കത്തില്‍, ഇസ്‌ലാമിക ശരീഅത്തിന്റെ നിയമവ്യവസ്ഥ അത്യുത്തമലക്ഷ്യങ്ങള്‍ കൊണ്ട് സമ്പല്‍ സമൃദ്ധമാണ്. അവയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ശരീഅയിലുള്ള വിശ്വാസവും അതുമായുള്ള വൈകാരികവും ബൗദ്ധികവുമായ ബന്ധം ദൃഢീകരിക്കുകയും അല്ലാഹുവിന്റെ അജയ്യതയും കാരുണ്യവും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു എന്നതാണ് വസ്തുത. 

മഖാസ്വിദിലെ വകഭേദങ്ങള്‍
മഖാസിദുശ്ശരീഅയെ അവയിലടങ്ങിയ മസ്‌ലഹത്തിന്റെ തോതനുസരിച്ച് പ്രധാനമായും മൂന്ന് വിഭാഗമായി പണ്ഡിതര്‍ വിഭജിച്ചിരിക്കുന്നു: 1) അത്യാവശ്യങ്ങള്‍ (ളറൂറിയ്യാത്ത്) 2) ആവശ്യങ്ങള്‍  (ഹാജിയ്യാത്ത്) 3) അലങ്കാരങ്ങള്‍ (തഹ്‌സീനിയ്യാത്ത്)
ഇവിടെ അത്യാവശങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് മതം (ദീന്‍), ശരീരം (നഫ്‌സ്), ബുദ്ധി (അഖ്‌ല്), സന്താനം (നസ്‌ല്), സമ്പത്ത് (മാല്‍) എന്നീ മര്‍മ്മപ്രധാനമായ മേഖലകളുടെ സംരക്ഷണമാണ (ഹിഫ്‌ള്).   ഇമാം ശാത്വിബി അതിനെ വിശദീകരിച്ചത്, ദീനിന്റെയും ദുന്‍യാവിന്റെയും സുസ്ഥിര നിലനില്‍പിന് അത്യാവശ്യമായ കാര്യങ്ങളെന്നാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ അവയുടെ അഭാവം മനുഷ്യരെ ഐഹിക പാരത്രിക പരാജയങ്ങളുടെ പടുകുഴിയിലാഴ്ത്തും. അത്‌കൊണ്ട് തന്നെ, ശരീഅത്ത് പ്രഥമമായി മേല്‍ പറഞ്ഞ അഞ്ച് ളറൂറിയ്യാത്തുകളുടെയും സംരക്ഷണത്തിനായി അവതരിച്ചതാണ്. ശരീഅത്ത് മനുഷ്യകുലത്തിന് അവതീര്‍ണമായതിന്റെ സകല ലക്ഷ്യങ്ങളുടെയും പരമമായ ഈ അഞ്ച് കാര്യങ്ങളുടെ സംരക്ഷണം ഉറപ്പു വരുത്തുമ്പോള്‍ മാത്രമാണ് സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇവ അഞ്ച് മഖാസ്വിദുകള്‍ (അല്‍ മഖാസ്വിദുല്‍ ഖംസ) എന്ന പേരിലാണ് അറിയപ്പെടുന്നത്. അല്‍മഖാസിദുല്‍ അല്‍ ഹാഖ (അവിതര്‍ക്കിതമായ മഖാസിദ്) എന്നും ഇതിനു പേരുണ്ട്. 
വിശുദ്ധ ഖുര്‍ആനിലും സുന്നത്തിലുമായി ഈ അഞ്ച് കാര്യങ്ങളെ ഒന്നിച്ചും വേര്‍തിരിച്ചും പ്രതിപാദിക്കുകയും അവയുടെ സംരക്ഷണത്തിന്റെ ആവശ്യകത നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്നതായി കാണാം. ഉദാഹരണങ്ങള്‍:-
1) നബിയേ പ്രഖ്യാപിക്കുക: വരൂ, നിങ്ങള്‍ക്ക് രക്ഷിതാവ് നിഷിദ്ധമാക്കിയത് എന്തൊക്കെയാണെന്ന് ഞാന്‍ പ്രതിപാദിച്ചു തരാം. അല്ലാഹുവുമായി ഒരു കാര്യത്തെയും പങ്കാളിയാക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക. നാമാകുന്നു നിങ്ങള്‍ക്കും അവര്‍ക്കും അന്നം നല്‍കുന്നത്. രഹസ്യമായും പരസ്യമായും നീചവൃത്തികളോട് അടുക്കപോലും ചെയ്യരുത്. അല്ലാഹു ആദരരിച്ച ഒരു ജീവന്‍ ന്യായ പ്രകാരമല്ലാതെ വധിക്കയുമരുത്. ചിന്തിച്ചു ഗ്രഹിക്കാനായി അവന്‍ നിങ്ങള്‍ക്കു തരുന്ന ഉപദേശമാണിത്. നിങ്ങള്‍ അനാഥരുടെ മുതലിനോട് ഏറ്റവും ഉദാത്തമായ മാര്‍ഗേണയല്ലാതെ നിങ്ങള്‍ സമീപിച്ചു പോകരുത്. അവന്ന് പ്രായ പൂര്‍ത്തിയാകുന്നത് വരെ സംരക്ഷിക്കണം. അളവു-തൂക്കങ്ങളില്‍ തികഞ്ഞ നീതി പാലിക്കുക. ഏതൊരു വ്യക്തിയോടും കഴിവിനപ്പുറം നാം കല്പിക്കുന്നതല്ല. ബന്ധുക്കളോടാണെങ്കില്‍ പോലും സംസാരിക്കുമ്പോള്‍ നീതി പുലര്‍ത്തുക. അല്ലാഹുവുമായുള്ള ഉടമ്പടികള്‍ നിറവേറ്റുക. നിങ്ങള്‍ ചിന്തിക്കുന്നതിനായി അവന്‍ നല്കുന്ന സദുപദേശമാണിത്. ഇതുതന്നെയാണ് എന്റെ നേരായ മാര്‍ഗമെന്നും അവന്‍ അറിയിച്ചിരിക്കുന്നു. അത് നിങ്ങള്‍ പിന്തുടരുക, മറ്റു വഴികള്‍ പിന്തുടരരുത്. അവയത്രയും അവന്റെ മാര്‍ഗത്തില്‍ നിന്ന് നിങ്ങളെ ഭിന്നിപ്പിക്കും. നിങ്ങള്‍ ആലോചിക്കാനായി അവന്‍ നല്‍കുന്ന ഉപദേശമാണിത്. (അല്‍ അന്‍ആം 151-153)


Also Read:മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 1)


ഈ ആയത്തില്‍ ഒന്നിനെയും അവന്റെ പങ്കാളിയാക്കാതിരിക്കുക എന്ന കല്‍പനയും ഇത് തന്നെയാണ് എന്റെ നേരായ മാര്‍ഗമെന്നും അവ അറിയിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ അതിലൂടെ നടക്കണം, മറ്റു മാര്‍ഗങ്ങളിലൂടെ നടക്കരുത്. അവ നിങ്ങളെ അവന്റെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിപ്പിച്ച് ശിഥിലീകരിക്കുന്നതാണ് എന്ന കല്‍പനയും മതത്തിന്റെ യഥാര്‍ത്ഥ സംരക്ഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ദാരിദ്ര്യം ഭയന്ന് മക്കളെ കൊന്നുകളയാതിരിക്കുക, അല്ലാഹു ആദരണീയമാക്കിയ ഒരു ജീവനെയും അന്യായമായി വധിക്കരുത് എന്നീ ആജ്ഞകള്‍ മനുഷ്യശരീരത്തിന്റെ സംരക്ഷണം ആവശ്യപ്പെടുന്നു. തെളിഞ്ഞതും ഒളിഞ്ഞതുമായ നീചവൃത്തിയോട് അടുക്കാതിരിക്കുക, എന്ന കല്‍പനയിലൂടെ കുടുംബസംരക്ഷണത്തിലേക്കുള്ള കല്‍പന പ്രധാനമാകുന്നു കാരണം മറ്റൊരു സൂക്തത്തില്‍ ഏറെക്കുറെ തതുല്ല്യമായ ഒരു കല്‍പനയിലൂടെ വ്യഭിചാരത്തിനോടടുക്കുകയേ അരുത്, അതുവളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു (അല്‍ അഅ്‌റാഫ് 32)  എന്ന വിശദീകരണം നല്‍കുന്നുണ്ട്.  ഈ കല്‍പനകളില്‍ മനുഷ്യരുടെ അഭിമാനം സംരക്ഷിക്കുന്നതും ഉള്‍പ്പെടുന്നുണ്ട്. ഈ കല്‍പനകളൊക്കെ ബുദ്ധിയുള്ളവര്‍ക്കേ നിറവേറ്റാന്‍ കഴിയൂവെന്നതും നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുന്നതിനു വേണ്ടി എന്ന പ്രയോഗവും ബുദ്ധിയുടെ സംരക്ഷണത്തിലേക്ക് സൂചിപ്പിക്കുന്നു. 
ഖുര്‍ആന്‍ പറയുന്നതു കാണുക: തനിക്കല്ലാതെ മറ്റാര്‍ക്കും ആരാധനകളര്‍പ്പിക്കരുതെന്നും മാതാപിതാക്കളോട് ഉദാത്ത സമീപനം പുലര്‍ത്തണമെന്നും താങ്കളുടെ നാഥന്‍ വിധിച്ചിരിക്കുന്നു. നിങ്ങളുടെ അടുക്കല്‍ അവരില്‍ ഒരാളോ, രണ്ടുപേരുമോ വാര്‍ധക്യം പ്രാപിക്കുന്നുവെങ്കില്‍, അപ്പോള്‍ അവരോട് ഛെ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കയുമരുത്. മറിച്ച്, ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറകുകള്‍ അവര്‍ക്കിരുവര്‍ക്കും താഴ്ത്തി കൊടുക്കുകയും ഇപ്രകാരം പ്രാര്‍ഥിക്കുകയും ചെയ്യുക: നാഥാ, എന്റെ കുട്ടിക്കാലത്ത് അവര്‍ എന്നെ എവ്വിധം സ്‌നേഹവാത്സല്യങ്ങളോടെ പരിപാലിച്ചുവോ, അവ്വിധം നീ അവര്‍ക്ക് കാരുണ്യം അരുളേണമേ! നിങ്ങളുടെ മനസ്സുകളിലുള്ളതെന്താണെന്ന് നാഥന്ന് നന്നായറിയാം. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍, തെറ്റുകളില്‍ ബോധവാനായിക്കൊണ്ട് ദൈവദാസ്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്കൊക്കെയും അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു. ബന്ധുവിന് അവന്റെ അവകാശം നല്‍കണം. ദരിദ്രനും സഞ്ചാരിക്കും അവരുടെ അവകാശവും നല്‍കണം. ദുര്‍വ്യയമരുത്. തീര്‍ച്ചയായും ധൂര്‍ത്തന്മാര്‍ ചെകുത്താന്മാരുടെ സഹോദരങ്ങളാകുന്നു. ചെകുത്താനോ, തന്റെ റബ്ബിനോട് നന്ദികെട്ടവനുമാകുന്നു. നീ  ദൈവാനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട്, അവരുടെ (ബന്ധുക്കള്‍, പാവങ്ങള്‍) ആവശ്യങ്ങളെ (താല്‍ക്കാലികമായി) അവഗണിക്കേണ്ടിവന്നാല്‍, അവരോട് സൗമ്യമായി പ്രതികരിക്കണം. നീ ഒട്ടും പിശുക്ക് കാണിക്കുകയും ധൂര്‍ത്തടിക്കുകയും അരുത്. അങ്ങനെയായാല്‍ നീ അധിക്ഷേപിതനും ദുഃഖിതനുമായിത്തീരും. നിന്റെ നാഥന്‍ താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഉപചീവന മാര്‍ഗം പ്രവിശാലമാക്കി കൊടുക്കുകയും താനുദ്ദേശിക്കുന്നവര്‍ക്ക് ഞെരുക്കമാക്കി കൊടുക്കുകയും ചെയ്യുന്നു. അവന്‍ തന്റെ ദാസന്മാരുടെ അവസ്ഥകളെക്കുറിച്ച് ബോധമുള്ളവനും അവരെ നന്നായി കാണുന്നവനുമാണ്. സ്വസന്തതികളെ ദാരിദ്ര്യം ഭയന്ന് കൊന്നുകളയരുത്. അവര്‍ക്ക് അന്നം നല്‍കുന്നത് നാമാകുന്നു; നിങ്ങള്‍ക്കും. അവരെ കൊന്നുകളയുന്നത് തീര്‍ച്ചയായും മഹാപാപമാകുന്നു. വ്യഭിചാരത്തിനോടടുക്കുകയേ അരുത്. അതു വളരെ വഷളായ നടപടിയും തീരെ ദുഷിച്ച മാര്‍ഗവുമാകുന്നു. അല്ലാഹു ആദരിച്ച ആത്മാവിനെ അന്യായമായി വധിക്കുകയെന്ന പാതകം ചെയ്യരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അതിനു പ്രതിക്രിയാനടപടി തേടുവാനുള്ള അവകാശം അവന്റെ ഉറ്റവന്ന് നാം നല്‍കിയിരിക്കുന്നു. എന്നാല്‍ പ്രതിക്രിയാ നടപടിയില്‍ അവന്‍ അതിരു കടക്കരുത്. അതു നടപ്പാക്കാന്‍ സഹായിക്കപ്പെടേണ്ടവനാണവന്‍.


Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 2)


അനാഥന്റെ മുതല്‍ ഏറ്റവും നല്ല രീതിയിലല്ലാതെ കൈകാര്യം ചെയ്തുകൂടാ-അവന്‍ യുവത്വം പ്രാപിക്കുന്നതുവരെ. കരാറുകള്‍ പാലിക്കുവിന്‍. നിസ്സംശയം, കരാറുകളെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. അളന്നുകൊടുക്കുമ്പോള്‍ തികച്ചളക്കുവിന്‍. തൂക്കിക്കൊടുക്കുമ്പോള്‍ കൃത്യമായ ത്രാസുകളില്‍ തൂക്കുകയും ചെയ്യുവിന്‍. അതാണ് ഉദാത്തവും വിശിഷ്ട പരിണാമമുള്ളതും. നിനക്ക് അറിഞ്ഞുകൂടാത്ത സംഗതികളുടെ പിന്നാലെ കൂടാതിരിക്കുക. നിശ്ചയം, കണ്ണും കാതും മനസ്സുമെല്ലാം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാകുന്നു. (അല്‍ ഇസ്‌റാഅ് 23-36)
ഈ സൂക്തങ്ങള്‍ മഖാസ്വിദുകളിലേക്കുള്ള വിശദമായ പ്രഖ്യാപനങ്ങളാണ്. അഞ്ച് അത്യാവശ്യകാര്യങ്ങളിലേക്കും ഇവിടെ കല്‍പനകള്‍ നല്‍കുന്നുണ്ട്.
3) അല്ലയോ പ്രവാചകാ, വിശ്വാസികളായ സ്ത്രീകള്‍ നിന്റെയടുക്കല്‍ വന്ന്, അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ കൊല്ലുകയില്ലെന്നും ജാരസന്തതികളുടെ പിതൃത്വം ഭര്‍ത്താക്കന്മാരില്‍ ആരോപിക്കില്ല എന്നും, താങ്കളോട് ഒരു കാര്യത്തിലും അനുസരണ രാഹിത്യം കാണിക്കില്ലെന്നും പ്രതിജ്ഞ ചെയ്താല്‍ അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കു  വേണ്ടി പാപമോചനം തേടുക. നിശ്ചയം, അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു. (അല്‍ മുംതഹന 12)
ഈ ആയത്ത് സൂചിപ്പിക്കും പ്രകാരം തിരുമേനി (സ) സ്വഹാബത്തിനോട് ബൈഅത്ത് ആവശ്യപ്പെടുന്ന ഹദീസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം എന്നിവയെ ഒരുമിച്ച് നിരോധിക്കുന്ന പല സൂക്തങ്ങളും ഹദീസുകളും വേറെയും കാണാം. മുമ്പ് പറഞ്ഞ ആയതുകളത്രയും അഞ്ച് മഖ്‌സ്വദുകളെയും ഒന്നിച്ച് പരാമര്‍ശിക്കുന്നവയാണ്. ഇനി ഇവ ഓരോന്നിലേക്കും പ്രത്യേകമായി സൂചിപ്പിക്കുന്ന ആയതുകളും ഹദീസുകളും പരിചയപ്പെടാം.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter