വൈദ്യ ധാര്‍മ്മികതയില്‍ മഖാസിദ് പ്രയോഗിക്കുമ്പോള്‍ (ഭാഗം 8)

വ്യത്യസ്ത തൊഴില്‍ ബന്ധിത ധാര്‍മ്മിക മൂല്യങ്ങള്‍ക്കിടയില്‍ വൈദ്യ ധാര്‍മ്മികതക്ക് അത് ജീവിതം, ആരോഗ്യം, മരണം എന്നിവയുമായി നേരിട്ട് ബന്ധപ്പെടുന്നുവെന്നതിനാല്‍ കൂടുതല്‍ പ്രാധാന്യമുണ്ട്. തൊഴില്‍ നിയമങ്ങളും പെരുമാറ്റരീതികളുമാണ് ജോലിയോടും സമൂഹത്തോടും സ്വന്തത്തോടും ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതിബദ്ധത നിശ്ചയിക്കുന്നത്.  ഡോക്ടര്‍, രോഗികള്‍, സഹഡോക്ടര്‍ തുടങ്ങിയവരുടെ ഉത്തരവാദിത്വങ്ങളെയും അവകാശങ്ങളെയും, രോഗികളുടെ പരിചരണത്തിലും അവരുടെ ബന്ധുക്കളോടുള്ള പെരുമാറ്റത്തിലും ഡോക്ടറുടെ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച സാധാരണ തൊഴില്‍ മര്യാദ നയങ്ങളാണ് വൈദ്യശാസ്ത്ര ധാര്‍മ്മികത എന്ന് പറയുന്നത്. (മില്ലര്‍ കീന്‍ എന്‍സൈക്ലോപീഡിയ, 2003).

ഈ സദാചാര  നിര്‍മ്മിതി ഒരു പ്രായോഗിക രീതിശാസ്ത്രം എന്ന നിലക്ക് ആരോഗ്യസംരക്ഷണ രംഗത്തുള്ള മുഴുവന്‍ വ്യക്തികളുടെയും തൊഴില്‍ പെരുമാറ്റ രീതികളെ നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. മികച്ച സേവനങ്ങള്‍ക്കും പ്രവര്‍ത്തന മികവിനും തൊഴില്‍ മര്യാദകള്‍ പാലിക്കല്‍ അനിവാര്യമാണ്. സ്വഭാവ ചട്ടങ്ങള്‍ അവഗണിക്കുന്നത് ലക്ഷ്യപൂര്‍ത്തീകരണത്തിന് വിഘ്‌നം സൃഷ്ടിക്കുകയും അതുവഴി പൊതുജനങ്ങളുടെ അവകാശങ്ങളും സുഗമമായ ഭരണനിര്‍വ്വഹണവും നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരമായി, ചില സദാചാര കടപ്പാടുകള്‍ നിയമപരമായ ഉത്തരവാദിത്വങ്ങളായി പുനര്‍നിര്‍മ്മിക്കപ്പെടണം. അങ്ങനെ ഈ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനവും അവഗണനയും നിയമലംഘനമായിക്കണ്ട് ജനങ്ങള്‍ക്ക് ഹരജിനല്‍കാന്‍ കഴിയും.

ഇസ്‌ലാമിക  വൈദ്യശാസ്ത്ര രചനകള്‍ ഡോക്ടര്‍രോഗി ബന്ധത്തെ നിയന്ത്രിക്കുന്ന നിരവധി പൊതുതത്വങ്ങളാല്‍ സമ്പന്നമാണ്. ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാന വഴി എന്ന നിലക്ക് ചികിത്സക്ക് ഇസ്‍ലാമിന്റെ ആദ്യകാലമായ മുഹമ്മദ് നബിയുടെ കാലം മുതല്‍ക്കേ ശരീഅത്ത് വലിയ പരിഗണന നല്‍കിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ  സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഒരുപാട് നിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാമിന്റെ രണ്ട് പ്രമാണങ്ങളിലുമുണ്ട്. പ്രവാചക വചനങ്ങളില്‍ ഊന്നല്‍ നല്‍കപ്പെട്ട നിബന്ധനകളില്‍ പ്രധാനപ്പെട്ടതാണ് ഡോക്ടര്‍മാരുടെ കഴിവും വിശ്വസ്തതയും. അതിലൊന്നാമത്തേത് യോഗ്യരല്ലാത്ത ഡോക്ടര്‍മാരുടെ ഉപദ്രവങ്ങളില്‍ നിന്ന് മനുഷ്യരെ സംരക്ഷിക്കാനും രണ്ടാമത്തേത് രോഗിയുടെ അഭിമാനത്തെയും സ്വകാര്യതയെയും ബഹുമാനിക്കാനും വേണ്ടിയാണ്.

മഖാസിദിന്റെ പൂര്‍ത്തീകരണത്തില്‍ വൈദ്യശാസ്ത്രത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും ശരീഅത്തിന്റെ ലക്ഷ്യങ്ങളും വൈദ്യശാസ്ത്രത്തിന്റ ലക്ഷ്യങ്ങളും പല വിഷയങ്ങളിലും യോജിക്കുന്നതായി കാണാന്‍ കഴിയുമെന്നും അഹ്മദ് റയ്‌സൂനി വ്യക്തമാക്കുന്നു (അല്‍ സാഹിര്‍, 2013). ചില സമൂഹങ്ങള്‍ മനുഷ്യജീവന്റെ സംരക്ഷണത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കുന്നുവെങ്കിലും സന്താനപരമ്പര/കുടുംബ സംരക്ഷണം അവഗണിക്കുകയും ചെയ്യുന്നു. അത്‌കൊണ്ട് പ്രായമാകലും രാഷ്ട്ര പൂരോഗതിയുടെ ഭാഗമാകേണ്ട മതിയായ യുവതയുടെ അഭാവവും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

അബ്ദുല്‍ മലിക് ബിന്‍ ഹബീബ് അല്‍ അന്ദലൂസി (മ. 853)യെ പോലുള്ള പണ്ഡിതര്‍ ചികിത്സ നടത്താനുള്ള കഴിവും ലൈസന്‍സും അനുമതിയുമാണ് ആവശ്യകോപാധിയായി ഉയര്‍ത്തിക്കാണിച്ചത്. ആധുനിക ചികിത്സയുടെ നാല് അടിസ്ഥാന വൈദ്യശാസ്ത്ര തത്വങ്ങളായ സ്വാതന്ത്ര്യം, ഔദാര്യം, സുരക്ഷ, നീതി തുടങ്ങിയവ അലിയ്യ് ബിന്‍ രിദ്‍വാന്‍(മ.1061), ഇബ്‌നു അബീ ഉസൈബിയഹ് (മ.1270)പോലുള്ള ആദ്യകാല മുസ്‍ലിം പണ്ഡിതര്‍ പലപ്പോഴും സൂചിപ്പിച്ചതാണ്.

Read More: ഇജ്തിഹാദ്, പിഴച്ചാല്‍ പോലും പ്രതിഫലം ലഭിക്കുന്ന കര്‍മ്മം (ഭാഗം 7)

അവരുടെ വീക്ഷണത്തില്‍ ഒരു ഡോക്ടര്‍ക്കുണ്ടാകേണ്ട ഗുണങ്ങള്‍ സ്വഭാവം, ശാരീരിക വൈശിഷ്ട്യം, ബുദ്ധി, കഴിവ്, ആകാരം, വിശ്വാസം, മനക്കരുത്ത് തുടങ്ങിയവയാണ്. അവര്‍ ഊന്നിപ്പറയുന്നത് ഡോക്ടര്‍മാര്‍ ആരോഗ്യകരമായ മരുന്ന് കുറിച്ച് കൊടുക്കണമെന്നും അവര്‍ക്ക് പകരം ലഭിക്കുന്ന വേതനത്തില്‍ കവിഞ്ഞ് രോഗികള്‍ക്ക് ആശ്വാസം പകരുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയാണ് വേണ്ടതെന്നുമാണ്. അതോടൊപ്പം, എതിര്‍ ലിംഗക്കാരോട് ഇടപെടുമ്പോള്‍ സംസ്‌കാരത്തോടെ നല്ലരീതിയില്‍ പെരുമാറാന്‍ ആരോഗ്യസംരക്ഷകരോട് അവര്‍ നിര്‍ദ്ദേശിക്കുന്നു. (അല്‍ ബയൂമി, 2011)

വൈദ്യധര്‍മ്മങ്ങളുമായി ബന്ധപ്പെട്ട പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതന്‍ ഇബ്‌നു ഖയ്യിമിന്റെ (മ.1350) രചനകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക നിയമത്തിന്റെ വെളിച്ചത്തില്‍ ഒരു ഡോക്ടറുടെ ഉത്തരവാദിത്വങ്ങളെ അദ്ദേഹം നിര്‍വ്വചിക്കുകയും പുനര്‍നിര്‍വ്വചിക്കുകയും ചെയ്തു. ഒരു ഡോക്ടറുടെ ചുമതലകളെ അഞ്ച് ഘട്ടങ്ങളായി അദ്ദേഹം ക്രോഡീകരിച്ചു, ഒന്ന്, രോഗിയുടെ ആരോഗ്യം സംരക്ഷിക്കാനും നിലനിര്‍ത്താനും ഡോക്ടര്‍ പരിശ്രമിക്കണം. രണ്ട്, രോഗിയുടെ ആരോഗ്യം തിരിച്ച് ലഭിക്കാന്‍ ഒരു ഡോക്ടര്‍ കഠിനാദ്ധ്വാനം ചെയ്യണം. മൂന്ന്, ഒരു ഡോക്ടര്‍ രോഗകാരണങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കുകയും കുറക്കുകയും വേണം. നാല്, രണ്ട് പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെങ്കില്‍ അതിലെ വലുതിനെ പ്രതിരോധിക്കാന്‍ ഒരു ഡോക്ടര്‍ ചെറുതിനെ തെരഞ്ഞെടുക്കണം. അഞ്ച്, രണ്ട് ഉപകാരങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ ഉപകാരമുള്ളത് ഡോക്ടര്‍ തെരഞ്ഞെടുക്കണം. (അല്‍ജൗസിയ്യ, 1998: 2????

ജനങ്ങളുടെ സമ്പത്ത് സംരക്ഷിക്കുന്നതിന്റെ മഖ്‌സദിന്റെ പ്രാധാന്യത്തിന് ആധുനിക ലോകത്തെ ആരോഗ്യസംരക്ഷണവുമായി വലിയ ബന്ധമുണ്ട്. അതിര് കടക്കാത്ത ബിസിനസും ലാഭനേട്ടവും ഇസ്‌ലാം അനുവദിക്കുന്നുണ്ട്. ആധുനിക ആതുരസേവന രംഗത്തെ സമകാലിക രീതികളെ വിലയിരുത്തുമ്പോള്‍, പ്രയാസം ഒഴിവാക്കപ്പെടണം എന്ന പൊതുതത്വം ഉത്തരവാദപ്പെട്ടവര്‍ മറന്നതായി കാണുന്നു, അതുകാരണം ഒരുപാട് പേര്‍ ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്നു. (മാലിക്, വാ.3, പേ.927)

രോഗികളുടെ നിസ്സഹായതയെ ഡോക്ടര്‍ ഇത്തരത്തില്‍ ചൂഷണം ചെയ്യുന്നതും നിയമവിരുദ്ധ വഴികളിലൂടെ പണം സമ്പാദിക്കുന്നതും സമ്പത്ത് സംരക്ഷിക്കുക എന്ന മഖ്‌സദിനെതിരാണ്. അഭിമാന സംരക്ഷണ മഖ്‌സദിനെയും ആതുരസേവനത്തില്‍ പ്രാവര്‍ത്തികമാക്കാം. കാരണം, ചില രോഗികളെ സംബന്ധിച്ച് അവരുടെ അസുഖം വൈകാരികവും, അവ വെളിപ്പെടുത്തുന്നത് അവരുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതുമാകും. അതോടൊപ്പം, രോഗിയുടെ സ്വകാര്യഭാഗങ്ങള്‍ നോക്കുന്നതും സ്പര്‍ശിക്കുന്നതും പരിശോധിക്കുന്നതും അനാവശ്യമെങ്കില്‍ ശരീഅത്ത് വിലക്കുന്നതും ആവശ്യമെങ്കില്‍ പ്രത്യേക നിബന്ധനകള്‍ക്കനുസൃതമായി നടത്തപ്പെടേണ്ടതുമാണ്.  സ്വകാര്യതയും അഭിമാനവും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചികിത്സാ സ്വകാര്യത ആതുരമേഖലയില്‍ പ്രയോഗവത്കരിക്കപ്പെടേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ്.

അസാന്മാര്‍ഗിക ചികിത്സാരീതികളോട് മതസംരക്ഷണ മഖ്‌സദിന് പൊരുത്തപ്പെടാന്‍ കഴിയില്ല. നിരോധിത മരുന്നുകള്‍ കുറിച്ച് കൊടുക്കുന്നത് പോലോത്ത ശരീഅത്ത് വ്യക്തമായി നിരോധിച്ച ഒരാവശ്യവുമില്ലാത്ത ചികിത്സാ ക്രമങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതാണ്. അതേപോലെ, ദയാവധം, മസ്തിഷ്‌ക മരണം സംഭവിച്ച ആളില്‍ നിന്ന് ജീവന്‍നിലനിര്‍ത്തുന്ന ഉപകരണങ്ങള്‍ ഒഴിവാക്കല്‍, ഗര്‍ഭച്ഛിദ്രം തുടങ്ങിയവ ജീവന്‍/മനുഷ്യശരീര സംരക്ഷണ മഖ്‌സദിനെതിരായ അധാര്‍മ്മിക ചികിത്സാ രീതികളാണ്. ഡോക്ടര്‍മാര്‍ മനുഷ്യാവയവങ്ങളെ വളരെ ആദരവോടെ പരിചരിക്കേണ്ടതും അവരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കപ്പുറം അവക്ക് മൂല്യം കല്‍പ്പിക്കേണ്ടതുമാണ്. ഒരു അത്യാവശ്യവുമില്ലാതെ വെറും ശരീരാകാര വര്‍ദ്ധനവിന് മാത്രമായി സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയ നടത്തുന്നത് ഇസ്‌ലാം അനുവദിക്കുന്നില്ല. അതിനാല്‍ അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യല്‍ മഖാസിദിനോട് എതിരാകുന്നു.

Read More: വൈദ്യശാസ്ത്രം, നൈതികത: ഒരു മഖാസിദീ ഗവേഷണം (ഭാഗം 6)

വാടക ഗര്‍ഭധാരണം, കുടുംബാസൂത്രണം, മില്‍ക്ക് ബാങ്ക്, ബീജബാങ്ക് തുടങ്ങിയവ സന്താനപരമ്പര സംരക്ഷണ മഖ്‌സദിന്റെ ലംഘനത്തില്‍ ഉള്‍പ്പെടുന്നതാണ്. ജീവിതവും സന്താനപരമ്പരയും ഇല്ലാതാക്കുന്നത് കാരണം ഒരു ന്യായമായ കാരണമില്ലാതെ ഗര്‍ഭച്ഛിദ്രം നടത്തുന്നത് മഖാസിദിനെതിരാണ്. ന്യായമായ കാരണത്തിന് ഗര്‍ഭച്ഛിദ്രം നടത്തുന്നത്, ചെറിയ വിപത്ത് കൊണ്ട് വലിയ വിപത്തിനെ പ്രതിരോധിക്കുക എന്ന തത്വത്തിന് കീഴില്‍ വരുന്നതും അങ്ങനെ അമ്മയുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുന്നതുമാണ്. അവയവദാനം നിയമാനുസൃതമാകുന്നത് ദാതാവിന് അപകടം വരുത്തില്ലെങ്കിലും അതുവഴി മറ്റൊരാളുടെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയുമെങ്കിലും മാത്രമാണ്. മനുഷ്യാവയവം കച്ചവടത്കരിക്കുന്നത് നിരോധിക്കപ്പെട്ടതാണ്, കാരണം അവ മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതല്ല, മറിച്ച് അത് അല്ലാഹു സംരക്ഷിക്കാനായി ഏല്‍പ്പിച്ചതാണ്.

ആരോഗ്യസംരക്ഷണത്തിനും ഉപദ്രവ നിരാകരണത്തിനും അതിലുപരി അപകടങ്ങള്‍ക്ക് കാരണമാകുന്ന വഴികളടക്കാനും ഉപകാരപ്രദമായ മുന്‍കരുതല്‍ നടപടികളെടുക്കാന്‍ മഖാസിദ് വലിയ പരിഗണന നല്‍കുന്നുണ്ട്. ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട പ്രത്യേക മഖാസിദ് (മഖാസിദ് ഖാസ്) വ്യവഹാരങ്ങളില്‍ ഭൗതിക ലാഭങ്ങളോട് അത്യാര്‍ത്തി കാണിക്കുന്നതിനെ ശരീഅത്ത് താക്കീത് ചെയ്യുന്നുണ്ട്. ഒരുപാട് സന്ദര്‍ഭങ്ങളില്‍ ആതുരസേവനദാതാക്കള്‍ ഇസ്‍ലാമിക നിയമത്തോടും മഖാസിദിനോടും എതിരാകുന്ന രൂപത്തില്‍ വിവേചനപരമായും സാമ്പത്തികമായും ശാരീരികമായും മനശാസ്ത്രപരമായും ലൈംഗികമായുമുള്ള വശങ്ങളിലൂടെ രോഗികളോട് മോശമായി പെരുമാറുന്നുണ്ട്. മനുഷ്യജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യവത്കരിക്കുന്നതിന്റെ ഭാഗമായി, മനുഷ്യശരീരത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനും സംഭവിക്കുന്നതിന് മുന്നേ ഒളിഞ്ഞിരിക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാനും ആദ്യമേയുള്ള പ്രശ്‌നങ്ങള്‍ എടുത്തൊഴിവാക്കാനുമുളള ശക്തമായ വഴികളായി ഇസ്‌ലാം പൊതുതത്വങ്ങളും വ്യക്തമായ നിയമങ്ങളും സ്ഥാപിച്ചു. ഇസ്‍ലാം കടമകള്‍ നിര്‍വ്വഹിക്കാനും മറ്റുള്ളവരുടെ അവകാശങ്ങളെ ആദരിക്കാനും വ്യക്തമായ രൂപത്തില്‍ നിര്‍ദ്ദേശം നല്‍കുന്നു. ആരോഗ്യരംഗത്ത് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും അവകാശങ്ങളുണ്ട്, അവരവരുടെ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലങ്ങളുടെ ഉത്തരവാദിത്വം അവര്‍ക്ക് തന്നെയാണെന്ന നിലക്ക് അവര്‍ക്ക് ചില ബാദ്ധ്യതകളുമുണ്ട്.

ഒരു ഡോക്ടറുടെ ഇടപെടലുകള്‍ മനുഷ്യശരീരത്തെ നേരിട്ട് ബാധിക്കുന്നതിനാല്‍ അവന്റെ ചുമതലകള്‍ കൃത്യമായി എടുത്തുകാണിക്കപ്പെടുന്നു. ഇത് മുന്‍കരുതലും അധിക ശ്രദ്ധയും ആവശ്യമായ കാര്യമാണ്. കാരണം അങ്ങനെയല്ലെങ്കില്‍ ജീവന് പ്രയാസം സൃഷ്ടിക്കുകയും ജനങ്ങള്‍ അതിന്റെ ഇരകളാകുകയും ചെയ്യും. അല്ലാഹു ഖുര്‍ആനില്‍ പറയുന്നു, അല്ലാഹു ആദരിച്ച ജീവന്‍ ന്യായപ്രകാരമല്ലാതെ കൊല്ലരുത്. (6:151) നീതിയും ഉപദ്രവമേല്‍പ്പിക്കാതിരിക്കലും ശരീഅത്തിന്റെ നിയമനിര്‍മ്മാണത്തിലെ രണ്ട് അടിസ്ഥാന തത്വങ്ങളും ഇസ്‌ലാമിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഹേതുവുമാണ്. (ഇബ്‌നു ഖയ്യിം, ഹി.1428, 14) അതോടൊപ്പം, കഴിയുന്നത്ര ആളുകള്‍ക്ക് ആശ്വാസം പകരാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള ആരോഗ്യസംരക്ഷണരംഗത്തെ പ്രധാന ഘടകങ്ങളാണ് കുറ്റമറ്റരീതിയിലുള്ള പ്രവര്‍ത്തനവും (ഇഹ്‌സാന്‍) സമഗ്രമായ സമീപനവുമെന്ന് (ഇത്ഖാന്‍) ഇസ്‌ലാം ഉറച്ച്പറയുന്നു. നിശ്ചയം, അല്ലാഹു അനുശാസിക്കുന്നത് നീതിപാലിക്കാനും നന്മ അനുവര്‍ത്തിക്കാനും കുടുംബങ്ങള്‍ക്ക്  ദാനം ചെയ്യാനുമാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. അതിനേക്കാളുപരി, വല്ല അയോഗ്യരായ ഡോക്ടറും ഒരു മനുഷ്യശരീരത്തില്‍ കൈവെച്ചത് കൊണ്ട് ആ രോഗിക്ക് വല്ല പ്രയാസവും ഉണ്ടായെങ്കില്‍ നിയമപരമായി അയാള്‍ തന്നെയാണ് അതിനുത്തരവാദി. തികഞ്ഞ വൈദഗ്ദ്ധ്യമില്ലാതെ ചികിത്സിക്കുകയാണെങ്കില്‍ ഡോക്ടര്‍ അതിനുത്തരവാദിയാണെന്ന ഹദീസ് ഇവിടം പ്രസക്തമാണ്. (അന്നസാഈ, വാ.8, പേ.52)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter