സോഷ്യല്‍ ഫിഖ്ഹ്:  സംയോജന സിദ്ധാന്തം പ്രായോഗികമോ

ഇസ്‍ലാമിക ജീവിത വ്യവസ്ഥയില്‍ മനുഷ്യ പ്രവര്‍ത്തനങ്ങളുടെ വിധി നിര്‍ണ്ണയിക്കപ്പെടുന്നത് കര്‍മ്മ ശാസ്ത്രം മുഖേനയാണ്. മുസ്‍ലിംകള്‍ കാലങ്ങളായി പ്രവാചക കാലഘട്ടം മുതല്‍ക്കേ സാമൂഹിക, സാമ്പത്തിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ കര്‍മ്മശാസ്ത്രത്തെയാണ് കാര്യകര്‍ത്താവായി ഉപയോഗിച്ച് പോരുന്നത്. എന്നാല്‍ പടിഞ്ഞാറിലെത്തുമ്പോള്‍ സോഷ്യല്‍ സയന്‍സ് ആണ് ഇത് കൈകാര്യം ചെയ്യുന്നത്. മാനുഷിക പ്രവര്‍ത്തനങ്ങള്‍ എന്ന ഒരേ പ്രവൃത്തിയെ വ്യത്യസ്തമായ രീതിശാസ്ത്രവും അടിസ്ഥാനവുമുള്ള രണ്ട് ശാഖകള്‍ കൈകാര്യം ചെയ്യുന്നുവെന്നര്‍ത്ഥം. 

പത്തൊമ്പതാം നൂറ്റാണ്ടോടു കൂടി ഇസ്‍ലാമിക ലോകത്ത് നടന്ന പാശ്ചാത്യ വല്‍ക്കരണത്തിന്റെ ഭാഗമായാണ് സോഷ്യല്‍ ഫിഖ്ഹ് എന്ന പദം അക്കാദമിക വ്യവഹാരങ്ങളില്‍ ഇടം പിടിക്കുന്നത്. പടിഞ്ഞാറിന്റെ ജീവിത സംഹിതയായ സാമൂഹ്യ ശാസ്ത്രവും ഇസ്‍ലാമിക കര്‍മ്മ ശാസ്ത്ര നിയമവും തമ്മില്‍ സംയോജിപ്പിച്ച് പുതിയ കാലത്തോടും സാഹചര്യങ്ങളോടും പൊരുത്തപ്പെട്ട് പോകാന്‍ സാധ്യമാവും വിധം ഒരു പുതിയ ശാഖക്ക് വേണ്ടിയുള്ള ബൗദ്ധിക മുറവിളികള്‍ ശക്തമായി ഉയര്‍ന്ന് വന്നു. യുവ തുര്‍ക്കികളുടെ ഈ സംയോജന സിദ്ധാന്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുസ്‍ലിം ബുദ്ധി ജീവികള്‍ പക്ഷം തിരിഞ്ഞു. കാലാനുസൃതമായി കര്‍മ്മ ശാസ്ത്രം പരിഷ്‌കരിക്കപ്പെടേണ്ടതാണെ വാദഗതിക്ക് കൂടുതല്‍ പ്രചാരം ലിഭിച്ചുവെങ്കിലും ഉലമാക്കളുടെ ശക്തമായ എതിര്‍പ്പിന് മുന്നില്‍ മുനയൊടിഞ്ഞ് പോവുകയായിരുന്നു.

ഫിഖ്ഹും സാമൂഹ്യ ശാസ്ത്രവും 
ഇസ്‍ലാമിക ശരീഅത്തിന്റെ നിയമ സംഹിതയാണ് കര്‍മ്മശാസ്ത്രം. ഹദീസ്, ഖുര്‍ആന്‍, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നും വികസിപ്പിച്ചെടുത്ത കര്‍മ്മശാസ്ത്ര സംഹിത മാനുഷിക ജീവിതത്തിന്റെ നിഖില മേഖലകളെയും ഉള്‍ക്കൊള്ളിക്കുന്നുണ്ട്.  നാല് മദ്ഹബുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ശാഖ വിശ്വാസിയുടെ ഒരോ പ്രവര്‍ത്തനത്തിനും കൃത്യമായ ഇടപെടലുകള്‍ നിര്‍വ്വഹിക്കുന്നു. കര്‍മ്മ ശാസ്ത്രം കൈകാര്യം ചെയ്യുന്നയാള്‍ക്ക് ഫഖീഹ് എന്ന് പറയുന്നു. സാമ്പത്തികം, ആരാധന, ആചാരങ്ങള്‍, കുറ്റകൃത്യം, അനന്തരം, വിവാഹം, ആരോഗ്യം, രാഷ്ട്രീയം, സൈനികം, ധാര്‍മ്മികത, കുടുംബം, സാമൂഹിക നിയമ നിര്‍മ്മാണം തുടങ്ങി മാനുഷിക ജീവിതത്തിന്റെ സര്‍വ്വവും ഫിഖ്ഹ് പ്രതിപാദിക്കുന്നു. ഫിഖ്ഹിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഉസ്വൂലുല്‍ ഫിഖ്ഹ് ചര്‍ച്ച ചെയ്യുന്നു. ഈ അടിസ്ഥാന തത്ത്വങ്ങള്‍ വ്യാഖ്യാനിച്ചാണ് മറ്റു പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്. ഇസ്‍ലാമിക ലോക വ്യവസ്ഥയില്‍ ഫിഖ്ഹ് നിര്‍വ്വഹിക്കുന്ന അതേ ദൗത്യമാണ് പാശ്ചാത്യ ലോകത്ത് സാമൂഹ്യ ശാസ്ത്രവും നിര്‍വ്വഹിക്കുന്നത്. സമൂഹ സംബന്ധിയായ എല്ലാ കാര്യങ്ങളും സാമൂഹ്യ ശാസ്ത്രത്തിന്റെ ശാഖകളിലായി ചര്‍ച്ച ചെയ്യപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹ്യ ശാസ്ത്രത്തിന് ഒരു വ്യവസ്ഥാപിതമായ രീതിശാസ്ത്രം രൂപപ്പെടുന്നത്. സാമൂഹിക ശാസ്ത്രം, നരവംശ ശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി നിരവധി ശാഖകള്‍ അടങ്ങുന്ന വിശാലമായ മേഖലയാണ് സാമൂഹ്യ ശാസ്ത്രം.

ഇസ്‍ലാമിക കര്‍മ്മശാസ്ത്ര സ്വാധീനം പടിഞ്ഞാറില്‍ 
ഇസ്‌ലാമിക കര്‍മ്മശാസ്ത്ര വ്യവസ്ഥ സുതാര്യവും പര്യാപ്തവുമാണെതിനാല്‍ പാശ്ചാത്യ രാജ്യങ്ങളുടെ നിയമ നിര്‍മ്മാണ വേളകളില്‍ ഫിഖ്ഹ് ധാരാളമായി അവലംബിക്കപ്പെട്ടിട്ടുണ്ട്. എട്ടാം നൂറ്റാണ്ട് മുതലേ ഇസ്‍ലാമിക ലോകത്ത്  പ്രചാരത്തിലുണ്ടായിരുന്ന ഹവാല പിന്നീട് ഫ്രഞ്ച് നിയമ ഗ്രന്ഥങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടു. അവല്‍ എന്ന പേരില്‍ ഫ്രഞ്ചിലും അവല്ലോ എന്ന പേരില്‍ ഇറ്റാലിയന്‍ നിയമത്തിലും വന്നു. ഏഴ്, ഒമ്പത് നൂറ്റാണ്ടുകള്‍ക്കിടയില്‍ രൂപം കൊണ്ട വഖഫ് നിയമങ്ങള്‍ പാശ്ചാത്യന്‍ രാജ്യങ്ങളിലെ ട്രസ്റ്റുകളുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാണാം. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളില്‍ തന്നെ ഇംഗ്ലണ്ടില്‍ ഈ രീതി സ്വീകരിച്ചതായി ചരിത്ര രേഖകളുണ്ട്. കുരിശു യുദ്ധ സമയത്ത് മുസ്‍ലിംകളില്‍ നിന്നും സ്വാംശീകരിച്ചതാവാം ഇതെന്നും ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. നോര്‍മാന്‍ കീഴടക്കലിനും വിശിഷ്യാ, സിസിലി കീഴടക്കലിനും ശേഷം ഇസ്‍ലാമിക കര്‍മ്മ ശാസ്ത്രത്തിലെ പ്രമാദമായ പല അടിസ്ഥാന തത്വങ്ങളും ഇത്തരത്തില്‍ പാശ്ചാത്യര്‍ സ്വീകരിച്ചതായി കാണാം. പാശ്ചാത്യ നിയമങ്ങളില്‍ പലതും ഇസ്‍ലാമിക ഫിഖ്ഹില്‍ നിന്ന് അടര്‍ത്തിയെടുത്തതാണെന്ന് ജോ മഖ്ദിസി വ്യക്തമാക്കുന്നുണ്ട്.

ഫിഖ്ഹ്- സോഷ്യല്‍ സയന്‍സ് സംയോജനം

അടുത്ത കാലത്തായി നടന്ന യൂറോ കേന്ദ്രീകൃത ബൗദ്ധിക വിപ്ലവത്തിന്റെ ഭാഗമായി പടിഞ്ഞാറന്‍ തിയറികളുമായും ശാസ്ത്രശാഖകളുമായും മുസ്‍ലിം ബൗദ്ധിക ലോകം സമരസപ്പെടാന്‍ തുടങ്ങി. ഭരണകൂടങ്ങളുടെ സെക്യുലറിസത്തിന്റെ ഭാഗമായി ഫിഖ്ഹും ഉലമാക്കളും സാമൂഹിക ജീവിതത്തില്‍ നിന്ന് പതിയെ അപ്രത്യക്ഷമാവുകയും തല്‍സ്ഥാനത്ത് സോഷ്യല്‍ സയന്‍സ് ഇടം പിടിക്കുകയും ചെയ്തു. മനുഷ്യ വംശത്തിന്റെ ജീവിത സംഹിത സാമൂഹ്യ ശാസ്ത്ര തത്വങ്ങളടിസ്ഥാനമാക്കി രൂപം കൊള്ളുകയും പൊതു മധ്യേ വ്യാപകമായി അംഗീകരിക്കപ്പെടുകയും ചെയ്തു. പ്രധാനമായും മൂന്ന് വിഭാഗമായി അക്കാദമിക ലോകം ഇവ്വിഷയകരമായി പക്ഷം ചേര്‍ന്നു. സാമൂഹ്യ ശാസ്ത്രത്തെ പിന്തുണക്കുന്നവരും ഫിഖ്ഹിനെ അനുകൂലിക്കുന്നവരും മൂന്നാമതായി, സംയോജന സിദ്ധാന്തം മുന്നോട്ട് വെച്ചവരും. ഓട്ടോമന്‍ ഖിലാഫത്തിന്റെ അവസാന കാലമായപ്പൊഴേക്കും ഇസ്‍ലാമിക ലോകത്ത് പടിഞ്ഞാറന്‍ സ്വാധീനം ചെറുതല്ലാത്ത രീതിയില്‍ പ്രകടമായി തുടങ്ങിയിരുന്നു. മതേതരവല്‍ക്കരണത്തിന്റെ ഭാഗമായി ഇസ്‍ലാമിക ഫിഖ്ഹ് യാഥാസ്ഥികമാണെന്നും ആധുനിക സ്ഥാപനങ്ങള്‍ക്ക് ഫിഖ്ഹ് അപര്യാപ്തമാണെന്നുമുള്ള തെറ്റായ ധാരണ യുവ തുര്‍ക്കികള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുകയും ഇതിന് ഒരു പരിഹാരം സാമൂഹ്യ ശാസ്ത്രവുമായി ഫിഖഹിനെ സംയോജിപ്പിക്കലാണെന്നുമായിരുന്നു അവരുടെ വാദം. അങ്ങിനെയാണ് സംയോജന സിദ്ധാന്തവുമായി  പ്രമുഖര്‍ രംഗത്തെത്തുത്.

സിയ ഗോക്കള്‍പ്പും സൊസൈറ്റല്‍ ഉസ്വൂലുല്‍ ഫിഖ്ഹും 
തുര്‍ക്കിയയിലെ പ്രശസ്തനായ സാമൂഹിക ശാസ്ത്രജ്ഞനാണ് സിയ ഗോക്കള്‍പ്പ്. ഫിഖ്ഹ്- സോഷ്യല്‍ സയന്‍സ് സംയോജന സിദ്ധാന്തത്തിനായി സൈദ്ധാന്തിക അടിത്തറയൊരുക്കാന്‍ മുന്‍പന്തിയിലുണ്ടായിരുന്നതും ഗോക്കള്‍പ്പ് തന്നെയായിരുന്നു. ഗോക്കള്‍പ്പിന്റെ വാദപ്രകാരം മാനുഷിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കപ്പെടേണ്ടത് ദ്വിമാനങ്ങളിലൂടെയാണ്. ഒന്ന്, ഉപകാരോപദ്രവവും രണ്ട്, നന്മ-തിന്മയും. ഇത് സ്ഥാപിക്കാനായി ലേഖന പരമ്പരകള്‍ തന്നെ ഗോക്കള്‍പ്പ് എഴുതി. തന്‍സീമാത്ത് പരിഷ്‌കാരം കൊണ്ടു വന്ന നിയമങ്ങള്‍ ഈ വാദങ്ങള്‍ക്ക് പിന്തുണ നല്‍കി. ഫിഖ്ഹ് കേന്ദ്രീകരിക്കുന്ന ഇബാദാത്ത് (ആരാധന), മുആമലാത്ത്(മനുഷ്യ പ്രവര്‍ത്തനങ്ങള്‍), ധാര്‍മ്മികത(അഖ്‌ലാഖ്) എന്നിവയും സാമൂഹ്യ ശാസ്ത്രവും തമ്മില്‍ സമന്വയിപ്പിച്ചാല്‍ അത് വലിയൊരു വിപ്ലവകരമായ പരിഷ്‌കാരവും നേട്ടവും ആകുമെന്ന് ഗോക്കള്‍പ്പ് വാദിച്ചു. യുവ തുര്‍ക്കികള്‍ ഗോക്കള്‍പ്പിനും മുന്നേ ആ സമന്വയ സിദ്ധാന്തം ആവിഷ്‌കരിച്ചതിനാല്‍ അതിന് സൈദ്ധാന്തികമായ അടിത്തറയൊരുക്കേണ്ട ആവശ്യകത മാത്രമായിരുന്നു അദ്ധേഹത്തിന് മുന്നിലുണ്ടായിരുത്.

സാധ്യതയും സാധുതയും 
കര്‍മ്മശാസ്ത്ര- സാമൂഹ്യ ശാസ്ത്ര സംയോജനത്തിനെതിരെ ഇസ്‍ലാമിക ലോകത്ത് നിന്ന് തന്നെ നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. കാലങ്ങളായി പാരമ്പര്യ ഗ്രന്ഥങ്ങളില്‍ നിന്നും ഇസ്‍ലാമിക നിയമങ്ങള്‍ നിര്‍ധാരണം ചെയ്തിരുന്ന ഇസ്‍ലാമിക ഫിഖ്ഹിനെ ആധുനികതയുമായി കൂട്ടിക്കെട്ടുന്നത് കര്‍മ്മശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ക്ക് കടക വിരുദ്ധമാണെന്ന് അവര്‍ വാദിച്ചു. ആധുനിക സാമൂഹ്യ ശാസ്ത്രം മുന്നോട്ട വെക്കുന്ന അടിസ്ഥാന തത്ത്വങ്ങളില്‍ പലതും ഉസ്വൂലുല്‍ ഫിഖ്ഹിനെ പാടേ നിരാകരിക്കുതാണെതായിരുന്നു പ്രധാന കാരണമായി ചൂണ്ടിക്കാണിച്ചത്. 

പാരമ്പര്യത്തെയും യാഥാസ്ഥികതയെയും പിന്തുണക്കുന്നവര്‍ക്ക് പുറമെ ആധുനിക യുവതുര്‍ക്കികള്‍ തന്നെ ഗോക്കള്‍പ്പിനെതിരെ രംഗത്ത് വന്നു. അവരില്‍ പ്രധാന ചിന്തകരായിരുന്ന ഇസ്മായില്‍ ഹക്കും സയ്ത് ഹലിം പാഷയും സംയോജന സിദ്ധാന്തത്തിനെതിരെ പുസ്തകങ്ങളെഴുതി. ശൈഖുല്‍ ഇസ്‍ലാം മുസ്തഫ സബരി അദ്ദേഹത്തിന്റെ റിലീജിയസ് റിവൈവലിസ്റ്റ്‌സ് എന്ന പുസ്തകത്തില്‍ സംയോജന സിദ്ധാന്തത്തിന്റെ പൊള്ളത്തരം തുറന്ന് കാട്ടുന്നുണ്ട്. സയ്ത് ഹലിം പാഷ ഫ്രഞ്ച് ഭാഷയിലാണ് രചനകള്‍ നടത്തിയിരുന്നത്. അക്കാദമികമായി ആധുനിക ശാസ്ത്രത്തോടാണ് ആഭിമുഖ്യമെങ്കിലും ഫിഖ്ഹിനെ അദ്ദേഹം നിര്‍വ്യാജം പിന്തുണച്ചു. 1921 ല്‍ അദ്ദേഹം രചിച്ച ലെസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പോളിറ്റിക്‌സ് ഡാന്‍സ് ലാ സൊസൈറ്റെ മുസല്‍മാനെ എന്ന പുസ്തകത്തില്‍ ഫിഖ്ഹിന്റെ പ്രാധാന്യത്തിന് അദ്ദേഹം അടിവരിയിടുന്നുണ്ട്. മുസ്‍ലിം-യൂറോപ്യന്‍ ജീവിത രീതികളെയും ശൈലിയെയും പരിശോധിച്ച് വിശദീകരിച്ച ശേഷം അദ്ദേഹം ഈ സിദ്ധാന്തം അസാദ്ധ്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. രണ്ട് സംസ്‌കാരങ്ങളും വ്യത്യസ്തമാണെന്നും ഒരു പരിഷ്‌കാരങ്ങള്‍ക്കും അവയെ സംയോജിപ്പിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇസ്‍ലാമിക കര്‍മ്മ ശാസത്രം നിങ്ങള്‍ പലിശ ഉപയോഗിക്കുക എന്നതിലപ്പുറം അത്തരം ക്രയവിക്രയങ്ങളില്‍ ഏര്‍പ്പെടുക പോലും ചെയ്യരുതെന്ന് നിഷ്‌കര്‍ഷിക്കുമ്പോള്‍ പലിശയില്ലാതെ സമ്പദ് വ്യവസ്ഥയില്ലെതാണ് സാമൂഹ്യ ശാസ്ത്രത്തിന്റെ പക്ഷം. ഇങ്ങനെ പരസ്പരം ഒത്തുപോകാന്‍ സാധ്യമല്ലാത്ത രണ്ട് ശാഖകളാണ് ഫിഖ്ഹും സാമൂഹ്യ ശാസ്ത്രവും എന്നാണ് അദ്ദേഹം പറഞ്ഞ് വെക്കുന്നത്.

ഫിഖ്ഹ് അപര്യാപ്തമോ 
ആധുനിക വാദങ്ങളും സാമൂഹ്യ ശാസ്ത്രവും സമൂഹത്തില്‍ ചെറുതല്ലാത്ത പ്രതിഫലനങ്ങളുണ്ടാക്കുകയും തല്‍ഫലമായി ഇന്ന് അവ മതനിഷേധത്തിലേക്കും മതത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ ചോദ്യം ചെയ്യുന്നതിലേക്കും എത്തി നില്‍ക്കുകയുംചെയ്യുന്നു. ഫിഖഹ് കാലപ്പഴക്കം ചെന്ന സംഹിതയാണെും അതിന്റെ അടിസ്ഥാന തത്ത്വങ്ങളും നിയമശാസ്ത്രവും പരിഷ്‌കരിക്കപ്പെടേണ്ടതാണെന്നുമുള്ള അപകടകരമായ വാദങ്ങളുയര്‍ന്ന് വന്നതും ഇതേ പശ്ചാത്തലത്തില്‍ നിന്ന് തന്നെയാണ്. പാരമ്പര്യ ഗ്രന്ഥങ്ങള്‍ കാലോചിതമല്ലെന്നും ഇസ്‍ലാമിക കര്‍മ്മശാസ്ത്രത്തിന് പുതിയ കാലത്തോട് സംവദിക്കാനാവില്ലെന്നും തെറ്റിദ്ധാരണകള്‍ വ്യാപകമാവുകയും അതിന് ജനപിന്തുണ ലഭിക്കുകയും ചെയ്തു. ഫിഖ്ഹിനെതിരെ ഉയര്‍ന്ന പ്രധാന വാദങ്ങളെല്ലാം ഇത് തന്നെയായിരുന്നു. ഫിഖ്ഹ് അപര്യാപ്തമാണെ ഈ വാദത്തെ സയ്ത് ഹലിം പാഷ ബൗദ്ധികമായി ഉദാഹരണ സഹിതം ഖണ്ഡിക്കുന്നുണ്ട്. പാഷയുടെ ഉദാഹരണം നോക്കാം. ഒരാള്‍ ഒരു മുഫ്തിയുടെ അടുക്കല്‍ ചെല്ലുകയും ഒരു വിധി ചോദിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അതിന് ഉത്തരം ലഭിക്കും തീര്‍ച്ചയാണ്. എന്നാല്‍ ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല എന്നത് ആ ശാഖ അപര്യാപ്തമാണെതിന് എങ്ങനെ തെളിവാകും. വൈദ്യശാസ്ത്രത്തില്‍ ജലദോഷത്തിന് കൃത്യമായ മരുന്നില്ല. ജലദോഷമാണെങ്കിലോ നിസ്സാരമായ രോഗമാണു താനും. എന്ന് വെച്ച് വൈദ്യശാസ്ത്രം അപര്യാപ്തമാണെ് ആരെങ്കിലും വാദിച്ചിട്ടുണ്ടോ. സയ്ത് ഹലിം പാഷ ഈ വാദത്തെ വളരെ മനോഹരമായി ഖണ്ഡിച്ച രീതിയാണ് മേല്‍ വിവരിച്ചത്. ഫിഖ്ഹ് കേവലമൊരു നിയമ സംഹിതയല്ലെന്നും കൃത്യവും വ്യക്തവും സാര്‍വ്വകാലികവുമാണെ് വളരെ വ്യക്തമായി തെളിയുകയാണ് ഇവിടെ.

റഫറന്‍സ്:
1. Towards A Postmodern Synthesis Of Islamic Science And Modern Science, The Epistemological Groundwork By Professor Osman Bakar 
2. Die Welt Des Islams Volume 47, Issues 1-4 2007 Page 238 
3. Intellectuals In The Modern Islamic World Transmission, Transformation And Communication 2006
4. Late Ottoman Modernization In Jurisprudence: Reassessing The Approach To The Islamic Tradition Of Fiqh (1908-1915), Middle East Technical University, Simge Zobu, October 2020 
5. Intellectual Dependency: Late Ottoman Intellectuals Between Fiqh And Social Science By Recep Senturk

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter