മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 4)

മഖാസ്വിദുശ്ശരീഅഃ - ദീനിന്റെ സംരക്ഷണം

ഇവിടെ ദീനിന്റെ സംരക്ഷണമെന്നതിലെ ദീന്‍ ഇസ്‌ലാമാണെന്ന കാര്യത്തില്‍ സന്ദേഹമില്ല. അല്ലാഹുവിങ്കല്‍ സ്വീകാര്യമായി ദീന്‍ ഇസ്‌ലാം മാത്രമാണ് (ആല്‍-ഇംറാന്‍ 119),  ഇസ്‌ലാമല്ലാത്ത  ഏതൊരു മാര്‍ഗം ആര് കൈകൊണ്ടാലും അത് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവര്‍ പരാജിതരില്‍ പെട്ടവനായിരിക്കും, (ആല്‍-ഇംറാന്‍ 85) എന്നീ ആയത്തുകള്‍ സ്വീകാര്യമായ ഏക ജീവിത സരണി ഇസ്‌ലാം മാത്രമാണെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുന്നുണ്ട്. ദീനിന്റെ സജീവമായ സാന്നിധ്യമില്ലാത്ത ഒരു സമൂഹത്തിന്റെ പരിതസ്ഥിതിയും, അധാര്‍മികചുറ്റുപാടുകളും, വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങളും തീവ്രമായിരിക്കും. മതത്തിന്റെ പ്രകാശ വലയമില്ലാത്ത സമൂഹം ഇരുട്ടിലാണെന്നും ചേതനയറ്റ ശരീരമാണെന്നും, മൃഗങ്ങളേക്കാള്‍ അധപതിച്ചവരാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. യഥാര്‍ത്ഥത്തില്‍ വിശുദ്ധ ദീനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു. 
ഈ ഉത്‌ബോധനം നാം അവതരിപ്പിച്ചതാകുന്നു, നം തന്നെ അതിന്റെസൂക്ഷിപ്പുകാരനുമാകുന്നു. (അല്‍ ഹിജ്‌റ 9)
എന്നാല്‍ നാഥന്റെ ഉത്തമ സൃഷ്ടികളായ മനുഷ്യരെ ഭൂമിയില്‍ തന്റെ പ്രതിനിധികളായി നിയമിക്കുക വഴി ദീനീ സംരക്ഷണത്തിനായി ചില മാര്‍ഗങ്ങള്‍ അവലംബിക്കാന്‍ അവന്‍ ആവശ്യപ്പെടുന്നു. പ്രധാന വഴികള്‍:
1) ദീന്‍ കൊണ്ട് അമല്‍ ചെയ്യല്‍
2) ദീനിന്റെ മാര്‍ഗത്തിലെ ധര്‍മസമരം
3) പ്രബോധനം
4) ദീനിന് അനുസൃതമായി വിധി പറയല്‍
5) ദീനിനോട് എതിരാകുന്നതെല്ലാം തള്ളിക്കളയല്‍

ദീന്‍ എന്നാല്‍ വിശ്വാസത്തിന്റെയും കര്‍മങ്ങളുടെയും സമാഹാരമാണ്. ദീനിന്റെ ഫലമാണ് അതനുസരിച്ചുള്ള ജീവിതം ക്രമപ്പെടുത്തല്‍. ഇതിലെ ഏറ്റവും മിനിമം പരിശ്രമമാണ് വാജിബായത് അനുവര്‍ത്തിക്കലും നിഷിദ്ധമായത് ഒഴിവാക്കലും. തദടിസ്ഥാനത്തില്‍ ഈ ധര്‍മം എല്ലാ വിശ്വാസികളുടെയും പ്രാഥമിക ഉത്തരവാദിത്തമായി മാറുന്നു.
ഈ ഗണത്തിലെ ഉയര്‍ന്ന ധര്‍മമാണ് സുന്നത്തുകള്‍ പ്രവര്‍ത്തിക്കലും കറാഹത്തുകള്‍ ഒഴിവാക്കലും. ദീനീ കര്‍മ്മങ്ങളായി വിശ്വാസികള്‍ അനുവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു നിശ്ചയിച്ച രീതിയിലും വ്യവസ്ഥയിലുമാകണം. അല്ലെങ്കില്‍ അത് വെറും കര്‍മമായിപ്പോകും. ദീനിന്റേതാവില്ല. ഇവിടെയാണ് ഈ കാലഘട്ടത്തില്‍ പ്രത്യേകിച്ചും മുസ്‌ലിംകള്‍ ദീനിന്റെ പേരില്‍ നടത്തുന്ന പല കാര്യങ്ങള്‍ക്കും  ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലെന്ന് പറയേണ്ടി വരുന്നത്. കാരണം അവ ശരീഅ നിശ്ചയിച്ച വ്യവസ്ഥകളും നിബന്ധനകളും ഭേദിച്ച് കൊണ്ടുള്ളതാണ്. മുസ്‌ലിംകള്‍ക്ക് പിഴക്കാം. പക്ഷേ, ദീന്‍ എന്നും കളങ്കമറ്റതും സമ്പൂര്‍ണ്ണവുമാണ്, കാരണം അത് ഉടമസ്ഥനും സര്‍വ്വേശ്വരനുമായ റബ്ബില്‍ നിന്നുള്ളതാണ്.

Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 1)

ദീനിന്റെ സംരക്ഷണം എന്ന സുപ്രധാന മഖ്‌സദില്‍ വളരെ നിര്‍ണായകമാണ് ദീനനുസരിച്ചുള്ള നിയമവ്യവസ്ഥയും അത് പ്രകാരമുള്ള വിധി പ്രസ്താവങ്ങളും. 
ഏതൊരു ജനം അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധിനടത്തുന്നില്ലയോ, അവര്‍ സത്യനിഷേധികള്‍ തന്നെയാകുന്നു. (അല്‍ മാഇദ 44). 
ദീനിന്റെ സത്യസന്ധമായ സന്ദേശങ്ങള്‍ ലോകത്തിനു മുന്നില്‍ സമാധാനപരമായി പ്രബോധനം ചെയ്യലാണ് മറ്റൊരു പ്രധാന മാര്‍ഗം. തന്റെ കഴിവിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഓരോ വിശ്വാസിയും ഇതില്‍ ഭാഗവാക്കാകണം. വിശുദ്ധ ഖുര്‍ആന്‍ നിരന്തരം ഓര്‍മപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു കര്‍മമാണ് ഈ സത്യസന്ദേശത്തിന്റെ പ്രബോധനം. ചില ഉദാഹരണങ്ങള്‍ താഴെ നല്‍കാം. 
1) നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൗത്യം നിര്‍ഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.” (ആല്‍ ഇംറാന്‍ 104)
2) ഇപ്പോള്‍ ലോകത്ത് മനുഷ്യരുടെ മാര്‍ഗദര്‍ശനത്തിനും സംസ്‌കരണത്തിനുമായി രംഗപ്രവേശം ചെയ്യിക്കപ്പെട്ട ഉത്തമസമൂഹം നിങ്ങളാകുന്നു. നിങ്ങള്‍ ധര്‍മം കല്‍പിക്കുന്നു. അധര്‍മം വിരോധിക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു. (ആല്‍ ഇംറാന്‍ 110)
3) യുക്തിപൂര്‍ണമായും സുന്ദരമായ സദുപദേശത്തോടുകൂടിയും നിന്റെ നാഥന്റെ മാര്‍ഗത്തിലേക്ക് പ്രബോധനം ചെയ്യുക. അത്യുദാത്തമായ ശൈലിയില്‍ പ്രതിയോഗികളുമായി സംവാദം നടത്തുകയും ചെയ്യുക. (അല്‍ നഹ്ല്‍ 125)
ഒരു സൂക്തമെങ്കിലും എന്നില് നിന്ന് നിങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തിച്ച് കൊടുക്കുക എന്ന പ്രവചകാധ്യാപനം സുവിദിതമാണ്. ഒരു തവണ പോലും ഇസ്‌ലാമിന്റെ സത്യസന്ദേശത്തെ കുറിച്ച് ചിന്തിക്കുകയോ കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്ത പതിനായിരങ്ങള്‍ ഇന്നും ലോകത്തുണ്ട്. അല്ലെങ്കില്‍ ഇസ്‌ലാമിനെക്കുറിച്ച് തെറ്റിദ്ധാരണകള്‍ മാത്രം കേള്‍ക്കാനും അറിയാനും വിധിയുണ്ടായ മറ്റനേകം പതിനായിരങ്ങള്‍ പുറത്തുണ്ട്. വിശ്വാസികള്‍ക്ക് ജീവിതത്തിലുണ്ടായ ഏറ്റവും വലിയ അനുഗ്രഹമായ വിശ്വാസം മറ്റുള്ളവര്‍ക്ക് കൂടി പകരുമ്പോഴാണ് നമ്മുടെ അന്തരാളത്തിലുള്ള പ്രകാശം ശോഭ പൂര്‍ണ്ണമാകുന്നത്. 
ദീനിന്റെ സംരക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ് ധര്‍മസമരം നടത്തുകയെന്നത്. വിശുദ്ധ ഖുര്‍ആനിലും പ്രവാചക ജീവിത്തിലും ഈ തലത്തിലേക്ക് മാതൃകകള്‍ കാണിക്കുന്ന ധാരാളം സൂക്തങ്ങള്‍ ഖുര്‍ആനില്‍ കാണാം. 
ചിലയാളുകളെ മറ്റു ചിലരെ കൊണ്ട് അവന്‍ പ്രതിരോധിക്കുന്നില്ലായിരുന്നെങ്കില്‍ ഒട്ടേറെ സന്യാസി മഠങ്ങളും ക്രിസ്തീയ ദേവാലയങ്ങളും ജൂത സിനഗോഗുകളും ദൈവനാമം ധാരാളമായനുസ്മരിക്കപ്പെടുന്ന മസ്ജിദുകളും തകര്‍ക്കപ്പെട്ടിരുന്നേനേ. അല്ലാഹുവിനെ സഹായിക്കുന്നവരെ അവന്‍ സഹായിക്കുകതന്നെ ചെയ്യും. അല്ലാഹു അതിശക്തനും പ്രതാപിയുമല്ലോ. (ഹജ്ജ് 40).
ദീനീ സംരക്ഷണത്തിന്റെ മറ്റൊരു മേഖല ഇസ്‌ലാമിന്റെ സന്ദേശങ്ങളെ വക്രീകരിക്കുന്നതും  അവയെ എതിരാകുന്നതുമായ പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുകയെന്നതാണ്. ഈ ചുമതല കാര്യമായും പണ്ഡിതരിലൂടെയാണ് നിര്‍വ്വഹിക്കപ്പെടേണ്ടത്. കാരണം, അവര്‍ക്കാണ് വക്രീകരിക്കപ്പെട്ടതിന്റെ നിജസ്ഥിതിയും പ്രതിരോധിക്കേണ്ട ആശയത്തെയും രീതിയെയും കുറിച്ചുള്ള യഥാര്‍ത്ഥ അറിവുള്ളത്. പണ്ഡിതരെക്കൂടാത, ന്യായാധിപന്മാര്‍ക്കും ഈ കൂട്ടത്തില്‍ നിര്‍ണായകമായ ഉത്തരവാദിത്തമുണ്ട്. ഇസ്‌ലാമികമായ ആശയങ്ങളെ വികലമാക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയെന്നത് അതിലെ പ്രധാനയിനമാണ്.
മാത്രമല്ല, ദീനിന്റെ സംരക്ഷണം എന്ന മഖാസിദിലെ ളറൂറിയ്യാത്തിന്റെ പ്രഥമലക്ഷ്യം മറ്റു ലക്ഷ്യങ്ങളുടെ നിര്‍വ്വഹണത്തിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. കാരണം, ഉത്തമമായ മതബോധം മനുഷ്യനെ ശരീരത്തെയും കുടുംബത്തെയും ബുദ്ധിയെയും സമ്പത്തിനെയും ശരിയായ രീതിയില്‍ നയിക്കാനും സംരക്ഷിക്കാനും പ്രേരിപ്പിക്കുന്നു.

മനുഷ്യ ജീവന്റെ സംരക്ഷണം
ഇസ്‌ലാമിക ശരീഅ: വളരെ പ്രാധ്യാന്യം കല്‍പിക്കുന്ന ഒന്നാണ് മനുഷ്യ ജീവന്‍. മനുഷ്യജീവന് ഗുണകരമാകുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ദോഷം വരുത്തുന്ന സര്‍വ്വ കാര്യങ്ങളും നിഷിദ്ധമാക്കുകയും ശരീരാരോഗ്യം പരിപാലിക്കുവാനും ശരീഅഃ കല്‍പിക്കുന്നു. മനുഷ്യ ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍:
1) മനുഷ്യനെ അക്രമിക്കുന്നതിനെ നിഷിദ്ധമാക്കി.
2) കൊലപാതകത്തിലേക്ക് നയിക്കുന്ന വഴികളും കാരണങ്ങളും വിലക്കി.
3) ഖിസാസ് (കൊന്നവരെ കൊല്ലുന്നതിലൂടെ മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കപ്പെടുന്നു).
4) അത്യാവശ്യഘട്ടങ്ങളില്‍ ശരീരം സംരക്ഷിക്കാന്‍ നിഷിദ്ധമായത് ഉപയോഗിക്കാനുള്ള അനുമതി നല്‍കി.

 മനുഷ്യ ജീവന്റെ സംരക്ഷണവുമായി ബന്ധപ്പെട്ട ചില സൂക്തങ്ങള്‍:
1) എന്നാല്‍ ഒരാള്‍ ഒരു വിശ്വാസിയെ മനപൂര്‍വ്വം വധിക്കുന്നുവെങ്കിലോ, അവനുള്ള പ്രതിഫലം നരകമാകുന്നു. അവനതില്‍ ശാശ്വതമായി വസിക്കും. അല്ലാഹുവിന്റെ കോപവും ശാപവും അവനില്‍ പതിച്ചിരിക്കുന്നു. അല്ലാഹു അവന്നുവേണ്ടി കഠിനമായ ശിക്ഷയാണ് ഒരുക്കിവെച്ചിട്ടുള്ളത്. (അന്നിസാഅ്:93)
2) അല്ലാഹു ആദരിച്ച ആത്മാവിനെ അന്യായമായി വധിക്കുകയെന്ന പാതകം ചെയ്യരുത്. ആരെങ്കിലും അന്യായമായി വധിക്കപ്പെട്ടാല്‍ അതിനു പ്രതിക്രിയാനടപടി തേടുവാനുള്ള അവകാശം അവന്റെ ഉറ്റവന്ന് നാം നല്‍കിയിരിക്കുന്നു. എന്നാല്‍ കൊലയില്‍ അവന്‍ അതിരു കടക്കരുത്. (അല്‍ ഇസ്‌റാഅ്: 33)
3) അല്ലാഹുവല്ലാതെ ഒരു ദൈവത്തെയും അവര്‍ പ്രാര്‍ഥിക്കുകയില്ല. അല്ലാഹു ആദരിച്ച ഒരു ജീവനെയും അന്യായമായി ഹനിക്കയുമില്ല. അവര്‍ വ്യഭിചരിക്കയില്ല. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവനാരായാലും പാപഫലം അനുഭവിക്കുകതന്നെ ചെയ്യും. പുനരുത്ഥാനാളില്‍ അവന്നു ഇരട്ടി ശിക്ഷ നല്‍കപ്പെടുന്നതാകുന്നു. അവന്‍ നിന്ദിതനായി അതില്‍ തന്നെ നിത്യവാസം ചെയ്യുന്നതുമാകുന്നു. (അല്‍ ഫുര്‍ഖാന്‍: 68-69)

Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 2)

ആയുധമേന്തി നടന്നവന്‍ നമ്മളില്‍ പെട്ടവനല്ല. മുസ്‌ലിമിനെ ചീത്ത പറയുന്നത് തെമ്മാടിത്തരവും അവനെ കൊല്ലുന്നത് കുഫ്‌റുമാണ്. മുസ്‌ലിമായ  രണ്ടാളുകള്‍ വാളുകളുമായി ഏറ്റുമുട്ടിയാല്‍ കൊന്നവനും കൊല്ലപ്പെട്ടവനും നരകത്തിലാണ്. അപ്പോള്‍ സ്വഹാബത്ത് ചോദിച്ചു: കൊന്നവന്‍ നരകത്തിലാണ്, എന്നാല്‍ കൊല്ലപ്പെട്ടവന്റെ കാര്യമോ റസൂല്‍ (സ) പ്രതിവചിച്ചു: കൊല്ലപ്പെട്ടവന്‍ തന്റെ സഹോദരനെ കൊല്ലാന്‍ അതിയായി ആഗ്രഹിച്ചിരുന്നവനാണ്. 
ഇത്തരം ഹദീസുകള്‍ തുടങ്ങിയ പ്രവാചക പാഠങ്ങളും മനുഷ്യശരീരത്തിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നു.
മാത്രമല്ല, കുറ്റമാരോപിക്കപ്പെട്ടവന്റെ മേല്‍ ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കൃത്യമായ മുന്‍കരുതലുകളും നിബന്ധനകളും നിശ്ചയിച്ചു. കുറ്റമാരോപിക്കപ്പെട്ടവന്‍ സ്വയം സമ്മതിക്കുകയോ നിശ്ചയിക്കപ്പെട്ട എണ്ണമനുസരിച്ച് സാക്ഷികളോ ഇല്ലാത്ത പക്ഷം കുറ്റക്കാരനെ ശിക്ഷിക്കാന്‍  പാടില്ലെന്ന് പഠിപ്പിക്കുന്നതിലുള്ള തത്വം മനുഷ്യജീവന്‍ അകാരണമോ അന്യായമോ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലോ ആക്രമിക്കപ്പെടുന്നതില്‍ നിന്ന് സംരക്ഷിക്കലാണ് 

ബുദ്ധിയുടെ സംരക്ഷണം
മനുഷ്യബുദ്ധിയും വിവേചനശേഷിയും റബ്ബിന്റെ വലിയ അനുഗ്രഹമാണെന്നും അതിനെ നശിപ്പിക്കുന്ന മുഴുവന്‍ വസ്തുക്കളില്‍ നിന്നും സാഹചര്യങ്ങില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും  ഇസ്‌ലാം ശക്തമായി നിഷ്‌കര്‍ഷിക്കുന്നു. ബുദ്ധിയുടെ ഉപയോഗത്തെ കുറിച്ച് അല്ലാഹു ഖുര്‍ആനിലൂടെ നിരന്തരം ഓര്‍മിപ്പിക്കുന്നുണ്ട്. നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍ (ആല്‍ ഇംറാന്‍ 118), നിങ്ങള്‍ ചിന്തിക്കുന്നവരായേക്കാം (അല്‍ അന്‍ആം 151), ചിന്തിക്കുന്ന സമുദായത്തിന് വേണ്ടി (അല്‍ ഫത്ഹ് 12) തുടങ്ങിയ സൂക്തങ്ങള്‍  ചില ഉദാഹരണങ്ങള്‍.
അല്ലാഹുവിന്റെ കല്‍പനകള്‍ നിര്‍ബന്ധമാകാനുള്ള അളവുകോല്‍ വരെ ബുദ്ധിയില്‍ നിക്ഷിപ്തമാണ്. തിരുമേനി (സ) പറയുന്നു. മൂന്ന് വിഭാഗം ആളുകള്‍ക്കു മേല്‍ നിയമം പ്രായോഗികമല്ല: 1) ഉറങ്ങുന്നവന്‍, അവന്‍ ഉണരുന്നത് വരെ 2) കുട്ടി, അവന്‍ പ്രായപൂര്‍ത്തിയാവുന്നത് വരെ 3) ഭ്രാന്തന്‍, അവന് ബോധം തെളിയുന്നത് വരെ.
ഭൗതികമായും അഭൗതികമായും ബുദ്ധിയെ വിനാശകരമാക്കുന്നതെല്ലാം ശരീഅ നിഷിദ്ധമാക്കുന്നുണ്ട്. മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ശരീഅഃ നിരോധിക്കാനുന്നതിന്റെ പിന്നിലുള്ള മഖ്‌സദ് ഇത് തന്നെയാണെന്ന് അല്ലാഹു പറയുന്നു:
സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും വിഗ്രഹ പ്രതിഷ്ഠകളും അവയ്ക്കു മുമ്പില്‍ അമ്പുകൊണ്ട് ഭാഗ്യം നോക്കുന്നതുമെല്ലാം പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാകുന്നു. അതൊക്കെയും വര്‍ജിക്കുക. നിങ്ങള്‍ക്കു വിജയ സൗഭാഗ്യം പ്രതീക്ഷിക്കാം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്നതിനും ദൈവസ്മരണയില്‍നിന്നും നമസ്‌കാരത്തില്‍നിന്നും നിങ്ങളെ തടയുന്നതിനും മാത്രമാകുന്നു ചെകുത്താന്‍ ആഗ്രഹിക്കുന്നത്. ഇനിയെങ്കിലും നിങ്ങള്‍ അതില്‍നിന്നൊക്കെ വിരമിക്കുമോ? അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനമനുസരിക്കുകയും ചെയ്യുക (അല്‍ മാഇദ 90-91). 

Also Read: മഖാസ്വിദുശ്ശരീഅ: പഠന സീരീസ് (ഭാഗം 3)

കള്ള് അത് കുടിക്കുന്നവനും, ഉണ്ടാക്കുന്നവനും, ചുമക്കുന്നവനും, കുടിപ്പിക്കുന്നവനും, എന്നല്ല, അതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയെല്ലാം അല്ലാഹു ശപിച്ചിരിക്കുന്നുവെന്നതിലേക്ക് സൂചിപ്പിക്കുന്ന പ്രവാചക വചനം ശ്രദ്ധേയമാണ്. ബുദ്ധിയുടെ അസ്ഥാനത്തുള്ള ഉപയോഗവും വിപരീത രൂപത്തില്‍ പ്രതിഫലിക്കും. ഭൗതിക ദൃഷ്ടാന്തങ്ങളിലൂടെ ദൈവാസ്തിക്യത്തിലേക്കെത്തുന്നതിന്ന് പകരം ദൈവ നിഷേധത്തിലേക്കെത്തിച്ചേരുന്നതും അല്ലെങ്കില്‍ വികലമായ ആശയത്തില്‍ പരിണമിക്കുന്നതും ബുദ്ധിയുടെ അനുചിതമായ ഉപയോഗത്തിന്റെ ഫലങ്ങളാണ്.കാതും കണ്ണും മനസ്സുമൊക്കെ അവര്‍ക്കും  കൊടുത്തിരുന്നു. പക്ഷേ, ആ കാതുകള്‍ അവര്‍ക്ക്  യാതൊരു പ്രയോജനവും ചെയ്തില്ല; കണ്ണുകളുമില്ല; മനസ്സുമില്ല. എന്തുകൊണ്ടെന്നാല്‍ അവര്‍ അല്ലാഹുവിന്റെ സൂക്തങ്ങളെ നിഷേധിക്കുകയായിരുന്നു. (അല്‍ അഹ്ഖാഫ് 26)
ബുദ്ധിയുടെ സംരക്ഷണാര്‍ത്ഥം തന്നെയാണ് മദ്യപിക്കുന്നവനെ എണ്‍പത് അടി നല്‍കി ശിക്ഷിക്കണമെന്ന് ശരീഅ ആവശ്യപ്പെടുന്നത്.

(തുടരും)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter