കിളിനക്കോട്: മോറല്‍ പോലീസിങും സ്‌റ്റേറ്റ് പോലീസിങും

കിളിനിക്കോടിനടുത്ത് ജോലി ചെയ്യുകയും അവിടെ ജീവിക്കുകയും ചെയ്തിട്ടുണ്ട്. വളരെ മനോഹരമായ നാടും നല്ല നാട്ടുകാരുമാണ്. ഊരകം മലയുടെ അടിവാരം എന്ന് പറയാം. മിനി ഊട്ടിയിലേക്കും അത് വഴി പോകാം. ഞാന്‍ ചിലപ്പോള്‍ രാവിലെ വെറുതെ നടക്കാനിറങ്ങും. വലിയ തിരക്കോ സ്ഥിരമായി ബസുകളോ ഒന്നും ഇല്ലാത്തതിനാല്‍ ഊരകം മലയുടെ പശ്ചാത്തലത്തിലുള്ള ചെറിയ നിരത്തിലൂടെ നടക്കുമ്പോള്‍ ആരും ഒന്ന് ഉഷാറാകും.

കൗമാരപ്രായത്തിലുള്ള മക്കള്‍ സ്വാഭാവികമായും ഇത്തരം ഒരു സന്തോഷനിമിഷം പങ്കു വെക്കുക തമാശ പറഞ്ഞും കുറച്ച് ഉച്ചത്തില്‍ ചിരിച്ചും സംസാരിച്ചും സെല്‍ഫിയെടുത്തുമൊക്കെ ആയിരിക്കും. അങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ 'വലിയ' കുടുംബത്തില്‍ പിറന്ന കുട്ടികള്‍ ആയിരിക്കണം എന്നൊന്നുമില്ല. ഇപ്പോള്‍ എല്ലാവരും ഒരുപോലെ നല്ല വസ്ത്രം ധരിക്കുകയും സന്തോഷങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നവരാണ്.

എന്നാല്‍ വിയര്‍പ്പിന്റെ വില വളരെ വലുതും മഹത്തരവും ബഹുമാനാര്‍ഹവും തന്നെയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന ജോലി തന്നെയാണ് എക്കാലത്തേയും ഏറ്റവും വലിയ കലാപ്രവൃത്തി. ആ തിരക്കിനിടയില്‍ ലോകത്തിന്റെ എല്ലാ പരിണാമങ്ങളും കൃത്യമായി അറിയാന്‍ ഒരാള്‍ക്കോ ഒരു ജനതക്കോ സമയം കിട്ടിയില്ലെങ്കില്‍ അതിനവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. മറിച്ച് അവരെ സ്വാഭാവികമായ ശിക്ഷാ ശിക്ഷണ രീതികളിലൂടെ മാറ്റിയെടുക്കാനുള്ള ഉത്തരവാദിത്തം സ്റ്റേറ്റിനുണ്ട്.

ഒരു പ്രായപൂര്‍ത്തിയായ മനുഷ്യനെ, പ്രത്യേകിച്ച് ഒരു പരിചയവുമില്ലാത്ത സ്ത്രീകളെ മുന്‍വിധിയോടെ കാണുകയോ ബഹുമാനമില്ലാതെ പെരുമാറുകയോ തെറ്റിദ്ധാരണയോടെയോ തെറ്റിദ്ധാരണാജനകമായോ സംസാരിക്കുകയോ ചെയ്യുന്നത് നിസ്സാരമായ ഒരു കുറ്റമായി തോന്നുന്നത് ലോകവും അതിലെ നിയമവും സംസ്‌കാരവും എത്തി നില്‍ക്കുന്ന പരിണാമത്തെക്കുറിച്ച് ഒരു ബോധവും ഇല്ലാത്തത് കൊണ്ട് മാത്രമാണ്.

പിന്നെ, ഒന്നിച്ചു പഠിക്കുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചു കല്യാണത്തിന് പോകാമോ, സെല്‍ഫി എടുക്കാമോ എന്ന വിഷയത്തില്‍ എനിക്കും നിങ്ങള്‍ക്കുമെല്ലാം വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. അത് പ്രകടിപ്പിക്കുകയുമാകാം. പക്ഷേ നിയമത്തിന്റെ അഭിപ്രായം പോകാം എന്ന് തന്നെയാണ്. അതിനാല്‍ എന്റേയും നിങ്ങളുടേയും അഭിപ്രായം നാട്ടില്‍ നടപ്പിലാക്കാന്‍ പോയാല്‍ ഈ നിയമം കയ്യും കെട്ടി നോക്കി നില്‍ക്കില്ല എന്ന ഒരു ഔചിത്യ ബോധം ഉണ്ടാകുന്നത് നല്ലതാണ്.

ഇത് നിയമത്തിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റു പലതിലും ഇങ്ങനെത്തന്നെയാണ്. ഒരു ഉദാഹരണമായി രക്ഷിതാക്കളുടെ കാര്യമെടുക്കാം. രക്ഷിതാക്കളില്‍ പല അഭിപ്രായക്കാര്‍ ഉണ്ടാകാം. സ്വന്തം പെണ്മക്കള്‍ സൗഹൃദത്തിന്റെ ഭാഗമായി സഹപാഠികളുടെ കൂടെ നിന്ന് ഒരു സെല്‍ഫി എടുക്കുന്നത് അനുവദിക്കുന്ന രക്ഷിതാക്കള്‍ ഉണ്ടാകാം. അത് അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നത് തങ്ങളുടെ ജോലിയല്ലെന്ന് വിശ്വസിക്കുകയും സ്വയം അത് തീരുമാനിക്കാന്‍ സ്വന്തം മകള്‍ക്ക് പ്രാപ്തിയുണ്ടെന്നു വിശ്വസിക്കുകയും ചെയ്യുന്ന വേറെ കൂട്ടരും ഉണ്ടാകാം. 

അങ്ങനെ ചെയ്യരുത് എന്നു വിലക്കുന്നവരും ഉണ്ടാകാം. പക്ഷേ അങ്ങനെ ഒരു 'അവിവേകം' സ്വന്തം മക്കള്‍ ചെയ്താല്‍ പോലും തങ്ങള്‍ക്ക് മാത്രമാണ് അത് കൈകാര്യം ചെയ്യാനുള്ള അവകാശമുള്ളത് എന്നും മറ്റൊരാള്‍ അവളെ നിരീക്ഷിക്കുന്നതും വിലയിരുത്തുന്നതും കുറ്റപ്പെടുത്തുന്നതും ആധിക്ഷേപിക്കുന്നതും ഫോട്ടോയെടുക്കുന്നതും അവളുടെ ഭാവിയെ ബാധിക്കുന്ന രീതിയില്‍ സമൂഹമദ്ധ്യേ ചീത്ത രീതിയില്‍ അവതരിപ്പിക്കുന്നതുമെല്ലാം ആ രക്ഷിതാക്കള്‍ അതിനേക്കാള്‍ ഗൗരവമുള്ള തെറ്റായി കാണുകയും ചെയ്യാം.

ഇനി ഒരു വിഭാഗം രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാല്‍ വേണ്ട ശിക്ഷണരീതികള്‍ സ്വീകരിക്കാന്‍ സമൂഹത്തിലെ എല്ലാവര്‍ക്കും അധികാരം കൊടുക്കുന്നവരായും ഉണ്ടായിക്കൂടായ്കയില്ല എന്ന് ഒരു വാദത്തിന്റെ ഭാഗമായി അംഗീകരിക്കാം. പക്ഷെ അങ്ങനെയുള്ളവരാണ് നാട്ടുകാര്‍ മൊത്തമെന്ന് ഈ കാലത്ത് ധരിക്കുന്നതിനെ വെറും മൗഢ്യമെന്ന് വിളിച്ചാല്‍ മതിയാകില്ല.

പിന്നെ ഒരു കാര്യം പറയാം. ഒരു സ്ത്രീയുടെ പരിശുദ്ധിയെ സംശയിക്കുന്ന രീതിയില്‍ വായയില്‍ നിന്ന് ഒരു വാക്ക് വീണു പോയാല്‍ ആ സ്ത്രീ ഒരു പരപുരുഷനുമായി സാങ്കേതികമായി ഏറ്റവും പരിപൂര്‍ണ്ണമായ രീതിയിലുള്ള ശാരീരിക ബന്ധം പുലര്‍ത്തുന്നത് കര്‍മ്മ ശാസ്ത്രപ്രകാരമുള്ള മുഴുവന്‍ മാനദണ്ഡങ്ങളുമൊത്ത നാലുപേര്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കണ്ടതായി ന്യായാധിപന്റെ മുന്നില്‍ സാക്ഷ്യപ്പെടുത്തുകയും ആ സാക്ഷ്യം അംഗീകരിക്കപ്പെടുകയും ചെയ്യാത്ത കാലത്തോളം ഒരു സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിവേല്പിച്ചതിന് അയാളെ എണ്‍പത് ചാട്ടയടിക്കണമെന്ന ഇസ്ലാമിക നിയമത്തിന്റെ അത്രയും കാഠിന്യം ഒന്നും വേണ്ട, ചുരുങ്ങിയത് ഇന്ത്യന്‍ IT ആക്റ്റും പീഡന വിരുദ്ധ നിയമവുമെങ്കിലും ഒന്ന് പൂര്‍ണമായി വായിച്ചിരുന്നുവെങ്കില്‍ രാജാവിനെക്കാള്‍ വലിയ ഒരു രാജഭക്തിയും ഒരാളും കാണിക്കില്ലായിരുന്നു എന്ന് മാത്രം പറയാം

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter