അവധിക്കാലം എങ്ങനെ ചെലവഴിക്കാം
aavadiവീണ്ടും അവധിക്കാലം വന്നെത്തി. നാടിന്റെ കോലവും ശീലവുമെല്ലാം പാടെ മാറി മറിഞ്ഞ ഈ കാലത്ത് അവധിക്കാലം മാങ്ങയ്ക്ക് കല്ലെറിഞ്ഞും കുട്ടിയും കോലും കളിച്ചും വിനോദവും വികൃതിയുമായി നാളുകള്‍ തള്ളിനീക്കുന്ന പഴയ ശീലങ്ങളുടെ കാലമല്ല. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ തന്നെ അവധിക്കാലം കളിയുടെയും കാര്യത്തിന്റെയും കാലമാണ്. പതിവ് ടൈംടേബിളിനെ മാറ്റിനിര്‍ത്തി സൗകര്യം പരിഗണിച്ച് കൂടുതല്‍ സമയം വിനോദത്തിലും അതില്‍ കൂടുതല്‍ സമയം വിജ്ഞാനത്തിലും ഏര്‍പ്പെടുന്ന ഒത്തിരി മധുരവും ഇത്തിരി കയ്പുമൊക്കെ നിറഞ്ഞ നാളുകളുടേതാണ് വര്‍ത്തമാനത്തിന്റെ അവധിക്കാലം. അവധിക്കാലം രക്ഷിതാക്കള്‍ക്ക് പലപ്പോഴും ആകുലതയുടെയും വ്യാകുലതയുടെയും നാളുകളാണ്. പകലന്തിവരെ വിദ്യാലയങ്ങളിലും മറ്റും കഴിഞ്ഞിരുന്ന കുട്ടികള്‍ ഇരുപത്തിനാല് മണിക്കൂറും വീട്ടിലുണ്ടാകുമ്പോള്‍ അവരാല്‍ സംഭവിക്കുന്ന ചെറിയ-വലിയ 'പ്രശ്‌നങ്ങള്‍' രക്ഷിതാക്കളെ അധിക സമയവും അലോസരപ്പെടുത്താറുണ്ട്. എങ്കിലും കുട്ടിക്കും രക്ഷിതാവിനും അധികം അലട്ടില്ലാത്തവിധം ഒരു കര്‍മപദ്ധതി കുട്ടികള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ അത് പ്രയോഗത്തില്‍ വരുത്തുന്നതിലൂടെ അവധിക്കാലം ആര്‍ക്കും നന്മനിറഞ്ഞതായിത്തീരുന്നതാണ്. അവധിക്കാലത്ത് ഒട്ടേറെ കാര്യങ്ങള്‍ പഠിക്കാനും പ്രവര്‍ത്തിക്കാനുമുണ്ടാകും. അവയില്‍ ആവശ്യമായതും ഗുണപ്രദമായതും കണ്ടെത്തി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അദ്ധ്യയനകാലത്ത് വേണ്ടവിധം അനുവര്‍ത്തിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളെല്ലാം യഥാവിധം ചെയ്യാന്‍ അവധിക്കാലം സൗകര്യപൂര്‍വം ഉപയോഗപ്പെടുത്താം. അണുകുടുംബ ജീവിതത്തിന്റെ ഈ കാലത്ത് സാമൂഹ്യമര്യാദകളും ബന്ധങ്ങളും ബാധ്യതകളും അറിയാനും മനസ്സിലാക്കാനും വരെ അവധിക്കാലം ഒരുവേള ഉപയോഗപ്പെടുത്താവുന്നതാണ്. അവധിക്കാലത്ത് കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ലളിതമായ കര്‍മപരിപാടിയാണ് വായന. പാഠപുസ്തകങ്ങള്‍ക്കുമപ്പുറം അറിവിന്റെ ഒരു വലിയ ലോകം കീഴടക്കാന്‍ വായനയിലൂടെ സാധിക്കും. ഉത്തമ ഗ്രന്ഥങ്ങള്‍, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍, പുസ്തകങ്ങള്‍, മലയാളം, ഇംഗ്ലീഷ് പത്രങ്ങള്‍ എന്നിവയൊക്കെ വായിക്കുന്നതിലൂടെ എക്കാലത്തും ഉപകാരപ്രദമാകുന്ന ഒട്ടേറെ അറിവുകള്‍ നേടാന്‍ ഏതു മീഡിയം പഠിക്കുന്ന കുട്ടിക്കും സാധിക്കുന്നതാണ്. അതേസമയം നടേ പറഞ്ഞവ അവരുടെ കഴിവും പ്രായവും പരിഗണിച്ചുകൊണ്ട് മാത്രമേ നടപ്പാക്കാവൂ. ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ക്കാണ് ഇംഗ്ലീഷിലുള്ള കൊച്ചു പുസ്തകങ്ങളും പത്രവായനയുമൊക്കെ ഏറ്റവും യോജിക്കുന്നത്. വായനക്ക് ധാരാളം അവസരം ലഭിക്കുമ്പോള്‍ തന്നെ അവയിലെ പ്രധാന വിവരങ്ങള്‍ എഴുതിവെച്ചും ശേഖരിച്ച് സൂക്ഷിച്ചും മുതല്‍കൂട്ടാക്കാം. താല്‍പര്യമില്ലാത്തവ വായിക്കാനും പ്രയോജനപ്പെടാത്തവ ശേഖരിക്കാനും നിര്‍ദ്ദേശിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങള്‍ തങ്ങളുടെ മാത്രം സൗകര്യത്തിനനുസരിച്ച് രക്ഷിതാക്കള്‍ കുട്ടികളില്‍ അടിച്ചേല്‍പിക്കുന്ന അവസ്ഥയും ഉണ്ടാകാവതല്ല. പഠനരംഗത്ത് ആവശ്യമായ വിവിധ ഭാഷകളിലെ കഴിവും പാടവവും വര്‍ദ്ധിപ്പിക്കാനും അവധിക്കാലം ഉപയോഗപ്പെടുത്താവുന്നതാണ്. അപ്പര്‍ പ്രൈമറി തലം തൊട്ട് വിദ്യാര്‍ത്ഥികളില്‍ ഇപ്പോള്‍ ഭാഷാപഠനത്തിന് നല്ല പ്രാവീണ്യവും അടിസ്ഥാന വിവരവും ആവശ്യമാണ്. ഹിന്ദി, ഇംഗ്ലീഷ്, അറബി തുടങ്ങിയ ഭാഷകളിലെ മെച്ചപ്പെട്ട പഠനവും നല്ല കഴിവും ഭാവിയില്‍ തൊഴില്‍ രംഗത്ത് വലിയ ഗുണം ചെയ്യും. അവധിക്കാലത്ത് സ്വകാര്യപഠനകേന്ദ്രങ്ങള്‍ വഴിയോ ട്യൂഷന്‍ വഴിയോ ഇത്തരം ഭാഷകളില്‍ അധിക പഠനത്തിന് അവസരം കണ്ടെത്താവുന്നതാണ്. കൂടാതെ ശാസ്ത്രവിഷയത്തിലും സാമൂഹ്യവിഷയത്തിലുമൊക്കെ ചിത്രങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയുമായി വിവിധ കാര്യങ്ങള്‍ ചെറുതായി മനസ്സിലാക്കിയവയായുണ്ടാകും. ഇത്തരം കാര്യങ്ങളെ വിശദമായി അറിയാനും പരിചയപ്പെടാനും അവധിവേളയില്‍ ശ്രമം നടത്താം. ഇവ്വിഷയത്തില്‍ സ്‌നേഹിതരുടെയോ സഹപാഠികളുടെയോ റഫറന്‍സ് പുസ്തകങ്ങള്‍, ആല്‍ബങ്ങള്‍, ഉപകരണങ്ങള്‍ മുതലായവയുടെ സഹായം തേടാവുന്നതുമാണ്. മദ്‌റസാ പഠനത്തിനും ഖുര്‍ആന്‍ പഠനത്തിനുമൊക്കെ വിവിധ കാരണങ്ങളാല്‍ വേണ്ടത്ര അവസരം ലഭിക്കാത്തവര്‍ കുട്ടികളില്‍ ഉണ്ടായേക്കാം. വളരുന്ന തലമുറക്ക് ദിനീശിക്ഷണവും വിശുദ്ധ ഗ്രന്ഥത്തിന്റെ പഠനവുമൊക്കെ വലിയ തോതില്‍ തന്നെ നല്‍കേണ്ടത് ആധുനിക കാലത്ത് വളരെ ആവശ്യമാണ്. അവധിക്കാലം മതപഠനത്തിനും ഖുര്‍ആന്‍ പഠനത്തിനും ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ ഖുര്‍ആനിലെ കൊച്ചുസൂറത്തുകള്‍ മനഃപാഠമാക്കാനും മനഃപാഠമായതില്‍ പോരായ്മയുണ്ടെങ്കില്‍ അവ നികത്താനും ഈ കാലം വളരെ ഉചിതമായിരിക്കും. ഒപ്പം ഫര്‍ളും സുന്നത്തുമായ നിസ്‌കാരങ്ങള്‍, ദിക്‌റുകള്‍, സ്വലാത്തുകള്‍ എന്നിവ പഠിച്ച് അവ കൃത്യതയോടെയും നിഷ്ഠയോടെയും കുറ്റമറ്റ് പ്രാവര്‍ത്തികമാക്കി പരിശീലിക്കാനുമുള്ളതാണ് ഒഴിവുകാലം. വിദ്യാഭ്യാസ രംഗത്ത് അധ്യയന വിഷയങ്ങളോടൊപ്പം കലാ-സാഹിത്യമേഖലകളിലെ കഴിവിനും മേന്മക്കും വലിയ സ്ഥാനമാണ് നിലവിലുള്ളത്. കഥ, കവിത, ഗാനം, ലേഖനം, പ്രസംഗം, ചിത്രരചന തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പ്രാധാന്യം ക്ലാസുകള്‍ ഉയരും തോറും ഉയര്‍ന്നുവരികയും ചെയ്യും. കുട്ടികളിലെ ഇത്തരം മേഖലകളിലുള്ള കഴിവുകള്‍ വികസിപ്പിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും അവധിക്കാലനാളുകള്‍ ഉപകരിക്കുന്നതാണ്. അച്ചടിമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ബാലമാസികകളില്‍ കുട്ടികള്‍ക്ക് തങ്ങളുടെ രചനാപരമായ കഴിവുകള്‍ പ്രകാശിപ്പിക്കുവാന്‍ ഇപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാണ്. കമ്പ്യൂട്ടര്‍ പഠനം, തയ്യല്‍ പരിശീനം, നീന്തല്‍, സൈക്കിള്‍ സവാരി തുടങ്ങിയവയില്‍ പഠനം നടത്തുവാനും പഠിച്ചവര്‍ക്ക് തുടര്‍പഠനത്തിനും പരിശീലനത്തിനും ഒഴിവുകാലം മികച്ച അവസരമാണ്. നാണയശേഖരണം, സ്റ്റാമ്പ് ശേഖരണം, ചെടി നട്ടുവളര്‍ത്തല്‍ തുടങ്ങിയ ഹോബി (വിനോദം) കളില്‍ താല്‍പര്യമുള്ള കുട്ടികളുണ്ടാകും. മറ്റുള്ളവര്‍ ഇത്തരം ഹോബികളില്‍ വിജയികളായി നിലനില്‍ക്കുന്നത് കാണുമ്പോള്‍ അത്തരം കുട്ടികള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഹോബിക്ക് സമയവും സൗകര്യവും ലഭിക്കാത്തതില്‍ ഖേദിക്കുന്നത് പതിവാണ്. താല്‍പര്യമുള്ളവര്‍ക്ക് ഈ രംഗത്തും തുടക്കം കുറിക്കുന്നതിന് അവധിക്കാലം ഉപയോഗപ്പെടുത്താം. ഹോബികള്‍ പഠനവേളകളിലും നേട്ടമായിത്തീരുന്നതാണ്. അടുക്കള വേലകളും വീട്ടുവിശേഷങ്ങളും വേണ്ടവിധം അറിയാത്തവരാണ് ഇന്നത്തെ ആണ്‍ പെണ്‍ കൗമാര തലമുറ. പഠനഭാരത്തോടൊപ്പം അടുക്കളഭാരവും വീട്ടുവേലയും അവരുടെ തലയിലേറ്റി പഠനത്തിന്റെ പാളം തെറ്റിക്കേണ്ട എന്ന രക്ഷിതാക്കളുടെ വിചാരമാണ് ആണ്‍-പെണ്‍കുട്ടികള്‍ക്ക് പാചക കലയും ഇതര വേലകളും അന്യമാക്കിയത്. അവധിക്കാലം കുട്ടികളെ വിശിഷ്യ കൗമാരക്കാരെ ഇത്തരം കാര്യങ്ങള്‍ അറിയാനും അറിയിക്കാനും പരിശീലിപ്പിക്കാനുമെല്ലാം ഏറ്റവും അനുയോജ്യ വേളയാണ്. ശുചിത്വകാര്യങ്ങള്‍, അടുക്കള കൃഷി, പാചകം, അനുബന്ധ കാര്യങ്ങള്‍ ഇവയിലെല്ലാം ഈകാലത്ത് നന്നായി ഇടപെടാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കണം. അവധിക്കാലത്ത് പ്രത്യേക ശ്രദ്ധയുണ്ടാകേണ്ട കാര്യമാണ് കുട്ടികളുടെ കൂട്ടുകെട്ടും ടി.വി. പ്രണയവും. സമയവും സൗകര്യവും ഏറെ ലഭിക്കുന്ന അവധിക്കാലത്ത് കുട്ടികള്‍ കൂട്ടുകെട്ട് വഴി തിന്മയിലേക്കും ദുഷ്ടശക്തികളുടെ കൈകളിലേക്കും എത്തിപ്പെടാന്‍ സാധ്യത ഏറെയാണ്. ടി.വി.ക്കു മുമ്പില്‍ മാത്രമായുള്ള ഇരുത്തവും തിന്മകള്‍ ചിന്തിക്കുവാനും ചെയ്യുവാനും ഇടയാക്കുന്നതാണ്. ഒപ്പം കമ്പ്യൂട്ടറിന്റെ കാര്യത്തിലും ജാഗ്രത വേണം. കുട്ടികളുടെ കൂട്ടുകെട്ട് ശ്രദ്ധിക്കുകയും സൂക്ഷിക്കുകയും ചെയ്യുകയും ടി.വി.യും കമ്പ്യൂട്ടറും സ്വകാര്യ-അമിത ഉപയോഗത്തിനു സാധ്യമാകത്തവിധം നിയന്ത്രിക്കുകയും ചെയ്യണം. ഏതായാലും ഇപ്പോഴത്തെ അവധിക്കാലം പഴയ മാമ്പഴക്കാലമല്ല. വികൃതിയും കുസൃതിക്കുമുള്ള കാലവുമല്ല. ഉപകാരമാകുന്നവ നേടാനും അറിയേണ്ടത് സ്വായത്തമാക്കാനും ആവശ്യമായത് പഠിക്കാനും പരിശീലിക്കാനുമൊക്കെയുള്ള കാലമാണ്. ഓര്‍ക്കുക.. കാലം ആരെയും കാത്തിരിക്കില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter